Kerala Syllabus Class 5 കേരളപാഠാവലി Chapter 01 - ഇടുക്കിയുടെ താജ്‌മഹൽ - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 5 കേരള പാഠാവലി (നടന്നുനടന്ന് പിന്നെ പറന്നുപറന്ന്) ഇടുക്കിയുടെ താജ്‌മഹൽ | Class 5 Malayalam - Keralapadavali Questions and Answers - Chapter 01 Idukkiyude thajmahal - ഇടുക്കിയുടെ താജ്‌മഹൽ - ചോദ്യോത്തരങ്ങൾ. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

സുസ്മേഷ് ചന്ത്രോത്ത്
എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശ്‌സതനാണ് സുസ്‌മേഷ് ചന്ദ്രോത്ത്. 1977 ഏപ്രില്‍ 1നു ഇടുക്കി ജില്ലയിലെ വെളളത്തുവലില്‍ ജനിച്ചു. ഡിസി ബുക്സിന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ ആദ്യനോവലായ ഡി ക്കു ലഭിച്ചു. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ഇടശ്ശേരി അവാര്‍ഡ്, അങ്കണം, ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, ജേസി ഫൗണ്ടേഷന്‍  അവാര്‍ഡ്, പ്രൊഫ വി രമേഷ് ചന്ദ്രന്‍ കഥാപുരസ്‌ക്കാരം എന്നിവയും നേടിയിട്ടുണ്ട്. 2006ല്‍ പകല്‍ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. പകല്‍, ആശുപത്രികള്‍ ആവശ്യപെടുന്ന ലോകം, ആതിര 10 സി എന്നിവയാണ് മറ്റു തിരക്കഥകള്‍. ഗാന്ധിമാര്‍ഗ്ഗം, വെയില്‍ ചായുമ്പോള്‍ നദിയോരം, കോക് ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍, മരണവിദ്യാലയം, മാംസഭുക്കുകള്‍, ബാര്‍ കോഡ്, ഹരിത മോഹനം എന്നിവയാണ് എഴുതിയ ചെറുകഥകള്‍.
ഇടുക്കിയുടെ താജ്മഹൽ
താജ്മഹൽ കാണാൻ ആഗ്രഹിച്ച ഒരു കൂലിപ്പണിക്കാരന്റെ മകൻ. അച്ഛൻ വേനലവധിക്ക് താജ്മഹൽ കാണാൻ പോകാം എന്ന് കുട്ടിയോട് ഉറപ്പ് പറയുകയും ചെയ്തു. അവധിക്കാലമെത്തിയപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആഗ്രയിലെ താജ്മഹൽ കാണാനുള്ള യാത്ര വേണ്ടെന്നുവയ്ക്കുന്നതും പകരം ഇടുക്കിയിലെ താജ്മഹൽ (ഇടുക്കി അണക്കെട്ട്) കാണാൻ പോകുന്നതുമാണ് സുസ്മേഷ് ചന്ത്രോത്ത് ഈ യാത്രാനുഭവത്തിൽ വിവരിക്കുന്നത്.
♦ ഉറക്കെ വായിക്കാം
ഓരോരുത്തരും ഇഷ്ടപ്പെട്ട ഭാഗം ഉറക്കെ വായിക്കു. ഇഷ്ടപ്പെടാനുള്ള കാരണങ്ങളും പറയണേ. 
അണക്കെട്ട് കാലങ്ങളായി തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തണുപ്പ് ഭിത്തിയെ ഭേദിച്ച് അവരെ തേടിയെത്തി, അമ്മയെപ്പോലെ കാതുകളിൽ പ്രപഞ്ചത്തിന്റെ ഇരമ്പം അവരറിഞ്ഞു. അവർക്ക് ആദ്യം തോന്നിയിരുന്ന ഭയം ശരിക്കും മാറിപ്പോയി.
അഖിലും അമ്മുവും പ്രകൃതിയെ അറിയുന്ന രംഗമാണിത്. വെള്ളത്തിന്റെ തണുപ്പ് അവരെ സ്പർശിക്കുന്നത്, അമ്മ യെപ്പോലെ എന്നാണ് എഴുത്തുകാരൻ പറയുന്നത്. പ്രപഞ്ചത്തിന്റെ ശബ്ദം അവരുടെ കാതുകളിൽ മുഴങ്ങി. അവരുടെ ഭയമെല്ലാം മാറി. പ്രകൃതിയെ അറിയുമ്പോൾ കൂടുതൽ സ്നേഹം അതിനോടുതോന്നും. ഇക്കാര്യം പറയുന്നതുകൊണ്ടാണ് ഈ ഭാഗം എനിക്ക് ഇഷ്ടമായത്.

♦ യാത്രാനുഭവം
യാത്രകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.
നിങ്ങൾ നടത്തിയ ഒരു യാത്രയുടെ ഒരുക്കങ്ങളും അനുഭവങ്ങളും കൂട്ടുകാരുമായി പങ്കുവയ്ക്കു.
യാത്രപോകാനുള്ള സ്ഥലം ആദ്യം തീരുമാനിച്ചു. താമസത്തിനുള്ള സൗകര്യം, അവിടെനിന്നും പോയി കാണാവുന്ന അടുത്തുള്ള മറ്റു പ്രദേശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഏകദേശ ധാരണ ഉണ്ടാക്കി. എത്ര ദിവസത്തേക്കുള്ള യാത്രയാണ് എന്ന് തീരുമാനിച്ചതിനുശേഷം യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ എടുത്തുവച്ചു. (രണ്ടു ദിവസമോ അതിൽകൂടുതലോ ഉള്ള യാത്രയാണെങ്കിൽ രാത്രിയിലും പകലും ഇടാനുള്ള വസ്ത്രങ്ങൾ കരുതണം.) സോപ്പ്, തോർത്ത്, ചീപ്പ്, ബ്രഷ് തുടങ്ങിയ അവശ്യസാധനങ്ങൾ പ്രത്യേകം കവറിലാക്കി വച്ചു. യാത്രാവേളയിൽ കുടിക്കാനുള്ള വെള്ളം, സ്നാക്സ്, അത്യാവശ്യം മരുന്നുകൾ, മൊബൈൽഫോൺ, ചാർജർ ഇവയും മറക്കാതെ എടുത്തുവച്ചു.
യാത്രാനുഭവം
മൂന്നാറിലേക്കു നടത്തിയ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു. ഇക്കഴിഞ്ഞ അവധിക്കാലത്താണ് മൂന്നാറിന് പോയത്. മുൻപ് അവിടെ പോയിട്ടുണ്ടെങ്കിലും ചെറിയ കുട്ടിയായിരുന്നതുകൊണ്ട് എനിക്ക് അതിന്റെ ഓർമകൾ ഇല്ല. മൂന്നാറിലേക്കുള്ള യാത്രാ വേളയിൽ ആദ്യം ഇറങ്ങിയത് ചീയപ്പാറ വെള്ളച്ചാട്ടം കാണാനാണ്. വലിയൊരു മലമുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം താഴെയെത്തുമ്പോൾ നുരഞ്ഞ് പതഞ്ഞു വീഴുന്നതുകാണാൻ നല്ല ഭംഗിയായിരുന്നു. അവിടെ അല്പനേരം ചെലവഴിച്ചശേഷം ഞങ്ങൾ മൂന്നാറിലേക്കുള്ള യാത്ര തുടർന്നു.
മൂന്നാറുകൾ ചേരുന്ന ഇടമാണത്രേ മൂന്നാറ്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥാനം. പരന്നുകിടക്കുന്ന തേയിലത്തോട്ടമാണ് മൂന്നാറിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ഞങ്ങൾ മൂന്നാറിൽ എത്തിയപ്പോൾ മഞ്ഞിന്റെ പുതപ്പുനീക്കി മൂന്നാർ ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ. ചുറ്റും പച്ചവിരിപ്പ് വിടർത്തിയിട്ടിരിക്കുന്നതുപോലെ തോന്നി തേയിലത്തോട്ടം കണ്ടപ്പോൾ. ഇതിന്റെ ഇടയിലൂടെ ചെറുവഴികളുണ്ട്. ജീപ്പിലും മറ്റും കയറി ആളുകൾ കുന്നിൻമുകളിലേക്ക് യാത്രചെയ്യുന്നുണ്ടായിരുന്നു.
അവിടെനിന്നും ഇരവികുളത്തേക്കാണ് ഞങ്ങൾ പോയത്. വരയാടുകളുടെ ആവാസസ്ഥാനമാണവിടം. മലകയറുമ്പോൾ വരയാടുകൾ അവിടവിടെയായി കൂട്ടം ചേർന്നു നിൽക്കുന്നതു കണ്ടു. അവിടെനിന്നും തിരികെവന്ന് ആനയിറങ്കൽ അണക്കെട്ട് കാണാൻ പോയി. അവിടെനിന്നും തിരിച്ച് മൂന്നാർ ടൗണിൽ എത്തിയപ്പോൾ വൈകുന്നേരമായി. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും ചോക്ലേറ്റിന്റെയുമൊക്കെ വില്പന ഇടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ഞങ്ങൾ തേയിലയും ചോക്കലേറ്റുമൊക്കെ വാങ്ങി. ഇരുട്ടു വീഴുന്ന സമയത്താണ് അവിടെനിന്നും തിരികെ പോന്നത്. മടക്കയാത്രയിലും തേയിലക്കുന്നുകളും വരയാടും. മനോഹരമായ കാട്ടുപൂക്കളുമൊക്കെയായിരുന്നു എന്റെ മനസ്സു നിറയെ.

♦ വാക്കുകളുടെ ലോകം
• പ്രകൃതിസൗന്ദര്യം - പ്രകൃതിയുടെ സൗന്ദര്യം 
• കച്ചവടക്കാരുടെ സംഘം - കച്ചവടസംഘം
പദങ്ങൾ പിരിയുമ്പോഴും കൂടിച്ചേരുമ്പോഴുമുള്ള മാറ്റങ്ങൾ കണ്ടില്ലേ?
ഈ പാഠത്തിൽ ഇങ്ങനെയുള്ള ധാരാളം വാക്കുകളുണ്ട്. അവ കണ്ടെത്തി മുകളിൽ കൊടുത്തതുപോലെ പിരിച്ചും ചേർത്തും എഴുതിവയ്ക്ക.
• വിനോദയാത്ര - വിനോദത്തിനുള്ള യാത്ര 
• കൂലിവേല - കൂലിക്കായുള്ള വേല
• ഉറവവെള്ളം - ഉറവയിൽ നിന്നുള്ള വെള്ളം 
• നീലജലം - നീലയായ ജലം
• യഥാർത്ഥസൗന്ദര്യം - യഥാർത്ഥമായ സൗന്ദര്യം 
• നീലാകാശം - നീലയായ ആകാശം
• വിസ്മയശബ്ദം - വിസ്മയിപ്പിക്കുന്ന ശബ്ദം 
• സർപ്പശിരസ്സ് - സർപ്പത്തിന്റെ ശിരസ്സ്
ഇവിടെയെല്ലാം ഇടശബ്ദം ചേർത്തും ചേർക്കാതെയും ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചല്ലോ. വിനോദത്തിനുള്ള യാത്ര എന്നു പറയുമ്പോൾ 'ഉള്ള' എന്ന ഇടശബ്ദവും സർപ്പത്തിന്റെ ശിരസ്സ് എന്ന് പ്രയോഗിക്കുമ്പോൾ 'ഇന്റെ' എന്ന ഇടശബ്ദവും ചേർത്തിരിക്കുന്നു. ഇടരൂപങ്ങൾ ചേർത്തു പറയുമ്പോഴാണ് അർഥം കൂടുതൽ വ്യക്തമാകുന്നത്. ഇടശബ്ദം ചേർക്കാതെ പദങ്ങൾ ചേർത്ത് എഴുതുന്നതാണ് കഥകൾക്കും മറ്റ് സാഹിത്യരൂപങ്ങൾക്കും രചനാപരമായ ഭംഗി നൽകുന്നത്.

♦ പുഴകൾ മലകൾ പൂവനങ്ങൾ...
'ചുറ്റും ധാരാളം പച്ച മലകൾ തലപൊക്കിയ താഴ്‌വാരമാണ് ആ പ്രദേശം' ഇതുപോലെ വാക്കുകൾകൊണ്ട് വരച്ചിട്ട കാഴ്ചകൾ ഈ പാഠഭാഗത്തിലുടനീളമുണ്ട്. അവ കണ്ടെത്തി ഉറക്കെ വായിക്കൂ.
• രണ്ടു കരിമ്പാറമലകൾക്കിടയിൽ നദിയെ തടഞ്ഞു നിർത്തുന്ന വമ്പൻ ഭിത്തി.
• അകലെ മാനത്തെ നോക്കിക്കിടക്കുന്ന പച്ച മലകൾ. 
• നീലാകാശത്തിനു താഴെ അണക്കെട്ട് ഒരു സർപ്പശിരസ്സുപോലെ അവർ നാൽവരുടെയും തലയ്ക്കുമീതെ മറ പിടിച്ചിരിക്കുകയായിരുന്നു.
സ്കൂൾ പരിസരത്തും വീടിനടുത്തുമുള്ള ചില കാഴ്ചകളെ ഇങ്ങനെ എഴുതാൻ ശ്രമിക്കൂ.
• മഞ്ഞുകുപ്പായമണിഞ്ഞ മലനിരകൾ.
• ഇരുവശവും തൊങ്ങലുപിടിപ്പിച്ച സാരിപോലെ നീണ്ടു കിടക്കുന്ന പാതയ്ക്കിരുവശവും പൂത്തുനിൽക്കുന്ന സൂര്യകാന്തികൾ.
• പാറക്കെട്ടുകളിൽ തട്ടിത്തടഞ്ഞ് ചിതറിയൊഴുകുന്ന കുഞ്ഞരുവിയിലെ പുല്ലുകൾക്കും പായലുകൾക്കുമിടയിൽ ഒളിച്ചുകളിക്കുന്ന മീനുകൾ.

♦ പേരും പ്രവൃത്തിയും
• രാജൻ വളരെനേരം ആലോചിച്ചു. 
രാജൻ (നാമം) ആലോചിച്ചു (ക്രിയ). 

• വേനലവധിക്ക് വിദ്യാലയം അടയ്ക്കും. 
വിദ്യാലയം (നാമം) അടയ്ക്കും (ക്രിയ). 

• അമ്മ പുഞ്ചിരി തൂകുന്നു.
• അമ്മ (നാമം) പുഞ്ചിരി തൂകുന്നു (ക്രിയ).

പേരും (നാമം) പ്രവൃത്തിയും (ക്രിയ) തിരിച്ചറിഞ്ഞല്ലോ. പാഠഭാഗം വായിച്ച് താഴെ കൊടുത്ത പദസൂര്യൻ പൂർത്തികരിക്കു
♦ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല. ഈ ചൊല്ലിന്റെ ആശയം എന്താണ്? ക്ലാസിൽ ചർച്ച ചെയ്യുക.
നമ്മുടെ മുറ്റത്തു നിൽക്കുന്ന അല്ലെങ്കിൽ അടുത്തുള്ള പലതിന്റെയും യഥാർത്ഥമൂല്യം നാം തിരിച്ചറിയുന്നില്ല. വ്യക്തികളോ വസ്തുക്കളോ സ്ഥലങ്ങളോ അടുത്തുള്ളതാണെങ്കിൽ അതിന് നമ്മൾ വലിയ പ്രാധാന്യം കൊടുക്കാറില്ല. ദൂരെയുള്ളതാണെങ്കിൽ വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. താജ്മഹൽ അകലെയാണ്. അത് നമുക്ക് അത്ഭുത പ്രതിഭാസമാണ്. ഇടുക്കി അണക്കെട്ട് അടുത്താണ്. പോയി കാണുമ്പോഴാണ് അത്ഭുതകരമായ ഒരു നിർമ്മിതിയാണതെന്ന് നമുക്ക് മനസ്സിലാകുക. അടുത്തുള്ളതിന്റെ മഹത്വം തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.

• അമ്മുവിനും അഖിലിനും താജ്മഹൽ കാണാൻ കഴിഞ്ഞില്ല. ഏറെ ദൂരത്തേക്ക് പോകാനുള്ള പണവും സാഹചര്യവുമില്ലായിരുന്നു. എന്നാൽ സ്വന്തംനാട്ടിൽ ഹൃദ്യമായ അനുഭവമാണ് അവർക്ക് ലഭിച്ചത്. നിങ്ങളുടെ നാട്ടിലുമില്ലേ ഇതുപോലെ മനോഹരമായ പ്രദേശങ്ങൾ? മാതാപിതാക്കളോടൊപ്പം അവിടം സന്ദർശിച്ച് അനുഭവം ക്ലാസിൽ പങ്കുവയ്ക്കു. നോട്ടുപുസ്തകത്തിൽ എഴുതു.
ഞങ്ങളുടെ ഗ്രാമത്തിൽ പ്രസിദ്ധമായ ഒരു നെല്ലറയുണ്ട്. വിളക്കുമാടം എന്ന ഗ്രാമത്തിന്റെ തന്നെ പ്രത്യേകതയായി മാറിയ നെല്ലറയാണത്. മേട എന്നാണിത് അറിയപ്പെടുന്നത്. വിശാലമായ പാടശേഖരത്തിന്റെ അരികിലൂടെ ഒഴുകുന്ന
പൊന്നൊഴുകും തോടിന്റെ കരയിലാണ് മേട തലയുയർത്തി നിൽക്കുന്നത്. രണ്ടു നിലകളുണ്ട് മേടയ്ക്ക്. ഇതിന്റെ ഭിത്തി വെട്ടുകല്ലുകൊണ്ടും മുകൾഭാഗം തടിയിലുമാണ് പണിതിരിക്കുന്നത്. ബാൽക്കണിയും തറനിരപ്പിനു താഴെ നിലവറക്കുഴിയുമുണ്ട്. ഒരുകാലത്ത് നെല്ല് ശേഖരിച്ചുവച്ചിരുന്നത് മേടയിലാണ്. കൊയ്ത്തുകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്ന തൊഴിലാളികൾ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. മേടകണ്ട്, വയലിൽ നിന്ന് വീശുന്ന കാറ്റേറ്റ് അല്പം വിശ്രമിച്ച്, തോട്ടിലെ തെളിനീരിൽ ഒന്നു നനഞ്ഞ് കയറിപോരുമ്പോൾ വിളക്കുമാടം എന്ന ഗ്രാമത്തിന്റെ ഭംഗി ആർക്കും മറക്കാൻ കഴിയില്ല.

♦ കാശ്മീർ കാഴ്ചകൾ 
മഞ്ഞിൻ തൊപ്പിയിട്ട 
മരത്തിന്റെ പച്ചയുടുപ്പിട്ട 
അരുവികൊണ്ടരഞ്ഞാണമിട്ട 
പൂക്കളാൽ വിരിപ്പിട്ട കാശ്മീരേ, 
നിന്നെ ഞാനൊന്നുമ്മ വച്ചോട്ടേ?
ഒരു കൂട്ടുകാരി കാശ്മീർ കണ്ട ദിവസമെഴുതിയ ഡയറിക്കുറിപ്പിലെ വാക്യങ്ങളാണിത്. (പാഠപുസ്തകം പേജ് - 51) ഈ കുറിപ്പിൽ കാശ്മീരിന്റെ ഒരു ചിത്രം കാണുന്നില്ലേ? കാശ്മീരിനെ ഉമ്മവയ്ക്കാൻ കുട്ടി ആഗ്രഹിച്ചത് എന്തു കൊണ്ടാവാം?
കട്ടുകാരിയുടെ കുറിപ്പിൽ കാശ്മീരിന്റെ മനോഹര ദൃശ്യമുണ്ട്. മലകൾ മഞ്ഞുതൊപ്പിയിട്ടിരിക്കുന്നു. മരങ്ങൾ പച്ചയുടുപ്പിട്ട് നിൽക്കുന്നു. അരുവികൊണ്ട്. അരഞ്ഞാണമിട്ടിരിക്കുന്നു. പൂക്കളാലാണ് കാശ്മീർ വിരിപ്പിട്ടിരിക്കുന്നത്. അങ്ങനെയുള്ള
കാശ്മീരിനെ ഉമ്മവച്ചോട്ടേ എന്നാണ് കുട്ടി ചോദിക്കുന്നത്. പ്രകൃതിഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണ് കാശ്മീർ. ആരുടെയും കണ്ണിനും ഹൃദയത്തിനും ആഹ്ലാദം പകരുന്ന കാഴ്ചകളാണ് അവിടെയുള്ളത്. ആർക്കും കാശ്മീരിനെ ചേർത്തുനിർത്താനും ഉമ്മവയ്ക്കാനും തോന്നും. കാശ്മീർ കണ്ടപ്പോൾ തോന്നിയ ഇഷ്ടമാണ് അങ്ങനെ ചോദിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചത്. പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകൾ നമ്മെ വിസ്മയിപ്പിക്കുന്നതാണ്. നാം പ്രകൃതിയെയും പ്രകൃതി നമ്മളെയും ചേർത്തുനിർത്തുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്.

പദപരിചയം
• മോഹം - ആഗ്രഹം
• വേനൽപ്പൂട്ട് - വേനലിന് സ്കൂളടയ്ക്കുന്നത് (വേനലവധി)
• കവല - മൂന്നോ നാലോ റോഡുക കൂടിച്ചേരുന്ന സ്ഥലം
• മന്ദഹാസം - പുഞ്ചിരി
• വിസ്മയം - അത്ഭുതം
• കാത് - ചെവി 
• ഇരമ്പം - മുഴക്കം

പദം പിരിക്കാം 
• സ്ഥലത്താണ് - സ്ഥലത്ത് + ആണ് 
• പരിചയവും - പരിചയം + ഉം 
• ഗ്രാമത്തിൽ - ഗ്രാമം + ഇൽ
• താഴ്‌വരയിലാണ് - താഴ്‌വരയിൽ + ആണ്
• അത്തരത്തിൽ - അത്തരം + ഇൽ
• അമ്മയോട് - അമ്മ + ഓട്
• ഓടിയോടി - ഓടി + ഓടി
• അവിടവിടെ - അവിടെ + അവിടെ
• വാസ്തവത്തിൽ - വാസ്തവം + ഇൽ 
• ഇക്കൊല്ലം - ഇ + കൊലം
• ഉത്സാഹത്തിൽ - ഉത്സാഹം + ഇൽ
• വെള്ളത്തിന്റെ - വെള്ളം + ഇന്റെ 
• തേടിയെത്തി - തേടി + എത്തി 
• മാറിപ്പോയി - മാറി + പോയി 

പകരംപദങ്ങൾ
• ദിവസം - ദിനം, വാസരം, അഹസ്
• സന്ധ്യ - ദിനാന്തം, അന്തി പ്രദോഷം 
• വീട് - ഭവനം, ഗേഹം, ആലയം 
• സന്തോഷം - ആനന്ദം, മോദം, ഹർഷം 
• അച്ഛൻ - താതൻ, ജനകൻ, പിതാവ് 
• സ്വപ്നം - കിനാവ്, കനവ് 
• നദി - സരിത്ത്, തടിനി, പുഴ 
• വെള്ളം - ജലം, തോയം, സലിലം 
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക