Kerala Syllabus Class 5 കേരളപാഠാവലി Chapter 03 - ഉണ്ണിയുടെ വിമാനയാത്ര - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 5 കേരള പാഠാവലി (നടന്നുനടന്ന് പിന്നെ പറന്നുപറന്ന്) ഉണ്ണിയുടെ വിമാനയാത്ര | Class 5 Malayalam - Keralapadavali Questions and Answers - Chapter 03 Unniyude vimanayathra - ഉണ്ണിയുടെ വിമാനയാത്ര - ചോദ്യോത്തരങ്ങൾ.
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ ബാലാമണിയമ്മ
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ്. അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.
ബാലാമണിയമ്മയുടെ പ്രധാന കൃതികൾ- കവിതാസമാഹാരങ്ങൾ: കൂപ്പുകൈ (1930), അമ്മ (1934), കുടുംബിനി (1936), ധർമ്മമാർഗ്ഗത്തിൽ (1938), സ്ത്രീഹൃദയം (1939), പ്രഭാങ്കുരം (1942), ഭാവനയിൽ (1942), ഊഞ്ഞാലിന്മേൽ (1946), കളിക്കൊട്ട (1949), വെളിച്ചത്തിൽ (1951), അവർ പാടുന്നു (1952), പ്രണാമം (1954), ലോകാന്തരങ്ങളിൽ (1955), സോപാനം (1958), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966), അമ്പലത്തിൽ (1967), നഗരത്തിൽ (1968), വെയിലാറുമ്പോൾ (1971), അമൃതംഗമയ (1978), സന്ധ്യ (1982), നിവേദ്യം (1987), മാതൃഹൃദയം (1988), സഹപാഠികൾ, കളങ്കമറ്റ കൈ, ബാലാമണിഅമ്മയുടെ കവിതകൾ - സമ്പൂർണ്ണസമാഹാരം(2005) -മാതൃഭൂമി ബുക്സ്.
ഗദ്യം: ജീവിതത്തിലൂടെ (1969), അമ്മയുടെ ലോകം (1952)
♦ ഉണ്ണിയുടെ വിമാനയാത്ര
ഉണ്ണിയുടെ ആദ്യ വിമാനയാത്രയിലെ വിശേഷങ്ങളാണ് പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ ഈ കവിത. ആദ്യമായി വിമാനത്തിൽ കയറി ആകാശസഞ്ചാരം നടത്തിയതിനെക്കുറിച്ച് ഉണ്ണിക്കുമുണ്ട് ഒരുപാട് കാര്യങ്ങൾ പറയാൻ.
♦ കവിതയുടെ ആശയം
ഭംഗിയുള്ള പാവപ്പരുന്തിന്റെ വായിൽ ചെന്നു കയറിയെന്നാണ് ഉണ്ണി വിമാനത്തിൽ കയറിയതിനെക്കുറിച്ച് പറയുന്നത്. വലിയ മരങ്ങൾക്കു മുകളിലൂടെ ശബ്ദമുണ്ടാക്കി കാറ്റിൽ വിമാനം പറക്കുകയാണ്. വീട്ടിൽ എത്തുന്നതുവരെ അമ്മയെന്നെ മടിയിലിരുത്താമോ എന്ന് കുട്ടി ചോദിക്കുന്നു. കുട്ടി അമ്മയോട് പറയുന്നു, കുറച്ച് മുൻപ് നാം നിന്ന ആ വഴികളെല്ലാം ഒരു ചിത്രംപോലെ മങ്ങിവരുന്നത് നോക്കൂ. കാറുകൾ നിരത്തിലൂടെ നിശ്ശബ്ദമായി പാഞ്ഞുപോവുകയാണ്. ഒന്നും മിണ്ടാതെ ആളുകൾ നടന്നുനീങ്ങുന്നു. ഉയർന്നുപോകുന്തോറും ഭൂമി മുഴുവൻ കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുന്ന തിണ്ണപോലെ തോന്നുന്നു. നാലുവശത്തും നല്ല പച്ചപ്പിൽ തൂവെള്ളി നാടകൾ വീണിഴയുകയാണോ? (മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദികളെയാവാം ഇങ്ങനെ കുട്ടി കാണുന്നത്.) നീലനിറമുള്ള അന്തരീക്ഷത്തിൽ ചെറു കുന്നുകൾ പോലെ മേഘക്കൂട്ടങ്ങൾ പതഞ്ഞുപൊങ്ങുന്നു. ആകാശത്തെത്തിയപ്പോൾ വെളുപ്പും നീലനിറവും അല്ലാതെ വേറെ നിറങ്ങളൊന്നും കാണാനില്ല.
ഭൂമിയിലായിരുന്നപ്പോൾ ആയിരക്കണക്കിന് ജീവികളുടെ ശബ്ദം കേൾക്കാമായിരുന്നു. അതെല്ലാം എവിടെപ്പോയി എന്ന് കുട്ടി സംശയിക്കുന്നു. ഒരു മണവും എങ്ങുനിന്നും ഉയരുന്നില്ല. പാവപ്പരുന്തിന്റെ ചിറകിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാൻ കഴിയുന്നില്ല. ഉണ്ണിക്ക് അപ്പോൾ പാടാൻ തോന്നുന്നു. പറന്ന് ഉയരത്തിലെത്തുമ്പോൾ ഏതു പക്ഷിയും പാടുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോൾ ഉണ്ണിയറിയുന്നു.
വീടുകളുടെ മുറ്റങ്ങളിൽ ഈ വിമാനത്തിലേക്കു നോക്കി എന്റെ കൂട്ടുകാർ നിൽപ്പുണ്ടാവും. കുഞ്ഞുകൈകൾ വിമാനത്തിലേക്ക് ചൂണ്ടുന്നുണ്ടാവാം. ഇതിൽ കയറാൻ അവരുടെ മനസ്സിലും ആഗ്രഹമുണ്ടായിരിക്കാം. സന്ധ്യാസമയമായി. ആകാശത്തിന്റെ വക്കത്ത് അതാ ചെന്തീ ഉടുപ്പിട്ടതുപോലെ ചുവന്നുതുടുത്ത് സൂര്യൻ നില്ക്കുന്നു. പണ്ടെങ്ങും കാണാത്ത ഭംഗിയും വലിപ്പവും സൂര്യന് ഇപ്പോൾ ഉണ്ട് അമ്മേ എന്ന് കുട്ടി പറയുന്നു. ഈ ആകാശക്കപ്പൽ മേഘങ്ങൾക്കടിയിലൂടെ നീന്തുമ്പോൾ എല്ലാം നിഴൽപോലെയാണ് തോന്നുന്നത്. കുഞ്ഞുനക്ഷത്രങ്ങൾ ചുറ്റും കടന്നുവന്ന് ഉറ്റുനോക്കിക്കൊണ്ടു നിൽക്കുന്നു. ഇരുട്ടിൽ താഴെ ബൾബുകൾ പ്രകാശിക്കുന്നതുകണ്ട് വെളിച്ചത്തിന്റെ മൊട്ടുകൾ വേഗത്തിൽ വിരിഞ്ഞുവരുന്നതു കാണുന്നു എന്നും കുട്ടി അമ്മയോട് പറയുന്നു.
♦ ഈണം കണ്ടെത്താം
എല്ലാവരും ചേർന്ന് കവിതയ്ക്ക് ഈണം കണ്ടെത്തിച്ചൊല്ലുമല്ലോ. കൂട്ടുകാർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഈണം കണ്ടെത്തി കവിത രസകരമായി ചൊല്ലൂ.
♦ ഭാവനയിൽ കാണാം
• ആകാശത്തുനിന്ന് താഴേക്ക് നോക്കുമ്പോൾ ഉണ്ണി കണ്ട കാഴ്ചകളെന്തെല്ലാമാണ്?
വലിയ മരങ്ങൾക്കു മുകളിലൂടെ വിമാനം പറക്കുകയാണ്. കുറച്ചുമുമ്പ് വ്യക്തമായി കണ്ട നിരത്തുകൾ മങ്ങിമങ്ങി വരുന്നു. കാറുകൾ നിശ്ശബ്ദമായിട്ടാണ് പായുന്നത്. വിമാനത്തിന്റെ ശബ്ദം മാത്രമേ ഉണ്ണിക്കു കേൾക്കാൻ കഴിയുന്നുള്ളൂ. കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുന്ന തിണ്ണപോലെയാണ് താഴേക്കു നോക്കുമ്പോൾ ഉണ്ണിക്ക് തോന്നുന്നത്.
• താഴെ നില്ക്കുന്ന കുട്ടി മേലേ പോകുന്ന വിമാനത്തെ നോക്കി പറയുന്നതെന്തെല്ലാം?
അതാ നോക്കൂ, വിമാനം പറന്നുപോകുന്നു! കൂട്ടുകാരേ, ഓടിവാ, എത്ര വേഗത്തിലാണ് അത് പറക്കുന്നത്. ഇത്ര ചെറിയ വിമാനത്തിലാണോ ആളുകൾ കയറുന്നത്. അങ്ങകലെയായതുകൊണ്ട് ചെറുതായി തോന്നുന്നതാവാം. വിമാനം പോകുന്ന വഴിയിൽ വെളുത്തുകാണുന്നത് പുകയാണോ? മഞ്ഞുപോലെ തോന്നുന്നു. രസമാണ്. ഈ കാഴ്ച.
• ഉണ്ണി നക്ഷത്രങ്ങൾ ഉണ്ണിയെ ഉറ്റുനോക്കുമ്പോൾ അവന് തോന്നുന്നത് എന്തെല്ലാമായിരിക്കും?
നക്ഷത്രങ്ങൾ എത്ര അടുത്താണ്. കാണാൻ നല്ല രസം. താഴെനിന്നു നോക്കുന്നതിനെക്കാൾ വലിപ്പമുണ്ട്. പ്രകാശം കൂടുതലാണെന്നുതോന്നുന്നു. ചില നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ടോ? എന്നെ കണ്ണടച്ചു കാണിക്കുന്നുണ്ട് അവ. അവയെ തൊടാൻ പറ്റുമോ? പുറത്തേക്കു കൈയിടാൻ കഴിയുന്നില്ലല്ലോ. കൊച്ചു നക്ഷത്രങ്ങൾ ഇങ്ങനെ കാണുന്നത് ഭാഗ്യം തന്നെ.
♦ ഉണ്ണിക്കുതൂഹലം
'ഒന്നുമില്ലല്ലോ ചിറകിന്നൊലിയല്ലാ,
തുണ്ണിക്കു തോന്നുന്നു പാടാൻ!'
ഏറെ സന്തോഷമുള്ളപ്പോൾ നാം പാടും, ആർത്തുവിളിക്കും. ഉണ്ണിയെപ്പോലെ സന്തോഷത്തോടെ പാടിയ, ആർത്തു വിളിച്ച അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടായിട്ടില്ലേ? ക്ലാസിൽ പങ്കുവയ്ക്കും.
എനിക്ക് ഏറെ സന്തോഷമുണ്ടായ ദിവസത്തെക്കുറിച്ചാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. കായികമത്സരങ്ങൾ നടക്കുന്ന ദിവസം. നൂറുമീറ്റർ ഓട്ടത്തിനാണ് ഞാൻ പങ്കെടുത്തത്. എന്നെക്കാൾ വേഗത്തിൽ ഓടുന്ന കൂട്ടുകാർ വേറെ ഉണ്ട്. അതുകൊണ്ട് എനിക്ക് പേടിയുണ്ട്. എങ്കിലും ഞാൻ ധൈര്യമായി മത്സരത്തിൽ പങ്കെടുത്തു. സാർ വിസിലടിച്ചപ്പോൾ ഞാൻ വേഗത്തിൽ ഓടി, ആരൊക്കെ ഓടി വരുന്നുണ്ടെന്ന് ശ്രദ്ധിച്ചില്ല. സർവശക്തിയുമെടുത്ത് ഞാൻ പാഞ്ഞു. എനിക്ക് ഒന്നാം സ്ഥാനത്തെത്താൻ സാധിച്ചത് അത്ഭുതമായിരുന്നു. സന്തോഷംകൊണ്ട് ഞാൻ പാട്ടും നൃത്തവും ചെയ്തു. എല്ലാവരും കൈയടിച്ച് ചിരിച്ചു.
♦ കവിതയിലെ കാഴ്ച
'ചുടുന്നതില്ലി ചെറുതിയതൊന്നുമേ,
കെടുന്നുമില്ല മഴയത്തുപോലുമേ!'
കുമാരനാശാൻ എന്തിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് പറയാമോ?
കുമാരനാശാൻ ഈ കാവ്യഭാഗത്ത് മിന്നാമിനുങ്ങിനെക്കുറിച്ചാണ് പറയുന്നത്. മിന്നാമിനുങ്ങിന്റെ ശരീരത്തിലുള്ള ചെറിയ തീ ആരെയും പൊള്ളിക്കുകയില്ല. അത് മഴ പെയ്താൽ കെട്ടുപോകുകയുമില്ല. മിന്നാമിന്നിയെ അതിമനോഹരമായി വർണ്ണിക്കുകയാണ് കവി.
• ഇതുപോലെ കവിതയിൽ സൂര്യനെക്കുറിച്ച് പറയുന്ന വരികൾ കണ്ടെത്തിച്ചൊല്ലു.
അന്തിക്കുവാനിന്റെ വക്കത്തു നില്ക്കുന്നു
ചെന്തീയുടുപ്പിട്ട സൂര്യൻ
• പാഠഭാഗത്തുനിന്നും നിങ്ങൾക്കറിയാവുന്ന മറ്റു കവിതകളിൽനിന്നും സമാന പ്രയോഗങ്ങൾ കണ്ടെത്തി എഴുതു.
ഓമനേ, ഓമനേ, ആരു നീ ചൊല്ലു
നീ മഴവില്ലിന്റെ ചെല്ലക്കിടാവോ
പൂമ്പാറ്റ
അതിരില്ലാ മണിമുറ്റം
തെളിനീലത്തിരുമുറ്റം
തിരുമുറ്റത്തിരുളായാൽ
നിരനിരയായ് പൂവല്ലോ
ആകാശം
മുറ്റത്തെ മാങ്കൊമ്പത്ത്
ചിച്ചിലു ചിലു ചിലുമേളം
മാവിൻ ചില്ലയിലേറി
മാങ്കനി ചപ്പും കള്ളൻ
അണ്ണാൻ
ആകാശത്തൊരു പാൽക്കിണ്ണം
അന്തിക്കെത്തിയ പാൽക്കിണ്ണം
അമ്പിളി
തൂണില്ലാത്തൊരു പൂപ്പന്തൽ
തൂമയെഴുന്നൊരു പൂപ്പന്തൽ
ആകാശം
♦ കാവ്യഭാഷ
സാധാരണ ഭാഷയും കാവ്യഭാഷയും വ്യത്യസ്തമാണ്. ഈ ഉദാഹരണം നോക്കൂ.
ചെന്തീയുടുപ്പിട്ട സൂര്യൻ : കഠിനമായ ചൂടും വെളിച്ചവുമുള്ള സൂര്യൻ
• കവിതയിൽനിന്നും സമാനമായ കാവ്യഭാഷാപ്രയോഗങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
| ചെന്തീയുടുപ്പിട്ട സൂര്യൻ | കഠിനമായ ചൂടും വെളിച്ചവുമുള്ള സൂര്യൻ |
| പതഞ്ഞുപൊങ്ങുന്ന മുകിൽമാല | മേഘക്കൂട്ടം പറന്നു നടക്കുന്നത് |
| വെളിച്ചത്തിൻ മൊട്ടുകൾ വിരിയുന്നു | ഇരുട്ടിൽ ബൾബുകൾ തെളിയുന്നത് |
| നറുപച്ചപ്പിൽ തൂവെള്ളി നാടകൾ | സസ്യങ്ങൾക്കിടയിലൂടെ കാണുന്ന നദി |
♦ യാത്രപോകാം
ഇനി നമുക്കൊരു യാത്ര പോയാലോ?
എവിടേക്കാണ് പോകേണ്ടത്? എന്തെല്ലാമാണ് കാണേണ്ടത്?
സംഘമായി ചർച്ച ചെയ്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുക.
യാത്രപോകുന്ന കാര്യം ഡിജിറ്റൽ പോസ്റ്റർ വഴി എല്ലാവരേയും അറിയിക്കുക. പോസ്റ്റർ, ക്ലാസ് വാട്സാപ് ഗ്രൂപ്പിൽ പങ്കു വയ്ക്കാൻ മറക്കരുത്.
യാത്ര കഴിഞ്ഞ് എല്ലാവരും ലഘുയാത്രാവിവരണം തയ്യാറാക്കുമല്ലോ.
കൂട്ടുകാരെല്ലാം ചേർന്ന് നിങ്ങൾക്ക് യാത്ര പോകാൻ ഏറെ ഇഷ്ടമുള്ള ഒരു ഇടം തെരഞ്ഞെടുക്കുക. യാത്രയുടെ ദൈർഘ്യം കുറച്ച് കൂടുതൽ സമയം ചെലവിടാൻ കഴിയുന്ന രീതിയിൽ വേണം യാത്ര തീരുമാനിക്കാൻ. യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ, സ്ഥലം ഇവയൊക്കെ ഉൾപ്പെടുത്തി ഡിജിറ്റൽ പോസ്റ്റർ തയാറാക്കണം. ഇത് വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച് എല്ലാവരെയും അറിയിക്കണം.
ഡിജിറ്റൽ പോസ്റ്റർ തയാറാക്കുന്ന വിധം
ലിബർ ഓഫീസ് റൈറ്റർ ജാലകം തുറക്കുക.
(Applications → Office → LibreOffice Writer)
ഈ വാക്യങ്ങൾ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുക.
തലക്കെട്ട് മധ്യഭാഗത്ത് ക്രമീകരിക്കാൻ ടൂൾബാറിലെ Center Alignment Click ചെയ്യുക. തലക്കെട്ടിന്റെ കട്ടികൂട്ടാൻ പദങ്ങൾ സെലക്ട് ചെയ്ത് ടൂൾബോക്സിലെ Bold ൽ ക്ലിക്ക് ചെയ്യുക.
പദങ്ങൾക്ക് ഭംഗിയുള്ള ഫോണ്ടുകൾ നൽകുന്നതിന് ഫോണ്ട് സ്റ്റൈൽ സെലക്ട് ചെയ്യുക.
പോസ്റ്റർ സേവ് ചെയ്യാം
Ctrl + S കീ അമർത്തുക or File → Save.
ഉചിതമായ File name നൽകി Home ഫോൾഡറിൽ സേവ് ചെയ്യുക.
♦ പദപരിചയം
• വാരൊളി - നല്ല ശോഭ
• ആളുക - ജ്വലിക്കുക
• കൂറ്റൻ - വലിയ
• ആർക്കുന്ന - ആഹ്ലാദംകൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന
• നിരത്ത് - വഴി, റോഡ്
• മന്നിടം - ഭൂമി
• ചിന്നിയ - ചിതറിയ
• തിണ്ണ - ഇറയം, വരാന്ത
• നാട - ചരട്
• മുകിൽ - മേഘം
• വെണ്മ - വെളുപ്പ്
• ഗന്ധം - മണം
• ചിറകിന്നൊലി - ചിറകിന്റെ ശബ്ദം
• അന്തി - സന്ധ്യ
• ആശ - ആഗ്രഹം
• വാനം - ആകാശം
• ചേല് - ഭംഗി
• ഉറ്റുനോക്കുക - സൂക്ഷിച്ചുനോക്കുക
• വെക്കം - വേഗം
♦ പദം പിരിച്ചെഴുതുക
• ചെന്നേറിയല്ലോ - ചെന്ന് + ഏറിയല്ലോ
• കാറ്റിൽപ്പറക്കുക - കാറ്റിൽ + പറക്കുക
• മടിയിലിരുന്നു - മടിയിൽ + ഇരുന്നു
• നിരത്തൊരു -- നിരത്ത് + ഒരു
• വെണ്മ - വെള് + മ
• പാറിയുയരുമ്പോൾ - പാറി + ഉയരുമ്പോൾ
• വിമാനത്തിൽ - വിമാനം + ഇൽ
• വെളിച്ചത്തിൽ - വെളിച്ചം + ഇൽ
പകരംപദങ്ങൾ
• മരം - തരു, വൃക്ഷം, വിടപം
• കാറ്റ് - പവനൻ, മാരുതൻ, അനിലൻ
• ഗന്ധം - മണം, വാസന, പരിളം
• പറവ - പക്ഷി, പതംഗം, കിളി
• അന്തി - സന്ധ്യ, ദിനാന്തം, പ്രദോഷം
• സൂര്യൻ - അർക്കൻ, ദിവാകരൻ, ദിനകരൻ
• നക്ഷത്രം - താരം, താരകം, ഉഡു
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class V Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments