Kerala Syllabus Class 9 കേരള പാഠാവലി - യൂണിറ്റ് 03 ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ - പാഠം 01: സ്വാതന്ത്ര്യം തന്നെ ജീവിതം - ചോദ്യോത്തരങ്ങൾ

Study Notes for Class 9 കേരള പാഠാവലി - ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ: സ്വാതന്ത്ര്യം തന്നെ ജീവിതം | Class 9 Malayalam - Kerala Padavali - sathanthryam thanne jeevitham - Questions and Answers - യൂണിറ്റ് 04 ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ - സ്വാതന്ത്ര്യം തന്നെ ജീവിതം - ചോദ്യോത്തരങ്ങൾ

ഒമ്പതാം ക്ലാസ്സ്‌  കേരള പാഠാവലി - ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ: സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

Samagra Malayalam Notes
കേരള പാഠാവലി - ഉജ്ജ്വല ഹൃദയസ്പന്ദനങ്ങൾ: പ്രവേശകം 
♦ ഭാവിയെ നെയ്തെടുക്കുക, സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം എന്നിവ വരികളിലും ചിത്രത്തിലും പ്രതിഫലിക്കുന്നതെങ്ങനെ?
വള്ളത്തോൾ നാരായണമേനോന്റെ സാഹിത്യമഞ്ജരി ഏഴാം ഭാഗത്തിലെ 'ഖാദിവസനങ്ങൾ കൈക്കൊൾവിനേവരും' എന്ന കവിതയിലെ വരികളും ഒരു ചിത്രവുമാണ് പ്രവേശകമായി നൽകിയിരിക്കുന്നത്. 'ഭാവിയെ നെയ്തെടുക്കുക' എന്ന പ്രയോഗം സ്വാതന്ത്ര്യത്തിനു ശേഷം ഐശ്വര്യപൂർണ്ണമായ ജീവിതത്തെ നെയ്തെടുക്കുക എന്നതിനെയാണ് സൂചിപ്പിക്കുന്നത്. കോടിക്കണക്കിന് വരുന്ന ജനതയുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്നു മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ നടത്തിയ പ്രക്ഷോഭങ്ങൾ നാം വിസ്മരിച്ചു കൂടാ. ചർക്കയിൽ നൂൽനൂറ്റ് സ്വന്തമായി വസ്ത്രങ്ങൾ നെയ്തെടുത്തുകൊണ്ടാണ് ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രതികരിച്ചത്. ഒരു ജനതയുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് യഥാർത്ഥത്തിൽ ഗാന്ധിജി നെയ്തെടുത്തത്. ചരിത്രത്തിലെ ഇത്തരം മഹത്തായ നിമിഷങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് നാം ഭാവിയെ രൂപപ്പെടുത്തേണ്ടത്. ഒരുദിനാന്തത്തിലെ സൂര്യരശ്മികളിൽ നിന്നാണ് പ്രതീക്ഷയുടെ പ്രഭാതങ്ങൾ പിറന്നുവീഴുന്നത്.

കേരള പാഠാവലി - സ്വാതന്ത്ര്യം തന്നെ ജീവിതം - ഖദീജ മുംതാസ് 
ഖദീജ മുംതാസിന്റെ 'നീട്ടിയെഴുത്തുകൾ' എന്ന നോവലിലെ ഒരു ഭാഗമാണ് പാഠസന്ദർഭം. ഇന്ത്യാചരിത്രവും കേരളത്തിന്റെ നവോത്ഥാന ചരിത്രവും ചേർത്തുവച്ചു കൊണ്ട് മൂന്നു തലമുറയിലെ സ്ത്രീകളുടെ ജീവിതമാണ് നോവലിൽ ആവിഷ്കരിക്കുന്നത്. ഡോക്ടറാകാൻ തീവ്രമായി ആഗ്രഹിച്ച അയിഷു, അയിഷുവിന്റെ മകൾ മെഹർ, മെഹറിന്റെ ഇനിയും പിറന്നിട്ടില്ലാത്ത മകൾ ദിയ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. സ്വാതന്ത്ര്യദിനപ്പുലരിയിലെ അയിഷുവിന്റെ വിദ്യാലയാനുഭവ ഭാഗമാണ് സ്വാതന്ത്ര്യം തന്നെ ജീവിതം.

♦ ''ഇന്ത്യ സ്വാതന്ത്രയാവുന്നു. ഞാനും സ്വാതന്ത്രയാവുന്നു! എന്റെ വർണ്ണച്ചിറകുകൾക്ക് എന്തുമാത്രം തിളക്കമാണ്! ഞാൻ പറന്നുകാണാൻ പോകുന്ന ലോകങ്ങൾക്കിനി എഴുന്നൂറു വർണ്ണങ്ങൾ ....''
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അയിഷുവിന്റെ എന്തെല്ലാം പ്രതീക്ഷകളാണ് നോവൽഭാഗത്ത് തെളിയുന്നത്.
എല്ലാവരെയും പോലെ സ്വാതന്ത്ര്യത്തെക്കുറിച്ച് അയിഷുവിനും നിരവധി
പ്രതീക്ഷകളാണുണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളും സൈന്യവും ഇല്ലാതെ നമ്മൾ നമ്മളെത്തന്നെ ഭരിക്കുന്ന കാലം അയിഷു മുന്നിൽ കണ്ടു. അന്യായമായ
നികുതികളില്ലാതാകുന്നതും ജാതിമത വിവേചനങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ പോകാൻ സാധിക്കുന്നതും അയിഷുവിന്റെ പ്രതീക്ഷകളായിരുന്നു. തിന്നാൻ അരിയില്ലാത്ത അവസ്ഥയുണ്ടാവില്ല, പൂഴ്ത്തിവെപ്പുകാർ ഇനിയുണ്ടാവില്ല, കുഞ്ഞുങ്ങൾ വയറു നിറയെ ഭക്ഷണം കഴിക്കും, നല്ല ഉടുപ്പുകളിട്ട് സ്കൂളിലേക്ക് പാറി നടക്കും, ബുദ്ധിയുള്ളവരൊക്കെ പഠിച്ച് ബി എ ക്കാരും എൽ എൽ ബിക്കാരും ഒക്കെയാകും. സർക്കാർ വകുപ്പിലെ ഉയർന്ന തസ്തികളിലൊക്കെ നാട്ടിലെ വിദ്യാഭ്യാസമ്പന്നർ മാത്രമായിരിക്കും തുടങ്ങിയ ഒരുപാട് പ്രതീക്ഷകൾ അയിഷുവിൽ നിറഞ്ഞുനിന്നു.
♦ "അവളുടെ മനസ്സ് മുഴുവനുമൊരു പീലി വിരിച്ച മയിലായി അപ്പോൾ"
"പൂക്കളുതിർത്തുകൊണ്ട് ദേശീയ പതാക ആദ്യമായി സ്കൂളങ്കണത്തിലെ കൊടിമരത്തിലേക്ക് ചിറക് കുടഞ്ഞു കയറി''
ഇത്തരം വാക്യങ്ങൾ സന്ദർഭത്തെ ഭാവസാന്ദ്രമാക്കുന്നതെങ്ങനെ?
അയിഷുവിന്റെ സന്തോഷം തുളുമ്പുന്ന മനസ്സിനെയാണ് പീലിവിരിച്ച മയിലായി എന്ന് പ്രായോഗിച്ചിരിക്കുന്നത്. അവളുടെ മാനസികാവസ്ഥ പൂർണ്ണമായി പ്രതിഫലിപ്പിക്കാൻ ഈ പ്രയോഗത്തിന് കഴിയുന്നു. മയിലിന്റെ സന്തോഷപ്രകടനം വാക്കുകൾക്കതീതമാണ്. സന്തോഷത്തിന്റെ സുന്ദരമായ നിമിഷങ്ങളാണ് മയിൽ പീലി വിടർത്തുമ്പോൾ ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിൽ സന്തോഷിക്കുന്ന അയിഷുവിന്റെ മനസ്സിനെയും സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങളെയുമാണ് മനസ്സ് മുഴുവനും പീലി വിരിച്ച മയിലായി എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.
'ചിറകു കുടഞ്ഞു കയറുക' എന്ന പ്രയോഗവും മനോഹരമാണ്. ചിറകു കുടഞ്ഞു പറക്കുന്ന പക്ഷിയുടെ ദൃശ്യം നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നു. ഇവിടെ ചുരുൾ നിവർന്നു പാറിപ്പറക്കുന്ന ദേശീയ പതാകയെയാണ് സൂചിപ്പിക്കുന്നത്. ആകാശത്തിലേക്ക് ചിറകു കുടഞ്ഞു പറക്കുന്ന പക്ഷിയും കൊടിമരത്തിലേക്ക് ചുരുൾ നിവർന്നു കയറുന്ന ദേശീയ പതാകയും സ്വാതന്ത്ര്യത്തിന്റെ വിശാലമായ അനുഭവതലത്തെ സൂചിപ്പിക്കുന്നു. കാവ്യാത്മകമായ ഇത്തരം പ്രയോഗങ്ങൾ കഥാസന്ദർഭത്തെ കൂടുതൽ മനോഹരമാക്കുന്നു മറ്റു പ്രയോഗങ്ങൾ
"എന്റെ സ്വർണച്ചിറകുകൾക്ക് എന്തുമാത്രം തിളക്കമാണ് "
"പല സ്കൂളുകളിൽ നിന്ന് പുറപ്പെട്ട ജാഥകളെല്ലാം കൈവഴികൾ പോലെ ഒന്നിച്ച് ഒരു വലിയ പുഴയായങ്ങനെ"...

♦ 'സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ സങ്കല്പം' എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക. 
മാന്യ സദസിന് വന്ദനം,
ഇന്ന് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ സങ്കല്പം എന്ന വിഷയത്തിൽ രണ്ടു വാക്ക് സംസാരിക്കാനാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ബ്രിട്ടീഷുകാരുടെ അടിമകളായി കഴിഞ്ഞിടത്തുനിന്നും ഇപ്പോൾ നമ്മൾ നമ്മളെത്തന്നെ ഭരിക്കുന്നു. എന്താണ് സ്വാതന്ത്ര്യം? സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല. സാമ്പത്തികമായും സാമൂഹികവുമായ സ്വാതന്ത്ര്യം കൂടിയാണ്. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതാവസ്ഥകളിൽ ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ വിദ്യാർഥികളെന്ന നിലയിൽ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും ഓരോരോ കടമകൾ നിർവഹിക്കാനുണ്ട്. സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് നിരവധി പ്രതീക്ഷകളുണ്ടായിരുന്നു. ദാരിദ്ര്യവും പരാധീനതകളുമില്ലാത്ത ഒരു മാതൃരാജ്യമാണ് അവർ സ്വപ്നം കണ്ടത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യമാണ് അവർ ലക്ഷ്യം വെച്ചത്. അടിമത്തവും വിവേചനവുമില്ലാത്ത ഇന്ത്യയ്ക്ക് വേണ്ടിയാണ് അവർ പോരാടിയത്. വിവിധ മേഖലകളിൽ മുന്നേറാൻ സ്വതന്ത്ര ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിലെങ്കിലും നിലനിൽക്കുന്ന സാമൂഹിക വിവേചനം ഇല്ലാതാക്കാൻ ഇനിയും പരിശ്രമങ്ങൾ തുടരേണ്ടിയിരിക്കുന്നു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പുതുതലമുറയ്ക്ക് സാധിക്കേണ്ടതുണ്ട്. ഭാരതത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട് നമുക്കോരോരുത്തർക്കും അതിനായി പരിശ്രമിക്കാമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഞാൻ
എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. 
നന്ദി, നമസ്കാരം.
♦ ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകൾ എന്ന നോവൽ ഭാഗവും എൻ വി കൃഷ്ണവാര്യരുടെ 'നാം ചങ്ങല പൊട്ടിച്ച കഥ' എന്ന കൃതിയും വർത്തമാനകാലത്തെ
സാമൂഹികജീവിതാവസ്ഥകളും പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
ഇന്ത്യയിലെ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള നിരവധി സൂചനകൾ ഈ രണ്ടു ഭാഗങ്ങളിൽ നിന്നും കണ്ടെത്താൻ നമുക്ക് കഴിയും. ദാരിദ്ര്യവും ജാതിമത വിവേചനങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതായി പുതിയൊരു ശക്തിയായി ഭാരതം മാറുന്ന പ്രതീക്ഷയാണ് നീട്ടിയെഴുത്തുകളിലുള്ളത്. വിദേശികളായ ഭരണാധികാരികളുടെ ആധിപത്യത്തിനെതിരെ നടന്ന സമരവും കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നടന്ന സമരവും, നാം ചങ്ങല പൊട്ടിച്ച കഥ'യിൽ കാണാനാകുന്നു. ദാരിദ്ര്യവും ജാതിമത വിവേചനവും ഇല്ലാത്ത സ്വതന്ത്ര ഇന്ത്യയെ അയിഷു സ്വപ്നം കാണുന്നു. സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തോടൊപ്പം തന്നെ അക്കാലത്തെ സാമൂഹിക ജീവിതത്തിലെ അനീതികൾക്കെതിരെയുള്ള സമരം കൂടിയായിരുന്നു. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തോടൊപ്പം ചേർന്നു നിന്നുകൊണ്ടാണ് സാമൂഹിക നീതിക്ക് വേണ്ടിയിട്ടുള്ള പോരാട്ടങ്ങളും നടന്നത്. എന്നാൽ വർത്തമാനകാലത്ത് ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിലുള്ള ഭിന്നതകൾ ഇപ്പോഴും തുടരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള സമരങ്ങൾ ഇനിയും തുടരണം എന്നു തന്നെയാണ് വർത്തമാനകാലത്തെ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്.