Kerala Syllabus Class 10 അടിസ്ഥാനപാഠാവലി - Unit 02 ഏകോദരസോദരർ നാം: പാഠം - 01 വിഷുക്കണി - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 10 അടിസ്ഥാനപാഠാവലി (ഏകോദരസോദരർ നാം) വിഷുക്കണി | Class 10 Malayalam - Adisthana Padavali - vishukkani - Questions and Answers - Chapter 01 വിഷുക്കണി - ചോദ്യോത്തരങ്ങൾ | ഏകോദരസോദരർ നാം - പ്രവേശകം
പത്താം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ വിഷുക്കണി എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. ഈ അധ്യായത്തിന്റെ Teaching Manual ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.
ഏകോദരസോദരർ നാം - ഡോ ബി.ആർ അംബേദ്‌കർ - പ്രവേശകം
♦ ഡോക്ടർ .ബി .ആർ അംബേദ്കർ വിഭാവനം ചെയ്ത സമൂഹം യാഥാർത്ഥ്യമാക്കുന്നതിന് എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇനിയും നാം ഏറ്റെടുക്കേണ്ടത്?ചർച്ച ചെയ്യുക. 
സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു സമൂഹമാണ് ബി ആർ അംബേദ്കർ വിഭാവനം ചെയ്യുന്നത്. ഒരു ഭാഗത്തു നടക്കുന്ന മാറ്റം മറ്റു ഭാഗങ്ങളിലേക്ക് വഹിക്കാൻ കഴിയുന്ന ചാനലുകൾ നിറഞ്ഞതും ചലനശക്തി ഉള്ളതും ആവണം ഒരു മാതൃകാ സമൂഹമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അദ്ദേഹം വിഭാവനം ചെയ്ത മാതൃകാ സമൂഹത്തിലേക്ക് എത്തിച്ചേരുവാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനമായവ എന്തൊക്കെയെന്ന് ചിന്തിക്കാം. ഒന്നാമത് സമൂഹം സാമ്പത്തിക സമത്വം കൈവരിക്കുന്നതിൽ എത്ര മാത്രം വിജയിച്ചു എന്ന് കണ്ടെത്തണം. അധികാരവികേന്ദ്രീകരണത്തിന്റെ ഗുണഫലങ്ങൾ അടിസ്ഥാന വർഗ്ഗത്തിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ഓരോ പ്രദേശത്തെയും യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുകയും, ഒരു ഭാഗത്തു നടക്കുന്ന ഗുണപരമായ മാറ്റങ്ങൾ സമൂഹത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കാൻ ഉതകുന്ന ചലനാത്മകമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്. നൂറ്റാണ്ടുകളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. അവർക്ക് പൂർണ്ണമായനീതി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. എവിടെയെങ്കിലും സമൂഹത്തിൽ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത്പരിഹരിക്കപ്പെടേണ്ടതാണ്. ഇത്തരം പ്രവർത്തനങ്ങളാണ് ഡോക്ടർ ബി ആർ അംബേദ്കർ വിഭാവനം ചെയ്ത സമൂഹം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി ഇനിയും നാം ഏറ്റെടുക്കേണ്ടത്.

വിഷുക്കണി - വൈലോപ്പിള്ളി ശ്രീധരമേനോൻ 
വിഷു നമ്മുടെ കാർഷികോത്സവമാണ്. കേരളത്തിലെ ഇടത്തരം സമ്പന്ന തറവാടുകളിലൊക്കെ വിഷുക്കണിയൊരുക്കി വച്ച് കുട്ടികളെ വിളിച്ചുണർത്തി കണ്ണുപൊത്തിക്കൊണ്ടുപോയി കണികാണിക്കുന്ന ഒരു സമ്പ്രദായമുണ്ട്. കുട്ടിയായിരുന്നപ്പോൾ വൈലോപ്പിള്ളി ശ്രീധരമേനോനെ ഒരിക്കൽ വിഷുക്കണി കാണിക്ക്കുവാൻ അമ്മ കൊണ്ടുപോയ അനുഭവമാണ് ഈ കവിതയിൽ കവി പറയുന്നത്. അമ്മയുടെ വിരൽത്തുമ്പിൽ പിടിച്ച്, മുമ്പ് നടന്ന പരിചിതമായ തറയിലൂടെ കവി പതുക്കെ പതുക്കെ നടന്നു. കണ്ണിറുക്കി അടച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് നിയന്ത്രണം തെറ്റി കണ്ണുതുറന്നു പോയി. ചുറ്റുപാടും കൂരിരുൾ. ഗ്രാമത്തിലെ പാവപ്പെട്ടവരുടെ വീടുകൾ ഇരുട്ടിൽ മയങ്ങി കിടക്കുന്നു. വീണ്ടും കണ്ണടച്ചു കൊണ്ട് കവി നടന്നു. തുടർന്ന് കണ്ണ് തുറന്നു കണികണ്ടു. ആരുടെയും കണ്ണഞ്ചിക്കുന്ന കമനീയമായ ശില്പം. വെള്ളി പോലെ വിളങ്ങുന്ന ഓട്ടുരുളി, കണി വെള്ളരിക്ക, തേങ്ങാ മുറികൾ, കത്തി നിൽക്കുന്ന തിരികൾ, കൊന്നപ്പൂക്കൾ, പൊന്ന്, വാൽക്കണ്ണാടി, ഞൊറിഞ്ഞ കരമുണ്ട്, അരി, കുങ്കുമച്ചെപ്പ് ഇവയൊക്കെയാണ് ഐശ്വര്യ ദേവതയ്ക്കായി അമ്മ ഒരുക്കിയിരിക്കുന്നത്. കവി കണി കണ്ടതിനുശേഷം കൈനീട്ടവും വാങ്ങി അനുജത്തിമാരുടെ മുമ്പിൽ വെച്ച് പൂത്തിരി കത്തിച്ചു. എല്ലായിടത്തും പടക്കം പൊട്ടിക്കലും ആർപ്പുവിളികളും സന്തോഷപ്രകടനങ്ങളും തന്നെ. പക്ഷേ കണി കാണുന്നതിനു മുമ്പ് കണ്ണുതുറന്നു പോയതുകൊണ്ടാണോ എന്നറിയില്ല കവിയുടെ ഹൃദയം അപ്പോഴും ഇരുട്ടിൽ തന്നെയായിരുന്നു. എവിടെയെങ്കിലും വെളിച്ചം പുലർന്നിട്ടുണ്ടോ? തൻറെ പാവപ്പെട്ട കൂട്ടുകാരുടെ വീടുകൾ ഇപ്പോഴും ഇരുട്ടിൽ തന്നെ. തന്റെ സമ്പന്നമായ തറവാട്ടിലെ നാലുകെട്ടിൽ ഒരുക്കി വെച്ചിരിക്കുന്ന കണിയുരുളിയുടെ ചുറ്റിലും വീട്ടിലുള്ളവരുടെ മനസ്സിലും മാത്രമാണ് അല്പം വെളിച്ചം ഉള്ളത്. ക്ലാവ് പിടിച്ച വാൽക്കണ്ണാടി ചേർത്തു പിടിച്ച് ഐശ്വര്യ ദേവതയെ കുടിയിരുത്തുവാൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ ഐശ്വര്യ ദേവതയെ തരംതാഴ്ത്തുകയല്ലേ ചെയ്യുന്നത് എന്നാണ് കവിയുടെ ചിന്ത. ഉദാരതയുടെ പര്യായമായ ലക്ഷ്മി ദേവി, വിയർപ്പ് നീരിന്റെ ആഴിയിൽ ജനിച്ചു ഐശ്വര്യം മഴ പോലെ വർഷിക്കുന്നവളാണ്. കരിമണ്ണിൽ പിറന്ന കണിക്കൊന്നയുടെ സ്വർണ്ണ നിറമുള്ള സൗന്ദര്യ നദിയിൽ കുളിക്കുന്നവളാണ്.(കരിമണ്ണിന്റെ കൊടിയടയാളമായി കൊന്നമരം മാറുന്നു) എരി വെയിലിൽ കായ്കനികൾ തൂങ്ങിക്കിടക്കുന്ന മരക്കൊമ്പിൽ ഊഞ്ഞാലാടുന്നവളാണ്, പുന്നെല്ലിന്റെ പായകളിൽ നൃത്തം ചെയ്യുന്നവളാണ്. അങ്ങനെയുള്ള ഐശ്വര്യ ദേവതയ്ക്ക് ഇത്തിരി വട്ടത്തിൽ ഒതുങ്ങാൻ ആകില്ല. കൺപൂട്ടി തന്റെ മുന്നിൽ വന്ന് തുറക്കുന്ന കണ്ണുകളെ മാത്രം ഐശ്വര്യ ദേവതയ്ക്ക് സ്നേഹിക്കാനാകില്ല'. മൂഢ സ്വപ്നത്തിന്റെ കത്തിച്ച പൂത്തിരിയ്ക്കു മുമ്പിൽ ചിരിക്കാനാകില്ല'. പാവപ്പെട്ടവർക്ക് നൽകുന്ന പിച്ച കാശ് (കൈനീട്ടം) കണ്ട് കവി പറയുന്നു: ”അല്ലയോ ഐശ്വര്യ ദേവതേ, ചെളിയിൽ പിറക്കുന്ന ചെന്താമരപ്പൂക്കൾ പോലെ, ദരിദ്രരായ എല്ലാവരുടേയും വീട്ടിലും കണി നിരത്തിയിട്ട് അതിൽ വിളയാടുവാൻ നിനക്ക് കഴിയുമോ ദേവി?” കണി കാണുന്നതിനു മുമ്പേ കണ്ണുതുറന്നു പോയതുകൊണ്ടാവാം ആ ഒരു പ്രഭാതം പൊട്ടി വിടരുന്നത് വരെയും ഞാൻ അസംതൃപ്തൻ തന്നെയായിരിക്കും.
പഠനപ്രവർത്തനങ്ങൾ 
♦ “എങ്ങനെ ഒതുങ്ങും നീ ചെറുവട്ടത്തിൽ', 
'ചെറുവട്ടം' എന്ന പ്രയോഗത്തിന്റെ അർത്ഥതലങ്ങൾ എന്തൊക്കെയാണ്? വിശകലനം ചെയ്യുക. 
വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിതയിലെ വരിയാണിത്. ഒരു വിഷുക്കാലത്ത് കണി കാണുവാൻ വേണ്ടി എഴുന്നേറ്റ കവിക്ക് തന്റെ സമീപത്തുള്ള വീടുകൾ ഇരുളുമൂടി മയങ്ങിക്കിടക്കുന്നത് കണ്ട് ദുഃഖം തോന്നുന്നു. ദാരിദ്ര്യത്തിന്റെ ഇരുട്ടിൽ കഴിയുന്നവർക്ക് വിഷുവിന്റെ സന്തോഷമോ വെളിച്ചമോ കിട്ടുന്നില്ല എന്ന് കവി തിരിച്ചറിയുകയാണ്. ഐശ്വര്യ ദേവതയെ കുറിച്ചുള്ള സങ്കല്പം സമൂഹത്തിലെ എല്ലാവരുമായും ബന്ധപ്പെട്ടതാണ്. അത് ഇടത്തരക്കാരോ, സമ്പന്നരോ ആയ ചില ആളുകളുടെ മാത്രം സങ്കല്പമല്ല എന്നതാണ് കവി”എങ്ങനെ ഒതുങ്ങും നീ ചെറുവട്ടത്തിൽ” എന്ന വരിയിലൂടെ ചൂണ്ടിക്കാട്ടുന്നത്. തറവാട്ടിൽ വിഷുക്കണി ഒരുക്കുന്ന ഉരുളിയുടെ ചുറ്റിലും, അൽപനേരം കുടുംബാംഗങ്ങളുടെ മനസ്സിലും, ക്ലാവ് പിടിച്ച വാൽക്കണ്ണാടി ചേർത്ത് പിടിച്ച് ഐശ്വര്യ ദേവതയെ കുടിയിരുത്തുവാൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ ഐശ്വര്യ ദേവതയെ തരംതാഴ്ത്തുകയാണ് ചെയ്യുന്നതെന്ന് കവി കരുതുന്നു. ഉദാരതയുടെ പര്യായമായ, വിയർപ്പു നീരാകുന്ന സമുദ്രത്തിൽ പിറന്ന, കരിമണ്ണിൽ നിന്നുയർന്ന കണിക്കൊന്നയുടെ സ്വർണ്ണ നീരരുവിയിൽ ജ്ഞാനം ചെയ്യുന്നവളായ, കായ്കനികളിൽ ഊഞ്ഞാലാടുന്ന, പുന്നെല്ലു വിരിച്ചിട്ട പായകളിൽ നൃത്തം ചെയ്യുന്ന ഐശ്വര്യ ദേവത കുറച്ചുപേരുടേത് മാത്രമായി ചുരുങ്ങിപ്പോകുന്നത് എങ്ങനെയെന്നാണ് കവിയുടെ ചോദ്യം. ഒരു ചെറിയ വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളാൻ ഐശ്വര്യ ദേവതയ്ക്ക് ഒരിക്കലും കഴിയില്ല എന്നാണ് കവി പറയുന്നത്. 'ചെറുവട്ടം ‘എന്നാൽ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം എന്നാണ് ഇവിടുത്തെ അർത്ഥം. ഇത്തിരി വട്ടം മാത്രമുള്ള സന്തോഷമല്ല നമുക്ക് വേണ്ടത് എല്ലാവരും സന്തോഷിക്കുന്നതാകണം വിഷു എന്നാണ് കവി സൂചിപ്പിക്കുന്നത്. 

♦ “എങ്ങാനുമുണ്ടോ വെട്ടം? 
ചുറ്റുമീയുൾ നാട്ടിലെൻ 
ചങ്ങാതിമാർ തൻ ഗേഹ- 
മിപ്പോഴുമിരുട്ടിൽത്താൻ''. 
                      - (വിഷുക്കണി) 
“ വീടെന്നു പറഞ്ഞു കൂടാ, ചാളയാണ്. ഒരു മണ്ണെണ്ണ വിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്ക് കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും വയറു കാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്ക് പോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്ത് പോലുമല്ല. തൊടിയിൽ മണ്ണു കുഴിച്ച്, ഇലയിട്ട് ഒഴിച്ച് തരും.”
                               - (എതിര് - എം.കുഞ്ഞാമൻ)
കവിതയിൽ അവതരിപ്പിക്കുന്ന ഇരുട്ടും എം. കുഞ്ഞാമന്റെ അനുഭവവിവരണത്തിലെ ഇരുട്ടും നൽകുന്ന സൂചനകൾ ചർച്ച ചെയ്യുക.
കവി സമ്പന്നമായ തറവാട്ടിൽ ജനിച്ചവനാണ്. എന്നാൽ കവിയുടെ കൂട്ടുകാരെല്ലാം ദരിദ്രമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരാണ്. വിഷുക്കണി കണ്ടിട്ട് ചുറ്റും നോക്കുന്ന കവി ഇരുട്ടാണ് കാണുന്നത്. കൂട്ടുകാരുടെ കുടിലുകളിലും ഇരുട്ടാണ്. അവിടെയൊന്നും വിഷുവിന്റെ സന്തോഷമോ വെളിച്ചമോ ഇല്ല. വിഷു വന്നിട്ടും കൂട്ടുകാർക്ക് സന്തോഷമോ ആഘോഷങ്ങളോ ഇല്ലാത്തതിനെയാണ് ഇരുട്ട് എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത്. വറുതികളുടെയും, കഷ്ടപ്പാടുകളുടെയും, ചൂഷണങ്ങളുടെയും മറ്റും ഇരുട്ടിൽ മുങ്ങിക്കിടക്കാൻ വിധിക്കപ്പെട്ടവരാണ് സമൂഹത്തിലെ ഒരു വിഭാഗം. സമൂഹത്തിലെ ഇത്തരം അസമത്വങ്ങളിൽ കവി ദുഖിക്കുന്നു. എം.കുഞ്ഞാമന്റെ ആത്മകഥയായ 'എതിരി'ൽ സ്വന്തം അനുഭവങ്ങളാണ് വിവരിക്കുന്നത്. ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ഇരുട്ട്, വിളക്ക് നഷ്ടപ്പെടുമ്പോഴുള്ള ഇരുളാണ്. പക്ഷേ എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങുമെന്നും ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റി വരിയും എന്നും പറയുമ്പോൾ അത് ഒരു വെറും വെളിച്ചമില്ലായ്മ അല്ല. അസമത്വത്തിന്റെ, ദാരിദ്ര്യത്തിന്റെ ഇരുട്ടു തന്നെയാണത്. വിശക്കുമ്പോൾ സമ്പന്ന വർഗ്ഗത്തെ ആശ്രയിക്കേണ്ടി വരുന്ന ദരിദ്രന്റെ ഉള്ളിലുള്ള ഇരുട്ടാണത്. നല്ല പാത്രത്തിൽ ഭക്ഷണം പകർന്നു കൊടുക്കാതെ വീട്ടുമുറ്റവും കഴിഞ്ഞ് തൊടിയിൽ മണ്ണു കുഴിച്ച് ആ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പുന്ന ജന്മിയുടെ ഉള്ളിലുള്ള ഇരുട്ടും ആണത്. രണ്ട് എഴുത്തുകാരും സമാനമായ ആശയങ്ങൾ തന്നെയാണ് രണ്ടു രീതിയിൽ പങ്കുവയ്ക്കുന്നത്.  
♦ “വീട് തോറുമേ കണി-
നിരന്നിട്ടതിൽ വിള- 
യാടുമോ നീ,യെല്ലാർക്കു-
മന്നപൂർണ്ണയാം ദേവി?”
വരികളിൽ അവതരിപ്പിച്ചിരിക്കുന്ന സാമൂഹിക ദർശനത്തിന്റെ സവിശേഷതകൾ വിവരിക്കുക. 
വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിതയിൽ ഐശ്വര്യ ദേവതയോടുള്ള കവിയുടെ അഭ്യർത്ഥനയാണ് ഈ വരികൾ. എല്ലാ വീട്ടിലും കണിയൊരുക്കാൻ സാധിക്കുകയും അവിടെയെല്ലാം അന്നപൂർണ്ണയായ ദേവി വിളയാടുകയും ചെയ്തിരുന്നെങ്കിൽ എന്ന് കവി പ്രത്യാശിക്കുന്നു.
ഇവിടെ കവി അവതരിപ്പിക്കുന്ന സാമൂഹിക ദർശനം സമത്വത്തിന്റേതാണ്. ഒരു വിഭാഗം സമ്പന്നതയുടെയും ഐശ്വര്യത്തിനും ലോകത്ത് ജീവിക്കുമ്പോൾ മറ്റൊരു വിഭാഗം ദാരിദ്ര്യത്തിലും ദുരിതത്തിലും ജീവിക്കുന്നു. ഈ സാമൂഹിക അസമത്വത്തെ കവി നിശിതമായി വിമർശിക്കുന്നു. അടിസ്ഥാന ജനവിഭാഗം ഉയർന്നു വരണം, എങ്കിൽ മാത്രമേ സമൂഹത്തിൽ പൂർണ്ണമായ സന്തോഷം കളിയാടുകയുള്ളൂ. സമത്വത്തിന്റെ നാളുകൾ വരണമെന്നും, എല്ലാവർക്കും സന്തോഷത്തോടെ വിഷു ആഘോഷിക്കാൻ സാധിക്കുമ്പോഴാണ് ആഘോഷം അർത്ഥപൂർണ്ണമാകുന്നതെന്നും കവി കരുതുന്നു.

♦ ആശയം, ചമൽക്കാരഭംഗി, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് വിഷുക്കണി' എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
ആധുനിക മലയാള കവികളിൽ ഏറെ പ്രസിദ്ധനായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ മനോഹരമായ ഒരു കവിതയാണ് “വിഷുക്കണി'. വിട എന്ന കാവ്യ സമാഹാരത്തിൽനിന്നാണ് ഇത് എടുത്തിട്ടുള്ളത്. കവിയുടെ സാമൂഹിക പ്രതിബദ്ധത ഏറെ പ്രകടമാകുന്ന കവിതയാണിത്.
തറവാട്ടിലെ ഒരു മുറിയിൽ കണി ഒരുക്കി വെച്ച്കവിയുടെ അമ്മ മകനെ കണി കാണിക്കുവാൻ കൊണ്ടുപോകുന്നു. പക്ഷേ ഇടയ്ക്ക് അറിയാതെ മകൻ കണ്ണുതുറന്നു പോകുമ്പോൾ ചുറ്റുവട്ടത്തുള്ള പാവപ്പെട്ട വീടുകളെല്ലാം ഇരുൾ മൂടി കിടക്കുന്നതാണ് കാണുന്നത്. അവർക്ക് വിഷുവില്ല.വിഷുവിന് പ്രഭാതത്തിൽ സമ്പന്നരുടെ വീടുകളിലെത്തുന്ന അവർ സമ്പന്നർ നീട്ടുന്ന പിച്ച കാശ് കൈനീട്ടം എന്ന പേരിൽ വാങ്ങി സംതൃപ്തിയടയുന്നവരാണ്. കണിയൊരുക്കലും
ആഘോഷങ്ങളുമൊന്നുമില്ലാത്ത ഒരു വിഭാഗത്തിന്റെ ജീവിതാവസ്ഥകളിലേക്ക് കവി ഇറങ്ങിച്ചെല്ലുന്നു. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രം അവതരിക്കുന്ന ദേവതയല്ല ഐശ്വര്യ ദേവത എന്ന യാഥാർത്ഥ്യം കവി നമ്മെ ബോധ്യപ്പെടുത്തുന്നു. വാൽക്കണ്ണാടിയും ഓട്ടുരുളിയും കണി വെള്ളരിക്കയും കത്തി നിൽക്കുന്ന നെയ്ത്തിരിയുമൊന്നും ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഒരു വലിയ വിഭാഗം ജനതയുടെ ആഗ്രഹങ്ങളിലേക്കും വേദനകളിലേക്കും കവി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
വിയർപ്പിന്റെ ഉപ്പിൽ നിന്നും, കരിമണ്ണിന്റെ കാളിമയിൽ നിന്നും ഉയിർക്കൊണ്ട ഐശ്വര്യ ദേവതയ്ക്ക് ഒരു വിഭാഗത്തിന്റെ മാത്രം രക്ഷകയായി ഇരിക്കാനാകില്ല. കായ്കനി തൂങ്ങുന്ന കൊമ്പിൽ ഊഞ്ഞാലാടിയും, പുന്നെല്ല് ഉണക്കുന്ന പായയിൽ നൃത്തം ചെയ്തും കഴിയുന്ന ദേവിക്ക് ഒരു ചെറുവട്ടത്തിൽ ഒതുങ്ങിക്കൂടാൻ കഴിയുന്നതെങ്ങനെ? ചളിയിൽ നിന്നും മനോഹരമായ താമരപ്പൂവുണ്ടാകുന്നതു പോലെ ഇരുട്ടിൽ സ്ഥിതി ചെയ്യുന്ന എല്ലാ വീട്ടിലും കണിയൊരുക്കി അതിൽ വിളയാടാൻ ഐശ്വര്യ ദേവതയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയോടെയാണ് കവിത അവസാനിക്കുന്നത്.
ധാരാളം വർണ്ണനകളും ചമൽകാരഭംഗിയും ഈ കവിതയിൽ കാണുവാൻ സാധിക്കും. വിയർപ്പു നീരാഴി, കണിക്കൊന്നതൻ സ്വർണ്ണ നീരരുവിയിൽ സ്നാനം ചെയ്തു, പുന്നെൽ പായകളിൽ നൃത്യം ചെയ്തു എന്നിങ്ങനെയുള്ള വർണ്ണനകൾ കവിതയ്ക്ക് വ്യത്യസ്തമായ അർത്ഥതലങ്ങൾ നൽകുന്നു. അവ കാവ്യ സന്ദർഭത്തെ കൂടുതൽ സുന്ദരമാക്കുന്നു.
വളരെ ലളിതമായ ഭാഷയിൽ മനോഹരമായ താളത്തിൽ വേണ്ടത്ര ഒതുക്കത്തോടെ അലങ്കാരത്തിന്റെ ചമൽക്കാരത്തോടെ രചിക്കപ്പെട്ട വിഷുക്കണി എന്ന കവിത വ്യക്തമായ ഒരു സന്ദേശം കാഴ്ച വയ്ക്കുന്നതോടൊപ്പം വായനക്കാരിൽ അവിസ്മരണീയമായ അനുഭൂതികളും ഉണർത്തുന്നു. ഇന്നത്തെ കാലത്തും ഈ കവിത അഭിസംബോധന ചെയ്യുന്ന സാമൂഹിക പ്രശ്നം വളരെയേറെ പ്രസക്തമാണ്. നമ്മുടെ സന്തോഷത്തോടൊപ്പം മറ്റുള്ളവരുടെ സന്തോഷവും നാം അന്വേഷിക്കണമെന്ന മഹത്തായ സന്ദേശം ഈ കവിത പകർന്നു നൽകുന്നു.
♦ സമത്വ സുന്ദരമായ ലോകത്തെ കുറിച്ചുള്ള മഹത്തായ സങ്കല്പമാണ്  'വിഷുക്കണി' ഈ ആശയം ഉൾപ്പെടുത്തി 'ആഘോഷങ്ങളും മാനവികതയും' എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
ആഘോഷങ്ങളും മാനവികതയും
നമസ്ക്കാരം,
"ആഘോഷങ്ങളും മാനവികതയും എന്നതാണ് പ്രഭാഷണത്തിനായി എനിക്ക് ഇന്നു ലഭിച്ചിരിക്കുന്ന വിഷയം. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് നമ്മുടെ ആഘോഷങ്ങൾ കൂടുതലും. ആഘോഷങ്ങളുടെ നാടാണ് നമ്മുടേത് എന്ന് തന്നെ പറയാവുന്നതാണ്. ജാതിമതഭേദമന്യേ ഓണവും വിഷുവും ക്രിസ്തുമസും റംസാനും എല്ലാം നാം ഒരുമിച്ച് ആഘോഷിക്കുന്നു. മനുഷ്യൻ ഒന്നാണ് എന്ന മഹത്തായ ആശയമാണ് ഓരോ ആഘോഷവും പകർന്നു നൽകുന്നത്. ആഘോഷങ്ങൾ ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും നമ്മെ താൽക്കാലികമായിട്ടെങ്കിലും മോചിപ്പിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെ പറയുമ്പോഴും ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. സമൂഹത്തിന്റെ എല്ലാ തട്ടിലും ഉള്ള ആൾക്കാർക്ക് ഒരുപോലെ ആഘോഷങ്ങളെ സ്വീകരിക്കാൻ സാധിക്കുന്നുണ്ടോ. സമ്പത്ത്, സാമൂഹികമായ സ്ഥാനം, അധികാരം, ജാതിമതങ്ങൾ തുടങ്ങിയവരുടെ അടിസ്ഥാനത്തിൽ ആഘോഷങ്ങൾക്ക് മാറ്റം വരാറില്ലേ. ആഘോഷങ്ങൾ പലപ്പോഴും താഴെത്തട്ടിൽ വരെ എത്താറുണ്ടോ? അങ്ങനെ എത്തുന്നില്ലെങ്കിൽ എന്താവും അതിന്റെ കാരണം? നമ്മുടെ സാമൂഹികമായ അസമത്വം തന്നെയാണ് അതിന് പ്രധാന കാരണം എന്ന് സാമാന്യമായി പറയാം. ഈ അസമത്വം ഇല്ലാതാക്കാൻ നാം തീർച്ചയായും കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. മനുഷ്യനിൽ നിന്നും മാനവികതയുടെ അംശങ്ങൾ ചോർന്നു പോകാതെയിരുന്നാൽ കുറെയൊക്കെ അസമത്വത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഉള്ളവർ ഇല്ലാത്തവനെയും പരിഗണിക്കണം. അതാണ് നമ്മുടെ സമത്വ തത്വ ശാസ്ത്രത്തിന്റെ കാതൽ. ഇല്ലാത്തവന്റെ വേദന മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിലൂടെ നമുക്ക് ലോകം മാറ്റിമറിക്കാൻ കഴിയും. സഹിഷ്ണുതയും, സമസൃഷ്ടി സ്നേഹവും പുലർത്താൻ നമ്മുടെ കലാകാരന്മാരും എഴുത്തുകാരും ഉൾപ്പെടെ നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ പരിശ്രമിക്കണം. എന്നാൽ സമത്വ സുന്ദരമായ ഒരു ലോകം യാഥാർത്ഥ്യമാക്കുവാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. സമത്വ സുന്ദരമായ ലോകം സൃഷ്ടിക്കാനുള്ള ഊർജ്ജം പകരുന്നതാകണം ആഘോഷങ്ങൾ. ഇതോടുകൂടി എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു
നന്ദി, നമസ്ക്കാരം