Kerala Syllabus Class 9 അടിസ്ഥാനപാഠാവലി - യൂണിറ്റ് 02 പദം പദം ഉറച്ചു നാം - പാഠം 01: വംശം - ചോദ്യോത്തരങ്ങൾ
Study Notes for Class 9 അടിസ്ഥാനപാഠാവലി - പദം പദം ഉറച്ചു നാം: വംശം | Class 9 Malayalam - Adisthana Padavali - Vamsam - Questions and Answers - യൂണിറ്റ് 01 പദം പദം ഉറച്ചു നാം - വംശം - ചോദ്യോത്തരങ്ങൾ
ഒമ്പതാം ക്ലാസ്സ് അടിസ്ഥാനപാഠാവലി - പദം പദം ഉറച്ചു നാം: വംശം എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
∎Samagra Malayalam Notes
അടിസ്ഥാനപാഠാവലി - പദം പദം ഉറച്ചു നാം: പ്രവേശകം
♦ "ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി "
ചിത്രവും വരികളും വിശകലനം ചെയ്യുക.
കരിമ്പാറക്കെട്ടിലും ഏറ്റവും പ്രതികൂലമായ പരിതസ്ഥിതികളെ അതിജീവിക്കാനും പൂക്കാനും തളിർക്കാനും കഴിയുമെന്നുള്ള വലിയ പ്രതീക്ഷ ഈ ചിത്രം പകരുന്നു.പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന ഒരു സ്ത്രീയെ നമുക്ക് ഈ ചിത്രത്തിൽ ദർശിക്കാനാവും.
പ്രശ്നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കാത്തവർ ആരും തന്നെയില്ല. പ്രതിസന്ധികളിൽ അടിപതറാതെ നിന്ന് മറ്റുള്ളവർക്ക് വെളിച്ചം കാട്ടുവാനായാൽ ജീവിതം അർത്ഥ പൂർണ്ണമാകും. ജീവിതം ഒരു ചൂള പോലെ എരിയുമ്പോഴും ആ വെളിച്ചം കൊണ്ട് മറ്റുള്ളവർക്ക് വഴികാട്ടാനുള്ള ആർജ്ജവം കാണിച്ച എത്രയോ മഹത് വ്യക്തികൾ നമുക്കു മുമ്പിലുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി, പാറയുടെ നിരാർദ്രതയിലെ ആർദ്രത തേടുന്ന മരം പോലെ ആഴങ്ങളിലേക്ക് വേരുകളാഴ്ത്തി പടർന്നു പന്തലിച്ച് തണലാവുകയാണ് വേണ്ടത്. പ്രകൃതി നമുക്ക് ധാരാളം പാഠങ്ങൾ നൽകുന്നുണ്ട്. ഈ ആശയങ്ങളാണ് വരികളും ചിത്രവും പകർന്നു തരുന്നത്.
അടിസ്ഥാനപാഠാവലി - പദം പദം ഉറച്ചു നാം: വംശം
♦ എണ്ണ മിനുങ്ങും മുഖത്തെന്തു ഗൗരവം
എള്ളുടൽക്കെന്തൊരു സൗകുമാര്യം ! "
"ദാരുവിൽ നിന്നെ പകർത്തേണമെന്നെൻ്റെ
വേരു ദാഹിച്ചിതാ നോക്കി നിൽപ്പൂ "
ഉറുമ്പിന്റെ പ്രവൃത്തി ജീവിത മാതൃകയാക്കാം എന്ന് കവിക്ക് തോന്നിയത് എന്തുകൊണ്ടാവാം? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക
എണ്ണ മിനുങ്ങുന്ന ഉറുമ്പിന്റെ സൗന്ദര്യത്തെ ആരാധനയോടെ നോക്കുകയാണ് കവി. എള്ളു പോലെ മെലിഞ്ഞ ശരീരം ആരാണ് ആഗ്രഹിക്കാത്തത്, എള്ള് പോലെ മെലിഞ്ഞ ആ ശരീരത്തിന് നല്ല അഴകാണ് എന്നുകൂടി പറയുകയാണ് കവി. ഒരു മരത്തിൽ കൊത്തി വയ്ക്കുന്നതുപോലെ തൻ്റെ ജീവിതത്തിലേക്ക് ആ ചെറിയ ജീവിയെ കൊത്തി വയ്ക്കണം എന്ന് എഴുത്തുകാരി ആഗ്രഹിച്ചു പോകുന്നു. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും കാണാൻ അത്രമേൽ ലളിതമാണെങ്കിലും എത്ര മനോഹരമായ ഉടലും സൗന്ദര്യവും ആണ് ഈ ചെറിയ ജീവിക്ക് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് കവി. മാത്രമല്ല അത്രയും ലളിതമായ ആ ശരീരം കൊണ്ട് എന്തെല്ലാം ജോലികളാണ് ആ ജീവി നിസ്സാരമായി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും നിസ്സാരമായതിൽ നിന്നും എന്തെല്ലാം പഠിക്കാനുണ്ട് എന്ന് ആവിഷ്കരിക്കുകയാണ് കവി. ഉറുമ്പിന്റെ രാപകലില്ലാതെയുള്ള അധ്വാനവും സ്വാർത്ഥതയില്ലാത്ത ജീവിതവും മാതൃകയാക്കാം എന്ന് കവി ആഗ്രഹിക്കുന്നു.
♦ "രാവു പകൽ സന്ധ്യയില്ലുഷസ്സില്ലാതെ
വേലയെടുത്തേ മരിച്ചുപോകും
പാവമേ ! നിന്നെത്തുടച്ചുനീക്കുന്നതും
പാപമെന്നോർത്തേ മടിച്ചു നിൽപ്പൂ "
ഉറുമ്പകളോടുള്ള കവിയുടെ കരുതലും അനുതാപവും നമുക്കു നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? പരിശോധിക്കുക.
ഏറ്റവും ചെറുതും ലളിതവും നിസ്സാരവും ആണെങ്കിലും മരണം വരെ നിരന്തരമായി അധ്വാനിക്കുന്ന ഒരു ജീവിയോടുള്ള കരുതലും അനുതാപവും സഹതാപവും ഈ വരികളിൽ നമുക്ക് കാണാം. ഒരു കരസ്പർശം പോലും അതിൻ്റെ ജീവനെ അപഹരിക്കുന്നതാണ്. പാവമായ ഉറുമ്പിനെ തുടച്ചു നീക്കുന്നത് പാപമാണെന്നോർത്ത് കവി മടിച്ചു നിൽക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. എല്ലാ ജീവനുകളോടും ആദരവ് ഉണ്ടാകണം. ഭൂമിയുടെ അവകാശികളാണ് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും. ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത മനോഭാവമാണ് ഇവിടെ എഴുത്തുകാരിക്കുള്ളത്. ഉറുമ്പിനോടുള്ള കവിയുടെ കരുതലും അനുതാപവും നമുക്കും മാതൃകയാക്കാം. ഒരു ജീവിയെയും ഉപദ്രവിക്കരുതെന്ന സന്ദേശം നമുക്ക് തിരിച്ചറിയാം. എല്ലാ ജീവജാലങ്ങളുടെയും പ്രാധാന്യം തിരിച്ചറിയാൻ വംശം എന്ന ഈ കവിത നമ്മെ സഹായിക്കുന്നു.
♦ ഉറുമ്പുകളുടെ വംശ മഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും?ചർച്ച ചെയ്യുക.
"വംശം " എന്ന കവിതയിലൂടെ ഉറുമ്പിന്റെ വംശ മഹിമയെക്കുറിച്ചാണ് കവി പറയുന്നത്. ഉറുമ്പുകൾ ഏറ്റവും ചെറിയ ജീവിയാണ്. ഒരു കാൽപ്പെരുമാറ്റത്തിന്റെ പോലും ഒച്ചയുണ്ടാക്കാനാകാത്തവർ. മറ്റൊരു കാൽപ്പെരുമാറ്റത്തിന്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ. എന്നിട്ടും തങ്ങളുടെ വലിപ്പത്തേക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്. കിട്ടിയ തേങ്ങാത്തരി കൊണ്ട് സ്വന്തം വിശപ്പടക്കാതെ കൂട്ടിൽ കൊണ്ടുപോയി പങ്കുവെച്ച് കഴിക്കാനാണ് ഉറുമ്പ് ആഗ്രഹിക്കുന്നത്. പങ്കുവയ്പിലൂടെ ലഭിക്കുന്ന സന്തോഷത്തിന്റെ സന്ദേശമാണ് ഇവിടെ കവി പങ്കുവെക്കുന്നത്. മനുഷ്യന് പോലും മാതൃകയാവുകയാണ് ഈ കുഞ്ഞുറുമ്പുകൾ. യാതൊരു മടിയുമില്ലാതെ ജനനം മുതൽ മരണം വരെ അധ്വാനിക്കുന്നു. പ്രതിസന്ധികളെ പ്രയത്നം കൊണ്ട് കീഴ്പ്പെടുത്തുന്നു. ചെറിയ ശരീരത്തിനകത്ത് വളരെ വലിയ മനസ്സ് സൂക്ഷിക്കുന്നു. തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തന്റെ കൂടെ ഉള്ളവർക്കായി കരുതിവയ്ക്കുന്നു. പങ്കുവെച്ച് സന്തോഷിക്കുന്നു. ഇങ്ങനെ മനുഷ്യന് മാതൃകയാകത്തക്ക ഒരുപാട് സവിശേഷതകളാണ് ഉറുമ്പുകൾക്ക് ഉള്ളത്. ഇതൊക്കെയാണ് ഉറുമ്പുകളുടെ വംശ മഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്നത്.
♦ " പേമഴക്കാലത്തു സ്വാദുവാ മീത്തരി
സോദരർ ക്കൊത്താസ്വദിക്ക നല്ലൂ "
(വിജയലക്ഷ്മി )
"പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം
പ്രാണി കുലത്തിൻ പരമാത്മ ഗുണം പരസ്പര പ്രേമം"
( ഉള്ളൂർ എസ്. പരമേശ്വരയ്യർ )
രണ്ടുകാവ്യഭാഗങ്ങളിലെയും ജീവിത ദർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
വിജയലക്ഷ്മിയുടെ വംശം എന്ന കവിതയിൽ സ്വന്തം വിശപ്പ് അവഗണിച്ച് മഴക്കാലം വരുമ്പോൾ സോദരർക്കൊപ്പം ആസ്വദിച്ചു കഴിക്കാനായി ഉറുമ്പ് തേങ്ങാത്തരിയുമായി പോകുന്നു. കൂട്ടമായും, സമൂഹമായും ജീവിക്കുന്ന ജീവികളായ ഉറുമ്പുകൾ അവർക്ക് കിട്ടുന്ന ചെറിയ പങ്ക് പോലും ഒത്തിരി പേർക്കായി പങ്കുവയ്ക്കുന്നു. പ്രകൃതിയിലെ ജീവജാലങ്ങളുടെ നിലനില്പിൻ്റെ ആധാരം തന്നെ ഇത്തരം പങ്കുവയ്ക്കലുകളാണ്.
ജീവിവംശത്തിൻ്റെ ഏറ്റവും വലിയ ഗുണം പരസ്പര സ്നേഹമാണെന്നാണ് ഉള്ളൂർ പാടുന്നത്. ഉള്ളൂരിൻ്റെ അഭിപ്രായത്തിൽ പ്രകൃതിയുടെ നൈസർഗ്ഗിക ഭാവം പരസ്പരാകർഷണമാണ്. പ്രാണി കുലത്തിൻ്റെ ഗുണം തന്നെ ആണ് പരസ്പര പ്രേമം.
രണ്ടു പേരുടേയും കാവ്യഭാഗങ്ങളിലെ ജീവിത ദർശനം സ്നേഹത്തിലും സഹകരണത്തിലും ഊന്നിയതാണെന്നു കാണാം.
♦ ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന എന്തെല്ലാം നൈപുണികളാണ് ഉറുമ്പിൽ കവി കാണുന്നത്? കണ്ടെത്തുക.
വംശം എന്ന കവിതയിലൂടെ ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില നൈപുണികൾ വിജയലക്ഷ്മി എന്ന എഴുത്തുകാരി അവതരിപ്പിക്കുന്നു.
ഉറുമ്പിന്റെ മടിയും തളർച്ചയും ഇല്ലാത്ത അധ്വാനം, പരസ്പരം പങ്കുവയ്ക്കാനുള്ള മന:സ്ഥിതി, പരസ്പരമുള്ള കരുതൽ, സഹകരണം, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനോഭാവം. ഇവയെല്ലാം തന്നെ ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന നൈപുണികളാണ്.
♦ "പാതകത്തിൻ മേൽത്തെറിച്ച തേങ്ങാത്തരി
പൂവുപോൽക്കൊമ്പിലെടുത്തുയർത്തി "
ഈ വരികളിൽ തെളിയുന്ന കാവ്യഭംഗി വ്യക്തമാക്കുക. ഇത്തരത്തിലുള്ള കൂടുതൽ വരികൾ കവിതയിൽ നിന്ന് കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
കവിതയിലെ ഓരോ വരിയും കാവ്യാത്മകമാണ്. പാതകത്തിന്മേൽ തെറിച്ച തേങ്ങാത്തരി പൂവു പോൽ കൊമ്പിലെടുത്തുയർത്തി എന്നു പറയുന്ന വരികളിൽ ആവർത്തിച്ചുള്ള അക്ഷര പ്രയോഗവും അനുകൂലമായ പദങ്ങളുടെ സംയോഗവും വരികളെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു. ഈ പദ സംയോഗങ്ങൾ കവിത ജനിപ്പിക്കുന്ന ആശയ തലങ്ങൾക്ക് മനോഹാരിത വർദ്ധിപ്പിക്കുന്നു. വളരെ വലിയ ആശയങ്ങളെ വളരെ താളാത്മകമായും ഇമ്പമായും അവതരിപ്പിച്ചിരിക്കുകയാണ് ഓരോ വരികളിലും.
" ദാരുവിൽനിന്നെന്നെപ്പകർത്തേണമെന്നെന്റെ
വേരു ദാഹിച്ചിതാ നോക്കി നിൽപ്പൂ "
വിജയലക്ഷ്മിയുടെ " വംശം " എന്ന കവിത ഉറുമ്പിന്റെ വംശ മഹിമയെ കുറിച്ച് പറയുന്ന ഒരു മനോഹരമായ കവിതയാണ്. അവതരണ ഭംഗി കൊണ്ടും അശയ ഗാംഭീര്യം കൊണ്ടും മികച്ച ഒരു കവിതയാണിത്.
ഒരു ചെറിയ ജീവിയാണ് ഉറുമ്പ് എങ്കിലും വളരെ മഹത്വമുള്ള ഒരു ജീവിതമാണ് അതിനുള്ളത് എന്ന് എഴുത്തുകാരി ഈ കവിതയിൽ കാണിച്ചുതരുന്നു.
ഉറുമ്പിന്റെ അധ്വാന ശീലമാണ് കവി ആദ്യം തന്നെ ഉയർത്തി കാണിക്കുന്നത്. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയുള്ള ഉറുമ്പിന്റെ അധ്വാനം നമുക്ക് മാതൃകയാണ്.
സ്വാർത്ഥതയില്ലാതെ ഉള്ളത് പങ്കുവെച്ചുള്ള ജീവിതമാണ് ഉറുമ്പുകളുടേത്. തനിക്ക് കിട്ടിയ തേങ്ങാത്തരി പൂവ് പോലെ കൊമ്പിൽ ഉയർത്തിപ്പിടിച്ച് കൂട്ടിലേക്ക് നടന്നുപോകുന്ന ഉറുമ്പിന്റെ ചിത്രം വാക്കുകളിലൂടെ എഴുത്തുകാരി വരച്ചിടുന്നു. പങ്കുവയ്ക്കലിന്റെയും, സഹകരണത്തിന്റെയും, പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെയും പാഠങ്ങൾ നമ്മൾ ഈ ചെറിയ ജീവിയിൽ നിന്നും കണ്ടുപഠിക്കണം.
പൂവ് പോൽ കൊമ്പിലെടുത്തുയർത്തി, എണ്ണമിനുങ്ങും മുഖം, എള്ളുടൽ, പൂവാങ്കുരുന്നിലക്കാട്, വെള്ളാരങ്കല്ലിൻ്റെ ചോടുചുറ്റി, മൺകൂനക്കോട്ട തുടങ്ങിയ പ്രയോഗങ്ങൾ കവിതയ്ക്ക് ഭംഗി നൽകുന്നു. എഴുത്തുകാരി ചില ചോദ്യങ്ങളും ഉറുമ്പിനോട് ചോദിക്കുന്നുണ്ട്.
അവതരണ ഭംഗികൊണ്ടും, ആശയ വൈപുല്യം കൊണ്ടും എടുത്തു പറയേണ്ട ഒരു കവിതയാണ് വിജയലക്ഷ്മിയുടെ " വംശം ". ഉറുമ്പ് എന്ന ചെറു ജീവിയുടെ ജീവിതത്തിൽ നിന്നും ഉൾക്കൊള്ളേണ്ട മഹത്തായ ജീവിതപാഠങ്ങൾ എഴുത്തുകാരി ഈ കവിതയിലൂടെ പങ്കുവയ്ക്കുന്നു.
♦ എള്ളുടൽ എന്ന് ഉറുമ്പിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് ?
വളരെ ചെറുതും എള്ളുപോലെ കറുത്തതും നേർത്തതുമായ ശരീരപ്രകൃതമായതിനാൽ
♦ മുക്കുറ്റിയിലെ മഞ്ഞുതുള്ളിയിൽ മറ്റൊരു ലോകം വരികൾ ഉൾക്കൊള്ളുന്ന ആശയം വിശദമാക്കുക.?
ഭൂമിയിലെ ഏറ്റവും ചെറുതായിരിക്കുന്ന ജീവഗണങ്ങൾ നമുക്കു തരുന്ന അനുഭവങ്ങൾ, അനുഭവപാഠങ്ങൾ വളരെ വലുതാണ് എന്നാവിഷ്കരിക്കുന്ന വരികളാണ് ഇവ. മുക്കുറ്റിയും ഉറുമ്പിനെ പോലെ വളരെ ചെറിയ ഒരു ജീവനാണ്. ആ മുക്കുറ്റിക്കും മറ്റുള്ളവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു ലോകത്തെ ഉള്ളിലൊതുക്കാൻ കഴിവുണ്ട്. ആ മുക്കുറ്റി യിൽ തങ്ങി നിൽക്കുന്ന മഞ്ഞുതുള്ളിയിൽ പോലും ഒരു കുഞ്ഞു സൂര്യൻ പ്രകാശിക്കും. അവിടെ മറ്റൊരു ലോകമുണ്ട്. നിസ്സാരം എന്നു കരുതുന്ന പലതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഭൂമിയിൽ ചെറുതായിരിക്കുന്നതിന്റെ അല്ലെങ്കിൽ ചെറിയവന്റെ വലിപ്പമാണ് ഈ വരികൾ പങ്കു വയ്ക്കുന്നത്.
♦ നീ, ജനൽ മെല്ലെക്കടന്നു മുറ്റത്തുള്ള
പൂവാങ്കുരുന്നിലക്കാടുചുറ്റി,
വൻ മലപോലെ വഴിമുടക്കാൻ
നിന്ന വെള്ളാരങ്കല്ലിന്റെ ചോടു ചുറ്റി,
നീലക്കിഴാനെല്ലി, മുക്കുറ്റിപൂക്കുന്ന
മുലയ്ക്ക് മൺകൂനക്കോട്ട പറ്റി,
ആകെത്തിരക്കിട്ടകത്തേയ്ക്കു പോകയാ-
ണായാസമില്ലാച്ചുമട്ടുകാരി.
ഈ വരികളിൽ സംവദിക്കപ്പെടുന്ന ആശയം എന്താണ്?
ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾക്ക് ചെടികളും, ചെറിയ ഇലയും, കരിങ്കൽ കഷ്ണങ്ങളും ചെറിയൊരു മണൽത്തരി പോലും വലിയൊരു പ്രതിസന്ധിയാണ്. എന്നാൽ അതിലൊന്നും തെല്ലും ഭയന്നു പോകാതെ തന്റെ ചെറിയ ശരീരം വെച്ചുകൊണ്ട് നിരന്തരമായ ശ്രമത്തിലൂടെ മുന്നോട്ട് പോകയാണ് ചെയ്യുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും പകച്ചു പോകുകയും മാനസികമായി അടിപ്പെട്ട് പോവുകയും ചെയ്യുന്ന മനുഷ്യർക്കു ഈ കൊച്ചു ജീവിയുടെ പ്രവർത്തികൾ ഒരു മാതൃകയാണ്.
♦ ''പാരം വിശപ്പാൽ കുഴങ്ങുമുറുമ്പൊന്നു
പ്രാതലിന്നെത്തിയടുപ്പുമുക്കിൽ ' - അടിവരയിട്ട പദത്തിൻറെ ശരിയായ അർത്ഥം?
a. ലഘുവായത്
b. നീളമുള്ളത്
c. വർദ്ധിച്ചത്
d. ഭംഗിയുള്ളത്
ഉത്തരം: വർദ്ധിച്ചത്
♦ മാതൃക പോലെ മാറ്റിയെഴുതുക.
സൂര്യചന്ദ്രന്മാർ -സൂര്യനും ചന്ദ്രനും
രാവുപകൽ -
ഉത്തരം: രാവും പകലും
♦ പൂവുപോൽകൊമ്പിൽ എടുത്തുയർത്തി .എന്താണ് ഉറുമ്പ് എടുത്ത് ഉയർത്തിയത്?
• പൂവ്
• തേങ്ങാത്തരി
• വെള്ളാരംങ്കല്ല്
• മരത്തടി
ഉത്തരം: തേങ്ങാത്തരി
♦ കാവ്യപരമായ ഏതെങ്കിലും രണ്ടു സവിശേഷത കണ്ടെത്തുക.
ദാരുവിൽ നിന്നെ പ്പകർത്തേണമെന്നെൻറെ
വേരുദാഹിച്ചിതാ നോക്കിനിൽപ്പൂ.
ഉത്തരം: തേങ്ങാത്തരി
• ദ്വിതീയാക്ഷരപ്രാസം
• ആർദ്രത തേടുന്ന മരം പോലെ തണൽ ആകുന്നു.
♦ വിശന്നിട്ടും കഴിക്കാതെ ഉറുമ്പ് ഭക്ഷണം ശേഖരിച്ചു കൊണ്ടു പോയത് എന്തിനാണ്?
ഉത്തരം:
• സഹോദരങ്ങളോടൊപ്പം പങ്കിട്ട് കഴിക്കാൻ
• പേമഴക്കാലത്ത് കഴിക്കാൻ
♦ മുക്കുറ്റിയിലെ മഞ്ഞുതുള്ളിയിൽ മറ്റൊരു ലോകം എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
ഉത്തരം:
• നിസ്സാരം എന്ന് കരുതുന്നവയിൽ നിന്ന് കൂടുതൽ പഠിക്കാനുണ്ട്
• മഞ്ഞുതുള്ളിയും മുക്കുറ്റിയും ചെറുതെങ്കിലും തിളക്കമാർന്നതാണ്.
♦ ഉറുമ്പിന്റെ ശരീര സൗന്ദര്യത്തിന്റെ കാരണങ്ങളായി കവി ചൂണ്ടിക്കാണിക്കുന്നത്?
ഉത്തരം:
• അധ്വാനശീലം
• നൃത്തച്ചുവട്
♦ ഉറുമ്പിന്റെ പ്രവർത്തി നമുക്കു നൽകുന്ന ജീവിതപാഠങ്ങൾ എന്തെല്ലാം ?
ഉത്തരം:
• കരുതലും അനുതാപവും ജീവിത മൂല്യമായി സൂക്ഷിക്കണം.
• നിരന്തര പരിശ്രമവും അധ്വാനവും ആണ് കരുത്തിന്റെ അടയാളങ്ങൾ. • കൂട്ടായ്മയിലൂടെ ജീവിക്കുമ്പോഴാണ് മനുഷ്യനിൽ സാമൂഹിക ബോധം വളരുന്നത്.
• പ്രതിസന്ധികളെ ജീവിത നൈപുണിയിലൂടെ മറികടക്കണം.
♦ പ്രയോഗ ഭംഗി കണ്ടെത്തുക.
എണ്ണ മിനുങ്ങും മുഖത്തെന്തു ഗൗരവം
എള്ളുടൽക്കെന്തൊരു സൗകുമാര്യം
ഉത്തരം:
• എള്ളിന്റെ കറുപ്പും എണ്ണയുടെ മിനുസവുമുള്ളതാണ് ഉറുമ്പിന്റെ ശരീരം.
• ഉറുമ്പിന്റെ ശരീര സൗകുമാര്യത്തിന് കാരണം അധ്വാന ശീലം ആണ് .
• അധ്വാനശീലമാണ് ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്.
• തൊഴിലിനോടുള്ള അർപ്പണബോധവും ശ്രദ്ധയുമാണ് മുഖത്തെ ഗൗരവത്തിനു കാരണം.
♦ ആകെത്തിരക്കിട്ടകത്തേക്കു പോകയാ
ണായാസമില്ലാച്ചുമട്ടുകാരി
ഉറുമ്പിനെ ചുമട്ടുകാരിയായി കവയത്രി കൽപ്പിച്ചതിന്റെ പൊരുൾ കണ്ടെത്തുക?
ഉത്തരം:
• ചുമട്ടുകാരി അധ്വാനത്തിന്റെ പ്രതീകമാണ്
• മറ്റുള്ളവരുടെ നന്മയ്ക്കും നിലനിൽപ്പിനും വേണ്ടിയാണ് ഉറുമ്പ് അധ്വാനിക്കുന്നത്.
• പ്രതിസന്ധികളെ മുറിച്ചുകടന്ന ജീവിത വഴി ഉറുമ്പിന്ഉണ്ട്
• അന്യർക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞു വെക്കുന്നു ഉറുമ്പ്.
♦ ഉറുമ്പിൻ്റെവംശത്തെ കുറിച്ചുള്ള വംശം എന്ന കവിത ഒരു സ്ത്രീപക്ഷ രചനയാണോ ?സ്വാഭിപ്രായ കുറിപ്പ് തയ്യാറാക്കുക.
ഉത്തരം:
• മറ്റുള്ളവർക്ക് വേണ്ടി നിരന്തരം അധ്വാനിക്കുന്ന സ്ത്രീയുടെ പ്രതീകമാണ് ഉറുമ്പ്
• രാവെന്നോ പകലെന്നോ സന്ധ്യയെന്നോ ഉഷസെന്നോ പരിഗണിക്കാതെ ഉറുമ്പ് വേല എടുക്കുന്നു.
• ഒട്ടനവധി ജീവിതാനുഭവങ്ങൾ ഉള്ളിൽ വഹിക്കുന്നു ഉറുമ്പ്
• സമൂഹം നിരന്തരം തിരസ്കരിക്കുന്നതും ഉറുമ്പുകളെ തന്നെ.
♦ മനുഷ്യൻറെ കണ്ണിൽപ്പെടാതെ മാളങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ജീവിതവൃത്തി നിർവഹിക്കുന്ന ഉറുമ്പ് അധ്വാനശീലരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രതീകമാണ് .വംശം എന്ന വിജയലക്ഷ്മിയുടെ കവിതയെ ആധാരമാക്കി ലഘു ഉപന്യാസം തയ്യാറാക്കുക.
ഉത്തരസൂചനകൾ:
• ചെറുതെങ്കിലും ഉറുമ്പുകൾ നിരന്തര അധ്വാനശാലികളാണ്.
• പ്രതിസന്ധികളെ മുറിച്ചു കടന്ന അനുഭവപാഠങ്ങൾ ഉറുമ്പുകൾക്ക്ഉണ്ട്.
• ഉറുമ്പുകളുടെ അധ്വാന ശേഷിയും ജീവിത നൈപുണിയും പൊതുസമൂഹം പരിഗണിക്കാറില്ല.
• കൂട്ടായ്മയും പങ്കിടലും അതിജീവനവുമാണ്ഉറുമ്പുകൾ ലോകത്തിനു നൽകുന്ന പാഠം.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments