Kerala Syllabus Class 9 കേരള പാഠാവലി - യൂണിറ്റ് 03 കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ - പാഠം 01: തരിശുനിലങ്ങളിലേക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 9 കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: തരിശുനിലങ്ങളിലേക്ക് | Class 9 Malayalam - Kerala Padavali - Tharisunilangalilekk - Questions and Answers - യൂണിറ്റ് 03 ഉകർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ - തരിശുനിലങ്ങളിലേക്ക് - ചോദ്യോത്തരങ്ങൾ
ഒമ്പതാം ക്ലാസ്സ് കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: തരിശുനിലങ്ങളിലേക്ക് എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ താഴെ നൽകിയിരിക്കുന്നു. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. ഈ അധ്യായത്തിന്റെ Teaching Manual ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
∎Samagra Malayalam Notes
കേരള പാഠാവലി - കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ: പ്രവേശകം
♦ ഈ ചിത്രം മനസ്സിലുണർത്തുന്ന ചിന്തകൾ എന്തെല്ലാം?
മനുഷ്യൻ അവന്റെ നല്ലൊരു ശതമാനം ഊർജവും ചിലവാക്കുന്നത് തൊഴിലിടങ്ങളിലാണ്. അധ്വാനമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ വിജയ പരാജയങ്ങളെ നിയന്ത്രിക്കുന്നത്. ഒരു മനുഷ്യൻ നിരന്തരം കർമനിരതനായിരിക്കുക എന്നതാണ് അവന്റെ ജീവിതത്തിന്റെ ഏറ്റവും മർമ പ്രധാനമായ കാര്യം. അതുപോലെ തന്നെ നാം ഏതു മേഖലയിലാണോ പ്രവർത്തിക്കാൻ ഇഷ്ടപെടുന്നത് അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുക. അധ്വാനം മനുഷ്യന്റെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനു കാരണമാവുന്നുണ്ട്. ആത്മനിന്ദ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കുന്നതിനും പരോപകാരത്തിനും എല്ലാം അധ്വാനം ആവശ്യമാണ്. അധ്വാനത്തിനും തൊഴിലിനും വലിപ്പചെറുപ്പം ഇല്ല എന്നും എല്ലാ തൊഴിലിനും തുല്യപ്രാധാന്യം ഉണ്ട് എന്ന തിരിച്ചറിവുമാണ് നമുക്കുണ്ടാകേണ്ടത്.
കേരള പാഠാവലി - തരിശുനിലങ്ങളിലേക്ക്
♦ തരിശ് നിലങ്ങളിലേക്കു വരുന്ന തൊഴിലാളികളയേയും കരിമുകിലുകളെയും കവി അവതരിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം ചെയ്യുക?
തരിശ് നിലങ്ങളിലേക്കു വരുന്നു
കരിമുകിൽ പോലെ വേലക്കാർ,
എരിയും വേനലിലറുതിയിലണയും
കരിമുകിൽ പോലെ വേലക്കാർ
നാളുകളായി മഴ കിട്ടാതെ ദാഹിച്ചു വിയർക്കുന്ന തരിശു നിലങ്ങളിലേക്കു പ്രതീക്ഷയുടെ കുടിനീരുമായി കടന്നു വരുന്ന കരിമുകിലിനോടാണ് വേലക്കാരെ കവി ഉപമിച്ചിരിക്കുന്നത് വേനലിലും മഴയിലും ജീവിതം മുഴുവൻ അധ്വാനത്തിന്റെ ഭാരവുമായി ഉറച്ച ചുവടുകളോടെ മുന്നേറുന്ന ഇവരുടെ ശരീരവും കരിമുകിൽ പോലെ കരുത്തുള്ളതും കറുത്ത നിറത്തോട് കൂടിയതുമാണ് എന്ന് കവി പറയുന്നു. കരിമുകിലിന്റെയും ഭൂമിയുടെ കാവൽക്കാരായ വേലക്കാരുടെയും കണ്ണിൽ കരുത്തിന്റെ മിന്നൽ പിണരുകളാണ്. എന്നാൽ ഇരുവരുടെയും മനസ്സിൽ നിറയുന്നത് തെളിനീരിന്റെ കുളിരുകളാണ് എന്നാണ് കവി പറയുന്നത്
♦ “മുഴുവൻ ഭൂമിയും ഒറ്റച്ചാലാ-
യുഴുതു മറിക്കും വീര്യമോടെ
അണിയാണിയായ് വേലക്കാരാവ
രടിവെച്ചടിവെച്ചണയുമ്പോൾ''
തൊഴിലാളികളുടെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വരികളിൽ തെളിയുന്നത് ഇതുപോലുള്ള മറ്റുവരികൾ കണ്ടെത്തി ചർച്ച ചെയ്യുക?
കരിങ്കല്ലുകൾ പോലും തങ്ങളുടെ ബലിഷ്ഠമായ കൈകളാൽ നിഷ്പ്രയാസം തച്ചുടക്കുന്നവരാണ് തൊഴിലാളികൾ. അധ്വാനത്തിലൂടെ കൈയും മനസ്സും ഇരുമ്പുപോലെ ബലിഷ്ഠമാക്കിയവരാണ് തൊഴിലാളികൾ. അവരുടെ പരുക്കനായ കൈയ്ക്കും മനസ്സിനും ഭൂമിയുഴുതുമറിക്കുക എന്നത് വളരെ നിസ്സാരമായ കാര്യമാണ്. അതുമാത്രമല്ല ജീവിതം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ഊർജ്ജമാണ് ഓരോ വേലക്കാർക്കും ഉള്ളത്. അവരുടെ നടപ്പിലും ഭാവത്തിലും എല്ലാം ഈ ഊർജ്ജസ്വലത പ്രകടമായി കാണാൻ സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ അവതരിപ്പിക്കുന്ന ആശയം.
♦ ''അധ്വാന വർഗത്തിന്റെ ജീവിതാവസ്ഥയും അധ്വാനത്തോടുള്ള മനോഭാവവും ആവിഷ്കരിക്കുന്ന കവിതയാണ് തരിശ്ശ് നിലങ്ങളിലേക്ക്' കവിതയിൽ നിന്ന് സൂചനകൾ കണ്ടെത്തി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
അധ്വാനവർഗ്ഗത്തിന്റെ നോവും കരളുറപ്പും ആത്മവിശ്വാസവും പങ്കു വെയ്ക്കുന്ന കവിതയാണ് ശ്രീ തിരുനെല്ലൂർ കരുണാകരന്റെ തരിശുനിലങ്ങളിക്ക് എന്ന കവിത. അധ്വാനിക്കുന്നവരുടെ ജീവിതത്തിന്റെ നോവും തേങ്ങലും ഗദ്ഗദങ്ങളായി നിഴലിക്കുന്നു എങ്കിലും അധ്വാനത്തോട് അവർ പുലർത്തുന്ന നീതിയും സമർപ്പണവുമാണ് ഈ പാഠഭാഗത്ത് ഉടനീളം കാണുന്നത്. അധ്വാനിക്കുന്നവർ മുഴു പട്ടിണിയോട് മല്ലിടുന്നവരാണ്. കാരിരുമ്പിന്റെ കരുത്താണ് അവരുടെ ഉരുക്കു കൈയ്യുകൾക്കും ജീവിത പ്രാരാബ്ദത്തോട് മല്ലിടുന്ന മനസിനും എന്ന് കവി പറയുന്നു. അവരുടെ വരവ് തന്നെ കരിമുകിലിനെ പോലെയാണെന്നാണ് കവി പറയുന്നത്. തരിശ്ശ് നിലത്തിനു കാർമുകിൽ പ്രതീക്ഷയാണല്ലോ. അതുപോലെ തന്നെയാണ് ഊഷരഭൂമിക്കും കാർമുകിലിന്റെ വരവ് പ്രതീക്ഷയാണ്. ജീവിതത്തിനു മുന്നിലെ പ്രതിബന്ധങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് ഒരു ഊർജ്ജമാണീക്കവിത. എന്തുകൊണ്ടെന്നാൽ ജീവിതത്തിന്റെ ഏതു മേഖലകളിലും അധ്വാനം അത്രമേൽ മഹത്തരവും അനിവാര്യവുമാണ് അതുപോലെ അവരുടെ തെളിനീർ പോലെ തെളിഞ്ഞ മനസ്സും. കയ്യിൽ ഏഴഴകായി വിരിഞ്ഞു നിൽക്കുന്ന വിത്തുകളും ഇടിവാളുകൾ പോലെ ശക്തമാണ് എന്നും കവി പറയുന്നു. പ്രതിബന്ധങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി പോയകാലത്തിനെ എല്ലാം തള്ളിക്കളഞ്ഞു പുതുമയുടെ പ്രതീക്ഷകളോടെയാണ് അവർ വരുന്നത് എന്ന് കവി വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ ഋതുക്കൾ പലതും മാറിവന്നിട്ടും തെല്ലും തന്നെ ഉടയാത്ത ഭൂമിയുടെ സൗന്ദര്യം നിറഞ്ഞ താഴ്‌വരകൾ കവി കാണിച്ചു തരുന്നതിനോടൊപ്പം ഉടമകളുടെ കൈയ്യിലമർന്നു വന്ധ്യയായി മാറിയ ഭൂമിയെയും കവി കാണിക്കുന്നുണ്ട്. ഇടിവെട്ടീടും വണ്ണം ഉറപ്പുള്ള ചുവടുകളുമായി കടന്നു വരുന്ന നാളെയുടെ പ്രതീക്ഷകളാണ് തൊഴിലാളികൾ എന്നാണ് നാം ഇവിടെ മനസിലാക്കേണ്ടത്. അവരുടെ ബലിഷ്ഠമായ കൈകളിൽ അമരാൻ കൊതിക്കുന്ന ഭൂമിയെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ജീവിതമാകുന്ന അറുതിയോട് അംഗം വെട്ടുന്ന മനുഷ്യരാണ് തൊഴിലാളികൾ. അവരുടെ മുന്നിൽ എല്ലാം ജീവിതത്തിനുള്ള വഴിവെട്ടലുകളാണ്. നൈമിഷികമായ നേരം കൊണ്ടുതന്നെ കരിങ്കൽപ്പാറകൾ പോലും ഉടയ്ക്കുന്നവർ ആണ് തൊഴിലാളികൾ. അവർക്കു മണ്ണിൽ പണിയെടുക്കുക എന്നത് നിസാരമാണ്. ജീവിതത്തിനോടും അധ്വാനത്തിനോടും അവർക്കു ഒരേ മനോഭാവം തന്നെയാണ് ഉള്ളത് എന്ന് ഈ വരികളിൽ കാണാൻ കഴിയും എന്തുകൊണ്ടെന്നാൽ അവർക്കു ജീവിതം തന്നെയാണ് അധ്വാനം.
♦ “അവരുടെ കൂർത്ത പരുക്കൻ വാക്കുക-
ളവരുടെ ഹൃദയസ്പന്ദങ്ങൾ
ഇടിയൊച്ചകൾ പോലാകാശത്തെ-
കിടിലം കൊള്ളിച്ചുയരുന്നു''
തൊഴിലാളികളുടെ സംഘശക്തി ഈ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെ? കവിതയിലെ മറ്റു വരികൾ കൂടി കണ്ടെത്തി വിശകലനം ചെയ്തു പ്രയോഗ ഭംഗി കണ്ടെത്തുക.
വേലക്കാർ ദിനവും തങ്ങളുടെ പ്രാരബ്ദം നിറഞ്ഞ ജീവിതത്തോടും അതിനേക്കാൾ കടുപ്പമുള്ള അധ്വാനഭാരത്തോടും മല്ലിടുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവിതവും ജീവിതാന്തരീക്ഷവും എല്ലാം തന്നെ പരുക്കനാണ്. അവരുടെ ഹൃദയതാളങ്ങൾ പോലും ആകാശത്തെവരെ കിടിലം കൊള്ളിക്കാൻ പ്രാപ്തമാണ് എന്ന് കവി പറയുന്നു. ഇതിലൂടെ തൊഴിലാളികളുടെ സംഘ ശക്തിയാണ് കവി അവതരിപ്പിക്കുന്നത്. അത്രമേൽ ആത്മവിശ്വാസത്തോട് കൂടിയവരുടെ മുന്നേറ്റത്തെയാണ് കവി അവതരിപ്പിക്കുന്നത്. "മുഴുവൻ ഭൂമിയുമൊറ്റചാലായ് അടിവെച്ചടിവെച്ചണയുമ്പോൾ'' എന്ന് തുടങ്ങുന്ന വരികളിലും കർഷകരുടെ ആത്മവിശ്വാസം കാണാൻ സാധിക്കും. കർഷകരെ ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും പര്യായമായാണ് കവി ഉടനീളം അവതരിപ്പിക്കുന്നത്. ഓരോ വരികളിലും തൊഴിലാളികളെയും അവരുടെ ഗദ്ഗദവും മാറോടു ചേർത്തു വെച്ച് തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയായി നിൽക്കുകയാണ് കവി. പച്ച മണ്ണിന്റെ ഗന്ധവും പച്ചയായ ജീവിതവുമാണ് കവി ഓരോ വരികളിലും വരച്ചിടുന്നത്.
♦ “ഇരുമ്പു, മിരമ്പുന്നൊരൂർജ്ജവും യുവാക്കൾ തൻ
ഞരമ്പിലൂടെ പാളും നൂതന ചൈതന്യവും
പാറവെട്ടാനും പുഴയ്ക്കണകെട്ടാനും വിദ്യു-
ദ്ധാരായാൽ പൊതുകർമ്മശാലകളുട്ടീടാനും
കൂട്ടായ കൃഷിഭൂവിൽ യന്ത്രത്തിൻകലപ്പയാൽ
പൂട്ടാനും, കതിർ കൊയ്തു കൂട്ടാനും ത്വരിക്കവേ,
ആ മഹാ സംരംഭത്തിൽ സംഘഗാനത്തിൽ ചേർന്നു
നാമനുഭവിക്കാം പണ്ടില്ലാത്തൊരഭിമാനം''
യുഗപരിവർത്തനം
(വൈലോപ്പിള്ളി ശ്രീധര മേനോൻ )
മുകളിൽ നൽകിയ വരികളുടെ ആശയത്തിന് യോജിച്ച വരികൾ പാഠഭാഗത്തു നിന്നും കണ്ടെത്തി താരതമ്യം ചെയ്തു കുറിപ്പ് തയ്യാറാക്കുക
"അറിയുക, ഞങ്ങളനേകം നിരകളിൽ,
വറുതിയോടങ്കം വെട്ടുന്നോർ,
മൃതിയായാളും പട്ടിണിയിൽ സ്വയ-
മെരിയുമ്പോളും ജീവിപ്പോർ.
കൊടിയ കരിങ്കൽ കുന്നുകൾ ഞങ്ങടെ
അടിയേറ്റാകൈത്തളരുമ്പോൾ
ഉഴുതുമറിക്കാനെന്തേ പാടി-
പ്പുതുമണ്ണിൽ കുതുകാർദ്രതകൾ''
ഈ വരികളോട് സമാനമായ വരികളാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ യുഗപരിവർത്തനം എന്ന കവിതയിലുള്ളത്. ഏകദേശം ഒരേ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന കവികളാണ് ശ്രീ വൈലോപ്പിള്ളിയും തിരുനെല്ലൂർ കരുണാകരനും. കാലം വരും തലമുറയ്ക്കായി പകർന്നു നൽകേണ്ടൊരറിവ് കൂടിയാണ് തൊഴിലാളികളുടെ വേദനകളും അതിനെ അതിജീവിക്കുന്ന ആത്മവീര്യവും. ഇരുമ്പും ഇരുമ്പിനു തുല്യമായ യുവാക്കളുടെ ഊർജ്ജവും തമ്മിൽ ചേരുമ്പോൾ പാറവെട്ടാനും, പുഴയ്ക്കണകെട്ടാനും, നൂതന തൊഴിൽ രംഗങ്ങളിലും, ഭൂമിയുടെ കാവൽക്കാരായ കർഷകരാകാനും, മുൻപൊന്നുമില്ലാത്തത്ര ആവേശത്തോടെ, പണ്ടെങ്ങുമില്ലാത്ത അഭിമാനത്തോടെ, തൊഴിലാളി വർഗത്തെ പ്രതിനിധീകരിക്കാൻ ഒരു തരം ആവേശമാണ് എന്നാണ് കവി പറയുന്നത്. ഇതിനു സമാനമായി തന്നെ, തങ്ങൾ ജീവിതത്തോടും മൃതിയോടും പടവെട്ടുന്നവരാണെന്നും ഏതു കരിങ്കൽ പാറയും തുരക്കുന്നവരാണെന്നും, അത്രമേൽ പ്രയാസകരമായ തൊഴിൽ ചെയ്യുന്ന ഞങ്ങൾക്ക് ഈ പച്ചമണ്ണിന്റെ ഉർവരത വളരെ നിഷ്പ്രയാസമായതും ആനന്ദകരാമായതുമാണെന്നും തരിശ് നിലത്തിലെ തൊഴിലാളികൾ പറയുന്നു. രണ്ടു കവിതകളും അത് പ്രതിനിധീകരിക്കുന്ന ആശയങ്ങളും തൊഴിലാളികളുടെ ഉൾക്കരുത്തും അവരുടെ സംഘശക്തിയും കാണിക്കുന്നതാണ്.
♦ തരിശു നിലങ്ങളിലേക്ക് വരുന്ന കൃഷിക്കാരെ ഏതിനോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്?
• നെൽപ്പാടങ്ങളോട്
• കരിമുകിലിനോട്
• മഴവില്ലിനോട്
• താഴ്‌വരകളോട്
ഉത്തരം: കരിമുകിലിനോട്
♦ അവരുടെ ഹൃദയസ്പന്ദങ്ങൾ - അടിവരയിട്ട പദത്തിൻറെ ശരിയായ വിഗ്രഹാർത്ഥം?
• സ്പന്ദങ്ങൾ ഉള്ള ഹൃദയം
• ഹൃദയവും സ്പന്ദനവും
• ഹൃദയത്തിന്റെ സ്പന്ദനങ്ങൾ
• ഹൃദയത്തിലെ സ്പന്ദനം
ഉത്തരം: ഹൃദയത്തിന്റെ സ്പന്ദനങ്ങൾ
♦ " ഇടിവാളുകളായ്, കുളിരാ, യഴകാ
യടിപതറാത്തൊരധൃഷ്യതയായ് " -- ഈ വരികൾ തെളിയുന്ന ആശയം ?
• തൊഴിലിനോടുള്ള വീര്യം
• തൊഴിലാളികളുടെ വീര്യം
• തൊഴിൽ ചെയ്യാനുള്ള മടി
• തൊഴിലിലെ സംതൃപ്തി
ഉത്തരം: തൊഴിലാളികളുടെ വീര്യം
♦ "മുഴുവൻ ഭൂമിയുമൊറ്റച്ചാലാ
യുഴുതുമറിക്കും വീര്യമൊടെ ...... " ' ഒറ്റച്ചാലായ് ' എന്ന പ്രയോഗം നൽകുന്ന സൂചന?
• വെറുപ്പ്
• താല്പര്യമില്ലായ്മ
• ഒരുമയില്ലായ്മ
• സംഘബോധം
ഉത്തരം: സംഘബോധം
♦ കാവ്യപരമായ രണ്ട് സവിശേഷതകൾ കണ്ടെത്തുക.
" തരിശു നിലങ്ങളിലേക്ക് വരുന്നു
കരിമുകിൽ പോലെ വേലക്കാർ "
ഉത്തരം:
ദ്വിതീയാക്ഷര പ്രാസം (തരി, കരി )
വേലക്കാരെ കരിമുകിലിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു.
♦ മാതൃക പോലെ മാറ്റി എഴുതുക
വാഴയില -വാഴ + ഇല
അണിയണിയായ് -
മിന്നൽപ്പിണർ -
ഉത്തരം:
അണിയായ് + അണിയായ്
മിന്നൽ + പിണർ
♦ "അവരുടെ മിഴിയിൽ മിന്നൽപ്പിണരുക -
ളകമേ തെളിനീർക്കുളിരുകളും "
അടിവരയിട്ട് പ്രയോഗങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്?
ഉത്തരം:
മിഴിയിൽ മിന്നൽ - തൊഴിലാളികളുടെ വീര്യം
അകമേ തെളിനീർ - മനസ്സിന്റെ ആർദ്രത
♦ 'തരിശുദിനങ്ങളിലേക്ക് എന്ന ശീർഷകം കവിതയ്ക്ക് എത്രമാത്രം ഉചിതമാണ്?
നിരീക്ഷണക്കുറുപ്പ് തയ്യാറാക്കുക.
ഭൂമിയുടെ ജീവനറ്റ ഇടമാണ് തരിശു നിലങ്ങൾ. തരിശു നിലങ്ങൾ ഉർവരതയുടെ തീരമാക്കാൻ പണിപ്പെടുന്നവരാണ് വേലക്കാർ. ജീവിതത്തിന്റെ തരിശു നിലം പച്ചപ്പ് പുതപ്പിക്കുന്നതിനാണ് വേലക്കാർ അഹോരാത്രം പണിപ്പെടുന്നത്. ജീവിതത്തിന്റെ ദാരിദ്ര്യവും പട്ടിണിയുടെ മൃതിയും മനുഷ്യ ജീവിതത്തിലെ ഊഷരതകളാണല്ലോ. അവയില്ലാതാക്കാൻ വേലക്കാർ പണിപ്പെടുമ്പോൾ ഭൂമിയുടെ തന്നെ പച്ചപ്പാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവി തിരഞ്ഞെടുത്തത് വളരെ അനുയോജ്യമാണ്. അതുകൊണ്ട് തന്നെയാണ് കരിമുകിലിനോട് വേലക്കാരെ ഉപമിച്ചിരിക്കുന്നത്. കരിമുകിൽ ഊഷര ഭൂമിയുടെ കുടിനീരാണല്ലോ. ചടുലമായ താളത്തിൽ വേലക്കാർ കടന്നു വരുമ്പോൾ തരിശുഭൂമി മൂരിനിവർത്തുകയാണ്, പച്ചപ്പിനായി കൊതിക്കുന്ന ഭൂമിയുടെ മാറിടത്തിലേക്കു പ്രതീക്ഷയുടെ കിരണമാവുകയാണ് വേലക്കാർ.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments