Kerala Syllabus Class 7 കേരള പാഠാവലി Chapter 03 - മീനോളം - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ
Study Notes for Class 7 കേരള പാഠാവലി (അരങ്ങൊരുക്കും വർണ്ണക്കാഴ്ചകൾ) മീനോളം | Class 7 Malayalam - Kerala Padavali - Meenolam - Questions and Answers - Chapter 03 മീനോളം - ചോദ്യോത്തരങ്ങൾ ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ വായിക്കാം കണ്ടെത്താം
♦ കടൽ എന്താണെന്നതിന് അമ്മ പറയുന്ന മറുപടിയെന്ത്?
മുട്ടയിട്ടത് കടലിൽ, വിരിഞ്ഞത് കടലിൽ, നീന്തുന്നതും കടലിൽ എന്ന് അമ്മമീൻ മറുപടി നൽകി. ഇതെല്ലാം കടലാണെന്നും നമ്മൾ കടലിലാണെന്നും നമുക്കുള്ളിലും കടലാണെന്നുമറിയാം. ഉത്തരമില്ലാക്കടലിനുത്തരം തേടി നീതന്നെ പോകണമെന്നും അമ്മ പറഞ്ഞു.
♦ താൻ കണ്ട മാനത്തെക്കുറിച്ച് കുഞ്ഞുമീൻ അമ്മയോട് പറയുന്നത് എന്തെല്ലാം?
കടൽ മൊത്തം മൂടുന്നതാണ് മാനം. നമ്മളാരും ഇന്നേവരെ കാണാത്ത മാനം. മറ്റൊരു പഞ്ഞിക്കടൽ പാറിപ്പറക്കുന്ന മാനം. മിന്നും താരകമീനുകളുള്ള മാനം. ഇത്തിരിനേരമേ അവിടെക്കഴിയാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ശ്വാസം മുട്ടി. ഉള്ളതിന് ആഴമെന്നപോൽ പരപ്പുമുണ്ടെന്നറിഞ്ഞു. ഇപ്രകാരമാണ് കുഞ്ഞുമീൻ പറഞ്ഞത്.
♦ ചർച്ചചെയ്യാം എഴുതാം
♦ "ഉത്തരം തേടിയിട്ടൊടുവിൽ നീ നേടി വന്നാലും നിന്നെയീ അമ്മ ഉമ്മവയ്ക്കും, നേടാതെ വന്നാലും ഉമ്മവയ്ക്കും''- ഉത്തരം തേടി യാത്രയാവുന്ന കുഞ്ഞുമീനിനോട് അമ്മ പറഞ്ഞത് ശ്രദ്ധിച്ചല്ലോ. ഈ വാക്കുകൾ കുഞ്ഞുമീനിന് എപ്രകാരമാണ് അനുഭവപ്പെട്ടിട്ടുണ്ടാവുക? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
അമ്മയുടെ ഈ വാക്കുകൾ കുഞ്ഞുമീനിന് വലിയ ആത്മവിശ്വാസം പകർന്നുനൽകി. വിജയം നേടിയാലും പരാജയപ്പെട്ടാലും അമ്മ തന്നെ സ്നേഹിക്കുമല്ലോ. മകൾ സ്വയം അന്വേഷണത്തിനിറങ്ങുന്നതാണ് അമ്മയ്ക്ക് സന്തോഷം. അവൾ പരാജയപ്പെടാനുള്ള സാധ്യതയും അമ്മ മുൻകൂട്ടി കാണുന്നുണ്ട്. വിജയവും പരാജയവും അന്വേഷണത്തിന്റെ ഭാഗമാണ്. പരാജയത്തെക്കുറിച്ചുള്ള ആശങ്കയില്ലാതെ അന്വേഷണം തുടരാൻ അമ്മയുടെ വാക്കുകൾ കുഞ്ഞുമീനിനെ സഹായിച്ചു. പരാജയപ്പെട്ടാലും സാരമില്ല എന്ന ചിന്ത കുഞ്ഞുമീനിന് കൂടുതൽ
ധൈര്യം നൽകി. അന്വേഷണത്തിന്റെ ഫലം എന്തായിരുന്നാലും അമ്മ തന്നെ കൈവിടില്ല എന്ന വിശ്വാസം അവൾക്ക് പ്രചോദനം നൽകി. അമ്മയുടെ പ്രോത്സാഹനവും അളവില്ലാത്ത സ്നേഹവുമാണ് നാമിവിടെ കാണുന്നത്.
♦ അഭിപ്രായക്കുറിപ്പ് തയ്യാറാക്കാം
♦ “അറിവായ അറിവെല്ലാം ഇപ്പോഴും എപ്പോഴും മാറിക്കൊക്കൊണ്ടേയിരിക്കുമമ്മേ”- മാറുന്ന ലോകത്തിൽ കുഞ്ഞുമീനിന്റെ ഈ അഭിപ്രായത്തിനുള്ള പ്രസക്തിയെന്ത്? നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
അറിവിന്റെ ലോകം എപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. വിവരവിസ്ഫോടനത്തിന്റെ കാലമാണിത്. അതിവേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. ഈ മാറ്റങ്ങൾ നാം മനസ്സിലാക്കാൻ ശ്രമിക്കണം. ഓരോ നിമിഷവും മാറുന്ന ലോകത്തിൽ നിലനിൽക്കണമെങ്കിൽ നമ്മളും നിരന്തരം മാറിക്കൊണ്ടിരിക്കണം. പുതിയ അറിവുകൾ തേടി മുന്നേറിയാൽ മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കൂ. പഴയതിനെ പലതിനെയും പിന്നിൽ ഉപേക്ഷിച്ച് പുതിയ അറിവുകൾ നേടിയെടുക്കണം. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ മാറിക്കൊണ്ടിരിക്കുന്നവരാണ് മുന്നിലെത്തുന്നത്. മാറാൻ കഴിയാത്തവർ പിന്തള്ളപ്പെടും. മാറ്റത്തിനു മാത്രമാണ് മാറ്റമില്ലാത്തത് എന്ന തത്വം ഓർക്കുക. പുതിയ അറിവുകൾ സമ്പാദിച്ച് എപ്പോഴും മുന്നോട്ടു പോകാനുള്ള പ്രചോദനം നൽകുന്നതാണ് കുഞ്ഞുമീനിന്റെ വാക്കുകൾ. വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ കുഞ്ഞുമീനിന്റെ ഈ അഭിപ്രായത്തിന് ഏറെ പ്രസക്തിയുണ്ട്.
♦ വിശകലനക്കുറിപ്പ് തയ്യാറാക്കാം
♦ ''ഇന്നത്തെ കടലായിരിക്കുമോ നാളെ'' എന്ന കുഞ്ഞു മീനിന്റെ ചോദ്യത്തിന് വിവിധ കൂട്ടങ്ങളിൽനിന്ന് അമ്മയ്ക്ക് കിട്ടിയ ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. എന്താവാം അതിനു കാരണം? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
കടലിനെക്കുറിച്ചുള്ള കുഞ്ഞുമീനിന്റെ ചോദ്യത്തിന്റെ ഉത്തരം അമ്മ പല മീനുകളോടും ചോദിച്ചു. ഓരോ മീനും നൽകിയ ഉത്തരം വ്യത്യസ്തമാണ്. കാരണം കടലിനെ ഓരോ മീനും മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്തമായാണ്. ജീവിതത്തെക്കുറിച്ചുള്ള ചോദ്യംപോലെതന്നെയാണ് കടലിനെക്കുറിച്ചുള്ള ചോദ്യവും. കൃത്യമായ ഉത്തരം നൽകാൻ സാധിക്കില്ല. ഓരോരുത്തരും ലോകത്തെയും ജീവിതത്തെയും മനസ്സിലാക്കുന്നതിൽ വ്യത്യാസമുണ്ട്. കാഴ്ചപ്പാടിന്റെ വ്യത്യാസം ഉത്തരത്തിലും ഉണ്ടാകും ഓരോരുത്തരുടെയും കാഴ്ചയിലെ കടൽ വ്യത്യസ്തമാണ്. അതുകൊണ്ട് ഉത്തരത്തിലും മാറ്റങ്ങൾ ഉണ്ടാകും. ജീവിതാന്വേഷണത്തിൽ ഓരോ വ്യക്തിക്കും കിട്ടുന്ന ഉത്തരം ഓരോന്നായിരിക്കും എന്ന സത്യമാണ് നാം ഇതിലൂടെ മനസ്സിലാക്കുന്നത്. നാം സ്വയം കണ്ടെത്തേണ്ടതാണ് നമ്മുടെ ഉത്തരം എന്നതാണ് യാഥാർത്ഥ്യം. ഒരാളുടെ ഉത്തരം മറ്റൊരാളെ പൂർണ്ണമായും തൃപ്തിപ്പെടുത്തില്ല എന്നും നാം തിരിച്ചറിയണം.
♦ കഥാപാത്രനിരൂപണം എഴുതാം
♦ ഈ നാടകത്തിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരാണ്? ഇഷ്ടപ്പെടാൻ എന്താണ് കാരണം? സവിശേഷതകൾ വിശദീകരിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക.
എനിക്കിഷ്ടപ്പെട്ടത് കുഞ്ഞുമീനിനെയാണ്. കുഞ്ഞുമീൻ പുതിയ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവളാണ്. അതുകൊണ്ടാണ് അവൾ അമ്മയോട് എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്നത്. അമ്മയുടെ സംശയങ്ങളിൽ അവൾ തൃപ്തയാകുന്നില്ല. കുഞ്ഞുമീനിന് തന്റെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം കിട്ടാത്തതുകൊണ്ടാണ് സ്വയം അന്വേഷണത്തിനിറങ്ങുന്നത്. ആ അന്വേഷണത്തിലൂടെ പുതിയ ധാരാളം കാര്യങ്ങൾ അവൾ മനസ്സിലാക്കുന്നു. അന്വേഷണത്തിനായി ഇറങ്ങുമ്പോൾ അമ്മയെയും കൂടെകൂട്ടാൻ അവൾ ആഗ്രഹിക്കുന്നുണ്ട്. കാലങ്ങൾക്കുശേഷം തിരികെയെത്തിയ അവൾ തന്റെ കണ്ടെത്തലുകൾ അമ്മയോട് പങ്കുവയ്ക്കുന്നതും നാടകത്തിലുണ്ട്. കുഞ്ഞുമീൻ എന്ന കഥാപാത്രം നമ്മെ എന്നും പ്രചോദിപ്പിക്കുന്നു. ഓരോ കുട്ടിയും കുഞ്ഞുമീനിനെപ്പോലെ ജിജ്ഞാസയുള്ളവരായിരിക്കണം. പുതിയ അറിവുകൾ നേടുകയും വേണം. പുതിയ പുതിയ ചോദ്യങ്ങളാണ് അറിവിലേക്കുള്ള വഴി തുറക്കുന്നത്. ഈ യാഥാർഥ്യമാണ് കുഞ്ഞുമീൻ എന്ന കഥാപാത്രത്തിലൂടെ നമുക്ക് ലഭിക്കുന്നത്.
♦ പദങ്ങൾ ചേർക്കാം പിരിക്കാം
♦ ഉത്തരം തേടിപ്പോയവർ പണ്ടും ഉണ്ടായിരുന്നുവെന്നു നെത്തോലിക്കൂട്ടം. അവരാരും തിരിച്ചുവന്നില്ലെന്ന് മുള്ളനും സ്രാവും.
തിരിച്ചുവന്നവരെ കണ്ടവരുണ്ടെന്ന് തിരണ്ടിസംഘം.
അവർക്ക് മിണ്ടാട്ടമില്ലെന്നു നെന്മീനും ചെമ്മീനും.
ഈ വാക്യങ്ങളിലെ അടിവരയിട്ട ചില പദങ്ങൾ മാറ്റിയെഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ.
ഉത്തരം തേടി പോയവർ പണ്ടും ഉണ്ടായിരുന്നു എന്ന് നെത്തോലി കൂട്ടം.
അവരാരും തിരിച്ച് വന്നില്ല എന്ന് മുള്ളനും സ്രാവും.
തിരിച്ചുവന്നവരെ കണ്ടവർ ഉണ്ട് എന്ന് തിരണ്ടിസംഘം.
അവർക്ക് മിണ്ടാട്ടം ഇല്ല എന്ന് നെന്മീനും ചെമ്മീനും.
പദങ്ങൾ പിരിച്ചെഴുതുമ്പോഴും ചേർത്തെഴുതുമ്പോഴും വാക്യങ്ങളിൽ എന്തു മാറ്റമാണ് ഉണ്ടായിട്ടുള്ളത്? ചർച്ചചെയ്യുക.
പദങ്ങൾ ചേർത്തെഴുതുമ്പോഴാണ് ഭാഷയ്ക്ക് കൂടുതൽ ശക്തിയും സൗന്ദര്യവും ഉണ്ടാകുന്നത്. അർഥവ്യക്തതയ്ക്കും ഉച്ചാരണസൗകര്യത്തിനും ഇങ്ങനെ ചേർത്തുപയോഗിക്കുന്നതാണ് നല്ലത്. പിരിച്ചെഴുതുന്നത് തെറ്റാണെന്ന് അർഥമില്ല. കൂടുതൽ ഉചിതം ചേർത്തെഴുതുന്നതാണ്.
പാഠഭാഗത്തുനിന്ന് ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി പിരിച്ചെഴുതുക.
മാതൃക
• അവർക്കിടയിൽ - അവർക്ക് ഇടയിൽ
• ശ്രദ്ധിച്ചുനോക്കുന്നു - ശ്രദ്ധിച്ച് നോക്കുന്നു.
• എന്താണമ്മേ - എന്താണ് അമ്മേ .
• ആർക്കാണമ്മേ - ആർക്കാണ് അമ്മേ
(ഈ പദങ്ങൾ പിരിച്ചെഴുതിയപ്പോൾ ആദ്യപദാവസാനത്തിലെ ചന്ദ്രക്കല ഇല്ലാതായി)
• കാലമായിരിക്കില്ല - കാലം ആയിരിക്കില്ല
• സംശയമാണ് - സംശയം ആണ്
(ആദ്യപദാവസാനത്തിലെ 'അം' (അനുസ്വാരം) 'മ'യായി തെളിഞ്ഞുവരുന്നു).
• നെത്തോലിക്കൂട്ടം - നെത്തോലി കൂട്ടം
• നിന്നെച്ചൊല്ലി - നിന്നെ ചൊല്ലി
(രണ്ടാമത്തെ പദത്തിലെ ആദ്യാക്ഷരം ഇരട്ടിച്ചു)
• അവരെയെല്ലാം - അവരെ എല്ലാം
• ഇല്ലാതെയാകുന്നു - ഇല്ലാതെ ആകുന്നു
(പുതുതായി ‘യ' എന്ന അക്ഷരം വന്നുചേർന്നു)
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
PSC Solved Question Papers ---> Click here
PSC TODAY'S EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments