Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 02 ആയൂരാരോഗ്യസൗഖ്യം: Chapter 01 - പ്രത്യാശയുടെ കിരണങ്ങൾ - ചോദ്യോത്തരങ്ങൾ 

Study Notes for Class 8 അടിസ്ഥാന പാഠാവലി (ആയൂരാരോഗ്യസൗഖ്യം) പ്രത്യാശയുടെ കിരണങ്ങൾ | STD 8 Malayalam - Adisthana Padavali - Chapter 1 - Prathyasayude kiranangal - Questions and Answers | Chapter 01 പ്രത്യാശയുടെ കിരണങ്ങൾ - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക്  അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ പ്രത്യാശയുടെ കിരണങ്ങൾ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250
ആയൂരാരോഗ്യസൗഖ്യം - പ്രവേശകം 
♦ പഴഞ്ചൊല്ലുകളെ വ്യാഖ്യാനിക്കുക
• എല്ല് മുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം
അധ്വാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു പഴഞ്ചൊല്ലാണിത്. നന്നായി അധ്വാനിച്ചാൽ നന്നായി ആഹാരം കഴിക്കാം എന്നാണ് ഈ ചൊല്ലിന്റെ അർത്ഥം. നന്നായി അധ്വാനിക്കുന്നവർക്ക് രോഗങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് നന്നായി ആഹാരം കഴിക്കാനും സാധിക്കും. അതുപോലെതന്നെ നന്നായി അധ്വാനിക്കുന്നവർക്ക് സമ്പത്തും ഉണ്ടാകും. വയറു നിറയെ ആഹാരം കഴിക്കുവാനുള്ള വക അവർക്ക് ഉണ്ടായിരിക്കും.

• അരവയർ ഉണ്ടാൽ ആരോഗ്യം
മിതമായി ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്. അത്താഴം അത്തിപ്പഴത്തിനോളം എന്നും, അത്താഴം അരവയർ എന്നും പഴഞ്ചൊല്ലുകൾ ഉണ്ട്. വയറുനിറയെ കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. വിശപ്പിനാണ് ആഹാരം കഴിക്കുന്നത്. അമിതമായ ആഹാരം രോഗങ്ങൾക്ക് കാരണമാകും.ആവശ്യത്തിനുമാത്രം ആഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

• ആധി കൂടിയാൽ വ്യാധി
ആധി എന്നാൽ ഉൽക്കണ്ഠ എന്നാണ് അർത്ഥം. ഉൽക്കണ്ഠ അഥവാ മാനസിക സംഘർഷം ധാരാളം രോഗങ്ങൾക്ക് കാരണമാകും.

• പയ്യെത്തിന്നാൽ പനയും തിന്നാം
ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സാവധാനത്തിൽ ചെയ്താൽ ഏതു വിഷമം ഉള്ള കാര്യവും കൃത്യമായി ചെയ്തു തീർക്കാൻ സാധിക്കും. വേഗത്തിൽ ചെയ്താൽ പലപ്പോഴും നന്നായി എന്ന് വരില്ല. ആഹാരം സാവധാനത്തിൽ കഴിക്കണം ഇല്ലെങ്കിൽ ആരോഗ്യത്തിന് ആപത്താണ്. ക്ഷമയോടെ എല്ലാ കാര്യങ്ങളും ചെയ്യണം.

• നടന്നുകൊയ്താൽ ഇരുന്നുണ്ണാം
നന്നായി അധ്വാനിക്കുന്നവന് പിന്നീട് സമാധാനത്തോടെ ഇരുന്ന് ആഹാരം കഴിക്കാനും വിശ്രമിക്കാനും സാധിക്കും. നന്നായി അധ്വാനിച്ചാൽ നല്ല ജീവിതം നയിക്കാം.
 
പ്രത്യാശയുടെ കിരണങ്ങൾ - പുനത്തിൽ കുഞ്ഞബ്ദുള്ള 
♦ ചർച്ച ചെയ്യാം
• ''ഒരർത്ഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല''.
• ''എനിക്കു വേണ്ടത് നല്ല നല്ല രോഗങ്ങളാണ്''.
• ''പുല്ലു മാത്രം തിന്നു നടന്നാൽ ചത്തുപോകും. ഞാൻ പറഞ്ഞേക്കാം''.
ഈ വാക്യങ്ങൾ വിശകലനം ചെയ്ത് പാംഭാഗത്ത് തെളിയുന്ന ജീവിതാവസ്ഥ ചർച്ച ചെയ്യുക.
ആവശ്യത്തിന് ഭക്ഷണം കഴിക്കാനില്ലാത്ത ഒരുവന്റെ അവസ്ഥയാണ് ഒരർത്ഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല എന്ന വാക്യത്തിൽ പറയുന്നത്.
രണ്ടാമത്തെ വാചകം ധനികന്റേതാണ്. അയാൾക്ക് നല്ല ആഹാര സാധനങ്ങൾ വാങ്ങിക്കഴിക്കാൻ സാധിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ അയാൾക്ക് നല്ല ആരോഗ്യമുണ്ട്. എന്നാൽ രോഗങ്ങൾ വരണമെന്നും വലിയ ആശുപത്രികളിൽ പോയി ചികിത്സിക്കണമെന്നും മരുന്നുകൾ കഴിച്ച് രോഗം മാറി ഒരുപാടു കാലം ജീവിക്കണം എന്നുമാണ് ധനികൻ ആഗ്രഹിക്കുന്നത്.
ഡോക്ടർ സന്തു ആദ്യത്തെരോഗിയോട് പറയുന്നതാണ് മൂന്നാമത്തെ വാചകം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ നല്ല ആഹാരം കഴിക്കണം എന്നാണ് ഡോക്ടർ പറയുന്നതിന്റെ സാരം
ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ രോഗികളായി മാറുന്ന വിഭാഗത്തിന്റെ പ്രതിനിധിയാണ് ഒന്നാമതായി കഥയിൽ കടന്നുവരുന്ന രോഗിയായ കഥാപാത്രം. ഡോക്ടർ സൗജന്യമായി നൽകിയ ടോണിക്കുകളും ബിസ്ക്കറ്റുകളും കഴിച്ചെങ്കിലും ആരോഗ്യം വീണ്ടെടുക്കാം എന്ന് അയാൾ പ്രതീക്ഷിക്കുന്നു. ആരോഗ്യമുണ്ടെങ്കിലും രോഗങ്ങളെ അന്തസ്സിന്റെ പ്രതീകമായി കാണുകയും രോഗം വരണമെന്ന് ആഗ്രഹിക്കുകയും, പൊങ്ങച്ചം പറയുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് കഥയിലെ ധനികൻ എന്ന കഥാപാത്രം.
ജീവിതത്തിലെ തികച്ചും വ്യത്യസ്തങ്ങളായ രണ്ട് അവസ്ഥകളെ ഈ കഥാപാത്രങ്ങൾ കാട്ടിത്തരുന്നു. തന്റെ അടുത്ത് വരുന്ന ഓരോ രോഗിയോടും വ്യക്തിപരമായ അടുപ്പം പുലർത്തുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ഒരു മാതൃകാഡോക്ടർ ആണ് കഥയിലെ സന്തു കുമാർ. 

♦ കണ്ടെത്താം എഴുതാം
കലശലായ ക്ഷീണം
നന്നായി പരിശോധിച്ചു
വേഗം എത്തിച്ചു കൊടുക്കണം
അടിവരയിട്ട പദങ്ങൾ ആശയതലത്തിൽ വരുത്തുന്ന മാറ്റമെന്ത്?കണ്ടെത്തി എഴുതുക.
• കലശലായ ക്ഷീണം:
‘ക്ഷീണം’എന്നു മാത്രം പറഞ്ഞാൽ ക്ഷീണത്തിന്റെ യഥാർത്ഥ തീവ്രത മനസ്സിലാക്കാൻ സാധിക്കില്ല.'കലശലായ'എന്ന വിശേഷണ പദം കൂടി ചേർക്കുമ്പോൾ ക്ഷീണം വളരെ തീവ്രവും അസഹനീയവുമാണെന്നും ക്ഷീണം കൊണ്ട് അവശനാണെന്നും മനസ്സിലാക്കാം. ഈ വാക്ക് രോഗിയുടെ അവസ്ഥ എത്രത്തോളം ഗൗരവമേറിയതാണെന്ന് വ്യക്തമാക്കുന്നു.

• നന്നായി പരിശോധിച്ചു.
“പരിശോധിച്ചു’എന്നുമാത്രം പറയുമ്പോൾ സാമാന്യമായി നോക്കി എന്നേ അർത്ഥം വരുന്നുള്ളൂ.
“നന്നായി’എന്ന വിശേഷണപദം ചേർക്കുമ്പോൾ ഒരു സാധാരണ പരിശോധന നടത്തുകയല്ല, രോഗിയുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും വിശദമായും ശ്രദ്ധയോടെയും ചെയ്തു എന്ന് വ്യക്തമാക്കുന്നു. അതായത് നല്ല രീതിയിൽ പരിശോധന നടന്നു. ഇത് ഡോക്ടറുടെ ആത്മാർത്ഥതയും ഉത്തരവാദിത്തബോധവും വെളിപ്പെടുത്തുന്നു.

• വേഗം എത്തിച്ചു കൊടുക്കണം:
“എത്തിച്ചു കൊടുക്കണം എന്നു മാത്രം പറഞ്ഞാൽ എപ്പോഴെങ്കിലും എത്തിച്ചു കൊടുത്താൽ മതി എന്ന അർത്ഥമാണ് ലഭിക്കുക. 'വേഗം' എന്ന വിശേഷണപദം കൂടി ചേർക്കുമ്പോൾ എത്തിക്കേണ്ടതിന്റെ അടിയന്തരാവസ്ഥ ബോധ്യമാകുന്നു. എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കണമെന്ന് അർത്ഥം കിട്ടുന്നു.

ഈ വിശേഷണ പദങ്ങളെല്ലാം അവയോട് ചേർന്ന് നിൽക്കുന്ന ക്രിയകൾക്കും നാമങ്ങൾക്കും കൂടുതൽ വ്യക്തതയും ശക്തിയും നൽകുന്നു. വാക്യങ്ങളുടെ ആശയം കൂടുതൽ കൃത്യമായി വായനക്കാരിലേക്ക് എത്തിക്കുവാൻ ഇത് സഹായിക്കുന്നു.
♦ പാനൽ ചർച്ച
നിലനില്പീയം, പ്രത്യാശയുടെ കിരണങ്ങൾ എന്നീ പാഠഭാഗങ്ങളിലെ ആശയങ്ങളുടെ സമാനതകൾ എന്തെല്ലാം? ഇവ പ്രയോജനപ്പെടുത്തി ”മലയാളിയുടെ മാറുന്ന ഭക്ഷണ ശീലങ്ങൾ”എന്ന വിഷയത്തിൽ ഒരു പാനൽ ചർച്ച സംഘടിപ്പിക്കുക.
പാനൽ ചർച്ച
ഒരു വിഷയത്തെക്കുറിച്ച് ഒന്നിൽ കൂടുതൽ ആളുകൾ ഒരു സദസ്സിനു മുന്നിൽ നടത്തുന്ന ചർച്ചയാണിത്. ഓരോ വ്യക്തിക്കും വിഷയത്തെക്കുറിച്ചുള്ള അവരവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ അവസരം ഉണ്ട്. ചില അവസരങ്ങളിൽ പ്രേക്ഷകരും അഭിപ്രായം പറയാറുണ്ട്. ചർച്ചയ്ക്ക് മുമ്പായി ആമുഖം പറയുന്നതും, ചർച്ച നിയന്ത്രിക്കുന്നതും, ക്രോഡീകരണം നടത്തുന്നതും മോഡറേറ്റർ ആണ്.

പാനൽ ചർച്ച: മാതൃക
മോഡറേറ്റർ: നമസ്ക്കാരം “മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങൾ”എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിലേക്ക് എല്ലാവർക്കും സ്വാഗതം. നമ്മുടെ ഭക്ഷണ ശീലങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. ഈ മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് ചർച്ച ചെയ്യാനാണ് നമ്മൾ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത്. വി. കെ എന്നിന്റെ 'നിലനില്പീയം', പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ' പ്രത്യാശയുടെ കിരണങ്ങൾ' എന്നീ കഥകളിലെ കഥാപാത്രങ്ങളുടെ ഭക്ഷണത്തോടുള്ള സമീപനം മലയാളിയുടെ ഭക്ഷണ ശീലത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു. നമുക്ക് ചർച്ച ആരംഭിക്കാം

ഒന്നാമത്തേയാൾ: നമ്മുടെ നാട്ടിൽ ഫാസ്റ്റ് ഫുഡ് സംസ്കാരം വളരെ വേഗം വളരുകയാണ്. ഇതു നമുക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അമിതവണ്ണം, പ്രമേഹം, രക്താദി സമ്മർദ്ദം, തുടങ്ങി ജീവിതശൈലി രോഗങ്ങൾക്കൊക്കെ ഈ ഭക്ഷണരീതി കാരണമാകുന്നു. പ്രത്യാശയുടെ കിരണങ്ങൾ എന്ന കഥയിലെ ധനികൻ രോഗങ്ങളില്ലാതെ വിഷമിക്കുമ്പോൾ രോഗം വരാൻ കാരണമാകുന്ന ഭക്ഷണരീതികളാണ് ഇന്ന് പലരും പിന്തുടരുന്നത്.

രണ്ടാമത്തെയാൾ: വികെ എന്നിന്റെ കൃതികളിലും ഭക്ഷണരീതിയെ പരിഹസിക്കുന്നത് നമുക്ക് കാണാം. 'നിലനില്പീയം'എന്ന കഥയിലെ കഥാപാത്രം ജീവിതം ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് വിശ്വസിക്കുന്നു.

മൂന്നാമത്തേയാൾ: നമ്മുടെ ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നത് നമ്മുടെ സമൂഹത്തെയും അത് പലതരത്തിൽ ബാധിക്കുന്നുണ്ട്. കൃഷിയിലുള്ള താൽപര്യം കുറയുന്നു, വിപണിയെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹമായി തീരുന്നു.

മോഡറേറ്റർ: ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകേണ്ടിയിരിക്കുന്നു.ഈ ചർച്ച ഇവിടെ അവസാനിക്കുന്നു. നന്ദി.

ചർച്ചയിൽ ഉൾപ്പെടുത്താവുന്ന കൂടുതൽ ആശയങ്ങൾ:
മലയാളികൾക്ക് തനതായ ആഹാര സംസ്കാരം ഉണ്ടായിരുന്നു. ഓരോ കാലത്തിനും അനുയോജ്യമായ ഭക്ഷണക്രമം ആയിരുന്നു മലയാളിയുടെ ആരോഗ്യ രഹസ്യം. 
ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ ആഹാരക്രമത്തിലും മാറ്റങ്ങൾ വരുത്തി. 
തിരക്കേറിയ ജീവിതം ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തി 
പരസ്യങ്ങളും വിപണികളും നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു.
മാംസാഹാരം നമ്മുടെ തീൻമേശകളിൽ എല്ലാ നേരവും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലകളുടെ ഔട്ട്‍ലെറ്റുകളും, ഓൺലൈനായി ഭക്ഷണം എത്തുന്നതും ആഹാര ശീലങ്ങളുടെ മാറ്റങ്ങൾക്ക് ആക്കംകൂട്ടി.
ഭക്ഷണ വെറും കച്ചവടമായി മാറിക്കഴിഞ്ഞു.
ആഹാര കാര്യത്തിൽ ശ്രദ്ധയും നിയന്ത്രണവും ഇല്ലാത്തതാണ് നാമിന്ന് അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക രോഗങ്ങളുടെയും അടിസ്ഥാന കാരണം

👉ഈ പാഠത്തിന്റെ Teaching Manual ലഭിക്കാൻ ഇവിടെ ക്ലിക്കുക