Kerala Syllabus Class 6 അടിസ്ഥാന പാഠാവലി - Unit 02 പൂത്തുതിമിർക്കാം: പാഠം 04 - വെള്ളം പൊങ്ങുമ്പോൾ - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 6 അടിസ്ഥാന പാഠാവലി (പൂത്തുതിമിർക്കാം) വെള്ളം പൊങ്ങുമ്പോൾ | STD 6 Malayalam - Adisthana Padavali - Chapter 4 - Vellam pongumpol - Questions and Answers | പാഠം 04 വെള്ളം പൊങ്ങുമ്പോൾ - ചോദ്യോത്തരങ്ങൾ. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram - ചാനലിൽ ജോയിൻ ചെയ്യുക.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

♦ പുലിക്കോട്ടിൽ ഹൈദർ 
മാപ്പിളപ്പാട്ടുകളും കത്തുപാട്ടുകളും ധാരാളം രചിച്ച പ്രശസ്തനായ മാപ്പിള സാഹിത്യകാരനാണ് പുലിക്കോട്ടിൽ ഹൈദർ. ഏറനാട് താലൂക്കിലെ പുന്നപ്പാലക്കടുത്ത തിരുവാലിയിലെ ഐത്തു അധികാരിയുടേയും മമ്മാദ്യയുമ്മയുടെയും മകനായി 1879ലാണ് പുലിക്കോട്ടില്‍ ഹൈദറിന്റെ ജനനം. അറബി - മലയാളത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ദുരാചാരമാല, കലിയുഗം, കാതുകുത്തു മാല, സ്ത്രീ മര്‍ദിത മാല, വിവാഹ ദോഷം, മാരന്‍മാരുടെ തകരാറ്, പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിവൃത്തമായുള്ള കേരള ചരിത്രം, ബദര്‍മാല, ഉഹ്ദ് ശുഹദാക്കള്‍, ടിപ്പുവിന്റെ മൂന്നാം പടയോട്ടം, 1857ലെ ശിപായി ലഹള തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്. മാപ്പിളപ്പാട്ട്‌ ശാഖയിലെ കുഞ്ചൻ നമ്പ്യാരെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. 1975- ജൂൺ 23ന് അന്തരിച്ചു.

♦ വെള്ളപ്പൊക്കമാല 
1961-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ച കൃതിയാണ് വെള്ളപ്പൊക്കമാല. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, നായാട്ട്, ഉല്‍സവങ്ങള്‍, തിരഞ്ഞെടുപ്പ്, തുടങ്ങി കവിയുടെ കാലഘട്ടത്തിലുണ്ടായ ആനുകാലിക സംഭവങ്ങള്‍ മുഴുവനും അദ്ദേഹം കവിതയാക്കി. അലങ്കാര വര്‍ണ്ണനകളോട് കൂടിയ സൂക്ഷ്മ ഭാവനകള്‍ക്ക് അനുവാചകരുടെ ഹൃദയങ്ങളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്ന കരുത്തുറ്റ പ്രത്യേക ശൈലി കവിതയിലുടനീളം കാണാവുന്നതാണ്. 

കവിതയുടെ ആശയം 
ഉണ്ടനർഥം കേരളം മറ്റു പുരികളെല്ലാം 
ഉന്നിയാൽ അതിന്നൊരു കയ്യും കണക്കുമില്ലാ. 
വിണ്ടതുകൊണ്ടെന്റെ കേരളത്തിൽ വന്നെ നാശം 
വിള്ളിടുവാൻ മാത്രമേ ഉള്ളു എനിക്കുദ്ദേശം. 
(കേരളത്തിലും മറ്റു നഗരങ്ങളിലും വെള്ളപ്പൊക്കം മൂലം ഒരുപാട് അനർഥങ്ങളുണ്ടായി. പറഞ്ഞാൽ യാതൊരു കയ്യും കണക്കുമില്ല. എന്നാൽ കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പറയുകയാണ് എന്റെ ഉദ്ദേശം.)

കുണ്ടിടിഞ്ഞ് ആളപായം വന്ന് അട്ടപ്പാടി 
കുറുവാൻ കുറ്റ്യാടിയും ജബൽ ഉതിർന്ന് ചാടി 
അണ്ടപോലെ നാടുകാണി വീണിടിഞ്ഞുകൊണ്ടേ 
അങ്ങുമിങ്ങും പോക്കും വരവും മുടങ്ങീട്ടുണ്ടേ 
(അട്ടപ്പാടിയിൽ കുണ്ടിടിഞ്ഞ് ഏറെ ആളപായം ഉണ്ടായി. അതുപോലെതന്നെ കുറ്റ്യാടിയിലും മലയിടിഞ്ഞിട്ടുണ്ട്. നാടുകാണിച്ചുരമിടിഞ്ഞതിനാൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കും വരവും മുടങ്ങിയിട്ടുണ്ട്). 

ഉന്നുവാൻ കേക്കൻ മലയിൽനിന്നു വന്ന പാമ്പ് 
ഒഴുകി അതൊരു മരത്തിമ്മൽ അടിച്ചു കേമ്പ്. 
പിന്നെ വന്നു ഊക്കനായൊരു മുതല പൊങ്ങി 
വീണൊലിച്ച് പോണ പോത്തും കുട്ടിനെ വിഴുങ്ങി. 
(കിഴക്കൻ മലയിൽനിന്ന് വന്ന ഒരു പാമ്പ് ഒഴുകിവന്ന് ഒരു മരത്തിൽ കുടുങ്ങിക്കിടക്കുന്നു. പിന്നെ വെള്ളത്തിൽനിന്ന് ഊക്കനായ ഒരു മുതല പൊങ്ങിവന്ന് വെള്ളത്തിൽ വീണ് ഒലിച്ചുപോകുന്ന പോത്തിൻകുട്ടിയെ വിഴുങ്ങി) 

കുറുവാൻ കടൽക്കരെക്കുണ്ടായിടൈ ഉപദ്രം 
കോപമായ് വെള്ളം അടിച്ച് കേറ്റിടൈ സമുദ്രം 
മോറി ഊറ്റിയ വിധം തിരുവിതാംകൂറെല്ലാം 
മൂടി കൊല്ലത്തും പറയാൻ ഉണ്ടനേകം തൊല്ലാ. 
(കടൽക്കരയിലും (കടപ്പുറങ്ങളിലും) കടലാക്രമണം മൂലം ഏറെ ഉപദ്രവങ്ങളുണ്ടായി. തിരുവിതാംകൂറാകട്ടെ, കഴുകി വെടിപ്പാക്കിയതുപോലെ എല്ലാം നശിച്ചു. വെള്ളം മൂടിയതിനാൽ കൊല്ലത്തും ഒരുപാട് പ്രയാസങ്ങളുണ്ടായി).

♦ ഒത്തുപാടാം 
• ഈ പാട്ട് എല്ലാവരും ചേർന്ന് പാടൂ... താളമിട്ട് പാട്ടുമല്ലോ.
തേൻതുള്ളി എന്ന സിനിമയിലെ ഓത്തുപള്ളീലന്നു നമ്മൾ ........... എന്ന പാട്ടിന്റെ ഈണത്തിൽ ഈ പാട്ട് പാടൂ (1979ൽ പുറത്തിറങ്ങിയ, കെ.പി. കുമാരൻ സംവിധാനം ചെയ്ത സിനിമയാണ് തേൻതുള്ളി) 

♦ വരിയും പൊരുളും 
• എന്തിനെക്കുറിച്ചാണ് പാട്ടിൽ വിവരിക്കുന്നത്?
കൊല്ലവർഷം തൊണ്ണൂറാമാണ്ടിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതാവസ്ഥയാണ് പാട്ടിൽ വിവരിക്കുന്നത്.

• ഏതെല്ലാം വരികളാണ് കൂടുതൽ രസകരമായി തോന്നിയത്?
കുണ്ടിടിഞ്ഞ് ആളപായം വന്ന് അട്ടപ്പാടി 
കുറുവാൻ കുറ്റ്യാടിയും ജബൽ ഉതിർന്ന് ചാടി 
അണ്ടപോലെ നാടുകാണി വീണിടിഞ്ഞുകൊണ്ടേ 
അങ്ങുമിങ്ങും പോക്കും വരവും മുടങ്ങീട്ടുണ്ടേ 
ഉന്നുവാൻ കേക്കൻ മലയിൽനിന്നു വന്ന പാമ്പ് 
ഒഴുകി അതൊരു മരത്തിമ്മൽ അടിച്ചു കേമ്പ്. 
പിന്നെ വന്നു ഊക്കനായൊരു മുതല പൊങ്ങി 
വീണൊലിച്ച് പോണ പോത്തും കുട്ടിനെ വിഴുങ്ങി. 

• പാട്ടിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ ചർച്ച ചെയ്യൂ.
കൊല്ലവർഷം തൊണ്ണൂറാമാണ്ടിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ചും അതുമൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുമാണ് വെള്ളപ്പൊക്കമാല എന്ന പാട്ടിലൂടെ സൂചിപ്പിക്കുന്നത്. അട്ടപ്പാടിയിലും കുറ്റ്യാടിയിലും മലയിടിഞ്ഞതും, നാടുകാണി ച്ചുരമിടിഞ്ഞതും പാട്ടിലൂടെ അവതരിപ്പിക്കുന്നു. കടലാക്രമണം മൂലം കടൽക്കരയിലും  ഏറെ ഉപദ്രവങ്ങളുണ്ടായി. തിരുവിതാംകൂറാകട്ടെ, കഴുകി വെടിപ്പാക്കിയതുപോലെ എല്ലാം നശിച്ചു. വെള്ളം മൂടിയതിനാൽ കൊല്ലത്തും ഒരുപാട് പ്രയാസങ്ങളുണ്ടായി.
♦ അക്ഷരച്ചന്തം
• ണ്ടപോലെ നാടുകാണി വീണിടിഞ്ഞുകൊണ്ടേ
ങ്ങുമിങ്ങും പോക്കും വരവും മുടങ്ങീട്ടുണ്ടേ.
രണ്ടു വരികളിലെയും ആദ്യാക്ഷരവും അവസാനത്തെ അക്ഷരവും ശ്രദ്ധിക്കൂ. പാട്ടിലെ മറ്റു വരികൾ കൂടി പരിശോധിച്ച് അവയുടെ പ്രത്യേകതകൾ കണ്ടെത്താമോ?
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടിലെ ചില വരികളും നോക്കാം.

കല്ലോലജാലം കളിക്കുന്ന കണ്ടു
കമലമണി നിറമുടയ കമലമതു കണ്ടു
കല്യാണിമാരും കുളിക്കുന്ന കണ്ടു
പൊലിമയൊടു ചടുല ജലവടിവുമതു കണ്ടു
അന്നങ്ങളങ്ങു പറക്കുന്ന കണ്ടു
അനവരതമവരുടയ നടനമതു കണ്ടു
(കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ കുഞ്ചൻ നമ്പ്യാർ)

• നിങ്ങൾ പഠിച്ച മറ്റേതെല്ലാം കവിതകളിൽ ഇങ്ങനെ അക്ഷരങ്ങളുടെ ആവർത്തനം വരുന്നുണ്ട്? അക്ഷരങ്ങളുടെ ആവർത്തനംകൊണ്ട് കവിതയ്ക്കും പാട്ടിനും ഉള്ള മെച്ചമെന്താണ്? ചർച്ചചെയ്യൂ.
വെള്ളപ്പൊക്കമാല എന്ന പാട്ടിൽ കൂടുതലും ആദ്യാക്ഷരവും അവസാന അക്ഷരവും ആവർത്തിച്ചുവരുന്നുണ്ട്. എന്നാൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളലിൽ ആദ്യ മൂന്നുവരികളിൽ 'ക' എന്ന അക്ഷരവും 'ല' എന്ന അക്ഷരവും ഇടകലർന്ന് ആവർത്തിക്കുന്നുണ്ട്. അടുത്ത വരിയിൽ അടുത്തടുത്ത പദങ്ങളിൽ 'ല' എന്ന അക്ഷരം ആവർത്തിക്കുന്നു. അടുത്ത രണ്ടുവരികളിൽ 'അ' എന്ന അക്ഷരം ആദ്യാക്ഷരമായും വരുന്നു. 
അക്ഷരങ്ങളുടെ ആവർത്തനം കൊണ്ട് കവിതകൾ ചൊല്ലിക്കേൾക്കുമ്പോൾ രസം പകരുന്നുണ്ട്. അക്ഷരപ്രാസം കവിതയ്ക്ക് താളഭംഗി നൽകുന്നുണ്ട്. അക്ഷരങ്ങളാവർത്തിക്കുന്ന രീതിയിൽ കവിതകളെഴുതിയാൽ വായനക്കാർ കൂടുതൽ ഇഷ്ടപ്പെടും.

• അക്ഷരങ്ങളുടെ ആവർത്തനം വരുന്ന മറ്റ് കവിതകൾ:
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി
കതിരുതിരപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി
(ചങ്ങമ്പുഴ)

മലരണിക്കാടുകൾ തിങ്ങി വിങ്ങി 
മരതകകാന്തിയിൽ മുങ്ങി മുങ്ങി 
(ചങ്ങമ്പുഴ)

♦ എന്തെന്തു പ്രയോഗങ്ങൾ!
• മോറി ഊറ്റിയവിധം തിരുവിതാംകൂറെല്ലാം
അടിവരയിട്ട പദം ശ്രദ്ധിക്കൂ. മോറുക, ഊറ്റുക എന്നിവ നാട്ടുഭാഷാപദങ്ങളാണ് ഇതുപോലെ മറ്റു പദങ്ങൾ പാട്ടിലുണ്ടോ?
നിങ്ങളുടെ നാട്ടിലെ നാടൻ പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തി എഴുതിവയ്‌ക്കൂ. അവയുടെ അർഥവും എഴുതണം.
എന്താന്നും - എന്താണ്
കഞ്ചൂസന്‍ ‍- പിശുക്കന്‍
പങ്ക - ഫാന്‍
ജാസ്തി - അധികം
തോനെ - ഒരുപാട്
കയ്‌പക്ക - പാവയ്ക്ക
കൊള്ളി - മരച്ചീനി
കേങ്ങ്‌ - കിഴങ്ങ്‌
നൂത്ത്‌ - നിവർത്തി
തൊറപ്പ - ചൂല്