Kerala Syllabus Class 4 കേരള പാഠാവലി Unit 01 ചിറകുവിരിച്ച് Chapter 01 - മണ്ണാങ്കട്ടയും കരിയിലയും - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ | Teaching Manual
Study Notes for Class 4 മലയാളം (ചിറകുവിരിച്ച്) മണ്ണാങ്കട്ടയും കരിയിലയും | Class 4 Malayalam - Kerala Padavali - Chapter 01 Mannankattayum kariyilayum - Questions and Answers അവസാനത്തെ ഇല - ചോദ്യോത്തരങ്ങൾ.
നാലാം ക്ലാസ്സ് കേരള പാഠാവലിയിലെ ''മണ്ണാങ്കട്ടയും കരിയിലയും'' എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram ചാനലിൽ ജോയിൻ ചെയ്യുക.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ചിറകുള്ള ബസ്
♦ ചിറകുള്ള ബസ് - വിഷ്ണുുപ്രസാദ്
വികനോദയാത്രയ്ക്കുു പോകുന്ന ബസ്സ്
ഒരു സാധാരണ ബസ്സല്ല.
ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിർക്കൈയുകൾ
അതിനിപ്പോൾ മുളച്ച
ചിറകുകളാണെന്നു തോന്നും
♦ കവിതയുടെ ആശയം
വിനോദയാത്രയ്ക്ക് പോകുന്ന ബസ്സിലെ കുട്ടികൾ ജനലിലൂടെ കൈ വീശുന്നു. അവർ പുതിയ കാഴ്ചകൾ കണ്ട് സന്തോഷിക്കുന്നു. ഇത് കാണുമ്പോൾ ബസ്സിന് ചിറകുകൾ വന്നതായി തോന്നുന്നു. ബസ്സിന്റെ ഇരുവശത്തുമുള്ള കുട്ടികളുടെ കൈകൾ ബസ്സിന്റെ ചിറകുകൾ പോലെയാണെന്ന് കവിതയിൽ പറയുന്നു.
♦ ബസ്സിനു ചിറകു മുളയ്ക്കുന്നുണ്ടല്ലോ, കവിതയിൽ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
വിനോദയാത്ര എന്നത് ഏറ്റവും സന്തോഷകരമായ ഒരു അനുഭവമാണ്. യാത്രകൾ സന്തോഷം നൽകുന്നു. വിനോദയാത്രയിൽ ബസ്സ് യാത്ര കുട്ടികൾക്ക് ഇഷ്ടമാണ്. ബസ്സിന്റെ ജനലിലൂടെ കുട്ടികൾ കൈ വീശുന്നു. ഇത് കാണുമ്പോൾ ബസ്സിന് ചിറകുകൾ ഉള്ളതായി തോന്നും. കുട്ടികളുടെ കൈകൾ ബസ്സിന്റെ ചിറകുകൾ പോലെയാണ് എന്ന് കവി പറയുന്നു. യാത്രയുടെ രസവും കുട്ടികളുടെ ഉത്സാഹവും ബസ്സിന്റെ വേഗതയും ചിറകുമുളച്ചു എന്ന പ്രയോഗത്തിലുണ്ട്.
♦ ചിറകുവിരിച്ച് ആകാശത്തുകൂടിപ്പോകുന്ന ബസ്സിൽനിന്ന് നോക്കിയാൽ കാണുന്ന കാഴ്ചകൾ എന്തെല്ലാമാകും?
ചിറകുകൾ വിരിച്ച് പറക്കുന്ന ബസ്സിൽനിന്ന് നോക്കിയാൽ ഭൂമി ഒരു വലിയ പച്ചപ്പുതപ്പ് പോലെ കാണപ്പെടും. അതിൽ വെള്ളിനൂലുകൾ പോലെ പുഴകളും തിളങ്ങുന്ന നീലക്കല്ലുകൾ പതിച്ചതുപോലെ കടലും കാണാം. കറുത്ത ചരടുകളിൽ
കോർത്ത മുത്തുകൾ പോലെ വാഹനങ്ങൾ നീങ്ങുന്നു. ആളുകൾ, ചെറിയ കളിപ്പാവകളെപ്പോലെ അവരുടെ ജോലികളിൽ മുഴുകിയിരിക്കുന്നു. കുട്ടികൾ അടുക്കിവച്ച വർണ്ണക്കട്ടികളെപ്പോലെ കെട്ടിടങ്ങൾ കാണപ്പെടുന്നു. ചിലപ്പോൾ, മേഘങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ ഭൂമി സ്വപ്നതുല്യമായ ഒരു ലോകം പോലെ തോന്നും. പച്ചപ്പ് മരതകമായി തിളങ്ങുകയും ജലാശയങ്ങൾ ഇന്ദ്രനീലമായി മിന്നുകയും ചെയ്യുന്നു. കാറ്റിൽ മരങ്ങൾ ഇളകുമ്പോൾ, പച്ചപ്പരവതാനിയിൽ തിരമാലകൾ ഉണ്ടാകുന്നതായി തോന്നും. സൂര്യരശ്മി പതിക്കുമ്പോൾ, ഭൂമി ഒരു സ്വർണ്ണനാണയം പോലെ തിളങ്ങുന്നു. വൈകുന്നേരങ്ങളിൽ ചുവപ്പും ഓറഞ്ചും കലർന്ന വെളിച്ചത്തിൽ ഭൂമിക്ക് ഒരു മാന്ത്രികഭംഗി കൈവരും. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് താഴെ ഭൂമി ഒരു വലിയ അത്ഭുതലോകമായി ശാന്തമായി കിടക്കുന്നു.
♦ കൈയും തലയും പുറത്തിടരുത്
♦ ചിറകുള്ള ബസ്സ് എന്ന കവിതയ്ക്ക് ചിത്രകാരൻ വരച്ച ചിത്രം കൂട്ടുകാർ ശ്രദ്ധിച്ചോ. ചിത്രത്തിലെ ബസ്സ് ആകാശത്തുകൂടി പറക്കുകയാണ്. കുട്ടികളോ?
കൈയും തലയും ബസ്സിന് പുറത്തേക്കിട്ട് കൈകൾ ചിറകുകൾ പോലെ വീശുകയാണ്.
♦ ബസ്സിൽ യഥാർത്ഥമായി യാത്ര ചെയ്യുമ്പോൾ കൈയും തലയും പുറത്തിടാമോ?
ഇല്ല. കൈയും തലയും പുറത്തിടരുതെന്ന് ബസ്സിൽ എല്ലാവരും കാണുംവിധം മുന്നറിയിപ്പ് എഴുതി വച്ചിട്ടുണ്ട്. കൈയും തലയും പുറത്തിട്ടാൽ എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളുമായോ വശങ്ങളിലുള്ള ഇലക്ട്രിക് പോസ്റ്റുകളുമായോ ഇടിച്ച് വലിയ അപകടങ്ങൾക്ക് കാരണമാകും.
♦ ചിത്രത്തിൽ കുട്ടികൾ കൈയും തലയും പുറത്തിടുന്നുണ്ട്. അത് ശരിയാണോ? എന്തുകൊണ്ട്?
വിനോദയാത്രയ്ക്ക് പോകുന്ന ബസ്സിന് ചിറകു മുളച്ചു എന്നത് ഒരു കവി ഭാവനയാണ്. ആ ഭാവനയെയാണ് ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്നത്. ഭാവനയിൽ നമുക്ക് നടക്കാത്തതായി ഒന്നുമില്ല. അതുകൊണ്ട് ചിത്രത്തിൽ അത് ശരിയാണ്.
♦ മണ്ണാങ്കട്ടയും കരിയിലയും
♦ ഇത് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും സൌഹൃദത്തിന്‍റെ കഥയാണ്, പരസ്പര സഹായത്തിന്‍റെ കഥയാണ്.
ഒരിക്കല്‍ ഒരു കരിയില കാറ്റത്ത് അങ്ങനെ പറന്നു നടക്കുകയായിരുന്നു. കാര്യം ഒരു പാട് സ്ഥലങ്ങളൊക്കെ കണ്ടുകൊണ്ടുള്ള ആ പറക്കല്‍ നല്ല രസമുള്ളതാണെങ്കിലും, തനിയെയുള്ള യാത്ര കരിയിലയ്ക്ക് വല്ലാതെ മടുത്തു. അപ്പോഴാണ് ഒരു മണ്ണാങ്കട്ട തനിയെ ഇരിക്കുന്നത് കരിയില കണ്ടത്. കരിയില വേഗം മണ്ണാങ്കട്ടയുടെ അടുത്തെത്തി. ഉടന്‍ തന്നെ അവര്‍ രണ്ടുപേരും കൂട്ടുകാരായി.
രണ്ടുപേരും കൂടി ഒരുമിച്ച് കാശിക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചു. രണ്ടാളും കാശിയെ പറ്റി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ കണ്ടിട്ടില്ല. ഒറ്റയ്ക്ക് പോകാന്‍ ഭയമായത് കൊണ്ട് ശ്രമിച്ചിട്ടുമില്ല. കാശി പുണ്യസ്ഥലമല്ലേ? എന്തായാലും രണ്ടു കൂട്ടുകാരും യാത്ര പുറപ്പെട്ടു. ഇടയ്ക്കൊക്കെ ഒന്നു വിശ്രമിച്ച്, കഥകള്‍ പറഞ്ഞ്, കളിച്ച് ചിരിച്ച് ഒരു അടിപൊളി യാത്ര.
കുറെ ദിവസം അങ്ങിനെ യാത്ര ചെയ്ത് സന്തോഷമായി കടന്നു പോയി. എന്നാലൊരു ദിവസം പെട്ടെന്ന് ശക്തമായ കാറ്റ് വീശാന്‍ തുടങ്ങി. കാറ്റിന്‍റെ ശക്തി കൂടാന്‍ തുടങ്ങിയതും കരിയില കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി. ഇനി രക്ഷയില്ല, എങ്ങോട്ടെന്നില്ലാതെ കരിയിലയെ കാറ്റ് പറത്തിക്കളയും. പക്ഷേ, മണ്ണാങ്കട്ട കരിയിലയുടെ രക്ഷക്കെത്തി. മണ്ണാങ്കട്ട വേഗം കരിയിലയുടെ മുകളില്‍ കയറി ഇരുന്നു.
കാറ്റ് നിന്നപ്പോള്‍ രണ്ടുപേരും വീണ്ടും യാത്ര തുടര്‍ന്നു. കുറെദൂരം എത്തിയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഇത്തവണ മണ്ണാങ്കട്ടയാണ് പേടിച്ചത്. മഴ കൊണ്ടാല്‍ മണ്ണാങ്കട്ട അലിഞ്ഞില്ലാതാവില്ലേ? കരിയില എന്തു ചെയ്തെന്നോ? ഉടനെ മണ്ണാങ്കട്ടയുടെ മുകളില്‍ കയറി ഒരു കുട പോലെ ഇരിപ്പായി. അങ്ങിനെ മണ്ണാങ്കട്ട രക്ഷപ്പെട്ടു.
മഴ തോര്‍ന്നപ്പോള്‍ വീണ്ടും അവര്‍ യാത്ര തുടങ്ങി. പിന്നേയും കുറെ ദൂരം ആടിപ്പാടി, രസിച്ച് അവര്‍ യാത്ര ചെയ്തു. പെട്ടെന്നാണ് കാറ്റ് വീശാന്‍ തുടങ്ങിയത്. കാറ്റ് ശക്തിയാര്‍ജ്ജിച്ചതോടെ മഴയും ഒപ്പമെത്തി. ഇപ്രാവശ്യം കൂട്ടുകാര്‍ക്ക് പരസ്പരം സഹായിക്കാന്‍ പറ്റിയില്ല. പാവം കരിയില കാറ്റത്ത് എങ്ങോട്ടോ പറന്നു പറന്നു പോയി. മണ്ണാങ്കട്ടയാകട്ടെ മഴയത്ത് അലിഞ്ഞ് ഇല്ലാതായി.
♦ മണ്ണാങ്കട്ടയും കരിയിലയും - ഒരു പാട്ട് പാടാം
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ് (2)
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ് (2)
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്
മാനത്തു തുരുതുരെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (2)
കരിയിലയപ്പോള്‍ മണ്ണാങ്കട്ടയില്‍
കയറിയിരുന്നു കുടയായി
കുടയായി - കുടയായി
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്
മാനം തെളിഞ്ഞു മഴ നിന്നു
മന്നിനെ നടുക്കുന്ന കാറ്റു വന്നു (2)
പേടിച്ചു വിറയ്ക്കും കരിയിലമേല്‍
പെട്ടെന്നു മണ്‍കട്ട കയറി നിന്നു
കയറി നിന്നു - കയറി നിന്നു
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്
കാറ്റും മാരിയും ആ സമയം
ചീറ്റിക്കൊണ്ടു കയര്‍ത്തു വന്നു (2)
മണ്ണാങ്കട്ടയലിഞ്ഞേ പോയ്
കരിയില കാറ്റത്തു പറന്നേ പോയ്
പറന്നേ പോയ് - പറന്നേ പോയ്
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ്
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്
♦ മുന്നറിയിപ്പ് - അക്കിത്തം അച്യുതൻ നമ്പൂതിരി
ലോകത്തെ ശരിയായ രീതിയിൽ കാണാൻ കഴിയാത്ത നമ്മുടെ പരിമിതികളെക്കുറിച്ചാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ 'മുന്നറിയിപ്പ്' എന്ന കവിതയിലൂടെ പറയുന്നത്.
♦ കവിതയുടെ ആശയം
ഓരോരുത്തരും ഒരു പ്രത്യേക വസ്തുവിന്റെ ബാഹ്യമായ രൂപം മാത്രം കാണുന്നതിനെക്കുറിച്ചാണ് കവിതയിൽ പറയുന്നത്. കാട് കാണാൻ പോകുന്ന ഒരാൾ മരങ്ങൾ മാത്രം കാണുന്നു. വനത്തിന്റെ വിശാലതയും ആഴവും മനസ്സിലാക്കുന്നില്ല. അതുപോലെ, കടൽ കാണാൻ പോയവൻ തിരമാലകൾ മാത്രം കാണുന്നു, അയാൾക്ക് മഹാസാഗരത്തിന്റെ അനന്തത ബോധ്യപ്പെടുന്നില്ല. വാരിക്കുഴി കാണാൻ പോയപ്പോൾ കൂറ്റൻ കിണറും, കപ്പൽ കാണാൻ പോയപ്പോൾ കൊട്ടാരം പോലുള്ള മണിമാളികയും കണ്ടുവെന്ന് കവി പറയുന്നു. ഈ വാഗ്‌ച്ചിത്രങ്ങളിലൂടെ, കാര്യങ്ങളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാതെ, പരിമിതമായ ചിന്തകൾക്കനുസരിച്ച് മാത്രം സ്വന്തം ലോകത്തെ വിലയിരുത്തുന്നവരുടെ കാഴ്ചപ്പാടിനെ കവി പരിഹസിക്കുന്നു.
♦ പാഠപുസ്തകത്തിലെപ്രവർത്തനങ്ങൾ
♦ കവിത താളത്തിൽ ചൊല്ലു.
♦ "കാണണമെന്നു വിചാരിക്കുന്നതു
കാണാൻ ചെന്നാൽ കാണില്ല!'
കവി ഇങ്ങനെ പറയാൻ കാരണമെന്താവും? ചിത്രം കൂടി പരിശോധിച്ച് പറയൂ.
കാണണമെന്ന് വിചാരിക്കുന്നത് കാണാൻ ചെന്നാൽ കാണില്ല എന്ന് കവി പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ്. ഇതിന് കാരണം നമ്മുടെ ഇടുങ്ങിയ കാഴ്ചപ്പാടാണ്. നമ്മൾ ഒരു പ്രത്യേക ചിന്തയുമായി ഒരു വസ്തുവിനെ സമീപിക്കുമ്പോൾ, നമ്മുടെ ശ്രദ്ധ ആ ചിന്തയിൽ മാത്രം ഒതുങ്ങിപ്പോകുന്നു. തന്മൂലം ആ വസ്തുവിന്റെ മറ്റ് പ്രധാനപ്പെട്ടതും മനോഹരമായതുമായ പല കാര്യങ്ങളും നമ്മൾ കാണാതെ പോകുന്നു. ഉദാഹരണത്തിന് വനം കാണാൻ ചെല്ലുന്ന ഒരാൾ അവിടെ ഉയരമുള്ള മരങ്ങൾ മാത്രമേ ശ്രദ്ധിക്കൂ. അവൻ ആ വനത്തിലെ ചെറുചെടികൾ, പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ, മണ്ണിന്റെ ഘടന, ഇലകളുടെ മർമ്മരം എന്നിങ്ങനെയുള്ള മറ്റ് മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമൊന്നും ശ്രദ്ധിക്കില്ല. അവന്റെ മനസ്സിൽ മരങ്ങൾ എന്ന ചിന്ത മാത്രം നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. കവിതയോടൊപ്പം നൽകിയ ചിത്രം നമ്മുടെ കാഴ്ചയുടെ പരിമിതിയെ ആവിഷ്ക്കരിക്കുന്നു.
കാണാമെന്ന് വിചാരിക്കുന്നത് കാണാൻ ചെന്നാൽ കാണില്ല. എന്ന കവിവാക്യം അന്വർത്ഥമാക്കുന്ന ചിത്രങ്ങളാണ് കവിതയോടൊപ്പമുള്ളത്. ചിത്രത്തിലെ മരത്തിനു കീഴിലുള്ള ആകാശം മാത്രം കാണുന്ന ആൾ അതിലെ കരടിയെയോ കുരങ്ങനെയോ കാണുന്നില്ല. താഴെ മുയലിനെ കാണുന്നയാൾ ആ രൂപത്തിൽ ഒളിഞ്ഞിരിക്കുന്ന താറാവിനെ കാണുന്നില്ല. ഈ ചിത്രീകരണങ്ങളെല്ലാം കവി പറയുന്ന ആശയത്തെ ശരി വയ്ക്കുന്നു. നമ്മൾ ഒരു പ്രത്യേക കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ചുറ്റുമുള്ള ലോകത്തിന്റെ വിശാലതയും സൗന്ദര്യവുമാണ്.
♦ കാഴ്ചകൾ കാണാൻ പോകുന്നവർക്ക് കവി നൽകുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണ്?
ചിന്തകൾ വിശാലമാകുമ്പോഴാണ് കാഴ്ചകൾ വലുതാകുന്നത്. ആകാശത്തേക്ക്
നോക്കുമ്പോൾ മേഘങ്ങൾ മാത്രമല്ല പറക്കുന്ന പക്ഷികൾ, നക്ഷത്രങ്ങൾ, മേഘങ്ങളുടെ മാറുന്ന രൂപങ്ങൾ എന്നിവയെല്ലാം കാണാൻ കഴിയും. വനത്തിൽ പോകുമ്പോൾ മരങ്ങൾ മാത്രമല്ല അവിടെയുള്ള മൃഗങ്ങൾ, പക്ഷികൾ, ചെറുപ്രാണികൾ തുടങ്ങി എല്ലാ ജീവജാലങ്ങളെയും കാണാനും കാടിനെ അനുഭവിക്കാനും കഴിയും. അതുകൊണ്ട്, ഒരു വസ്തുവിനെ പൂർണ്ണമായി മനസ്സിലാക്കാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനും നമ്മുടെ ചിന്തകൾ വിശാലമാകണം. മുൻധാരണകളില്ലാതെ തുറന്ന മനസ്സോടെ നോക്കുമ്പോഴാണ് നമുക്ക് യഥാർത്ഥ കാഴ്ചകൾ കാണാൻ സാധിക്കുക.
♦ സൈക്കിളുചവിട്ടാൻ
♦ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
♦ കവിത താളമിട്ടു ചൊല്ലു.
♦ നിലാവുകൊള്ളാൻ ഭൂമിയിലിരുന്നാൽപ്പോരെ? പിന്നെന്തിനാണ് കുട്ടി ചന്ദ്രനിലേക്ക് പോകാൻ കൊതിക്കുന്നത് ?
അമ്മ പറഞ്ഞ കഥകളിൽ കേട്ടിട്ടുള്ള ചന്ദ്രന്റെ പാൽനിലാവ് മതിയാവോളം കോരിക്കുടിക്കാമെന്ന് കരുതിയാണ് കുട്ടി ചന്ദ്രനിലേക്ക് പോകാൻ കൊതിക്കുന്നത്.
♦ മൈക്കിളുചേട്ടൻ മറ്റെന്തൊക്കെ തടസ്സങ്ങൾ പറയാനാണ് സാധ്യത?
കുട്ടിയുടെ മറുപടിയെന്തായിരിക്കും? താളത്തിൽ പറയൂ.
മൈക്കിളുചേട്ടൻ : അരുതെട കുഞ്ഞേ ചെറുതല്ലേ നീയ്യ്
തനിച്ചങ്ങ് പോയാൽ മടുത്തങ്ങു പോകും
കുട്ടി: അറിയില്ലേ ചേട്ടാ ഞാൻ
വലുതായി തനിച്ചെല്ലാം ചെയ്യും
തലകുത്തീം നിൽക്കും
മൈക്കിളുചേട്ടൻ : മറിഞ്ഞങ്ങു വീണാൽ
തല പൊട്ടും ചെക്കാ
മനക്കോട്ടയെല്ലാം
മണ്ണിതിൽ പോരെ?
കുട്ടി: മാനത്ത് വീണാൽ തലയെങ്ങിനിടിക്കും
മാനത്ത് കല്ലും മണ്ണുമില്ലല്ലോ
♦ ഭൂമിയിലെത്തിയ ചന്ദ്രൻ സൈക്കിൾ സവാരിയിൽ കണ്ട കാഴ്ചകൾ എന്തെല്ലാമായിരിക്കും?
കളകളം പാടിയൊഴുകുന്ന നദികൾ, തലയുയർത്തി നിൽക്കുന്ന മലകൾ, പച്ചപ്പുൽമേടുകൾ, നൃത്തം ചെയ്യുന്ന മയിൽപ്പേടകൾ, തിരമാലകൾ വീശിയടിക്കുന്ന കടലുകൾ, കാറ്റത്തിളകിയാടുന്ന തെങ്ങിൻ കൂട്ടങ്ങൾ, പച്ചവിരിച്ച പാടങ്ങൾ, നഗരത്തിരക്കിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ എന്നിവയെല്ലാമാണ് ഭൂമിയിലെത്തിയ ചന്ദ്രൻ സൈക്കിൾ സവാരിയിൽ കണ്ട കാഴ്ചകൾ.
♦ ചന്ദ്രനിലേക്കുള്ള സൈക്കിൾ യാത്രയിൽ കുട്ടി കണ്ട കാഴ്ചകൾ എഴുതൂ. ചന്ദ്രനിലേക്കുള്ള യാത്രയിൽ പാറിപ്പറക്കുന്ന പക്ഷികളെ കൈയെത്തും ദൂരത്ത് കണ്ടു. തെങ്ങിന്റെ തുഞ്ചത്ത് വച്ചിട്ടുള്ള പൂവാലൻ അണ്ണാന്റെ കൂടും കൂട്ടിൽക്കിടന്നുറങ്ങുന്ന രോമം കിളിർക്കാത്ത കുഞ്ഞുങ്ങളെയും കണ്ടു. മേഘങ്ങൾ മൂക്കിന്റെ തുമ്പത്ത് തൊട്ടുരുമ്മി കടന്നു പോയി.
♦ സൈക്കിൾ ചവിട്ടി ചന്ദ്രനെക്കാണാൻ പോയ കുട്ടിയെ നിങ്ങൾ പരിചയപ്പെട്ടില്ലേ. ചന്ദ്രനെ കാണാൻ പോയി തിരികെയെത്തിയ ദിവസം കുട്ടി എഴുതാൻ ഇടയുള്ള ഡയറി തയ്യാറാക്കൂ.
തീയതി
ഇന്ന് എനിക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. ഞാൻ ഒരു യാത്ര പോയി. മൈക്കിളുചേട്ടന്റെ കടയിൽനിന്ന് സൈക്കിൾ വാടകയ്ക്ക് എടുത്താണ് പോയത്. അങ്ങ് ദൂരെ ചന്ദ്രന്റെ അടുത്തേക്കായിരുന്നു യാത്ര. നല്ല രസമായിരുന്നു. തെങ്ങിൻമുകളിലൂടെ പറന്ന് ആറ്റക്കിളിയുടെ കൂടും കണ്ട് തത്തമ്മയോട് വർത്തമാനം പറഞ്ഞ് ഞാൻ സൈക്കിളിൽ പറന്നു. അങ്ങനെ പറന്നുപറന്ന് മേഘങ്ങൾക്കരികിലെത്തി. അപ്പോൾ സമയം സന്ധ്യയാകാറായിരുന്നു. ചന്ദ്രൻ പുഞ്ചിരി തൂകി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. സൈക്കിൾ മാറ്റിവച്ച് ഞാനും ചന്ദ്രനൊപ്പം മേഘത്തിലിരുന്നു. എന്തൊരു തണുപ്പായിരുന്നു അവിടെയൊക്കെ. ഭൂമിയിലെ കാഴ്ചകളെക്കുറിച്ചു പറഞ്ഞപ്പോൾ ചന്ദ്രന് ഭൂമി കാണാൻ കൊതിയായി. എന്റെയൊപ്പം ഭൂമിയിലേക്ക് വരണമെന്ന് ചന്ദ്രൻ വാശിപിടിച്ചു. ഒടുവിൽ ഞാനും ചന്ദ്രനും രാത്രിയിൽത്തന്നെ ഭൂമിയിലെത്തി. ചന്ദ്രനെ എന്റെ സൈക്കിളിനു പിന്നിലിരുത്തി ഞാൻ നാട്ടിലൂടെയെല്ലാം സഞ്ചരിച്ചു. പുഴകളും കുളങ്ങളും വയലും കുന്നും പൂക്കളുമെല്ലാം കാണിച്ചുകൊടുത്തു. നേരം പുലരാറായപ്പോഴാണ് ചന്ദ്രൻ തിരിച്ച് മാനത്തേക്ക് പോയത്.
♦ ചേർത്തെഴുതാം
അമ്പിളി + തോണി - അമ്പിളിത്തോണി
വാങ്ങി + ആണ് - വാങ്ങിയാണ്
കണ്ടിട്ട് + ഉണ്ട് - കണ്ടിട്ടുണ്ട്
മേഘം + ഇൽ - മേഘത്തിൽ
താളത്തിൽ + ഓടി - താളത്തിലോടി
♦ പിരിച്ചെഴുതാം
മാനത്തെ - മാനം + എ
അങ്ങനെയാട്ടെ - അങ്ങനെ + ആട്ടെ
ഇനിയെന്ത് - ഇനി + എന്ത്
കടയിൽ - കട + ഇൽ
എന്നാലെടുത്തോ - എന്നാൽ + എടുത്തോ
പയ്യനിരിക്കുന്നു - പയ്യൻ + ഇരിക്കുന്നു
നീളത്തിലോടി - നീളത്തിൽ + ഓടി
♦ ഹലോ... ഉറക്കെപ്പാടൂ
ആബിദക്കുട്ടിയുടെയും അവളുടെ പ്രിയപ്പെട്ട കുഞ്ഞനുജനായ പട്ടൂസ് എന്ന പട്ടത്തിന്റെയും കഥയാണ് “ഹലോ.. ഉറക്കെപ്പാടൂ". ആബിദയോട് അനുസരണക്കേട് കാണിച്ച് ഉയരത്തിൽ പറന്ന വികൃതിക്കാരനായ പട്ടൂസ്, ചരട് പൊട്ടി കാറ്റിൽ പറന്നു പൊങ്ങി. കുറ്റാക്കുറ്റിരുട്ടിൽ പേടിച്ചു വിറച്ച അവനെ അമ്പിളിമാമൻ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു. മേടക്കാറ്റിന്റെ കൈകളിൽ ഏൽപ്പിച്ച് സുരക്ഷിതമായി അവനെ ആബിദയുടെ വീട്ടിലെത്തിച്ചു. ആ കഥയാണ് പാഠഭാഗം.
♦ ചോദ്യങ്ങളും ഉത്തരങ്ങളും
♦ പട്ടൂസും ആബിദയും വളരെ സ്നേഹത്തിലാണ്. ഇതെങ്ങനെയാണ് കഥയിൽനിന്നും മനസ്സിലായത് ?
പട്ടൂസിനെ ഉണ്ടാക്കിയത് ആബിദയാണ്. മുറിക്കുമ്പോൾ അവൾ പതുക്കെ പറഞ്ഞു. 'ഇത്താത്തയുടെ കുട്ടനല്ലേ, കരയണ്ടട്ടോ'. പട്ടംമുകളിലേക്ക് പോകുമ്പോൾ ആബിദയ്ക്ക് പേടിയായി. നൂലിൽ പിടിച്ച് അവൾ കൊഞ്ചിച്ചു, “എന്റെ പൊന്നല്ലേ?'' ചരട് പൊട്ടിയപ്പോൾ പട്ടൂസ് ഒറ്റയ്ക്കായി. അമ്പിളിമാമൻ അവനെ ചേർത്തുപിടിച്ചു. അപ്പോഴും പട്ടൂസ് ഇത്താത്തയെ കാണണം എന്നുപറഞ്ഞ് കരച്ചിലായിരുന്നു. ഇതെല്ലാം കാണിക്കുന്നത് അവർ തമ്മിൽ ഒരുപാട് സ്നേഹമുണ്ടായിരുന്നു എന്നാണ്.
♦ ആദ്യമായി പറന്നത് ആരാണ്?
പട്ടൂസ്
♦ പട്ടൂസിനെ പിടിച്ചുവലിച്ചത് ആരാണ്?
ആബിദ
♦ ആബിദ പട്ടൂസിനെ ഉണ്ടാക്കിയത് എന്തുകൊണ്ടാണ്?
വർണക്കടലാസുകൊണ്ട്
♦ പട്ടൂസ് പറന്ന് മുകളിലേക്ക് പോയാൽ എന്തു സംഭവിക്കും?
ജലദോഷം പിടിക്കും.
♦ അതിരില്ലാത്തത് എന്തിനാണ്?
ആകാശത്തിന്
♦ ആരുമായാണ് പട്ടൂസ് പന്തയപ്പറക്കൽ നടത്തിയത്?
പരുന്തുമായി
♦ പട്ടൂസ് ആബിദയോട് കെഞ്ചിയത് എന്തിനാണ്?
നൂലിൽനിന്നും പിടിവിടാൻ
♦ 'അയ്യോ പാവം എന്റെ പട്ടൂസ്!' ആബിദക്കുട്ടി നിലവിളിക്കാൻ കാരണമെന്തായിരുന്നു?
പട്ടൂസിന്റെ നൂല് പൊട്ടിപ്പോയി
♦ എന്ത് കേട്ടപ്പോഴാണ് 'അയ്യോ ഇനി എന്ത് ചെയ്യും' എന്ന് പട്ടൂസ് പറഞ്ഞത് ?
ചരട് പൊട്ടി കുറ്റാക്കുറ്റിരുട്ടിൽ അകപ്പെട്ട പട്ടൂസ് നൂൽഫോണെടുത്ത് ആബിദയെ വിളിച്ചപ്പോൾ 'ഈ റൂട്ടിലുള്ള എല്ലാ ലൈനുകളും ഇപ്പോൾ തകരാറിലാണ്, കുറച്ചുകഴിഞ്ഞു വീണ്ടും വിളിക്കൂ' എന്ന മറുപടി കേട്ടപ്പോഴാണ് പട്ടൂസ് 'അയ്യോ ഇനിയെന്ത് ചെയ്യും'എന്നുപറഞ്ഞത്.
♦ എന്തിനാ മോനെ കരയുന്നത് എന്ന് ആരാണ് പട്ടൂസിനോട് ചോദിച്ചത് ? അമ്പിളിമാമൻ
♦ പട്ടൂസിനെ ആബിദയുടെ അടുത്തെത്തിക്കാൻ അമ്പിളിമാമൻ ആരുടെ സഹായമാണ് തേടിയത്?
മേടക്കാറ്റിന്റെ
♦ മേടക്കാറ്റിന്റെ ചെവിയിൽ എന്താണ് പട്ടൂസ് സ്വകാര്യം പറഞ്ഞത്?
'എനിക്കൊരു പാട്ടു പാടിത്തരാമോ' എന്ന സ്വകാര്യമാണ് പട്ടൂസ് മേടക്കാറ്റിന്റെ ചെവിയിൽ പറഞ്ഞത്.
♦ മേടക്കാറ്റ് പാടിയ പാട്ടിന്റെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു?
മധുരമൂറുന്ന പാട്ടായിരുന്നു അത്. മഞ്ഞിന്റെ നനവും കാറ്റിന്റെ കുളിരും പാട്ടിനുണ്ടായിരുന്നു.
♦ ഉറങ്ങുന്ന പട്ടൂസിനെ മേടക്കാറ്റ് എന്തു ചെയ്തു?
ഉറങ്ങുന്ന ആബിദയുടെ അടുത്ത് പട്ടൂസിനെ കിടത്തി.
♦ ഈ പാഠത്തിന് മറ്റൊരു തലക്കെട്ട് നൽകൂ.
ആബിദക്കുട്ടിയും പട്ടൂസും.
♦ മേടക്കാറ്റ്
മേടം ഒരു മലയാളമാസമാണ്. മേടമാസത്തിലെ കാറ്റാണ് മേടക്കാറ്റ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണ് മറ്റ് മലയാള മാസങ്ങൾ. മീനമാസത്തിലെ ചൂടിന് മീനച്ചൂട് എന്നും ഇടവത്തിൽ പെയ്യുന്ന മഴയ്ക്ക് ഇടവമഴ എന്നും തുലാമാസത്തിൽ പെയ്യുന്ന മഴയ്ക്ക്
തുലാവർഷം എന്നും വൃശ്ചികത്തിലെ തണുപ്പുള്ള കാറ്റിന് വ്യശ്ചികക്കാറ്റ് എന്നുമൊക്കെ പറയാറുണ്ട്. മലയാളമാസവുമായി ബന്ധപ്പെടുത്തിയുള്ള ചില പ്രയോഗങ്ങളാണ് ഇവയൊക്കെ.
♦ എന്തൊക്കെ പുതിയ വാക്കുകളും പ്രയോഗങ്ങളുമാണ് കഥയിൽനിന്ന് കണ്ടെത്തിയത്?
പുതിയ പദങ്ങൾ
നീരസം - ദേഷ്യം
പച്ചീർക്കിൽ - പച്ച ഈർക്കിലി
ഹരം - സന്തോഷം, ആവേശം
പരിഭ്രമം - പേടി, ഭയം
മേട് - താഴ്‌വര
ഉന്മാദം - സന്തോഷം

0 Comments