Kerala Syllabus Class 6 കേരളപാഠാവലി Unit 01 അമൃതം നുകരാം - Chapter 02 - ചട്ടിപ്പത്തിരി - ചോദ്യോത്തരങ്ങൾ | Teaching Manual 


Class 6 കേരള പാഠാവലി (അമൃതം നുകരാം) ചട്ടിപ്പത്തിരി - ചോദ്യോത്തരങ്ങൾ | Teaching Manual. ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ചട്ടിപ്പത്തിരി - പി എ മുഹമ്മദ് കോയ.
♦ പി എ മുഹമ്മദ് കോയ.
മലയാളത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു പി എ മുഹമ്മദ് കോയ. കോഴിക്കോട് നഗരത്തിലെ മിനിക്കിന്റകത്ത് അഹമ്മദ് കോയ മുല്ലയുടെയും പൊന്‍മാണിച്ചിന്റകത്ത് കദീശബിയുടെയും മകനായി 1922 ആഗസ്റ്റ് 10 ന് ജനിച്ചു. ഹാരിസ് , മുഷ്താഖ് എന്നീ തൂലികാനാമങ്ങളിൽ സ്പോർട്സ് ലേഖനങ്ങൾ എഴുതിക്കൊണ്ടാണ് മുഹമ്മദ്കോയ സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സ്പോർട്സുമായി ബന്ധപ്പെട്ട കഥകൾ എഴുതി. കഥകളും നോവലുകളുമായി അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾ നിരവധിയാണ്.
'സുല്‍ത്താന്‍ വീട്' എന്ന കൃതിയാണ് പി എ മുഹമ്മദ് കോയയെ പ്രശസ്തനാക്കിയത്. സുല്‍ത്താന്‍ വീട് കൂടാതെ അഭിലാഷം, സ്‌പോര്‍ട്‌സ്‌മേന്‍, ദ്വീപുകാരന്‍, സുറുമയിട്ട കണ്ണുകള്‍, ടാക്‌സി എന്നിവയാണ് പി എ മുഹമ്മദ് കോയയുടെ പ്രധാന കൃതികള്‍.

വായിക്കാം പറയാം
♦ അടുക്കളയിൽ ചട്ടിപ്പത്തിരിയുണ്ടാക്കാൻ ഉപയോഗിക്കുന്ന കുറേ ഉപകരണങ്ങളുണ്ട്. ഏതെല്ലാമാണവ?
മുട്ടിപ്പല, വട്ടപ്പല, പത്തിരിക്കുഴൽ, കയിൽ, ഉറി ഇവയൊക്കെയാണ് പ്രധാനപ്പെട്ട ഉപകരണങ്ങൾ. പലതരത്തിലുള്ള പാത്രങ്ങളായ പിഞ്ഞാണം, സാൻ, ചെമ്പ്, കാസ, വട്ടച്ചെമ്പ്, മുടി, തകരപ്പാട്ട ഇവയും ഉപയോഗിക്കുന്നു.
എരിശ്ശേരി ഉണ്ടാക്കുന്ന വിധമാണ് ദേവകി നിലയങ്ങോട് പറയുന്നത്. എങ്കിലും അത് ഒരു പാചകക്കുറിപ്പ് മാത്രമല്ല.

♦ ''ഏറെ കുട്ടികളുള്ള പുരയാണ്. കുട്ടികളുടെ കൈകൾ എല്ലായിടത്തും എത്തും''. ഇങ്ങനെ പറഞ്ഞത് ഏതു സന്ദർഭത്തിലാണ്? ഇങ്ങനെ പറയാൻ കാരണമെന്ത്? 
അത്യമാൻ പിയ്യാപ്പിള ചട്ടിപ്പത്തിരി ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ വരുത്തിച്ചിരുന്നു. വാങ്ങിയ സാധനങ്ങളെല്ലാം അവിടെത്തന്നെയുണ്ടോ
എന്നു നോക്കുന്നതാണ് സന്ദർഭം.
ഏറെ കുട്ടികളുള്ള വീടാണ്. കുട്ടികൾക്ക് ഇഷ്ടമുളള സാധനങ്ങൾ ആയതിനാൽ അവർ അതൊക്കെ എടുത്തു കഴിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് എണ്ണം നോക്കണമെന്ന് അവർ തീരുമാനിച്ചത്.

♦ 'ഞാൻ മരിച്ചപോലെ മറന്ന്വോയി'. ഈ വാക്യം അർത്ഥമാക്കുന്നതെന്ത്?
"പാലും പഞ്ചാരേം കലക്കിബെച്ചോ' എന്ന് ബിച്ചായിശേയിത്താത്ത മകളായ കൽമേയിയോട് ചോദിച്ചപ്പോഴാണ് അവരിങ്ങനെ പറഞ്ഞത്. ചെയ്യേണ്ട കാര്യം തീരെ ഓർക്കാത്ത വിധം മറന്നുപോയി എന്നാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. മരിച്ചുകഴിഞ്ഞാൽ പിന്നെ ഒന്നും ഓർമയിൽ ഉണ്ടാകില്ലല്ലോ. അതുപോലെയായിരുന്നു തന്റെ മറവി എന്നാണ് കൽമേയി പറഞ്ഞത്.

♦ "എന്താ ജനിച്ചിട്ട് ചട്ടിപ്പത്തിരി കാണാത്തതല്ലേ? ഹല്ല പിന്നെ!" ആരാണിങ്ങനെ പറഞ്ഞത്? എപ്പോൾ?
ബിച്ചായിശേയിത്താത്തയാണ് ഇങ്ങനെ പറഞ്ഞത്. പലഹാരം ആയോ എന്ന് കൽമേയിയുടെ മകൻ അബു ചോദിച്ചപ്പോൾ ഇത് നിങ്ങൾക്കുള്ളതല്ല വേറൊരിടത്ത് കൊടുക്കാനാണ് എന്നാണ് ബിച്ചായിശേയിത്താത്ത മറുപടി പറഞ്ഞത്. 'അപ്പം ഞമ്മക്കില്ല, അല്ലേ?' എന്ന് അബു വീണ്ടും ചോദിച്ചപ്പോഴാണ് എന്താ ജനിച്ചിട്ട് ചട്ടിപ്പത്തിരി കാണാത്തതല്ലേയെന്ന് ബിച്ചായിശേയിത്താത്ത ദേഷ്യത്തോടെ പറഞ്ഞത്.

♦ "ബിച്ചായിശേയിത്താത്ത അതു കേട്ടില്ല. അതെന്നല്ല ലോകത്തിലെ മറ്റൊരൊച്ചയും കേട്ടില്ല''. എന്താവും കാരണം? 
ചട്ടിപത്തിരി തയ്യാറായോ എന്ന് കുട്ടികളും മറ്റും അന്വേഷിക്കുന്നുണ്ട്. പക്ഷേ, ബിച്ചായിശേയിത്താത്തയുടെ കണ്ണും കൽബും ആത്മാവും ഒക്കെ ചെമ്പിനകത്തു രൂപം പ്രാപിച്ചു വരുന്ന ചട്ടിപ്പത്തിരിയുടെ സൃഷ്ടികർമ്മത്തിൽ ലയിച്ചു നിൽക്കുന്നു. ഏതോ വിരുന്നുകാർക്ക് നൽകേണ്ട വിഭവമായതിനാൽ അതിനു യാതൊരുവിധ പാകപ്പിഴവും വരരുതേയെന്ന പ്രാർത്ഥനയിലാണവർ. ഏകാഗ്രതയോടെ ചട്ടിപ്പത്തിരി ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നതുകൊണ്ടാണ് അവർ മറ്റൊന്നും കേൾക്കാതിരുന്നത്.

♦ ''പലഹാരങ്ങളുടെ താജ് പണിത ആ കൈകൾക്ക് ആശ്വാസം തോന്നി'' എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? ഇവിടെ താജ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെ?
എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ചട്ടിപത്തിരി അടുപ്പത്ത് വെച്ചു. ഇനി ഇത്തിരി വിശ്രമിക്കാമെന്ന് ബിച്ചായിശേയിത്താത്തയ്ക്ക് തോന്നി. അതുകൊണ്ടാണ് ആശ്വാസം തോന്നി എന്നു പറഞ്ഞിരിക്കുന്നത്.
ഓരോ തോലിലും കസ്കസും കിസ്മിസും കുഴച്ച് പണ്ടം നിരത്തി അതിനുമുകളിൽ പഞ്ചസാരയും ഏലത്തിരിയും പനിനീരും ചേർത്ത് കലക്കി അടിച്ചുവെച്ച കോഴിമുട്ടക്കൊഴുപ്പിൽ നിന്നും കുറച്ചെടുത്ത് ഒഴിക്കുന്നു. തോലിന്റെ എല്ലാഭാഗത്തും എത്തിയാൽ അടുത്ത തോലെടുത്ത് വെച്ച് ഇതേ പോലെ ചെയ്യുന്നു. അങ്ങനെ ഇരുപത് തോലിലും ഇതേ പ്രകാരത്തിൽ ചെയ്തു. ഒന്നിനുമുകളിൽ ഒന്നായി ഇരുപതുതോലുകളും ചേർത്തു പണിത ഒരു പലഹാരമായതിനാലാണ് ചട്ടിപ്പത്തിരിയെ പലഹാരങ്ങളുടെ താജ് എന്ന് വിശേഷി പിച്ചിരിക്കുന്നത്.

♦ നാടൻ പദങ്ങളും പ്രയോഗങ്ങളും
♦ റാത്തൽ, സേർ, പൊതിരുക, തെരത്തു പോകുക, മറതി... ഇങ്ങനെ ഒട്ടേറെ നാട്ടുഭാഷാപദങ്ങൾ ഈ പാഠഭാഗത്തുണ്ട്. പാഠഭാഗത്തെ ഇത്തരം പദങ്ങളും അവയുടെ അർത്ഥവും കണ്ടെത്തി ചാർട്ടിലെഴുതി ക്ലാസ്സിൽ പ്രദർശിപ്പിക്കുക.
♦ നാടൻപദങ്ങൾ - അർത്ഥം
• സാമാനങ്ങൾ - സാധനങ്ങൾ
• റാത്തൽ - പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഒരു തൂക്കം (അളവ്). ഒരു റാത്തൽ 454 ഗ്രാം
• കോതമ്പപ്പൊടി - ഗോതമ്പുപൊടി
• ഏലത്തിരി - ഏലക്കായ
• കാൽക്കുപ്പി - ഒരു കുപ്പിയുടെ കാൽഭാഗം
സേർ - ഒരു അളവ്, നാല് നാഴിയാണ് ഒരു സേർ
• പയ്യുമ്പാല് - പശുവിൻ പാൽ
• ഉറി - ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് കയറുകൊണ്ടും മറ്റും ഉണ്ടാക്കി കെട്ടിത്തൂക്കുന്ന ഗൃഹോപകരണം
• പിഞ്ഞാണം - പ്ലേറ്റ്
• സാൻ - പരന്ന പാത്രം
• പഞ്ചാര - പഞ്ചസാര
• ആസ്സ - കടകോൽ പോലെ ഉപയോഗിക്കാവുന്ന ഒരുപകരണം
• മുട്ടിപ്പല - കനമുള്ള മരപ്പലക 
• കൊയലിമ്മല് - പത്തിരിക്കുഴലിന്റെ മേലെ 
• ഓട് - പത്തിരി ചൂടാക്കുന്ന ലോഹത്തട്ട് 
• നേർമ്മയിൽ - നേർത്തത് 
• ചെനമ്പം - കുറച്ചുകൂടി 
• അച്ചെമ്പ് - ആ ചെമ്പ് 
• കയിൽക്കണ - തവിയുടെ കോൽ 
• കണക്കാണ് - ശരിയാണ് 
• മറതി - മറവി
• ഞാന്തന്നെ - ഞാൻ തന്നെ 
• മോന്തി - സന്ധ്യ 
• പണ്ടം - കിസ്മിസും നുറുക്കിയ ബദാമും കസ്കസും എല്ലാം കൂട്ടിക്കുഴച്ചത്
• കോളായോ - പലഹാരമായോ
• ബാട്ടിയ - വാട്ടിയ 
• തോൽ - ഗോതമ്പുമാവ് നേർമയായി പരത്തിയത് 
• കാസ - വട്ടപ്പാത്രം
• കോള് - പലഹാരം
• ഒരുത്തീല് - ഒരിടത്ത്
• ഈറ - ദേഷ്യം
• ചെമ്പിൻ മുട്ടിൽ - ചെമ്പിനരികിൽ
• ങ്ങളെല്ലാരുംകൂടി - നിങ്ങളെല്ലാവരുംകൂടി
• കണ്ടം - കഷണം
• ഇഞ്ഞി - ഇനി
തെഹച്ചും - തികച്ചും
• കയ്യാക്കം - കൈസഹായം
 മൂപ്പത്തി - നേതാവ്
• ബറാബർ - തുല്യം, അതു മതിയാവും എന്ന അർത്ഥത്തിൽ
• ബെത്തിലടക്ക - വെറ്റിലയും അടക്കയും

♦ ക്രിയാപദങ്ങൾ
• തെരത്തുപോവുക ചീത്തയായിപ്പോവുക
• കൊണ്ടാന്ന്ക്ക്ണ് - കൊണ്ടുവന്നിട്ടുണ്ട്
• ബെച്ച്ക്ക്ണ് - വെച്ചിട്ടുണ്ട്
• കൊയച്ചത് - കുഴച്ചത്
ഒട്ടുപ്പില്ല - ഒട്ടിപ്പിടിക്കുന്നില്ല
• ബാട്ടിയെടുക്കൽ - വാട്ടിയെടുക്കുക
• കണക്കാണ് - ശരിയാണ്
• മരിച്ചപോലെ മറന്ന്വോയി - ഓർമ്മയില്ലാത്ത വിധം മറന്നുപോയി
• ബെച്ചാലോ - വച്ചാലോ 
• പടിക്കണ്ടേ - പഠിക്കണ്ടേ
• ഉമ്മണ്ടാവോ? - ഉമ്മയുണ്ടാവുമോ?
• തലപ്പിരാന്തെടുപ്പിക്കാണ്ട് - ഭ്രാന്തെടുപ്പിക്കരുത്, ബുദ്ധിമുട്ടിക്കരുത്
• ഞമ്മക്കില്ല - ഞങ്ങൾക്കില
• പണിയെടുക്കാമ്മന്നാല് - പണിയെടുക്കാൻ വന്നാൽ
• പാർന്നു - ഒഴിച്ചു 

♦ താജ് പണിയുന്ന താത്ത
♦ പലഹാരങ്ങളുടെ താജ് പണിയുന്ന ബിച്ചായിശേയിത്താത്തയെ ഈ കഥ വായിക്കാത്ത കൂട്ടുകാർക്ക് പരിചയപ്പെടുന്നതിനായി ഒരു കത്തെഴുതു
സ്ഥലം  
തീയതി 
പ്രിയ ആമിന 
നങ്ങളുടെ സ്കൂൾ തുറന്നോ? നീ മുംബൈയിൽ പോയതിനു ശേഷം എനിക്കൊരു രസവുമില്ല. എന്റെ മലയാളം പുസ്തകത്തിലെ ഒരു പാഠഭാഗത്തെക്കുറിച്ച് നിന്നെ അറിയിക്കാനാണ് ഈ കത്ത്. പി. എ. മുഹമ്മദ്കോയ എഴുതിയ ഒരു നോവലാണ് 'സുൽത്താൻ വീട്. ആ നോവലിലെ ഒരു ഭാഗമാണ് ചട്ടിപ്പത്തിരി എന്ന പാഠഭാഗം. കോഴിക്കോടൻ ഭാഷയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. ഒരുദിവസം സുൽത്താൻ വീട്ടിൽ വിരുന്നുകാർക്ക് നൽകാനായി ചട്ടിപ്പത്തിരി ഉണ്ടാക്കുകയാണ്. ആ വീട്ടിലെ മുതിർന്ന അംഗമായ ബിച്ചായിശേയിത്താത്തയുടെ നേതൃത്വത്തിലാണ് പത്തിരി ഉണ്ടാക്കുന്നത്. വളരെയധികം സമയമെടുത്തും ശ്രദ്ധയോടും കൂടിയാണ് ഈ പലഹാരമുണ്ടാക്കുന്നത്. ബിച്ചായിശേയിത്താത്ത, അവരുടെ മക്കൾ, പേരക്കുട്ടികൾ എന്നിവരെല്ലാം പലഹാരമുണ്ടാക്കാൻ കൂടുന്നു. പഴയകാല പാചകവിദഗ്ധയായ ബിച്ചായിശേയിത്താത്തയാണ് ഇതിലെ പ്രധാന കഥാപാത്രം. അവരില്ലായിരുന്നെങ്കിൽ ഇതുപോലുള്ള പലഹാരം നിർമ്മിക്കാൻ കഴിയുമായിരുന്നില്ല. ഓരോ ഘട്ടത്തിലും താത്തയുടെ നിർദ്ദേശങ്ങൾ മറ്റ് പെൺകുട്ടികളും, സ്ത്രീകളും അനുസരിക്കുന്നുണ്ട്. പ്രാർത്ഥനയോടെയാണ് താത്ത ചട്ടിപ്പത്തിരിയുടെ താജ് സ്യഷ്ടിച്ചത്. പാചകം ഒരു കലയാണെന്ന് ഞാൻ താത്തയിൽ നിന്ന് മനസ്സിലാക്കി.
എനിക്ക് ഈ കഥയും ബിച്ചായിശേയിത്താത്തയും വളരെയധികം ഇഷ്ടപ്പെട്ടു. നിനക്കും ഇഷ്ടപ്പെടും. നീ നാട്ടിൽ വരുമ്പോൾ ഞാൻ പുസ്തകം തരാം. ചട്ടിപത്തിരികൊണ്ട് താജ് സൃഷ്ടിക്കുന്ന താത്തയെ അറിയാൻ നീയും കഥ വായിക്കണം. നിന്റെ സ്കൂൾ വിവരങ്ങളെല്ലാം പറഞ്ഞ് മറുപടി എഴുതുമല്ലോ.
സ്നേഹത്തോടെ, ആതിര 

♦ സുൽത്താൻ വീട് എന്ന നോവൽ എഴുതിയതാരാണ്? 
പി. എ. മുഹമ്മദ് കോയ

♦ പകരം പദങ്ങൾ
• കുട്ടി - അർഭകൻ, കുഞ്ഞ്, പോതം 
• വെള്ളം - സലിലം, തോയം, വാരി 
• പാല് - പയസ്സ്, ക്ഷീരം, ദുഗ്ധം 
• നെയ്യ് - ഘൃതം, ഹവിസ്, അമൃതം 
• കണ്ണ് - അക്ഷി, നേത്രം, നയനം 
• നെറ്റി - ലലാടം, ഫാലം
• കൈ - കരം, ഹസ്തം, പാണി 

♦ പദം പിരിക്കാം
• കുട്ടികളുള്ള - കുട്ടികൾ + ഉള്ള
• പഞ്ചാരപ്പൊതി - പഞ്ചാര + പൊതി 
• പൊടിയെടുത്ത് - പൊടി + എടുത്ത് 
• ആനച്ചെവി - ആന + ചെവി 
• നീക്കിക്കൊടുത്തു - നീക്കി + കൊടുത്തു 
• നെയ്യൊഴിച്ച് - നെയ്യ് ഒഴിച്ച്
തോലുരിച്ച് - തോല് + ഉരിച്ച്
• പൊരിച്ചെടുത്ത - പൊരിച്ച് + എടുത്ത 
• നെയ്യുരുകിയപ്പോൾ - നെയ്യ് + ഉരുകിയപ്പോൾ 
• കുറച്ചെടുത്ത് - കുറച്ച് + എടുത്ത്
• രണ്ടറ്റം - രണ്ട് + അറ്റം
• ക്രമമനുസരിച്ച് - ക്രമം + അനുസരിച്ച്

♦ മാറ്റിയെഴുതാം
• ആനച്ചെവി - ആനയുടേതുപോലുള്ള ചെവി
• പൊടിപ്പൊതി - പൊടിയുടെ പൊതി
• കയിൽക്കണ - കയിലിന്റെ കണ
• തകരപ്പാട്ട - തകരംകൊണ്ടുള്ള പാട്ട 
• വിയർപ്പുതുള്ളി - വിയർപ്പിന്റെ തുള്ളി