Kerala Syllabus Class 6 കേരളപാഠാവലി Unit 01 അമൃതം നുകരാം - Chapter 01 - അടുക്കള - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 കേരള പാഠാവലി (അമൃതം നുകരാം) അടുക്കള | Class 6 Malayalam AT - Kerala Padavali Questions and Answers - Chapter 01 Adulkkala - അടുക്കള - ചോദ്യോത്തരങ്ങൾ | Teaching Manual. ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
അമൃതം നുകരാം - പ്രവേശക പ്രവർത്തനം
വിശപ്പിനെക്കാൾ നല്ല കറിയില്ല.
സ്നേഹത്തിനെക്കാൾ നല്ല സ്വാദുമില്ല.
അടുക്കളയെന്ന വലിയ ലോകത്തിന്റെ കാണാ ക്കാഴ്ചകളിലേക്ക്...
സദ്യയുടെ വിഭവങ്ങളിൽ പ്രധാനപ്പെട്ടതാണ് എരിശ്ശേരി.
കായയും ചേനയും കഴുകി നുറുക്കി ഉരുളിയിലിട്ട് മുളകുപൊടി തൂവും. അളവുകുറച്ചാണ് ഇതിൽ മുളകും മഞ്ഞളും ചേർക്കേണ്ടത്. തേങ്ങ തനിയെ വളരെ മാർദവത്തിൽ അരച്ചെടുത്ത് മാറ്റിവയ്ക്കും. ഇത് ചെറിയ ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലാണു പാകപ്പെടുത്തുക. ഈ വറവിന്റെ പാകമാണ് എരിശ്ശേരിയുടെ രുചിയുടെ അടിസ്ഥാനം. കുറച്ചു തേങ്ങ അല്പം ജീരകം ചേർത്തു നന്നായി അരച്ച് വെന്ത കഷണത്തിൽ കലക്കി ഒഴിക്കുന്നു. ഈ കൂട്ടാൻ അധികം തിളയ്ക്കാൻ പാടില്ല, സ്വാദും മണവും നഷ്ടപ്പെടുമത്രേ. സ്ത്രീയുടെ ചിരിപോലെ എരിശ്ശേരി തിളച്ചാൽ മതി എന്നാണ് പ്രമാണം. എരിശ്ശേരി തിളയ്ക്കുന്നതുപോലെയേ പെൺ കിടാങ്ങൾ ചിരിക്കാൻ പാടുള്ളൂ എന്ന ഓർമ്മ പ്പെടുത്തൽകൂടി ഈ പ്രമാണത്തിൽ ഉണ്ട്.
- (കാലപ്പകർച്ചകൾ - ദേവകി നിലയങ്ങോട് )
♦ ഒരു ഭക്ഷണവിഭവം പാചകം ചെയ്യുന്നതിന്റെ ചില സൂചനകളുള്ള കുറിപ്പാണ് നിങ്ങൾ വായിച്ചത്. പാചകത്തെപ്പറ്റി മാത്രം പറയുന്ന കുറിപ്പാണോ ഇത്? പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം കടമയാണെന്ന ചിന്തയ്ക്ക് ഇന്നു മാറ്റം വന്നിട്ടില്ലേ?
എരിശ്ശേരി ഉണ്ടാക്കുന്ന വിധമാണ് ദേവകി നിലയങ്ങോട് പറയുന്നത്. എങ്കിലും അത് ഒരു പാചകക്കുറിപ്പ് മാത്രമല്ല. പാചകക്കുറിപ്പിനോടൊപ്പം പഴയകാലത്തെ സ്ത്രീകളുടെ അനുഭവചിത്രം കൂടി എഴുത്തുകാരി അവതരിപ്പിക്കുന്നു. കൃഷി പ്രധാന തൊഴിലായിരുന്ന പഴയകാലത്ത് പുരുഷന്മാർ കൃഷിയിടങ്ങളിൽ അധ്വാനിക്കുകയും സ്ത്രീകൾ വീട്ടുജോലികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. പാചകം ചെയ്യലും പാകം നോക്കലും സ്ത്രീകളുടെ മാത്രം കടമയായിട്ടാണ് അന്ന് കരുതിയിരുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം വർധിച്ചതോടെ പാചകം ചെയ്യലും പാകം നോക്കലും സ്ത്രീകളോടൊപ്പം പുരുഷന്മാരും
ചെയ്യുന്നു. എന്നാൽ എല്ലാവരും അങ്ങനെ ചെയ്യുന്നുമില്ല.
♦ എരിശ്ശേരി തിളയ്ക്കുന്നതുപോലെയേ പെൺകിടാങ്ങൾ ചിരിക്കാൻ പാടുള്ളൂ - ഇതിനോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്? ചർച്ചചെയ്ത് കണ്ടെത്തലുകളും അഭിപ്രായങ്ങളും അവതരിപ്പിക്കൂ:
ചർച്ചാസൂചനകൾ:
എരിശ്ശേരി അധികം തിളച്ചാൽ രുചിയും മണവുമൊക്കെ നഷ്ട പ്പെടും അതുകൊണ്ട് എരിശ്ശേരി അധികം തിളയ്ക്കാൻ പാടില്ല എന്നാണ് പ്രമാണം. പെൺകുട്ടികൾ/സ്ത്രീകൾ എരിശ്ശേരി തിളയ്ക്കുന്നതുപോലെയേ ചിരിക്കാൻ പാടുള്ളൂ എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. പൊട്ടിച്ചിരിക്കാൻ പാടില്ല. ശബ്ദ മുണ്ടാക്കാതെ, പതുക്കെ ചിരിക്കണം എന്നർഥം. സന്ദർഭത്തി നനുസരിച്ചാണ് ചിരിയുണ്ടാവുക. അതിൽ ആൺ-പെൺ വ്യത്യാസമില്ല. പൊട്ടിച്ചിരിക്കേണ്ട അവസരത്തിൽ ആണായാലും പെണ്ണായാലും അങ്ങനെതന്നെ ചിരിക്കണം.
സ്ത്രീകളുടെ സ്വരം വീട്ടിൽ ഉയർന്നുകേൾക്കാൻ പാടില്ല എന്നു ചിന്തിച്ച കാലത്തെക്കുറിച്ചുള്ള സൂചന ഇവിടെ ലഭിക്കും. അടക്ക വും ഒതുക്കവുമാണ് പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിധി ച്ചിരുന്നത്. സ്ത്രീകളുടെ ഇടം വീടും പരിസരവും മാത്രമായി രുന്നു. എന്നാൽ പുരുഷന്റെ ഒപ്പം അവകാശമുള്ളവരാണ് സ്ത്രീകളുമെന്ന കാഴ്ചപ്പാടാണ് ഇന്നുള്ളത്.
ടി. പി. രാജീവൻ
1959 ജൂൺ 30-ന് കോഴിക്കോട് ജില്ലയിൽ മലയോരഗ്രാമമായ പാലേരിയിൽ ജനിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായും പ്രവര്‍ത്തിച്ചു.
വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാൾ, പുറപ്പെട്ടു പോകുന്ന വാക്ക്, അതേ ആകാശം അതേ ഭൂമി, വിരുന്നുവന്ന വാക്ക്, പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, പ്രണയശതകം, ദീർഘകാലം, കെ.ടി.എൻ. കോട്ടൂർ–എഴുത്തും ജീവിതവും, Undying echos of Silence (Novel), He who was gone thus, Kannaki (Poems), Third Word; Post Socialist Poetry (Editor) തുടങ്ങിയവ കൃതികൾ. കവിതകൾ 14 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ വിദേശകാര്യവകുപ്പിന്റെ ഇന്റർനാഷണൽ വിസിറ്റർ ഫെലോഷിപ്പ് (2004), അയോവ സർവ്വകലാശാലയുടെ ഹോണററി ഫെലോ ഇൻ റൈറ്റിങ് ബിരുദം, ന്യൂയോർക്കിലെ ലെഡിങ് ഹൗസ് ഫൗണ്ടേഷന്റെ റൈറ്റർ ഇൻ-റസിഡൻസ് ഫെലോഷിപ്പ്, റോക് ഫെല്ലർ ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്, ഷാങ്ഹായ് റൈറ്റേഴ്‌സ് അസോസിയേഷൻ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു. 2022 നവംബർ 2–ന് അന്തരിച്ചു.
അടുക്കള
ടി. പി. രാജീവൻ എഴുതിയ ഒരു ഗദ്യകവിതയാണ് അടുക്കള. ഭക്ഷണം എല്ലാവർക്കും വേണ്ടതാണ്. എങ്കിലും ഭക്ഷണം ഉണ്ടാക്കുന്ന അടുക്കള എല്ലാവരുടേതുമല്ല. വിശ്രമമില്ലാതെ എപ്പോഴും അടുക്കളയിൽ പല പല ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നത് അമ്മമാരാണ്. അത്തരം ഒരു അമ്മയെക്കുറിച്ചാണ് 'അടുക്കള' എന്ന കവിത. അടുക്കള അമ്മമാർക്ക് മാത്രമുള്ളതല്ല, അടുക്കളജോലികൾ വീട്ടിലെ എല്ലാവരും ചേർന്ന് ചെയ്യേണ്ടതാണെന്ന സന്ദേശമാണ് ഈ കവിത നൽകുന്നത്.
അടുക്കള - കവിതയുടെ ആശയം
ഭൂമിയിലെ ജൈവവൈവിധ്യവും സമ്യദ്ധിയും സൂചിപ്പിച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. സമൃദ്ധമായ താഴ്‌വരയിലെ സമൃദ്ധിയുള്ള വീട്ടിൽ ആരോ മറന്നുവച്ചതുപോലെ കാണപ്പെടുന്ന ഒരടുക്കളയെക്കുറിച്ചാണ് കവി പറയുന്നത്. വിലക്കുകളോ ഉപാധികളോ ഒന്നുമില്ലാതെ ആർക്കും കടന്നുചെന്ന് ഇഷ്ടമുള്ളതു തിന്നാൻ സ്വാതന്ത്ര്യമുള്ളതിനാലാണ് ആരോ മറന്നുവച്ചതുപോലെ അതു കാണപ്പെടുന്നത്. കാലങ്ങളായി ഈ അടുക്കള ഇവിടെയുണ്ട്. ഇത്ര സമൃദ്ധമായ ഈ അടുക്കള ആരായിരിക്കാം ഇവിടെ മറന്നുവച്ചത്? എനിക്കു ഭക്ഷണം തന്ന് വളർത്തിയത് എന്റെ അമ്മയാണ്. അടുക്കളയിൽ ഞാൻ എപ്പോഴും കണ്ടിട്ടുള്ളതും അമ്മയെയാണ്. ആ അമ്മയ്ക്കു മുമ്പുള്ള, അമ്മമാർക്കെല്ലാം മുമ്പുള്ള മാതൃത്വമാകാം ഈ അടുക്കളയെ ഇവിടെ വച്ചുപോയത്. എല്ലാ മക്കൾക്കും ഭക്ഷണം തരുന്ന അമ്മയെയും മാതൃത്വത്തെയും കുറിച്ചുള്ള സങ്കല്പം ഈ വരികളിലുണ്ട്.
ഈ അടുക്കളയിൽ എല്ലായ്പ്പോഴും പലവിധ ജോലികൾ നടന്നു കൊണ്ടിരിക്കുന്നു. കറിക്കു നുറുക്കുന്നു. മീൻ നന്നാക്കുന്നു. ഇറച്ചി വെട്ടുന്നു, അരിയും ഗോതമ്പും ആട്ടുന്നു, മല്ലി, മുളക് ഇവയെല്ലാം അരയ്ക്കുന്നു. ഇഞ്ചിയും പൊതിനയും ചതയ്ക്കുന്നു. അടുപ്പത്ത് തിളയ്ക്കുന്നതിൽ നിന്ന് കുറച്ചെടുത്ത് എരിവ്, പുളി, ഉപ്പ്, മധുരം എന്നിവയുടെ പാകം നോക്കുന്നു. ഇടയ്ക്ക് കൈകൾ കഴുകുന്നു. എന്നാൽ ഒരു ഇടവേള പോലുമെടുക്കാതെ, ഒന്നിരിക്കാൻ പോലുമാകാതെ അടുത്ത പണിയിലേക്ക് ധൃതിയിൽ കടക്കുന്നു. നിലവും മേശപ്പുറവും തുടച്ചുവൃത്തിയാക്കുന്നു.പാത്രം കഴുകി നിരത്തി വയ്ക്കുന്നു. വിശപ്പടക്കാൻ എല്ലാവരും ചേർന്ന് ഇങ്ങനെ പാടുപെടുമ്പോഴും ഒരാൾ വിശന്നു നിലവിളിക്കുന്നു. അത് തീർച്ചയായും പണികളിൽ മാത്രം പെട്ടുപോയ അമ്മയാവാം. അല്ലെങ്കിൽ അതുപോലൊരു സ്ത്രീയാവാം.
പദപരിചയം
• കണ്ണുകൾ കൂമ്പി - കണ്ണുകൾ അടച്ച്
• കാഹളം - ശബ്ദം
• ലാവണ്യം - സൗന്ദര്യം
പകരം പദങ്ങൾ
• വീട് - ഭവനം, ഗേഹം, ആലയം
• അമ്മ - മാതാവ്, തായ, ജനനി
• കൈ - കരം, ഹസ്തം, പാണി
പിരിച്ചെഴുതാം
• അമ്മയുടെ - അമ്മ + ഉടെ
• കുറച്ചെടുത്ത് - കുറച്ച് + എടുത്ത്
• മേശപ്പുറത്ത് മേശ + പുറത്ത്
• വൃത്തിയാക്കി - വൃത്തി + ആക്കി
• ഒന്നിരിക്കാൻ - ഒന്ന് + ഇരിക്കാൻ
അടുക്കള - ചോദ്യോത്തരങ്ങൾ
♦ കവിതയിലേക്ക്...
♦ നാടിന്റെയും വീടിന്റെയും സമൃദ്ധിയെക്കുറിച്ച് കവിതയിൽ എന്തെല്ലാം പറയുന്നുണ്ട് ?
വിവിധ തരത്തിലുള്ള കാർഷിക വിഭവങ്ങൾ നന്നായി വളരുന്ന നാടാണ്. നെല്ലും ഗോതമ്പും ചോളവും ബാർളിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും നന്നായി വിളയുന്ന നാടിനെക്കുറിച്ചാണ് കവിതയിൽ പറയുന്നത്. ആടും കോഴിയും താറാവും പന്നിയും എല്ലാമൊരുമിച്ചു വളരുന്നുണ്ട് ആ നാട്ടിൽ.
♦ അടുക്കളയിൽ എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പണികളെന്തെല്ലാമാണ്?
അടുക്കളയിൽ ഒരാൾ എല്ലായ്പോഴും പണി ചെയ്തുകൊണ്ടേയിരിക്കുന്നു. കറിക്കുനുറുക്കൽ, മീൻ നന്നാക്കൽ, ഇറച്ചിവെട്ടൽ, അരിയും ഗോതമ്പും ആട്ടൽ, മല്ലിയും മുളകുമരയ്ക്കൽ, ഇഞ്ചിയും പൊതിനയും ചതയ്ക്കൽ, അടുപ്പത്തുള്ളതിൽ നിന്ന് കുറച്ചെടുത്ത് എരിവ്, പുളി, ഉപ്പ്, മധുരം തുടങ്ങിയ പാകം നോക്കൽ, കൈകഴുകൽ തുടങ്ങിയ നിരവധി ജോലികളാണ് അടുക്കളയിൽ തുടർന്നുകൊണ്ടിരിക്കുന്നത്.
♦ ഈ ജോലികളെല്ലാം നടക്കുമ്പോഴും അവിടെ വിശപ്പു ബാക്കിയാവുന്നു എന്നു സൂചിപ്പിക്കുന്ന വരി ഏതാണ്?
ഇവിടെ എപ്പോഴും ഒരാൾ
വിശന്നു നിലവിളിച്ചുകൊണ്ടിരിക്കുന്നു.
♦ വിശന്നു നിലവിളിക്കുന്നവർ
♦ അടുക്കളയിൽ വിശന്നു നിലവിളിച്ചുകൊണ്ടിരിക്കുന്നതാരായിരിക്കും?
♦ ഇത്രയും സമൃദ്ധമായ അടുക്കളയിൽ എപ്പോഴും ഒരാൾ വിശന്നു നിലവിളിക്കാൻ കാരണമെന്താവും?
♦ ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
അടുക്കളയിൽ നിരവധി ജോലികളുണ്ട്. ഒരാൾ നിരന്തരമായി ആ ജോലികൾ തുടർന്നുകൊണ്ടിരിക്കുന്നു. കറിക്കു നുറുക്കൽ, മീൻ നന്നാക്കൽ, ഇറച്ചിവെട്ടൽ, അരിയും ഗോതമ്പും ആട്ടൽ, മല്ലിയും മുളകുമരയ്ക്കൽ, ഇഞ്ചിയും പൊതിനയും ചതയ്ക്കൽ, അടുപ്പത്ത് തിളയ്ക്കുന്നതിൽ നിന്ന് കുറച്ചെടുത്ത് എരിവ്, പുളി, ഉപ്പ്, മധുരം, എന്നിവ പാകം നോക്കൽ, കൈകഴുകൽ, മേശപുറവും നിലവും തുടച്ചുവൃത്തിയാക്കൽ, പാത്രം കഴുകൽ എന്നിങ്ങനെ ഒരുദിവസം എടുത്താൽ തീരാത്തത്ര പണികൾ. ഇവയെല്ലാം ചെയ്യുന്നത് ഒരാളാണ്, അത് അമ്മയാണ്. ഇതിനിടയിൽ അമ്മയ്ക്ക് ആവശ്യമായ സമയത്ത് ഭക്ഷണംപോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. അപ്പോൾ നമുക്ക് തീർച്ചയായും അനുമാനിക്കാനാവും ആ നിലവിളി അമ്മയുടേത് തന്നെ.
അടുക്കളയെ ഭൂമിയായും സങ്കല്പിക്കാം. അവിടെ സസ്യ - മത്സ്യ - മാംസ വിഭവങ്ങളെല്ലാം ഒരുപോലെ ഒരുങ്ങുന്നുണ്ട്. അന്നന്നത്തെ ആഹാരത്തിനായി എല്ലാവരും പണിയെടുത്തുകൊണ്ടേയിരിക്കുന്നു. ആളുകൾ വന്ന് വിശപ്പടക്കുകയും പാത്രങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അടുക്കളയിലെ അവസാനമില്ലാത്ത ജോലികൾ വിവരിക്കുന്നതിലൂടെ ജീവിതത്തിന്റെ നൈരന്തര്യം തന്നെയാണ് കവി ഉദ്ദേശിക്കുന്നത്.
വിശപ്പടക്കാൻ എല്ലാവരും ചേർന്ന് ഇങ്ങനെ പാടുപെടുമ്പോഴും വിശന്നു നിലവിളിക്കുന്ന ഒരാൾ ഇവിടെ ബാക്കിയാകുന്നുണ്ട് എന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. ആ തിരിച്ചറിവ് ലഭിക്കുമ്പോഴാണ് ഭക്ഷണത്തിന്റെ മൂല്യം നാം മനസ്സിലാക്കുക. ഒരാളും വിശന്നു നിലവിളിക്കാത്ത ഒരു ഭൂമി സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്നു മനോഹരവും ശക്തവുമായ ഈ കവിത.
♦ അടുക്കളയ്ക്കുള്ളിൽ
♦ മയങ്ങാറുണ്ടാവി-
ല്ലവളോളം വൈകിയൊരു നക്ഷത്രവും
ഒരൊറ്റ സൂര്യനും-
മവളേക്കാൾ നേർത്തെ പിടഞ്ഞെണീറ്റിലാ
- (സംക്രമണം-ആറ്റൂർ രവിവർമ്മ)
♦ അടുക്കളയിലെ തേഞ്ഞുതീരുന്ന
വീട്ടുപകരണമാണു ഞാൻ.
..........................................
എന്റെ കുട്ടികൾക്ക് ചിലപ്പോൾ
എണ്ണമറ്റ പലഹാരങ്ങൾ നിർമ്മിക്കുന്ന
ഒരു യന്ത്രമാണു ഞാൻ.
- (പ്രതിഷ്ഠ - സാവിത്രി രാജീവൻ)
ഈ കവിതാഭാഗങ്ങൾക്ക് അടുക്കള എന്ന കവിതയുമായുള്ള ബന്ധം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ടി. പി. രാജീവൻ എഴുതിയ 'അടുക്കള'യിൽ ഒരിക്കലും തീരാത്ത ജോലികൾ ചെയ്ത് വിശപ്പിനാൽ നിലവിളിക്കുന്ന അമ്മയുടെ ചിത്രമാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ അമ്മയുടെ മാത്രം അവസ്ഥയല്ല ഇത്. ഒരുപക്ഷേ, എന്റെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയുടെ അവസ്ഥയും ഇതു തന്നെയായിരിക്കും. ഈ അടുക്കള അമ്മമാർക്കു മാത്രമായി ഉണ്ടാക്കിയതായി തോന്നാം എന്നാണ് കവി പറയുന്നത്. ആറ്റൂർ രവിവർമ്മയുടെ സംക്രമണം എന്ന കവിതയും മറ്റൊരു രീതിയിൽ ഇതേ കാര്യമാണ് പറഞ്ഞുവയ്ക്കുന്നത്. വേതനമില്ലാത്ത തൊഴിലാളിയായി പാതിരാത്രിവരെ പണിയെടുക്കുകയും പുലരുംമുമ്പേ ഉണർന്ന് വീട്ടുജോലികളിൽ വ്യാപൃതയാകുകയും ചെയ്യുന്ന സ്ത്രീയെക്കുറിച്ചാണ്, അമ്മമാരെക്കുറിച്ചാണ് കവി പറയുന്നത്. ഓരോ വീട്ടിലും അവസാനം ഉറങ്ങുന്നതും തനിക്കുവേണ്ടിയല്ലാതെ തന്നെ പുലരുംമുമ്പേ പിടഞ്ഞെണീക്കുന്നതും അമ്മയാണ്. വൈകി മയങ്ങുന്ന നക്ഷത്രത്തോടും നേരത്തെ പിടഞ്ഞെണീക്കുന്ന സൂര്യനോടും സ്ത്രീയെ കവി സാദൃശ്യപ്പെടുത്തുന്നു. അടുക്കളയിൽ വളരെക്കാലം ഉപയോഗിച്ച് തേഞ്ഞുതീരുന്ന വീട്ടുപകരണത്തിന് തുല്യയാണ് പ്രതിഷ്ഠ എന്ന കവിതയിലെ സ്ത്രീ. താൻ മറ്റുള്ളവർക്കുവേണ്ടി തേഞ്ഞുതീരുന്ന ഉപകരണമാണെന്നും കുട്ടികൾക്ക് എണ്ണമറ്റ പലഹാരങ്ങൾ നിർമ്മിക്കുന്ന യന്ത്രമാണ് എന്നും ഈ കവിതയിലെ സ്ത്രീ പറയുന്നു. അടുക്കളയിലെ മറ്റ് ഉപകരണങ്ങളെപ്പോലെ ഒരു ഉപകരണം മാത്രമാണ് ഓരോ സ്ത്രീയും. യന്ത്രത്തെപ്പോലെ വിശ്രമമില്ലാതെ ജോലിചെയ്ത് ഒടുവിൽ തേഞ്ഞുതീർന്ന ഒരു വീട്ടുപകരണം മാത്രമായി മാറുന്ന സ്ത്രീയുടെ ജീവിതമാണ് കവി ചിത്രീകരിക്കുന്നത്.
മുകളിലെ കവിതകളിലെല്ലാം അടുക്കളയിൽ തളയ്ക്കപ്പെടുന്ന അമ്മമാരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അടുക്കള എല്ലാവരുടേതുമാണെന്നു ബോധ്യപ്പെടുത്തുകയാണ് ഈ കവിതകളുടെ ഉദ്ദേശ്യം.
♦ അടുക്കള എന്ന കവിത വായിച്ചപ്പോൾ ഒരമ്മയുടെ മുഖം കൂട്ടുകാരുടെ മനസ്സിൽ തെളിയുന്നില്ല. കവിതയിലെ അമ്മയ്ക്ക് ഒരു കത്ത് തയാറാക്കുക.
സ്ഥലം
തീയതി
പ്രിയപ്പെട്ട അമ്മേ,
ഒന്നിരിക്കാൻ പോലും കൂട്ടാക്കാതെ അമ്മ എപ്പോഴും ജോലിയിൽതന്നെയാണ് എന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് ഒരു കത്തെഴുതണം എന്ന് തോന്നി. വിശ്രമമില്ലാത്ത ജോലി അമ്മയുടെ ആരോഗ്യത്തെ ബാധിക്കും. അമ്മയുടെ വീട്ടിൽ വേറെയും ആളുകൾ ഉണ്ടാവില്ലേ. അവരോടും ജോലികളിൽ സഹായിക്കാൻ പറയണം. എല്ലാവരും ചേർന്ന് വീട്ടുജോലികൾ ചെയ്യുമ്പോൾ അമ്മയ്ക്ക് എളുപമാകും. സമയത്ത് ആഹാരം കഴിക്കാനും സാധിക്കും. മറ്റ് വിശേഷങ്ങൾ ഒന്നുമില്ല.
സ്നേഹപൂർവം
അനു
♦ ഒന്നിരിക്കാൻ പോലും സമയമില്ലാത്ത ധൃതിപോലെ
നിലത്തും മേശപ്പുറത്തും ബാക്കിയായവ
തുടച്ചുവൃത്തിയാക്കിക്കൊണ്ടിരിക്കുന്നു.
പാത്രം കഴുകി നിരത്തിവച്ചുകൊണ്ടിരിക്കുന്നു.
ഈ വരികൾ വായിക്കുമ്പോൾ നിങ്ങൾക്ക് ഓർമ്മവരുന്നത് എന്താണ്? വിവരണമായി എഴുതൂ.
വരികൾ വായിച്ചപ്പോൾ എനിക്ക് എന്റെ അമ്മയെയാ ണ് ഓർമ്മവന്നത്. എപ്പോഴും ഓരോ ജോലികളുമായി ഓടിനടക്കുന്ന അമ്മയെയാണ് ഞാൻ കണ്ടിട്ടുള്ളത്. രാവിലെ ഉണരുമ്പോൾ തുടങ്ങുന്ന ജോലികൾ രാത്രി വൈകിയാണ് അവസാനിക്കുന്നത്. വീട്ടിലെ മറ്റു ജോലികളിലും എന്റെ പഠനകാര്യങ്ങളിലും എല്ലാം ഒരേപോലെ അമ്മയുടെ ശ്രദ്ധ എത്താറുണ്ട്. അമ്മയ്ക്ക് ജോലി ലഭിച്ചപ്പോൾ മുതൽ അച്ഛനും വീട്ടുജോലികളിൽ സഹായിക്കാൻ തുടങ്ങി. ഇപ്പോൾ ഞങ്ങളും അമ്മയെ സഹായിക്കാറുണ്ട്. എങ്കിലും എല്ലാക്കാര്യത്തിനും എല്ലാവരും അമ്മയെയാണ് ആശ്രയിക്കുന്നത്.
♦ 'ആരു മറന്നുവച്ചു ഈ അടുക്കള?
ഒരുപക്ഷേ,
എന്റെ അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻപോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കും'
അടുക്കള അമ്മമാർക്കു മാത്രമുള്ളതാണോ? നിങ്ങളുടെ അഭിപ്രായം എഴുതൂ.
അടുക്കളജോലി അമ്മമാർക്കുവേണ്ടിമാത്രം മാറ്റിവയ്ക്കേണ്ടതല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഭക്ഷണം എല്ലാവർക്കും ആവശ്യമാണ്. അപ്പോൾ അതുണ്ടാക്കാൻ കൂടി നാം അറിഞ്ഞിരിക്കണം. നമ്മളാൽ കഴിയുന്ന ജോലികളിൽ അമ്മയെ സഹായിക്കണം. ഒരുകാലത്ത് അമ്മമാരുടെ സാന്നിധ്യം മാത്രമേ അടുക്കളയിൽ ഉണ്ടായിരുന്നുള്ളൂ. കറിക്കു നുറുക്കൽ, അരയ്ക്കൽ, മീൻനന്നാക്കൽ, പാത്രം കഴുകൽ, തീൻമേശ തുടയ്ക്കൽ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജോലികളുമായി അമ്മ എപ്പോഴും തിരക്കിലാണ്. അവരുടെ വിശപ്പിനെക്കുറിച്ചോ ഭക്ഷണം കഴിക്കലിനെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല. ഈ അവസ്ഥയ്ക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. അമ്മയ്ക്കുള്ള ഇടമാണ് അടുക്കള എന്നതു മാറ്റി ഭക്ഷണം കഴിക്കുന്ന എല്ലാവരുടേതുമാണ് അടുക്കള എന്ന് നമ്മൾ ചിന്തിക്കണം.

0 Comments