SSLC Biology: Chapter 01 അറിയാനും പ്രതികരിക്കാനും - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 10 ജീവശാസ്ത്രം - അറിയാനും പ്രതികരിക്കാനും 
| Text Books Solution Biology (Malayalam Medium) Chapter 01 Sensations and Responses
Class 10 Biology Chapter 01 അറിയാനും പ്രതികരിക്കാനും 
Study Notes
* ഉദ്ദീപനങ്ങള്‍: ജീവികളില്‍ പ്രതികരണങ്ങള്‍ക്കു കാരണമാകുന്ന പ്രേരണകള്‍.
* ബാഹ്യ ഉദ്ദീപനം:- ശബ്ദം, സ്പര്‍ശം, ചൂട്‌, മര്‍ദ്ദം, തണുപ്പ്‌.
* ആന്തര ഉദ്ദീപനം:- വിശപ്പ്‌, ദാഹം, ക്ഷീണം, അണുബാധ...
ഉദ്ദീപനങ്ങള്‍ക്കനുസൃതമായി ഉണ്ടാകുന്ന ആവേഗങ്ങളിലൂടെ ശാരീരിക പ്രതികരണങ്ങളെ രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്‌ നാഡീവ്യവസ്ഥയാണ്‌.

* മനുഷ്യ നാഡിവ്യവസ്ഥ
ആന്തരികവും ബാഹ്യവുമായ ഉദ്ദീപനങ്ങളെ സ്വീകരിക്കാന്‍ കഴിവുള്ള ഗ്രാഹികളും, ഗ്രാഹികള്‍ രൂപപ്പെടുത്തുന്ന ആവേഗങ്ങളെ വഹിക്കുന്ന വിവിധതരം നാഡികളും, ആവേഗങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും കഴിവുള്ള സുഷുമ്നയും മസ്തിഷ്കവും ചേര്‍ന്നതാണ്‌ മനുഷ്യ നാഡിവ്യവസ്ഥ.

* ന്യൂറോണ്‍ (നാഡീകോശം) :- നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍


* മയലിന്‍ഷീത്ത്‌: 
 മിക്കനാഡികോശങ്ങളുടേയും ഭാഗമായിടുള്ള ഷ്വാന്‍കോശം ആക്സോണിനെ ആവർത്തിച്ച് വലയം ചെയ്യുന്നതിലൂടെ രൂപപ്പെടുന്നു.
 മസ്തിഷകത്തിലും സിഷുമനയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകള്‍ വഴിയും രൂപപ്പെടുന്നു.
* മയലിന്‍ഷീത്തിന്റെ ധർമ്മം:  
⦁ ആക്സോണിന്‌ ഓക്സിജൻ, പോഷണം എന്നിവ നല്‍കുന്നു
⦁ ആക്സോണിനെ ബാഹ്യക്ഷതങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നു
⦁ വൈദ്യുത ഇൻസുലേറ്ററായി പ്രവർത്തിക്കുന്നു.
⦁ ആവേഗങ്ങളുടെ വേഗത കൂട്ടുന്നു
മയലിന്‍ ഷീത്തിന്‌ തിളങ്ങുന്ന വെള്ളനിറമാണ്‌.
⦁ മസ്തിഷ്കത്തിലും സുഷുമ്നയിലും മയലിന്‍ഷീത്ത്‌ ഉള്ള ന്യൂറോണുകള്‍ കൂട്ടമായി കാണപ്പെടുന്ന ഭാഗം - വൈറ്റ്‌ മാറ്റര്‍
⦁ മയലിന്‍ ഷീത്ത്‌ ഇല്ലാത്ത ന്യൂറോണുകള്‍ കൂട്ടമായി കാണപ്പെടുന്ന ഭാഗം - ഗ്രേ മാറ്റര്‍

* സിനാപ്‌സ്‌: ഒരു ന്യൂറോണ്‍ മറ്റു ന്യൂറോണുകളുമായോ പേശികോശങ്ങളുമായോ ഗ്രന്ഥികളുമായോ ബന്ധപ്പെടുന്ന ഭാഗം. ആവേഗ വേഗതയും ദിശയും ക്രമീകരിക്കാന്‍ സിനാപ്സ്‌ സഹായകമാണ്‌. സിനാപ്റ്റിക്‌ വിടവിലൂടെയുള്ള ആവേഗപ്രസരണം സാധ്യമാക്കുന്നത്‌ സിനാപ്റ്റിക്‌ നോബുകളില്‍ നിന്നും സ്രവിക്കപ്പെടുന്ന നാഡീയ പ്രേഷകങ്ങളാണ്‌. അസ്റ്റില്‍ കൊളിന്‍, ഡോപാമിന്‍ എന്നിവ നാഡീയ പ്രേഷകങ്ങളാണ്‌.

* ആവേഗം രൂപപ്പെടല്‍ :
ഉദ്ദീപിക്കപ്പെടുമ്പോള്‍ അയോണുകളുടെ വിന്യാസത്തിലുണ്ടാകുന്ന സന്തുലിതാവസ്ഥയില്‍ വ്യതിയാനമുണ്ടാവുകയും പോസിറ്റീവ്‌ ചാര്‍ജ്‌ അകത്തും നെഗറ്റീവ്‌ ചാര്‍ജ്‌ പുറത്തുമെന്ന നിലയിലാവുന്നു. അപ്പോള്‍ ആവേഗങ്ങള്‍ ഉണ്ടാകുന്നു. നാഡികളിലൂടെ പോകുന്ന വൈദ്യുത സന്ദേശമാണ്‌ ആവേഗം.

* ആവേഗപ്രസരണം: ഡെന്‍ഡ്രെറ്റുകളില്‍ ഉദ്ദീപനം മൂലമുണ്ടാകുന്ന ആവേഗം - ഡെന്‍ഡ്രോണുകള്‍ - കോശശരീരം - ആക്സോണ്‍ - ആക്സോണൈറ്റുകള്‍ - സിനാപ്റ്റിക്‌ നോബുകളില്‍ നിന്നും നാഡീയപ്രേഷകം - ആവേഗം സിനാപ്റ്റിക്‌ വിടവിലൂടെ തൊട്ടടുത്ത കോശഭാഗത്തേക്ക്‌.

* വിവിധതരം ന്യൂറോണുകള്‍
സംവേദ: അവയവങ്ങളില്‍ നിന്ന്‌ ആവേഗങ്ങളെ സുഷമ്നയിലേക്കും മസ്തിഷ്കത്തിലേക്കും വഹിക്കുന്നു.
പ്രേരക: മസ്തിഷ്‌കത്തില്‍ നിന്നും സുഷുമ്നയില്‍ നിന്നും ആവേഗങ്ങളെ അവയവങ്ങളിലേക്ക്‌ വഹിക്കുന്നു.
സമ്മിശ്ര: മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും അവിടെനിന്ന്‌ തിരിച്ചും ആവേഗങ്ങളെ വഹിക്കുന്നു.

* മനുഷ്യനിലെ നാഡിവ്യവസ്ഥ
നമ്മുടെ നാഡിവ്യവസ്ഥയെ കേന്ദ്ര നാഡിവ്യവസ്ഥ, പെരിഫെറല്‍ നാഡിവ്യവസ്ഥ എന്നിങ്ങനെ 2 ആയി തിരിച്ചിരിക്കുന്നു. 
* മനുഷ്യ നാഡീവ്യവസഥയുടെ ഭാഗങ്ങള്‍ :
a. കേന്ദ്രനാഡി വ്യവസ്ഥ (തലച്ചോറും സുഷുമ്നയും)
b. പെരിഫെറല്‍നാഡീ വ്യവസ്ഥ (12 ജോഡി ശിരോനാഡികള്‍, 31ജോഡി സുഷുമ്നാ നാഡികള്‍)
 ചില പെരിഫെറല്‍നാഡികള്‍ സ്വതന്ത്രനാഡീ വ്യവസ്ഥയായി ( സിംപതറ്റിക്‌ - പാരാസിംപതറ്റിക്‌ നാഡികള്‍) ആയി വര്‍ത്തിക്കുന്നു.

I. കേന്ദ്ര നാഡിവ്യവസ്ഥ
* മസ്‌തിഷ്‌കം: തലയോടിനുള്ളിലായി മൂന്ന്‌ പാളികളുള്ളതും സെറിബ്രോ സ്പൈനല്‍ ദ്രവം നിറഞ്ഞതുമായ മെനിഞ്ജസ്‌ എന്ന ആവരണം കൊണ്ട്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മെനിഞ്ജസിലുള്ള രക്തത്തില്‍ നിന്നാണ്‌ സെറിബ്രോ സ്പൈനല്‍ ദ്രവം ഉണ്ടാകുന്നത്‌. ഈ ദ്രവം, നാഡീകലകള്‍ക്ക്‌ പോഷണവും ഓക്സിജനും നല്‍കുന്നു, തലച്ചോറിനുള്ളിലെ മര്‍ദം ക്രമീകരിക്കുന്നു, ആഘാതങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നു.
തലച്ചോറിന്റെ 5 ഭാഗങ്ങള്‍,
1. സെറിബ്രം: വലിയ മസ്തിഷ്കഭാഗം. ധാരാളം മടക്കുകളും ചൂളിവുകളും ഉണ്ട്‌. കോര്‍ട്ടക്സ്‌ (പുറം ഭാഗം) ഗ്രേമാറ്ററും, മെഡുല്ല(അകം ഭാഗം) വൈറ്റ് മാറ്ററുമാണ്‌.
- ചിന്ത, ബുദ്ധി, ഓര്‍മ, ഭാവന എന്നിവയുടെ കേന്ദ്രം.
- ഇന്ദ്രിയാനുഭവങ്ങള്‍ ഉളവാക്കുന്നു.
- ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു.
2. സെറിബെല്ലം: സെറിബ്രത്തിനു പിന്നില്‍ രണ്ട്‌ ദളങ്ങളായി കാണപ്പെടുന്നു.
- പേശീപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ ശരീരതുലനനില തെറ്റാതെ നോക്കുന്നു
3. മെഡുല്ല ഒബ്ളോംഗേറ്റ: കീഴ്ഭാഗത്തായി ദണ്ഡാകൃതിയില്‍ കാണപ്പെടുന്നു.
- ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം
4. തലാമസ്‌: സെറിബ്രത്തിനു താഴെയായി കാണപ്പെടുന്നു
- സെറിബ്രത്തിനുള്ളിലേക്കും പുറത്തേക്കുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണം.
5. ഹൈപ്പോതലാമസ്‌: തലാമസിനു തൊട്ടുതാഴെ.
- ആന്തരസമസ്ഥിതി പാലനം
* സുഷുമ്‌ന: നട്ടെല്ലിനുള്ളില്‍ മെനിഞ്ജസ്‌ പാളികളാല്‍ ആവരണം ചെയ്യപ്പെട്ട്‌ കാണുന്നു. മധ്യഭാഗത്തുള്ള സെന്‍ട്രല്‍ കനാലില്‍ സെറിബ്രോ സ്പൈനല്‍ ദ്രവം നിറഞ്ഞിരിക്കുന്നു. സുഷുമ്നയുടെ ബാഹ്യഭാഗം വൈറ്റ്മാറ്ററും ഉൾഭാഗം ഗ്രെമാറ്ററുമാണ്. സംവേദ നാഡീതന്തുക്കൾ മുതുകുവശത്ത് ഡോർസൽ റൂട്ടിലൂടെയും, പ്രേരകനാഡീ തന്തുക്കൾ ഉള്‍ഭാഗത്ത്‌ വെന്‍ട്രല്‍ റൂട്ടിലൂടെയും പുറപ്പെടുന്നു. സുഷുമ്ന, ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ ആവേഗങ്ങളെ മസ്തിഷ്കത്തിലേക്ക്‌ എത്തിക്കുകയും നടത്തം, ഓട്ടം തുടങ്ങിയവയിലെ ആവര്‍ത്തനചലനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ചില റിഫ്ളക്സ്‌ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നുമുണ്ട്‌.
* റിഫ്‌ളക്‌സ്‌പ്രവര്‍ത്തനം: നമ്മുടെ ഇച്ഛാനുസരണമല്ലാതെ ഉദ്ദീപനങ്ങള്‍ക്കനുസരിച്ച്‌ ആകസ്മികമായും അനൈച്ചികമായും ഉണ്ടാകുന്ന ശാരീരിക പ്രതികരണം.
1. സെറിബ്രല്‍ റിഫ്‌ളക്ലകള്‍:- (കണ്ണുചിമ്മല്‍, ശബ്ദം കേട്ട്‌ ഞെട്ടല്‍, പാമ്പിനെ കണ്ട്‌ ഞെട്ടല്‍, തുമ്മല്‍ മുതലായവ)
2. സ്പൈനല്‍ റിഫ്‌ളക്സുകള്‍:- (ചൂടുള്ള വസ്തുവില്‍ അറിയാതെ തൊടുമ്പോള്‍ കൈ പിന്‍വലിക്കുന്നു, കാലില്‍ മുള്ളു കൊള്ളുമ്പോള്‍ കാല്‍ പിന്‍വലിക്കുന്നത്‌ മുതലായവ) 

* റിഫ്‌ളക്‌സ്‌ ആര്‍ക്‌: റിഫ്ളക്സ്‌പ്രവര്‍ത്തനത്തിലെ ആവേഗ സഞ്ചാരപാത. 
ഇതില്‍ ഉള്‍പ്പെടുന്നത്‌,
a. ഉദ്ദീപനം സ്വീകരിക്കുന്ന ഗ്രാഹികള്‍,
b. സംവേദ ന്യൂറോണ്‍, 
c. ഇന്റര്‍ ന്യൂറോണ്‍
d. പ്രേരക ന്യൂറോണ്‍, 
e. പ്രതികരിക്കുന്ന പേശികള്‍.

II. പെരിഫെറല്‍ നാഡിവ്യവസ്ഥ
12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നനാഡികളും ചേര്‍ന്നതാണ്‌ പെരിഫെറല്‍ നാഡിവ്യവസ്ഥ. കേന്ദ്രനാഡീവ്യവസ്ഥയെ ശരീരത്തിലെ അവയവങ്ങളുമായി ബന്ധിപ്പിക്കുന്നു.
സ്വതന്ത്ര നാഡീവ്യവസ്ഥ: നമ്മുടെ ബോധതലത്തിനു വെളിയില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനായി പെരിഫെറല്‍ നാഡീ വ്യവസ്ഥയിലെ ചില നാഡികള്‍ ചേര്‍ന്ന്‌ സ്വതന്ത്ര നാഡീ വ്യവസ്ഥയായിപ്രവര്‍ത്തിക്കുന്നു. സിംപതറ്റിക്‌ വ്യവസ്ഥയും പാരാസിംപതറ്റിക്‌ വ്യവസ്ഥയും ചേര്‍ന്നതാണ്‌ സ്വതന്ത്ര നാഡീ വ്യവസ്ഥ.
പ്രതിസന്ധിഘട്ടങ്ങളെ നേരിടാന്‍ സിംപതറ്റിക്‌ വ്യവസ്ഥ ശരീരത്തെ സജ്ജമാക്കും. പ്രതിസന്ധിഘട്ടം തരണം ചെയ്താല്‍ പാരാസിംപതറ്റിക്‌ വ്യവസ്ഥ ശാരീരിക പ്രവര്‍ത്തനങ്ങളെ സാധാരണ നിലയിലേക്ക്‌ കൊണ്ട് വരികയും ചെയ്യും.




* സിംപതറ്റിക്‌ വ്യവസ്ഥ: നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോണ്‍ ശൃംഖലയും അവയോട്‌ ബന്ധപ്പെട്ട നാഡീകേന്ദ്രങ്ങളും ചേര്‍ന്നതാണ്‌ സിംപതറ്റിക്‌ വ്യവസ്ഥ. (പ്രതിസന്ധി ഘട്ടങ്ങളില്‍ ശരീരത്തോട്‌ അനുകമ്പ (Sympathy) തോന്നി ശരീരത്തെ രക്ഷിക്കാന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനാലാണ്‌ ഇവക്ക്‌ ഈ പേര്‍ ലഭിച്ചത്‌). 
* പാരാസിംപതറ്റിക്‌ വ്യവസ്ഥ: മസ്തിഷ്കത്തില്‍ നിന്നും സുഷുമ്നയുടെ അവസാന ഭാഗത്തെ ഗാംഗ്ലിയോണുകളില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ ചേര്‍ന്നതാണ്‌ പാരാസിംപതറ്റിക്‌ വ്യവസ്ഥ.

* നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകള്‍

* പരിശീലന ചോദ്യോത്തരങ്ങൾ 

1. രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.
a) ഈ ദ്രാവം ഏത്?
b) ദ്രവത്തിന്റെ ധര്‍മങ്ങള്‍?
ഉത്തരം:
a) സെറിബ്രോസ്പൈനല്‍ ദ്രവം
b) മസ്തിഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. 

2. ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്ന പ്രസ്താവനകളില്‍നിന്ന് ഉചിതമായവ തെരഞ്ഞെട‍ുത്ത് പട്ടിക പ‍ൂര്‍ത്തിയാക്ക‍ുക
i. കേന്ദ്രനാഡീവ്യവസ്ഥയ‍ുടെ ഭാഗം
ii. പെരിഫറല്‍ നാഡീവ്യവസ്ഥയ‍ുടെ ഭാഗം
iii. മെനിഞ്ജസ് കൊണ്ട് ആവരണം ചെയ്തിരിക്ക‍ുന്ന‍ു
iv. ഇവിടെ നിന്ന‍ുള്ള നാഡികളെല്ലാം സമ്മിശ്ര നാഡികളാണ്
v. സെറിബ്രല്‍ വെന്‍ട്രിക്കിള‍ുകളില്‍ സെറിബ്രോസ്പൈനല്‍ ദ്രവം നിറഞ്ഞിരിക്ക‍ുന്ന‍ു
vi. സെന്‍ട്രല്‍‍കനാലില്‍‍ സെറിബ്രോസ്പൈനല്‍ ദ്രവം നിറഞ്ഞിരിക്ക‍ുന്ന‍ു
vii. ഓര്‍മയ‍ുടേയ‍ും ഭാവനയ‍ുടേയ‍ും സ്ഥാനം

3. സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്ന ഏതെങ്കില‍ും മ‍ൂന്ന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എഴ‍ുത‍ുക.
ഉത്തരം:
ഉമിനീര്‍ ഉല്പാദനം
ഉദരാശയ പ്രവര്‍ത്തനം
ക‍ുടലിലെ പെരിസ്റ്റാള്‍സിസ്
4. പാരാസിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ സാധാരണനിലയിലാക‍ുന്ന മ‍ൂന്ന് ശാരീരികപ്രവര്‍ത്തനങ്ങള്‍ എഴ‍ുത‍ുക
ഉത്തരം:
ഹൃദയസ്പന്ദനം
ആമാശയപ്രവര്‍ത്തനം
ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

5. താഴെ നല്‍കിയിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
a) A, B എന്നിവ തിരിച്ചറിഞ്ഞെഴുതുക.
b) B യുടെ രണ്ട് ധര്‍മ്മങ്ങള്‍ എഴുതുക.
ഉത്തരം:
a) A- ആക്സോണ്‍, B- മയലിന്‍ ഷീത്ത്.
b) ആക്സോണിന് പോഷകഘടകങ്ങള്‍, ഓക്സിജന്‍ എന്നിവ നല്‍കുക, ആവേഗങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക, ബാഹ്യക്ഷതങ്ങളില്‍ നിന്ന് ആക്സോണിനെ സംരക്ഷിക്കുക.

6. ചുവടെ നല്‍കിയ ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ------(A)------> കേന്ദ്രനാഡീവ്യവസ്ഥ -----(B) -----> ശരീരത്തിന്റെ വിവിധഭാഗങ്ങള്‍
a) A, Bഎന്നിവ ഏതുതരം നാഡികളാണെന്ന് തിരിച്ചറിഞ്ഞെഴുതുക.
b) A, B എന്നീ നാഡികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചുചെയ്യുന്ന നാഡിയ്ക്ക് പറയുന്ന പേരെന്ത്?
ഉത്തരം:
a) A- സംവേദനാഡി, B- പ്രേരകനാഡി
b) സമ്മിശ്രനാഡി.

7. താഴെത്തന്നിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.‌
A- “സിംപതറ്റിക് വ്യവസ്ഥ ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.”
B-“സിംപതറ്റിക് വ്യവസ്ഥ ചില ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചില പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.”
ഇതില്‍ ഏത് അഭിപ്രായത്തോടാണ് നിങ്ങള്‍ യോജിക്കുന്നത്? നിങ്ങളുടെ അഭിപ്രായം ന്യായീകരിക്കുക.
ഉത്തരം:
B-“സിംപതറ്റിക് വ്യവസ്ഥ ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചില പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.”
ഉമിനീര്‍ ഉത്പാദനം, കുടലിലെ പെരിസ്റ്റാല്‍സിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സിംപതറ്റിക് വ്യവസ്ഥ മന്ദീഭവിപ്പിക്കുന്നു.

8. ഭയക്കുമ്പോള്‍ ചില ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.
a) ഈ സന്ദര്‍ഭത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗമേത്?
b) ഈ ഭാഗം ഹൃദയം, കരള്‍, ഉമിനീര്‍ഗ്രന്ഥി എന്നീ അവയവങ്ങളില്‍ എന്തുമാറ്റമാണ് ഉണ്ടാക്കുന്നത്?
ഉത്തരം:
a) സിംപതറ്റിക് വ്യവസ്ഥ.
b) ഹൃദയമിടിപ്പ് കൂടുന്നു, ഗ്ലൈക്കൊജനെ ഗ്ലൂക്കോസാക്കുന്നു, ഉമിനീര്‍ ഉത്പാദനം കുറയുന്നു.

9. “ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതിന് സിനാപ്സിന് മുഖ്യപങ്കുണ്ട്". ഉചിതമായ തെളിവുകള്‍ നല്‍കി  പ്രസ്താവന ന്യായീകരിക്കുക.
ഉത്തരം:
ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ. അതിനാല്‍ ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. ഇക്കാരണത്താല്‍ ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതില്‍ സിനാപ്സിന് മുഖ്യപങ്കുണ്ട്.

10. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു. ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
ശരീരതുലനനില നഷ്ടപ്പെടുക.
പേശികളുടെ ക്രമരഹിതമായ ചലനം
വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുക.
a) രോഗമേതെന്ന് തിരിച്ചറിയുക.
b) രോഗത്തിന്റെ കാരണമെഴുതുക.
ഉത്തരം:
a) പാര്‍ക്കിന്‍സണ്‍സ് രോഗം
b) മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം, തലച്ചോറില്‍ ഡോപാമിന്‍ എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനത്തിലുള്ള കുറവ്.

11. ഒരു ന്യൂറോണില്‍ ആവേഗം രൂപപ്പെടുന്ന വിധം ചുവടെ ചിത്രീകരിച്ചിരിക്കുന്നു.
a) ചിത്രം A യില്‍ ചാര്‍ജ്ജ് വ്യതിയാനത്തിന് ഇടയാക്കിയ ഘടകമേത്?
b) ചിത്രം A യില്‍ നിന്ന് ചിത്രം B യില്‍ എന്തുവ്യത്യാസമാണ് നിരീക്ഷിക്കാനുള്ളത്‍? വ്യതിയാനത്തിന് കാരണമെന്ത്?
ഉത്തരം:
a) ഉദ്ദീപനം
b) ചിത്രം A യില്‍ ഉദ്ദീപിക്കപ്പെട്ട ങാഗത്ത് പോസിറ്റീവ് ചാര്‍ജ്ജ് പ്ലാസ്മാസ്തരത്തിന് ഉള്ളിലും നെഗറ്റീവ് ചാര്‍ജ്ജ് പ്ലാസ്മാസ്തരത്തിന് പുറത്തുമായി മാറി. ചിത്രം B യില്‍ ആക്സോണ്‍ സ്തരത്തില്‍ നൈമിഷികമായി ഉണ്ടായ ചാര്‍ജ്ജ് വ്യതിയാനം തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിച്ച് സമാനരീതിയിലുള്ള വ്യ‌തിയാനങ്ങള്‍ക്ക് കാരണമാകുന്നതിലൂടെ ആവേഗങ്ങള്‍ ആക്സോണിലൂടെ പ്രവഹിക്കുന്നു.

12. ഒരു നാഡീകോശത്തിന്റെ പ്ലാസ്മാസ്തരത്തിലുണ്ടാകുന്ന ചാര്‍ജ്ജ് വ്യതിയാനമാണ് ആവേഗങ്ങള്‍ രൂപപ്പെടാന്‍ കാരണം.
a) ആവേഗങ്ങള്‍ രൂപപ്പെടുമ്പോള്‍ പ്ലാസ്മാസ്തരത്തിലെ ചാര്‍ജ്ജിനുണ്ടാകുന്ന വ്യതിയാനമെന്ത്? ഇതിനിടയാക്കുന്ന ഘടകമേത്?
b) ചാര്‍ജ്ജ് വ്യതിയാനം നാഡീയആവേഗമായി ന്യൂറോണിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നതെങ്ങനെ?
ഉത്തരം:
a) ഉദ്ദീപിപ്പിക്കപ്പെട്ട സ്ഥാനത്ത് പോസിറ്റീവ് ചാര്‍ജ്ജ് പ്ലാസ്മാ സ്തരത്തിനകത്തും നെഗറ്റീവ് ചാര്‍ജ്ജ് പുറത്തുമായി മാറുന്നു. പ്ലാസ്മാ സ്തരത്തിലെ ചാര്‍ജ്ജ് വ്യതിയാനത്തിന് കാരണം ഉദ്ദീപനമാണ്.
b) ഉദ്ദീപനം ന്യൂറോണിന്റെ പ്ലാസ്മാസ്തരത്തിലെ അയോണുകളുടെ സന്തുലിതാവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നതിനാല്‍  ഉദ്ദീപിപ്പിക്കപ്പെട്ടയിടത്ത് ബാഹ്യഭാഗത്ത് നെഗറ്റീവ് ചാര്‍ജ്ജും ഉള്‍വശത്ത് പോസിറ്റീവ് ചാര്‍ജ്ജും രൂപപ്പെടുന്നു. നൈമിഷികമായി ഉണ്ടാകുന്ന ഈ ചാര്‍ജ്ജ് വ്യതിയാനം തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിക്കുകയും സമാന രീതിയിലുള്ള വ്യതിയാനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുക വഴി സന്ദേശങ്ങള്‍ ആക്സോണിലൂടെ പ്രവഹിക്കുന്നു.

13. ഒറ്റപ്പെട്ടത് ഏതെന്ന് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസ്വഭാവം എഴുതുക.
സ്പര്‍ശം, ശബ്ദം, ഗന്ധം, ദാഹം
ഉത്തരം:
ദാഹം - മറ്റുള്ളവ ബാഹ്യഉദ്ദീപനങ്ങള്‍ക്ക് ഉദാഹരണം.

14. പദജോഡി ബന്ധം കണ്ടെത്തി വിട്ടഭാഗം പൂരിപ്പിക്കുക.
മയലിന്‍ ഷീത്ത് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
................................ : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
ഉത്തരം: മെനിഞ്ജസ്

15. ചുവട‌െ കൊടുത്തിട്ടുള്ളവയില്‍ മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തി എഴുതുക.
a) എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
b) നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.
c) മയലിന്‍ ഷീത്തിന് ഇരുണ്ട നിറമാണുള്ളത്.
d) ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.
ഉത്തരം:
b) നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.
16. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ജസിലെ ആന്തരസ്തരപാളികള്‍ക്കിടയില്‍ ഒരു ദ്രവം നിറഞ്ഞിരിക്കുന്നു.
a) ഈ ദ്രവത്തിന്റെ പേരെഴുതുക?
b) ഈ ദ്രവം നിര്‍വ്വഹിക്കുന്ന ഒരു ധര്‍മ്മം എഴുതുക.
ഉത്തരം:
a) സെറിബ്രോസ്പൈനല്‍ ദ്രവം
b) മസ്തിഷ്കകലകള്‍ക്ക് പോഷകഘടകങ്ങള്‍, ഓക്സിജന്‍ എന്നിവ നല്‍കുന്നു/ മസ്തിഷ്കത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുന്നു/ മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

17. ചുവടെ നല്‍കിയിരിക്കുന്ന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന മസ്തിഷ്കഭാഗങ്ങള്‍ തിരിച്ചറിഞ്ഞെഴുതുക.
a) ആന്തരസമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.
b) ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
ഉത്തരം:
a) ഹൈപ്പോതലാമസ്
b) തലാമസ്

18. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് ഓരോന്നിനുമുള്ള കാരണങ്ങള്‍ എഴുതുക.
a) സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.
b) സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.
ഉത്തരം:
a) കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.
b) സുഷുമ്നയിലേയ്ക്ക് ആവേഗങ്ങള്‍ എത്തിക്കുന്ന സംവേദനാഡീതന്തുക്കളും സുഷുമ്നയില്‍ നിന്ന് ആവേഗങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തിക്കുന്ന പ്രേരകനാഡീതന്തുക്കളും ചേര്‍ന്നതിനാല്‍ സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.

19. റിഫ്ളക്സ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന പദങ്ങള്‍ ഉപയോഗിച്ച് ഫ്ളോ ചാര്‍ട്ട് നിര്‍മ്മിക്കുക.
പ്രേരകനാഡി, ഗ്രാഹി, പേശി, ഇന്റര്‍ന്യൂറോണ്‍, സംവേദനാഡി
ഉത്തരം:
ഗ്രാഹി
സംവേദനാഡി
ഇന്റര്‍ന്യൂറോണ്‍
പ്രേരകനാഡി
പേശി

2൦. ആവേഗങ്ങളുടെ ദിശ ക്രമീകരിക്കുന്നതിന് സിനാപ്സുകള്‍ക്ക് കഴിയുന്നു. ഇതിനെ സാധൂകരിക്കുന്ന പ്രസ്താവന ചുവടെ നല്‍കിയവയില്‍ നിന്നും തെരഞ്ഞെടുത്തെഴുതുക.
a) നാഡീയപ്രേഷകങ്ങള്‍ സിനാപ്റ്റിക് നോബില്‍ നിന്നും സിനാപ്റ്റിക് വിടവിലേയ്ക്ക് സ്രവിക്കുന്നു.
b) നാഡീയപ്രേഷകങ്ങള്‍ ഒരു ന്യൂറോണില്‍ നിന്നും മറ്റൊരു ന്യൂറോണിലേയ്ക്ക് സ്രവിക്കുന്നു.
c) നാഡീയപ്രേഷകങ്ങള്‍ സിനാപ്റ്റിക് നോബില്‍ നിന്നും മറ്റൊരു ന്യൂറോണിലേയ്ക്ക് സ്രവിക്കുന്നു.
ഉത്തരം:
a) നാഡീയപ്രേഷകങ്ങള്‍ സിനാപ്റ്റിക് നോബില്‍ നിന്നും സിനാപ്റ്റിക് വിടവിലേയ്ക്ക് സ്രവിക്കുന്നു.

21. ചുവടെ നല്‍കിയിരിക്കുന്നവയില്‍ വൈറ്റ്മാറ്ററിനെ സൂചിപ്പിക്കുന്നത് ഏതെന്ന് തിരിച്ചറിഞ്ഞെഴുതുക.
a) ന്യൂറോണിന്റെ കോശശരീരവും ആക്സോണും ഉള്ള ഭാഗം
b) കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും ഉള്ള ഭാഗം
c) മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലുള്ള ഭാഗം
d) ആക്സോണുകള്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗം
ഉത്തരം:
c) മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലുള്ള ഭാഗം




BIOLOGY Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here