SSLC Biology: Chapter 02 അറിവിന്റെ വാതായനങ്ങള്‍ - ചോദ്യോത്തരങ്ങൾ 


Study Notes for Class 10 ജീവശാസ്ത്രം - അറിവിന്റെ വാതായനങ്ങള്‍ 
| Text Books Solution Biology (Malayalam Medium) Chapter 02 Sensations and Responses

Class 10 Biology Chapter 02 അറിവിന്റെ വാതായനങ്ങൾ 
* Study Note
* ജ്ഞാനേന്ദ്രിയങ്ങള്‍: ചുറ്റുപാടിനെക്കുറിച്ചുള്ള അറിവിനെ ജീവി ബോധമണ്‍ഡലത്തിലേക്ക്‌ ആനയിക്കുന്ന ശരീരത്തിന്റെ വാതായനങ്ങളാണ്‌ ഇന്ദ്രിയങ്ങള്‍. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അപഗ്രഥിച്ച്‌ മസ്തിഷ്കമാണ്‌ ജീവിക്ക്‌ പ്രകൃതി ആസ്വദിക്കാനും, അപകടങ്ങളില്‍ നിന്നു രക്ഷ നേടാനും, ഭക്ഷണം തേടാനും ആശയവിനിമയത്തിനും മറ്റും സഹായിക്കുന്നത്‌.
* ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്നും ആവേഗങ്ങള്‍ സംവേദനാഡികളിലൂടെ തലച്ചോറിലെത്തുമ്പോഴാണ്‌ അവ അനുഭവവേദ്യമാകുന്നത്‌. കണ്ണ്‌, ചെവി, മൂക്ക്‌, നാക്ക്‌, ത്വക്ക്‌ എന്നിവയാണ്‌ മനുഷ്യ സംവേദനാവയവങ്ങള്‍.

I. കണ്ണ്‌: കാഴ്ചയുടെ ഇന്ദ്രിയം.
* സംരക്ഷണ ഉപാധികള്‍
a) നേത്ര കോടരത്തില്‍ (തലയോട്ടിയിലെ കുഴിയില്‍) 3 ജോഡി ബാഹ്യ കണ്‍പേശികള്‍ കൊണ്ട്‌ ഉറപ്പിച്ചിരിക്കുന്നു - ആഘാതങ്ങളില്‍ നിന്ന്‌ രക്ഷ.
b) പുരികം, കണ്‍പീലി, കണ്‍പോള - പൊടിപടലം, വിയര്‍പ്പ്‌ എന്നിവ കണ്ണില്‍ വീഴാതെ സൂക്ഷിക്കുന്നു.
c) കണ്‍ജങ്റ്റൈവ: ഉല്‍പാദിപ്പിക്കുന്ന ശ്ലേഷ്മം ന്രേതഗോളത്തിന്റെ മുന്‍ഭാഗം വരണ്ടു പോകാതെ സംരക്ഷിക്കുന്നു.
d) കണ്ണുനീര്‍
 കണ്ണിനെ എപ്പോഴും ഈര്‍പ്പമുള്ളൂതാക്കി വെക്കുന്നു
 പൊടി വീണാല്‍ കഴുകി കളയുന്നു
 ലൈസോസൈം - കണ്ണിനുള്ളിലേക്ക്‌ കടക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന എന്‍സൈം അടങ്ങിയിരിക്കുന്നു.

* കണ്ണിന്റെ ഘടനയും ധര്‍മവും
* കണ്ണിന്റെ 3 പാളികള്‍ ?
a. ദൃഢപടലം (ബാഹൃപാളി) - നേത്രഗോളത്തിന്‌ ദൃഢത നല്‍കുന്നു. ഇതിന്റെ സുതാര്യമായ മുന്‍ഭാഗമാണ്‌ കോര്‍ണിയ. ദൃഢപടലത്തില്‍ കോര്‍ണിയ ഒഴികെയുള്ള ഭാഗത്തെ ആവരണം ചെയ്യുന്ന സംരക്ഷണസ്തരമാണ്‌ കണ്ജങ്റ്റൈവ.
b. രക്തപടലം - ധാരാളം രക്തക്കുഴലുകളുള്ളതും പോഷണവും ഓക്സിജനും നല്‍കുന്നതുമായ മധ്യപാളി. ഇതിന്റെ ഇരുണ്ട നിറമുള്ളതും മെലാനിന്‍ അടങ്ങിയതുമായ മുന്‍ ഭാഗമാണ്‌ ഐറിസ്‌. ഐറിസിനു മധ്യത്തിലുള്ള സുഷിരമാണ്‌ പ്യൂപ്പിള്‍. ഐറിസിനു തൊട്ടു പിറകിലായി സ്നായുക്കള്‍ വഴി ഒരു കോണ്‍വെക്സ്‌ ലെന്‍സ്‌ സീലിയറി പേശികളോട്‌ ബന്ധിപ്പിച്ചിരിക്കുന്നു.
c. റെറ്റിന - പ്രതിബിംബം രൂപപ്പെടുന്ന ആന്തര പാളി. പ്രകാശഗ്രാഹികളായ റോഡ്‌-കോണ്‍ കോശങ്ങള്‍ റെറ്റിനയിലാണുള്ളത്‌. കോണ്‍കോശങ്ങള്‍ ധാരാളമുള്ളതും കാഴ്ച കൂടിയതുമായ ഭാഗം പീതബിന്ദു എന്നും നേത്രനാഡിതുടങ്ങുന്ന ഭാഗം കോണ്‍-റോഡ്‌ കോശങ്ങളില്ലാത്തതിനാല്‍ (കാഴ്ചയില്ലാത്ത) അന്ധബിന്ദു എന്നും അറിയപ്പെടുന്നു.

* കണ്ണിലെ അറകളില്‍ കാണുന്ന ദ്രവങ്ങള്‍ ?
⦁ അക്വസ്ദ്രവം - കോര്‍ണിയയ്ക്കും ലെന്‍സിനും ഇടയിലെ അക്വസ്‌ അറയില്‍ നിറഞ്ഞ ജലീയ ദ്രവം. രക്തത്തില്‍നിന്നും ഊറിയുണ്ടാകുന്ന ഇത്‌ കണ്ണിലെ കലകള്‍ക്ക്‌ ഓക്‌സിജനും പോഷണവും നല്‍കുന്നു.
⦁ വിട്രിയസ്ദൂവം - ലെന്‍സിനും റെറ്റിനയ്ക്കും ഇടയിലെ വിട്രിയസ്‌ അറയില്‍ കാണുന്ന ജെല്ലി ദ്രവം. ഇത് കണ്ണിന്റെ ആകൃതി നിലനിര്‍ത്തുന്നു.

* കണ്ണിലെ പ്രകാശ ക്രമീകരണം  
ഐറിസിലെ റേഡിയൽ - വലയ പേശികള്‍ പ്രകാശതീവ്രതയ്ക്കനുസരിച്ച്‌ പ്യൂപ്പിളിന്റെ വലുപ്പം ക്രമീകരിക്കുന്നു. പ്രകാശതീവ്രത കൂടുമ്പോള്‍ വലയപേശികള്‍ ചുരുങ്ങുന്നതിനാല്‍ പ്യൂപ്പിള്‍ ചുരുങ്ങുന്നു. മങ്ങിയവെളിച്ചത്തില്‍ റേഡിയല്‍ പേശികള്‍ ചുരുങ്ങുന്നതിനാല്‍ പ്യൂപ്പിള്‍ വികസിക്കുന്നു.

* കാഴ്ച - ഘട്ടങ്ങള്‍
1. ഫോക്കസ്‌ ദൂരം ക്രമീകരിക്കല്‍
അടുത്തും അകലെയുമുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ പതിയാന്‍ കണ്ണിലെ ലെന്‍സിന്റെ വ്രകകതയില്‍മാറ്റം വരുത്തി ഫോക്കല്‍ ദൂരം ക്രമീകരിക്കുന്നു. ഈ കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത എന്നു പറയുന്നു

സിലിയറി പേശികള്‍ലെന്‍സിന്റെ വക്രതയില്‍ മാറ്റം വരുത്തി ഫോക്കസ്‌ദൂരം ക്രമീകരിക്കാന്‍ ഉള്ളതാണ്‌. അടുത്തുള്ളവയെ നോക്കുമ്പോള്‍ സീലിയറി പേശികള്‍ സങ്കോചിക്കുന്നതുമൂലം സ്മായുക്കള്‍ അയഞ്ഞ്‌ ലെന്‍സിന്റെ വക്രതകൂടുമ്പോഴാണ്‌ ഫോക്കസ്‌ദ്ദൂരം കുറയുന്നത്‌. അകലെയുമുള്ളവയെ നോക്കുമ്പോള്‍ സ്നായുക്കള്‍ വലിഞ്ഞ്‌ ലെന്‍സ്‌വിശ്രമാവസ്ഥയിലാവുമ്പോള്‍ വക്രത കുറയുമ്പോള്‍ ഫോക്കല്‍ദ്ദൂരം കൂടുന്നു.

2. പ്രതിബിംബം റെറ്റിനയില്‍
* വസ്തുവില്‍ നിന്ന്‌ വരുന്ന പ്രകാശരശ്മികള്‍ കണ്ണില്‍ കൂടി കടന്നു പോകുന്ന ഫ്ളോചാര്‍ട്ട് 
പ്രകാശം → കോര്‍ണിയ →അക്വസ്‌ ദ്രവം → പ്യൂപ്പിള്‍ → ലെന്‍സ്‌ → വിട്രയസ്‌ ദ്രവം → റെറ്റിന
* പ്രതിബിംബത്തിന്റെ പ്രത്യേകതകള്‍
 യഥാര്‍ത്ഥം
⦁ ചെറുത്‌
⦁ തലതിരിഞ്ഞത്‌

3. റെറ്റിനയുടെ ഘടനയും പ്രതിബിംബം രൂപപ്പെടുമ്പോഴുണ്ടാകുന്ന മാറ്റവും
റെറ്റിനയിലെ റോഡ്‌, കോണ്‍ കോശങ്ങളില്‍ കാണപ്പെടുന്ന റോഡോപ്സിന്‍, ഫോട്ടോപ്സിന്‍/അയഡോപ്സിന്‍ എന്നീ കാഴ്ചാവര്‍ണകങ്ങളുടെ വിഘടനമാണ്‌ കാഴ്ചയുടെ അടിസ്ഥാനം. 
Vitamin A -യില്‍ നിന്നുണ്ടാകുന്ന റെറ്റിനാല്‍ എന്ന രാസവസ്തുവും ഓപ്സിന്‍ എന്ന പ്രോട്ടീനും ചേര്‍ന്നാണ്‌ ഈ വര്‍ണകങ്ങള്‍ ഉണ്ടാകുന്നത്‌.

* റോഡ്‌ കോശങ്ങള്‍ (12 ലക്ഷം) - മങ്ങിയ പ്രകാശത്തില്‍ ഉദ്ദീപിക്കപ്പെടുന്നു. ബ്ലാക്ക്‌ & വൈറ്റ്‌ കാഴ്ച സാധ്യമാക്കുന്നു. റോഡോപ്സിന്‍ വിഘടിച്ച്‌ റെറ്റിനാലും ഓപ്സിനും ആയിമാറുന്നു. ഇവ രണ്ടും പ്രകാശത്തിന്റെ അസാന്നിധ്യത്തില്‍ യോജിക്കുന്നു.
* കോണ്‍ കോശങ്ങള്‍ (6 ലക്ഷം) - തീവ്ര പ്രകാശത്തില്‍ ഉദ്ദീപിക്കപ്പെടുന്നു. നിറങ്ങള്‍ തിരിച്ചറിയാന്‍ (ഫോട്ടോപ്സിന്‍/അയഡോപ്സിന്‍ വിഘടിക്കുന്നത്‌ തീവ്ര പ്രകാശത്തിലായതിനാല്‍) കഴിവുണ്ട്‌.
* മനുഷ്യനില്‍ ചുവപ്പ്‌, പച്ച, നീല എന്നീ രശ്മികളാല്‍ പരമാവധിഉത്തേജിക്കപ്പെടുന്ന 3 ഇനം കോണ്‍ കോശങ്ങളാണുള്ളത്‌. ഓപ്സിന്‍ തന്മാത്രയിലെ അമിനോ ആസിഡുകള്‍ വ്യത്യസ്തമായതാണ്‌ ഇതിനു കാരണം.
* ചുവപ്പ്‌, പച്ച, നീല വര്‍ണങ്ങളെ തിരിച്ചറിയാനുള്ള മൂന്നുതരം കോണ്‍കോശങ്ങള്‍ വര്‍ണ്ണക്കാഴ്ച നല്‍കുന്നതിന്‌ സഹായകമാണ്‌. പ്രകാശഗ്രാഹികളിലെ വര്‍ണകങ്ങളിലുള്ള റെറ്റിനാല്‍ രൂപപ്പെടുന്നത്‌ വിറ്റാമിന്‍ A യില്‍ നിന്നാണ്‌.
റെറ്റിനയില്‍ വീഴുന്നത്‌ മങ്ങിയ പ്രതിബിംബമാണെങ്കില്‍ റോഡ്‌ കോശങ്ങളിലെ റൊഡോപ്സിനും അല്ലെങ്കില്‍ കോണ്‍ കോശങ്ങളിലെ ഫോട്ടോപ്സിനും വിഘടിച്ച്‌ റെറ്റിനാല്‍, ഓപ്സിന്‍ എന്നിവയുണ്ടാകുമ്പോള്‍ ആവേഗങ്ങളുണ്ടാവുന്നു. ഈ ആവേഗങ്ങള്‍ നേത്രനാഡിയിലൂടെ പ്രസരിച്ച്‌ തലച്ചോറിലെത്തുമ്പോഴാണ്‌ സമന്വിതകാഴ്ച അനുഭവവേദ്യമാകുന്നത്‌.

4. നാഡീയ ആവേഗങ്ങള്‍ സെറിബ്രത്തിലേക്ക്‌ - കാഴ്ച എന്ന അനുഭവം
(ഫ്ളോചാർട്ട്:- റെറ്റിനയില്‍ പ്രതിബിംബം - പ്രകാശഗ്രാഹികള്‍ക്ക്‌ ഉദ്ദീപനം - റൊഡോപ്സിന്‍ / ഫോട്ടോപ്സിന്‍ വിഘടനം - ആവേഗം നേത്രനാഡിയിലൂടെ - സെറിബ്രത്തില്‍ പ്രതിബിംബങ്ങളുടെ സമന്വയം - കാഴ്ച അറിയുന്നു.)
i. ഒരു വസ്തുവിന്റെ പ്രതിബിംബം റെറ്റിനയില്‍ പതിക്കുമ്പോള്‍ പ്രകാശ ഗ്രാഹികള്‍ ഉദ്ദീപിക്കപ്പെടുന്നു
ii. ആവേഗങ്ങള്‍ രൂപപ്പെടുന്നു
iii. ആവേഗങ്ങള്‍ നേത്രനാഡി വഴി സെറിബ്രത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലെത്തുന്നു
iv. കണ്ണില്‍ നിന്നുമുള്ള പ്രതിബിംബങ്ങളെ സംയോജിപ്പിച്ച്‌ കാഴ്ചയുടെ കേന്ദ്രം വസ്തുവിന്റെ ത്രിമാനദൃശ്യം സാധ്യമാക്കുന്നു. ഇതാണ്‌ ദ്വിനേത്ര ദര്‍ശനം.

ദ്വിനേത്രദര്‍ശനം:- ദ്വിനേത്രദര്‍ശനം എന്നത്‌ വസ്തുവില്‍ രണ്ടുകണ്ണുകളും ഒരേ സമയം കേന്ദ്രീകരിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിബിംബങ്ങളെ തലച്ചോറ്‌ ഒറ്റ ദൃശ്യമായി കാണിക്കുന്നത്‌. തന്‍മൂലം അകലം, കനം മുതലായവ കൃത്യമാക്കുന്ന ത്രിമാനദൃശ്യം ലഭിക്കുന്നു.

* കണ്ണിന്റെ തകരാറുകളും രോഗവും:
1. ദീര്‍ഘദൃഷ്ടി ( ഹൈപ്പര്‍ മെട്രോപിയ): നേത്രഗോളത്തിന്റെ നീളക്കുറവു മൂലം അടുത്തുള്ളവയെ വ്യക്തമായി കാണുന്നില്ല.
2. ഹ്രസ്വദൃഷ്ടി (മയോപിയ): നേത്രഗോളത്തിന്റെ നീളക്കൂടുതല്‍ മൂലം അകലെയുള്ളവയെ വ്യക്തമായി കാണുന്നില്ല.
3. നിശാന്ധത: വിറ്റാമിന്‍ A യുടെ അഭാവം കൊണ്ട്‌ മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ പ്രയാസം.
4. വര്‍ണാന്ധത: ചുവപ്പ്‌, പച്ച കോണ്‍കോശങ്ങളുടെ തകരാറു മൂലം ചില നിറങ്ങള്‍ വ്യക്തമാവുന്നില്ല.
5. സിറോഫ്താല്‍മിയ: വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അപര്യാപ്തത കൊണ്ട്‌ നേത്രാവരണവും കോര്‍ണിയയും വരണ്ട്‌ അതാര്യമാവുന്നു.
6. തിമിരം: ലെന്‍സ്‌ അതാര്യമാകുന്നതുമൂലം കാഴ്ച കുറഞ്ഞുവരുന്നു.
7. ഗ്ലോക്കോമ: അക്വസ് ദൃവത്തിന്റെ പുനരാഗിരണം തടസ്സപെട്ടുണ്ടാകുന്ന മര്‍ദ്ദ വര്‍ധനമൂലം റെറ്റിനയിലെ പ്രകാശഗ്രാഹികള്‍ നശിക്കാനും കാഴ്ചാവൈകല്യവും.
8. ചെങ്കണ്ണ്‌: കണ്‍ജങ്റ്റൈവ എന്ന്‌ നേത്രാവരണത്തിന്‌ അണുബാധ.

* കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിനാവശ്യമായവ
- തീവ്രപ്രകാശം കണ്ണില്‍ നേരിട്ടുപതിയ്ക്കാതെ സൂക്ഷിക്കുക.
- മങ്ങിയവെളിച്ചത്തില്‍ വായിക്കുന്ന ശീലം ഒഴിവാക്കുക.
- തുടര്‍ച്ചയായി ടി. വി,  കംപ്യുട്ടര്‍ - ഫോണ്‍ കാണരുത്‌.
- ഇടയ്ക്കിടെ കണ്ണുകള്‍ കഴുകുക 
- വിറ്റാമിന്‍ A ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
II. ചെവി: കേള്‍വിക്കും തുലനനില പാലനത്തിനും.
⦁ ചെവിയാണ്‌ ശ്രവണത്തെ സഹായിക്കുന്ന ജഞാനേന്ദ്രിയം.
⦁ ശരീരത്തിന്റെ തുലനനനില പാലിക്കാന്‍ സഹായിക്കുക എന്ന ധര്‍മവും ചെവിക്കുണ്ട്‌.
* പ്രധാന ഭാഗങ്ങള്‍:
a. ബാഹ്യകര്‍ണം: ചെവിക്കുട, കര്‍ണനാളം, കര്‍ണപടം
b. മധ്യകര്‍ണം: അസ്ഥിശൃംഖല (മാലിയസ്‌, ഇന്‍കസ്‌, സ്റ്റേപിസ്‌), യൂസ്‌റ്റേഷ്യന്‍ നാളി.
c. ആന്തരകര്‍ണം: കോക്ലിയ, ശ്രവണനാഡി, വെസ്റ്റിബുള്‍, അര്‍ദ്ധവൃത്താകാരക്കുഴലുകള്‍, വെസ്റ്റിബുലാര്‍ നാഡി.
* ഓവല്‍ വിന്‍ഡോ, റൗണ്ട് വിന്‍ഡോ എന്നീ സ്തരങ്ങള്‍ 
* ചെവിയുടെ ഘടന

* ചെവിക്കുള്ളിലെ ദ്രവങ്ങള്‍:
എന്‍ഡോലിംഫ്‌, പെരിലിംഫ്‌
* യൂസ്‌റ്റേഷ്യന്‍ നാളി (മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴല്‍) മധ്യകര്‍ണത്തിലെ വായുമര്‍ദ്ദം ക്രമീകരിച്ച്‌ കര്‍ണപടത്തെ സംരക്ഷിക്കുന്നുണ്ട്‌.
* അസ്ഥി ശൃംഖല (മാലിയസ്‌, ഇന്‍കസ്‌, സ്റ്റേപിസ്‌) കര്‍ണപടത്തിലുണ്ടാകുന്ന കമ്പനങ്ങളെ വര്‍ദ്ധിപ്പിച്ച്‌ ആന്തരകര്‍ണത്തിലെ ഓവല്‍വിന്‍ഡോയില്‍ എത്തിക്കുന്നു. 
* സ്റ്റേപിസുമായി ബന്ധപ്പെട്ട സ്തരമാണ്‌ ഓവല്‍വിന്‍ഡോ.

* ആന്തരകര്‍ണം: 
അസ്ഥിനിര്‍മിത അറയും ഉള്ളിലായി സ്‌തര നിര്‍മിത ഭാഗങ്ങളുമായി കാണുന്നു. ഒച്ചിന്റെ പുറന്തോടാകൃതിയിലുള്ള കോക്ലിയ, വെസ്റ്റിബ്യുലാര്‍
അപ്പാരട്ടസ്‌ (വെസ്റ്റിബ്യൂള്‍- മൂന്ന്‌ അര്‍ദ്ധവൃത്താകാരക്കുഴലുകള്‍) എന്നിവയുണ്ട്‌.
കോക്ലിയയില്‍ നിന്നുള്ള നാഡീതന്തുക്കള്‍ ചേര്‍ന്ന്‌ ശ്രവണനാഡിയായി സെറിബ്രത്തിലേക്കും വെസ്റ്റിബ്യുലാര്‍ നാഡി സെറിബെല്ലത്തിലേക്കും പോകുന്നു.
അസ്ഥിപാളിക്കും സ്തരപാളിക്കും ഇടയിലായി പെരിലിംഫ്‌ എന്ന ദ്രവവും സ്തരപാളികള്‍ക്കുള്ളിലായി എന്‍ഡോലിംഫ്‌ എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു.

ശബ്‌ദഗ്രാഹികള്‍: കോക്ലിയയിലെ ബേസിലാര്‍ സ്തരവും അതിലെ രോമകോശങ്ങളും. ഇത്‌ പൊതുവെ ഓര്‍ഗന്‍ ഓഫ്‌കോര്‍ട്ടി എന്ന്‌ അറിയപ്പടുന്നു.

* കേള്‍വി അനുഭവപ്പെടല്‍ (ഫ്ലോ ചാർട്ട്) 
ശബ്ദ തരംഗങ്ങള്‍ → ചെവിക്കുട → കര്‍ണനാളം → കര്‍ണപടം → അസ്ഥിശൃംഖല → ഓവല്‍വിന്‍ഡോ → കോക്ലിയയിലെ പെരിലിംഫ്‌ → എന്‍ഡോലിംഫ്‌ → ഓർഗൻ ഓഫ് കോർട്ടി → ബേസിലാര്‍സ്തരത്തിലെ → ആവേഗം → ശ്രവണനാഡി → സെറിബ്രത്തിലേക്ക്‌ → കേള്‍വി.

* ചെവിയും ശരീരത്തിന്റെ തുലനനില പാലനവും: വെസ്റ്റിബ്യുളിലും അര്‍ദ്ധവൃത്താകാരക്കുഴലുകളിലും ഉള്ള എന്‍ഡോലിംഫ്‌ ഇളകുമ്പോള്‍ അവയിലെ രോമകോശ ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെട്ട്‌ ആവേഗങ്ങള്‍ ശ്രവണ നാഡിയിലൂടെ സെറിബല്ലത്തില്‍ എത്തുന്നു. സെറിബല്ലം പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച്‌ ശരീര തുലനനില ശരിയാക്കുകയും ചെയ്യുന്നു.

III. നാവ് 
 നാവിലും കവിളിലും സ്ഥിതി ചെയ്യുന്ന സ്വാദ്മുകുളങ്ങളാണ്‌ സ്വാദ്‌ അറിയാന്‍ സഹായിക്കുന്നത്‌.
 മധുരം, കയ്പ്‌, പുളി, ഉപ്പ്‌, ഉമാമി എന്നീ സ്വാദുകള്‍ തിരിച്ചറിയുവാന്‍ പ്രത്യേക സ്വാദ്മുകുളങ്ങളുണ്ട്‌.
* ഘടന:
* രുചി അറിയല്‍: നാക്ക്‌, കവിളുകള്‍, തൊണ്ട എന്നിവിടങ്ങളിലുള്ള രാസഗ്രാഹികള്‍ വഴിയാണ്‌ രുചി അറിയുന്നത്‌. നാക്കിലെ പാപ്പില്ലകള്‍ക്കുള്ളിലെ സ്വാദുമുകുളങ്ങളില്‍ രാസഗ്രാഹികള്‍ കാണുന്നു. മധുരം, ഉപ്പ്‌, പുളി, കയ്പ്, ഉമാമി എന്നിവ അറിയാനുള്ള സ്വാദുമുകുളങ്ങളുണ്ട്‌.
രുചിക്കുന്ന വസ്തുക്കള്‍ ഉമിനീരില്‍ ലയിച്ച്‌ സ്വാദുമുകുളങ്ങളിലെ രാസഗ്രാഹികളെ ഉദ്ദീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആവേഗങ്ങള്‍ ബന്ധപ്പെട്ട നാഡികളിലൂടെ മസ്തിഷ്കത്തിലെത്തുമ്പോഴാണ്‌ രുചിയറിയുക.

III. മൂക്ക് 
* ഘടന

* ഗന്ധം എന്ന അനുഭവം: 
 ഗന്ധകണികകള്‍ വായുവിനോടൊപ്പം മൂക്കിനുള്ളില്‍ പ്രവേശിക്കുന്നു. 
 ശ്ലേഷ്മദ്രവത്തില്‍ ലയിച്ച്‌ ഗന്ധകണികകള്‍ ഗന്ധഗ്രാഹിയില്‍ എത്തുന്നു
 ഗന്ധഗാഹികള്‍ ഉദ്ദീപിക്കപ്പെട്ട്‌ ആവേഗങ്ങള്‍ രൂപപ്പെടുന്നു
 ആവേഗങ്ങള്‍ ഗന്ധനാഡി വഴി സെറിബ്രത്തിലെ ഗന്ധത്തിന്റെ കേന്ദ്രത്തില്‍ എത്തുന്നു
 ഗന്ധം അനുഭവപ്പെടുന്നു.

IV. ത്വക്ക് 
* ഘടന: 
* ത്വക്ക് 
 ചൂട്‌, തണുപ്പ്‌, വേദന, മര്‍ദം, സ്പര്‍ശം എന്നിവയുടെ ഗ്രാഹികള്‍ ഉദ്ദീപിക്കപ്പെടുന്നു
 ആവേഗങ്ങള്‍ രൂപപ്പെടുന്നു
 ആവേഗങ്ങള്‍ ബന്ധപ്പെട്ട നാഡികള്‍ വഴി സെറിബ്രത്തില്‍ എത്തുന്നു
 അവ അനുഭവങ്ങളായിമാറുന്നു

* ചില ജന്തുക്കളിലെ സംവേദനഗ്രാഹികള്‍: 
 പ്ലനേറിയയിലെ ഐ സ്പോട്ട്‌ (പ്രകാശം തിരിച്ചറിയാന്‍)
 ഈച്ചയിലെ ഒമാറ്റിഡിയ (ധാരാളം പ്രകാശഗ്രാഹികള്‍)
 പാമ്പുകളിലെ ജേക്കബ്സണ്‍സ്‌ ഓര്‍ഗന്‍ (മണം)
 സ്രാവിലെ പാര്‍ശ്വവരയിലെ ഗ്രാഹികള്‍ (തുലനനില)
 സ്രാവിന്‍ ക്ഷമത കൂടിയ ഗന്ധഗ്രാഹികളുണ്ട്‌. (മണം)
പരിശീലന ചോദ്യോത്തരങ്ങൾ 
1. നമുക്ക് അടുത്തുള്ള വസ്തുവിനെയും അകലെയുള്ള വസ്തുവിനെയും വ്യക്തമായി കാണാൻ കഴിയും. 
എ) ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവിനെ ------- എന്ന് വിളിക്കുന്നു. 
ബി) അടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ ലെൻസിന്റെ വക്രതയ്ക്കു എന്ത് മാറ്റം സംഭവിക്കുന്നു? 
സി) ലെൻസിന്റെ ഈ മാറ്റം എങ്ങനെ കൈവരിക്കുന്നു? 
ഉത്തരം:
എ) കണ്ണിന്റെ സമ​ജ്ഞനക്ഷമത.
ബി) ലെൻസിന്റെ വക്രത കൂടുന്നു. 
സി) സീലിയറി പേശികൾ സങ്കോചിക്കുകയും സ്നായുക്കൾ അയയുകയും ചെയുന്നു. 

2. ചുവടെ നല്‍കിയ പ്രസ്താവനകളില്‍ നിന്നും ശരിയായവ മാത്രം തിരഞ്ഞെടുത്തെഴുതുക.
1. ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.
2. ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളില്‍ പെരിലിംഫ് സ്ഥിതിചെയ്യുന്നു.
3. ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ശരീരതുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.
4. അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.
ഉത്തരം:
1) ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.
4) അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.

3. വിറ്റാമിന്‍ A യുടെ കുറവുള്ള കുട്ടികളില്‍ നിശാന്ധത ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ചുവടെ നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
a) വിറ്റാമിന്‍ A നിശാന്ധതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
b) വിറ്റാമിന്‍ A യുടെ അഭാവം മൂലം ഉണ്ടാകുന്ന മറ്റൊരു രോഗത്തിന്റെ പേരെഴുതുക.
ഉത്തരം:
a) വിറ്റാമിന്‍ A യുടെ കുറവ് റോഡോപ്സിന്റെ കുറവിനുകാരണമാകുന്നു. തന്‍മൂലം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്നു.
b) സീറോഫ്താല്‍മിയ

4. ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക.
a) സ്റ്റേപ്പിസിന്റെ കമ്പനം : കോക്ലിയയിലെ ദ്രവത്തിന്റെ ചലനം
b) ബേസിലാര്‍ സ്തരത്തിലെ രോമകോശങ്ങള്‍ : ശരീരതുലനനിലപാലനം
ഉത്തരം:
a) സ്റ്റേപ്പിസിന്റെ കമ്പനം : കോക്ലിയയിലെ ദ്രവത്തിന്റെ ചലനം

5. കേള്‍വിയുമായി ബന്ധപ്പെട്ട മുഖ്യഭാഗങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. അവയില്‍ നിന്നും ഓവല്‍ വിന്‍ഡോ മുതല്‍ സെറിബ്രം വരെയുള്ള ഭാഗങ്ങള്‍ ക്രമപ്പെടുത്തി എഴുതി ഫ്ളോചാര്‍ട്ട് നിര്‍മ്മിക്കുക.
a) ശ്രവണനാഡി b) എന്‍ഡോലിംഫ് c) രോമകോശങ്ങള്‍ d) ഓവല്‍ വിന്‍ഡോ e) സെറിബ്രം f) ബേസിലാര്‍ സ്തരം
ഉത്തരം:
ഓവല്‍ വിന്‍ഡോ- എന്‍ഡോലിംഫ് - ബേസിലാര്‍ സ്തരം- രോമകോശങ്ങള്‍- ശ്രവണനാഡി- സെറിബ്രം

6. ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമായത് കണ്ടെത്തി എഴുതുക.
a) പുനരാഗിരണം നടക്കാത്ത രക്തം കണ്ണില്‍ ചെലുത്തുന്ന മര്‍ദ്ദം.
b) അക്വസ് ദ്രവത്തിന്റെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്
c) അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.
d) വിട്രിയസ് ദ്രവത്തിന്റെ ആധിക്യം
ഉത്തരം:
c) അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

7. കേള്‍വിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ ചുവടെ തന്നിരിക്കുന്നു. ഓരോ ഭാഗത്തിന്റേയും മുഖ്യധര്‍മ്മമെഴുതുക.
a) അസ്ഥിശൃംഖല
b) യൂസ്റ്റേഷ്യന്‍ നാളി
c) റൗണ്ട് വിന്‍ഡോ
ഉത്തരം:
a) ചെവിയിലെ അസ്ഥിശൃംഖല- കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ വര്‍ദ്ധിപ്പിച്ച് ആന്തരകര്‍ണത്തിലേയ്ക്ക് എത്തിക്കുന്നു.
b) യൂസ്റ്റേഷ്യന്‍ നാളി- കര്‍ണ്ണപടത്തിനിരുവശത്തും മര്‍ദ്ദം തുല്യമാക്കി കര്‍ണ്ണപടത്തെ സംരക്ഷിക്കുന്നു.
c) റൗണ്ട് വിന്‍ഡോ- കോക്ലിയയ്ക്കകത്തുള്ള ദ്രവത്തിന്റെ ചലനത്തെ സഹായിക്കുന്നു.

8. ചുവടെ നല്‍കിയ പ്രസ്താവനകള്‍ ഓരോന്നിനുമുള്ള കാരണങ്ങള്‍ എഴുതുക.
1. വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണുന്നതിന് നമുക്ക് കഴിവുണ്ട്.
2. റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്.
3. ഗ്ലോക്കോമ എന്ന രോഗം ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.
ഉത്തരം:
1. ഒരു വസ്തുവിന്റെ രണ്ട് ദിശയില്‍ നിന്നുള്ള പ്രതിബിംബങ്ങളാണ് ഓരോ കണ്ണിലും പതിക്കുന്നത്. ഈ രണ്ട് ദൃശ്യങ്ങളും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്നത്.
2. കാഴ്ചാവര്‍ണകമായ റോഡോപ്സിനിലെ ഘടകമായ റെറ്റിനാല്‍ വിറ്റാമിന്‍ എ യില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ പ്രകാശം തട്ടി റോഡോപ്സിന്‍ വിഘടിച്ചശേഷം റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്.
3. അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതുവഴി കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ലേസര്‍ ശസ്ത്രക്രിയയിലൂടെ അക്വസ് ദ്രവത്തിന്റെ പുനരാഗിരണം സാധാരണ ഗതിയിലാക്കാന്‍ കഴിയും. അതിനാല്‍ ഗ്ലോക്കോമ ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

9. താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ കണ്ടെത്തി എഴുതുക.
a) നീണ്ടുനില്‍ക്കുന്ന നിശാന്ധത സീറോഫ്താല്‍മിയയിലേയ്ക്ക് നയിക്കും.
b) റെറ്റിനയില്‍ ധാരാളം രക്തക്കുഴലുകള്‍ കാണപ്പെടുന്നു.
c) ശബ്ദഗ്രാഹികള്‍ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയില്‍ സ്ഥിതി ചെയ്യുന്നു.
d) ജേക്കബ്സന്‍സ് ഓര്‍ഗന്‍ പാമ്പിന്റെ നാക്കില്‍ സ്ഥിതിചെയ്യുന്നു.
ഉത്തരം:
a) നീണ്ടുനില്‍ക്കുന്ന നിശാന്ധത സീറോഫ്താല്‍മിയയിലേയ്ക്ക് നയിക്കും.
c) ശബ്ദഗ്രാഹികള്‍ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയില്‍ സ്ഥിതി ചെയ്യുന്നു.

10. A കോളത്തിനുയോജിച്ചവ B, C കോളങ്ങളില്‍ ക്രമീകരിക്കുക.


11. താഴെത്തന്നിരിക്കുന്നവയില്‍ നിന്നും ശരിയായ പ്രസ്താവനകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.
a) മനുഷ്യരിലെ മൂന്നുതരം കോണ്‍ കോശങ്ങളിലെ ഓപ്സിന്‍ തന്‍മാത്രകളിലെ അമിനോആസിഡുകളില്‍ വ്യത്യാസമുണ്ട്.
b) കോര്‍ണിയ അതാര്യമാകല്‍ തിമിരത്തിന്റെ ലക്ഷണമാണ്.
c) യൂസ്റ്റേഷ്യന്‍ നാളി കര്‍ണപടത്തെ സംരക്ഷിക്കുന്നു.
d) ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളിലെ ദ്രാവകമാണ് പെരിലിംഫ്.
e) ശബ്ദഗ്രാഹികള്‍ സ്ഥിതിചെയ്യുന്നത് “ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി” യിലാണ്.
ഉത്തരം:
a) മനുഷ്യരിലെ മൂന്നുതരം കോണ്‍ കോശങ്ങളിലെ ഓപ്സിന്‍ തന്‍മാത്രകളിലെ അമിനോആസിഡുകളില്‍ വ്യത്യാസമുണ്ട്.
e) ശബ്ദഗ്രാഹികള്‍ സ്ഥിതിചെയ്യുന്നത് “ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി” യിലാണ്.
 
12. റൊഡോപ്സിന്റെ ക‍ുറവ് നിശാന്ധതയിലേയ്ക്ക‍ും ഫോട്ടോപ്സിന്റെ ക‍ുറവ് വര്‍ണാന്ധതയിലേക്ക‍ും നയിക്ക‍ുന്ന‍ു. പ്രസ്താവന വിലയിര‍ുത്തി നിങ്ങള‍ുടെ അഭിപ്രായം സാധ‍ൂകരിക്ക‍ുക
ഉത്തരം:
ഭാഗീകമായി ശരി.റൊഡോപ്സിന്റെ ക‍ുറവ് നിശാന്ധതയിലേയ്ക്ക് നയിക്ക‍ുന്ന‍ു.രണ്ടാമത്തെ ഭാഗം തെറ്റാണ്.ച‍ുവപ്പും പച്ചയ‍ും നീലയ‍ും തിരിച്ചറിയാന്‍ സഹായിക്ക‍ുന്ന വ്യത്യസ്ത കോണ്‍കോശങ്ങള്‍ റെറ്റിനയില്‍ ഉണ്ട്.നിര്‍ദ്ദിഷ്ട കോണ്‍കോശങ്ങള‍ുടെ തകരാറ‍ുമ‍ൂലം ചിലര്‍ക്ക് ച‍ുവപ്പും പച്ചയ‍ും കഴിയാത്ത അവസ്ഥയാണ് വര്‍ണാന്ധത.

13. ഒര‍ു വ്യക്തി വരണ്ട കോര്‍ണിയ കൊണ്ട് വിഷമിക്ക‍ുന്ന‍ു.അതിലേക്ക് നയിച്ച കാരണത്തെ അടിസ്ഥാനമാക്കി 3 പരികല്‍പനകള്‍ ര‍ൂപീകരിക്ക‍ുക
ഉത്തരം:
വിറ്റാമിന്‍ A യ‍ുടെ ക‍ുറവ് ആകാം.
ശ്ലേഷ്മം ഉല്‍പാദിപ്പിക്കാന‍ുള്ള കണ്‍ജങ്റ്റൈവയ‍ുടെ കഴിവ് നഷ്ടപ്പെട്ടതാകാം.
കണ്ണ‍ുനീരിന്റെ ഉല്‍പാദനം തടയപ്പെട്ടതാകാം.

14. കേള്‍വിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ ചുവടെ തന്നിരിക്കുന്നു. ഓരോഭാഗത്തിന്റേയും മുഖ്യധര്‍മ്മമെഴുതുക.
a) അസ്ഥിശൃംഖല
b) യൂസ്റ്റേഷ്യന്‍ നാളി
c) റൗണ്ട് വിന്‍ഡോ
ഉത്തരം:
a) ചെവിയിലെ അസ്ഥിശൃംഖല- കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ വര്‍ദ്ധിപ്പിച്ച് ആന്തരകര്‍ണത്തിലേയ്ക്ക് എത്തിക്കുന്നു.
b) യൂസ്റ്റേഷ്യന്‍ നാളി- കര്‍ണ്ണപടത്തിനിരുവശത്തും മര്‍ദ്ദം തുല്യമാക്കി കര്‍ണ്ണപടത്തെ സംരക്ഷിക്കുന്നു.
c) റൗണ്ട് വിന്‍ഡോ- കോക്ലിയയ്ക്കകത്തുള്ള ദ്രവത്തിന്റെ ചലനത്തെ സഹായിക്കുന്നു.

15. ചുവടെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
എ) വർണ്ണക്കാഴ്ച സാധ്യമാക്കുന്ന പ്രകാശഗ്രാഹികോശം ഏത്? 
ബി) ഓപ്സിൻ പ്രോട്ടീനിലെ അമിനോആസിഡുകൾ വ്യത്യസ്തമാകുന്നത് വർണ്ണക്കാഴ്ച സാധ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. സമർത്ഥിക്കുക.
ഉത്തരം:
എ) കോൺകോശങ്ങൾ 
ബി) പ്രകാശത്തിലെ പ്രാഥമിക വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന 3 തരം കോൺകോശങ്ങളുണ്ട് . ഓപ്സിൻ തന്മാത്രയിലെ അമിനോആസിഡുകൾ വ്യത്യസ്തമായതാണ് ഈ വൈവിധ്യത്തിന് കാരണം. 

16. ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക.
a) കോക്ലിയയിലെ ദ്രവത്തിന്റെ ചലനം: സ്റ്റേപ്പിസിന്റെ കമ്പനം
b) ബേസിലാര്‍ സ്തരത്തിലെ രോമകോശങ്ങള്‍ : ശരീരതുലനനിലപാലനം
ഉത്തരം:
a) കോക്ലിയയിലെ ദ്രവത്തിന്റെ ചലനം: സ്റ്റേപ്പിസിന്റെ കമ്പനം




BIOLOGY Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here