STD 10 ഭൂമിശാസ്ത്രം: Chapter 06 ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും - ചോദ്യോത്തരങ്ങൾ 

Study Notes for Class 10 Social Science II (Malayalam Medium) | Text Books Solution Geography (Malayalam Medium) Social Science II: Chapter 06 ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും (Eyes in the Sky and Analysis of Information) 

Social Science II Chapter 06: ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും ചോദ്യോത്തരങ്ങൾ 

1. എന്താണ് വിദൂരസംവേദനം:
- ഒരു വസ്തുവിനേയോ, പ്രദേശത്തെയോ, പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന പ്രതിഭാസമാണിത്‌.

2. സംവേദകം (സെന്‍സര്‍):
- വിദൂരസംവേദനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണം. ക്യാമറയും സ്കാനറും സംവേദകങ്ങളാണ്‌.

3. ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ തരംതിരിച്ചിരിക്കുന്നത് വിശദീകരിക്കുക.
a. പരോക്ഷ വിദൂരസംവേദനം 
- സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദ
നമാണ് പരോക്ഷ വിദൂരസംവേദനം. സൂര്യപ്രകാശം വസ്തുക്കളില്‍ പതിക്കുമ്പോഴുണ്ടാകുന്ന പ്രകാശത്തിന്റെ പ്രതിഫലനത്തെ ഉപയോഗപ്പെടുത്തിയാണ്‌ വിദൂരസംവേദന പ്രക്രിയ സാധ്യമാക്കുന്നത്‌. ഇവിടെ സംവേദകം സ്വയം ഊർജ്ജം പുറപ്പെടുവിക്കുന്നില്ല 
b. പ്രത്യക്ഷ വിദൂരസംവേദനം 
- സംവേദകം പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദനമാണ്‌ പ്രത്യക്ഷ വിദൂര സംവേദനം

4. പ്ലാറ്റ്‌ ഫോം:
വിവരശേഖരണത്തിനുള്ള കാമറയോ, സ്കാനറോ സ്ഥാപിച്ചിരിക്കുന്ന പ്രതലമാണ്‌പ്ലാറ്റ്‌ ഫോം.ബലൂണ്‍ ,വിമാനം, ഉപഗ്രഹം എന്നിവയിലെല്ലാം സെന്‍സര്‍ സ്ഥാപിക്കാം.

5. പ്ലാറ്റ്‌ ഫോം അടിസ്ഥാനമാക്കിയുള്ള വിദൂരസംവേദനം:
പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വിദൂരസംവേദനത്തെ ഭൂതലഛായാഗ്രഹണം, ആകാശീയ വിദൂര സംവേദനംഉപഗ്രഹ വിദൂരസംവേദനം എന്നിങ്ങനെ തിരിക്കാം.
* ഭൂതലഛായഗ്രഹണം 
ഭൂപ്രതലത്തില്‍ നിന്നോ അതിലെ ഉയര്‍ന്ന തലങ്ങളില്‍ നിന്നോ ഭമോപരിതലത്തിന്റെ ചിത്രങ്ങള്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്തുന്ന രീതിയാണ്‌ ഭൂതലഛായഗ്രഹണം (വിനോദയാത്രയ്ക്കും മറ്റും പോകുമ്പോള്‍ നാം ക്യാമറകള്‍ ഉപയോഗിച്ച്‌ പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്താറില്ലേ. ഇത്‌ ഭൂതലഛായാഗ്രഹണത്തിന്‌ ഒരു ഉദാഹരണമാണ്‌).
* ആകാശീയ വിദൂരസംവേദനം
- വിമാനത്തില്‍ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തു നിന്ന്‌
ഭൂപ്രതലത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്തുന്ന രീതിയാണ്‌ ആകാശീയ വിദൂരസംവേദനം.
* ഉപഗ്രഹ വിദൂരസംവേദനം
- കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സംവേദകങ്ങള്‍ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയയാണ്‌ ഉപഗ്രഹ വിദൂരസംവേദനം.

6. താരതമ്യേന വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിന് ഉപയോഗിക്കാവുന്നത്.
- ആകാശീയ വിദൂരസംവേദനം. 

7. എന്താണ് ആകാശീയ ചിത്രങ്ങളിലെ ഓവര്‍ലാപ്പ്‌?
- തുടര്‍ച്ച നിലനിര്‍ത്തുന്നതിനും സ്റ്റീരിയോസ്‌കോപ്പിന്റെ സഹായത്താല്‍
ത്രിമാനതലവീക്ഷണം ലഭ്യമാക്കുന്നതിനും വേണ്ടി ഓരോ ആകാശീയ ചിത്രത്തിലും തൊട്ടുമുമ്പു ചിത്രീകരിച്ച പ്രദേശത്തിന്റെ ഏകദേശം 60 ശതമാനത്തോളം ഭാഗം കൂടി പകര്‍ത്തിയെടുക്കാറുണ്ട്‌. ഇതിനെ ആകാശീയ ചിത്രങ്ങളിലെ ഓവര്‍ലാപ്പ്‌ എന്നു വിളിക്കുന്നു.

8. എന്താണ് സ്റ്റീരിയോ പെയര്‍?
- ഓവര്‍ലാപ്പോടുകൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളെ സ്റ്റീരിയോ പെയര്‍  എന്നു വിളിക്കുന്നു

9. സ്റ്റീരിയോസ്‌കോപ്പ്‌:
ഓവര്‍ലാപ്പോടുകൂടിയ ചിത്രങ്ങളെ ത്രിമാനരൂപത്തില്‍ കാണാന്‍ സഹായിക്കുന്ന ഉപകരണം. പ്രദേശത്തെ ഒന്നാകെ കാണാനും, ഭൗമോപരിതലത്തിലെ ഉയര്‍ച്ച താഴ്ചകള്‍ വേര്‍തിരിച്ചറിയാനും ഇതിലൂടെ സാധിക്കും.

10. ആകാശീയ വിദൂര സംവേദനത്തില്‍ ഓവര്‍ലാപ് (overlap) സ്റ്റീരിയോ പെയര്‍ (Stereo pair) സ്റ്റീരിയോ സ്കോപ്പ് (Stereo Scope) ഇവ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
(ചോദ്യനമ്പർ 7, 8, 9 എന്നിവ കാണുക)

11. എന്താണ് സ്റ്റീരിയോസ്‌കോപിക്‌ വിഷന്‍?
- ഒരു സ്റ്റീരിയോപെയറിനെ സ്റ്റീരിയോസ്‌കോപ്പിലൂടെ വീക്ഷിക്കുമ്പോള്‍ ഉള്‍പ്പെട്ട പ്രദേശത്തിന്റെ ത്രിമാന ദൃശ്യം ലഭ്യമാകുന്നു. ഇങ്ങനെ ലഭ്യമാകുന്ന ത്രിമാന ദൃശ്യത്തെ സ്റ്റീരിയോസ്‌കോപിക്‌ വിഷന്‍ എന്ന്‌ വിളിക്കുന്നു.

12. സാമൂഹ്യശാസ്ത്ര ലാബില്‍ വച്ചിരിക്കുന്ന അടുത്തടുത്തുള്ള രണ്ട് ആകാശീയ ചിത്രങ്ങളില്‍ ഒരേ പ്രദേശങ്ങള്‍ 60 ശതമാനം ആവര്‍ത്തിച്ചു വരുന്നതിന്റെ കാരണം നിങ്ങള്‍ എങ്ങിനെ വിശദീകരിക്കും?
- തുടര്‍ച്ച നിലനിര്‍ത്തുന്നതിനും സ്റ്റീരിയോ സ്കോപ്പിന്റെ സഹായത്താല്‍ ത്രിമാന വീക്ഷണം ലഭിക്കുന്നതിനും വേണ്ടി ഓരോ ആകാശീയ ചിത്രത്തിലും തൊട്ടുമുമ്പു ചിത്രീകരിച്ച പ്രദേശത്തിന്റെ ഏകദേശം 60 ശതമാനത്തോളം ഭാഗം കൂടി പകര്‍ത്തിയെടുക്കാറുണ്ട്‌.

13. രണ്ടാം ലോകയുദ്ധകാലത്തും തുടര്‍ന്നും ആകാശീയ വിദൂരസംവേദനം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്തുകൊണ്ട്?
ഒരു പ്രദേശത്തെ ഒന്നാകെ കാണുന്നതിനും ത്രിമാന ദൃശ്യത്തിന്റെ സഹായത്താല്‍ ഭൂപ്രതലത്തിലെ ഉയര്‍ച്ചയും താഴ്ച്ചയും വേര്‍തിരിച്ചറിയുന്നതിനും ആകാശീയ ചിത്രങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്നതിനാല്‍ രണ്ടാം ലോകയുദ്ധകാലത്തും തുടര്‍ന്നും ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

14. ഇന്ത്യയില്‍ ആകാശീയസര്‍വ്വേ നടത്തുന്നതിന്‌ ചുമതലപ്പെടുത്തിയിരിക്കുന്ന ഏജൻസികൾ ഏവ?
- ഇന്ത്യന്‍ വ്യോമസേന, കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്ത്യന്‍ എയ്റോസ്പേസ്‌ കമ്പനി, നാഷണല്‍ റിമോട്ട്‌ സെന്‍സിംഗ്‌ സെന്റര്‍ എന്നീ ഏജന്‍സികളെയാണ്‌ ഇന്ത്യയില്‍ ആകാശീയസര്‍വ്വേ നടത്തുന്നതിന്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌

15. ആകാശീയ വിദൂരസംവേദനത്തിന്റെ പോരായ്മകള്‍ എന്തെല്ലാമാണ്?
OR
'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' വിശദീകരിക്കുക.
- വിമാനം പറന്നുയരുന്നതിനും ഇറങ്ങുന്നതിനും തുറസ്സായ സ്ഥലം ആവശ്യമാണ്‌.
- വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
- ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത്‌ ചെലവേറിയ ഒന്നാണ്‌.
 - വിസ്തൃതമായ ഭൂപ്രദേശങ്ങളുടെ ചിത്രം എടുക്കുന്നത്‌ പ്രായോഗികമല്ല.

16. എന്താണ് ഉപഗ്രഹ വിദൂര സംവേദനം‍? വിദൂര സംവേദനത്തിനുപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളെ എങ്ങിനെയാണ് വര്‍ഗീകരിച്ചിരിക്കുന്നത്?
- കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയ ആണ് ഉപഗ്രഹ വിദൂര സംവേദനം.
- ഭൂസ്ഥിര ഉപഗ്രഹം
- സൗര സ്ഥിര ഉപഗ്രഹം 

17. ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ (Geostationary Satellites)
* ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് 
* സഞ്ചാരപഥം ഭൂമിയില്‍നിന്ന്‌ ഏകദേശം 36000 കിലോമീറ്റര്‍ ഉയരത്തിലാണ്‌.
* ഭൂമിയുടെ മുന്നിലൊന്ന്‌ ഭാഗം നിരീക്ഷണപരിധിയില്‍ വരുന്നു.
* ഭൂമിയുടെ ഭ്രമണവേഗത്തിനു തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ എല്ലായ്പ്പോഴും ഭൂമിയിലെ ഒരേ പ്രദേശത്തെ അഭിമുഖീകരിച്ച്‌ നിലകൊള്ളുന്നു.
* ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന്‌ സാധിക്കുന്നു.
* വാര്‍ത്താവിനിമയത്തിനും ദിനാന്തരീക്ഷസ്ഥിതി മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.
* ഇന്ത്യയുടെ ഇന്‍സാറ്റ്‌ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഉപഗ്രങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

18. സൗരസ്ഥിര ഉപഗ്രഹങ്ങള്‍ (Sunsynchronous Satellites)
* ധ്രുവങ്ങള്‍ക്ക്‌ മുകളിലൂടെ ഭൂമിയെ വലംവയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണിവ.
* സഞ്ചാരപഥം ഭൗമോപരിതലത്തില്‍നിന്ന്‌ ഏകദേശം 900 കിലോമീറ്റര്‍ ഉയരത്തിലാണ്‌.
* ഭൂസ്ഥിര ഉപ്രഗ്രഹങ്ങളേക്കാള്‍ കുറഞ്ഞ നിരീക്ഷണപരിധി.
* കൃത്യമായ ഇടവേളകളില്‍ പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു.
* പ്രകൃതിവിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന്‌ ഉപയോഗിക്കുന്നു.
* വിദൂരസംവേദനത്തിന്‌ മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.
IRS, Landsat തുടങ്ങിയ ഉപഗ്രഹങ്ങള്‍ സൗരസ്ഥിര ഉപഗ്രഹങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. 

19. എന്താണ് സ്പെക്ടല്‍ സിഗ്നേച്ചര്‍?
- ഭൗമോപരിതലത്തിലെ ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊര്‍ജത്തിന്റെ അളവാണ്‌ ആ വസ്തുവിന്റെ സ്പെക്ട്രല്‍ സിഗ്നേച്ചര്‍.

20. എന്താണ് ഉപഗ്രഹ ഛായാചിത്രങ്ങള്‍?
   OR
ഉപഗ്രഹ ഛായാചിത്രങ്ങളുടെ ചിത്രീകരണ രീതി വിശദീകരിക്കുക.
- കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ ഭൂതലത്തിലെ വിവിധ വസ്തുക്കളെ അവയുടെ സ്പെക്ട്രല്‍ സിഗ്നേച്ചറിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ്‌ വിവരങ്ങള്‍ സാഖ്യാരുപത്തില്‍ ഭൂതലകേന്ദ്രങ്ങളിലേക്ക്‌ എത്തിക്കുന്നു. അവ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ വ്യാഖ്യാനിച്ച്‌ ചിത്രരൂപത്തിലാക്കുന്നു. ഇവയാണ്‌ ഉപഗ്രഹ ഛായാചിത്രങ്ങള്‍

21. എന്താണ് സ്പേഷ്യല്‍ റെസല്യൂഷന്‍?
- കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു സെന്‍സറിന് തിരിച്ചറിയാന്‍
സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്‌ ആ സെന്‍സറിന്റെ സ്പേഷ്യല്‍ റെസല്യൂഷന്‍.

22. വിദൂരസംവേദന സാങ്കേതിക വിദ്യകൊണ്ടുള്ള ഉപയോഗങ്ങള്‍ :
* കാലാവസ്ഥാനിര്‍ണയത്തിന്‌
* സമുദ്രപര്യവേഷണത്തിന്‌
* ഭൂവിനിയോഗം മനസ്സിലാക്കുന്നതിന്‌.
* വരള്‍ച്ച ബാധിത പ്രദേശങ്ങള്‍, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതിന്‌.
* ഉള്‍വനങ്ങളിലെ കാട്ടുതീ കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനും.
* വിളകളുടെ വിസ്തൃതി, കീടബാധ എന്നിവയെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌.
* വിളകളുടെ വളര്‍ച്ച, കീടബാധയുടെ വ്യാപനം എന്നിവ മനസിലാക്കുന്നതിന്‌.
* എണ്ണപര്യവേക്ഷണത്തിന്‌.
* ഭൂഗര്‍ഭജലലഭ്യതക്ക്‌ സാധ്യതയുള്ളപ്രദേശങ്ങള്‍ കണ്ടെത്തുന്നതിന്‌.

23. ധ്രുവങ്ങള്‍ക്ക് മുകളിലൂടെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാം?
- (ചോദ്യനമ്പർ 18 കാണുക)

24. ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാം?
(ചോദ്യനമ്പർ 17 കാണുക)

25. ഭൂസ്ഥിര – സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍ നല്‍കിയിരിക്കുന്നു. ഇവ ശരിയായ രീതിയില്‍ പട്ടികപ്പെടുത്തുക.
i. ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തെ സഹായിക്കുന്നു.
ii. പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നു.
iii. വിദൂര സംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.
iv. വാര്‍ത്താ വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

26. 1966 ല്‍ ഇന്ത്യന്‍ വ്യോമ ചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി ഫോട്ടോ ഇന്റര്‍പ്രട്ടേഷന്‍ ഇന്‍സ്റ്റിറ്റൂട്ട്‌ സ്ഥാപിതമായതെവിടെ? ഇപ്പോൾ ഇത് എന്ത് പേരിൽ അറിയപ്പെടുന്നു?
ഡെറാഡൂൺ 
ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട്‌ ഓഫ്‌ റിമോട്ട്‌ സെന്‍സിങ്‌ (IIRS)

27. 1970 ല്‍ ഇന്ത്യയില്‍ ഉപഗ്രഹ വിദൂരസംവേദനത്തിന്‌ തുടക്കം കുറിച്ചത് ഏതൊക്കെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെയാണ്? 
ഭാസ്കര- I, ഭാസ്‌കര - II

28. ഇന്ത്യയുടെ റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം, വിതരണം എന്നിവയുടെയെല്ലാം പൂര്‍ണമായ ചുമതല ആർക്കാണ്?
- ഹൈദ്രാബാദ്‌ ആസ്ഥാനമാക്കിയുള്ള നാഷണല്‍ റിമോട്ട്‌ സെന്‍സിങ്‌ സെന്റർ 

29. ചുവടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ നിരീക്ഷിച്ച് വിദൂര സംവേദന രീതി തിരിച്ചറിഞ്ഞ് എഴുതുക.
A. ഭൂതല ഛായാഗ്രഹണം
B. ആകാശീയ വിദൂര സംവേദനം
C. ഉപഗ്രഹ വിദൂരസംവേദനം

30. ഭൂതല ഛായാഗ്രഹണത്തില്‍ നിന്നും ആകാശീയ വിദൂരസംവേദനം എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
- ഭൂപ്രതലത്തിൽ നിന്ന് ഭൗമോപരിതലത്തിന്റെ ചിത്രങ്ങളെടുക്കുന്നതാണ് ഭൂതലഛായാഗ്രഹണം
- ആകാശീയ വിദൂര സംവേദനത്തിൽ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നത് ബലൂണുകളോ വിമാനങ്ങളോ ആണ് .

31. ആകാശീയ ചിത്രങ്ങളുടെ അപഗ്രഥനത്തില്‍ സ്റ്റീരിയോ സ്കോപ്പിന്റെ (Stereo Scope) ഉപയോഗം എന്ത്?‍
- ത്രിമാന ദൃശ്യം ലഭിക്കാന്‍
- ഒരു പ്രദേശത്തെ ഒന്നാകെ കാണുന്നതിന്
- ഭൗമോപരിതലത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ വേര്‍തിരിക്കാന്‍.

32. എന്താണ് വിദൂര സംവേദനം? സംവേദകങ്ങള്‍ എപ്രകാരമാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്?
- ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശ ബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂര സംവേദനം. വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണമാണ് സംവേദകങ്ങൾ. ക്യാമറയും സ്കാനറുകളും സംവേദകങ്ങളാണ്. വസ്തുക്കൾ പ്രതിഫലിപ്പിക്കുന്ന വൈദ്യുത കാന്തിക വികിരണത്തെയാണ് (Electro Magnetic Radiation) സംവേദകം പകർത്തുന്നത് .

33. എന്താണ് ഭൂവിവരവ്യവസ്ഥ ?
- സ്ഥാനീയ വിവരങ്ങളേയും അവയുടെ വിശേഷണങ്ങളേയും ശേഖരിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വിശകലനം നടത്തുന്നതിനും ഭൂപടങ്ങള്‍, പട്ടികകള്‍, ഗ്രാഫുകള്‍ എന്നിവയിലൂടെ അവയെ പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു കമ്പ്യൂട്ടറധിഷ്ഠിത വിവര സഞ്ചയ വ്യവസ്ഥയാണ്‌ ഭൂവിവരവ്യവസ്ഥ.

34. ഭൂവിവര വ്യവസ്ഥയില്‍ വിവര വിശകലനം സാധ്യമാകുന്നതിനാവശ്യമായ രണ്ടുതരം വിവരങ്ങള്‍ ഏതെല്ലാമാണ്?
- സ്ഥാനീയ വിവരങ്ങള്‍ (Spatial Data)
- വിശേഷണങ്ങള്‍ (Attributes)

35. സ്ഥാനീയ വിവരങ്ങള്‍ എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
- ഭൗമോപരിതലത്തിലെ ഓരോ സവിശേഷതകള്‍ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്‌. നിയതമായ അക്ഷാംശ-രേഖാംശ സ്ഥാനമുള്ള ഭൗമോപരിതല സവിശേഷതകളെ സ്ഥാനീയവിവരങ്ങള്‍ എന്നു വിളിക്കുന്നു.

36. എന്താണ് വിശേഷണങ്ങള്‍?
- ഭൗമോപരിതലത്തിലെ ഓരോ സ്ഥാനീയ വിവരത്തെ സംബന്ധിച്ചും കൂട്ടിച്ചേര്‍ക്കാവുന്ന അധിക വിവരങ്ങളാണ്‌ വിശേഷണങ്ങള്‍. 

37. പാളികള്‍
- ഭൂവിവരവ്യവസ്ഥയില്‍ വിശകലനത്തിനായി തയാറാക്കി സൂക്ഷിക്കുന്ന വിഷയാധിഷ്ഠിത ഭൂപടങ്ങളെ പാളികള്‍ എന്നു വിളിക്കുന്നു. അനുയോജ്യമായ പാളികള്‍ വിശകലനവിധേയമാക്കുന്നതിലൂടെ ഭൗമോപരിതല സവിശേഷതകള്‍ തമ്മിലുള്ള
സ്ഥാനീയ ബന്ധം മനസ്സിലാക്കുന്നതിന്‌ സാധിക്കും. 

38. ഭൂവിവരവ്യവസ്ഥയുടെ വിശകലന സാധ്യതകള്‍ ഏതെല്ലാമാണ് ?
a. ഓവര്‍ലേ വിശകലനം
b. ശൃംഖലാ വിശകലനം 
c. ആവൃത്തി വിശകലനം
* ഓവര്‍ലേ വിശകലനം
ഒരു പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും മനസ്സിലാക്കുവാന്‍ ഉപയോഗിക്കുന്നു. വിള വിസ്തൃതിയിലെ മാറ്റം, ഭൂവിനിയോഗത്തിലെ മാറ്റം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
* ആവൃത്തി വിശകലനം:
ഒരു ബിന്ദുവിന് ചുറ്റുമോ രേഖീയ സവിശേഷതകള്‍ക്ക് നിശ്ചിത ദൂരത്തിലോ നടത്താവുന്ന പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കാം. റോഡ്‌വികസനം, വിമാനത്താവള നിര്‍മ്മാണം തുടങ്ങിയവയ്ക്കെല്ലാം ആവൃത്തി വിശകലനം ഉപയോഗിക്കാം. 
* ശൃംഖലാ വിശകലനം:
- റോഡ്‌, റെയില്‍വേ, നദികള്‍ തുടങ്ങിയ ഭൂപടത്തിലെ രേഖീയ സവിശേഷതകളെയാണ്‌ ശൃംഖലാ വിശകലനത്തിന്‌ വിധേയമാക്കുന്നത്‌. 

39. റോഡ്‌ ശൃംഖലാ വിശകലന സാധ്യതകള്‍ ഉപയോഗിച്ച്‌ ആസൂത്രണം ചെയ്യാവുന്നവ എന്തെല്ലാമാണ് ?
- ഏറ്റവും അടുത്തുള്ളതും തിരക്കുകുറഞ്ഞതു മായ വഴി കണ്ടെത്താന്‍ സഹായിക്കുന്നു.
- ഗതാഗതസമയവും ചിലവും കുറയ്ക്കുന്നു. 
 - അപകടനിരക്ക്‌ കുറഞ്ഞ സുരക്ഷിതമായ റോഡ്‌ കണ്ടെത്താന്‍ കഴിയുന്നു.
- അപകടസ്ഥലത്ത്‌ നിന്ന്‌ അപകടത്തില്‍പ്പെട്ട ആളിനെ സാഹചര്യമനുസരിച്ച്‌ ഏത്‌ ആശുപ്രതിയിലാണ്‌ കൊണ്ടുപോകേണ്ടത്‌. 
- ടോൾ ഇല്ലാത്ത പാത കണ്ടെത്തുന്നതിന്

40. നിങ്ങളുടെ പ്രദേശത്തെ വിള വിസ്തൃതിയിലുണ്ടായ മാറ്റം മനസ്സിലാക്കാന്‍ ഭൂവിവര വ്യവസ്ഥയുടെ ഏതു വിശകലന സാധ്യതയാണ് ഉപയോഗിക്കാന്‍ കഴിയുക? ഈ വിശകലന സാധ്യതയുടെ സവിശേഷതകള്‍ എന്തെല്ലാം?
- ഓവര്‍ലേ വിശകലനം 
- ഒരു പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെ കുറിച്ചും കാലാനുസൃതമായി അവയിലുണ്ടായ മാറ്റത്തെ കുറിച്ചും മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്നു.

41. "ഭൂവിവര വ്യവസ്ഥയുടെ വിശകലന സാധ്യതകളാണ് ശൃംഖലാവിശകലനം, ആവൃത്തി വിശകലനം, ഓവര്‍ലേ വിശകലനം മുതലായവ" പ്രസ്താവന പരിശോധിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
A. സ്കൂളില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള എളുപ്പവഴി കണ്ടെത്താന്‍ ഭൂവിവര വ്യവസ്ഥയിലെ ഏതു വിശകലന സാധ്യതയാണ് നിങ്ങള്‍ ഉപയോഗപ്പെടുത്തുക?
B.ഗവ​ണ്‍മെന്റ് നടപ്പാക്കുുന്ന വിമാനത്താവള വികസന പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുേണ്ടതുണ്ട്. ഭൂവിവരവ്യവസ്ഥയിലെ ഏത് വിശകലന സാധ്യതയാണ് ഉപയോഗിക്കേണ്ടത്?
C. ഭൂവിവര വ്യവസ്ഥയിലെ ഏതെങ്കിലും രണ്ട് വിശകലന സാധ്യതകളെക്കുറിച്ച് കുറിപ്പെഴുതുക.
Answer:
A. ശൃംഖലാ വിശകലനം 
B. ആവൃത്തി വിശകലനം 
C. മുകളിൽ നൽകിയിരിക്കുന്ന ചോദ്യനമ്പർ 38 കാണുക.
 
42. നിങ്ങളുടെ വിദ്യാലയത്തിനു ചുറ്റും അരകിലോമീറ്റര്‍ പരിധിയില്‍ ഹോണ്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ. ഭൂവിവര വ്യവസ്ഥ (GIS)യിലെ ഏത് വിശകലന സാധ്യതയാണ് ഇവിടെ ഉപയോഗപ്പെടുത്താനാവുക? 
- ആവൃത്തി വിശകലനം

43. ചുവടെ നല്‍കിയിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഏതുതരം വിശകലന സാധ്യതയാണ്  ഉപയോഗിക്കുവാന്‍ സാധിക്കുക? ഇപ്രകാരം ഉപയോഗിക്കുന്ന വിശകലനത്തിന്റെ സവിശേഷതയെന്ത്?
a. ഒരു വിദ്യാലയത്തിനു 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ കണ്ടെത്തുന്നതിന്.
b. ഏറ്റവും കുറഞ്ഞ യാത്രാദൂരം കണ്ടെത്തുന്നതിന്
Answer.
a. ആവൃത്തി വിശകലനം (Buffer Analysis)
b. ശൃംഖലാ വിശകലനം (Network Analysis) 
(ഇവയുടെ വിശദീകരണം മുകളിൽ നൽകിയിരിക്കുന്ന ചോദ്യനമ്പർ 38 കാണുക)

44. 'ഭൂവിവര വ്യവസ്ഥയില്‍ പാളികള്‍ (Layers) വളരെ പ്രധാനപ്പെട്ടതാണ്'. സമര്‍ത്ഥിക്കുക.
- സ്ഥാനീയ വിവരങ്ങള്‍ പാളികളാക്കി മാറ്റുന്നു.
- ഭൗമോപരിതലത്തിലെ സവിശേഷതകളെ പാളികളാക്കിയാൽ അവയിൽ നിന്ന് നമുക്കാവശ്യമുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി പട്ടികകളോ ഭൂപടങ്ങളോ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും .
- പാളികളായ ഭൂപടങ്ങള്‍ വിശകലനത്തിന് ഉപയോഗിക്കുന്നു.

45. ഭൂപടത്തിലെ ഏതുതരം സവിശേഷതകളാണ് ശൃംഖലാ വിശകലനത്തിന് ഉപയോഗിക്കുന്നത്? ഈ വിശകലന സാധ്യതയുടെ ഉദാഹരണങ്ങൾ എഴുതുക.
- രേഖീയ സവിശേഷതകള്‍
ഉദാഹരണം:
- ഏറ്റവും ദുരം കുറഞ്ഞ യാത്രാമാർഗ്ഗം കണ്ടെത്തുന്നതിന്
- ടോൾ ഇല്ലാത്ത പാത കണ്ടെത്തുന്നതിന്
- തിരക്കുകുറഞ്ഞ പാത കണ്ടെത്തുന്നതിന്

46. ഓവര്‍ലേ വിശകലനത്തിന്റെ സാധ്യതകള്‍ എന്തെല്ലാം?
- ഒരു പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും മനസ്സിലാക്കുവാന്‍ ഉപയോഗിക്കുന്നു. വിള വിസ്തൃതിയിലെ മാറ്റം, ഭൂവിനിയോഗത്തിലെ മാറ്റം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

47. ഭൂവിവരവ്യവസ്ഥയുടെ പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?
- പല ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിക്കുന്നതിന്‌.
- വിവരങ്ങള്‍ എളുപ്പത്തില്‍ നവീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും.
- വിഷയാധിഷ്ഠിതപഠനങ്ങള്‍ നടത്തുന്നതിന്‌.
- ഭൂതലസവിശേഷതകളെ സ്ഥാനീയമായി പ്രദര്‍ശിപ്പിക്കുന്നതിന്‌.
- ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച്‌ ഭാവിപ്രതിഭാസങ്ങളുടെയും പ്രകിയകളുടെയും ദൃശ്യമാതൃകകള്‍ സൃഷ്ടിക്കുന്നതിന്‌.
- ഭൂപടങ്ങള്‍, പട്ടികകള്‍, ഗ്രാഫുകള്‍ എന്നിവ നിര്‍മിക്കുന്നതിന്‌.

48. സ്ഥാനീയ വിവരങ്ങള്‍ (Spatial Data) വിശേഷണങ്ങള്‍ (Attributes) ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?
- സ്ഥാനീയ വിവരങ്ങള്‍ (Spatial Data) - ഒരു വസ്തുവിന്റെ അക്ഷാംശ, രേഖാംശ സ്ഥാനം
- വിശേഷണങ്ങള്‍ (Attributes) - ഓരോ സ്ഥാനീയ വിവരത്തെ സംബന്ധിച്ചും കൂട്ടിച്ചേര്‍ക്കാവുന്ന അധിക വിവരങ്ങളാണ്‌ വിശേഷണങ്ങള്‍

49. എന്താണ് ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയസംവിധാനങ്ങള്‍?
- ഭൗമോപരിതല വസ്തുക്കളുടെ സ്ഥാനവും ഗതിയും കണ്ടെത്താന്‍ ഇന്ന്‌ ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയസംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. ഭൂപടനിര്‍മാണം, ഗതാഗതം തുടങ്ങിയ അനേകം മേഖലകളില്‍ ഇത്‌ പ്രയോജനപ്പെടുത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ഗതിനിര്‍ണയ സംവിധാനമാണ് ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്). ജി.പി.എസിനു സമാനമായിഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയ സംവിധാനമാണ്‌ ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ്‌ സിസ്റ്റം (IRNSS).

50. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (Global Positioning System) നമ്മള്‍ സാധാരണയായി കേള്‍ക്കുന്ന ഒന്നാണ്. ഈ സംവിധാനത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
* ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം,
സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ്‌ ഗ്ലോബല്‍ പൊസിഷനിംഗ്‌ സിസ്റ്റം. 
* ഭൗമോപരിതലത്തില്‍നിന്ന്‌ 20000 മുതല്‍ 20200 കി.മീ. വരെ ഉയരത്തില്‍ 6 വ്യത്യസ്ത ഭൂമണപഥങ്ങളിലായി44 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ്‌ സ്ഥാന നിര്‍ണ്ണയം നടത്തുന്നത്‌.
* ചുരുങ്ങിയത്‌ 4 ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചാല്‍ മാത്രമേ ജി.പി.എസ് -ന്‌ അക്ഷാംശം, രേഖാംശം, ഉയരം, സമയം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

51. GPS ന്റെ സാധ്യതകള്‍
1. റോഡ്‌ ഗതാഗതം - വാഹനത്തിന്റെ സ്ഥാനം, സഞ്ചാരദിശ എന്നിവ കണ്ടെത്താന്‍
2. വ്യോമ ഗതാഗതം
3. സമുദ്ര ഗതാഗതം
4. സുരക്ഷ - ഉന്നത വ്യക്തികളുടെ സഞ്ചാരം, വിലപിടിപ്പള്ള വസ്തുക്കളുടെ കൈമാറ്റം എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു.

52. വിവിധ രാജ്യങ്ങളുടെ ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയ സംവിധാനങ്ങള്‍:
- അമേരിക്ക - ഗ്ലോബല്‍ പൊസിഷനിങ്‌സിസ്റ്റം
- ഇന്ത്യ - ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷന്‍ സറ്റലൈറ്റ്‌ സിസ്റ്റം 
- റഷ്യ - ഗ്ലോനാസ്‌
- യൂറോപ്യന്‍ സ്പേസ്‌ ഏജന്‍സി - ഗലീലിയോ

53. ശരിയായ പ്രസ്താവനകള്‍ കണ്ടെത്തി എഴുതുക.
a. ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂര സംവേദനം.
b. കൃത്രിമ പ്രകാശ സ്രോതസ്സിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
c. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
d. വിദൂര സംവേദനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണങ്ങളാണ് സംവേദകങ്ങള്‍.
i. 'a' യും 'b' യും 'c' യും ശരി
ii. 'a' യും 'b' യും 'd' യും ശരി
iii. 'a' യും 'c' യും 'd' യും ശരി
iv. 'a' യും 'b' യും 'c' യും ശരി
Answer:
ii. 'a' യും 'b' യും 'd' യും ശരി

54. പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?
- സൗരസ്ഥിര ഉപഗ്രഹങ്ങള്‍

55. വാര്‍ത്താവിനിമയത്തിന് പ്രയോജനപ്പെടുത്തുന്നത് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ്?
- ഭൂസ്ഥിര ഉപഗ്രഹങ്ങള്‍

56. ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തുക.
a. ഇന്ത്യ വിക്ഷേപിക്കുന്ന INSAT ശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ സൗരസ്ഥിര ഉപഗ്രഹങ്ങളാണ്.
b. ഇന്ത്യ വിക്ഷേപിക്കുന്ന IRS ശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ സൗരസ്ഥിര ഉപഗ്രഹങ്ങളാണ്.
Answer:
b. ഇന്ത്യ വിക്ഷേപിക്കുന്ന IRS ശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ സൗരസ്ഥിര ഉപഗ്രഹങ്ങളാണ്.

57. ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊര്‍ജത്തിന്റെ അളവിന് പറയുന്ന പേര്?
a. സാറ്റലൈറ്റ് ഇമേജറി (Staellite Imegary )
b. സ്പേഷ്യല്‍ റെസലൂഷ്യന്‍ ( Spatial Resolution)
c. സ്ഥാനീയ വിവരങ്ങള്‍ ( Spatial Data)
d. സ്പെക്‍ട്രല്‍ സിഗ്നേച്ചര്‍ ( Spectral Signature)
Answer:
d. സ്പെക്‍ട്രല്‍ സിഗ്നേച്ചര്‍ ( Spectral Signature)

58. ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനത്തിന്റെ പേരെന്ത്?
a. ഭൂവിവര വ്യവസ്ഥ (Geographic Information System)
b. വിദൂര സംവേദന സാങ്കേികവിദ്യ (Remote Sensing)
c. ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം (GPS)
d. സ്ഥാനീയ വിവരങ്ങള്‍ (Spatial Data)
Answer:
c. ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം (GPS)

59. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.
a. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
b. കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
Answer:
a. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.

60. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനത്തെ പരോക്ഷ വിദൂര സംവേദനം എന്നു വിളിയ്ക്കുവാനുള്ള കാരണമെന്ത്?
- ഇവിടെ സംവേദകം സ്വയം ഊര്‍ജം പുറപ്പെടുവിക്കുന്നില്ല.
👉Geography Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here