STD 10 സോഷ്യൽ സയൻസ് II: Chapter 07 വൈവിധ്യങ്ങളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ  

Study Notes for Class 10th Social Science II India: The Land of Diversities | Text Books Solution Social Science II (Malayalam Medium): Chapter 07 വൈവിധ്യങ്ങളുടെ ഇന്ത്യ   
 

ഈ അദ്ധ്യായം English Medium Notes Click here
Class 10 Geography Questions and Answers
Chapter 07 വൈവിധ്യങ്ങളുടെ ഇന്ത്യ: ചോദ്യോത്തരങ്ങൾ 

1. ഇന്ത്യയുടെ സ്ഥാനം
അക്ഷാംശം: 8⁰4' വടക്കു മുതല്‍ 37⁰6' വടക്കു വരെ 
രേഖാംശം: 68⁰7' കിഴക്കു മുതല്‍ 97⁰25' കിഴക്കു വരെ.

2. ഇന്ത്യന്‍ ഉപദ്വീപ് 
മൂന്നു വശങ്ങളും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഭൂവിഭാഗമാണ്‌ ഉപദ്വീപ്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗം സമുദ്രത്താല്‍ ചുറ്റപ്പെട്ടു കാണപ്പെടുന്നതിനാല്‍ ഈ ഭാഗം ഇന്ത്യന്‍ ഉപദ്വീപ്‌ എന്നറിയപ്പെടുന്നു. 

3. പാമീര്‍ പീഠഭൂമി  - ലോകത്തിന്റെ മേല്‍ക്കൂര
മധ്യേഷ്യയില്‍ സ്ഥിതിചെയുന്ന പാമീര്‍ പീഠഭൂമി അറിയപ്പെടുന്നത്‌ ഇങ്ങനെയാണ്‌. ഹിന്ദുക്കുഷ്‌, സുലൈമാന്‍, ടിയാന്‍ഷാന്‍, കു൯ലുന്‍, കാറകോറം മുതലായ പര്‍വതനിരകള്‍ പാമീര്‍ പര്‍വതക്കെട്ടില്‍ നിന്നു വിഭിന്ന ദിശകളിലേക്ക്‌ പിരിഞ്ഞുപോകുന്നു. കാറകോറം പര്‍വതനിരയുടെ തുടര്‍ച്ചയാണ്‌ ടിബറ്റിലെ കൈലാസ പര്‍വതനിരകള്‍. 

4. താഴെ തന്നിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തൂ.
a. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങള്‍.
b. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങള്‍.
c. ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ 
ഉത്തരം: 
a. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, മാലദ്വീപ് 
b. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്‌ളാദേശ്, ചൈന
c. ശ്രീലങ്ക, ഇന്തോനേഷ്യ, മാലദ്വീപ്

5. ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങള്‍ ഏവ ?
* ഉത്തര പര്‍വതമേഖല 
* ഉത്തര മഹാസമതലം 
* ഉപദ്വീപീയ പീഠഭൂമി 
* തീരസമതലങ്ങള്‍ 
* ദ്വീപുകള്‍ 

6. ഉത്തരപര്‍വതമേഖല
- കാശ്മീരിനു വടക്കുപടിഞ്ഞാറ്‌ മുതല്‍ ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി വരെ
ഒരു വന്‍മതില്‍ പോലെ നിലകൊള്ളുന്ന ഈ പര്‍വതനിരകളെ ഉത്തരപര്‍വതമേഖല എന്നാണ്‌ പറയുന്നത്‌. ഉത്തരപര്‍വതമേഖലയെ ട്രാന്‍സ്‌ ഹിമാലയം, ഹിമാലയം, കിഴക്കന്‍ മലനിരകള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം.
i. ട്രാന്‍സ്‌ ഹിമാലയം
- കാറകോറം, ലഡാക്ക്‌, സസ്കര്‍ എന്നീ പര്‍വതനിരകള്‍ ചേര്‍ന്നതാണ്‌ ട്രാന്‍സ്‌ ഹിമാലയം. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട്‌ K₂, അഥവാ ഗോഡ്വിന്‍ ഓസ്റ്റിന്‍ (8661 മീറ്റര്‍ ഉയരം) സ്ഥിതിചെയ്യുന്നത്‌ കാറകോറം നിരകളിലാണ്‌. ട്രാന്‍സ്‌ ഹിമാലയത്തിന്റെ ശരാശരി ഉയരം 6000 മീറ്ററാണ്‌.
ii. ഹിമാലയം
- ട്രാന്‍സ്‌ ഹിമാലയത്തിനും കിഴക്കന്‍ മലനിരകള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്നു. ഈ പര്‍വതനിരകള്‍ക്ക്‌ ഏകദേശം 2400 കി.മീ. നീളമുണ്ട്‌. ലോകത്തിലെ ഉയരമേറിയ നിരവധി കൊടുമുടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കാശ്മീര്‍ പ്രദേശത്ത്‌ ഏകദേശം 400 കി.മീ. വീതിയുണ്ട്. അരുണാചല്‍പ്രദേശില്‍ വീതി ഏകദേശം 150 കി.മീ. ആണ്‌. ഏകദേശം 5 ലക്ഷം ചതുര്രശ കി.മീ. വിസ്തൃതിയുള്ള ഈ ഭൂപ്രദേശം ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നീ സമാന്തരങ്ങളായ മൂന്നു പര്‍വതനിരകള്‍ ഉള്‍പ്പെട്ടതാണ്‌. 
a. ഹിമാദ്രി 
- ഏറ്റവും ഉയരം കൂടിയ നിര.
- ശരാശരി ഉയരം 6000 മീറ്റര്‍.
- ഗംഗ, യമുന എന്നീ നദികളുടെ ഉത്ഭവസ്ഥാനം.
- 8000 മീറ്ററിനു മുകളില്‍ ഉയരമുള്ള നിരവധി കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നു. (ഉദാ: കാഞ്ചന്‍ജംഗ, നന്ദാദേവി)
b. ഹിമാചൽ    
- ഹിമാദ്രിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. 
- ശരാരി ഉയരം 3000 മീറ്റര്‍.
- ഷിംല, ഡാര്‍ജിലിങ്‌ തുടങ്ങിയ സുഖവാസകേന്ദ്രങ്ങള്‍ ഈ പര്‍വതനിരകളുടെ തെക്കേ ചരിവിലായി സ്ഥിതി ചെയ്യുന്നു.
c. സിവാലിക്
- ഹിമാചലിനു തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.
- ശരാശരി ഉയരം 1220 മീറ്റര്‍.
- ഹിമാലയന്‍ നദികള്‍ ഈ പര്‍വതനിരയെ മുറിച്ചുകൊണ്ട്‌ ഒഴുകുന്നതിനാല്‍ പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.
- നീളമേറിയതും വിസ്തൃതവുമായ താഴ്വരകൾ കാണപ്പെടുന്നു. ഇവയെ ഡുൂണുകള്‍ എന്നു വിളിക്കുന്നു. (ഉദാഡെറാഡൂണ്‍) 
iii. കിഴക്കന്‍ മലനിരകള്‍
- സമുദ്രനിരപ്പില്‍നിന്ന്‌ ഏകദേശം 500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരമുള്ള ഈ പ്രദേശം പൂര്‍വാചല്‍ എന്നും അറിയപ്പെടുന്നു. 
- ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി ഇവിടെയാണ്‌.
- ഈ പ്രദേശത്ത്‌ നിബിഡമായ ഉഷ്ണമേഖലാ മഴക്കാടുകളുണ്ട്‌.

7. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
- മൗണ്ട്‌ K₂, അഥവാ ഗോഡ്വിന്‍ ഓസ്റ്റിന്‍ (8661 മീറ്റര്‍ ഉയരം)

8. ഹിമാലയ പര്‍വത മേഖലയിലെ സസ്യജാലങ്ങള്‍
- വ്യത്യസ്തങ്ങളായ സസ്യജാലങ്ങള്‍ ഈ പര്‍വത പ്രദേശങ്ങളില്‍ കാണപെടുന്നു.
- സമുദ്രനിരപില്‍നിന്നും 1000 മുതല്‍ 2000 മീറ്റര്‍ വരെ ഉയരത്തില്‍ ഓക്ക്‌, ചെസ്നട്ട്  മേപ്പിള്‍ തുടങ്ങിയ വൃക്ഷങ്ങള്‍ കാണപെടുന്നു.
- അതിനു മുകളിലേക്കുള്ള ഉയരത്തില്‍ ദേവദാരു, സ്പ്രൂസ്‌ തുടങ്ങിയ സ്തൂപികാഗ്ര
വൃക്ഷങ്ങളും കാണപ്പെടുന്നു.

9. ഹിമാലയപര്‍വ്വതനിരയുടെ നീളം, വീതി, വിസ്തൃതി എന്നിവ ഉള്‍പ്പെടുത്തി കുറിപ്പെഴുതുക. 
ഹിമാലയപര്‍വതനിരകള്‍ക്ക്‌ ഏകദേശം  2400 കി.മീ. നീളമുണ്ട്‌. ലോകത്തിലെ ഉയരമേറിയ നിരവധി കൊടുമുടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ പ്രദേശങ്ങളിലേക്കു പോകുന്തോറും പര്‍വതങ്ങളുടെ ഉയരം കുറഞ്ഞുവരുന്നതായി കാണാം.കാശ്മീര്‍ പ്രദേശത്ത്‌ ഏകദേശം 400 കി.മീ. വീതിയുള്ള ഉത്തരപര്‍വതനിരകള്‍ക്ക്‌ അരുണാചല്‍പ്രദേശില്‍ വീതി ഏകദേശം 150 കി.മീ. ആണ്‌. ഏകദേശം 5 ലക്ഷം ചതുര്രശ കി.മീ. വിസ്തൃതിയുള്ള ഈ ഭൂപ്രദേശം സമാന്തരങ്ങളായ മൂന്നു പര്‍വതനിരകള്‍ ഉള്‍പ്പെട്ടതാണ്‌. 

10. ഉത്തരപര്‍വത മേഖലയിലെ മനുഷ്യജിവിതത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
മൃഗപരിപാലനം: - ധാരാളം പുല്‍മേടുകള്‍ ഉള്ളതിനാല്‍ കാശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചെമ്മരിയാടുകളെ വളര്‍ത്തുന്നു. 
- എക്കൽ സമൃദ്ധമായ സിവാലിക്കിന്റെ താഴ്‌വരയിൽ ഉരുളക്കിഴങ്ങ്‌, ബാര്‍ലി, കുങ്കുമപ്പൂവ്‌ എന്നിവ കൃഷി ചെയുന്നു.
- ആപ്പിള്‍, ഓറഞ്ച്‌ തുടങ്ങിയ പഴവര്‍ഗങ്ങളും തേയിലയും ഈ മേഖലയില്‍
കൃഷിചെയ്യുന്നു. 
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്നത്‌ ആസമിലാണ്‌
- ഏറെ പ്രകൃതി ഭംഗിയുള്ള ഉത്തരപര്‍വതമേഖല വിനോദസഞ്ചാരികളുടെ പറുദീസയാണ്‌.
- സിംല, ഡാര്‍ജിലിങ്‌, കുളു, മണാലി തുടങ്ങിയ സുഖവാസകേന്ദ്രങ്ങള്‍ ഇവിടെയാണ്‌.

11. ഉത്തരപര്‍വത മേഖലയിലെ മണ്ണിനങ്ങളുടെ പ്രത്യേകതകൾ 
- തവിട്ടുനിറത്തിലും കറുത്ത നിറത്തിലുള്ള മണ്ണാണ്‌ ഇവിടെ കാണപ്പെടുന്നത്‌.
- പൊതുവെ ഫലപുഷ്ടി കൂടിയ ഈ മണ്ണ്‌ പര്‍വ്വത മണ്ണ്‌ എന്നറിയപ്പെടുന്നു 

12. ഇന്ത്യയുടെ കാലാവസ്ഥ, ജനജീവിതം എന്നിവ രൂപപ്പെടുത്തുന്നതില്‍ ഉത്തരപര്‍വത മേഖലയുടെ പ്രാധാന്യമെന്ത് ?
- പുരാതനകാലം മുതല്‍തന്നെ വടക്കുപടിഞ്ഞാറു നിന്നുള്ള വൈദേശിക ആക്രമണങ്ങളില്‍ നിന്ന്‌ ഒരു പരിധിവരെ നമ്മെ സംരക്ഷിച്ചുപോരുന്നു.
- മണ്‍സൂണ്‍കാറ്റുകളെ തടഞ്ഞുനിര്‍ത്തി ഉത്തരേന്ത്യയില്‍ ഉടനീളം മഴ പെയ്യിക്കുന്നു.
- ശൈത്യകാലത്ത്‌ വടക്കുനിന്നു വീശുന്ന വരണ്ട ശീതക്കാറ്റിനെ ഇന്ത്യയിലേക്കു കടക്കാതെ ചെറുക്കുന്നു.
- വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങള്‍ ഉടലെടുക്കുന്നതിന്‌ കാരണമായി.
- നദികളുടെ ഉത്ഭവപ്രദേശം.
- ധാരാളം സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു.

13. കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന പ്രധാന മലനിരകൾ ഏതെല്ലാം?
- പട്കായിബം - നാഗാലാൻഡ് 
- നാഗാകുന്നുകൾ - നാഗാലാൻഡ് 
- ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ - മേഘാലയ 
- മിസോ കുന്നുകൾ - മിസോറാം 

14. പ്രധാന ഹിമാലയന്‍ നദികൾ, അവ ഒഴുകുന്ന സംസ്ഥാനങ്ങള്‍, പോഷക നദികൾ എന്നിവ ചുവടെ നൽകിയ ഭൂപടത്തിന്റെ സഹായത്തോടെ കണ്ടെത്തി 
പട്ടിക തയ്യാറാക്കുക. 
Answer:

15. ഉത്തരാമഹാസമതലത്തിന്റെ സ്ഥാനം ഭുപടത്തിന്റെ സഹായത്തോടെ കണ്ടെത്തു. ഉത്തരമഹാസമതലം ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന്‌ കണ്ടെത്തി എഴുതു.
- പശ്ചിമബംഗാൾ 
- ബീഹാർ 
- രാജസ്ഥാൻ 
- പഞ്ചാബ് 
- ഉത്തർപ്രദേശ് 
- അസ്സാം 
- ഹരിയാന 

16. ഇന്ത്യയിൽ എക്കൽ മണ്ണ് കാണപ്പെടുന്ന മറ്റു പ്രദേശങ്ങള്‍ ഏതൊക്കെയാണ് ?
- പഞ്ചാബ് 
- ഹരിയാന 
- ഉത്തർപ്രദേശ് 
- പശ്ചിമബംഗാൾ 
- ബ്രഹ്മപുത്രാതാഴ്വര 
- ഒറീസ്സ 
- ഉപദ്വീപീയ ഇന്ത്യയുടെ തീരപ്രദേശങ്ങൾ 

17. ഉത്തരമഹാസമതലം ഏതെല്ലാം ഭുപ്രകൃതി വിഭാഗങ്ങൾക്കിടയിലാണ്‌
സ്ഥിതി ചെയ്യുന്നതെന്ന്‌ അറ്റ്ലസ്‌ നിരീക്ഷിച്ച്‌ കണ്ടെത്തു.
- ഉത്തരപർവ്വത മേഖലയ്ക്കും, ഉപദ്വീപീയ പീഠഭൂമിക്കും ഇടയിൽ 

18. ഏതേതു നദികളുടെ നിക്ഷേപണത്തിന്റെ ഫലമായാണ്‌ രൂപംകൊണ്ടിട്ടുള്ളത്‌ എന്നതിന്റെ അടിസ്ഥാനത്തില്‍ ഉത്തരമഹാസമതലത്തെ തരംതിരിച്ച് പട്ടികപ്പെടുത്തുക.

19. ഉത്തരമഹാസമതലം രൂപപ്പെട്ടതെങ്ങനെ?
ഹിമാലയത്തിന്റെ രൂപീകരണവേളയില്‍ ശിവാലിക്ക് നിരകൾക്ക് തെക്ക്‌ പർവതനിരകള്‍ക്ക്‌ സമാന്തരമായി 2000 മീറ്ററില്‍ അധികം താഴ്ചയുള്ള അഗാധഗര്‍ത്തംസൃഷ്ടിക്കപ്പെട്ടു. ഈ ഗര്‍ത്തത്തിലേക്ക്‌ ഹിമാലയന്‍ നദികള്‍ അനേകായിരം വര്‍ഷങ്ങളായി അവസാദങ്ങള്‍ നിക്ഷേപിച്ചതിന്റെ ഫലമായിട്ടാണ്‌ അതിവിശാലമായ ഈ സമതലം രൂപപെട്ടത്‌. ഏഴു ലക്ഷം ചതുര്രശ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സമതലം ലോകത്തിലെതന്നെ ഏറ്റവും വലിയ എക്കല്‍ സമതലങ്ങളിലൊന്നാണ്‌. സിന്ധു-ഗംഗ - ബ്രഹ്മപുത്രാ സമതലം എന്നും ഇത്‌ പൊതുവെ അറിയപ്പെടുന്നു. വളരെയധികം
ഫലപുഷ്ടിയുള്ള എക്കല്‍മണ്ണ്‌ ഈ സമതലത്തിന്റെ സവിശേഷതയാണ്‌.
20. ഉത്തരമഹാസമതലത്തിന്റെ പ്രാധാന്യം.
- ലോകത്തിലെ തന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ എക്കല്‍സമതലമാണ്‌ ഉത്തരമഹാസമതലം.
- ധാരാളം നദികളും അവയുടെ പോഷക നദികളും ഇതിലൂടെ ഒഴുകുന്നു.
- ഗോതമ്പ്‌, ചോളം, നെല്ല്, കരിമ്പ്‌, പരുത്തി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളമായി കൃഷിചെയുന്നു. അതിനാല്‍ ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നാണ്‌ അറിയപെടുന്നത്‌.
- ലോകത്തിലെ ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ്‌ ഉത്തരമഹാസമതലം.
- റോഡ്‌-റെയില്‍-കനാല്‍ ശൃംഖലകള്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച പ്രദേശമാണ്‌ ഉത്തരമഹാസമതലം.

21. ലോകത്തിലെ ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ്‌ ഉത്തരമഹാസമതലം. എന്തുകൊണ്ട്?
- ഹിമാലയത്തില്‍നിന്ന്‌ ഒഴുകിയെത്തുന്ന നദികളുടെ അനേകായിരം വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന നിക്ഷേപണ പ്രകിയയുടെ ഫലമായിട്ടാണ്‌ അതിവിശാലമായ ഈ സമതലം രൂപപെട്ടത്‌. ഏഴു ലക്ഷം ചതുര്രശ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സമതലം ലോകത്തിലെതന്നെ ഏറ്റവും വലിയ എക്കല്‍ സമതലങ്ങളിലൊന്നാണ്‌. വളരെയധികം ഫലപുഷ്ടിയുള്ള എക്കല്‍മണ്ണ്‌ ഈ സമതലത്തിന്റെ സവിശേഷതയാണ്‌. ഗോതമ്പ്‌, ചോളം, നെല്ല്, കരിമ്പ്‌, പരുത്തി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളമായി കൃഷിചെയുന്നു. അതിനാല്‍ ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നാണ്‌ അറിയപെടുന്നത്‌. അക്കാരണത്താൽ തന്നെ ലോകത്തിലെ ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ്‌ ഉത്തരമഹാസമതലം.

22. ഉത്തരമഹാസമതലം  ഇന്ത്യയുടെ ധാന്യപ്പുരയെന്നറിയപ്പെടാന്‍ കാരണമെന്ത്?
- വളരെയധികം ഫലപുഷ്ടിയുള്ള എക്കല്‍മണ്ണ്‌ ഈ സമതലത്തിന്റെ സവിശേഷതയാണ്‌. ഗോതമ്പ്‌, ചോളം, നെല്ല്, കരിമ്പ്‌, പരുത്തി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളമായി കൃഷിചെയുന്നു. അതിനാല്‍ ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നാണ്‌ അറിയപെടുന്നത്‌. 

23. റോഡ്‌, റെയില്‍, കനാല്‍ എന്നിവയുടെ ശൃംഖല ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചത്‌ ഉത്തരമഹാ സമതലത്തിലാണ്‌. എന്തുകൊണ്ട്‌?
- നിരപ്പാര്‍ന്ന പ്രദേശമായതുകൊണ്ടാണ്‌ റെയില്‍-റോഡ്‌ ശൃംഖലകള്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചത്‌.
- വര്‍ഷം മുഴുവന്‍ ധാരാളം ജലം ലഭിക്കുന്ന നദികള്‍ ഒഴുകുന്നതിനാല്‍ കനാല്‍ ശൃംഖലകളും വികാസം പ്രാപിച്ചിരിക്കുന്നു.

24. ഉത്തരമഹാസമതലത്തിന്റെ പടിഞ്ഞാറ്‌ ഭാഗം (രാജസ്ഥാനിലെ മരുസ്ഥലി-ബാഗര്‍ സമതലം) ജനവാസം വളരെകുറവാണ്‌. എന്തുകൊണ്ട്‌?
- ഉത്തരമഹാസമതലത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ മഴ തീരെ കുറവാണ്‌. അതു കൊണ്ടുതന്നെ രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളും മരുഭൂമിയാണ്‌. ഈ മരുഭൂമിക്ക്‌ ഥാർ എന്നാണ്‌ പേര്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജയ്സാല്‍മിര്‍ ഈ മരുഭൂമിയിലാണ്‌. ഈര്‍പ്പം തീരെയില്ലാത്ത ലവണാംശമുള്ള മരുഭൂമിമണ്ണാണ്‌ ഇവിടെ കാണപ്പെടുന്നത്‌. മുള്‍ച്ചെടികളും കുറ്റിക്കാടുകളുമാണ്‌ ഇവിടത്തെ സ്വാഭാവിക സസ്യജാലങ്ങള്‍. ഇതുകൊണ്ടെല്ലാമാണ്‌ ഈ പ്രദേശത്ത്‌ ജനവാസം വളരെ കുറഞ്ഞത്‌.

25. രാജസ്ഥാനിലെ മരുസ്ഥലി - ബാഗര്‍ സമതലത്തിലെ പ്രധാനപ്പെട്ട കാര്‍ഷിക
വിളകള്‍ എന്തെല്ലാമാണ്?
- ജലം വളരെ മിതമായ അളവില്‍ മാത്രം ആവശ്യമുള്ള ബജ്റ, ജോവർ എന്നിവയാണ്‌ ഇവിടുത്തെ പ്രധാനപെട്ട വിളകള്‍.

26. പഞ്ചാബ്‌ ഹരിയാന സമതലത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
- സിന്ധുനദിയും അതിന്റെ പോഷകനദികളും ചേര്‍ന്ന്‌ രൂപം നല്‍കിയ വിശാലമായ സമതലമാണ്‌ പഞ്ചാബ്‌ ഹരിയാന സമതലപ്രദേശം.
- ചോളം, കരിമ്പ്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന വിളകൾ  ഇവ ജലസേചനത്തെ ആശ്രയിച്ചാണ്‌ കൃഷി ചെയ്യുന്നത്.

27. ഉത്തരമഹാസമതലത്തിലെ മണ്ണിനങ്ങള്‍ ഏവ ?
- എക്കല്‍ മണ്ണ്‌ - ഫലപുഷ്ടി കൂടുതല്‍
മരുഭൂമി മണ്ണ്‌ - ഈര്‍പ്പം കുറവ്‌, ലവണാംശം കൂടുതല്‍
 
28. ഉപദ്വീപീയ പീഠഭൂമിയിലെയിലെ ഭൗതിക സവിശേഷതകളെ ഇന്ത്യയുടെ രൂരേഖയിൽ അടയാളപ്പെടുത്തു. 


29. ഉപദ്വീപീയ പീഠഭൂമി പ്രദേശങ്ങളിലുട്ടെ ഒഴുകുന്ന പ്രധാന നദികളേതെല്ലാമെന്ന്‌ ഭുപടം (Text Book: ചിത്രം 7.2) നിരീക്ഷിച്ച്‌ കണ്ടെത്തു.
- മഹാനദി
- ഗോദാവരി 
- കൃഷ്ണ 
- കാവേരി 
- നർമ്മദ 
- താപ്തി 

30. ഉപദ്വീപീയപീഠഭൂമിയുടെ പ്രാധാന്യം വ്യക്തമാക്കുക.
- മധ്യപ്രദേശ്‌, ത്ധാര്‍ഖണ്ഡ്‌, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട്‌, തെലങ്കാന, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗം ഉപദ്ധീപീയപീഠഭൂമി എന്നറിയപ്പെടുന്നു.
- ഉറപ്പേറിയ ശിലകളാല്‍ നിര്‍മിതമായ ഉപദ്വീപീയ പീഠഭൂമി ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമാണ്‌. 
- വടക്ക് ആരവല്ലി പർവ്വതനിരകൾക്കും പടിഞ്ഞാറ് പശ്ചിമഘട്ടത്തിനും കിഴക്ക്‌ പൂര്‍ഘട്ടത്തിനുമിടയില്‍ സ്ഥിതിചെയ്യുന്നു.
- ഉപദ്വീപീയപീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന മറ്റ് പ്രധാന പർവ്വത നിരകളാണ് വിന്ധ്യ, സാത്പുര. 
- മാൾവാപീഠഭമി, ഛോട്ടാനാഗ്പൂർ പീഠഭമി, ഡക്കാൻ പീഠഭമി കച്ച്‌ ഉപദ്വീപ്‌, കത്തിയവാര്‍ ഉപദ്വീപ്‌ എന്നിവ ചേര്‍ന്നതാണ്‌ ഉപദ്വീപിയപീഠഭൂമി
- ഈ മേഖലയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി ആനമുടിയാണ്‌ (2695 m). - ഉപദ്വീപീയപീഠഭൂമി ധാതുക്കളുടെ കലവറയാണ്. 
- ഉപദ്വീപീയ പീഠഭൂമിയുടെ തെക്കുഭാഗമായ ഡക്കാണ്‍ പീഠഭൂമിയുടെ മിക്ക പ്രദേശങ്ങളും അനേകം ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒഴുകിപ്പരന്ന ലാവ
തണുത്തുറഞ്ഞുണ്ടായതാണ്‌. 
- ബസാള്‍ട്ട് എന്ന ആഗ്നേയശിലകളാല്‍ നിര്‍മിതമായ ഈ പീഠഭൂമിയിൽ വ്യാപകമായികറുത്ത മണ്ണ്‌ കാണപ്പെടുന്നു. 
- ഈ മണ്ണ്‌ പരുത്തിക്കൃഷിക്ക്‌ അനുയോജ്യമായതിനാല്‍ “കറുത്ത പരുത്തിമണ്ണ്‌” എന്നും അറിയപ്പെടുന്നു. 
- ഉപദ്വീപീയ പീഠഭൂമിപ്രദേശങ്ങളില്‍ ഇരുമ്പിന്റെ അംശമുള്ള ചെമ്മണ്ണും ധാരാളമായി കാണപ്പെടുന്നു. 
- മണ്‍സൂണ്‍ മഴയും ഇടവിട്ടുള്ള വേനല്‍ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ലാറ്ററൈറ്റ്‌ മണ്ണ്‌ രൂപപ്പെടുന്നു.

31. ഉപദ്വീപീയ നദികള്‍
- ഉപദ്വീപീയ പീഠഭൂമിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്ന്‌ ഉത്ഭവിക്കുന്ന നദികലാണ് ഉപദ്വീപീയ നദികള്‍. 
- പൂര്‍ണമായും മഴയെ ആശ്രയിച്ച് ഒഴുകുന്ന ഈ നദികളിൽ വേനല്‍ക്കാലത്ത്‌ വെള്ളം
തീരെ കുറവായിരിക്കും.
- ഉപദ്വീപീയ നദികളില്‍ ഏറ്റവും നീളം കൂടിയത്‌ ഗോദാവരി ആണ്‌
- ഉപദ്വീപീയ നദികളില്‍ വെള്ളച്ചാട്ടങ്ങള്‍ സാധാരണമാണ്‌.
- കര്‍ണാടകത്തിലെ ശരാവതിനദിയിലുള്ള ജോഗ്‌ ഫാള്‍സ്‌ ആണ്‌ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളചാട്ടം. 
- ഉപദ്വീപീയ നദികൾ രണ്ട് തരത്തിലുണ്ട്. 
കിഴക്കോട്ട് ഒഴുകുന്നവ- മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി 
പടിഞ്ഞാറോട്ട് ഒഴുകുന്നവ - നർമദ, താപ്തി  

32. ഭുപടം (Text Book Page:117. ചിത്രം 7.2) നിരീക്ഷിച്ച് ഉപദ്വീപീയ നദികളെ അവ ഒഴുകുന്ന ദിശയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക? 

33. ഉപദ്വീപീയ നദികളിൽ ചിലത്‌ ഗംഗ, യമുന എന്നീ ഹിമാലയന്‍ നദികളുടെ പോഷക നദികളാണ്‌. അവ ഏതൊക്കെയെന്ന്‌ ഭൂപടത്തിന്റെ (Text Book Page:117. ചിത്രം 7.2) സഹായത്തോടെ കണ്ടെത്തു.
ഗംഗയുടെ പോഷകനദി 
- സോൺ 
യമുനയുടെ പോഷകനദികൾ  
- ചമ്പൽ 
- ബേട്ടുവ 
- കെൻ 

34. താഴെ തന്നിരിക്കുന്ന പട്ടിക (പട്ടിക 7.3) പരിശോധിച്ച്‌ പ്രധാന ഉപദ്വീപീയ നദികളുടെ ഉത്ഭവം, നീളം, പോഷകനദികൾ എന്നിവ മനസ്സിലാക്കൂ. അവ ഏതെല്ലാം സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നുവെന്നും ഏത്‌ കടലില്‍ ചെന്ന്‌ ചേരുന്നു എന്നും കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കുമല്ലോ.
ഒഴുകുന്ന സംസ്ഥാനങ്ങൾ 
മഹാനദി - മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ 
ഗോദാവരി - മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ  
കൃഷ്ണ - മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് 
കാവേരി - കർണാടക, തമിഴ്നാട് 
നർമ്മദ - മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്  
താപ്തി - മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് 

35. മിക്ക ഉപദ്വീപീയ നദികളും വെള്ളച്ചാട്ടം സൃഷ്ടിച്ചുകൊണ്ടാണ്‌ സമതലത്തിലെക്കു കടക്കുന്നത്‌. ഇതെന്തുകൊണ്ടായിരിക്കാം;
- ഉപദ്വീപീയ നദികൾ പീഠഭൂമികളിലെ മലനിരകളിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അവ വെള്ളച്ചാട്ടം സൃഷ്ടിക്കുന്നു.

35. ഹിമാലയന്‍ നദികളുടെയും ഉപദ്വീപീയ നദികളുടെയും സവിശേഷതകള്‍ താരതമ്യം ചെയ്യുക.
ഹിമാലയന്‍ നദികള്‍
- ഹിമാലയപര്‍വതനിരകളില്‍ നിന്നുത്ഭവിക്കുന്നു.
- അതിവിസ്തൃതമായ വൃഷ്ടിപ്രദേശം
- അപരദനതീവ്രത കൂടുതല്‍
- പര്‍വതമേഖലകളില്‍ ഗിരികന്ദരങ്ങള്‍ സൃഷ്ടിക്കുകയും സമതലങ്ങളില്‍ വളഞ്ഞു പുളഞ്ഞ്‌ ഒഴുകുകയും ചെയ്യുന്നു.
- ഉയര്‍ന്ന ജലസേചനശേഷി
- സമതലപ്രദേശങ്ങളിൽ ഉള്‍നാടന്‍ ജലഗതാഗതത്തിന്‌ സാധ്യത. 
ഉപദ്വീപീയ നദികള്‍
- ഉപദ്വീപീയ പീഠഭൂമിയിലെ മലനിരകളില്‍ നിന്നുത്ഭവിക്കുന്നു.
- താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം.
- അപരദനതീര്വത താരതമ്യേന കുറവ്‌.
- കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാല്‍ അഗാധ താഴ്വരകള്‍ സൃഷ്ടിക്കപ്പെടുന്നില്ല.
- കുറഞ്ഞ ജലസേചനശേഷി.
- ഉള്‍നാടന്‍ ജലഗതാഗതത്തിന്‌ സാധ്യത താരതമ്യേന കുറവ്‌.

37. ഇന്ത്യയിലെ പ്രധാന നദീതീരനഗരങ്ങളുടെ പേരുകളാണ്‌ ചുവടെ നൽകിയിട്ടുള്ളത്‌. അവ ഏതേത്‌ നദീതീരങ്ങളിലാണെന്നു കണ്ടെത്തി തന്നിട്ടുള്ള മാത്യകയിൽ പട്ടിക  തയ്യാറാക്കു. അറ്റ്ലസിന്റെ സഹായത്തോടെ ഈ നഗരങ്ങളുടെ സ്ഥാനം കണ്ടെത്തി ഇന്ത്യയുടെ രൂപരേഖയില്‍ അടയാളപ്പെടുത്തു.
(ന്യുഡൽഹി, ആഗ്ര, ദേവപ്രയാഗ്‌, വാരണസി, അലഹാബാദ്‌, പാറ്റ്ന, ഗുവഹതി, കൊൽക്കത്ത, ലുധിയാന, ശ്രീനഗര്‍, അഹമ്മദാബാദ്‌, സൂറത്ത്, വിജയവാഡ, തിരുച്ചിറപ്പള്ളി, തഞ്ചാവുർ, കുടക്‌)

38. ഉപദ്വീപിയ പീഠഭൂമിയിലെ പ്രധാന തൊഴില്‍ 
മേഖലകള്‍ ഏതെല്ലാം? 
- കൃഷി, ഖനനം, ധാതു അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയാണ്‌ ഉപദ്വീപിയ പീഠഭൂമിയിലെ പ്രധാന തൊഴില്‍മേഖലകള്‍.
- പരുത്തി, പയര്‍വര്‍ഗങ്ങള്‍, നിലക്കടല, കരിമ്പ്‌, ചോളം, റാഗി, മുളക്‌ എന്നിവയാണ്‌ ഈ പ്രദേശത്തെ പ്രധാന കാര്‍ഷികവിളകള്‍. 
- ഇരുമ്പയിര്, കല്‍ക്കരി, മാംഗനീസ്‌, ബോക്സൈറ്റ്‌, ചുണ്ണാമ്പുകല്ല് എന്നിവയാണ്‌ ഇവിടത്തെ പ്രധാന ധാതുവിഭവങ്ങള്‍. 

39. ഇന്ത്യയുടെ തീരസമതലങ്ങള്‍ എവിടെ സ്ഥിതി ചെയ്യുന്നു?
- ഗുജറാത്തിലെ റാന്‍ ഓഫ്‌ കച്ചിൽ തുടങ്ങി ഗംഗ-ബ്രഹ്മപുത്ര ഡല്‍റ്റാ പ്രദേശം വരെ നീളുന്ന ഇന്ത്യയുടെ തീരപ്രദേശത്തിന്‌ ഏകദേശം 6100 കി.മീ. നീളമുണ്ട്‌. ഇന്ത്യയുടെ തീരസമതലത്തെ കിഴക്കൻ തീരസമതലമെന്നും പടിഞ്ഞാറൻ തീരസമതലമെന്നും രണ്ടായിതിരിക്കാം. 

40. തീരസമതലങ്ങള്‍, അവയുടെ സവിശേഷതകള്‍ എന്നിവ ഭൂപടവും പട്ടികയും
നിരീക്ഷിച്ച്‌ മനസ്സിലാക്കൂ.

41. ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശത്ത്‌ ഡെല്‍റ്റകള്‍ രൂപം കൊള്ളുന്നുണ്ടെങ്കിലും പടിഞ്ഞാറന്‍തീരത്ത്‌ ഡൽറ്റകൾ രൂപം കൊള്ളുന്നില്ല. എന്തുകൊണ്ട്?
- പടിഞ്ഞാറന്‍ തീരത്തേക്ക്‌ ഒഴുകിവരുന്ന നദികള്‍ മിക്കവയും ഒഴുകിയെത്തുന്നത്‌ കായലുകളിലേക്കാണ്‌. പടിഞ്ഞാറന്‍ തീരത്തെ കടലിന്‌ ആഴം കൂടുതലുമാണ്‌. ഇതുകൊണ്ടെല്ലാമാണ്‌ പടിഞ്ഞാറന്‍ തീര സമതലങ്ങളില്‍ ഡെല്‍റ്റകള്‍ രൂപം കൊള്ളാത്തത്. 

42. തീരസമതലങ്ങളിലെ ജീവിതം 
- തീരപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ മത്സ്യ ബന്ധനമാണ്‌. തീരസമതലങ്ങളില്‍ വിനോദസഞ്ചാരത്തിനും ഏറെ സാധ്യതകളുണ്ട്‌. നെല്ല്, തെങ്ങ്‌ എന്നിവ പടിഞ്ഞാറന്‍തീരത്തെ പ്രധാന കാര്‍ഷികവിളകളാണ്‌. കിഴക്കന്‍ തിരസമതലത്തിലെ കാവേരി, കൃഷ്ണ, ഗോദാവരി, മഹാനദി എന്നീ നദീതടങ്ങളില്‍ വ്യാപകമായി നെല്ല് കൃഷിചെയ്യുന്നു.
43. ഇന്ത്യയിലെ പ്രധാന ദ്വീപുകള്‍ ഏതെല്ലാം ?
- ലക്ഷദ്വീപ്‌, ആന്‍ഡമാന്‍ നിക്കോബാര്‍
ലക്ഷദ്വീപ്‌
- കൊച്ചിയില്‍ നിന്നും ഏകദേശം 300 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ്‌ ലക്ഷദ്വീപ് സമൂഹം സ്ഥിതിചെയുന്നത്‌.
- 36 ദ്വീപുകളാണ്‌ ഈ ദ്വീപസമൂഹത്തിലുള്ളത്. 
- 11 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ 
- കവരത്തി ആണ്‌ ലക്ഷദ്വീപിന്റെ ആസ്ഥാനം.
- ലഗൂണുകളും, മണൽ തീരങ്ങളും, പവിഴപ്പുറ്റുകളുമാണ് ലക്ഷദ്വീപ് സമൂഹത്തിന്റെ പ്രത്യേകത.
- മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയാണ്‌ പ്രധാന വരുമാനമാര്‍ഗങ്ങള്‍.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
- ബംഗാള്‍ ഉള്‍ക്കടലിലാണ്‌ ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ സ്ഥിതി ചെയ്യുന്നത്.
- ആന്‍ഡമാനില്‍ 200 ദ്വീപുകള്‍ ഉള്‍പെടുന്നു.
- നിക്കോബാറില്‍ 19 ദ്വീപുകളും ഉള്‍പെടുന്നു.
- ഭൂരിഭാഗം ദ്വീപുകളിലും ജനവാസമില്ല.
- ഇന്ത്യയിലെ ഏക അഗ്നിപര്‍വ്വതം ഈ ദ്വീപസമൂഹത്തിലെ ബാരന്‍ ദ്വീപിലാണുള്ളത്.
- പോർട്ട് ബ്ലെയർ ആണ് ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം 
- നിക്കോബാർ ദ്വീപുകളുടെ തെക്കേ അറ്റമായ ഇന്ദിരപോയിന്‍റ്‌ ആണ്‌ ഇന്ത്യയുടെ തെക്കേ അറ്റം.

44. ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏവ?
- അക്ഷാംശീയസ്ഥാനം
- ഭൂപ്രകൃതി
- സമുദ്രസാമീപ്യം 
- സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം
- സമുദ്രത്തിൽ നിന്നുള്ള അകലം 
- ഹിമാലയ പർവ്വതനിര 
- കാറ്റുകൾ 

45. ഇന്ത്യയിലെ ഋതുക്കളെ പൊതുവെ നാലായി തിരിക്കാം. അവ ഏതെല്ലാമാണ്?
- ശൈത്യകാലം
- ഉഷ്ണകാലം
- തെക്ക്‌-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം
- മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം (വടക്ക്-കിഴക്കൻ മൺസൂൺ)

46. ഏതൊക്കെ മാസങ്ങളിലാണ്‌ ഇന്ത്യയിൽ ശൈത്യം അനുഭവപ്പെടുന്നത്‌?
- ഡിസംബർ, ജനുവരി, ഫെബ്രുവരി 

47. പത്രങ്ങളില്‍നിന്നും മറ്റും ഉത്തരേന്ത്യയിലെ കൊടും തണുപ്പിനെക്കുറിച്ച്‌ നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ലേ. എന്തുകൊണ്ടാണിങ്ങനെ?
- സൂര്യന്റെ ദക്ഷിണായനകാലത്താണ്‌ ഇന്ത്യയില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്‌. ആയതിനാൽ ഉത്തരാർദ്ധഗോളത്തിൽ സൂര്യാതപനത്തിന്റെ തീവ്രത കുറവായിരിക്കും. ഇത് മൂലം ഉത്തരേന്ത്യയിൽ പകൽ സമയത്ത് മിതമായ ചൂടും രാത്രികാലങ്ങളിൽ കഠിനമായ തണുപ്പും അനുഭവപ്പെടുന്നു. മണാലി, ഷിംല തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇക്കാലത്ത്‌ മഞ്ഞുവീഴ്ച സര്‍വസാധാരണമാണ്‌.

48. ഇന്ത്യയിലെ ശൈത്യകാലത്തിന്റെ പ്രത്യേകത വിശദമാക്കുക ? 
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇന്ത്യയിൽ ശൈത്യകാലം. സൂര്യന്റെ ദക്ഷിണായനകാലത്തായതിനാൽ ഉത്തരാർദ്ധഗോളത്തിൽ സൂര്യാതപനത്തിന്റെ തീവ്രത കുറവായിരിക്കും. ഇത് മൂലം ഉത്തരേന്ത്യയിൽ പകൽ സമയത്ത് മിതമായ ചൂടും രാത്രികാലങ്ങളിൽ കഠിനമായ തണുപ്പും അനുഭവപ്പെടുന്നു. മണാലി, ഷിംല തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇക്കാലത്ത്‌ മഞ്ഞുവീഴ്ച സര്‍വസാധാരണമാണ്‌. “പശ്ചിമ അസ്വസ്ഥത” എന്ന പ്രതിഭാസം ശൈത്യകാലത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌. ശൈത്യകാലത്ത്‌ മെഡിറ്ററേനിയന്‍ കടലില്‍ രൂപംകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദം ക്രമേണ കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു. ഈ കാറ്റുകള്‍ ഹിമാലയ പര്‍വ്വതത്തിനു മുകളില്‍ എത്തുമ്പോള്‍ വന്‍ ഹിമപാതത്തിനു കാരണമാകാറുണ്ട്‌. ഇവ ഉത്തരമഹാസമതലങ്ങളില്‍ പ്രത്യേകിച്ച്‌ പഞ്ചാബില്‍ ശൈത്യകാല മഴയ്ക്ക്‌ കാരണമാകുന്നു. ഇത്‌ ഗോതമ്പ്‌, ബാര്‍ലിമുതലായ റാബിവിളകള്‍ക്ക്‌ വളരെയേറെ പ്രയോജനകരമാണ്‌.

49. സമുദ്രത്തോട്‌ അടുത്ത്‌ സ്ഥിതിചെയുന്ന പ്രദേശങ്ങളില്‍ ശൈത്യകാലത്തില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ കാരണം എന്ത്‌?
ഈ കാലയളവില്‍ സമുദ്രത്തോട്‌ അടുത്താണ്‌ സൂര്യന്റെ സ്ഥാനം. ഈ സമയത്ത് സമുദ്രത്തിൽ നിന്നും ചൂടുള്ള കാറ്റ് തീരപ്രദേശങ്ങളിലേക്ക് വീശുന്നു. അതുകൊണ്ടാണ്‌ ഈ പ്രദേശങ്ങളില്‍ താപനില ഉയര്‍ന്നിരിക്കുന്നത്‌.

50. “പശ്ചിമ അസ്വസ്ഥത” എന്ന പ്രതിഭാസം ശൈത്യകാലത്തിന്റെ മറ്റൊരു പ്രത്യേ
കതയാണ്‌. വ്യക്തമാക്കുക.
- ശൈത്യകാലത്ത്‌ മെഡിറ്ററേനിയന്‍ കടലില്‍ രൂപംകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദം ക്രമേണ കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു. ഇത്‌ ഉത്തര സമതലപ്രദേശങ്ങളില്‍, പ്രത്യേകിച്ച്‌ പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കുന്നതിന്‌ കാരണമാകുന്നു. ഈ മഴ ശൈത്യകാലവിളകള്‍ക്ക്‌ ഏറെ പ്രയോജനകരമാണ്‌. “പശ്ചിമ അസ്വസ്ഥതയെ ഇന്ത്യയിലെത്തിക്കുന്നതില്‍ ജെറ്റ്‌ പ്രവാഹങ്ങള്‍ക്ക്‌ സുപ്രധാന പങ്കുണ്ട്‌. 

51. എന്താണ് ജെറ്റ്‌ പ്രവാഹങ്ങള്‍?
- ട്രോപ്പോപ്പാസിലൂടെയുള്ള വീശുന്ന അതിശക്തമായ വായുപ്രവാഹമാണ്‌ ജറ്റ്‌ പ്രവാഹങ്ങള്‍.
   
52. ഏതൊക്കെ മാസങ്ങളിലാണ്‌ ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്‌?
- മാർച്ച്, ഏപ്രിൽ, മെയ് 

53. ഉഷ്ണകാലത്ത് തീര്രപദേശങ്ങളെ അപേക്ഷിച്ച്‌ ഉത്തരേന്ത്യയില്‍ ഊഷ്മാവ്‌ വളരെ കൂടുതലാണല്ലോ. എന്തുകൊണ്ടാണിങ്ങനെ?
- സൂര്യന്റെ ഉത്തരായനകാലത്താണ്‌ ഇന്ത്യയില്‍ ഉഷ്ണകാലം അനുഭവപ്പെടുന്നത്‌. ഇത് മൂലം താപനില തെക്കുനിന്ന്‌ വടക്കോട്ട്‌ കൂടി വരുന്നു

54. ഇന്ത്യയിലെ ഉഷ്ണകാലത്തിന്റെ പ്രത്യേകത വിശദമാക്കുക ? 
മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളിലാണ് ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്‌. സൂര്യന്റെ ഉത്തരായനകാലത്തായതിനാൽ താപനില തെക്കുനിന്ന്‌ വടക്കോട്ട്‌ കൂടി വരുന്നു. സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുന്നു. ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന “ലൂ  എന്ന വരണ്ട ഉഷ്ണക്കാറ്റ്‌ പകല്‍ താപനില വീണ്ടും ഉയരുന്നതിന്‌ കാരണമാകുന്നു. ഉഷ്ണകാലത്ത്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്നത്‌ രാജസ്ഥാന്റെ പടിഞ്ഞാറു ഭാഗത്തുള്ള ബാമര്‍ എന്നസ്ഥലത്താണ്‌. ഇക്കാലയളവില്‍ ദക്ഷിണേന്ത്യയില്‍ വീശുന്ന “മാംഗോഷവര്‍' എന്ന പ്രാദേശിക കാറ്റ് കര്‍ണ്ണാടക തീരത്തും കേരളത്തിലും മഴനലകുന്നു. പശ്ചിമബംഗാളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും കാരണമാകുന്ന “കാല്‍ ബൈശാഖി” എന്ന പ്രാദേശിക കാറ്റും ഈ കാലത്തിന്റെ പ്രത്യേകതയാണ്‌.

55. ഏതൊക്കെ മാസങ്ങളിലാണ്‌ ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്‌?
ഇന്ത്യയില്‍ തെക്ക്‌ -പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം അനുഭവപ്പെടുന്നത്‌ ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌, സെപ്റ്റംബര്‍ മാസങ്ങളിലാണ്‌.

56. മണ്‍സൂണ്‍കാറ്റുകളുടെ സഞ്ചാരഗതി കാണിച്ചിട്ടുള്ള ഭൂപടമാണ് നൽകിയിട്ടുള്ളത്. ഭൂപടം നിരീക്ഷിച്ച് ചുവടെ കാണുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി വിവരണം തയ്യാറാക്കുക.
തെക്കുപടിഞ്ഞാറന്‍ മൺസൂണിന്റെ രണ്ട് ശാഖകൾ 
* കാറ്റിന്റെ സവിശേഷതകൾ 
- സൂര്യൻ ഉത്തരാര്‍ധഗോളത്തിലായിരിക്കെ 
ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ ശക്തമായ ന്യൂനമര്‍ദം രൂപംകൊള്ളുന്നു. ഇത്‌ ഇന്ത്യന്‍ സമുദ്രത്തില്‍നിന്ന്‌ ഇന്ത്യന്‍ ഉപഭുഖണ്ഡത്തിലേക്ക്‌ കാറ്റുവീശാന്‍ ഇടയാക്കുന്നു. കോറിയോലിസ്‌ പ്രഭാവത്താല്‍ ഈ കാറ്റുകള്‍ സഞ്ചാരദിശയ്ക്ക്‌ വലത്തോട്ടു തിരിയുന്നതിനാല്‍ തെക്കുപടിഞ്ഞാറന്‍ കാറ്റുകളായി ഇന്ത്യയില്‍ എത്തിച്ചേരുന്നു.
ഇന്ത്യന്‍ ഉപദ്വീപിന്റെ സവിശേഷ ആകൃതി കാരണം തെക്കുപടിഞ്ഞാറന്‍
മണ്‍സൂണ്‍കാറ്റ്‌ രണ്ടു ശാഖകളായിപിരിഞ്ഞ്‌ കരയിലേക്കു പ്രവേശിക്കുന്നു.
* അറബിക്കടല്‍ശാഖ
* ബംഗാള്‍ ഉള്‍ക്കടല്‍ശാഖ
ജൂണ്‍ ആരംഭത്തോടെ കേരളതീരത്തിലെത്തുന്ന അറബിക്കടല്‍ ശാഖ കേരളത്തില്‍ വ്യാപകമായ മഴ നല്‍കുന്നു. തുടര്‍ന്ന്‌ കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു കടക്കുകയും അവിടെ കനത്തമഴയ്ക്ക്‌ കാരണമാകുകയും ചെയ്യുന്നു. ഗുജറാത്തിലൂടെ രാജസ്ഥാനില്‍ പ്രവേശിക്കുന്ന ഈ മണ്‍സൂണ്‍ശാഖ ആരവല്ലി പര്‍വതനിരകള്‍ക്ക്‌ സമാന്തരമായി കടന്നുപോകുന്നതിനാല്‍ രാജസ്ഥാനില്‍ വിരളമായി മാത്രമേ മഴ ലഭ്യമാക്കുന്നുള്ളു.
ബംഗാള്‍ ഉള്‍ക്കടലില്‍നിന്നു കൂടുതല്‍ ഈര്‍പ്പം ആഗിരണം ചെയ്ത്‌ മുന്നേറുന്ന ബംഗാള്‍ ഉള്‍ക്കടല്‍ശാഖ സുന്ദരവനം ഡല്‍റ്റ പിന്നിട്ട്‌ പശ്ചിമബംഗാളില്‍ പ്രവേശിക്കുകയും രണ്ടായി പിരിയുകയും ചെയ്യുന്നു. ഒരു ശാഖ ബ്രഹ്മപുത്രാ സമതലത്തിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തി വലിയതോതില്‍ മഴയ്ക്ക്‌ കാരണമാകുന്നു. ബംഗാള്‍ മേഖലയിലൂടെ ഗംഗാസമതലത്തിലേക്കു പ്രവേശിക്കുന്ന രണ്ടാമത്തെ ശാഖ പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ നല്‍കുന്നു. പഞ്ചാബ്‌ സമതലത്തില്‍ വച്ച്‌ അറബിക്കടല്‍ ശാഖയുമായികൂടിച്ചേര്‍ന്ന്‌ വടക്കോട്ടു നീങ്ങുന്ന ഈ മണ്‍സൂണ്‍ കാറ്റുകള്‍ ഹിമാലയത്തിന്റെ അടിവാരമേഖലകളില്‍ കനത്ത മഴനല്‍കുന്നു.

57. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവിൽ തെക്ക്‌ -പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് മഴ വളരെ കുറവാണ്‌. കാരണമെന്തായിരിക്കും?
തെക്ക്‌ പടിഞ്ഞാറന്‍ മൺസൂണിന്റെ അറബിക്കടൽ ശാഖ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ കനത്ത മഴ നല്കുന്നു.  എന്നാൽ  ഈ കാറ്റ് പശ്ചിമഘട്ടത്തിന്റെ മറുവശത്ത് അതായത് കിഴക്കൻ ചരിവിൽ എത്തുമ്പോഴേക്കും നീരാവിരഹിതമായി തീരുന്നതിനാൽ അവിടെ മഴ കുറയുന്നു.

58. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ എന്തു പേരിൽ അറിയപ്പെടുന്നു?
- ഇടവപ്പാതി അഥവാ കാലവർഷം 

59. വടക്കുകിഴക്കൻ  സംസ്ഥാനങ്ങളിലെ വൻതോതിലുള്ള മഴയിൽ കിഴക്കൻ മലനിരകളുടെ പ്രസക്തിയെന്ത് ?
ബംഗാള്‍ ഉള്‍ക്കടല്‍ശാഖ പശ്ചിമബംഗാളില്‍ പ്രവേശിക്കുകയും രണ്ടായി പിരിയുകയും ചെയ്യുന്നു. ഒരു ശാഖ ബ്രഹ്മപുത്രാ സമതലത്തിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തുന്നു. ഈ കാറ്റുകളെ ഖാസി, ഗാരോ കുന്നുകൾ ഉൾപ്പെടുന്ന കിഴക്കൻ മലനിരകൾ തടയുകയും വടക്കുകിഴക്കൻ  സംസ്ഥാനങ്ങളിൽ വൻതോതിലുള്ള മഴ ലഭിക്കുകയും ചെയ്യുന്നു.

60. ചിത്രം നിരീക്ഷിക്കുക. എന്തു കൊണ്ടാകിരിക്കാം ഈ കാറ്റുകൾക്ക്‌ വലത്തോട്ടു ദിശാവ്യതിയാനം സംഭവിക്കുന്നത്‌?
- സെപ്തംബര്‍ പിന്നിടുന്നതോടെ സൂര്യന്‍ ദക്ഷിണാർധഗോളത്തിലേക്ക്‌ 
അയനം ചെയ്യുന്നതിനാല്‍ ഇന്ത്യയുടെ ഉത്തരസമതല പ്രദേശത്ത്‌ കനത്ത ഉച്ചമര്‍ദം രൂപപ്പെടുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ താരതമ്യേന കുറഞ്ഞ മര്‍ദം ആയതിനാല്‍ ഇന്ത്യയുടെ വടക്കുഭാഗത്തുനിന്ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്‌ കാറ്റുവീശുന്നു. വടക്കുകിഴക്കൻ മണ്‍സൂണ്‍കാറ്റുകള്‍ എന്നു വിളിക്കുന്ന ഈ കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലെ സ്യൂനമര്‍ദത്താല്‍ ആകര്‍ഷിക്കപ്പെട്ട്‌ കരയില്‍നിന്നു കടലിലേക്കു നീങ്ങുകയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന്‌ ഈര്‍പ്പം
ആഗിരണം ചെയ്ത്‌ കിഴക്കന്‍ തീരത്തേക്ക്‌ വീശുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ശക്തമായ മഴനല്‍കുകയും ചെയ്യുന്നു. കൊറമാണ്ഡല്‍ തീരത്ത്‌, പ്രത്യേകിച്ച്‌ തമിട്നാട് തീരത്ത്‌ കനത്തമഴയ്ക്ക്‌ കാരണമാകുന്നു. കേരളം, കര്‍ണാടകത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വടക്കുകിഴക്കന്‍ മണ്‍സൂണ്‍മഴ ലഭിക്കാറുണ്ട്‌.

61. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലം അഥവാ മൺസൂണിന്റെ പിൻവാങ്ങൽകാലത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
- (ചോദ്യനമ്പർ 60 കാണുക)

62. കേരളത്തിൽ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴക്കാലം എന്തു പേരില്‍ അറിയപ്പെടുന്നു?
- തുലാവർഷം 

63. എന്താണ് ഒക്ടോബര്‍ ചൂട് ?
- വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് ഒക്ടോബര്‍ ചൂട് അനുഭവപ്പെടുന്നു.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഇന്ത്യ ഒട്ടാകെ ഉയര്‍ന്ന ഊഷ്മാവും ആര്‍ദ്രതയും അനുഭവപ്പെടുകയും ഇത് പകല്‍ സമയം ദുഃസഹമാക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസം ഒക്ടോബര്‍ ചൂട് എന്ന പേരില്‍ അറിയപ്പെടുന്നു.

64. ഇന്ത്യയിൽ ലഭിക്കുന്ന മഴയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയിട്ടുള്ള
ഭുപടമാണിത്‌. ഭൂപടം വിശകലനം ചെയ്ത്‌ താഴെ പറയുന്ന ചോദ്യങ്ങൾക്ക്‌
ഉത്തരം കണ്ടെത്തു.
i. 200 സെ.മീറ്ററിനു മുകളിൽ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍
* കേരളം
ii. 60 സെ.മീറ്ററിനു താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍
* രാജസ്ഥാന്‍
iii. മഴയുടെ വിതരണത്തിലുള്ള ഈ അസന്തുലിതാവസ്ഥയ്ക്ക്‌ കാരണങ്ങള്‍ എന്തെല്ലാമാണ്‌?
* ഭൂപ്രകൃതി 
ഉത്തരം:
i. 200 സെ.മീറ്ററിനു മുകളിൽ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍
* കേരളം ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരപ്രദേശങ്ങൾ 
* മേഘാലയ, ത്രിപുര, ആസാം 
ii. 60 സെ.മീറ്ററിനു താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍
* രാജസ്ഥാന്‍
* ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, കാശ്മീർ 
iii. മഴയുടെ വിതരണത്തിലുള്ള ഈ അസന്തുലിതാവസ്ഥയ്ക്ക്‌ കാരണങ്ങള്‍ എന്തെല്ലാമാണ്‌?
* ഭൂപ്രകൃതി 
* സമുദ്രസാമീപ്യം
* സമുദ്രത്തില്‍ നിന്നുള്ള അകലം
* പര്‍വതനിരകളുടെ സ്ഥാനം
* കാറ്റിന്റെ ദിശ
* ഭൂഭാഗത്തിന്റെ വിസ്തൃതി

65. ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല കാണപ്പെടുന്നത്. ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?
* കാറ്റിന്റെ ദിശ 
* ഇന്ത്യയുടെ സവിശേഷമായ ആകൃതി 
* പർവതങ്ങളുടെ കിടപ്പ് 
* കാറ്റിലെ ഈർപ്പത്തിന്റെ അളവ് 

66. ഭൂപടം നിരീക്ഷിക്കുക.
ഉത്തരം:
a. ഉപദ്വീപീയ പീഠഭൂമി 
b. ചോദ്യനമ്പർ 28 കാണുക.

67. ശൈത്യകാലം, ഉഷ്ണകാലം എന്നീ ഋതുക്കളില്‍ ഇന്ത്യയുടെ വിവിധ മേഖലകളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സവിശേഷതകള്‍ വിശദമാക്കുക.
- ചോദ്യനമ്പർ 48, 54 എന്നിവ കാണുക.

68. ഇന്ത്യയിലെ പ്രധാന മണ്ണിനങ്ങളെ ഭൂപ്രകൃതി വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്തു കുറിപ്പെഴുതുക.
- ഉത്തരപര്‍വതമേഖലയിലെ ട്രാന്‍സ്‌-ഹിമാലയം, ഹിമാലയം എന്നിവിടങ്ങളിലെ പ്രധാന മണ്ണിനമാണ്‌ പര്‍വതമണ്ണ്‌. ജൈവാംശം ധാരാളമായി കാണപ്പെടുന്ന ഈ മണ്ണിന്‌ ഇരുണ്ട തവിട്ടുനിറമോ കറുത്തനിറമോ ആയിരിക്കും. എന്നാല്‍ കിഴക്കന്‍ മലനിരകളില്‍ ഇതിന്‌ പുറമെ ചുവന്ന മണ്ണ്‌, ലാറ്ററൈറ്റ്‌ എന്നിവയും കാണപ്പെടുന്നു.
- ഉത്തരമഹാസമതല പ്രദേശത്തിലെ പഞ്ചാബ്‌ ഹരിയാന സമതലം, ഗംഗാസമതലം, ബ്രഹ്മപുത്രാ താഴ്വര എന്നിവിടങ്ങളിലെ പ്രധാനമണ്ണിനമാണ്‌ എക്കല്‍ മണ്ണ്‌. നദീതീരങ്ങളിലും ഡെല്‍റ്റാ പ്രദേശങ്ങളിലും സമൃദ്ധമായി കാണപ്പെടുന്ന എക്കല്‍ മണ്ണിന്‌ ഉയര്‍ന്ന ഫലപുഷ്ടിയാണുള്ളത്‌.
ഉത്തരമഹാസമതലത്തിലെ മരുസ്ഥലി-ബാഗര്‍ പ്രദേശങ്ങളിലെ പ്രധാന മണ്ണിനമാണ്‌ മരുഭൂമി മണ്ണ്‌. ലവണാംശം കൂടുതലുള്ള ഈ മണ്ണില്‍ ഈര്‍പ്പത്തിന്റെ അംശം തീരെ കുറവാണ്‌. 
- ഉപദ്വീപീയ പീഠഭൂമിയുടെ തെക്കുഭാഗമായ ഡക്കാണ്‍ പീഠഭൂമിയുടെ മിക്ക പ്രദേശങ്ങളും അനേകം ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒഴുകിപ്പരന്ന ലാവ
തണുത്തുറഞ്ഞുണ്ടായതാണ്‌. പ്രധാനമായും ബസാള്‍ട്ട്  എന്ന ആഗ്നേയശിലകളാല്‍ നിര്‍മിതമായ ഈ പീഠഭൂമിയിൽ വ്യാപകമായികറുത്ത മണ്ണ്‌ കാണപ്പെടുന്നു. ഈ മണ്ണ്‌ പരുത്തിക്കൃഷിക്ക്‌ അനുയോജ്യമായതിനാല്‍ “കറുത്ത പരുത്തിമണ്ണ്‌” എന്നും അറിയപ്പെടുന്നു. ഉപദ്വീപീയ പീഠഭൂമിപ്രദേശങ്ങളില്‍ ചെമ്മണ്ണും ധാരാളമായി കാണപ്പെടുന്നു. താരതമ്യേന ഫലപുഷ്ടി കുറവായ ഈ മണ്ണിലെ ഇരുമ്പിന്റെ അംശം ഇതിന്‌ ചുവപ്പുനിറം നല്‍കുന്നു. മണ്‍സൂണ്‍ മഴയും ഇടവിട്ടുള്ള വേനല്‍ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ലാറ്ററൈറ്റ്‌ മണ്ണ്‌ രൂപപ്പെടുന്നു.
ഇന്ത്യയുടെ തീരപ്രദേശങ്ങളിലുടനീളം എക്കൽ മണ്ണിന്റെ സാന്നിധ്യമുണ്ട്

69. ഇന്ത്യയില്‍ അനുഭവപ്പെടുന്ന ചില കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ചുവടെ സൂചിപ്പിച്ചിട്ടുള്ളത്. ഇവ ഓരോന്നും അനുഭവപ്പെടുന്നത് ഏതൊക്കെ കാലങ്ങളിലാണ്? 
എ. പശ്ചിമഅസ്വസ്ഥത 
ബി. മാംഗോഷവേഴ്സ് 
സി. ഒക്ടോബര്‍ ചൂട്
ഉത്തരം:
എ. പശ്ചിമ അസ്വസ്ഥത -ശൈത്യകാലം 
ബി. മാംഗോഷവേഴ്സ് - വേനല്‍ക്കാലം 
സി. ഒക്ടോബര്‍ ചൂട് - വടക്ക്-കിഴക്കന്‍മണ്‍സൂണ്‍കാലം 

70. എ കോളത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങളനുസരിച്ച് ബി,സി കോളങ്ങളിലെ വിവരങ്ങളെ ശരിയായവിധം ക്രമപ്പെടുത്തി എഴുതുക.

71. കിഴക്കന്‍ മലനിരകളില്‍ ഉള്‍പ്പെട്ട കുന്നുകള്‍ ഏതെല്ലാം? ഏതെങ്കിലും നാലെണ്ണത്തിന്റെ പേരെഴുതുക.
- പത്കായിബം, നാഗാ കുന്നുകള്‍, ഗാരോ, ഖാസി, ജയന്തിയ, മിസോ

72. സ്ഥാനം, ഉപവിഭാഗങ്ങള്‍, വീതി എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം, കിഴക്കന്‍ തീരസമതലം എന്നിവ താരതമ്യം ചെയ്തു കുറിപ്പെഴുതുക.
പടിഞ്ഞാറന്‍ തീരസമതലം
സ്ഥാനം- അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍.
ഉപവിഭാഗങ്ങള്‍ - ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.
വീതി- താരതമ്യേന വീതി കുറവ്
കിഴക്കന്‍ തീരസമതലം
സ്ഥാനം - ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍
ഉപവിഭാഗങ്ങള്‍ - കോറമണ്ഡല്‍ തീരസമതലം, വടക്കന്‍ സിര്‍ക്കാര്‍സ്തീ രസമതലം
വീതി - താരതമ്യേന വീതി കൂടുതല്‍

73. ഉത്ഭവസ്ഥാനം, പോഷകനദികള്‍, നീളം എന്നിവ അടിസ്ഥാനമാക്കി സിന്ധു, ഗംഗാ നദികളെക്കുറിച്ച് ഒരു വിവരണം തയാറാക്കുക.
സിന്ധുനദി
- ടിബറ്റിലെ മാനസസരോവര്‍ തടാകത്തിനരികിലുള്ള ഹിമാനികളില്‍ നിന്നാണ്‌ സിന്ധുനദി നദി ഉത്ഭവിക്കുന്നത്‌. ഏകദേശം 2880 കിലോമീറ്റര്‍ നീളമുള്ള സിന്ധുനദിയുടെ 709 കിലോമീറ്റര്‍ ഭാഗം മാത്രമേ ഇന്ത്യയിലൂടെ ഒഴുകുന്നുള്ളു. ടിബറ്റിലൂടെ ഒഴുകുന്ന സിന്ധു നദി ജമ്മുകാശ്മീരിന്റെ തെക്ക്‌-കിഴക്ക്‌ ഭാഗത്തുകൂടി ഇന്ത്യയിലേക്ക്‌ പ്രവേശിക്കുന്നു. പ്രധാന പോഷകനദികൾ ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്‍ലജ്. ജമ്മു-കാശ്മീരിന്റെ സംസ്‌കാരത്തെയും ജനജീവിതത്തെയും വളരെയധികം സ്വാധീനിക്കുന്ന സിന്ധു അറബിക്കടലില്‍ ചെന്നു ചേരുന്നു.
ഗംഗാനദി 
- ഇന്ത്യയിലെ ഏറ്റവും വലിയ നദി. ഉത്തരാഖണ്ഡിലെ ഗംഗോത്രി ഹിമപാടത്തിലെ ഗോമുഖ് ഗുഹകളില്‍നിന്ന് ഉദ്ഭവിക്കുന്ന ഗംഗയ്ക്ക് 2500 കിലോമീറ്റര്‍ നീളമുണ്ട്. ഗംഗാനദി ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്നു. ഇന്ത്യയുടെ ദേശീയനദിയും ഗംഗയാണ്. യമുന, ഗോമതി, കോസി, സോണ്‍, ഗണ്ഡക്, ഘാഘ് ര എന്നിവയാണ് ഗംഗയുടെ പോഷകനദികള്‍. ലോകത്തിലെ വലിയ ഡെല്‍റ്റാ പ്രദേശങ്ങളില്‍ ഒന്നായ സുന്ദരവന പ്രദേശം സൃഷ്ടിച്ചു കൊണ്ട്‌ ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്ന്‌ ചേരുന്നു.
74. ഇന്ത്യയിലെ ചില ഉപദ്വീപിയ നദികളും അവയുടെ പോഷകനദികളും ഉള്‍പ്പെട്ടതാണ് ചുവടെ കൊടുത്തിട്ടുള്ള ജോഡികള്‍. ഇവയില്‍ തെറ്റായ ജോഡി ഏതാണ്?

75. ഹിമാലയത്തിന്റെ തെക്കേ അറ്റത്തുള്ള പര്‍വ്വതനിരക്ക് പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.
A. പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുള്ള ഹിമാലയ നിരയുടെ പേരെന്ത്?
B. ഈ നിരയുടെ ശരാശരി ഉയരം എത്ര‍?
C. ഈ നിരയുടെ മറ്റൊരു സവിശേഷത എഴുതുക
ഉത്തരം:
A. സിവാലിക് മേഖല 
B. ശരാശരി ഉയരം 1220 മീറ്റര്‍
C. നീളമേറിയതും വിസ്തൃതവുമായ താഴ്വരകള്‍ (ഡൂണുകള്‍)

76. പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ മണ്ണിനം ഏതെന്ന് തെരഞ്ഞെടുത്ത് എഴുതുക.
(കറുത്ത മണ്ണ്, ചെമ്മണ്ണ്, ലാറ്ററൈറ്റ് മണ്ണ്, പര്‍വ്വതമണ്ണ്)
- കറുത്തമണ്ണ്

77. ഉപദ്വീപിയ പീഠഭൂമിയില്‍ പ്രധാനമായും കാണപ്പെടുന്ന ശില?
- ആഗ്നേയശില/ബസാള്‍ട്ട്

78. ഏതൊക്കെ പര്‍വ്വത നിരകള്‍ ചേര്‍ന്നതാണ് ട്രാന്‍സ് ഹിമാലയം?
- കാറകോറം, ലഡാക്ക്, സസ്കർ

79. രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളും മരുഭൂമിയാണ്. എന്തുകൊണ്ട്?
- ഉത്തര മഹാസമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴ തീരെ കുറവാണ്.

80. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി ഏത്?
- ഗോഡ് വിന്‍ ഓസ്റ്റിന്‍ (Mount K2.)

81. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം ഏത്?
- ഇന്ദിരാ പോയിന്റ്

82. ഉപദ്വീപിയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ഏത്?
- ഗോദാവരി

83. ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി ഏത്‍?
ആനമുടി

84. പഞ്ചാബ് മേഖലയിലെ ശൈത്യകാല മഴയ്ക്കുള്ള കാരണം എന്ത്? ഇന്ത്യയില്‍ ഈ മഴയുടെ കാര്‍ഷിക പ്രാധാന്യമെന്ത്?
- പശ്ചിമ അസ്വസ്ഥത
- ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു 
- ഈ മഴ ശൈത്യവിളകള്‍ക്ക് ഏറെ പ്രയോജനകരമാണ്

85. പശ്ചിമ അസ്വസ്ഥതയെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ജെറ്റ് പ്രവാഹങ്ങളുടെ പങ്ക് വിശകലനം ചെയ്യുക.
- പശ്ചിമ അസ്വസ്ഥതയെ ഇന്ത്യയിലെത്തിക്കുന്നതിന് ജെറ്റ് പ്രവാഹങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട് 
- ട്രോപ്പോസ് ഫിയറിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം.

86. ഉപദ്വീപീയ പീഠഭൂമിയില്‍ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍ ഏവ?
- കറുത്ത മണ്ണ്/ പരുത്തി മണ്ണ് 
- ചെമ്മണ്ണ് 
- ലാറ്ററൈറ്റ് 

87. ഇന്ത്യയിലെ ഏക അഗ്നി പര്‍വ്വതം ഏത്?
- ബാരന്‍ ദ്വീപുകൾ (ആൻഡമാൻ നിക്കോബാർ) 

88. സിവാലിക് പര്‍വ്വതനിരയില്‍ കാണപ്പെടുന്ന വിസ്തൃതമായ താഴ്വരകള്‍ ഏത് പേരില്‍ അറിയപ്പെടുന്നു?
- ഡൂണ്‍

89. ഹിമാലയ നിരകളില്‍ ഏറ്റവും തെക്ക് ഭാഗത്തുള്ള പര്‍വ്വത നിര ഏത്? ഈ പര്‍വ്വതനിരയുടെ ഏതെങ്കിലും 3 സവിശേഷതകള്‍ എഴുതുക.
- സിവാലിക് 
- ഹിമാചലിനു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
- ശരാശരി ഉയരം 1220 മീറ്റര്‍
- ഹിമാലയന്‍ നദികള്‍ ഈ പര്‍വ്വതനിരയെ മുറിച്ചുകൊണ്ട് ഒഴുകുന്നതിനാല്‍ പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.
- നീളമേറിയതും വിസ്തൃതവുമായ താഴ്വരകള്‍ കാണപ്പെടുന്നു. ഇവയെ ഡൂണുകൾ എന്ന് വിളിക്കുന്നു

* Geography Textbook (pdf) - Click here 

TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here