Class 5 കേരളപാഠാവലി - Chapter 02 പാത്തുമ്മായുടെ ആട് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 5 Malayalam - Kerala Padavali Chapter 2 Paathummayude Aadu | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 01 തേനൂറും മലയാളം 

Std V കേരളപാഠാവലി: അദ്ധ്യായം 02 പാത്തുമ്മായുടെ ആട് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
പാത്തുമ്മായുടെ ആട്
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട് . 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954 ഇൽ ആണ് ബഷീർ ഇത് എഴുതുന്നത്‌. ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

വൈക്കം മുഹമ്മദ് ബഷീർ
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ തിരുവിതാങ്കൂർ നാട്ടുരാജ്യത്തിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പിൽ 1908 ജനുവരി 21ന്‌ ജനിച്ചു. കായി അബ്ദുർറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടേയും ആറു മക്കളിൽ മൂത്തവനായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. 1994 ജൂലൈ 5ന്‌ ബഷീർ അന്തരിച്ചു.
പദപരിചയം 
• മേട്‌ - വികൃതി, ഉപദ്രവം
• കസർത്ത്‌ - വ്യായാമം
• പള്ള - വയറ്‌
• അരയണ - പഴയ കാലത്തെ ഒരു നാണയം
• മൂത്താപ്പ - അച്ഛന്റെ ജ്യേഷ്ഠൻ 
• കടവ്‌ - കുളിക്കാനിറങ്ങുന്ന സ്ഥലം

വായിക്കാം കണ്ടെത്താം

• ബഹളം കേട്ട്‌ ജനലിലൂടെ നോക്കിയപ്പോൾ ബഷീർ കണ്ടതെന്താണ്‌?
- അബിയും മറ്റ്‌ കുട്ടികളും പാത്തുമ്മയുടെ ആടുമായി പിടിവലി നടത്തുന്ന രംഗമാണ്‌ ബഷീ൪ കണ്ടത്‌. അബിയുടെ ട്രൗസറിന്റെ മുൻഭാഗം മുഴുവൻ ആട് തിന്നു കഴിഞ്ഞു. ബാക്കിയുള്ളതിന് പിടികൂടിയിട്ടുണ്ട്. കുട്ടികൾ ആടിന്റെ കൊമ്പിലും വാലിലും പള്ളയ്ക്കും പിടിച്ച്‌ വലിച്ച്‌ ആടിനെ അബിയുടെ ട്രാസറിൽ നിന്ന്‌ വിടുവിക്കാൻ ശ്രമിക്കുന്നു. 

• “സംഗതിയറിഞ്ഞപ്പോൾ പാത്തുമ്മായുടെ ആട്‌ കുറ്റക്കാരിയല്ല.” - ബഷീറിന്റെ നിഗമനം ശരിയാണോ?
ആട്‌ കുറ്റക്കാരിയല്ല എന്ന ബഷീറിന്റെ നിഗമനം ശരിയാണ്‌. അബി വെള്ളേപ്പം ട്രൗസറിന്റെ പോക്കറ്റിൽ വെച്ചുകൊണ്ടാണ്‌ ആടിന്റെ മുന്നിൽ ചെന്നുനിന്ന്‌ ആടിനോട്‌ തിന്നാൻ പറഞ്ഞത്‌. ട്രൗസറിന്റെ പോക്കറ്റിലെ വെള്ളേപ്പം തിന്നുന്നതിനിടയിൽ ആട്‌ നിക്കറും തിന്നുപോയി എന്നേയുള്ളൂ. അത്‌ ആടിന്റെ കുറ്റമല്ല. 

• ''നാണസംബന്ധിയായി ഉണ്ടായ പ്രശ്നം ബഷീറിനെ കുഴപ്പത്തിലാക്കുമായിരുന്നു.” ഈ പ്രസ്താവന ശരിയോ?
കുട്ടികളെല്ലാവരും നഗ്നരായാണ്‌ പുഴയിൽ കുളിക്കാനായി ബഷീറിന്റെ കൂടെപോയത്‌. കുളികഴിഞ്ഞ്‌ കരയിൽ നിന്ന അബി അവന്റെ കൂട്ടുകാരൻ കടത്തുവഞ്ചിയിൽ പോകുന്നത്‌ കണ്ടു. അവൻ മുണ്ടുടുത്തിട്ടുണ്ട്‌ എന്ന്‌
കണ്ടപ്പോഴാണ്‌ അബിയ്ക്ക്‌ നാണംതോന്നിയത്‌. അബിയുടെ നാണം മാറ്റാൻ ബഷീർ തോർത്ത്‌ കൊടുത്തു. അപ്പോൾ പാത്തുക്കുട്ടിയ്ക്കും നാണം വന്നു. അവൾക്കും തോർത്ത്‌
കൊടുത്തു. ലൈലയും സൈദ്‌മുഹമ്മദും തീരെ ചെറിയ കുട്ടികൾ ആണ്‌. അവർക്ക്‌ നാണം തോന്നുന്ന പ്രായം ആയില്ല. അവരും കൂടി തോർത്ത്‌ ആവശ്യപ്പെട്ടാൽ ബഷീർ കുഴപ്പത്തിലാകുമായിരുന്നു. ബഷീറിന്റെ കയ്യിൽ രണ്ട്‌ തോർത്തേ ഉണ്ടായിരുന്നുള്ളൂ.

 വായിക്കുമ്പോൾ നിങ്ങളിൽ ചിരിയുണർത്തിയ ഭാഗങ്ങൾ ഏതെല്ലാം? അതിനുള്ള കാരണങ്ങൾ കണ്ടെത്തി അവതരിപ്പിക്കു.
അബിയുടെ പോക്കറ്റിലെ വെള്ളേപ്പം തിന്നുന്നതിനിടയിൽ ആട്‌ അബിയുടെ
ഹാഫ്‌ ട്രൗസറിന്റെ മുൻവശം തിന്നുന്ന രംഗവും, അബിയെ ആടിൽ നിന്ന്‌ വേർപെടുത്താനുള്ള കുട്ടികളുടെ ശ്രമവും ബഹളവും ചിരിപ്പിക്കുന്നതാണ്‌: പാത്തുക്കുട്ടി ആടിന്റെ വാലിൽ പിടിച്ചു വലിക്കുന്നതും സൈദ്‌ മുഹമ്മദ്‌ കൊമ്പിൽ  പിടിച്ചിരിക്കുന്നതും ആരിഫയുടെ അന്തംവിട്ടുള്ള നില്‍പ്പും ലൈല ആടിന്റെ പള്ളയ്ക്ക്‌ പിടിച്ചു കൊണ്ട്‌ ഉള്ളാടത്തിപ്പാറു എന്ന്‌ വിളിക്കുന്നതും രസകരമായാണ്‌ വിവരിക്കുന്നത്‌. നാട്ടുവഴിയിലൂടെ പരിപൂർണ്ണ നഗ്‌നനായികുളിക്കാൻ വന്ന അബിയ്ക്ക്‌ അവന്റെ സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ മുണ്ടുടുത്ത്‌ കടത്തുവഞ്ചിയിൽ കാണുമ്പോഴാണ്‌ നാണം വരുന്നത്‌. ഇങ്ങനെ കുട്ടികളുടെ നിഷ്കളങ്കമായ പ്രവർത്തികളും ആടിന്റെ വികൃതികളും ലളിതമായ നാടൻ സംസാരഭാഷയിലും ഗ്രാമീണ ശൈലിയിലും നർമം കലർത്തി എഴുതിയ ഈ കഥ ആരിലും ചിരിയുണർത്തും.

 ഗ്രാമീണജീവിതത്തിന്റെ എന്തെല്ലാം ചിത്രങ്ങളാണ്‌ പാഠഭാഗത്ത്‌ കാണാൻ സാധിക്കുന്നത്‌? ഇത്തരം കാഴ്ചകൾ നിങ്ങളുടെ പ്രദേശത്ത്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ? അതിനുള്ള കാരണങ്ങൾ കൂടി പറയൂ.
കൂട്ടുകുടുംബജീവിതരീതി, ആട്‌ തുടങ്ങിയ വളർത്തു മൃഗങ്ങൾ കുടുംബാംഗത്തെപ്പോലെ വളരുന്നത്‌. എണ്ണതേച്ച്‌ ലങ്കോട്ടി കെട്ടിയുള്ള ബഷീറിന്റെ കസർത്ത്‌, കുളിക്കാനായി നദിയിലേക്ക്പോകുന്നത്‌, വസ്ത്രം ധരിക്കാതെ നാട്ടുവഴിയിലൂടെ ഉള്ള കുട്ടികളുടെ നടപ്പ്‌, മുങ്ങാംകുഴിയിട്ടും പതച്ചുമുള്ള കുളി, കടത്തുവഞ്ചിയിലുള്ള യാത്ര ഇങ്ങനെ ഗ്രാമീണ ജീവിതത്തിന്റെ നിരവധി ചിത്രങ്ങൾ പാഠഭാഗത്ത്‌ കാണാൻ സാധിക്കും. ആധുനിക ജീവിത ശൈലി കൂട്ടുകുടുംബങ്ങളിൽ നിന്നും ഗ്രാമീണ ജീവിത രീതിയിൽ നിന്നും മനുഷ്യരെ അകറ്റിയിരിക്കുന്നു. വീടുകളിൽ ഇന്ന് ആടിനെയും കോഴിയേയും വളർത്തുന്നത് അപൂർവ്വമാണ്. മനുഷ്യന്റെ കൈയ്യേറ്റം മൂലം നിറയെ വെള്ളമുള്ള കുളങ്ങളും നദികളും ഒക്കെ നമ്മുടെ നാട്ടിൽ കുറഞ്ഞുവരുന്നു. നിഷ്കളങ്കതയുടെ പ്രതീകങ്ങളായ ബഷീർ കഥകളിലെ ഗ്രാമീണ ചിത്രങ്ങൾ ഇന്ന് നമുക്ക് കാണാനാവാത്തത് ഇതുകൊണ്ടെല്ലാമാണ്.

 “പാത്തുമ്മായുടെ ആടി'ലെ മറ്റൊരു ഭാഗം വായിക്കൂ: ഇതാരുടെ ആട്‌? എന്തൊരു സ്വാതന്ത്ര്യമാണു കാണിക്കുന്നത്‌?
എവിടെല്ലാം കയറുന്നു! എന്തെല്ലാം ചെയ്യുന്നു! എന്നിട്ട് ആരും ഒന്നും മിണ്ടുന്നില്ല. കേൾപ്പോരും കേൾവിയുമില്ലാത്ത വീട് !
ചാരുകസേരയിൽ ഞാൻ മുൻ വശത്തെ വരാന്തയിൽ ഇരിക്കുമ്പോൾ മുറിയിൽ ആരോ കടലാസു വലിച്ചുകീറുന്ന ശബ്ദം കേട്ടു. ഞാൻ ചെറുവാതിലിലൂടെ ഉള്ളിലേക്കു നോക്കി. അദ്ഭുതം! ആ ആട് എന്റെ കിടക്കയിൽ കയറിനിന്നുകൊണ്ട്‌ പുസ്തകം തിന്നുകയാണ്‌!
പെട്ടിപ്പുറത്ത്‌ ബാല്യകാലസഖി, ശബ്ദങ്ങൾ എന്നീ രണ്ടു പുസ്തകങ്ങളുടെ പുതിയ പതിപ്പിന്റെ ഓരോ കോപ്പി ഇരിപ്പുണ്ടായിരുന്നു. അതിൽ “ബാല്യകാലസഖി'' യാണ്‌ ഇപ്പോൾ അതു സാപ്പിടുന്നത്‌. മുൻ കാലുകൊണ്ട്‌ ചവിട്ടിയിട്ട് രണ്ടും മുന്നും പേജുകളായി നക്കിനക്കി വായിലാക്കി സ്റ്റൈലായി ചവച്ചുതിന്നുകയാണ്‌. തിന്നട്ടെ, നല്ല ആടുതന്നെ...! “ശബ്ദങ്ങൾ'' ഇരിപ്പുണ്ടല്ലോ. ഘോരഘോരമായ വിമർശനപീരങ്കി ഉണ്ടകൾ ഏറ്റ ചെറുപുസ്തകമാണ്‌. എങ്കിലും സംഗതി ഭീകരം. ആ പുസ്തകം തൊടാൻ ഈ ആട്‌ ധൈര്യപ്പെടുമോ?

യാതൊരു സങ്കോചവുമില്ല. “ബാല്യകാലസഖി” അകത്തായി. ഉടനെ “ശബ്ദങ്ങൾ'' തുടങ്ങി. രണ്ടു മിനുട്ടുകൊണ്ട്‌ മുഴുവനും സാപ്പിട്ടു. എന്നിട്ട്‌ ആട്‌ എന്റെ പുതപ്പു തിന്നാൻ തുടങ്ങി. ഉടനെ ഞാൻ ചാടിയിറങ്ങി ഓടിച്ചെന്നു:

“ഹേ, അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്‌. അതിനു നൂറു രൂപാ വിലയുണ്ട്‌. അതിന്റെ കോപ്പി എന്റെ പക്കല്‍ വേറെയില്ല. എന്റെ പുസ്തകങ്ങൾ ഇനി വേറെയുമുണ്ട്‌. ഭവതിക്കെല്ലാം വരുത്തി സൗജന്യമായി തരാം.”

എന്നിട്ട്‌ ആടിനെ ഓടിച്ചു പുറത്തിറക്കി. അതു പ്ലാവിന്‍ ചുവട്ടിലേക്കോടി. അവിടെ രണ്ടുമൂന്ന്‌ ഇലകൾ വീണു കിടപ്പുണ്ട്‌. മൂപ്പത്തി അതെല്ലാം തിന്നുകയാണ്‌. ഞാൻ ഉമ്മയെ വിളിച്ചു ചോദിച്ചു:
“ആരതാണുമ്മാ ഈ ആട്‌?”
ഉമ്മാ പറഞ്ഞു:
''നമ്മടെ പാത്തുമ്മാട ആടാ.”
അതാണല്ലേ ഇതിനിത്ര സ്വാതന്ത്ര്യം?
പാത്തുമ്മായുടെ ആടിനെക്കുറിച്ച്‌ ഇനി നിങ്ങൾക്ക്‌ എന്തൊക്കെ പറയാൻ കഴിയും?
 ആടിന്റെ രൂപം
 പെരുമാറ്റം
 വീട്ടിലെടുക്കുന്ന സ്വാതന്ത്ര്യം
ഇവയെല്ലാം ചേർത്ത്‌ പാത്തുമ്മായുടെ ആടിനെക്കുറിച്ച്‌ ഒരു വിവരണം തയാറാക്കു.
- ചുറുചുറുക്കുള്ള മിടുക്കിയാണ് പാത്തുമ്മയുടെ ആട്. കുട്ടികൾ പിടിച്ചുവലിച്ചിട്ടും ഒച്ചയിട്ടിട്ടും ഒന്നും അവൾ അബിയുടെ ട്രൗസറിലെ പിടിവിട്ടില്ല. ഇതിൽ നിന്ന് തന്നെ നല്ല കരുത്തും ധൈര്യവുമുള്ള ആടാണ് അതെന്ന് നമുക്ക് മനസ്സിലാക്കാം. ബഷീറിന്റെ വീട്ടില്‍ സദാസമയവും കാണാവുന്ന ആട്‌ ഒരു കുടുംബാംഗത്തെപോലെയാണ്. എവിടെയും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അതിനുണ്ട്. ബഷീറിന്റെ പുതപ്പും പുസ്തകങ്ങളും തിന്നാന്‍ ആടിന്‌ യാതൊരുപേടിയുമില്ല. എങ്കിലും വീട്ടിലെ എല്ലാവർക്കും ആടിനോട് വളരെ സ്നേഹമാണ്. ഇത്രയേറെ കുറുമ്പുകാണിച്ചിട്ടും ആരും അവളെ ഉപദ്രവിക്കാത്തതും അതുകൊണ്ടു തന്നെയാവാം.

 കഥാസന്ദർഭത്തെ ഹൃദ്യമാക്കുന്ന ചില പ്രയോഗങ്ങൾ നോക്കു:
 മുള്ളണത്‌ കണ്ടില്ലാ!
 സ്റ്റൈലായി ചവച്ചു തിന്നുകയാണ്‌.
- കൂടുതല്‍ പ്രയോഗങ്ങൽ പാഠഭാഗത്തുനിന്ന്‌ കണ്ടെത്തി അതത്‌ സന്ദർഭങ്ങളിൽ അവ എത്രമാത്രം ഉചിതമായിരിക്കുന്നു എന്ന്‌ ചർച്ചചെയ്യുക.
- അബിയുടെ ട്രസറിൽ പിടികൂടിയ ആടിനെ വേർപ്പെടുത്താനുള്ള ശ്രമത്തിന്റെ
ഭാഗമായാണ്‌ കുട്ടികൾ കൊമ്പേപ്പിടി, വാലേപ്പിടി, ഉള്ളാടത്തിപാറു എന്നീ പദങ്ങൾ 
പ്രയോഗിക്കുന്നത്‌.
ബഷീർ വ്യായാമം ചെയ്യുന്നതിനെയാണ്‌ കസർത്ത് ചെയ്കയായിരുന്നു എന്നത്‌
കൊണ്ടുദ്ദേശിക്കുന്നത്‌. അവിടെ എന്താണ്‌ നടക്കുന്നതെന്ന്‌ മനസ്സിലാകാതെയാണ്‌
ആരിഫ അന്തംവിട്ടു നിന്നത്‌. 
പുഴക്കരയിൽ കുളിക്കാനെത്തിയ അബിക്ക് അവന്റെ മുണ്ടുടുത്ത കൂട്ടുകാരനെ കണ്ടപ്പോഴാണ്‌ തനിക്ക്‌ മുണ്ടില്ല എന്നോർത്ത്‌ നാണം വന്നത്‌. അവന്‌ നാണം മറക്കാനായി ബഷീർ ഒരു തോർത്ത്‌ കൊടുത്തു. അപ്പോൾ പാത്തുക്കുട്ടിക്കും നാണം മറയ്ക്കാൻ മുണ്ട്‌ വേണം. ഈ സന്ദർഭത്തിലാണ്‌ ബഷീർ നാണസംബന്ധിയായ എന്ന പദം പ്രയോഗിച്ചത്‌.
ഇത്തരം പ്രയോഗങ്ങൾ ബഷീറിന്റെ കൃതികളിൽ ഉടനീളം കാണാനാകും. ഇവയാണ്‌ ബഷീറിന്റെ രചനകളെ ഹൃദ്യവും, രസകരവും ആക്കുന്നത്‌. ഗ്രാമീണ ജീവിതത്തെ രസകരമായി വരച്ചു കാട്ടാൻ ഇത്തരം ശൈലികൾ ബഷീറിനെ സഹായിക്കാറുണ്ട്‌. ഏതു വലിയ കാര്യത്തെയും ഹാസ്യരൂപേണ അവതതരിപ്പിക്കാനുള്ള ബഷീറിന്റെ കഴിവ്‌ തന്നെയാണ്‌ ഈ പ്രയോഗങ്ങളിലൂടെ നമുക്ക്‌ കാണാനാകുക.


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here