Class 7 കേരള പാഠാവലി Chapter 02 - പൂക്കാതിരിക്കാനെനിക്കാവതില്ലേ - ചോദ്യോത്തരങ്ങൾ
Study Notes for Class 7th കേരള പാഠാവലി (ഓർമ്മയുടെ ജാലകം) പൂക്കാതിരിക്കാനെനിക്കാവതില്ലേ | Text Books Solution Malayalam Chapter 02 പൂക്കാതിരിക്കാനെനിക്കാവതില്ലേ
Chapter 02: പൂക്കാതിരിക്കാനെനിക്കാവതില്ലേ
പൂക്കാതിരിക്കാനെനിക്കാവതില്ലേ - Textual Questions and Answers & Model Questions
ആധുനിക മലയാളകവിതയിൽ പ്രമുഖനായ അയ്യപ്പപ്പണിക്കരുടെ കവിതയാണ് ഈ പാഠഭാഗം.
കെ. അയ്യപ്പപ്പണിക്കർ
മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ. 1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. ലോകത്തിനു ആധുനികതയെ മലയാള സാഹിത്യ പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു.
പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.
സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽവാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം), കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം), തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം), 10 കവിതകളും പഠനങ്ങളും, കാർട്ടൂൺ കഥകളും മഹാരാജ കഥകളും, പൂക്കാതിരിക്കാൻ എനിക്കാവതില്ല, ഗോത്രയാനം, പൂച്ചയും ഷേക്സ്പിയറും (വിവർത്തനം), ജീബാനന്ദദാസ്, മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം), സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ) എന്നിവയാണ് പ്രധാന കൃതികൾ.
2006 ഓഗസ്റ്റ് 23-ആം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം.
അർത്ഥം കണ്ടെത്താം
• പ്രഭാതം - രാവിലെ,പുലരി
• വിയൽപക്ഷി - ആകാശപറവ
• മേനി - ശരീരം
• ഹരിതം - പച്ചനിറം
• താപം - ചൂട്
• ശാഖ - കൊമ്പ്
• സർവ്വം - എല്ലാം
• സ്മിതം - പുഞ്ചിരി
• മിഴി - കണ്ണ്
• വർണ്ണം - നിറം
• ദുരിതം - കഷ്ടപ്പാട്
• പതക്കം - കല്ലുവച്ച ആഭരണം
• പൊന്ന് - സ്വർണം
പര്യായപദങ്ങൾ
• മേനി - ശരീരം, മെയ്
• ശാഖ - കൊമ്പ്, ശിഖരം
• മിഴി - കണ്ണ്, അക്ഷി, നയനം, നേത്രം
• സ്മിതം - പുഞ്ചിരി, സ്മേരം, മന്ദഹാസം
• പ്രഭാതം - പുലരി, ഉഷസ്സ്
കവിതയിൽ നിന്ന് കണ്ടെത്താം
1. കണിക്കൊന്നയുടെ പൂവണിയൽ സമൃദ്ധിയുടെ പ്രതീകമായിത്തിരുന്നത്
എങ്ങനെയാണ് കവി അവതരിപ്പിച്ചിരിക്കുന്നത്?
ഉത്തരം: കൊന്നയുടെ ആത്മവിചാരം എന്ന മട്ടിലാണ് ഈ കവിത. വിഷുക്കാലമെത്തിയാൽ പൂക്കാതിരിക്കാൻ കണിക്കൊന്നയ്ക്കാവില്ല. പൂവണിയുക എന്ന തന്റെ നിയോഗത്തെ ഏറ്റെടുക്കാൻ ശരീരകലകളെ ഒരുക്കുകയാണ് കൊന്നമരം. കണിക്കൊന്നയുടെ ഞരമ്പുകളിൽ കണി കാണാൻ കാത്തിരിക്കുന്നവർക്ക് നിറയെ പൂക്കൾ എത്തിച്ചു കൊടുക്കാനുള്ള വെമ്പലാണ്. വേനൽച്ചുടേറ്റ് ഉണങ്ങിക്കരിഞ്ഞത് പോലെ തോന്നിക്കുന്ന കൊമ്പിന്റെ അറ്റത്ത് പോലും പൊന്നിന്റെ പതക്കങ്ങൾ പോലെ പുക്കൾ തിളങ്ങി നില്‍ക്കുന്നു. ഒരു ജനതയുടെ ആഘോഷതിമർപ്പിന് സാക്ഷിയാവാൻ വേണ്ടി അനുഗ്രഹിക്കപ്പെട്ട കണിക്കൊന്ന സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടാണ് മേടവിഷുക്കാലത്ത് പൂവിടുന്നത്.
2. പൂവിടാനുള്ള കണിക്കൊന്നയുടെ വെമ്പൽ സൂചിപ്പിക്കുന്ന വരികൾ ഏതെല്ലാം?
ഉത്തരം:
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും, ഇരുൾതൊപ്പി പൊക്കി-
പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും,
പുലർച്ചക്കുളിർകാറ്റ് വീശിപ്പറക്കും,
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും.
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
3. കണിക്കൊന്ന അനുഭവിക്കുന്ന ദുരിതങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: കൊടുംവേനലിൽ തന്റെ പച്ചപ്പും ലാവണ്യവുമെല്ലാം മാഞ്ഞു പോകുന്നത് കൊന്ന അറിയുന്നു. കത്തിയെരിയുന്ന ചൂടിലും കടുത്ത മഞ്ഞിലും കൊന്നയുടെ വിലാപം വനരോദനങ്ങളായിമാറുന്നു. പെയ്തൊഴിയാത്ത മഴയിൽ കൊന്നയുടെ മൃദുശാഖകൾ ഒടിഞ്ഞുവീഴുന്ന ദുരിതവും വേദനയും കൊന്നമരം സഹിക്കേണ്ടി വരുന്നു.
4. മഞ്ഞതൻ മധുരസ്മിതങ്ങൾ വിരിയുമ്പോൾ കണിക്കൊന്ന അതെല്ലാം മറക്കുന്നു. ഇതിലൂടെ കവി സൂചിപ്പിക്കുന്നത് എന്താണ്?
ഉത്തരം: മഴക്കാലം കഴിഞ്ഞാൽ കണിക്കൊന്നയിൽ പുതിയ തളിരിലകൾ വിരിയുന്നു. അതോടെ മഴക്കാലത്ത് മൃദുലമായ കൊമ്പുകൾ ഒടിഞ്ഞു പോയതിന്റെവിഷമം കണിക്കൊന്ന മറക്കുന്നു. കരിഞ്ഞുണങ്ങിയ കൊമ്പുകൾ വീണ്ടും തളിരണിഞ്ഞു പൂമൊട്ടുകളും പൂക്കളും കൊണ്ട് നിറയുന്നു. വിഷുക്കാലമായാൽ വരുംകാല സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയുംപ്രതീകമായി മാറാൻ കഴിയുന്നു എന്ന ചിന്ത കണിക്കൊന്നയെ കുളിരണിയിക്കുന്നു.
കണ്ടെത്താം എഴുതാം
1. വിഷുക്കാലത്ത് ഞെട്ടിയുണരുമ്പോൾ കണിക്കൊന്ന കാണുന്നതെന്തൊക്കെ?
ഉത്തരം: പ്രഭാതം ഇരുൾത്തൊപ്പി പൊക്കി പതുക്കെ ചിരിക്കാൻ ശ്രമിക്കുന്നതും, കുളിർക്കാറ്റ് വീശിപ്പറക്കുന്നതും, ആകാശപ്പറവകൾ ശ്രദ്ധിച്ചു നോക്കുന്നതുമാണ് വിഷുക്കാലത്ത് നീണ്ടയുറക്കത്തിൽ നിന്ന് ഞെട്ടിയുണരുമ്പോൾ കണിക്കൊന്ന കാണുന്നത്.
2. തന്റെ പരിമിതിയായി കണിക്കൊന്ന കാണുന്നതെന്ന്?
ഉത്തരം: മഞ്ഞ നിറത്തിൽ മാത്രമാണ് കണിക്കൊന്ന കാണവെടുന്നത്. കണിക്കൊന്നയ്ക്ക് പല വർണ്ണമാകാന്‍ കഴിയില്ല. തനിക്കൊരു നിറം മാത്രമേ പ്രകൃതി തന്നുള്ളൂ എന്നതാണ് കണിക്കൊന്ന തന്റെ പരിമിതിയായി കാണുന്നത്.
3. മറ്റുള്ളവർക്ക് ഗുണത്തിനായി കണിക്കൊന്ന ചെയ്യുന്നതെന്ത്?
ഉത്തരം: വിഷുക്കാലത്ത് കണികാണുവാൻ കണിക്കൊന്ന വേണം. ഉണർന്നെണീറ്റ് കണി കാണാൻ കാത്തിരിക്കുന്നവരുടെ നന്മയ്ക്കായി കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു.
4. ഋതുഭേദങ്ങളെക്കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് കവിതയിലുള്ളത്?
ഉത്തരം: കത്തിയെരിയുന്ന വേനലും, അതിവർഷവും കുളിരുകോരിയെത്തുന്ന വിഷുസംക്രമപ്പുലരിയുമെല്ലാം കവിതയിൽ കാണാം. വേനൽച്ചൂടിൽ ഉണങ്ങിക്കരിയുന്ന കണിക്കൊന്ന വിഷുക്കാലമാവുമ്പോഴേക്കും തളിരിട്ട് മഞ്ഞപൂവണിയുന്നു. കടുത്ത മഞ്ഞിലും മഴയിലും കൊന്നമരത്തിന്റെ മൃദുശാഖകൾ ഒടിഞ്ഞു വീഴുന്നു. അതിശൈത്യത്തിൽ കൊന്നമരത്തിന്റെ വിലാപങ്ങൾ അലിഞ്ഞില്ലാതാകുന്നു. ഇങ്ങനെയെല്ലാമാണ് ഋഭേദങ്ങളെക്കുറിച്ച് കവിതയിൽ പറയുന്നത്.
താളഭംഗി കണ്ടെത്താം
• എൻ താലി നിൻ താലി
• തൃളിരിന്റെ തളിരായ താലിവിലാസം
താളഭംഗിയുള്ള വരികൾ
• കണികാണുവാൻ ഭാവി ഗുണമേകുവാൻ
• നയനങ്ങളെന്നെയോർത്തെന്നേയിമപൂട്ടി
• വീണ്ടുമെൻ ചുണ്ടിലും
• എൻ താലി നിൻ താലി പൂത്താലിയാടി
ചർച്ചക്കുറിപ്പ്
• ''പൂക്കാതിരിക്കാൻ എനിക്കാവതില്ലേ'' എന്ന് കണിക്കൊന്ന പറയുന്നു. തനിക്ക് വേണ്ടിയല്ല, പൂക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണല്ലോ. ഇതുപോലെ നിങ്ങൾക്ക് പറയാനുള്ളത് എന്താണ്? അതിലൂടെ എന്തെല്ലാം നന്മകൾ ഉറപ്പുവരുത്താനാണ് ആഗ്രഹിക്കുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ ക്ലാസിൽ അവതരിപ്പിച്ച് ചർച്ചചെയ്യുക.
നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് നാം സ്വന്തം താല്പര്യത്തിനനുസരിച്ച് മാത്രം ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോഴാണ്. കണിക്കൊന്ന നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.
സാധാരണ മനുഷ്യർ തന്നെയും തനിക്കു ചുറ്റുമുള്ളവരെയും മാത്രം സ്‌നേഹിക്കുന്നു, മറ്റു ചിലരാകട്ടെ തന്നെക്കാൾ കൂടുതൽ തന്റെ സമൂഹത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നു. നാം അവരെ മഹാന്മാർ എന്ന് വിളിക്കുന്നു. ഗാന്ധിജിയും, ഭഗത്‌സിങ്ങും, മദർ തെരേസയും, ശ്രീ നാരായണഗുരുവുമെല്ലാം മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാന്മാരാണ്. അവര്‍ഇന്നും നമ്മുടെയെല്ലാംമമനസ്സില്‍
ജീവിക്കുന്നു. അതുപോലെയാണ് നമ്മുടെ പ്രകൃതിയും. നമുക്ക് വേണ്ടതെല്ലാം പ്രകൃതി
നല്‍കുന്നു. ജീവവായു മുതൽ ഭക്ഷണം വരെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് പ്രകൃതി ഇതെല്ലാം നമുക്കായി നല്‍കുന്നത്. ഈ പാഠഭാഗത്തിലൂടെ നമുക്ക്
മനസ്സിലാക്കിത്തരുന്നത് കണിക്കൊന്ന മറ്റുള്ളവർക്ക് വേണ്ടിയാണ് പൂക്കുന്നത്.
അതുപോലെ നമ്മൾ നമ്മുടെ മറഞ്ഞുപോയ മഹാന്മാരെപോലെ മറ്റുള്ളവർക്ക് വേണ്ടി
സഹായങ്ങൾ ചെയ്യണം. പാവപ്പെട്ടവരെയും, നിരാലംബരായ ആളുകളെയും സഹായിക്കണം. നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി നന്മകൾ ചെയ്യണം.
ആസ്വാദനക്കുറിപ്പ്
ഈ കവിതയുടെ ആശയം, രചനാരീതി എന്നിവയും കവിത നിങ്ങളിൽ ഉണ്ടാക്കിയ ഓർമ്മകൾ, വികാരങ്ങൾ, ചിന്തകൾ, എന്നിവയും പരിഗണിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
ആധുനിക മലയാള കവിയായ അയ്യപ്പപണിക്കരുടെ കവിതയാണ് 'പൂക്കാതിരിക്കാനെനിക്കാവതില്ലേ” എന്നത്. കൊന്നപൂവിന്റെ ആത്മഗതമെന്നോണമാണ് ഈ കവിത അവതരിപ്പിച്ചിരിക്കുന്നത്. വിഷുക്കാലമായാൽ എനിക്ക് പൂക്കാതിരിക്കാൻ കഴിയില്ല എന്നാണ് കൊന്നപ്പൂവ് പറയുന്നത്.
പ്രഭാതം ഇരുൾത്തൊപ്പി പൊക്കി ചിരിക്കാൻ ശ്രമിക്കുന്നതും, കുളിർ കാറ്റ് വീശി പറക്കുന്നതും, ആകാശപ്പറവകൾ ശ്രദ്ധിച്ചു നോക്കുന്നതുമാണ് പ്രഭാതത്തിൽ ഉണർന്നെണീക്കുന്ന കണിക്കൊന്ന കാണുന്നത്.
വിഷു കാലമായാൽ പൂക്കുക എന്നതാണ് തന്റെ നിയോഗമെന്ന് കണിക്കൊന്ന പറയുന്നു. കണികാണാൻ കാത്തിരിക്കുന്നവരുടെ നന്മയ്ക്കായി കണിക്കൊന്ന മഞ്ഞയണിഞ്ഞ് പൂത്തുനില്‍ക്കുന്നു. എങ്കിലും കണിക്കൊന്നയുടെ മനസ്സിലെ സങ്കടങ്ങൾ പുറത്തേക്ക് വരുന്നുണ്ട്.
കൊടുംവേനലിൽ ഹരിതഭംഗി മുഴുവൻ നഷ്ടപ്പെട്ട് കരിഞ്ഞുണങ്ങിയ പോലെയാകുന്നു. മഞ്ഞിൽ വിറച്ചു നില്‍ക്കുന്നു. മഴക്കാലത്ത് തന്റെ മൃദുലമായ കൊമ്പുകൾ ഒടിഞ്ഞുപോകുന്നു. എങ്കിലും വിഷുക്കാലമായാൽ ഉണങ്ങിക്കരിഞ്ഞ കൊമ്പിൽ വീണ്ടും തളിരണിഞ്ഞ് പൊന്നിൻ പതക്കങ്ങൾ പോലെയുള്ള പൂക്കൾ കൊണ്ട് നിറയുന്നു. മറുള്ളവർക്ക് കണികാണുവാൻ വേണ്ടി കണിക്കൊന്ന പൂത്തുലയുന്നു. കണിക്കൊന്ന തനിക്ക് ഒരു നിറം മാത്രമേ പ്രകൃതി നല്‍കിയുള്ളൂ എന്ന് പരിഭവിക്കുകയും ചെയ്യുന്നു.
സ്വജീവിതം കൊണ്ട് മറ്റുള്ളവർക്ക് ആനന്ദം പകർന്ന് നിർവൃതി കൊള്ളുന്ന മനുഷ്യ ജന്മങ്ങളെ തന്നെയാണ് ഈ കവിതയിലൂടെ കവി ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത്.
കവിത, വ്യാഖ്യാനം
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.
എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ.
വിഷുക്കാലമെത്തിയാൽ തനിക്ക് പൂക്കാതിരിക്കാൻ കഴിയില്ല എന്നാണ് കണിക്കൊന്ന പറയുന്നത്. പ്രഭാതം ഇരുൾത്തൊപ്പി പൊക്കി പതുക്കെ ചിരിക്കാൻ ശ്രമിക്കുന്നതും
കുളിർക്കാറ്റ് വീശിപ്പറക്കുന്നതും ആകാശപ്പറവകൾ ശ്രദ്ധിച്ചു നോക്കുന്നതുമാണ് വിഷുക്കാലത്ത് നീണ്ടയുറക്കത്തിൽ നിന്ന് ഞെട്ടിയുണരുമ്പോൾ കണിക്കൊന്ന കാണുന്നത്. വിഷുക്കാലമെത്തിയതിനാൽ തന്റെ നിയോഗത്തെ ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ് കണിക്കൊന്ന.
കണിക്കൊന്നയുടെ ഞരമ്പുകളിൽ കണി കാണാൻ കാത്തിരിക്കുന്നവർക്ക് നിറയെ പൂക്കൾ എത്തിച്ചു കൊടുക്കാനുള്ള വെമ്പലാണ്. വേനൽച്ചുടേറ്റ് ഉണങ്ങിക്കരിഞ്ഞത് പോലെ തോന്നിക്കുന്ന കൊമ്പിന്റെ അറ്റത്ത് പോലും പൊന്നിന്റെ പതക്കങ്ങൾ പോലെ പുക്കൾ തിളങ്ങി നില്‍ക്കുന്നു.കൊന്നപ്പുവിനെ പൊൻതാലിയായിട്ടാണ് ഇവിടെ കവി കാണുന്നത്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടാണ് മേടവിഷുക്കാലത്ത് കൊന്ന പൂവിടുന്നത്. അതിനാൽ പൂക്കാതിരിക്കാൻ കണിക്കൊന്നയ്ക്ക് ആവില്ല.
കൊടുംവേനലിൽ തന്റെ പച്ചപ്പും ലാവണ്യവുമെല്ലാം മാഞ്ഞു പോകുന്നത് കൊന്ന അറിയുന്നു. പ്രകൃതിയുടെ പച്ചപ്പും ആർദ്രതയും സൗന്ദര്യവും നഷ്ടപ്പെട്ടു പോകുന്നതിൽ ദുഃഖിക്കുന്ന കവിയെ നമുക്കിവിടെ കാണാം. കത്തിയെരിയുന്ന ചൂടിലും കടുത്ത മഞ്ഞിലും കൊന്നയുടെ വിലാപം വനരോദനങ്ങളായിമാറുന്നു. തന്റെ മൃദുശാഖകളെയെല്ലാം മഴ വന്നൊടിച്ചതിന്റെ ദുരിതങ്ങൾ എവിടേക്കോ മാഞ്ഞു
പോകുമ്പോഴേക്കും കൊന്നയുടെ ചുണ്ടിൽ വീണ്ടും മഞ്ഞനിറമാർന്ന മധുരസ്മിതങ്ങൾ നല്‍കിക്കൊണ്ട് തളിർപ്പൂക്കൾ വന്നണയുകയാണ്. മീനച്ചുടിൽ നിന്ന്
മേടത്തിലേക്കുള്ള ഋതുസംക്രമപുലരിയിലെ കുളിരിലേക്ക് എത്തുകയാണ് കണിക്കൊന്ന.
ഓട്ടുരുളിയിൽ ഒരുക്കിയ കണി കാണുവാനും ഭാവി ഗുണമായിതീരുവാനും വേണ്ടി മിഴികൾ പൂട്ടി ഉണെർന്നെണീറ്റ് കണി കാണാൻ കാത്തിരിക്കുന്നവരുടെ നന്മയ്ക്കായി കണിക്കൊന്ന മഞ്ഞലപ്പട്ടുടുക്കുന്നു. തനിക്ക് പലവർണമാവാൻ കഴിയില്ല. ഒരു നിറം മാത്രമേ പ്രകൃതി തന്നിട്ടുള്ളു എന്നതാണ് തന്റെ പരിമിതിയായി കണിക്കൊന്ന
പറയുന്നത്. കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ...
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments