Class 7 അടിസ്ഥാന പാഠാവലി- യൂണിറ്റ് 1 അശ്വതി - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ  


Study Notes for Class 7th അടിസ്ഥാന പാഠാവലി (ജീവൽ സ്പന്ദങ്ങൾ) അശ്വതി - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 01 Aswathi
ഏഴാം ക്‌ളാസിലെ അടിസ്ഥാന പാഠാവലി Unit ജീവൽ സ്പന്ദങ്ങൾ ലെ അശ്വതി എന്ന പാഠഭാഗം, പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
അശ്വതി - പഠനസഹായി 
ടി. പത്മനാഭൻ 
ടി. പത്മനാഭൻ 1931-ൽ കണ്ണൂരിൽ ജനിച്ചു. ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു. ’85-ൽ ഡെപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും റഷ്യൻ, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിലും കഥകളുടെ തർജ്ജമ ചെയ്തിട്ടുണ്ട്. 2001-ലെ വയലാർ അവാർഡ് പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്ന കഥാസമാഹാരത്തിനു ലഭിച്ചു. വള്ളത്തോൾ അവാർഡും ലളിതാംബിക അന്തർജനം സ്മാരക പുരസ്‌കാരവും മുട്ടത്തുവർക്കി അവാർഡും 2003-ലെ എഴുത്തച്ഛൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു. 
പദ പരിചയം
• പീടിക - കട
• അക്ഷമ - ക്ഷമയില്ലായ്മ
• മുഖ പരിചയം -മുമ്പു കണ്ട ഓർമ
• പരിദേവനം - കരച്ചിൽ 
 സാക്ഷി - നേരിട്ടു കണ്ടറിഞ്ഞവർ 
 മതിക്കുക - ഉദ്ദേശമായിനിശ്ചയിക്കുക.
 ജാള്യം - നാണക്കേട്‌
 പ്രകാശപൂരിതം - പ്രകാശം നിറഞ്ഞ
 അരണ്ട - മങ്ങിയ
 ഭദ്രമായി - സുരക്ഷിതമായി

വായിക്കാം പറയാം

 കഥാനായകന്‍ കുട്ടിയോടുള്ള അടുപ്പം വർദ്ധിച്ചു വരുന്ന സന്ദർഭങ്ങൾ കഥയിൽ നിന്നു കണ്ടെത്തൂ.
അശ്വതിയുടെ ദൈന്യതയും പഴകിയതും നിറം മങ്ങിയതുമായ ഉടുപ്പും എണ്ണമയമില്ലാത്ത മുടിയും കഥാകൃത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പെണ്‍കുട്ടിയുടെ കണ്ണുകളിൽ തിളക്കവും അതു പോലെ നിഷ്ക്കളങ്കതയും ദൈന്യതയുമെല്ലാം കഥാകാരൻ കണ്ടു. വളരെ നേരമായുള്ള അവളുടെ കാത്തുനില്‍പ്പ്‌ അയാളെ വേദനിപ്പിക്കുന്നു. അതു കൊണ്ടാണ്‌ ആദ്യം അവളെ വിടൂ എന്നു പറയുന്നത്‌. അയാൾ ഒരു ലോലിപോപ്പ്‌ അവൾക്ക്‌ വാങ്ങിക്കൊടുക്കുന്നു. അവൾ മിഠായി വാങ്ങാത്തതിൽ കഥാകാരന്റെ മനസ്സ്‌ സങ്കടം കൊണ്ട്‌ നിറയുന്നു. അവളെ ചേർത്തുപിടിച്ച്‌ ഇത്‌ നിനക്കാ എന്ന്‌ പറയുന്നു. ഒരച്ഛന്റെ വാത്സല്യവും അടുപ്പവും അയാൾക്ക്‌ ആ കുട്ടിയോട്തോന്നുന്നു. കടക്കാരൻ നല്‍കിയ മിഠായിയുമായി അവൾ ഇരുളിൽ ഓടി മറയുന്നതും നോക്കി അയാൾ നില്‍ക്കുന്നു.

• കഥാനായകന്റെ ചോദ്യങ്ങൾക്കൊന്നും കുട്ടി പ്രതികരിക്കാതിരുന്നത്‌ എന്തുകൊണ്ടാവാം?
കുട്ടിക്ക്‌ കഥാനായകനെ അറിയില്ല മാത്രവുമല്ല തമിഴ്‌ പെണ്‍കുട്ടിയായതിനാൽ അവൾക്ക്‌ ഇവിടത്തെ ഭാഷയും അറിയില്ല. അയാൾ ചോദിച്ചത്‌ മനസ്സിലാകാതിരുന്നതുകൊണ്ടും അന്യരോട്‌ സംസാരിക്കാനുള്ള വിമുഖതകൊണ്ടും ആവാം കുട്ടിപ്രതികരിക്കാതിരുന്നത്‌.

• അതുവരെ കഥാനായകനോടോ കടക്കാരനോടോ ഒന്നും പ്രതികരിക്കാതിരുന്ന കുട്ടി ഒരു സന്ദർഭത്തിൽ പ്രതികരിക്കുന്നതു കാണാം. ആ സന്ദർഭം ഏത്‌ ?അതിന്റെ പ്രത്യേകതയെന്ത്‌?
- ഇരുപതു പൈസക്ക്‌ മിഠായി കിട്ടാതെ വിഷമിച്ചു നില്‍ക്കുമ്പോൾ കഥാനായകൻ ഒന്നര രൂപ വിലയുള്ള ലോലിപോപ്പ്‌ വാങ്ങി അശ്വതിക്ക്‌ നിർബന്ധപൂർവം കൊടുത്തു. അതവളിൽ അത്ഭുതവും മുഖം പ്രകാശപൂരിതവുമാക്കി. ആ വിടർന്ന കണ്ണുകൾ സന്തോഷവും കൃതജ്ഞതയും കൊണ്ട്‌ കഥാനായകനെ നോക്കി. അതുവരെ ഭയവും മടിയും കൊണ്ട്‌ മാറി നിന്ന അവൾ ഈ സന്ദർഭത്തിലാണ്‌ പ്രതികരിച്ചത്‌.

വായിക്കാം വിശകലനം ചെയ്യാം 

• ''അങ്ങനെ ഒരു സാക്ഷിയെപ്പോലെ അവിടെ നിൽക്കുമ്പോഴാണ്‌ ആകുട്ടി ശ്രദ്ധയിൽപ്പെട്ടത്‌''. ഏതൊക്കെ സാഹചര്യങ്ങളും കുട്ടിയുടെ എന്തെല്ലാം സവിശേഷതകളുമാണ്‌ അയാളുടെ ശ്രദ്ധ ആകർഷിക്കാൻ ഇടയാക്കിയത്‌?
- കഥാനായകൻ കടയിലെ തിരക്കൊഴിയാൻ കാത്തു നില്‍ക്കുമ്പോഴാണ്‌ വരാന്തയിലെ തൂണിൽ ചാരിനിന്ന പെണ്‍കുട്ടിയെ കണ്ടത്‌. അവളുടെ മുഖത്തെ ദൈന്യതയും പഴകി നിറം മങ്ങിയ ഉടുപ്പും എണ്ണമയമില്ലാതെ കാടുപിടിച്ച പോലുള്ള സമൃദ്ധമായ മുടിയുമെല്ലാം അവളെ ശ്രദ്ധിക്കാൻ കാരണമായി. അവളുടെ വലിയ വിടർന്ന കണ്ണുകളാണ്കഥാനായകന്റെ ശ്രദ്ധയെ കൂടുതൽ ആകർഷിച്ചത്‌.

• ''അവളുടെ നടത്തത്തിന്‌ വേഗം കൂടുകയും ഒടുവിൽ അവൾ ഓടി ഇരുളിൽ മറയുകയും ചെയ്തു''. ''ഞാൻ വളരെ പതുക്കയേ നടന്നിരുന്നുള്ളൂ''. ഈസന്ദർഭങ്ങൾ കഥാപാത്രങ്ങളുടെ ഏതൊക്കെ മാനസികാവസ്ഥകളെയാണ്‌ സൂചിപ്പിക്കുന്നത്‌?
കഥാനായകൻ പെണ്‍കുട്ടിക്ക്‌ വില കൂടിയ മിഠായി വാങ്ങിക്കൊടുത്തപ്പോൾ അവൾക്ക്‌ വളരെയധികം സന്തോഷമായി അതുവീട്ടുകാർക്കുകാണിച്ചു കൊടുക്കാനാവുംഅവളുടെ നടത്തത്തിന്റെ വേഗത കൂടി വന്നത്‌.
ആ പെണ്‍കുട്ടിയുടെ ദയനീയത കഥാകാരനെ വല്ലാതെ സ്പർശിച്ചു. തനിക്കു പിറക്കാതെ പോയ മകളെപ്പോലെ തോന്നിയ അവൾക്ക്‌ അയാൾ മിഠായി വാങ്ങിക്കൊടുക്കുന്നു. എന്നാൽ അവളത്‌ രുചിച്ചു പോലും നോക്കാതെ കൈകളിൽ മുറുകെ പിടിച്ച്‌ ഇരുളിൽ ഓടി മറയുന്നത്‌ അയാൾ നോക്കിനിന്നു. അവളുടെ വീട്ടിൽ കുഞ്ഞനിയനോ അനിയത്തിയോ മിഠായി കാത്തിരിക്കുന്നുണ്ടാവും അതാണ്‌ അവളത്‌ കഴിക്കാത്തത്‌ എന്ന്‌ കഥാകാരൻ ചിന്തിച്ചിരിക്കാം. അയാളിലെ പിത്യസഹജമായ സ്നേഹം കാരണം അശ്വതിയുടെ ദുഃഖങ്ങൾ തന്റേതു കൂടിയായി അയാൾക്കുതോന്നുന്നു. ആ വേദന സമ്മാനിച്ച ചിന്താഭാരം കൊണ്ടാണ്‌ കഥാകാരൻ പതിയെ നടന്നത്‌.

• കച്ചവടക്കാരൻ എന്ന കഥാപാത്രത്തെക്കുറിച്ച്‌ നിങ്ങളുടെ വിലയിരുത്തലെന്ത്‌? തെളിവുകൾ സഹിതം വിശദീകരിക്കുക.
ഗ്രാമത്തിലെ ഒരു സാധാരണ കച്ചവടക്കാരനാണ്‌ അയാൾ. ഉപജീവനത്തിനു വേണ്ടിയാണ്‌ അയാൾ കച്ചവടം നടത്തുന്നത്‌. അതു കൊണ്ട്‌ തന്നെ അയാൾക്ക്‌ സൗജന്യമായി സാധനങ്ങൾ നല്‍കാൻ കഴിയില്ല. കഥാനായകൻ പെൺകുട്ടിക്ക് ഒന്നര ഉറുപ്പികയുടെ ലോലിപോപ്പ്‌ വാങ്ങിക്കൊടുത്തപ്പോൾ അയാൾ മുപ്പത്‌ പൈസ നഷ്ടത്തിന്‌ മിഠായി നല്‍കാൻ തയാറാകുന്നു. ഇരുപത്‌ പൈസ വാങ്ങിയതിൽ അയാൾക്ക്‌ ജാള്യതയുണ്ട്‌. അതയാളിലെ നന്മയെ കാണിക്കുന്നു.

• ''ആ പെണ്‍കുട്ടിക്ക്‌ പറിച്ചുനട്ടതിനു ശേഷം വെള്ളം കിട്ടാത്തതിനാൽ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യം''. - കഥാപാത്രത്തിന്റെ ഏതൊക്കെ അവസ്ഥകളെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌? കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ്‌
തയാറാക്കുക.
പുതിയതായി പറിച്ചുനട്ട ചെടി മണ്ണിൽ വേരുപിടിക്കാൻ കുറച്ചു സമയമെടുക്കും. വെള്ളമോ പരിചരണമോ കിട്ടാതെ വരികയും കൂടി ചെയ്താൽ അത് വാടിപ്പോകും. അതുപോലെയാണ്‌ തമിഴ്‌നാട്ടിൽ നിന്നും ഇവിടെ വന്നു താമസിക്കുന്ന പെണ്‍കുട്ടിയും. അവൾക്ക്ഇവിടത്തെ ജീവിതരീതിയും ഭാഷയുമെല്ലാം അപരിചിതമാണ്‌. ദൈന്യത നിറഞ്ഞ അവളുടെ വലിപ്പമുള്ള കണ്ണുകളിൽ ലോകംമുഴുവൻ പ്രതിഫലിക്കുന്നു. കടക്കാരൻ പറഞ്ഞതവൾക്ക്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ല. കഥയിൽ അവളാകെ ഉച്ചരിക്കുന്നത്‌ തന്റെ പേരുമാത്രമാണ്‌. അതുപോലെ കഥാനായകൻ നല്‍കിയ മിഠായി വാങ്ങാനും അവൾ ആദ്യം മടിക്കുന്നു. അഭിമാനംകൊണ്ടാകാം നിസ്സഹായതയിലും അവളങ്ങനെ പെരുമാറിയത്‌.

   
വായിക്കാം അഭിനയിക്കാം

• കഥ വായിച്ചപ്പോൾ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട സന്ദർഭങ്ങൾ ഏതെല്ലാം? ആ ഭാഗം അഭിനയിച്ച്‌ അവതരിപ്പിക്കുക.
- ഇരുപതുപൈസ ചുരുട്ടിപ്പിടിച്ച വലതുകൈ മിഠായി ഭരണിയുടെ മുകളിൽ വച്ച്‌ മിഠായി ഭരണിയിലും പീടികക്കാരന്റെ മുഖത്തും മാറിമാറി നോക്കുന്ന പെണ്‍കുട്ടി.
- ലോലിപോപ്പ്കുട്ടിയുടെ കൈയിൽ വച്ചു കൊടുക്കുന്നകഥാകാരൻ.
- അതുവാങ്ങാതെ മടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടി. അവളെ ചേർത്തുപിടിച്ച്‌ മിഠായി വാങ്ങാൻ കഥാകാരൻ നിര്‍ബന്ധിക്കുന്നു.
- വാങ്ങിക്കോ മോളെ എന്നുപറഞ്ഞ്‌ കടക്കാരൻ അതവളുടെ കയ്യിൽ വച്ചുകൊടുന്നു. 
- കുട്ടി കഥാകാരനെ നോക്കുന്നു. അവളുടെ മുഖം പ്രകാശപൂരിതമാവാന്നു.

കൂടുതൽ ചോദ്യോത്തരങ്ങൾ 

• അശ്വതി എന്ന കഥ വായിച്ചല്ലോ? അതിലെ കഥാപാത്രങ്ങൾ, ചുറ്റുപാടുകൾ, കഥാസന്ദർഭം എന്നിവ ഉൾപ്പെടുത്തി ഒരു വായനാക്കുറിപ്പ് തയ്യാറാക്കുക. 
സഹഭാവത്തിന്റെ ഉദാത്തമായ തലം വെളിപ്പെടുത്തുന്ന കഥയാണ്‌ ടി. പത്മനാഭന്റെ അശ്വതി. മനുഷ്യമനസ്സിനെ മാനവികതയുടെ തലങ്ങളിലേക്ക്‌ നയിക്കുകയാണ്‌ കഥാകൃത്ത്. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന സന്ദർഭത്തെ ഹൃദയസ്പർശിയായ ഒരു കഥയാക്കി മാറ്റിയിരിക്കുകയാണ്‌ കഥാകൃത്ത്‌. കഥാകാരനും ഈ കഥയിലെ ഒരു കഥാപാത്രമാണ്. കഥാകാരനും, കടക്കാരനും, അശ്വതി എന്ന തമിഴ് ബാലികയുമാണ്‌ കഥയിലുള്ളത്‌. കടയിൽ സാധനം വാങ്ങാനെത്തുന്ന കഥാകാരന്‍ അവിടെ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയോട്‌ പിതൃതുല്യമായ വാത്സല്യം തോന്നുന്നു. കൈയിലുള്ള ഇരുപത്പൈസയ്ക്ക്‌ മിഠായി വാങ്ങാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്ന അവൾക്ക് അദ്ദേഹം ലോലിപോപ്പ് വാങ്ങി നൽകുന്നു. കച്ചവടക്കാരൻ അവളോട് കാണിക്കാത്ത പരിഗണന കഥാകാരൻ പെൺകുട്ടിയോട് കാണിക്കുന്നു. നിഷ്കളങ്കയായ നാടോടിബാലികയും, പ്രായോഗിക ജീവിതത്തിന്റെ പ്രതിനിധിയായ കച്ചവടക്കാരനും, എല്ലാറ്റിനും സാക്ഷിയും പങ്കാളിയുമായ കഥാകാരനുമെല്ലാം ചേർന്നാണ് കഥ മുന്നോട്ട് നയിക്കുന്നത്. കഥാകാരന്റെ ചിന്തകളിലൂടെയുണ്ടാകുന്നത് മനുഷ്യനാമയിലുള്ള വിശ്വാസമാണ്. കുട്ടിയുടെ മുഷിഞ്ഞതും ദൈന്യവുമായ പ്രകൃതത്തിനുമപ്പുറം ലോകത്തെ മുഴുവൻ പ്രതിഫലിപ്പിക്കുന്ന അവളുടെ മനോഹരമായ വിടർന്ന കണ്ണുകളാണ്‌ കഥാകാരൻ കാണുന്നത്‌. ആ കണ്ണുകളിൽ ജീവിതത്തിന്റെ ദൈന്യതയും ആർദ്രതയും അദ്ദേഹം കാണുന്നു. കുന്നുകയറിയിറങ്ങുന്നതിന്റെ ആയാസത്തെ പരാമർശിച്ചുകൊണ്ട് തുടങ്ങുന്ന കഥ അവസാനിക്കുന്നത് തൂങ്ങുന്ന മനസ്സും സഞ്ചിയുമായി തിരിച്ചുപോകുന്ന മറ്റൊരു ആയാസ യാത്രയിലാണ്. അശ്വതി എന്ന ഈ കഥ വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയാണ്‌ നമുക്ക്‌ സമ്മാനിക്കുന്നത്‌.

• കൊച്ചനുജൻ എന്ന കവിതയിലും അശ്വതി എന്ന കഥയിലും സ്നേഹമാണ്‌ പ്രധാന വിഷയം.എന്നാൽ രണ്ടിലുമത്‌ പ്രകടമാവുന്നത്‌ ഒരു പോലെയല്ല. വ്യത്യാസം വിശദീകരിക്കുക.
- സഹജീവികളെ സ്‌നേഹിക്കുക എന്ന ആശയമാണ്‌ ടി.പത്മനാഭൻ  അശ്വതിയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. നമുക്കു ചുറ്റിലുള്ളവരെ മാത്രമല്ല, ലോകത്തെമുഴുവൻ സ്നേഹിക്കാൻ നമുക്ക്‌ കഴിയണം. കൊച്ചനുജനിലാവട്ടെ പ്രിയപ്പെട്ട സഹോദരിയെ വേർപിരിയേണ്ടി വരുന്ന കുഞ്ഞനുജന്റെ നൊമ്പരമാണ്‌ ചിത്രീകരിക്കുന്നത്‌. നിഷ്കളങ്കമായ സ്നേഹവും ആഴത്തിൽ വേരോടിയ കുടുംബ ബന്ധവുമാണ്‌ ഇവിടെ കാണുന്നത്‌. സമൂഹത്തിലേക്കു വ്യാപിക്കുന്ന സ്നേഹ ബന്ധങ്ങൾ നന്മയും പരസ്പര സഹകരണവും വളർത്തുന്നു.

• കുട്ടികൾ കഥാപാത്രമായി വരുന്ന ടി. പത്മനാഭൻ എഴുതിയ പ്രധാന കഥകൾ 
- പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി 
- ശിശുദിനം 
- കറുത്തകുട്ടി 
- ഭാവിയിലെ ഒരു കലാകാരൻ 
- മഞ്ഞനിറമുള്ള റോസാപ്പൂവ് 
- വീട് നഷ്ടപ്പെട്ട കുട്ടി 





ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here