Class 5 അടിസ്ഥാന പാഠാവലി: എന്റെ വിദ്യാലയം - ചോദ്യോത്തരങ്ങൾ 


Study Notes for Std 5 അടിസ്ഥാന പാഠാവലി Unit 01 വിശ്വവിദ്യാലയം Chapter 03 എന്റെ വിദ്യാലയം ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - Ente Vidyalayam - Questions and Answers
ഒളപ്പമണ്ണ 
ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് 1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണ ഇല്ലത്ത് ജനിച്ചു. ചെറുപ്പത്തിലേ കവിതയെഴുത്ത് ആരംഭിച്ചു. വീണ, കല്‍പ്പന, കിലുങ്ങുന്ന കയ്യാമം, കുളമ്പടി, പാഞ്ചാലി, നങ്ങേമക്കുട്ടി, ദുഃഖമാവുക സുഖം, നിഴലാന, ജാലകപ്പക്ഷി, വരിനെല്ല് തുടങ്ങിയവയാണ് പ്രധാനകൃതികൾ. സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണ കവിതയിലെ സവിശേഷത. 1967ൽ കേരള സാഹിത്യ അക്കാദമി അവാർഡും നിഴലാന എന്ന കാവ്യസമാഹാരത്തിന് ഓടക്കുഴൽ അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1998 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2000 ഏപ്രിൽ10ന് അദ്ദേഹം അന്തരിച്ചു.

പദപരിചയം 
• ചിന്നും - ചിന്നുന്ന, ചിതറുന്ന 
• പനിനീർച്ചെടി - റോസ് ചെടി 
• താരം - നക്ഷത്രം 
• തിങ്കൾ - ചന്ദ്രൻ 
• പരർ - മറ്റുള്ളവർ 
• പാര് - ഭൂമി
• പാലൊളി - പാലിന്റെ ശോഭ, അഴക്
• മധു - തേൻ
• മധുപൻ - വണ്ട്
വായിക്കാം കണ്ടെത്താം - ചോദ്യോത്തരങ്ങൾ 
1. “തുംഗമാം വാനിൻ ചോട്ടിലാണന്റെ വിദ്യാലയം.” ഈ വിദ്യാലയത്തിലെ ഗുരുനാഥർ ആരൊക്കെയാണ്? അവർ ഓരോരുത്തരും നമ്മെ പഠിപ്പിക്കുന്നതെന്തൊക്കെയാണ്?
- ആകാശവും, പനിനീർച്ചെടിയും, വണ്ടുകളും, കല്ലത്താണിയുമെല്ലാം ഇവിടുത്തെ ഗുരുനാഥരാണ്. പ്രപഞ്ചം തന്നെ ഒരു വലിയ വിദ്യാലയമാണ്. കറുപ്പും- വെളുപ്പും, സുഖവും - ദുഖവും, കയറ്റവും - ഇറക്കവും, ജീവിതത്തിൽ മാറി മാറി വരുമെന്ന് ഇന്നലെ വരെ കരഞ്ഞു കറുത്ത വാനം, ഇന്ന് ചിരിച്ചു കൊണ്ട് നമ്മെ പഠിപ്പിക്കുന്നു. പൂന്തോപ്പിലെ പനിനീർച്ചെടിയിൽ മുഴുവൻ കൂർത്ത മുള്ളുകൾ ആണെങ്കിലും അതിലുണ്ടാകുന്ന പുവിന്റെ പുഞ്ചിരി നമുക്ക് സന്തോഷം നൽകുന്നു. അഗാധമായ വേദനക്കിടയിലും ദുഃഖങ്ങൾ ഉള്ളിലൊതുക്കി പുഞ്ചിരിക്കാൻ നമുക്ക് കഴിയണം എന്ന് പനിനീർ ചെടി നമ്മെ പഠിപ്പിക്കുന്നു. തേൻ കുടിച്ചു മത്തരായാണ് വണ്ടുകൾ പാറി പറക്കുന്നത്. ജീവിതം എത്ര നൈമിഷികമാണെങ്കിലും അത് മധുരം നിറഞ്ഞതാകണം എന്നാണ് വണ്ടുകൾ നമ്മെ പഠിപ്പിക്കുന്നത്. അന്യന്റെ കഷ്ടപ്പാടുകൾക്ക് താങ്ങാവാനാണ് കല്ല് കൊണ്ടുണ്ടാക്കിയ അത്താണി നമ്മെ പഠിപ്പിക്കുന്നത്. കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്.

2. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെ കവി എങ്ങനെയൊക്കെയാണ് അവതരിപ്പിക്കുന്നത്?
- 'ഇന്നലെക്കണ്ണീർ വാർത്തു കരഞ്ഞ കരിവാന മിന്നതാ ചിരിക്കുന്നു, പാലൊളി ചിതറുന്നു.'
ഇന്നലെ വരെ മഴ പെയ്തും, മഴമേഘങ്ങളാൽ ഇരുണ്ടും ഇരുന്ന ആകാശം ഇന്ന് വെയിൽ വന്ന് തെളിഞ്ഞിരിക്കുന്നു. ഇങ്ങനെയാണ് കവി പ്രകൃതിയിലുണ്ടാകുന്ന മാറ്റത്തെ അവതരിപ്പിക്കുന്നത്. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എന്ന സൂചനയാണ് ഈ വരികളിലൂടെ കവി നമുക്ക് നൽകുന്നത്.

3. ഈ വിദ്യാലയത്തെക്കുറിച്ച് നിങ്ങൾ എന്തെല്ലാം പറയും? ചർച്ചചെയ്ത് ലഘു ഉപന്യാസം തയാറാക്കു.
ഈ പ്രപഞ്ചം തന്നെയാണ് എറ്റവും വലിയ വിദ്യാലയം. ഇവിടുത്തെ ജീവജാലങ്ങളും, സസ്യങ്ങളും, പ്രക്യതിയും എല്ലാം നമ്മുടെ ഗുരുക്കന്മാരാണ്. ഇടയ്ക്കിടെ ഇരുണ്ടും, മഴപെയ്തും അത് മാറി വെയിൽ തെളിഞ്ഞും കാണുന്ന ആകാശം സുഖവും - ദുഖവും, കയറ്റവും - ഇറക്കവും, ജീവിതത്തിൽ മാറി മാറി വരുമെന്ന് നമ്മെ പഠിപ്പിക്കുന്നു. പൂന്തോപ്പിലെ പനിനീർച്ചെടിയിൽ മുഴുവൻ കൂർത്ത മുള്ളുകൾ ആണെങ്കിലും അതിലുണ്ടാകുന്ന പൂവിന്റെ പുഞ്ചിരി നമുക്ക് സന്തോഷം നൽകുന്നു. അഗാധമായ വേദനക്കിടയിലും സന്തോഷങ്ങൾ നിറഞ്ഞ നിമിഷങ്ങൾ കടന്നു വരുമെന്നും, അത് കൊണ്ട് തന്നെ എപ്പോളും പുഞ്ചിരിക്കാൻ നമുക്ക് കഴിയണം എന്ന് പനിനീർചെടി നമ്മെ പഠിപ്പിക്കുന്നു. ജീവിതം എത്ര 
നൈമിഷികമാണെങ്കിലും അത് മധുരം നിറഞ്ഞതാകണം എന്നാണ് ഓരോ പുവിലും പാറി നടന്നു മധു നുകരുന്ന വണ്ടുകൾ നമ്മെ പഠിപ്പിക്കുന്നത്. അന്യന്റെ കഷ്ടപ്പാടുകൾക്ക് താങ്ങാവാനാണ് കല്ല് 
കൊണ്ടുണ്ടാക്കിയ അത്താണി നമ്മ പഠിപ്പിക്കുന്നത്. ഇങ്ങനെ ജീവിതത്തിൽ വിലപ്പെട്ട ഒരുപാട് പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഈ പ്രപഞ്ചത്തെക്കാൾ വലിയ ഗുരുനാഥൻ വേറെ ആരാണ്?

4. കവിതയിലെ ചില വരികൾ ഒന്നുകൂടി വായിക്കു. . 
 "തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം" 
• “മുൾചെടിത്തലപ്പത്തും പുഞ്ചിരി വിരിയാറുണ്ട് . 
 “മധുരമിജീവിതം ചെറുതാണെന്നാകിലും” - വലിയ ചില ആശയങ്ങളെക്കുറിച്ചുള്ള സൂചനകൾ ഈ വരികളിലില്ലേ? ചെറു സംഘങ്ങളായി ചർച്ചചെയ്യു. കണ്ടെത്തിയവ കുറിപ്പായി എഴുതു.
- ഉയരത്തിലുള്ള ആകാശത്തിന്റെ ചുവട്ടിലാണ് എന്റെ വിദ്യാലയം എന്ന് പറയുന്നതിലൂടെ, ആകാശത്തിന് കീഴിലുള്ള എല്ലാം, അതായത് ഈ പ്രപഞ്ചം മുഴുവൻ എന്റെ വിദ്യാലയമാണെന്ന് കവി ഇവിടെ പറയുന്നു. ഇവിടുത്തെ ജീവജാലങ്ങളും, സസ്യങ്ങളും, പ്രകൃതിയും എല്ലാം നമ്മുടെ ഗുരുക്കന്മാരാണ്.
പൂന്തോപ്പിലെ പനിനീർച്ചെടിയിൽ മുഴുവൻ കൂർത്ത മുള്ളുകൾ ആണെങ്കിലും അതിലുണ്ടാകുന്ന പൂവിന്റെ പുഞ്ചിരി നമുക്ക് സന്തോഷം നൽകുന്നു. അഗാധമായ വേദനക്കിടയിലും സന്തോഷങ്ങൾ നിറഞ്ഞ നിമിഷങ്ങൾ കടന്നു വരുമെന്നും പനിനീർച്ചെടി നമ്മെ ഓർമ്മിപ്പിക്കുന്നു. മുള്ളും, പുവും ഒരേ ചെടിയുടെ ഭാഗമാണ് എന്നത് പോലെ വേദനയും, സന്തോഷവും നമ്മുടെ ജീവിതത്തിലെ രണ്ടു യാഥാർഥ്യങ്ങളാണ്.
ജീവിതം എത്ര ചെറുതാണെങ്കിലും അത് എപ്പോളും മധുരം നിറഞ്ഞതാക്കണം എന്നാണ് വണ്ടിന്റെ ജീവിതം നമ്മോടു പറയുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ചും, സന്തോഷിച്ചും തന്നെ നാം ജീവിക്കണം.

5. "പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്നാ?” 
• എന്തൊക്കെയാണ് പഠിപ്പിക്കുന്നത്? 
• എങ്ങനെയൊക്കെയാണ് പഠിപ്പിക്കുന്നത്? സംഘമായി ആലോചിക്കൂ. കണ്ടെത്തിയ കാര്യങ്ങൾ പ്രസംഗമായി അവതരിപ്പിക്കു.
- പ്രിയപെട്ടവരെ, ' എന്റെ വിദ്യാലയം' എന്ന ശ്രീ. ഒളപ്പമണ്ണയുടെ കവിത നിങ്ങളെല്ലാവരും വായിച്ചിരിക്കുമല്ലോ. വിശ്വവിദ്യാലയം എന്ന മഹത്തരമായ ഒരു ആശയമാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്നത്. ഈ പ്രപഞ്ചം തന്നെ ഒരു വിദ്യാലയമാണ്, നമുക്ക് വേണ്ട എല്ലാ പാഠങ്ങളും പകർന്നു തരുന്ന ഒരു വിദ്യാലയം. ഈ ആകാശത്തിനു കീഴിലുള്ള ഓരോ വസ്തുവും ഓരോ അറിവുകൾ നമുക്ക് നൽകുന്നു എന്നാണ് ഈ കവിതയിൽ പറയുന്നത്, മാറി മാറി വരുന്ന മഴയും വെയിലും നമ്മെ സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം എന്ന് പഠിപ്പിക്കുന്നു. മുള്ളും, പൂവും ഉള്ള പനിനീർ ചെടി വേദനക്കിടയിലും സന്തോഷത്തിന്റെ നിമിഷങ്ങൾ ഉണ്ടാകുമെന്നു ഓർമ്മിപ്പിക്കുന്നു. ജീവിതം എത്ര നൈമിഷികമാണെങ്കിലും അത് മധുരം നിറഞ്ഞതാകണം എന്ന് വണ്ടുകളും, പ്രതിഫലം ഇച്ഛിക്കാതെ സേവനം ചെയ്യണമെന്ന് കല്ലത്താണിയും നമ്മ പഠിപ്പിക്കുന്നു. വിദ്യാലയം എന്നത് ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല എന്നും, അത് ഈ ലോകം മുഴുവൻ പരന്നു കിടക്കുകയാണെന്നുമുള്ള അതിവിശാലവും മഹത്തരവുമായ ഒരു ദർശനം മുന്നോട്ടു വയ്ക്കുകയാണ് കവി ഇവിടെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിനു വഴികാട്ടിയാവാൻ ഈ കവിതയ്ക്കു കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ടു ഞാൻ നിർത്തട്ടെ, നന്ദി.

6. എന്റെ വിദ്യാലയം - ആസ്വാദനക്കുറിപ്പ്
- മഹാകവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് എഴുതിയ ജാലകപ്പക്ഷി എന്ന കവിതാസമാഹാരത്തിലെ കവിതയാണ് എന്റെ വിദ്യാലയം.വിശാലമായ ആകാശത്തിനുചുവട്ടിൽ ഈലോകം മുഴുവൻ നമ്മുടെ വിദ്യാലയമാണെന്നും പ്രകൃതിയിലെ ഓരോ വസ്തുക്കളും ജീവികളും നമ്മുടെ ഗുരുനാഥന്മാർ ആണെന്നുമാണ് ഈ കവിതയുടെ ആശയം.
ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശരശ്മികൾ ചിതറുന്ന ഉയരത്തിലുള്ള ആകാശത്തിന്റെ ചുവട്ടിലാണ് എന്റെ വിദ്യാലയം. ഇന്നലെ കണ്ണുനീർ പൊഴിച്ച് കരഞ്ഞുനിന്നിരുന്ന കറുത്ത ആകാശം ഇന്ന് ചിരിച്ച് അഴകോടെ നിൽക്കുന്നു. മുൾച്ചെടിയുടെ മുകളിലും പുഞ്ചിരി വിരിയും എന്നാണ് പനിനീർച്ചെടി പറയുന്നത്. ചെറുതാണെങ്കിലും ഈ ജീവിതം എത്ര മധുരമുള്ളതാണ് എന്നാണ് പൂക്കളിൽ നിന്ന് തേൻ കുടിച്ച് പറന്നുനടക്കുന്ന വണ്ടുകൾ പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ മഹത്വം എന്ന് യാത്രക്കാരുടെ തലയിലെ ഭാരം തന്റെ ചുമലിൽ ഇറക്കിവയ്ക്കാൻ സഹായിക്കുന്ന വഴിയിലെ കല്ല് കൊണ്ടുള്ള അത്താണി പറയുന്നു. ഇങ്ങനെ ഈ ഭൂമിയിലെ കല്ലും, തേനീച്ചയും,പൂക്കളും,ആകാശവും,നക്ഷത്രങ്ങളും, ചന്ദ്രനും എല്ലാം നമ്മളെ നിരവധി പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇവർ - എല്ലാവരും നമ്മുടെ അദ്ധ്യാപകർ ആണ്.
ഇന്നലത്തെ ദു:ഖങ്ങൾ ഇന്ന് സന്തോഷമായി മാറും എന്നും വേദനിപ്പിക്കുന്ന അനുഭവങ്ങൾക്കിടയിലും സന്തോഷം കണ്ടെത്താൻ സാധിക്കും എന്നും നമ്മുടെ ചെറിയ ജീവിതം മധുരത്തോടെ ആസ്വദിക്കണം എന്നും മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ മഹത്വം എന്നും പ്രകൃതിയിലെ ഉദാഹരണങ്ങളിലൂടെ കവി നമുക്ക് മനസ്സിലാക്കിത്തരുന്നു.



👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here