STD 5 അടിസ്ഥാന പാഠാവലി: മരണമില്ലാത്ത മനുഷ്യൻ - ചോദ്യോത്തരങ്ങൾ 


Study Notes for Class 5 അടിസ്ഥാന പാഠാവലി Unit 02
പ്രകാശം പരത്തുന്നവർ Chapter 01 മരണമില്ലാത്ത മനുഷ്യൻ ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - maranamillatha manushyan - Questions and Answers 
| Teachers Handbook
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഈ പേജിന്റെ അവസാനം ചേർത്തിട്ടുണ്ട്.
വായിക്കാം കണ്ടെത്താം
1. "എട്ടിൽ ഞാൻ പഠിക്കുമ്പോൾ ദിനപ്രതവുമായിട്ടെത്തുന്നു ക്ലാസിൽ കുട്ടിരാമമേനോനെൻ മാസ്റ്റർ കുട്ടിരാമമേനോൻ മാസ്റ്ററുടെ മറ്റെന്തെല്ലാം പ്രത്യേകതകളാണ് കവിതയിൽ നിങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞത്? പറഞ്ഞുനോക്കു.. 
- അബ്ദുറഹിമാൻ സാഹിബിന്റെ ആരാധകനായിരുന്ന കുട്ടിരാമമേനോൻമാസ്റ്റർ തികഞ്ഞ ഒരു ദേശസ്നേഹിയായിരുന്നു. നെറ്റിയിൽ വട്ടത്തിലുള്ള ചന്ദനപ്പൊട്ടും, കാതിൽ കടുക്കനും, വിരലുകളിൽ മോതിരവും അദ്ദേഹത്തിന്റെ വേഷവിധാനത്തിന്റെ പ്രത്യകതകൾ ആയിരുന്നു. സാഹിബിന്റെ പ്രസംഗം ക്ലാസ്സിൽ വായിച്ചു കേൾപ്പിക്കുന്നതിലൂടെ കുട്ടികളിൽ ദേശസ്നേഹവും, മനുഷ്യസ്നേഹവും ഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

2. "മുക്കത്തുവച്ചദ്ദേഹമുദ്ഘോഷിച്ച ദൈവികവചനങ്ങൾ” - അബ്ദുറഹിമാൻ
സാഹിബ് പറഞ്ഞ ദൈവികവചനങ്ങൾ എന്തൊക്കെയായിരുന്നു? അദ്ദേഹം ഉദ്ഘോഷിച്ച വാക്കുകളെ ദൈവിക വചനങ്ങൾ എന്ന് വിശേഷിപ്പിച്ചത് എന്തുകൊണ്ടായിരിക്കാം?
- കോഴിക്കോട് ജില്ലയിലെ മുക്കം എന്ന സ്ഥലത്തുവച്ചാണ് അബ്ദുറഹിമാൻ സാഹിബ് അവസാനമായി പ്രസംഗിച്ചത്. 'ആളുകളുടെ വാക്കുകൾ അതേ പോലെ അനുസരിക്കരുത്. എല്ലാവരും മനുഷ്യരാണ്, മരിക്കുന്നവർ മാത്രം. ഞാനും മരിക്കുന്നവനാണ് എന്റെ വാക്കുകളും നിങ്ങൾ ഉപേക്ഷിക്കുക. നിങ്ങൾ ദൈവത്തിന്റെ വാക്കുകൾ മാത്രം കേൾക്കുക, ഖുറാനിൽ വിശ്വസിക്കുക. ജീവനുള്ള ഈ പ്രപഞ്ചത്തെ മുഴുവൻ നിങ്ങൾ സ്നേഹിക്കുക. അയൽക്കാരനായ ഹിന്ദുക്കളെ സുഹൃത്തുക്കളായി കരുതുക. ശത്രുത നിങ്ങൾക്ക് ദോഷമേ ചെയ്യൂ.' ഇതാണ് അദ്ദേഹം അന്ന് പ്രസംഗിച്ചത്. ദൈവികവചനങ്ങൾ പോലെത്തന്നെ മഹത്തരമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്നതുകൊണ്ട്തന്നെയാണ് ആ വാക്കുകളെ ദൈവികവചനങ്ങൾ എന്ന് കവി വിശേഷിപ്പിച്ചത്.

3. “ഇടിവെട്ടേറ്റതുപോലെ വാപൊളിച്ചു നിന്നു”- അടിവരയിട്ട വാക്കിനു പകരം മറ്റെന്തൊക്കെ വാക്കുകൾ ഉപയോഗിക്കാം? എഴുതിനോക്കൂ.
• ഞെട്ടിത്തരിച്ചു വാപൊളിച്ചുനിന്നു
 സ്തബ്ധരായി വാപൊളിച്ചുനിന്നു
• അന്തംവിട്ടു വാപൊളിച്ചുനിന്നു

4. “ഞാനും എന്റെ വാക്കും തിരസ്കരിപ്പിൻ കേൾപ്പിൻ 
ദൈവത്തിന്റെ വാക്കുകൾ മാത്രം” - ദൈവത്തിന്റെ വാക്കുകൾ ശ്രദ്ധിക്കണമെന്ന് അബ്ദുറഹിമാൻ സാഹിബ് പറഞ്ഞതിന്റെ പൊരുൾ കണ്ടെത്തി എഴുതുക.
- മനുഷ്യന്റെ വാക്കുകളല്ല, ദൈവത്തിന്റെ വാക്കുകളാണ് അനുസരിക്കേണ്ടത് എന്നായിരുന്നു അബ്ദുറഹിമാൻ സാഹിബ് പറഞ്ഞത്. മനുഷ്യസ്നേഹമാണ് ദൈവത്തിന്റെ ഭാഷ, ഖുറാനും മറ്റും നമ്മോടു പറയുന്നത് പരസ്പരം
സ്നേഹിക്കാനും, ഒത്തൊരുമയോടെ ജീവിക്കുവാനുമാണ്. മനുഷ്യരിൽ പകയുടെയും, വെറുപ്പിന്റെയും വിത്തുകോരിയിടുന്ന ആളുകളുടെ വാക്കുകളേക്കാൾ എന്നും സത്യമായി നിലനിൽക്കുന്നത്, മനുഷ്യരെ സ്നേഹത്തിന്റെ പാതയിലൂടെ നയിക്കുന്ന ദൈവിക വചനങ്ങളാണ്. ഈ വചനങ്ങൾ സ്വീകരിക്കാനാണ് സാഹിബ് ആഹ്വാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഈ ആഹ്വാനം തന്നെ ദൈവീകമാണ്.

5. അബ്ദുറഹിമാൻ സാഹിബിനെ വിശേഷിപ്പിക്കാൻ എന്തൊക്കെ വാക്കുകളാണ് കവി ഉപയോഗിച്ചിട്ടുള്ളത്? ഈ വാക്കുകൾ അദ്ദേഹത്തിന്റെ ഏതെല്ലാം സ്വഭാവവിശേഷങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്? കുറിപ്പ് തയാറാക്കുക.
- ബ്രിട്ടീഷുകാർക്കെതിരെ ധീരമായ സമരപോരാട്ടങ്ങൾ നടത്തിയ അബ്ദുറഹിമാൻ സാഹിബിനെ 'ധീരപ്രജ്ഞൻ', 'വീരൻ' എന്നീ വാക്കുകളുപയോഗിച്ചാണ് കവി വിശേഷിപ്പിക്കുന്നത്. ധൈര്യവും, ബുദ്ധിയും ഒത്തുചേർന്നവനെന്ന അർത്ഥത്തിലാണ് ധീരപ്രജ്ഞൻ' എന്ന് അദ്ദേഹത്തെ കവി വിളിക്കുന്നത്. താൻ വിശ്വസിച്ച ആശയത്തിനും, തന്റെ നാടിനും വേണ്ടി ജീവൻ വരെ നൽകാൻ തയ്യാറായിരുന്നു അദ്ദേഹം, അത് കൊണ്ടുതന്നെയാണ് 'വീരൻ' എന്നദ്ദേഹത്തെ വിളിക്കുന്നത്.

6. മഹദ് വ്യക്തികളെക്കുറിച്ചെഴുതിയ മറ്റേതെങ്കിലും കവിത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ക്ലാസിൽ ചൊല്ലിയവതരിപ്പിച്ചു ചർച്ചചെയ്യു.
- എന്റെ ഗുരുനാഥൻ 
(മഹാത്മാഗാന്ധിയെക്കുറിച്ച് വള്ളത്തോൾ രചിച്ച കവിത.)
ലോകമേ തറവാടു തനിക്കീ, ച്ചെടികളും 
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ; 
ത്യാഗമെന്നതേ നേട്ടം; താഴ്മതാനഭ്യുന്നതി 
യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ. 
താരകാമണിമാല ചാർത്തിയാലതും കൊള്ളാം! 
കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം; 
ഇല്ലിഹ സംഗം ലേപമെന്നിവ; സമസ്വച്ഛ 
മല്ലയോ വിഹായസ്സവ്വണ്ണമെൻ ഗുരുനാഥൻ,
(മഹാത്മാഗാന്ധിയുടെ ജീവിതദർശനങ്ങളും വിശ്വമാനവികതയും മാതൃകാപരമായിരുന്നു. ആ യുഗപുരുഷനോടുള്ള ആദരവും ആരാധനയും ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ അടയാളപ്പെടുത്തിയ കവിയാണ് വള്ളത്തോൾ നാരായണമേനോൻ. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പ്രസ്താവിച്ച ഗാന്ധിജിക്ക് ഈ ലോകം ഒരൊറ്റ തറവാടായിരുന്നു. പുല്ലും പുഴുക്കളും സർവചരാചരങ്ങളും അദ്ദേഹത്തിന്റെ കുടുംബക്കാരുമായിരുന്നു.
‘ലോകമേ തറവാടു തനിക്കീ ച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ’
എന്ന വരിയിൽ ‘വസുധൈവകുടുംബകം’ എന്ന ആർഷസങ്കല്പം തെളിഞ്ഞുകാണാം. ത്യാഗം നേട്ടമായും താഴ്മ ഉന്നതിയായും കാണുന്ന മഹായോഗിയായിരുന്നു ഗാന്ധിജി. ബഹുമാനങ്ങളെ നക്ഷത്രമാലകൾപോലെയും വിമർശനങ്ങളെ കാർമേഘങ്ങൾ പോലെയും സ്വീകരിക്കുന്ന ഗാന്ധിജിയുടെ ഹൃദയവിശാലതയാണ് വള്ളത്തോൾ ആവിഷ്കരിക്കുന്നത്. ആയുധമില്ലാതെ യുദ്ധവിജയം നേടുകയും പുസ്തകമില്ലാതെ വിജ്ഞാനം പകരുകയും മരുന്നില്ലാതെ രോഗം ശമിപ്പിക്കുകയുംചെയ്ത ജ്ഞാനിയായ ഗാന്ധിജിയെ ആദരവോടെ കവിമനസ്സിൽ ഗുരുവായി കുടിയിരുത്തുമ്പോൾ വായനക്കാരന്റെ ഉള്ളിലും സ്ഥിരപ്രതിഷ്ഠ നേടുന്നു.)

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി - കൂടുതൽ വിവരങ്ങൾ 
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.



👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here