STD 5 അടിസ്ഥാന പാഠാവലി: ഗുരുപ്രസാദം - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ 


Study Notes for Class 5 അടിസ്ഥാന പാഠാവലി Unit 02 
പ്രകാശം പരത്തുന്നവർ Chapter 03 ഗുരുപ്രസാദം ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - guruprasadam - Questions and Answers 
| Teachers Handbook
കലാമണ്ഡലം കൃഷ്ണൻനായർ  
കഥകളിക്കുവേണ്ടി ജീവിതം സമർപ്പിച്ച പ്രതിഭാധനനായിരുന്നു കലാമണ്ഡലം കൃഷ്ണന്‍ നായര്‍. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരില്‍ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. 1914 മാർച്ച്‌ 11 ന് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്ത് ജനിച്ച ഇദ്ദേഹം വാരണക്കോട്ടില്ലത്തിന്റെ കീഴിലെ കഥകളിയോഗത്തിലാണ് പഠനം ആരംഭിച്ചത്. വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയപ്പോള്‍ വാരണക്കോട് കൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ പഠിക്കാനെത്തി. കലാമണ്ഡലത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഈ വിദ്യാര്‍ത്ഥി പുറത്തിറങ്ങിയപ്പോള്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന മഹാനാടനെയാണ് കേരളത്തിന് ലഭിച്ചത്.
കഥാപാത്രങ്ങളുമായി വളരെവേഗം താദാത്മ്യം പ്രകടിപ്പിക്കാനുള്ള കഴിവ്, ഭാവ രസങ്ങളുടെ ദീപ്തമായ അവതരണം എന്നിവ കൃഷ്ണന്‍ നായരെ മറ്റു കഥകളി നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കി. പച്ച, മിനുക്ക് വേഷങ്ങളിലായിരുന്നു കൃഷ്ണന്‍ നായരുടെ പ്രാഗത്ഭ്യം. നളചരിതത്തിലെ നളന്‍, ബാഹുകന്‍, നിവാത കവച കാലകേയ വധത്തിലെ അര്‍ജുനന്‍, രുഗ്മാംഗദ ചരിതത്തിലെ രുഗ്മാംഗദന്‍, പൂതനാമോക്ഷത്തിലെയും കൃമ്മീര വധത്തിലെയും ലളിതമാർ, സന്താനഗോപാലത്തിലെ കുന്തി തുടങ്ങി കൃഷ്ണന്‍ നായര്‍ അഭിനയ മികവിലേറ്റിയ വേഷങ്ങള്‍ നിരവധിയാണ്. 1970ല്‍ ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര-കേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1990 ഓഗസ്റ്റ് 15നായിരുന്നു കലാമണ്ഡലം കൃഷ്ണന്‍ നായരുടെ അന്ത്യം.

പദപരിചയം
• അദ്വതീയൻ - രണ്ടാമനല്ലാത്തവൻ, ഏറ്റവും ശ്രേഷ്ഠൻ  
 റാൻ - ആചാരഭാഷയിൽ സമ്മതം അറിയിക്കൽ 
• സാഷ്ടാംഗം - എട്ട് അംഗങ്ങളോടു കൂടി (അഷ്ടാംഗങ്ങളോടു കൂടി) 
• കർണാകർണികയാ - ഒരു ചെവിയിൽ നിന്ന് മറ്റൊരു ചെവിയിലേക്ക്, പലരായി പറഞ്ഞ്
• സാധകം - ആവർത്തിച്ചുള്ള പരിശീലനം
 ആശീർവാദം - അനുഗ്രഹം
 നിർന്നിമേഷം - കണ്ണ് ചിമ്മാതെ 
• ഉപായം - പോംവഴി
വായിക്കാം കണ്ടെത്താം
 “ എന്റെ കണ്ണിൽക്കൂടി കണ്ണീർ ഒലിക്കുന്നുണ്ടായിരുന്നു.” ഈ കണ്ണീരിന്റെ കാരണമെന്താണ്? 
- കലാമണ്ഡലത്തിൽ പഠിക്കാൻ പോകുന്നതിനു മുൻപ് ഗുരുവിന്റെ ആശീർവാദം വാങ്ങാൻ എത്തിയതായിരുന്നു കൃഷ്ണൻ. ചന്തുപ്പണിക്കരുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം ചായക്കടയിലാണെന്ന് ഗുരുപത്നി പറഞ്ഞു. ഗുരുനാഥൻ ചായക്കടയിൽ ചായ കുടിക്കാൻ പോയതാകും എന്നാണ് കൃഷ്ണൻ കരുതിയത്. ചായക്കടയിലെത്തിയ കൃഷ്ണൻ കണ്ടത് കഥകളിയിൽ അദ്വിതീയനായ തന്റെ ഗുരു ചായ ഉണ്ടാക്കുന്നതും, പാത്രം കഴുകുന്നതും, ഡസ്ക് തുടയ്ക്കുന്നതും ഒക്കെയായ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. കഥകളി വേഷക്കാരാനെന്ന നിലയ്ക്കും ആചാര്യനെന്ന നിലയ്ക്കും കീർത്തി കേട്ട തന്റെ ഗുരുനാഥന്റെ ദുരവസ്ഥ കണ്ടിട്ട് കൃഷ്ണന്റെ കണ്ണു നിറഞ്ഞുപോയി.

 “ആ കാഴ്ച കണ്ട് ഞാൻ ഒന്നും സംസാരിക്കാൻ ശക്തിയില്ലാതെ അന്തംവിട്ടു നിന്നുപോയി.” കൃഷ്ണൻ ചന്തുപ്പണിക്കരെ ചായക്കടയിൽ വച്ച് കണ്ടുമുട്ടുന്ന രംഗം സ്വന്തം ഭാഷയിൽ കൂട്ടുകാരോട് പറയൂ. 
- കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ പോകുന്നതിന് മുൻപ് തന്റെ ഗുരുനാഥനായ ചന്തുപ്പണിക്കരെ കാണാൻ വേണ്ടി പോയതായിരുന്നു കൃഷ്ണൻ. ചന്തുപ്പണിക്കരുടെ വീട്ടിലെത്തിയ കൃഷ്ണനോട് അദ്ദേഹം ചായക്കടയിലുണ്ടാകുമെന്ന് ഗുരുവിന്റെ ഭാര്യ പറഞ്ഞു. ഗുരുനാഥൻ ചായ കുടിക്കാൻ പോയതായിരിക്കും എന്നാണ് കൃഷ്ണൻ കരുതിയത്. എന്നാൽ സത്യത്തിൽ, ജീവിക്കാനായി ചന്തുപ്പണിക്കർ ചായക്കട നടത്തുകയായിരുന്നു. അവിടെ എത്തിയ കൃഷ്ണൻ കണ്ടത് കഥകളി ആചാര്യനായ ചന്തുപ്പണിക്കർ ചായക്കടയിൽ വരുന്നവർക്ക് ചായ ഇട്ടു കൊടുക്കുന്നതും കുടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതും ഡെസ്ക് തുടയ്ക്കുന്നതൊക്കെയുമാണ്. ആ കാഴ്ച കണ്ട് കൃഷ്ണൻ ഒന്നും സംസാരിക്കാൻ കഴിയാതെ അന്തംവിട്ടു നിന്നു. തന്റെ ഗുരു ഇങ്ങനെ ഒരു അവസ്ഥയിലായിരിക്കുമെന്ന് കൃഷ്ണൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടയിൽ കൃഷ്ണനെ കണ്ട ചന്തുപ്പണിക്കർ, നീ എപ്പോഴാണ് വന്നതെന്ന് ചോദിച്ചെങ്കിലും സങ്കടം കൊണ്ട് കൃഷ്ണന് ഒന്നും മിണ്ടാൻ സാധിച്ചില്ല.

 “മനുഷ്യനായി കർമ്മഭൂമിയിൽ ജനിച്ചാൽ കർമ്മം ചെയ്യണം. ഇന്ന് ഞാൻ ചെയ്യുന്നത് കർമ്മമാണ്.'' -ചന്തുപ്പണിക്കരുടെ ജീവിതം നിങ്ങൾ കണ്ടല്ലോ. ചന്തുപ്പണിക്കരെക്കുറിച്ച് മറ്റെന്തെല്ലാം കാര്യങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്താം? 
- കഥകളിവേഷക്കാരാനെന്ന നിലയ്ക്കും ആചാര്യനെന്ന നിലയ്ക്കും അദ്വിതീയനായ കലാകാരനായിരുന്നു ചന്തുപ്പണിക്കർ. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു കൃഷ്ണൻ നായർ. കലാമണ്ഡലത്തിലേക്ക് പോകുന്നതിന് മുൻപ് ഗുരുവിന്റെ അനുഗ്രഹവും അനുവാദവും വാങ്ങാനായി എത്തിയ തന്റെ പ്രിയപ്പെട്ട ശിഷ്യനെ ചന്തുപ്പണിക്കർ ഹൃദയം കൊണ്ടനുഗ്രഹിക്കുന്നു. കഥകളികൊണ്ട് രക്ഷപ്പെട്ടില്ലെങ്കിലും കഥകളിയെ ജീവന് തുല്യം ചന്തുപ്പണിക്കർ സ്നേഹിക്കുന്നു. വലിയ കഥകളിക്കാരനായിട്ടു പോലും സ്വന്തം കുടുംബം പുലർത്താൻ ചായക്കട നടത്താൻ അദ്ദേഹം ഒരു മടിയും കാണിച്ചില്ല. ഏതു തൊഴിലും മഹത്താണെന്നുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണ് ഇതിന് കാരണം. തന്റെ ഇപ്പോഴത്തെ അവസ്ഥ മാറുമെന്നും താൻ കലയിലൂടെ ഉയരുമെന്നുമുള്ള ശുഭാപ്തിവിശ്വാസവും ചന്തുപ്പണിക്കർക്കുണ്ടായിരുന്നു.

• മോരിലെ വെണ്ണ കണക്ക് നീ എന്നും കഥകളിയുടെ മുകളിൽത്തന്നെ കിടക്കും.'' - കൃഷ്ണൻനായർക്ക് ഗുരു നൽകിയ ആശിർവാദമാണിത്. പാഠപുസ്തകത്തിലെ ജീവചരിത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഇത് യാഥാർഥ്യമായോ എന്ന് കുറിപ്പ് തയാറാക്കുക. 
- വെണ്ണ എല്ലായ്പ്പോഴും മോരിന്റെ മുകൾ ഭാഗത്ത് പൊങ്ങികിടക്കും. അതുപോലെ കഥകളിയുടെ ലോകത്ത് കൃഷ്ണൻ നായർ കീർത്തി കേൾക്കുന്നമെന്ന് ഗുരുനാഥൻ ശിഷ്യനെ ഹൃദയം നിറഞ്ഞ് അനുഗ്രഹിച്ചു. ഗുരുവിന്റെ ആശിർവാദം പോലെത്തന്നെ കഥകളിയുടെ ഗിരിശൃംഗങ്ങൾ കീഴടക്കാൻ കൃഷ്ണൻ നായർക്ക് കഴിഞ്ഞു. നിരവധി സ്കൂളുകളിൽ അധ്യാപകനായി. 1970 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. എല്ലാ അരങ്ങുകളിലും സമ്മാനിതനായി. ചിറയ്ക്കൽ കാലടി ക്ഷേത്രത്തിൽ നാലാം ദിവസം നരകാസുര വധമാടുമ്പോഴാണ് മഹാകവി വള്ളത്തോളും മണക്കുളത്തു മുകുന്ദരാജാവും കൃഷ്ണൻ നായരെ ആദ്യമായി കാണുന്നത്. അത് കൃഷ്ണൻ നായരുടെ ജീവിതത്തിലെ വഴിത്തിരിവായി. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ വേഷ വിഭാഗകങ്ങളിൽ അദ്ദേഹം സർവ്വാധിപത്യം നേടി. ഭാവാഭിനയത്തിൽ സ്വന്തമായൊരു ശൈലി കൊണ്ടുവന്നു. ഗുരുവചനങ്ങൾ സത്യമായി തീർന്നു. ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം കൈമുതലായുള്ള ഒരു കുടുംബത്തിൽ നിന്ന് വന്ന കൃഷ്ണൻ നായർ തന്റെ പ്രതിഭ കൊണ്ടും, കഠിനാധ്വാനം കൊണ്ടും, എളിമകൊണ്ടും കഥകളിയുടെ ലോകം നിഷ്പ്രയാസം കീഴടക്കി.



👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here