STD 7 അടിസ്ഥാനശാസ്ത്രം: Chapter 07 മർദം ദ്രാവകത്തിലും വാതകത്തിലും - ചോദ്യോത്തരങ്ങൾ | Teaching Manual


Textbooks Solution for Class 7 Basic Science (Malayalam Medium) Pressure in Liquids and Gases | Text Books Solution Basic Science (Malayalam Medium) Chapter 07 മർദം ദ്രാവകത്തിലും വാതകത്തിലും 
- Teaching Manual / Teachers Handbook

ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 07: മർദം ദ്രാവകത്തിലും വാതകത്തിലും - Questions and Answers
• സയൻസ് ക്ലബ്ബ് ഉദ്ഘാടനത്തിനു വന്ന അധ്യാപകൻ ഒരു പ്രവർത്തനം ചെയ്തുകൊണ്ടാണ് ചടങ്ങു നിർവഹിച്ചത്.
മേശപ്പുറത്ത് വീതിയുള്ള മരസ്കെയിൽ കുറച്ചുഭാഗം പുറത്തേക്ക് നിൽക്കുന്ന വിധത്തിൽ വച്ചു. അതിനു മുകളിൽ എട്ടായി മടക്കിയ ന്യൂസ് പേപ്പർ വച്ചു. എന്നിട്ട് ഒരു കുട്ടിയെ വിളിച്ച് സ്കെയിലിന്റെ പുറത്തേക്കു നിൽക്കുന്ന ഭാഗത്ത് കൈകൊണ്ട് പെട്ടെന്ന് അമർത്താൻ ആവശ്യപ്പെട്ടു. കുട്ടി അങ്ങനെ ചെയ്തപ്പോൾ പേപ്പർ താഴെ വീണു. അതിനുശേഷം അദ്ദേഹം സ്കെയിലിന് മുകളിൽ മേശപ്പുറത്ത് അതേ പേപ്പർ നിവർത്തി വച്ചു. വീണ്ടും പഴയതുപോലെ സ്കെയിലിന് മുകളിൽ പെട്ടെന്ന് അമർത്താൻ കുട്ടിയോട് ആവശ്യപ്പെട്ടു. പേപ്പർ ഉയർത്തി മാറ്റാനോ താഴെ വീഴ്ത്താനോ കഴിഞ്ഞില്ല. 
1. നമുക്കും ഈ പ്രവർത്തനം ചെയ്തുനോക്കാം. 
•  മടക്കി വയ്ക്കുമ്പോഴും നിവർത്തിവയ്ക്കുമ്പോഴും പേപ്പറിന് ഒരേ ഭാരമല്ലേ?
- അതെ

•  നിവർത്തിവച്ചപ്പോൾ പേപ്പർ ഉയർത്താൻ കഴിയാത്തത് എന്തുകൊണ്ട്?
- സ്കെയിലിൽ അമർത്തുമ്പോൾ സ്കെയിലിന്റെ മറ്റേ അറ്റവും പേപ്പറും അല്പം പൊങ്ങുന്നു. പേപ്പറിനും മേശയ്ക്കും ഇടയിൽ വായു കുറവാണ്. എന്നാൽ പേപ്പറിന്റെ മുകളിൽ അന്തരീക്ഷവായു കൂടുതലായി ബലം പ്രയോഗിക്കുന്നു. അതുകൊണ്ട് പേപ്പർ ഉയർത്താൻ കഴിയുന്നില്ല. 

•  പേപ്പർ ഉയരാൻ അനുവദിക്കാത്തവിധം എന്തു ബലമാണ് പ്രയോഗിക്കപ്പെടുന്നത്?
- പേപ്പറിനുമേൽ അന്തരീക്ഷവായുവിന്റെ ബലം അഥവാ മർദം പ്രയോഗിക്കപ്പെടുന്നു.

2. വായുവിൻെറ പ്രത്യേകതകൾ എന്തെല്ലാമാണ്?
• നമുക്ക് ചുറ്റും എല്ലായിടത്തും വായുവുണ്ട് 
• വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ് 
• വായുവിന് ഭാരമുണ്ട് 
• വായുവിന് പ്രത്യേകരൂപമില്ല 
• വായു സുതാര്യമാണ് 
• വായു ബലം പ്രയോഗിക്കുന്നു 

3. മുന്നോട്ട് . പിന്നോട്ട് ...
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്തശേഷം പിസ്റ്റൺ പിറകിലേക്കു വലിച്ചും ഉള്ളിലേക്കു തള്ളിയും പ്രവർത്തിപ്പിച്ച് നിരീക്ഷിക്കൂ. അമർത്തിവച്ച പിസ്റ്റൺ പിറകിലേക്കു വലിക്കുമ്പോൾ സിറിഞ്ചിന്റെ ബാരലിൻറ അകത്തേക്ക് അന്തരീക്ഷവായു തള്ളിക്കയറുന്നു. പിസ്റ്റൺ ഉള്ളിലേക്കമർത്തുമ്പോൾ ബാരലിനകത്തു കയറിയ വായു പുറത്തേക്കു പോകുന്നു. 
ഇനി സിറിഞ്ച് ഉപയോഗിച്ച് മറ്റു ചില പ്രവർത്തനങ്ങൾകൂടി ചെയ്തുനോക്കൂ. 

• പിസ്റ്റൺ ഉള്ളിലേക്കമർത്തിവച്ചശേഷം സിറിഞ്ചിന്റെ തുറന്ന ഭാഗം വിരൽകൊണ്ടടച്ചുപിടിച്ച് പിസ്റ്റൺ പിന്നോട്ടു വലിച്ചു പിസ്റ്റൺ പിന്നിലേക്കു വലിക്കുമ്പോൾ വായു ഉള്ളിലേക്കു കയറുന്നു. കാരണം എന്ത്?
- പിസ്റ്റൺ പിന്നിലേക്കു വലിക്കുമ്പോൾ സിറിഞ്ചിനുള്ളിൽ വായുമർദം കുറയുന്നു. ആ ഭാഗത്തേക്ക് അന്തരീക്ഷ വായു കയറുന്നു.

• പിസ്റ്റൺ പിന്നോട്ടു വലിച്ചശേഷം തുറന്നഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ച് പിസ്റ്റൺ ഉള്ളിലേക്ക് അമർത്തിയിട്ട് വിട്ടാൽ എന്തു സംഭവിക്കും? എന്തുകൊണ്ട് ?
പിസ്റ്റൺ പുറത്തേക്കു തള്ളും. പിസ്റ്റൺ മുന്നിലേക്ക് തള്ളുമ്പോൾ തുറന്ന ഭാഗം അടച്ചു പിടിച്ചിരിക്കുന്നതിനാൽ വായു പുറത്തേക്കു പോവില്ല. തന്മൂലം സിറിഞ്ചിള്ളിൽ വായു തിങ്ങി ഞെരുങ്ങുന്നു. മർദംകൂടുന്നു. സിറിഞ്ചിനെ പുറത്തേക്ക് തള്ളുന്നു.

4. വാതകമർദം 
- യൂണിറ്റ് വിസ്തീർണ മുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം. 

5. അന്തരീക്ഷമർദം
- അന്തരീക്ഷവായുയൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു.

6. കുപ്പിയിലെ ബലൂൺ
അര ലിറ്ററിലധികം വെള്ളം കൊള്ളുന്ന ഒരു സ്ഫടികക്കുപ്പിയിൽ നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. ഒരു ബലൂൺ രണ്ടുമൂന്നു പ്രാവശ്യം വീർപ്പിച്ച് വായു നീക്കം ചെയ്ത് വയ്ക്കണം.
കുപ്പിയിലെ ചൂടുവെള്ളം പുറത്തുകളഞ്ഞ് ഉടൻ തന്നെ വായ്ഭാഗത്ത് ബലൂൺ ഉറപ്പിക്കുക. കുപ്പി തണുക്കാൻ അനുവദിക്കുക.

• ചൂടുവെള്ളം നീക്കം ചെയ്തു കഴിയുമ്പോൾ കുപ്പിയിലെ വായുവിന് ഉണ്ടാകുന്ന മാറ്റം എന്ത്?
- വായു ചൂടുപിടിക്കുന്നു. വികസിക്കുന്നു.

• വായു തണുക്കുമ്പോൾ ബലൂൺ കുപ്പിക്കകത്തേക്കു വീർക്കുന്നതെന്തുകൊണ്ട്?
- ചൂടുവായു തണുത്തുകഴിയുമ്പോൾ കുപ്പിക്കുള്ളിൽ വായുമർദം കുറയുന്നു. പുറത്തെ മർദം കൂടിയ വായു ബലൂണിനെ കുപ്പിക്കകത്തേക്കു തള്ളുന്നു. കുപ്പിക്കുള്ളിലായ ബലൂൺ വീർക്കുകയും ചെയ്യുന്നു.

7. അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് 
- ബാരോമീറ്റർ. 

8. ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് ആരാണ്?
- "ടോറിസെല്ലി''

9. ആരായിരുന്നു ഇവാൻജലിസ്റ്റ് ടോറിസെല്ലി?
- ഇവാൻജലിസ്റ്റ് ടോറിസെല്ലി 1608 ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു. അദ്ദേഹം ഭൗതിക ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. 1641ൽ ഗലീലിയോയോടൊപ്പം പ്രവർത്തിക്കുന്നതിനായി ഫ്ളോറൻസിലേക്കു പോയി. ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു. അന്തരീക്ഷമർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ് മാറുന്നത് എന്നും കണ്ടെത്തി.
ഇതനുസരിച്ച് 1644-ൽ അദ്ദേഹം ബാരോമീറ്റർ നിർമിച്ചു.

10. വാതകമർദം നിത്വജീവിതത്തിൽ
ഉയർന്ന നിരപ്പിലുള്ള ഒരു പാത്രത്തിൽനിന്ന് ദ്രാവകം മറ്റൊന്നിലേക്ക് മാറ്റേണ്ട സന്ദർഭങ്ങൾ ഉണ്ടാവാറില്ലേ. ഇത്തരം ആവശ്യങ്ങൾക്കായി കുഴലുകൾ ഉപയോഗി ക്കുന്നത് കണ്ടിട്ടില്ലേ.
ഒരു പ്ലാസ്റ്റിക് ട്യൂബ് ഉപയോഗിച്ച് ബക്കറ്റിലെ വെള്ളം മറ്റൊരു പാത്രത്തിലേക്കു മാറ്റാമോ? ചിത്രത്തിലേതു പോലെ ട്യൂബിന്റെ ഒരറ്റം ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി സ്വതന്ത്രമായ മറ്റേ അറ്റം ഒരു ചെറിയ പാത്രത്തിൽ വയ്ക്കു. 
• വെള്ളം താഴേക്കു വരുന്നുണ്ടോ?
- ഇല്ല 

• കുഴലിനകത്തേക്കു വെള്ളം കയറാത്തതെന്തുകൊണ്ട് ? 
- കുഴലിനകത്ത് വായു ഉള്ളതുകൊണ്ട്

• കുഴലിന്റെ അഗ്രത്തിൽ വായ് അമർത്തി ഉള്ളിലെ വായു വലിച്ചശേഷം അതു ചെറിയ പാത്രത്തിലേക്കു വച്ചാൽ എന്തുസംഭവിക്കും? എന്താണ് കാരണം?
- കുഴലിലെ വായു വലിച്ച് നീക്കം ചെയ്യുമ്പോൾ അതിനുള്ളിൽ മർദം കുറയുന്നു. അതിനാൽ അന്തരീക്ഷവായു ജലത്തിലൂടെ വന്ന് കുഴലിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു. അപ്പോൾ തടസ്സമായി നിൽക്കുന്ന ജലത്തെ കൂടി കുഴലിലൂടെ തള്ളിക്കൊണ്ടുവരുന്നു. ഇതിന്റെ ഫലമായി വലിയ പാത്രത്തിലെ ജലം തുടർച്ചയായി താഴെയുള്ള ചെറിയ പാത്രത്തിലേക്കൊഴുകുന്നു.

11. അന്തരീക്ഷമർദം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരുപകരണമാണ്
സൈഫൺ. ഇതുപോലെ അന്തരീക്ഷമർദം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മറ്റുപകരണങ്ങളുമുണ്ട്. ചില ഉദാഹരണങ്ങൾ നോക്കു. ഇവ പ്രവർത്തിപ്പിച്ചു നോക്കി അവയുടെ പ്രവർത്തനരീതി ശാസ്ത്രപുസ്തകത്തിൽ എഴുതു.
• സിറിഞ്ച്, സ്ട്രോ, ഡ്രോപ്പർ എന്നിവ പ്രവർത്തിപ്പിച്ചുനോക്കി പ്രവർത്തനരീതി കണ്ടെത്തൂ. 
• സിറിഞ്ചിന്റെ പ്രവർത്തനരീതി എങ്ങനെയാണ് ? 
- പിസ്റ്റൺ പിന്നിലേക്കു വലിക്കുമ്പോൾ സിറിഞ്ചിനുള്ളിൽ വായുമർദം കുറയുന്നു. അന്തരീക്ഷമർദം മരുന്നിനെ ആ ഭാഗത്തേക്ക് തള്ളുന്നു.

• സ്ട്രോയുടെ പ്രവർത്തനരീതി?
- സ്ട്രോയിലെ വായു വായ്ക്കുള്ളിലേക്കു വലിക്കുമ്പോൾ സ്ട്രോയിൽ വായുമർദം തീരെ കുറയുന്നു. അപ്പോൾ അന്തരീക്ഷമർദം ദ്രാവകത്തെ വായിലേക്ക് തള്ളുന്നു.

• ഡ്രോപ്പറിന്റെ പ്രവർത്തനരീതി?
- ബൾബിൽ ഞെക്കുമ്പോൾ ഡ്രോപ്പിലെ വായു പുറത്തേക്കു പോകുന്നു. ഞെക്കൽ വിടുമ്പോൾ ഡ്രോപ്പറിന കത്ത് മർദം കുറയുന്നതിനാൽ അന്തരീക്ഷവായു മരുന്നിനെ ഡ്രോപ്പറിലേക്ക് തള്ളുന്നു. 

12. ചില പ്രവർത്തനങ്ങൾ താഴെകൊടുക്കുന്നു.
• ഒരു സ്ഫടികഗ്ലാസിൽ വെള്ളം നിറച്ചശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കു. വെള്ളം പുറത്തേക്കു പോകുന്നുണ്ടോ?
- വെള്ളം താഴേക്കൊഴുകുന്നില്ല

• വെള്ളം താഴേക്കൊഴുകുന്നില്ല. എന്തുകൊണ്ട്? 
- അന്തരീക്ഷവായു പേപ്പറിനെ മുകളിലേക്കു തള്ളുന്നു. 

• കാറിന്റെ ഗ്ലാസ്സിലും മറ്റും ഒട്ടിക്കുന്ന വാക്വംഹുക്ക് ഒരു കണ്ണാടിയിൽ പിടിപ്പിച്ചിട്ട് വലിച്ചാൽ എന്തു സംഭവിക്കും? എന്തുകൊണ്ട് ?
- വാക്വംഹുക്ക് കണ്ണാടിയിൽ ഒട്ടിപ്പിടിച്ചിരിക്കും. വാക്വംഹുക്ക് ഗാസിൽ വച്ച് അമർത്തുമ്പോൾ അതിനകത്തെ കുറെ വായു പുറത്തുപോകുന്നു. അതിനാൽ ഹുക്കിനും കണ്ണാടിക്കുമിടയിൽ വായുമർദം കുറയുന്നു. അപ്പോൾ പുറത്തെ വായു ഹുക്കിനെ ശക്തിയായി ഗ്ലാസിലേക്ക് തള്ളിയടുപ്പിക്കുന്നു. അതുകൊണ്ടാണ് അത് കണ്ണാടിയിൽ ഒട്ടിപ്പിടിക്കുന്നത്.

13. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങളുടെ നിരീക്ഷണഫലങ്ങൾ പട്ടികപ്പെടുത്താം 
പ്രവർത്തനം  നിരീക്ഷണഫലം വിശദീകരണം 
കടലാസ് പന്ത് പന്ത് കുപ്പിക്കുള്ളിൽ കയറാതെ താഴെ വീഴുന്നു ഊതുമ്പോൾ ആ ഭാഗത്തെ വായു ചലിക്കുന്നു. ചലിക്കുന്ന വായുവിന് മർദ്ദം കുറവായിരിക്കും. കുപ്പിയുടെ ഉള്ളിലുള്ള വായുവിന്റെ കൂടിയ മർദ്ദം കൊണ്ട് കടലാസ് പന്ത് താഴെ വീഴും.
കടലാസിനെ ഊതിയുയർത്താം പേപ്പർ മേലോട്ടുയരുന്നു പേപ്പറിന് മുകളിലുള്ള വായു ചലിക്കുന്നതിനാൽ മർദ്ദം കുറയുന്നു. പേപ്പറിന്റെ അടിയിലെ വായുവിന്റെ മർദ്ദം കൊണ്ട് പേപ്പർ ഉയരുന്നു.
ഫണലിലെ പന്ത് പന്ത് പുറത്തേക്ക് പോകുന്നില്ല പന്തിന്റെ അടിയിലെ വായു ചലിക്കുന്നതുമൂലം മർദ്ദം കുറയുന്നു. മേൽഭാഗത്തെ വായു മർദ്ദം പന്തിനെ താഴേക്ക് അമർത്തുന്നു.
ഫണലുകൊണ്ട് ഊതി മെഴുകുതിരി അണയ്ക്കാമോ?മെഴുകുതിരി ജ്വാല അണയുന്നില്ല. ജ്വാല ഫണലിലേക്ക് അടുക്കുന്നു.വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നത് കൊണ്ട് ആ ഭാഗത്തേക്ക് ചുറ്റുമുള്ള വായു ചലിക്കുന്നു. അതിനാൽ ജ്വാല ഫണലിലേക്കടുക്കുന്നു.
14. ബർണോളിയുടെ തത്ത്വം എന്നാലെന്താണ്?
- വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം വിശദീകരിച്ചത് ബർണോളി എന്ന ശാസ്ത്രജ്ഞനാണ്. അതിനാൽ ഇത് ബർണോളിയുടെ തത്ത്വം (Bernoulli's Principle) എന്ന് അറിയപ്പെടുന്നു.

15. ദ്രാവകമർദം
വായുവിനെപ്പോലെ ദ്രാവകങ്ങൾക്കും മർദം പ്രയോഗിക്കാൻ കഴിയുമോ?
ഈ പ്രവർത്തനം ചെയ്തുനോക്കൂ. 
കൈയിൽ ഒരു പോളിത്തീൻ സഞ്ചി മുറുക്കിക്കെട്ടിയശേഷം ബക്കറ്റിലെ വെള്ളത്തിൽ കൈ താഴ്ത്തു. നിരീക്ഷണഫലം വിശദീകരിക്കൂ.
പോളിത്തീൻ സഞ്ചി കൈയിൽ ഒട്ടിപ്പിടിക്കുന്നതായി കാണുന്നില്ലേ?
സഞ്ചിയെ അമർത്തുന്നത് ഏതു ബലമാണ്?
• പോളിത്തീൻ സഞ്ചി കൈയിൽ ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ട് ?
പോളിത്തീൻ സഞ്ചി കൈയിൽ ഒട്ടിപ്പിടിക്കുന്നത് ജലം പോളിത്തീൻ സഞ്ചിയുടെ എല്ലാഭാഗത്തും മർദം പ്രയോഗിക്കുന്നതുകൊണ്ടാണ്.

16. നിറയുന്ന ബലൂൺ
സാമഗ്രികൾ ഒരിഞ്ച് പി.വി.സി.
പൈപ്പിൽനിന്ന് 50 cm, 5 cm, 5 cm എന്നീ
അളവുകളിൽ മൂന്നു കഷണങ്ങൾ, എൽബോ രണ്ടെണ്ണം, റെഡ്യൂസർ. ഈ സാമഗ്രികൾ ചിത്രത്തിലേതുപോലെ ഘടിപ്പിക്കൂ. ചെറിയ പൈപ്പിൽ നിറയെ വെള്ളം ഒഴിച്ച ശേഷം ആ ഭാഗത്ത് ബലൂൺ ഘടിപ്പിക്കൂ. ഇനി സ്വതന്ത്രമായ അഗ്രത്തിലൂടെ വെള്ളമൊഴിച്ച് ബലൂണിനുണ്ടാവുന്ന മാറ്റം നിരീക്ഷിക്കൂ.
• പൈപ്പിലൂടെ വെള്ളമൊഴിക്കുമ്പോൾ പൈപ്പിൽ ഘടിപ്പിച്ച ബലൂൺ വീർക്കുന്നത് എന്തുകൊണ്ട്?
- പൈപ്പിലെ ജലം ബലൂണിനുള്ളിലേക്ക് മർദം പ്രയോഗിക്കുന്നതിനാൽ ജലം ബലൂണിലേക്ക് കയറുന്നു.

17. മർദം എല്ലായിടത്തും
ദ്രാവകങ്ങൾ എല്ലാ ഭാഗത്തേക്കും മർദം പ്രയോഗിക്കുമോ? 
പ്രവർത്തനം 1
ബലൂൺ വീർപ്പിച്ചതിനുശേഷം പലഭാഗങ്ങളിലായി സെല്ലോടേപ്പ് കഷ്ണങ്ങൾ ഒട്ടിക്കുക. സെല്ലോടേപ്പ് ഒട്ടിച്ച ഭാഗത്ത് ബലൂണിൽ സൂചി ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടൂ. ഈ ബലൂൺ ഉപയോഗിച്ച് നേരത്തേ ചെയ്ത പരീക്ഷണം ആവർത്തിക്കുക.
• സെല്ലോടേപ്പ് ഒട്ടിച്ച ഭാഗത്തുകൂടി ജലം എല്ലാ വശത്തേക്കും ചീറ്റുന്നുണ്ടോ? 
- ഉണ്ട്, കാരണം ജലം എല്ലാ ഭാഗത്തേക്കും മർദ്ദം പ്രയോഗിക്കുന്നു.

പ്രവർത്തനം 2
ഒരു പ്ലാസ്റ്റിക് കുപ്പിയുടെ അടിവശത്തുനിന്ന് 3 cm ഉയരത്തിൽ ചുറ്റുമായി ഒരേ വലുപ്പത്തിലുള്ള നാലഞ്ചു ചെറിയ ദ്വാരങ്ങൾ ഇടുക. കുപ്പിയിലേക്ക് വെള്ളം ഒഴിക്കു. 
ദ്വാരങ്ങളിലൂടെ ജലം പുറത്തേക്കു പോവുന്നതു നിരീക്ഷിക്കൂ.
• പുറത്തേക്കുള്ള ജലപ്രവാഹത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
- എല്ലാ ദ്വാരങ്ങളിലൂടെയും ജലം പുറത്തേക്ക് പോകുന്നു. കാരണം ജലം എല്ലാ ഭാഗത്തേക്കും മർദ്ദം ചെലുത്തുന്നു.

18. ആഴവും മർദവും
ദ്രാവകങ്ങൾ എല്ലാ ഭാഗത്തേക്കും മർദം പ്രയോഗിക്കുമെന്നു കണ്ടല്ലോ. ദ്രാവകത്തിന്റെ എല്ലാഭാഗത്തും മർദം ഒരുപോലെയാണോ അനുഭവപ്പെടുന്നത്? ഇതു കണ്ടെത്താനായി ഒരു പ്രവർത്തനം ചെയ്തുനോക്കൂ.
നീളമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ അടിവശത്തുനിന്നു മുകളിലേക്കായി തുല്യ അകലത്തിൽ 3 സുഷിരങ്ങളുണ്ടാക്കൂ. സുഷിരങ്ങൾ അടച്ചുപിടിച്ച് കുപ്പിയിൽ ജലം നിറയ്ക്കുക. പുറത്തേക്കു ചീറ്റുന്ന ജലത്തിന്റെ പ്രവാഹം നിരീക്ഷിക്കൂ.
• എല്ലാ ദ്വാരങ്ങളിലൂടെയും ഒരേ അകലത്തിലേക്കാണോ ജലം പുറത്തേക്കു വീഴുന്നത്?
- അല്ല, ഏറ്റവും അടിയിലുള്ള ദ്വാരത്തിലൂടെ ജലം കൂടുതൽ ദൂരേക്കു വീഴുന്നു. കാരണം ആഴം കൂടുമ്പോൾ മർദം കൂടുന്നു.

• അടിവശത്തേക്കു വരുംതോറും ദ്രാവകമർദത്തിൽ വരുന്ന വ്യത്യാസമെന്താണ്?
- ആഴം കൂടുമ്പോൾ മർദം കൂടുന്നു.

• കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ ജലത്തിന്റെ പ്രവാഹത്തിൽ വ്യത്യാസമുണ്ടാവുന്നുണ്ടോ? 
- ജലനിരപ്പ് താഴുമ്പോൾ ഈ ദൂരം കുറഞ്ഞുവരുന്നു. കാരണം ജലനിരപ്പ് താഴുമ്പോൾ മർദ്ദം കുറയുന്നു.

19. ഉയരുന്ന വായുകുമിള
ഈ പ്രവർത്തനം ചെയ്തുനോക്കൂ. നിരീക്ഷണഫലവും നിഗമനവും ശാസ്ത്രപുസ്തകത്തിൽ ചേർക്കാം.
ഒരു പാത്രത്തിൽ നിറയെ വെള്ളമെടുക്കുക. വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് ട്യൂബിന്റെ ഒരറ്റം പാത്രത്തിന്റെ അടിവശത്ത് വയ്ക്കുക. മറുവശത്തുകൂടി സാവധാനം ഊതുക. 
• പാത്രത്തിന്റെ അടിവശത്തു നിന്ന് മുകളിലേക്ക് ഉയർന്നുവരുന്ന വായുകുമിളകൾക്ക് വലുപ്പവ്യത്യാസം ഉണ്ടാവുന്നുണ്ടോ? കാരണം എന്തായിരിക്കും?
- അടിയിലെ വായു കുമിള ചെറുതും മുകളിലേക്കുവരുമ്പോൾ വലുതും ആകുന്നു. കാരണം, അടിയിൽ വായുകുമിളയിൽ ദ്രാവകം കൂടുതൽ മർദം പ്രയോഗിക്കുന്നു. മുകളിലേക്കു വരുമ്പോൾ മർദം കുറയുന്നതു കൊണ്ട് കുമിള വലുതാകുന്നു.

• അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമിക്കു ന്നതിന്റെ കാരണം വിശദീകരിക്കാമോ?
- അണക്കെട്ടുകൾ പണിയുമ്പോൾ അടിഭാഗം വിസ്താരം കൂട്ടി നിർമിക്കുന്നതിന്റെ കാരണം ആഴം കൂടുമ്പോൾ മർദം കൂടും എന്നതാണ്.
വിശദീകരണം:
അണക്കെട്ടുകളുടെ അടിഭാഗം മുകൾഭാഗത്തേക്കാൾ കനത്തിൽ പണിയുന്നു.
അണക്കെട്ടിന്റെ അടിഭാഗത്ത് ജലം പ്രയോഗിക്കുന്ന ഉന്നത മർദം നേരിടാനാണ്ഇ പ്രകാരം ചെയ്യുന്നത്. ഇപ്രകാരം ചെയ്തില്ലെങ്കിൽ ആഴം കൂടുന്നതിനാൽ അടിഭാഗത്ത് മർദം വളരെ കൂടി അണക്കെട്ടിന്റെ ഭിത്തികൾ തകരാൻ ഇടയാകും. വൈദ്യുതി ഉല്പാദനത്തിനുള്ള ജനറേറ്ററുകൾ അണക്കെട്ടുകളുടെ അടിഭാഗത്തേക്കാൾ താഴ്ന്ന സ്ഥലത്ത് സ്ഥാപിക്കുന്നു. ജലവൈദ്യുതനിലയങ്ങളിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്നത് അതുമായി ബന്ധപ്പെട്ട ടർബൈൻ കറങ്ങുമ്പോഴാണ് ടർബൈൻ കറങ്ങണമെങ്കിൽ അതിൽ ജലം ശക്തിയോടെ പതിക്കണം. ഏറ്റവും ഉന്നത മർദം അണക്കെട്ടിന്റെ അടിഭാഗത്താണ് അനുഭവപ്പെടുന്നത്. അപ്പോൾ അവിടെനിന്നും ജലം പതിക്കണമെങ്കിൽ അതിനേക്കാൾ താഴ്ന്ന സ്ഥലത്തായിരിക്കണം ജനറേറ്റർ സ്ഥാപിക്കേണ്ടത്.

20. ആഴത്തിൽ മുങ്ങുന്ന മുങ്ങൽ വിദഗ്ദർ പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതെന്തുകൊണ്ട്?
- മുങ്ങൽ വിദഗ്ധർ ജലാശയങ്ങളുടെ അടിത്തട്ടിലേക്ക് സഞ്ചരിക്കുമ്പോൾ ചെവി, വായ്, കണ്ണ്, മൂക്ക് എന്നീ അവയവങ്ങളിൽ ജലത്തിന്റെ ഉയർന്ന മർദം അനുഭവപ്പെടുന്നു. ഉയർന്ന മർദം ഇത്തരം അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇതുണ്ടാകാതിരിക്കാനാണ് മുൻകരുതലായി സുരക്ഷാവസ്ത്രങ്ങൾ ധരിക്കുന്നത്.

21. എന്താണ് മർദ്ദമാപിനി ?
- ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മർദ്ദമാപിനി.

22. ഒരു ബക്കറ്റിൽ നിറയെ വെള്ളമെടുക്കുക. ഫണൽ ജലത്തിൽ വ്യത്യസ്ത താഴ്ചകളിൽ വച്ചുനോക്കൂ. ട്യൂബിലെ ജലനിരപ്പിനുണ്ടാവുന്ന മാറ്റം നിരീക്ഷിച്ച് പട്ടികയിൽ എഴുതൂ.
 ഫണലിന്റെ സ്ഥാനം  ട്യൂബിലെ ജലനിരപ്പ് (cm) 
  ജലോപരിതലത്തിൽ  2
  ബക്കറ്റിലെ വെള്ളത്തിന്റെ മധ്യഭാഗത്ത്  5
  ബക്കറ്റിലെ വെള്ളത്തിന്റെ അടിത്തട്ടിൽ  10

വിലയിരുത്താം 
1. വാതകം എല്ലാ ഭാഗത്തേക്കും മർദം പ്രയോഗിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയുന്ന സന്ദർഭം. 
a. സ്ട്രോ ഉപയോഗിച്ച് വെള്ളം കുടിക്കുന്നത്.
b. ബലൂൺ വീർപ്പിക്കുന്നത്.
c. കാറ്റു വീശുന്നത്.
d. നീരാവി മുകളിലേക്കു പോവുന്നത്.
ഉത്തരം: b. ബലൂൺ വീർപ്പിക്കുന്നത്.

2. ഒരു വശത്ത് ദ്വാരമിട്ട് സ്ട്രോ ഉപയോഗിച്ച് വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. എന്തുകൊണ്ട്?
a. വെള്ളം സ്ട്രോയിലെ ദ്വാരം വഴി പുറത്തു പോവുന്നു.
b. സ്ട്രോയ്ക്കകത്ത് വായുമർദം കൂടുന്നു. 
c. സ്ട്രോയിലെ ദ്വാരത്തിലൂടെ വായു പുറത്ത് പോവുന്നു.
d. സ്ട്രോയുടെ ഉള്ളിൽ വായുമർദം കുറയുന്നില്ല.
ഉത്തരം: d. സ്ട്രോയുടെ ഉള്ളിൽ വായുമർദം കുറയുന്നില്ല.

3. ആഴക്കടലിൽ മുങ്ങുന്ന ആളുകൾ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്തിന്? 
- മുങ്ങൽ വിദഗ്ധർ ജലാശയങ്ങളുടെ അടിത്തട്ടിലേക്ക് സഞ്ചരിക്കുമ്പോൾ ചെവി, വായ്, കണ്ണ്, മൂക്ക് എന്നീ അവയവങ്ങളിൽ ജലത്തിന്റെ ഉയർന്ന മർദം അനുഭവപ്പെടുന്നു. ഉയർന്ന മർദം ഇത്തരം അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇതുണ്ടാകാതിരിക്കാനാണ് മുൻകരുതലായി സുരക്ഷാവസ്ത്രങ്ങൾ ധരിക്കുന്നത്.

4. ആശുപത്രിയിൽ രോഗികൾക്ക് ഡിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് കണ്ടിട്ടില്ലേ. എന്തിനാണിത്?
- ഡ്രിപ്പ് ബോട്ടിലിന്റെ മുകളിൽ ഒരു ഇഞ്ചക്ഷൻ സൂചി ഉറപ്പിച്ചില്ലെങ്കിൽ, മരുന്ന് രോഗിയുടെ ശരീരത്തിലേക്ക് കയറുകയില്ല. കാരണം ഡ്രിപ്പ് ബോട്ടിലിനുള്ളിലെ മർദ്ദം അന്തരീക്ഷമർദ്ദത്തേക്കാൾ കുറവാണ്. ഒരു ഇഞ്ചക്ഷൻ സൂചി മുകളിൽ ഉറപ്പിക്കുമ്പോൾ, ദ്വാരത്തിലൂടെ കുപ്പിയ്ക്കുള്ളിൽ വായു പ്രവേശിക്കുകയും മരുന്ന് ശരീരത്തിലേക്ക് കയറുകയും ചെയ്യുന്നു.

5. ശക്തമായ കാറ്റു വീശുമ്പോൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റ്, ഓട് തുടങ്ങിയവ ഉയരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്തുകൊണ്ടാണിത്?
- ശക്തമായ കാറ്റ് വീശുമ്പോൾ മേൽക്കൂരയുടെ മുകളിലുള്ള വായു വേഗത്തിൽ ചലിക്കുന്നു. ഇതിന്റെ ഫലമായി മേൽക്കൂരയുടെ മുകളിലുള്ള വായുവിന്റെ മർദം കുറയുന്നു. ചുറ്റുമുള്ള വായുവിന്റെ മർദം കൂടുതൽ ആയതിനാൽ മേൽകൂരയിലെ ഷീറ്റ്, ഓട് തുടങ്ങിയവ ഉയരുന്നു.





TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here