STD 5 അടിസ്ഥാന പാഠാവലി: എങ്ങുപോയി? - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ  


Study Notes for Class 5th അടിസ്ഥാന പാഠാവലി Unit 03 
നിറഭേദങ്ങള്‍ Chapter 03 എങ്ങുപോയി? - ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - Engupoyi - Questions and Answers 
| Teachers Handbook
പി. കുഞ്ഞിരാമൻ നായർ 
• മലയാള കവിതയില്‍ കാല്പനികതയുടെ സൗന്ദര്യം എഴുത്തില്‍ സൃഷ്ടിച്ച പ്രകൃത്യുപാസകനായ കവിയായിരുന്നു പി.കുഞ്ഞിരാമന്‍ നായര്‍. കേരള സംസ്‌കാരവും പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞുനിന്നു. കേരളീയതയുടെ നേര്‍ച്ചിത്രങ്ങളായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കവിതകള്‍. 
മുപ്പത്തിയഞ്ചിലധികം കവിതാസമാഹാരങ്ങള്‍, പതിനേഴില്‍പ്പരം നാടകങ്ങള്‍, 6 കഥാഗ്രന്ഥങ്ങള്‍, 8 ജീവചരിത്രങ്ങള്‍, 5 ഗദ്യസമാഹാരങ്ങള്‍ എന്നിവയുടെ കര്‍ത്താവാണദ്ദേഹം. കവിതാസമാഹാരങ്ങളായ കളിയച്ഛന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും താമരത്തോണി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. കവിയുടെ കാല്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി എന്നീ ആത്മകഥകള്‍ ഏറെ പ്രശസ്തമാണ്. 

പുതിയ പദങ്ങൾ
• വാടി - പൂന്തോട്ടം 
• മധു - തേൻ
• മുകിൽ - മേഘം
• തിടമ്പ് - എഴുന്നള്ളത്തിനുള്ള വിഗ്രഹം
• മന്നിൻ - ഭൂമിയുടെ
• ദന്തം - പല്ല
• അൻപ് - സ്നേഹം, ദയ
• കാന്തി - ശോഭ
• അന്തി - സന്ധ്യ
• തെന്നൽ - ഇളംകാറ്റ്

ചോദ്യം ഉത്തരം
• അന്തിവെട്ടത്തോടൊത്തെത്തി അന്നത്തെ ഓണം നുകർന്ന കവി തന്റെ നാടിനെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?
- യുദ്ധത്തിന്റെ പഴങ്കഥപ്പാട്ടുകൾ പാടി നിളയുടെ ഓളങ്ങൾ താളമിട്ടു പാടുന്ന നാട്, കൈതപ്പൂവിന്റെ മണവുമായി ഇളം കാറ്റ് തോഴനായി വരുന്ന നാട്, സ്നേഹത്തിന്റെ പൂപ്പുഞ്ചിരിയുമായി തുമ്പകൾ മാടി വിളിക്കുന്ന നാട്, പച്ചിലക്കാടിന്റെ കടവുതാണ്ടി പൈങ്കിളികൾ പാട്ട് വിതയ്ക്കുന്ന നാട്, കാവിന്റെ നടയിൽ വേലപൂരങ്ങൾ നടക്കുന്ന നാട്, ഇങ്ങനെയെല്ലാമാണ് ഓണം ആഘോഷിക്കാനായി എത്തിയ കവി നാടിനെ വിശേഷിപ്പിക്കുന്നത്.

• നാടിന്റെ അഴകൊളിക്ക് ഉദാഹരണമായി കവിതയിൽ തെളിഞ്ഞു നിൽക്കുന്നതെന്തൊക്കെയാണ്?
- വണ്ടിന് തേൻ നുകരനായി വിടർന്നുല്ലസിക്കുന്ന പൂവ്, തരിശായ കുന്നിന് യൗവ്വനകാന്തി നൽകുകയും ഭൂമിയിലെ പൂന്തോട്ടങ്ങളെ പുതുക്കുകയും ചെയ്യുന്ന വെയിൽ നാളങ്ങൾ, ഓണപ്പൂവിളികൾ നിറഞ്ഞ ഉത്രാടസന്ധ്യ, മാമാങ്കപ്പെരുമയുമായി ഒഴുകുന്ന നിളാനദി, കൈതപ്പൂമണവുമായി എത്തുന്ന ഇളംതെന്നൽ, സ്നേഹപ്പൂപുഞ്ചിരിയുമായി വിരിഞ്ഞു നിൽക്കുന്ന തുമ്പപ്പൂക്കൾ, കാവിന്റെ നടയിൽ ആണ്ടു തോറും നടക്കുന്ന ഉത്സവങ്ങൾ, ഇതെല്ലാമാണ് നാടിന്റെ അഴകൊളിക്ക് ഉദാഹരണമായി ഈ കവിതയിൽ തെളിഞ്ഞു നിൽക്കുന്നത്.

• “പൂവിലെല്ലാം വണ്ടിനു വേണ്ടും മധു നിറച്ചു''. - പ്രകൃതിയിൽ മറ്റെന്തെല്ലാം ഭാവങ്ങളാണ് കാണുന്നത്? കവിത പരിശോധിച്ച് കണ്ടെത്തുക.
- പുതുകാന്തിയോടെ നിൽക്കുന്ന കുന്ന്, ചിതറിവീഴുന്ന വെയിൽ എല്ലാത്തിനെയും
മിനുക്കി എടുക്കുന്നു, മയങ്ങുന്ന സന്ധ്യ, പൊന്നിൻ നിറമാർന്ന മേഘങ്ങളുള്ള ആകാശം, ഇവയെല്ലാം പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ ആയി കവിതയിൽ അവതരിപ്പിച്ചിട്ടുണ്ട്.

• “ദന്തങ്ങൾ പോയ്ക്കവിളൊട്ടിപ്പോയ കുന്ന്'' - കുന്നിന്റെ ഏത് അവസ്ഥയാണ് കവി സൂചിപ്പിക്കുന്നത്?
മണ്ണെടുപ്പും വൃക്ഷങ്ങൾ മുറിച്ചു നശിപ്പിക്കുന്നതും മൂലം കുന്നുകൾ ഇടിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നത്.

• “പോരിൻ പഴങ്കഥപ്പാട്ടുപാടി
പേരാറലകൾ കളിക്കും നാട്ടിൽ'' 
കവി സൂചിപ്പിച്ച 'പോരിന്റെ പഴങ്കഥ' ഏതാണെന്ന് അന്വേഷിച്ച് ക്ലാസിൽ അവതരിപ്പിക്കുക.
- ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ വച്ച് നടന്നു പോന്നിരുന്ന മാമാങ്കത്തെക്കുറിച്ചാണ് ഈ വരിയിൽ സൂചിപ്പിക്കുന്നത്.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ കേരളത്തിൽ നടന്നിരുന്ന വലിയ ഒരു നദീതീര ഉത്സവമായിരുന്നു മാമാങ്കം. നമ്മുടെ ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.

• ചുണ്ടു വിടർത്തുന്ന പൂവിലെല്ലാം
വണ്ടിനു വേണ്ടും മധുനിറച്ചു''
അടിവരയിട്ട അക്ഷരങ്ങൾ ശ്രദ്ധിക്കുക. എന്തു പ്രത്യേകതകളാണ് വരികളിൽ കാണാനാവുന്നത്?
- രണ്ടു വരികളിലെയും 'ണ്ട' എന്ന അക്ഷരം ആവർത്തിച്ചു വരുന്നതിലൂടെ ശബ്ദഭംഗി കൈവരുന്നു. ഇങ്ങനെ ഓരോ വരിയിലെയും രണ്ടാമത്തെ അക്ഷരം ആവർത്തിച്ചു വരുന്നതിന് ദ്വീതീയാക്ഷരപ്രാസം എന്നാണ് പറയുന്നത്.

മറ്റുദാഹരണങ്ങൾ കൂടി കണ്ടെത്തൂ. 
''ഓടിനടന്നു കളിച്ചു മന്നിൻ
വാടി പുതുക്കും വെയിൽ നാളങ്ങൾ''
ഈ രണ്ടു വരികളിലും 'ട' എന്ന അക്ഷരം ആവർത്തിച്ചു വരുന്നതായി കാണാം

''പോരിൻ പഴങ്കഥപ്പാട്ടുപാടി
പേരാറലകൾ കളിക്കും നാട്ടിൽ''
ഈ രണ്ടു വരികളിലും 'ര' എന്ന അക്ഷരം ആവർത്തിച്ചു വരുന്നതായി കാണാം.

• ഭംഗി എന്നതിന് കവി ഉപയോഗിച്ച ചില പദങ്ങൾ നോക്കൂ. 
കാന്തി, അഴക് - സമാനാർഥമുള്ള പദങ്ങൾ കണ്ടെത്താം
• കിളി - പറവ, നീഡം
• കാട് - വനം, കാനനം 
• മേഘം - മുകിൽ, കൊണ്ടൽ
• പൂവ് - സുമം, കുസുമം
• വാടി - പൂന്തോട്ടം, ഉദ്യാനം, മലർവാടി 
• ചുണ്ട് - അധരം,ഓഷ്ഠം 
• വണ്ട് - മധുപൻ,ഭ്രമരം
• ദന്തം -  പല്ല്, രദനം
• തേൻ - മധു, മടു 
• സന്ധ്യ - സായാഹ്നം, പ്രദോഷം
• നദി - പുഴ, വാഹിനി, തരംഗിണി 
• ശോഭ - പ്രഭ,കാന്തി, ആഭ
• സൂര്യൻ - ആദിത്യൻ, മാർത്താണ്ഡൻ, പ്രഭാകരൻ ദിവാകരൻ

• പ്രകൃതി മനുഷ്യനോടു കാണിക്കുന്ന സ്നേഹത്തിന്റെയും മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ക്രൂരതയുടെയും കാഴ്ചയാണ് ഈ മൂന്നു പാഠഭാഗങ്ങളിലും തെളിയുന്നത്. ഇത് വിലയിരുത്തി പ്രകൃതി മനുഷ്യനു നൽകുന്ന മഹാസൗഭാഗ്യങ്ങളെക്കുറിച്ച് ചർച്ചചെയ്ത് ഉപന്യാസം തയാറാക്കുക.
- കുന്നുകളെക്കൊണ്ടും അതിൽ ജീവിക്കുന്ന മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ എന്നിവരെക്കൊണ്ടുമൊക്കെ 'മഴവില്ല് വരയ്ക്കുന്നവർ' എന്ന പാഠഭാഗത്തിലെ പ്രകൃതി ഭംഗിയുള്ളവളായിരുന്നു. ചതുപ്പുനിലം വറ്റുമ്പോൾ പല കളികളുമായി സുഹൃത്തുക്കൾ അവിടെ ഒന്നിക്കുന്നു. ഓരോ ആഘോഷത്തിനും അനുയോജ്യമായ രീതിയിൽ പ്രകൃതി അണിഞ്ഞൊരുങ്ങുന്നവളാണെന്ന് 'വിഷുക്കണി' എന്ന പാഠഭാഗത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. അതോടൊപ്പം ഔഷധങ്ങളുടെ കലവറ കൂടിയാണ് നമ്മുടെ ജീവിത പരിസരം എന്ന് മുത്തശ്ശിയുടെ ഒറ്റമൂലി മരുന്നിനെ മുൻനിർത്തി ഈ പാഠഭാഗത്തിൽ എം. ടി.പറയുന്നു. ഒരു വ്യക്തിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് പല്ലുകളാണ്. അവ കൊഴിഞ്ഞു പോയാൽ അയാൾക്കുണ്ടാകുന്ന അഭംഗി പോലെ കുന്നുകൾ നിരപ്പാക്കപ്പെട്ടതിൽ 'എങ്ങുപോയി' എന്ന കവിതയിൽ കവി ആകുലപ്പെടുന്നുണ്ട്. എല്ലാമുണ്ടായിരുന്ന മലയാളക്കര മലയാളം മറന്ന്, നന്മ മറന്ന് സ്വാർത്ഥതയും ചതിയും മാത്രമായ ഒരു ജീവിതം ജീവിച്ചു കൊണ്ടിരിക്കുകയാണെന്ന് കവി പി. കുഞ്ഞിരാമൻ നായർ പറയുന്നു.



👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here