Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 07 മനുഷ്യശരീരം ഒരു വിസ്മയം: രക്തപര്യയനം, വിസർജനം, നാഡീയ ഏകോപനം - ചോദ്യോത്തരങ്ങൾ


Questions and Answers for Class 7 Basic Science (Malayalam Medium) Human Body- A Wonder - Circulation, Excretion and Nervous Co-ordination | Text Books Solution Basic Science (English Medium) Chapter 07 മനുഷ്യശരീരം ഒരു വിസ്മയം: രക്തപര്യയനം, വിസർജനം, നാഡീയ ഏകോപനം - Teaching Manual 
Teachers Handbook

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 7 അടിസ്ഥാന ശാസ്ത്രം: Chapter 07 മനുഷ്യശരീരം ഒരു വിസ്മയം: രക്തപര്യയനം, വിസർജനം, നാഡീയ ഏകോപനം - ചോദ്യോത്തരങ്ങൾ
♦ എന്തിനാണ് ചില മരുന്നുകളും ഗ്ലൂക്കോസും നേരിട്ട് രക്തത്തിലേക്ക് കുത്തിവയ്ക്കുന്നത്? 
രക്തത്തിൽ നേരിട്ട് കുത്തിവയ്ക്കുന്ന മരുന്നുകളും ഗ്ലൂക്കോസും ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു

♦ ചെറുകുടലിൽ വച്ച് ആഹാരം പൂർണ്ണമായി ദഹിക്കുമ്പോൾ വേർതിരിയുന്ന പോഷകഘടകങ്ങളും ശ്വസനഫലമായി ശ്വാസകോശങ്ങളിൽ എത്തിച്ചേർന്ന ഓക്സിജനും കോശങ്ങളിൽ എത്തിച്ചേരേണ്ടതുണ്ടല്ലോ. ഇവ എങ്ങനെയാണ് കോശങ്ങളിലെത്തുന്നത്? 
ഈ ധർമ്മങ്ങളെല്ലാം നിർവഹിക്കുന്നത് രക്തമാണ്.

♦ എന്താണ് രക്തപര്യയനവ്യവസ്ഥ (Circulatory System)?
രക്തം, രക്തക്കുഴലുകൾ, ഹൃദയം എന്നിവ ചേർന്ന സംവിധാനമാണ് രക്തപര്യയനവ്യവസ്ഥ.

♦ മനുഷ്യന്റെ രക്തപര്യയനവ്യവസ്ഥയുടെ ഭാഗങ്ങൾ ഏതെല്ലാമാണ്?
• രക്തം
• രക്തക്കുഴലുകൾ 
• ഹൃദയം

♦ രക്തപര്യയനവ്യവസ്ഥയുടെ പ്രധാന ധർമ്മം എന്താണ്?
ഹൃദയത്തിൽനിന്ന് ഓക്സിജനും പോഷകഘടകങ്ങളും അടങ്ങിയ രക്തം ശരീരത്തിന്റെ എല്ലാഭാഗത്തും എത്തിക്കുന്നതും ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് കലർന്ന രക്തം ഹൃദയത്തിൽ തിരിച്ചെത്തിക്കുന്നതുമാണ് രക്തപര്യയനവ്യവസ്ഥയുടെ ഒരു പ്രധാന ധർമ്മം.

♦ രക്തത്തിന്റെ ചുവപ്പു നിറത്തിന് കാരണം എന്താണ്?
ഹീമോഗ്ലോബിൻ എന്ന വർണ്ണവസ്തുവിന്റെ സാന്നിധ്യമാണ് രക്തത്തിന്റെ ചുവപ്പു നിറത്തിന് കാരണം. ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഇരുമ്പും പ്രോട്ടീനുമാണ്. 

♦ ഇരുമ്പടങ്ങിയ ചില ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി എഴുതുക.
• ഈന്തപ്പഴം 
• കോഴി മുട്ട
• മുരിങ്ങയില 
• പാലക്ക് ചീര (Spinach)
• ബീൻസ് 
• ബ്രോക്കോളി
• മത്തങ്ങ വിത്തുകൾ

♦ ഇരുമ്പടങ്ങിയ ആഹാരപദാർത്ഥങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?
ശ്വാസകോശത്തിൽ നിന്ന് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുകയും കോശങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് ശ്വാസകോശത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നതിൽ രക്തത്തിലെ ഹീമോഗ്ലോബിൻ പ്രധാന പങ്കുവഹിക്കുന്നു. ഇരുമ്പും പ്രോട്ടീനുമാണ് ഹീമോഗ്ലോബിൻ്റെ പ്രധാന ഘടകങ്ങൾ. അതുകൊണ്ട് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

♦ രക്തത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?
● പ്ലാസ്മ (Plasma)
• രക്തത്തിന്റെ ദ്രാവകഭാഗം
• ഇളം മഞ്ഞ നിറം
• ഗ്ലൂക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നു.

● പ്ലേറ്റ് ലെറ്റ് (Platelet)
• രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു.

● വെളുത്ത രക്തകോശം (White Blood Cell-WBC)
• നിശ്ചിത ആകൃതിയില്ല.
• മർമ്മം ഉണ്ട്.
• രോഗാണുക്കളെ നശിപ്പിക്കുന്നു.

● ചുവന്ന രക്തകോശം (Red Blood Cell-RBC) 
• ഡിസ്കിന്റെ ആകൃതി 
• മർമ്മമില്ല.
• ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നു.
• ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ വിനിമയം

♦ രക്തത്തിന്റെ ദ്രാവകഭാഗം ഏത്? 
പ്ലാസ്മ

♦ രക്തകോശങ്ങൾ ഏതെല്ലാം?
• പ്ലേറ്റ് ലെറ്റ്
• വെളുത്ത രക്തകോശം
• ചുവന്ന രക്തകോശം
♦ പ്ലേറ്റ് ലെറ്റുകളുടെ ധർമ്മം എന്താണ്?
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു.

♦ ഹീമോഗ്ലോബിൻ കാണപ്പെടുന്ന രക്തകോശം ഏത്?
ചുവന്ന രക്തകോശം

♦ വെളുത്ത രക്തകോശങ്ങളും ചുവന്ന രക്ത കോശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
● വെളുത്ത രക്തകോശം 
• നിശ്ചിത ആകൃതിയില്ല.
• മർമ്മം ഉണ്ട്.
• രോഗാണുക്കളെ നശിപ്പിക്കുന്നു.

● ചുവന്ന രക്തകോശം
• ഡിസ്കിന്റെ ആകൃതി 
• മർമ്മമില്ല.
• ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നു.
• ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ വിനിമയം

♦ എത്രതരം രക്തക്കുഴലുകൾ നമ്മുടെ ശരീരത്തിലുണ്ട്?
• സിര
• ധമനി
• ലോമികകൾ

♦ ധമനികൾ
ഹൃദയത്തിൽനിന്ന് ഓക്സിജൻ കൂടുതൽ അടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളാണ് ധമനികൾ.

♦ സിരകൾ
ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ടുവരുന്ന കുഴലുകളാണ് സിരകൾ.

♦ ലോമികകൾ
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്തക്കുഴലുകളാണ് ലോമികകൾ.

♦ ഹൃദയം
രക്തപര്യയനവ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഹൃദയം ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഇത് വാരിയെല്ലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

♦ എന്തൊക്കെയാണ് മനുഷ്യഹൃദയത്തിന്റെ സവിശേഷതകൾ? 
ഹൃദയത്തിന് മുഷ്ടിയോളം വലുപ്പമുണ്ട്.
ഹൃദയത്തെ ആവരണം ചെയ്ത് ഇരട്ടസ്തരമുണ്ട്. ഇതാണ് പെരികാർഡിയം.
മനുഷ്യഹൃദയത്തിന് 4 അറകൾ ഉണ്ട്.
♦ ഹൃദയസ്പന്ദനം
ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുകയും പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നതാണ് ഹൃദയസ്പന്ദനം. ആരോഗ്യമുള്ള ഒരാളുടെ ഹൃദയം മിനിറ്റിൽ 72 പ്രാവശ്യം സ്പന്ദിക്കുന്നു. ഇതാണ് ഹൃദയസ്പന്ദന നിരക്ക്. 

♦ പൾസ്
ഹൃദയസ്പന്ദനത്തിന്റെ ഫലമായി ധമനികളിൽ തരംഗചലനം ഉണ്ടാകുന്നതാണ് പൾസ്. ഹൃദയസ്പന്ദനനിരക്കും പൾസിന്റെ നിരക്കും തുല്യമായിരിക്കും.

♦ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ പരിശോധിച്ചു നോക്കിയാലാണ് പൾസ് അറിയാൻ കഴിയുന്നത്?
• കൈത്തണ്ട
• നെറ്റിയുടെ ഇരുവശങ്ങൾ
• കഴുത്തിൻ്റെ വശം
• കൈമുട്ടിൻ്റെ വളവ്
• പാദത്തിൻ്റെ മുകൾ ഭാഗം

♦ ഹൃദയസ്പന്ദനം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
സ്റ്റെതസ്കോപ്പ്

♦ ആരാണ് സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്?
റെനെ ലെനെക്.

♦ ഹൃദയാരോഗ്യം നിലനിർത്താൻ നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
ശരിയായ ആഹാരശീലങ്ങൾ, വ്യായാമം, ജീവിതചര്യകൾ എന്നിവയിലൂടെ നമുക്ക് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.

♦ എന്തൊക്കെ കാര്യങ്ങളാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്? 
• കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് 
• പുകവലി, മദ്യപാനം 
• ജീവിത ശൈലീരോഗങ്ങൾ
• വ്യായാമം ചെയ്യാതിരിക്കുന്നത് 

♦ മുറിവുപറ്റിയ ഒരാൾക്ക് എന്ത് പ്രഥമശുശ്രൂഷയാണ് നൽകുന്നത്?
• ശുദ്ധജലം ഉപയോഗിച്ച് മുറിവ് വൃത്തിയാക്കുക.
• മുറിവിൽ അമർത്തിപ്പിടിക്കുക.
• കൈയിലാണ് മുറിവെങ്കിൽ കൈ ഉയർത്തിപ്പിടിക്കുക.
• രക്തപ്രവാഹം നിലയ്ക്കുന്നില്ലങ്കിൽ ശുദ്ധമായ തുണിയോ ബാൻഡേജോ കൊണ്ട് മുറിവ് പൊതിഞ്ഞുകെട്ടുക.
• വേഗത്തിൽ വൈദ്യസഹായം ലഭ്യമാക്കുക.

♦ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ ഏകദേശം ---------- ലിറ്റർ രക്തമുണ്ട്. 
5.5 ലിറ്റർ

♦ ലോക ഹൃദയ ദിനം
സെപ്റ്റംബർ 29

♦ രക്തദാനം
ഒരാൾ സ്വമനസ്സാലെ മറ്റൊരാൾക്കോ, ശാസ്ത്രീയമായി സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നതിനോ നൽകുന്നതാണ്  രക്തദാനം.

♦ എന്താണ് വിസർജനം (Excretion)?
ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ തുടങ്ങിയവ ശരീരത്തിൽനിന്ന് പുറന്തള്ളുന്ന പ്രക്രിയയാണ് വിസർജനം.
♦ വൃക്കകൾ (Kidney)
• നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവമാണ് വൃക്കകൾ. • ഇവ മനുഷ്യശരീരത്തിലെ അരിപ്പകളായി പ്രവർത്തിക്കുന്നു. 
• പയർ വിത്തിന്റെ ആകൃതിയിലുള്ള ഇവ ഉദരാശയത്തിൽ, നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്. 
• ശരിയായ അളവിൽ ജലം, ലവണങ്ങൾ എന്നിവ ശരീരത്തിൽ നിലനിർത്തുന്നതിന് വൃക്കകൾ പ്രധാനപങ്ക് വഹിക്കുന്നു.

♦ വൃക്കയിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴൽ ഏതാണ്?
വൃക്കയിലേക്ക് രക്തം എത്തിക്കുന്നത് വൃക്കധമനിയാണ്. 

♦ വൃക്കയിൽ നിന്ന് രക്തം തിരികെ കൊണ്ടുപോകുന്ന രക്തക്കുഴൽ ഏതാണ്?
വൃക്കസിര 

♦ വൃക്കധമനി, വൃക്കസിര എന്നീ രക്തക്കുഴലുകളിലെ രക്തത്തിന് എന്തു വ്യത്യാസമാണ് ഉള്ളത്?
വൃക്കധമനി വഴി എത്തുന്ന രക്തത്തിൽ യൂറിയ, ഗ്ലൂക്കോസ്, ലവണങ്ങൾ, ഓക്സിജൻ, മറ്റ് ഘടകങ്ങൾ എന്നിവ ഉണ്ടായിരിക്കും. എന്നാൽ അരിക്കലിനുശേഷം വൃക്കസിരയിലൂടെ തിരിച്ചുപോകുന്ന രക്തത്തിൽ യൂറിയ, ഗ്ലൂക്കോസ്, ലവണങ്ങൾ, ഓക്സിജൻ, മറ്റ് ഘടകങ്ങൾ എന്നിവയുടെ അളവ് താരതമ്യേന കുറവായിരിക്കും.

♦ വൃക്കയിൽനിന്നും മൂത്രം കൊണ്ടുപോകുന്ന കുഴൽ ഏതാണ്?
മൂത്ര വാഹി

♦ വിസർജന വ്യവസ്ഥയിലെ ഏത് ഭാഗത്താണ് മൂത്രം ശേഖരിക്കുന്നത്?
മൂത്രാശയം

♦ ആരോഗ്യമുള്ള ഒരാളുടെ വൃക്കകൾ ഒരു ദിവസം ശരാശരി ----------മൂത്രം ഉൽപാദിപ്പിക്കുന്നു.
ഒന്നര ലിറ്റർ 

♦ ആവശ്യത്തിന് വെള്ളം കുടിക്കുകയും യഥാസമയം മൂത്രമൊഴിക്കുകയും ചെയ്തില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?
വൃക്കകൾ ശരിയായി പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കണം. ദീർഘനേരം മൂത്രമൊഴിക്കാതിരുന്നാൽ മൂത്രവാഹിയിലും മൂത്രാശയത്തിലും രോഗാണുക്കൾ പെരുകി മൂത്രാശയ അണുബാധയുണ്ടാകും. ഇത് മൂലം അടിവയറ്റിൽ വേദനയുണ്ടാകുകയും മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും അനുഭവപ്പെടുന്നു. 

♦ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
• പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം 
• ദിവസവും വ്യായാമം ചെയ്യണം 
• ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കണം 
• കൃത്രിമ പാനീയങ്ങളുടെ അമിതോപയോഗം ഒഴിവാക്കണം 
• ദിവസവും ഏകദേശം 12 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം 
• അനാവശ്യമായ മരുന്നിന്റെ ഉപയോഗം കുറയ്ക്കണം 

♦ വൃക്കകളുടെ പ്രവർത്തനം തകരാറിലായ ഒരാളെ രക്ഷിക്കാൻ എന്തെല്ലാം മാർഗങ്ങളുണ്ട്?
• ഡയാലിസിസ്
• വൃക്കമാറ്റിവയ്ക്കൽ

♦ വൃക്കമാറ്റിവയ്ക്കൽ (Kidney Transplantation)
• ആരോഗ്യമുള്ള ദാതാവിൽനിന്ന് ഒരു വൃക്കയെടുത്ത് രണ്ട് വൃക്കകളും തകരാറിലായ ഒരാളിലേക്ക് വച്ചുപിടിപ്പിക്കുന്നതാണ് വൃക്കമാറ്റിവയ്ക്കൽ. 
• വൃക്ക സ്വീകരിക്കുന്ന വ്യക്തിയുടെയും നൽകുന്ന വൃക്തിയുടെയും രക്തഗ്രൂപ്പ് ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ യോജിച്ചാൽ മാത്രമേ വൃക്കമാറ്റിവയ്ക്കൽ സാധ്യമാകൂ.
• 18 വയസ്സ് പൂർത്തിയായ ആരോഗ്യമുള്ള ഏതൊരാൾക്കും വൃക്കകളിൽ ഒന്ന് ദാനം ചെയ്യാം.
♦ ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ എന്തെല്ലാം പുറത്തുപോകുന്നു?
• ജലം
• ലവണങ്ങൾ 

♦ വിയർപ്പ്
• ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉണ്ടാക്കുന്നത്. 
• ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോകുന്നു. • വിയർപ്പ് ബാഷ്പമായി മാറാൻ വേണ്ട താപം നമ്മുടെ ശരീരത്തിൽ നിന്നെടുക്കുന്നു. 
• നമ്മുടെ ശരീരതാപനില ക്രമീകരിച്ച് നിർത്താൻ വിയർക്കൽ സഹായിക്കുന്നു. 

♦ ത്വക്കിന്റെ ധർമ്മങ്ങൾ എന്തെല്ലാം?
• ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉണ്ടാക്കുന്നത്. 
• ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോകുന്നു.
• ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുക, സ്പർശം അറിയുക എന്നിവയും ത്വക്കിന്റെ ധർമ്മങ്ങളാണ്.

♦ കുളിക്കുമ്പോൾ ത്വക്ക് നന്നായി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത എന്ത്?
ത്വക്കിലെ സൂക്ഷ്മസുഷിരങ്ങളിലൂടെയാണ് സ്വേദഗ്രന്ഥിയിൽനിന്ന് വിയർപ്പ് പുറത്തു വരുന്നത്. ഇവ ത്വക്കിൽ അടിഞ്ഞുകൂടിയാൽ രോഗങ്ങൾ ഉണ്ടാകും. അതിനാൽ കുളിക്കുമ്പോൾ ത്വക്ക് നന്നായി വൃത്തിയാക്കേണ്ടതുണ്ട്.

♦ കരൾ (Liver)
• മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. 
• രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസവസ്തുക്കളെ ഇത് നശിപ്പിക്കുന്നു. 
• കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം (Bile) ഉൽപാദിപ്പിക്കുന്നു. 
• പോഷകഘടകങ്ങൾ വിഘടിക്കുമ്പോൾ ശരീരത്തിന് ഹാനികരമായ അമോണിയ ഉണ്ടാകുന്നു. ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്നതും കരളാണ്.

♦ കോശങ്ങളിൽ ഉണ്ടാകുന്ന കാർബൺ ഡൈഓക്സൈഡിനെ പുറംതള്ളുന്ന അവയവം ഏത്?
ശ്വാസകോശം

♦ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരൾ 

♦ കരൾ ഉൽപാദിപ്പിക്കുന്ന രാസപദാർഥം ഏത്?
പിത്തരസം 

♦ കരളിന്റെ ധർമ്മങ്ങൾ എന്തെല്ലാം?
• രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസവസ്തുക്കളെ ഇത് നശിപ്പിക്കുന്നു. 
• കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം (Bile) ഉൽപാദിപ്പിക്കുന്നു. 
• പോഷകഘടകങ്ങൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ശരീരത്തിന് ഹാനികരമായ അമോണിയയെ കരൾ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്നു.

♦ നാഡീവ്യവസ്ഥ (Nervous System)
• സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ നമ്മെ സഹായിക്കുന്നത് നാഡീവ്യവസ്ഥയാണ്. 
• മസ്തിഷ്കം അഥവാ തല ച്ചോറ്, സുഷുമ്ന, നാഡികൾ എന്നിവ ചേർന്നതാണ് നാഡീവ്യവസ്ഥ.
• ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം. 
• മസ്തിഷ്കം തലയോട്ടിക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 
• കാഴ്ച, കേൾവി, ഓർമ്മ, ഭാവന, വികാരങ്ങൾ, ബുദ്ധി എന്നിവയുടെയെല്ലാം കേന്ദ്രം മസ്തിഷ്കമാണ്. 
• എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയാണ്. 
• മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

♦ മസ്തിഷ്കത്തിന്റെ പ്രധാന ധർമ്മങ്ങൾ എന്തെല്ലാം?
• വിവിധ പേശികളുടെ ചലനത്തെ നിയന്ത്രിക്കുക, ശരീരത്തിലെ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ച് വിവിധ കോശങ്ങൾക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയവ മസ്തിഷ്കത്തിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. 
• കാഴ്ച, കേൾവി, ഓർമ്മ, ഭാവന, വികാരങ്ങൾ, ബുദ്ധി എന്നിവയുടെയെല്ലാം കേന്ദ്രം മസ്തിഷ്കമാണ്. 

♦ മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്ന കവചത്തിന്റെ പേരെന്ത്?
തലയോട്ടി

♦ നാഡീവ്യവസ്ഥയുടെ പ്രധാനഭാഗങ്ങൾ എതെല്ലാം?
മസ്തിഷ്കം അഥവാ തല ച്ചോറ്, സുഷുമ്ന, നാഡികൾ എന്നിവ ചേർന്നതാണ് നാഡീവ്യവസ്ഥ.
♦ എന്താണ് കൗമാരകാലം?
10 മുതൽ 19 വയസ്സുവരെയുള്ള കാലഘട്ടമാണ് കൗമാരം. ജീവശാസ്ത്രപരമായി ഒട്ടേറെ സവിശേഷതകളുള്ള കാലമാണിത്. 

♦ കൗമാരകാലഘട്ടത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ് ?
സ്വാഭാവികമായ ഒരു പ്രക്രിയ എന്ന നിലയിൽ ഒട്ടേറെ ശാരീരികമാറ്റങ്ങൾ കൗമാരകാലത്ത് നടക്കുന്നു. തലച്ചോറിന്റെ വികാസം, ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർധനവ്, ഗ്രന്ഥികളുടെ വർധിച്ച പ്രവർത്തനക്ഷമത എന്നിവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതകളാണ്.

♦ എന്തൊക്കെയാണ് കൗമാരകാലത്ത് ഉണ്ടാകുന്ന ശാരീരികമാറ്റങ്ങൾ?
എന്താണ് ആർത്തവം (Menstruation)?
എല്ലാ മാസവും പ്രത്യുൽപാദനത്തിനുള്ള പല ഒരുക്കങ്ങളും ഒരു സ്ത്രീയുടെ ഗർഭാശയത്തിൽ നടക്കുന്നുണ്ട്. ഗർഭാശയത്തിന്റെ ആന്തരപാളിയിൽ ധാരാളം രക്തലോമികകളും കലകളും രൂപപ്പെടുന്നു. എന്നാൽ ഗർഭധാരണം നടക്കാതെ വന്നാൽ ഈ ഒരുക്കങ്ങൾ വെറുതെയാകുന്നു. അപ്പോൾ പുതിയതായി രൂപപ്പെട്ട രക്തലോമികകൾ പൊട്ടും. രക്തലോമികകളും മറ്റ് കലകളും ഗർഭാശയഭിത്തിയിൽ നിന്ന് അടർന്നുമാറുകയും രക്തത്തോടൊപ്പം ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. ഈ പ്രക്രിയയാണ് ആർത്തവം.

♦ ആർത്തവം എത്ര ദിവസങ്ങൾ വരെ നീണ്ടു നിന്നേക്കാം?
ഏഴു ദിവസംവരെ 

♦ ആർത്തവം ഏകദേശം ഓരോ --------- ദിവസം കൂടുമ്പോഴും ഉണ്ടാകേണ്ട ഒരു ശാരീരികപ്രക്രിയയാണ്. 
28 ദിവസം

♦ ആർത്തവകാലത്ത് ഉണ്ടാകുന്ന രക്തസ്രാവം വലിച്ചെടുക്കാൻ പെൺകുട്ടികൾ എന്തൊക്കെ മാർഗങ്ങളാണ് സ്വീകരിക്കുന്നത്?
ആർത്തവകാലത്ത് ഉണ്ടാകുന്ന രക്തസ്രാവം വലിച്ചെടുക്കാൻ അവർ സാനിറ്ററി നാപ്കിനുകൾ, തുണികൾ, മെൻസ്ട്രൽ കപ്പ് എന്നിവ ഉപയോഗിക്കുന്നു

♦ ആർത്തവകാലത്ത് സാനിട്ടറി നാപ്കിനുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മകളും അസൗകര്യങ്ങളും എന്തൊക്കെയാണ്? 
മേന്മകൾ അസൗകര്യങ്ങൾ
• ഉപയോഗിക്കാൻ എളുപ്പമാണ് • നിർമാർജനം ചെയ്യാനുള്ള ബുദ്ധിമുട്ട്
• അണുബാധയ്ക്കുള്ള സാധ്യത കുറവാണ്• കൃത്യമായ ഇടവേളയിൽ മാറ്റിയില്ലെങ്കിൽ, അത് അണുബാധയിലേക്ക് നയിക്കുന്നു
• സൗകര്യപ്രദവും വിലകുറവും• ചർമ്മത്തിൽ ചൊറിച്ചിലും തിണർപ്പും ഉണ്ടാകാം
♦ എന്താണ് മെൻസ്ട്രൽ കപ്പ് (Menstrual cup)?
ആർത്തവ സമയത്ത് ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദവും, വീണ്ടും ഉപയോഗിക്കാവുന്നതുമായ ഒരു വസ്തുവാണ് മെൻസ്ട്രൽ കപ്പ്.

♦ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മകൾ എന്തൊക്കെയാണ് ?
• മെൻസ്ട്രൽ കപ്പുകൾ വീണ്ടും ഉപയോഗിക്കാവുന്നവയാണ്
• അവ പരിസ്ഥിതി സൗഹൃദമാണ്
• അവ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു

♦ ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ എന്തൊക്കെയാണ്?
മെൻസ്ട്രൽ കപ്പ്, സാനിട്ടറി നാപ്കിനുകൾ, തുണികൾ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പോ വീര്യം കുറഞ്ഞ അണുനാശിനിയോ ഉപയോഗിച്ച് കഴുകണം. സാനിട്ടറി നാപ്കിനുകൾ, തുണികൾ എന്നിവ ഉപയോഗിക്കുമ്പോൾ ശുചിത്വത്തിന്റെ ഭാഗമായി അവ 4 - 5 മണിക്കൂറിനുള്ളിൽ മാറ്റാൻ ശ്രദ്ധിക്കുക.
♦ കൗമാരകാലത്ത് എങ്ങനെയുള്ള ഭക്ഷണമാണ് നാം കഴിക്കേണ്ടത്?
• കൗമാരം വളർച്ചയ്ക്കും വികാസത്തിനുമുള്ള ഒരു കാലഘട്ടമാണ്, അതിനാൽ ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന സമീകൃതാഹാരം പ്രധാനമാണ്.
• മാംസം, മത്സ്യം, മുട്ട, ബീൻസ്, അണ്ടിപ്പരിപ്പ് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ. 
• തവിട്ട് അരി, ഗോതമ്പ് ബ്രെഡ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ പോലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ. 
• പഴങ്ങളും പച്ചക്കറികളും - വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. 
• പാലുൽപ്പന്നങ്ങൾ - പാൽ, ചീസ്, തൈര്.
• ആരോഗ്യകരമായ കൊഴുപ്പുകൾ - അവോക്കാഡോ, പരിപ്പ്, വിത്തുകൾ, ഒലിവ് ഓയിൽ.
• ധാരാളം വെള്ളം കുടിക്കുക.

♦ ലൈംഗിക ചൂഷണം
ചെറിയ കുട്ടികൾ ഉൾപ്പെടെ സമൂഹത്തിൽ ആൺകുട്ടികളും പെൺകുട്ടികളും പലവിധ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. സ്വന്തം വീടുകൾ, ബന്ധുവീടുകൾ, വാഹനങ്ങൾ, വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വച്ചാണ് പലപ്പോഴും പീഡനങ്ങൾക്കിരയാകുന്നത്.

♦ ബന്ധുക്കൾ, സഹപാഠികൾ, സുഹൃത്തുക്കൾ, അപരിചിതർ എന്നിവരുമായി ഇടപഴകുമ്പോൾ, ഏത് തരത്തിലുള്ള ആളുകളെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്?
• അനുവാദമില്ലാതെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുന്നവർ
• ലൈംഗികചുവയോടെ സംസാരിക്കുന്നവരും നോക്കുന്നവരും
• അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണാൻ പ്രേരിപ്പിക്കുന്നവർ
• കൃത്രിമ സ്നേഹം കാണിക്കുന്നവരും ഉപഹാരങ്ങൾ നൽകുന്നവരും

♦ നിങ്ങൾക്ക്  ഇത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ എന്തു ചെയ്യണം?
• മാതാപിതാക്കൾ, സഹപാഠികൾ, അധ്യാപകർ, സ്കൂൾ കൗൺസിലർ തുടങ്ങിയവരോട് ഭയമില്ലാതെ കാര്യങ്ങൾ തുറന്നു പറയണം. 
• നിങ്ങളുടെ ശരീര ഭാഗത്ത് മറ്റൊരാൾ സ്പർശിക്കുമ്പോൾ മോശമായ സ്പർശം തിരിച്ചറിഞ്ഞ് 'No' എന്ന് ശക്തമായി പറയാൻ ശീലിക്കണം.
• വേണ്ടത്ര പരിഗണന കിട്ടുന്നില്ലെങ്കിൽ ചൈൽഡ് ഹെൽപ്പ് ലൈനിൽ നിങ്ങൾക്ക് വിളിക്കാം. 
• എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും സുരക്ഷ ലഭിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്.

♦ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ - 1098

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

വിലയിരുത്താം
1. താഴെപ്പറയുന്നവയിൽ വിസർജനം എന്ന ധർമ്മം നിർവഹിക്കാത്ത അവയവം ഏത്?
a. വൃക്ക
c. ഹൃദയം
b. കരൾ
b. ശ്വാസകോശം
ഉത്തരം: c. ഹൃദയം

2. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
a. ഓടുമ്പോൾ പൾസ് നിരക്ക് കൂടുന്നു.
b. എല്ലാ വ്യക്തികളുടെയും പൾസ് നിരക്ക് തുല്യമാണ്
c. കൈത്തണ്ടയിൽ മാത്രമേ പൾസ് നിരക്ക് അളക്കാൻ പറ്റൂ.
d. പൾസ് നിരക്കും ഹൃദയസ്പന്ദന നിരക്കും വ്യത്യസ്തമാണ്.
ഉത്തരം: a. ഓടുമ്പോൾ പൾസ് നിരക്ക് കൂടുന്നു.

3. മൂത്രാശയ രോഗങ്ങൾ തടയാൻ എന്തെല്ലാം ശ്രദ്ധിക്കണം?
• ആവശ്യത്തിന് വെള്ളം കുടിക്കുക
• ഇടയ്ക്കിടെ മൂത്രമൊഴിക്കുക
• വ്യക്തിശുചിത്വം പാലിക്കുക

4. ആർത്തവകാലത്ത് ഉണ്ടാകാൻ ഇടയുള്ള ശാരീരിക അസ്വസ്ഥതകൾ എന്തെല്ലാം?
• ആർത്തവത്തിനു മുന്നോടിയായും ആർത്തവസമയത്തും കലശലായ അടിവയർ വേദന, ഛർദി, നടുവ് വേദന, കാലിന് കഴപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ചിലർക്ക് അനുഭവപ്പെടാറുണ്ട്. 
• ചിലർക്ക് അമിതദേഷ്യം, ഉൽക്കണ്ഠ എന്നിവയും ഉണ്ടായേക്കാം 

5. 'മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം'. സമർഥിക്കുക.
വിവിധ പേശികളുടെ ചലനത്തെ നിയന്ത്രിക്കുക, ശരീരത്തിലെ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ച് വിവിധ കോശങ്ങൾക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയവ മസ്തിഷ്കത്തിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. കാഴ്ച, കേൾവി, ഓർമ്മ, ഭാവന, വികാരങ്ങൾ, ബുദ്ധി എന്നിവയുടെയെല്ലാം കേന്ദ്രം മസ്തിഷ്കമാണ്. അതുകൊണ്ടാണ് മസ്തിഷ്‌കം മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണെന്ന് പറയുന്നത്.




👉 Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here