Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 11 വിവേചനത്തിനെതിരെ - ചോദ്യോത്തരങ്ങൾ | Teaching Manual 

Questions and Answers for Class 7 സോഷ്യൽ സയൻസ് - വിവേചനത്തിനെതിരെ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 11 Against Discrimination - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 7: സോഷ്യൽ സയൻസ് - അധ്യായം 11: വിവേചനത്തിനെതിരെ - ചോദ്യോത്തരങ്ങൾ 
♦ ആരാണ് ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനം നടപ്പിലാക്കിയത് ?
• ബ്രിട്ടീഷുകാർ 

♦ ഏതു സാഹചര്യത്തിലാണ് നെൽസൺ മണ്ടേലയ്ക്ക് ഇത്തരം ഒരു വിചാരണ നേരിടേണ്ടിവന്നത് ?
വർണ്ണത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം അടിച്ചമർത്തൽ നേരിട്ട് ദക്ഷിണാഫ്രിക്കൻ ജനതയുടെ മോചനത്തിനായി പോരാടിയ വ്യക്തിയാണ് നെൽസൺ മണ്ടേല. സ്വന്തം രാജ്യത്തിന്റെയും ജനങ്ങളുടെയും മോചനത്തിനുവേണ്ടി പ്രവർത്തിച്ചതിന് അദ്ദേഹത്തിന് മൂന്ന് ദശാബ്ദത്തോളം ജയിൽവാസമനുഭവിക്കേണ്ടിവന്നു.

♦ ദക്ഷിണാഫ്രിക്ക ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ആഫ്രിക്ക 

♦ ദക്ഷിണാഫ്രിക്കയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്തൊക്കെയാണ്?
• ആഫ്രിക്കൻ വൻകരയുടെ തെക്കേയറ്റത്ത് ഇന്ത്യൻ മഹാസമുദ്രവും അറ്റ്‌ലാന്റിക് സമുദ്രവുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. 
• വൈവിധ്യമാർന്ന ഭൂപ്രകൃതി സവിശേഷതകൾ ദക്ഷിണാഫ്രിക്കയുടെ പ്രത്യേകതയാണ്. വിശാലമായ തീരപ്രദേശങ്ങൾ, വിസ്തൃതമായ സമതലങ്ങളും പീഠഭൂമികളും, ഉയർന്ന പർവതനിരകൾ, വൻനദികൾ, വെള്ളച്ചാട്ടങ്ങൾ, വരണ്ട മരുപ്രദേശം തുടങ്ങിയവ ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നു.

♦ യൂറോപ്യന്മാരെ ദക്ഷിണാഫ്രിക്കയിലേക്ക് ആകർഷിച്ചത് എന്താണ്?
ഉൾനാടൻ കൃഷിഭൂമികളിലും ഖനികളിലും നിന്നുള്ള സമ്പത്ത്, കാലാവസ്ഥ, മനുഷ്യസമ്പത്ത് ഇവ യൂറോപ്യരെ ദക്ഷിണാഫ്രിക്കയിലേക്ക് ആകർഷിച്ചു.

♦ ഏതെല്ലാം അക്ഷാംശ, രേഖാംശ രേഖകൾക്കിടയിലാണ് ദക്ഷിണാഫ്രിക്ക സ്ഥിതി ചെയ്യുന്നത്? 
അക്ഷാംശം: 22° തെക്ക് മുതല്‍ 35⁰ തെക്കു വരെ 
രേഖാംശം: 16° കിഴക്കു മുതല്‍ 33°കിഴക്കു വരെ.

♦ ദക്ഷിണാഫ്രിക്കയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതെല്ലാം?
• വടക്കുപടിഞ്ഞാറ് നമീബിയ.
• വടക്ക് ബോട്സ്വാനയും സിംബാബ്‌വെയും.
• വടക്കുകിഴക്ക് മൊസാംബിക്.
• കിഴക്ക് ഇസ്വാറ്റിനി (സ്വാസിലാൻഡ്).

♦ ഡിജിറ്റൽ മാപ്പ് ഉപയോഗിച്ച് ആഫ്രിക്കൻ വൻകരയിൽ ദക്ഷിണാഫ്രിക്കയുടെ സ്ഥാനം, തലസ്ഥാനം, പ്രധാന നഗരങ്ങൾ, ചരിത്ര പ്രധാന കേന്ദ്രങ്ങൾ എന്നിവ കണ്ടെത്തുക.

● സ്ഥാനം:
അക്ഷാംശം: 22° തെക്ക് മുതല്‍ 35⁰ തെക്കു വരെ 
രേഖാംശം: 16° കിഴക്കു മുതല്‍ 33°കിഴക്കു വരെ.

● തലസ്ഥാനം:
3 വ്യത്യസ്ത നഗരങ്ങളിൽ നിന്നു ‘ഭരിക്കപ്പെടുന്ന’ രാജ്യമാണ് ദക്ഷിണാഫ്രിക്ക. 
ലെജിസ്ലേറ്റീവ് ആസ്ഥാനം- കേപ് ടൗൺ (പാർലമെന്റ് ഇവിടെ)
ഭരണനിർവഹണ തലസ്ഥാനം- പ്രിട്ടോറിയ (പ്രസിഡന്റിന്റെ ഓഫിസ് അടക്കം ഇവിടെ. ഇന്ത്യൻ ഹൈക്കമ്മിഷനും ഇവിടെ)
ജുഡീഷ്യൽ ആസ്ഥാനം- ബ്ലുംഫൊൻറ്റെയ്ൻ (സുപ്രീം കോർട്ട് ഓഫ് അപ്പീൽ ഇവിടെ)

● പ്രധാന നഗരങ്ങൾ:
ജോഹന്നാസ്ബർഗ്, കേപ് ടൗൺ, ഡർബൻ, പ്രിട്ടോറിയ, പോർട്ട് എലിസബത്ത്, ബ്ലൂംഫോണ്ടെയ്ൻ

● ചരിത്ര പ്രധാന കേന്ദ്രങ്ങൾ:
റോബൻ ദ്വീപ്, അപ്പാർത്തീഡ് മ്യൂസിയം, കാസിൽ ഓഫ് ഗുഡ്ഹോപ്, ക്രാഡിൽ ഓഫ് മാൻകൈൻഡ്, ഡിസ്ട്രിക്റ്റ് സിക്സ് മ്യൂസിയം, ഫ്രീഡം പാർക്ക്, വൂർട്രേക്കർ സ്മാരകം, നെൽസൺ മണ്ടേല ക്യാപ്ചർ സൈറ്റ്, പിനാക്കിൾ പോയിൻ്റ് ഗുഹകൾ, കമ്പനീസ് ഗാർഡൻ 

♦ ആഫ്രിക്കൻ വൻകരയുടെ തെക്കേയറ്റത്തായി അറ്റ്‌ലാന്റിക് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഭൂപ്രദേശം. 
ശുഭപ്രതീക്ഷാ മുനമ്പ്. 

♦ ആഫ്രിക്കൻ വൻകരയുടെ തെക്കേയറ്റം "ശുഭപ്രതീക്ഷാ മുനമ്പ്'' എന്ന പേരിൽ അറിയപ്പെടാനുള്ള കാരണമെന്ത്?
യൂറോപ്യർക്ക് അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലൂടെ ആഫ്രിക്കൻ വൻകരയെ ചുറ്റി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയാലേ ഏഷ്യാവൻകരയിലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് എത്താൻ കഴിയുമായിരുന്നുള്ളു. ഏഷ്യയിലേയ്ക്ക് എത്താനുള്ള പ്രതീക്ഷ നൽകുന്നത് എന്ന അർഥത്തിൽ ഇവിടം "ശുഭപ്രതീക്ഷാ മുനമ്പ്'' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

♦ എന്താണ് കോളനിവൽക്കരണം?
ഒരു രാജ്യം മറ്റൊരു പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും മേൽ അധികാരം സ്ഥാപിച്ച് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെയാണ് കോളനിവൽക്കരണം എന്നുപറയുന്നത്.
♦ ദക്ഷിണാഫ്രിക്കയിലെ ആദിമനിവാസികൾ ആര് ?
സാൻ, ഖോസാ തുടങ്ങിയ ജനവിഭാഗങ്ങളായിരുന്നു ദക്ഷിണാഫ്രിക്കയിലെ ആദിമനിവാസികൾ. 

♦ യൂറോപ്യർ ദക്ഷിണാഫ്രിക്കയിൽ എത്തിത്തുടങ്ങിയത് എപ്പോഴാണ്?
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 

♦ ഡച്ചുകാർ അധീനതയിലാക്കിയ ദക്ഷിണാഫ്രിക്കൻ പ്രദേശം?
കേപ്പ് ടൗൺ 

♦ ദക്ഷിണാഫ്രിക്കയെ കോളനിയാക്കി മാറ്റാൻ ബ്രിട്ടൻ ശ്രമിച്ചതിനുള്ള കാരണങ്ങൾ എന്തെല്ലാമായിരുന്നു?
• ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഭൂപ്രദേശങ്ങൾ സ്വന്തമാക്കുക, ആഫ്രിക്കൻ വൻകരയിലെ അളവറ്റ സമ്പത്ത് കൈക്കലാക്കുക, മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധീശത്വം സ്ഥാപിക്കുക, ഏഷ്യാവൻകരയിലേക്കുള്ള സഞ്ചാരത്തിന് ഇടത്താവളമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബ്രിട്ടൻ ദക്ഷിണാഫ്രിക്കയെ കോളനിയാക്കാൻ ശ്രമിച്ചത്.

♦ ആരാണ് ബൂവറുകൾ?
യൂറോപ്പിൽ നിന്ന് ആദ്യം ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലന്റ് (ഡച്ച്), ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യക്കാരുടെ പിന്മുറക്കാരാണ് ബൂവറുകൾ.

♦ ബൂവർ എന്ന ഡച്ച് പദത്തിന്റെ അർഥം എന്താണ്?
കൃഷിക്കാരൻ 

♦ പിൽക്കാലത്ത് ബൂവറുകൾ എങ്ങനെയാണ് അറിയപ്പെട്ടത്?
ആഫ്രിക്കാനർ (Afrikaner) 

♦ ആഫ്രിക്കാനരുടെ ഭാഷയും സംസ്കാരവും എങ്ങനെയാണ് അറിയപ്പെടുന്നത്?
ആഫ്രിക്കാൻസ് (Afrikaans) 

♦ ബ്രിട്ടൻ നടപ്പിലാക്കിയ കോളനിവൽക്കരണ പദ്ധതികൾ ബൂവർമാരെ എങ്ങനെ ബാധിച്ചു?
• ഡച്ചു ഭാഷയ്ക്ക് ഉപരോധമേർപ്പെടുത്തി. 
• ഇംഗ്ലീഷ്, കേപ്പ് കോളനിയിലെ ഏക ഭാഷയാക്കി. 
• ബ്രിട്ടൻ, തങ്ങളുടെ കോളനികളിൽ അടിമത്തം നിരോധിച്ചു. 
• അടിമകളെ പ്രയോജനപ്പെടുത്തി കൃഷി നടത്തിയിരുന്ന ബ്രൂവറുകളെ ഇത് പ്രതികൂലമായി ബാധിച്ചു.
♦ എന്താണ് ഗ്രേറ്റ് ട്രെക്ക്?
ബ്രിട്ടൻ നടപ്പിലാക്കിയ കോളനിവൽക്കരണ നയങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേപ്പ് കോളനിയിൽ നിന്ന് ദക്ഷിണാഫ്രിക്കയുടെ ഉൾപ്രദേശങ്ങളിലേക്ക് ബൂവറുകൾ നടത്തിയ പലായനമാണ് ഗ്രേറ്റ് ട്രെക്ക് എന്നറിയപ്പെടുന്നത്.

♦ ഗ്രേറ്റ് ട്രെക്കിനെത്തുടർന്ന് ബ്രൂവറുകൾ എവിടെയൊക്കെ റിപ്പബ്ലിക്കുകൾ സ്ഥാപിച്ചു?
ഗ്രേറ്റ് ട്രെക്കിനെത്തുടർന്ന് ബ്രൂവറുകൾ ട്രാൻസ്വാൾ, ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, നേറ്റാൽ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കുകൾ സ്ഥാപിച്ചു.

♦ ദക്ഷിണാഫ്രിക്കയുടെ ചരിത്രം തിരുത്തിയ ബൂവർ യുദ്ധങ്ങൾക്ക് കാരണമായ സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു?
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബൂവർ റിപ്പബ്ലിക്കിന്റെ അധീനപ്രദേശങ്ങളിൽ സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും ഖനികൾ കണ്ടുപിടിക്കപ്പെട്ടു. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാന സ്വർണ്ണ, വജ്ര ഉൽപാദകരായി ദക്ഷിണാഫ്രിക്ക മാറി. ബൂവർ റിപ്പബ്ലിക്കുകളെ ബ്രിട്ടീഷ് കോളനി പ്രദേശങ്ങളോടൊപ്പം കൂട്ടിച്ചേർക്കാൻ ബ്രിട്ടൻ ശ്രമിച്ചതോടെയാണ് ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത്.

♦ ഒന്നാം ബൂവർ യുദ്ധത്തിൻ്റെ പ്രധാന കാരണങ്ങളും ഫലങ്ങളും എന്തായിരുന്നു?
കൂടുതൽ പ്രദേശങ്ങളിലേക്ക് ബ്രിട്ടീഷ് ഭരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടൻ ബൂവറുകളിൽ നിന്നും ട്രാൻസ്വാൾ പിടിച്ചെടുത്തു. ഇതോടെ ഒന്നാം ബൂവർ യുദ്ധം (1880-81) ആരംഭിച്ചു. ഈ യുദ്ധത്തിൽ ബൂവറുകൾ വിജയിക്കുകയും ട്രാൻസ്വാളും സമീപ പ്രദേശങ്ങളും കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്ക് രൂപീകരിക്കുകയും ചെയ്തു. 

♦ രണ്ടാം ബൂവർ യുദ്ധത്തിൻ്റെ പ്രധാന കാരണങ്ങളും ഫലങ്ങളും എന്തായിരുന്നു?
സ്വർണ്ണഖനികളിൽ നിന്നുള്ള സമ്പത്തും അവയുടെ നിയന്ത്രണവും സംബന്ധിച്ച തർക്കങ്ങളാണ് രണ്ടാം ബൂവർ യുദ്ധത്തിലേക്ക് നയിച്ചത്. ബൂവർ ഭരണാധികാരികൾ ഖനികൾക്ക് നികുതി ഏർപ്പെടുത്തി. ഖനികളിലെ ബ്രിട്ടീഷുകാരായ തൊഴിലാളികൾക്ക് ബ്രിട്ടൻ വോട്ടവകാശം ആവശ്യപ്പെട്ടു. റിപ്പബ്ലിക്കൻ ഭരണാധികാരികൾ ഈ ആവശ്യം നിരസിച്ചതോടെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിനാശകരമായ സായുധപോരാട്ടമായ രണ്ടാം ബൂവർ യുദ്ധം (1899-1902) ആരംഭിച്ചു. ഈ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം ബൂവർ റിപ്പബ്ലിക്കുകളെ പരാജയപ്പെടുത്തി.

♦ ബ്രിട്ടൻ്റെ പരമാധികാരത്തെ ബൂവറുകൾ അംഗീകരിച്ച സന്ധി ഏത് ?       
വെരി നിഗിംഗ് സന്ധി

♦ ബൂവർ യുദ്ധങ്ങളുടെ അനന്തര ഫലങ്ങൾ എന്തെല്ലാമാണ്?
• വെരി നിഗിംഗ് സന്ധിയനുസരിച്ച് ബൂവറുകൾ ബ്രിട്ടന്റെ പരമാധികാരം അംഗീകരിച്ചു. 
• ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശം എന്ന നിലയിൽ യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകരിച്ചു. 
• യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്കയിൽ നടപ്പിലാക്കിയ ഭരണഘടനയനുസരിച്ച് ബ്രിട്ടീഷുകാർക്കും ആഫ്രിക്കാനർമാർക്കും ഉയർന്ന പരിഗണന ലഭിച്ചു. 
• കറുത്തവർഗക്കാരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു.

♦ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ എത്തിയത് എന്ന് ? 
1893-ൽ 

♦ ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വിവേചനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ അഭിപ്രായവും അദ്ദേഹത്തിന്റെ സമരരീതികളും ഉൾപ്പെടുത്തി ഒരു വിശകലന കുറിപ്പ് തയ്യാറാക്കുക.
• ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച 'ഇന്ത്യൻ ഒപ്പീനിയൻ' എന്ന പത്രത്തിൽ കൊളോണിയൽ ഭരണകൂടം ആഫ്രിക്കക്കാരോട് കാണിക്കുന്ന വിവേചനത്തെക്കുറിച്ച് ഇപ്രകാരം എഴുതി: "ആഫ്രിക്കക്കാർ മാത്രമാണ് ഭൂമിയിലെ ആദിമനിവാസികൾ. വെള്ളക്കാരാകട്ടെ, ആ ഭൂമി ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയും തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തു''.
• രണ്ടാം ബൂവർ യുദ്ധകാലത്ത് യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. 
• സത്യഗ്രഹം, നിസ്സഹകരണം, നിയമലംഘനം തുടങ്ങിയ സമരരീതികൾ ഗാന്ധിജി പരീക്ഷിച്ചത് ഇവിടെയായിരുന്നു. 
• "ഗാന്ധിജിയുടെ രാഷ്ട്രീയപരീക്ഷണശാല' എന്നാണ് ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത്.

♦ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പരീക്ഷിച്ച സമരരീതികൾ ഏതെല്ലാം?
• സത്യഗ്രഹം
• നിസ്സഹകരണം 
• നിയമലംഘനം 

♦ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
'ഇന്ത്യൻ ഒപ്പീനിയൻ' 
♦ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് കാരണമായ സാഹചര്യത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• ദക്ഷിണാഫ്രിക്ക ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമായതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ വെള്ളക്കാരാൽ നയിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പാർട്ടി അധികാരത്തിലെത്തി. 
• പാർപ്പിടം, ഭരണം, വ്യവസായം തുടങ്ങിയ മേഖലകളിൽ ജനങ്ങളെ ബാധിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നു. 
• കറുത്തവരും വെളുത്തവരും എന്ന വംശീയ വേർതിരിവ് ശക്തമായി. 
• ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യവും, വിദ്യാഭ്യാസത്തിനുള്ള അവകാശവും നിഷേധിച്ചു. 
• ഈ നയങ്ങളിൽ പ്രതിഷേധിച്ച് ആഫ്രിക്കൻ ജനതയുടെ അവകാശസംരക്ഷണത്തിനായി രൂപീകരിച്ച സൗത്ത് ആഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ് എന്ന സംഘടനയാണ് പിൽക്കാലത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്നറിയപ്പെട്ടത്. 

♦ ദക്ഷിണാഫ്രിക്കയിൽ അധികാരത്തിലിരുന്ന വിവിധ ഗവൺമെന്റുകൾ നടപ്പിലാക്കിയ അടിച്ചമർത്തൽ നിയമങ്ങളും അവയുടെ ഫലങ്ങളും എന്തെല്ലാമായിരുന്നു?
● ഖനി-തൊഴിൽ നിയമം (The Mines and Works Regulations Act): 
വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾ വെളുത്ത വർഗക്കാർക്ക് മാത്രമായി സംവരണം ചെയ്തു.

● പ്രാദേശിക ഭൂനിയമം (Natives Land Act): കറുത്തവർക്ക് "റിസർവുകൾ' എന്ന പേരിൽ നീക്കിവച്ച പ്രത്യേക പ്രദേശങ്ങളിൽ അല്ലാതെ മറ്റിടങ്ങളിൽ നിന്നും ഭൂമി വാങ്ങാൻ അവകാശമില്ല

● പ്രാദേശിക നഗര പ്രദേശ നിയമം (The Natives [Urban Areas] Act): കറുത്ത വർഗക്കാർക്ക് നഗരങ്ങളിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി.

● വോട്ടർമാരുടെ പ്രത്യേക പ്രാതിനിധ്യനിയമം (Separate Representation of Voters Act): കറുത്ത വർഗക്കാരെ പൊതു വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു.

♦ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവ്?
നെൽസൺ മണ്ടേല

♦ നെൽസൺ മണ്ടേല
1918 ജൂലൈ 18-ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കി പ്രവിശ്യയിലെ തെംബു രാജകുടുംബത്തിലാണ് നെൽസൺ മണ്ടേല ജനിച്ചത്. രോലിഹ്‌ലാഹ്‌ല എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പിതാവ്, മാഡിബ വംശത്തിന്റെ തലവനായിരുന്ന ഗാഡ ഹെൻട്രി മണ്ടേലയും മാതാവ്, നോസ്കെനി ഫാന്നിയുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഗോത്രപാരമ്പര്യം, സംസ്കാരം എന്നിവയിൽ പഠനം നടത്തുകയും പിന്നീട് അഭിഭാഷക ബിരുദം നേടുകയും ചെയ്തു. 

♦ മാതാപിതാക്കൾ നൽകിയ പേരിനുപകരം നെൽസൺ മണ്ടേലയ്ക്ക് ടീച്ചർ പുതിയ പേര് നൽകാൻ കാരണമെന്തായിരിക്കാം?
വർണ്ണവിവേചന കാലത്ത് ആഫ്രിക്കൻ കുട്ടികളെ യൂറോപ്യൻ പേരുകൾ  നൽകുന്നതിലൂടെ, വെള്ളക്കാരുടെ നിയമങ്ങളാൽ ഭരിക്കുന്ന ഒരു സമൂഹത്തിലേക്ക് അവരെ അനുയോജ്യരാക്കാനും, അവരുടെ സാംസ്കാരത്തെ ഇല്ലാതാക്കാനുമുള്ള വെളുത്ത കൊളോണിയൽ ഗവൺമെൻ്റിൻ്റെ ബോധപൂർവമായ ശ്രമമായിരുന്നു ഇത്.

♦ ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ എന്തെല്ലാം അടിച്ചമർത്തലുകളാണ് നേരിട്ടിരുന്നത്?
• വർണവിവേചനം
• സഞ്ചരിക്കാൻ പ്രത്യേക അനുമതിപത്രങ്ങൾ
• തൊഴിൽ നിഷേധം  
• വോട്ടവകാശനിഷേധം 
• വിദ്യാഭ്യാസാവകാശനിഷേധം 

♦ നെൽസൺ മണ്ടേല യുവജനങ്ങളെ അണിനിരത്തി രൂപീകരിച്ച യുവജന സംഘടന ഏതാണ്?
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗ് 

♦ നെൽസൺമണ്ടേലയോടൊപ്പം പ്രവർത്തിച്ചിരുന്ന പ്രധാന നേതാക്കൾ ആരെല്ലാം?
വാൾട്ടർ സിസിലു, ഒലിവർ താംബോ, ഡെസ്മണ്ട് ടുട്ടു 

♦ എന്താണ് വർണ്ണവിവേചനം (Apartheid)? 
• കറുത്ത വർഗക്കാർക്കെതിരെ വംശീയമായും സാമ്പത്തികമായും ഏർപ്പെടുത്തിയ വേർതിരിക്കലിന്റെ സാമൂഹ്യക്രമമാണ് വർണ്ണവിവേചനം. • ദക്ഷിണാഫ്രിക്കയിലെ ഇതര ജനവിഭാഗങ്ങളിൽ നിന്ന് വെളുത്ത വർഗക്കാർക്ക് ഉയർന്ന പരിഗണന ഇതുമൂലം ഉറപ്പാക്കപ്പെട്ടു. 
• 1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി, വേർതിരിവും വിവേചനവും നിയമം മൂലം നടപ്പിലാക്കിക്കൊണ്ട് വർണ്ണവിവേചനം നിയമാനുസൃതമാക്കി. 

♦ വർണ്ണവിവേചനം നടപ്പിലാക്കുന്നതിനുവേണ്ടി രൂപീകരിച്ച പ്രധാനപ്പെട്ട നിയമങ്ങൾ ഏതെല്ലാമാണ്?
● പാസ്സ് നിയമം (Native Pass Law Act): കറുത്ത വർഗക്കാർക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ പ്രത്യേക അനുമതിപത്രങ്ങൾ (Passes) ആവശ്യമായിരുന്നു.

● ഗ്രൂപ്പ് ഏരിയ നിയമം (Group Areas and Segregation Act): വംശത്തെ അടിസ്ഥാനമാക്കി ആളുകളെ പ്രത്യേക പ്രദേശങ്ങളിലേക്ക് മാറ്റി. ഈ വ്യവസ്ഥ മഹാവർ ണ്ണവിവേചനം (Great Apartheid) എന്നറിയപ്പെട്ടു.

● ജനസംഖ്യ രജിസ്ട്രേഷൻ നിയമം (Population Registration Act): 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും അവരുടെ വംശത്തെ വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി.

● ബന്റു അധികാര നിയമം (Home Land System Bantu Authorities Act): 
കറുത്തവർ പ്രത്യേക സ്വയംഭരണ പ്രദേശങ്ങളിലെ പൗരരായി മാറുകയും അവർക്ക് ദക്ഷിണാഫ്രിക്കൻ പൗരത്വം നഷ്ടപ്പെടുകയും ചെയ്തു.

● പ്രത്യേക സൗകര്യ സംവരണ നിയമം (Reservation of Separate Amenities Act): മൈതാനങ്ങൾ, ബീച്ചുകൾ, ബസ്സ്, ആശുപത്രി, സ്കൂളുകൾ, പാർക്ക് തുടങ്ങിയ പൊതുഇടങ്ങളിൽ സൂചനാഫലകങ്ങൾ സ്ഥാപിച്ചു.

● ബന്റു വിദ്യാഭ്യാസ നിയമം (The Bantu Education Act): കറുത്ത വർഗക്കാർക്ക് പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസത്തിന് മാത്രം അവകാശം നൽകി.

♦ വെള്ളക്കാർ മനുഷ്യത്വരഹിതമായ നിയമങ്ങൾ നടപ്പിലാക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ഉടമകളായിരുന്ന ജനങ്ങൾക്ക് എന്ത് സംഭവിച്ചു? 
മനുഷ്യത്വരഹിതമായ നിയമങ്ങൾ നടപ്പിലാക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ഉടമകളായിരുന്ന ജനങ്ങൾ വോട്ടവകാശമില്ലാത്തവരും ഭരണാവകാശവും വിദ്യാഭ്യാസാവകാശവും നിഷേധിക്കപ്പെട്ടവരുമായിത്തീർന്നു.

♦ ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാമാണ്?
• കോളനിവൽക്കരണവും വർണ്ണവിവേചനവും ദക്ഷിണാഫ്രിക്കയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. 
• കറുത്ത വർഗക്കാർ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും തകർച്ച നേരിട്ടു. 
• ദേശീയ സമ്പദ്വ്യവസ്ഥ ദ്രുതഗതിയിൽ വളർന്നെങ്കിലും തദ്ദേശീയജനത അടിസ്ഥാന ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ടി.

♦ ദക്ഷിണാഫ്രിക്കൻ ഇന്ത്യൻ കോൺഗ്രസിന്റേയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെയും ആഹ്വാനമനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർ ആരെല്ലാം? 
ഫാക്ടറിത്തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗം ജനങ്ങൾ സമരങ്ങളിൽ ഒത്തുചേർന്നു. 
♦ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന സമരമായിരുന്നു വീട്ടിലിരിപ്പ് സമരം. എന്തുകൊണ്ട്?
വോട്ടവകാശം, വർണ്ണവിവേചനം ഇല്ലാത്ത ഭരണഘടന, പാസ്സ് നിയമങ്ങൾ പിൻവലിക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വീട്ടിലിരിപ്പ് എന്ന പുതിയ സമരരീതി സംഘടിപ്പിക്കപ്പെട്ടു. തദ്ദേശീയരും ഇന്ത്യക്കാരുമായ തൊഴിലാളികൾ ഈ സമരത്തിൽ പങ്കെടുത്തു. രാജ്യത്തെ ഫാക്ടറികൾ, തുണിമില്ലുകൾ, വിദ്യാലയങ്ങൾ ഇവയെല്ലാം അടഞ്ഞു കിടന്നു. ഈ പണിമുടക്ക് വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ ഐക്യവും ശക്തിയും വെളിപ്പെടുത്തി. 
 
♦ സായുധകലാപങ്ങൾക്ക് ആഹ്വാനം ചെയ്തതിന് നെൽസൺ മണ്ടേലയെ ഭരണകൂടം ശിക്ഷിച്ചത് എങ്ങനെയാണ്? 
1964-ൽ അട്ടിമറി, രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാരോപിച്ച് നെൽസൺ മണ്ടേലയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചു. റോബൻ ദ്വീപിലും പോൾസ് മൂർ ജയിലിലുമായി തുടർച്ചയായി 26 വർഷം കഠിനമായ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു. 

♦ വർണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസംഘടന പാസാക്കിയ പ്രമേയം എന്തായിരുന്നു?
"മനുഷ്യത്വത്തിനെതിരെയുള്ള കുറ്റമാണ് വർണ്ണവിവേചനം' 

♦ നെൽസൺ മണ്ടേല ജയിൽമോചിതനായതെന്ന് ?
1990 ഫെബ്രുവരി 11-ന് 

♦ വർണ്ണവിവേചനനയം പിൻവലിക്കപ്പെട്ടത് എന്ന് ?
1991-ൽ 

♦ നെൽസൺ മണ്ടേല സ്വതന്ത്ര ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ?
1994-ൽ 




👉 Std 7 New TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here