Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 12 ചരിത്രത്തിന്റെ ആധാരശിലകൾ - ചോദ്യോത്തരങ്ങൾ | Teaching Manual
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 7: സോഷ്യൽ സയൻസ് - അധ്യായം 12: ചരിത്രത്തിന്റെ ആധാരശിലകൾ - ചോദ്യോത്തരങ്ങൾ
♦ പാഠപുസ്തകം പേജ് 181 ൽ നൽകിയിരിക്കുന്ന പ്രാദേശിക ചരിത്രക്കുറിപ്പ് വായിച്ചല്ലോ. ഈ കുറിപ്പ് തയ്യാറാക്കുന്നതിന് ഏതെല്ലാം സ്രോതസ്സുകളെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്താമോ?
• പുരാവസ്തു തെളിവുകൾ
• ലിഖിതങ്ങൾ
• സാഹിത്യകൃതികൾ
• പാത്രങ്ങളുടെയും മറ്റ് വസ്തുക്കളുടെയും അവശിഷ്ടങ്ങൾ
• റോമൻ നാണയങ്ങൾ
• പ്രാചീന ഗുഹാ ക്ഷേത്രം
♦ എന്താണ് ചരിത്രം?
തെളിവുകളെ അടിസ്ഥാനമാക്കി ഭൂതകാലത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പഠനശാഖയാണ് ചരിത്രം.
♦ ചരിത്രരചന നടത്തുന്നതെങ്ങനെയാണ്?
ചരിത്ര രചനയ്ക്കാവശ്യമായ ഒട്ടേറെ തെളിവുകൾ ഓരോ കാലവും പല രൂപത്തിൽ അവശേഷിപ്പിച്ചിട്ടുണ്ടാകും. അവ സമാഹരിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്ത് ഭൂതകാലത്തെ രേഖപ്പെടുത്തുന്നതാണ് ചരിത്രരചന.
♦ എന്താണ് പ്രാദേശിക ചരിത്രം?
ഒരു ചെറിയ പ്രദേശത്തിന്റെയോ വ്യക്തിയുടെയോ സംഭവത്തിന്റെയോ സൂക്ഷ്മവും സമഗ്രവുമായ രേഖപ്പെടുത്തലാണ് പ്രാദേശിക ചരിത്രം.
♦ ചരിത്രരചനയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• വിശാലമായ പ്രദേശത്തിന്റെയോ നാടിന്റെയോ രാജ്യത്തിന്റെയോ സംഭവങ്ങളുടെയോ ചരിത്രം രേഖപ്പെടുത്തുന്നു.
• എഴുതപ്പെട്ട രേഖകൾ, പുരാവസ്തു തെളിവുകൾ, ചരിത്ര അവശേഷിപ്പുകൾ എന്നിവ ഉപയോഗപ്പെടുത്തി ചരിത്രം നിർമ്മിക്കുന്നു.
• ഭൂതകാല സംഭവങ്ങൾ, സംസ്കാരങ്ങൾ, സമൂഹങ്ങൾ എന്നിവയെ വിശാലമായ കാഴ്ചപ്പാടിൽ വിലയിരുത്തുന്നു.
♦ പ്രാദേശിക ചരിത്രരചനയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• ലോക ചരിത്രം, രാജ്യ ചരിത്രം, പ്രവിശ്യാ ചരിത്രം എന്നിവയിൽ നിന്ന് വ്യത്യസ്തമായി ചെറിയ ഭൂപ്രദേശത്തിന്റെയോ വിഷയങ്ങളുടെയോ സംഭവങ്ങളുടെയോ സൂഷ്മമായ ചരിത്രാന്വേഷണമാണിത്.
• പ്രാദേശിക ആഘോഷങ്ങളും രുചിശീലങ്ങളും ആചാരാനുഷ്ഠാനങ്ങളും വാമൊഴി വഴക്കങ്ങളും ചരിത്ര രചനയുടെ ഭാഗമാകുന്നു.
• ചരിത്രത്തെ ജനാധിപത്യവൽക്കരിച്ച് മുഖ്യധാരാചരിത്രത്തിൽ ഇടം കിട്ടാതെ പോയ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും സംഭവങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്നു.
♦ എന്താണ് ചരിത്ര സ്രോതസ്സുകൾ?
• ചരിത്രത്തെക്കുറിച്ച് നമുക്ക് വിവരം നൽകുന്ന എന്തിനെയും ചരിത്രരചനയ്ക്കുള്ള സ്രോതസ്സുകൾ എന്ന് വിളിക്കാം.
• നിശ്ചിത കാലഘട്ടവുമായി ബന്ധപ്പെട്ടതും ഉപയുക്തമായ വിവരങ്ങൾ നമുക്ക് നൽകുന്നതുമായ ഏതൊരു വസ്തുവും ഒരു ചരിത്ര സ്രോതസ്സാണ്.
♦ ചരിത്രരചനയ്ക്ക് പ്രയോജനകരമായ പ്രധാന ചരിത്ര സ്രോതസ്സുകൾ എന്തെല്ലാമാണ്?
• പുരാവസ്തുക്കൾ
• സ്മാരകങ്ങൾ
• സാഹിത്യകൃതികൾ
• സഞ്ചാരക്കുറിപ്പുകൾ
• പത്രങ്ങൾ
• ഔദ്യോഗിക രേഖകൾ
♦ എന്താണ് പുരാവസ്തുശാസ്ത്രപരമായ സ്രോതസ്സുകൾ?
പുരാവസ്തുശാസ്ത്രപരമായ സ്രോതസ്സുകൾ അവ നിർമ്മിക്കപ്പെട്ട കാലഘട്ടത്തിലെ ജീവിതത്തെക്കുറിച്ച് വിവരങ്ങളോ തെളിവുകളോ നൽകുന്നവയാണ്.
♦ പ്രധാനപ്പെട്ട പുരാവസ്തുശാസ്ത്രപരമായ സ്രോതസ്സുകൾ ഏതെല്ലാം?.
• ശിലാസ്മാരകങ്ങൾ
• നാണയങ്ങൾ
• ഗുഹകൾ
• കൊട്ടാരങ്ങൾ
• പുരാലിഖിതങ്ങൾ
♦ എന്താണ് ശിലാസ്മാരകങ്ങൾ?
• പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യാനായി പുരാതന മനുഷ്യർ നിർമ്മിച്ചതാണ് ശിലാസ്മാരകങ്ങൾ.
• വലിയ ശിലകൾ കൊണ്ട് നിർമ്മിച്ചതിനാൽ ഇവയെ മഹാശിലാസ്മാരകങ്ങൾ എന്നാണ് വിളിക്കുന്നത്.
• പോയകാലത്തെ ചരിത്രം നമ്മോട് പറയുന്ന ധാരാളം ശിലാസ്മാരകങ്ങളുടെ അവശേഷിപ്പുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഉദാ: കൂടക്കല്ല്, തൊപ്പിക്കല്ല്, മുനിയറ, നന്നങ്ങാടികൾ
♦ കേരളത്തിൽ ശിലാസ്മാരകങ്ങൾ എവിടെയൊക്കെ കാണപ്പെടുന്നു?
ഇടുക്കി ജില്ലയിലെ മറയൂർ, തൃശ്ശൂർ ജില്ലയിലെ ചിറമനങ്ങാട്, മലപ്പുറം ജില്ല യിലെ തവനൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ശിലാസ്മാരകങ്ങളുടെ ശേഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
♦ ഗുഹകൾ പ്രധാന ചരിത്ര സ്രോതസ്സുകളാണ്. എന്തുകൊണ്ട്?
കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്നവയാണ് ഗുഹകൾ. പ്രകൃതിദത്തമായ ഇത്തരം ഗുഹകളിൽ ചരിത്രാതീതകാലത്തെ മനുഷ്യ ജീവിതത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
♦ കേരളത്തിൽ ഗുഹകൾ എവിടെയൊക്കെ കാണപ്പെടുന്നു?
എടയ്ക്കൽ (വയനാട്), മറയൂർ (ഇടുക്കി), ആങ്കോട് (തിരുവനന്തപുരം), തെന്മല, കോട്ടുക്കൽ (കൊല്ലം) എന്നിവിടങ്ങളിൽ ചില പ്രധാന ഗുഹകൾ സ്ഥിതി ചെയ്യുന്നു.
♦ കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളെ സംരക്ഷിക്കുന്നത് ആരാണ്?
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും, കേരള ആർക്കിയോളജി വകുപ്പുമാണ്.
♦ എന്താണ് പുരാലിഖിതങ്ങൾ?
• ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവച്ചതോ ആയ സന്ദേശമോ വാചകമോ ആണ് ലിഖിതങ്ങൾ.
• ലോഹത്തകിടുകൾ, ശിലകൾ, ഓലകൾ എന്നിങ്ങനെ വ്യത്യസ്ത പ്രതലങ്ങളിലാണ് ലിഖിതങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
♦ എന്താണ് ലിഖിതപഠനം?
ശിലകൾ, ലോഹത്തകിടുകൾ, ഓലകൾ തുടങ്ങിയവയിലെ എഴുത്തുകളെക്കുറിച്ചുള്ള പഠനമാണ് ലിഖിതപഠനം.
♦ കേരളത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ള പ്രധാന ലിഖിതങ്ങളേതെല്ലാമാണ് ?
തരിസാപ്പള്ളി ലിഖിതം (കൊല്ലം), ജൂത ശാസനം (മട്ടാഞ്ചേരി), പാലിയം ശാസനം (ആലപ്പുഴ) എന്നിവ കേരളത്തിലെ പ്രധാന ലിഖിതങ്ങളാണ്.
♦ കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്നത് ആരാണ്?
കേരള ആർക്കൈവ്സ് വകുപ്പ്
♦ കോട്ടകളും കൊട്ടാരങ്ങൾ എന്നിവയിൽ നിന്നും ചരിത്രരചനയ്ക്ക് സഹായകരമായ എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുക?
• രാജ്യസുരക്ഷ, സൈനികാവശ്യങ്ങൾ, വ്യാപാരം എന്നിവയ്ക്കായി നിർമ്മിച്ചിരുന്ന കോട്ടകളെ ചരിത്ര രചനയ്ക്കുള്ള പ്രധാന സ്രോതസ്സുകളായി പ്രയോജനപ്പെടുത്താം.
• കേരളത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളെക്കുറിച്ചും ഭരണാധികാരികളെക്കുറിച്ചും കോട്ടകൾ നമുക്ക് വിവരം നൽകുന്നു.
♦ കേരളത്തിലെ പ്രധാന കോട്ടകൾ ഏതെല്ലാമാണ്?
ബേക്കൽ കോട്ട, കണ്ണൂർ കോട്ട, പാലക്കാട് കോട്ട, അഞ്ചുതെങ്ങ് കോട്ട തുടങ്ങിയവ കേരളത്തിലെ പ്രധാന കോട്ടകളാണ്.
♦ കേരളത്തിലെ ചില പ്രധാന കൊട്ടാരങ്ങളുടെ പേരുകൾ ചുവടെ നൽകുന്നു. നിങ്ങൾക്കറിയാവുന്ന കൊട്ടാരങ്ങൾ ഉൾപ്പെടുത്തി പട്ടിക വിപുലപ്പെടുത്തൂ.
• പത്മനാഭപുരം കൊട്ടാരം
• മട്ടാഞ്ചേരി പാലസ്
• കിളിമാനൂർ കൊട്ടാരം
• അറയ്ക്കൽ കൊട്ടാരം
• കൃഷ്ണപുരം കൊട്ടാരം
• കോയിക്കല്‍ കൊട്ടാരം
• പൂഞ്ഞാർ കൊട്ടാരം
• തേവള്ളി കൊട്ടാരം
• ഉത്സവമഠം കൊട്ടാരം
• കനകക്കുന്ന് കൊട്ടാരം
• കവടിയാർ കൊട്ടാരം
• കൊല്ലങ്കോട് കൊട്ടാരം
• നീരാഴി കൊട്ടാരം
• നെടുമ്പുരം കൊട്ടാരം
• പന്തളം കൊട്ടാരം
• പുത്തൻ മാളിക കൊട്ടാരം (കുതിര മാളിക)
• മായിപ്പാടി കൊട്ടാരം
• ലക്ഷ്മീപുരം കൊട്ടാരം
• വടക്കേക്കര കൊട്ടാരം (ശക്തൻ തമ്പുരാൻ കൊട്ടാരം)
• ശ്രീമൂലം തിരുനാൾ കൊട്ടാരം
• ഹിൽ പാലസ്
♦ നാണയങ്ങൾ പ്രധാന ചരിത്ര സ്രോതസ്സുകളാണ്. എന്തുകൊണ്ട്?
നിർമ്മിക്കപ്പെട്ട കാലഘട്ടത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തെക്കുറിച്ച് അവ നമുക്ക് അറിവ് നൽകുന്നു.
♦ നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്ത് പേരിലറിയപ്പെടുന്നു?
നാണയശാസ്ത്രം (Numismatics)
♦ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച നാണയങ്ങളുടെ പേര് എഴുതുക.
കാശ്, അച്ച്, പണം, അനന്തരായൻ പണം, സുൽത്താൻ കാശ്, വീരരായൻ പണം
♦ വിവിധ കാലങ്ങളിൽ പുറത്തിറക്കിയ ഈ നാണയങ്ങളിൽ നിന്ന് നമുക്ക് എന്തൊക്കെ കാര്യങ്ങൾ വായിച്ചെടുക്കാൻ കഴിയും?
• നാണയം നിർമ്മിക്കപ്പെട്ട കാലഘട്ടം
• നാണയം പുറത്തിറക്കിയ അധികാരികൾ
• നിർമ്മാണരീതി
• നിർമ്മിക്കാനുപയോഗിച്ച ലോഹം
♦ ചരിത്രസ്മാരകങ്ങൾ ചരിത്രരചനയ്ക്ക് പ്രയോജനകരമായ പ്രധാന ചരിത്ര സ്രോതസ്സുകളാണ്. എന്തുകൊണ്ട് ?
സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായ രേവതി പട്ടത്താനം എന്ന പണ്ഡിതസദസ്സ് നടത്തിയിരുന്നത് തളി ക്ഷേത്രത്തിൽ വച്ചായിരുന്നു. പോർച്ചുഗീസുകാർക്കെതിരെയുള്ള സാമൂതിരിയുടെ പ്രധാന യുദ്ധകേന്ദ്രമായിരുന്നു മിശ് കാൽ പള്ളി. കോഴിക്കോട്ടെ പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമാണ് 1513-ൽ നിർമ്മിച്ച ദേവമാതാ കത്തീഡ്രൽ. കടൽ പാലങ്ങൾ നൂറ്റാണ്ടുകളായി വിവിധ വിദേശ രാജ്യങ്ങളുമായി കോഴിക്കോടിനുണ്ടായിരുന്ന വ്യാപാരബന്ധത്തിന് തെളിവാണ്. ഇത്തരം ചരിത്രസ്മാരകങ്ങൾ ഓരോന്നും പോയകാലത്തിന്റെ ചരിത്രം നമ്മോട് പറയും.
♦ ചരിത്രസ്മാരകങ്ങൾ ചിത്രങ്ങൾ താഴെനൽകുന്നു. ജില്ലകൾ കണ്ടെത്തി എഴുതൂ.
• ചന്ദ്രഗിരിക്കോട്ട - കാസർഗോഡ്
• പുനലൂർ തൂക്കുപാലം - കൊല്ലം
• വാഗൺട്രാജഡി സ്മാരകം - മലപ്പുറം
• സിനഗോഗ് - എറണാകുളം
♦ കോഴിക്കോടിനെക്കുറിച്ച് പരാമർശിക്കുന്ന സംസ്കൃത സന്ദേശകാവ്യം ഏതാണ്?
കോകിലസന്ദേശം
♦ കോകിലസന്ദേശം രചിച്ചതാര്?
ഉദ്ദണ്ഡശാസ്ത്രികൾ
♦ സാഹിത്യകൃതികൾ ചരിത്രരചനയ്ക്ക് പ്രയോജനകരമായ പ്രധാന ചരിത്ര സ്രോതസ്സുകളാണ്. എന്തുകൊണ്ട് ?
വിവിധ ഭാഷകളിലായി വിവിധ കാലഘട്ടത്തിൽ രചിക്കപ്പെട്ട സാഹിത്യകൃതികൾ, രചിക്കപ്പെട്ട കാലത്തിന്റെ ചരിത്രം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന് 12-15 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട "മണിപ്രവാള കൃതികൾ' ആ കാലഘട്ടത്തിലെ നാടുവാഴി വ്യവസ്ഥയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും നമുക്ക് വിവരം നൽകുന്നു. മലബാറിൽ നിന്നുള്ള "വടക്കൻ പാട്ടുകൾ മധ്യകാല ചരിത്രത്തിലെ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ചന്തുമേനോൻ രചിച്ച "ഇന്ദുലേഖ' മലബാറിലെ സാമൂഹ്യ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നു. കേരളത്തിന്റെ പ്രാചീനചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്ന സാഹിത്യസ്രോതസുകളാണ് തമിഴിൽ രചിക്കപ്പെട്ട സംഘസാഹിത്യകൃതികൾ.
♦ പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട്ട് വന്ന പേർഷ്യൻ സഞ്ചാരിയായ അബ്ദുർ റസാഖ് കോഴിക്കോട് തുറമുഖത്തെക്കുറിച്ച് പറയുന്ന വിവരണത്തിൽ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് കണ്ടെത്താനാവുന്നത് ? (പാഠപുസ്തക പേജ്: 190)
• ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കച്ചവടക്കപ്പലുകൾ ഏറ്റവും വിശിഷ്ടങ്ങളായ സാധനങ്ങളുമായി ഇവിടെ വരികയും എളുപ്പത്തിൽ അവ വിറ്റഴിക്കുകയും ചെയ്തിരുന്നു.
• കമ്പോളത്തിലെ മുഴുവൻ ഉത്തരവാദിത്വവും രാജാവിനാണ്.
• കമ്പോളത്തിലെത്തിക്കുന്ന ചരക്കുകളുടെ നാൽപ്പതിലൊരുഭാഗം ചുങ്കമായി കൊടുക്കണം.
• പ്രധാനമായും കയറ്റി അയക്കുന്നത് കുരുമുളകാണ്.
• ഇവിടുത്തുകാർ സമുദ്രവ്യാപാരത്തിൽ സമർഥരാണ്.
♦ പ്രാദേശിക ചരിത്ര രചനയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് സഞ്ചാരക്കുറിപ്പുകൾ. എന്തുകൊണ്ട്?
പ്രത്യേക സ്ഥലങ്ങൾ, സംഭവങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ നേരനുഭവങ്ങൾ നൽകാൻ സഞ്ചാരക്കുറിപ്പുകൾക്ക് കഴിയുന്നു. ഒരു പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ഘടന, സാമൂഹിക ജീവിതം എന്നിവയിലേക്ക് ഇത് വെളിച്ചം വീശുന്നു.
♦ കേരളത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ള ചില വിദേശസഞ്ചാരികളും, അവരുടെ രാജ്യങ്ങളും പട്ടികപ്പെടുത്തുക.
സഞ്ചാരി | ദേശം / രാജ്യം |
---|---|
• മെഗസ്തനീസ് | • ഗ്രീസ് |
• സുലൈമാൻ | • പേർഷ്യ |
• അബ്ദുർ റസാഖ് | • പേർഷ്യ |
• മാർക്കോപോളോ | • വെനീസ് |
• ഇബ്നു ബത്തൂത്ത | • മൊറോക്കോ |
• നിക്കോളോ കോണ്ടി | • വെനീസ് |
• മാഹ്വാൻ | • ചൈന |
• ബാർബോസ | • പോർട്ടുഗൽ |
♦ ചരിത്ര രചനയിൽ ഉപയോഗിക്കാവുന്ന സാഹിത്യസ്രോതസുകളാണ് ആത്മകഥകളും ജീവചരിത്രങ്ങളും. എന്തുകൊണ്ട്?
ആത്മകഥകളും ജീവചരിത്രങ്ങളും അത് എഴുതിയ പ്രദേശത്തിന്റെ / കാലത്തിന്റെ വിവിധമേഖലകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവയാണ്.
♦ ചരിത്ര രചനയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് വർത്തമാനപത്രങ്ങൾ. എന്തുകൊണ്ട്?
• വർത്തമാനപത്രങ്ങൾ കാലക്രമേണ ചരിത്രമറിയാനുള്ള പ്രധാന ഉപാധിയായി മാറും.
• ഇന്ത്യയിലെ വിദേശാധിപത്യത്തിന്റെ ചരിത്രം മനസ്സിലാക്കാൻ ചരിത്രവിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്ന പ്രധാന സ്രോതസ്സാണ് അക്കാലത്തെ വർത്തമാനപത്രങ്ങൾ.
• കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ചരിത്രത്തിന്റെ എല്ലാവശങ്ങളെക്കുറിച്ചറിയാനും പത്രങ്ങൾ നമ്മെ സഹായിക്കുന്നുണ്ട്.
♦ ഒരു നിശ്ചിതപ്രദേശത്തെ മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള പഠനമാണ് ---------------------
പ്രാദേശിക ചരിത്രം.
♦ പ്രാദേശിക ചരിത്രരചനയ്ക്കായി നമ്മെ സഹായിക്കുന്ന ചില പ്രധാന സ്രോതസ്സുകൾ ഏതെല്ലാമാണ്?
• പ്രാദേശിക നിരീക്ഷണം
• നാട്ടറിവുകൾ, ആചാരാനുഷ്ഠാനങ്ങൾ, പാട്ടുകൾ
• ഓർമ്മകൾ (വാമൊഴി)
• പണയരേഖകൾ, ആധാരങ്ങൾ
• സ്ഥലനാമ ചരിത്രങ്ങൾ
• ഔദ്യോഗിക രേഖകൾ
• കുടുംബചരിത്രം
♦ പ്രാദേശിക ചരിത്രരചനയ്ക്ക് പ്രാദേശിക നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ട്?
ഒരു പ്രാദേശിക സമൂഹം നിലനിൽക്കുന്ന ഭൂപ്രദേശം, അവിടത്തെ ഭൂമിശാസ്ത്ര പ്രത്യേകതകൾ, ദിക്ക്, സസ്യ-ജന്തുജാലങ്ങൾ, തണ്ണീർത്തടങ്ങൾ, കൃഷി രീതികൾ തുടങ്ങിയ വൈവിധ്യങ്ങൾ മനസ്സിലാക്കാൻ പ്രാദേശിക നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്.
♦ പ്രാദേശിക നിരീക്ഷണത്തിലൂടെ ചരിത്രരചനയ്ക്കാവശ്യമായ മറ്റെന്തെല്ലാം വിവരങ്ങൾ നമുക്ക് കണ്ടെത്താം?
• ആഹാരം
• വസ്ത്രം
• പാർപ്പിടം
• ആരോഗ്യം
• വിദ്യാഭ്യാസം
• ഭാഷ, സാഹിത്യം
• കല
• വിനോദം
• സഞ്ചാരം
• വാർത്താവിനിമയം
♦ എന്താണ് വാമൊഴി ചരിത്രങ്ങൾ? പ്രാദേശിക ചരിത്രരചനയിൽ ഇവയ്ക്കുള്ള പ്രാധാന്യമെന്ത്?
• നേരനുഭവങ്ങൾ ഉള്ള തലമുറയിൽ നിന്ന് സ്വീകരിക്കുന്ന മൊഴികളാണ് വാമൊഴി ചരിത്രങ്ങൾ.
• ഒരു പ്രദേശവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഗതാഗതമാർഗങ്ങൾ, വസ്ത്രധാരണരീതി, രുചി ശീലങ്ങൾ തുടങ്ങി ചരിത്ര രചനയ്ക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ വാമൊഴി വിവരണങ്ങൾ അനിവാര്യമാണ്.
• സമൂഹത്തിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങളും പിൽക്കാലത്തുണ്ടായ മാറ്റങ്ങളും വിശകലനം ചെയ്യാൻ ഈ ഓർമ്മകൾ സഹായിക്കുന്നു.
♦ കുടുംബങ്ങളുടെ ചരിത്രവും പ്രാദേശിക ചരിത്രരചനയിൽ പ്രാധാന്യമർഹിക്കുന്ന ഒരു സാഹിത്യസ്രോതസ്സാണ്. എന്തുകൊണ്ട്?
ഒരു ഗ്രാമത്തിന്റെയോ പ്രദേശത്തിന്റെയോ വളർച്ചയിൽ വ്യക്തികൾ നടത്തിയ ഇടപെടലുകളും സംഭാവനകളും വസ്തുനിഷ്ഠത ഉറപ്പാക്കി ശേഖരിക്കുക എന്നത് പ്രാദേശിക ചരിത്രാന്വേഷകന്റെ കടമയാണ്.
♦ ചരിത്രരചനയ്ക്ക് സഹായകമായ പ്രധാനപ്പെട്ട ഔദ്യോഗിക രേഖകൾ ഏതെല്ലാമാണ്?.
• സെൻസസ് റിപ്പോർട്ടുകൾ
• ഗസറ്റ് രേഖകൾ
• കോടതി രേഖകൾ
• സർവ്വേ റിപ്പോർട്ടുകൾ
• നികുതി രേഖകൾ
• പോലീസ് റിപ്പോർട്ടുകൾ
• തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനരേഖ
♦ പ്രാദേശിക ചരിത്രരചനയ്ക്ക് കോടതി രേഖകൾ പ്രയോജനപ്പെടുന്നത് എങ്ങനെ?
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ നടന്ന സമരങ്ങൾ, കലാപങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ നമ്മൾ മനസ്സിലാക്കുന്നത് കോടതി രേഖകളിലൂടെയാണ്.
♦ പ്രാദേശിക ചരിത്രരചനയിൽ സെൻസസ് രേഖകൾ പ്രയോജനപ്പെടുന്നത് എങ്ങനെ?
ഒരു പ്രദേശത്തിലെ ജനസംഖ്യ, ജനവിഭാഗങ്ങൾ എന്നിവ മനസ്സിലാക്കാൻ നാം സെൻസസ് രേഖകളെയാണ് ആശ്രയിക്കുന്നത്.
♦ പണയ രേഖകൾ, ആധാരങ്ങൾ എന്നിവ പ്രാദേശിക ചരിത്രരചനയിൽ പ്രയോജനപ്പെടുന്നത് എങ്ങനെ?
പണയ രേഖകളും ആധാരങ്ങളും പ്രാദേശിക ചരിത്രരചനയ്ക്ക് മുതൽക്കൂട്ടാണ്. ഇവയിൽ നിന്ന് വ്യക്തി വിവരങ്ങൾ, സ്വകാര്യ സ്വത്തുകൾ തുടങ്ങിയവയെക്കുറിച്ച് അറിവ് ലഭിക്കുന്നു.
♦ പ്രാദേശിക ചരിത്രരചനയ്ക്ക് സഹായകമായ സ്രോതസ്സുകൾ ഏതെല്ലാമാണ്?
നാട്ടറിവുകൾ, പാട്ടുകൾ, ആചാരാനുഷ്ഠാനങ്ങൾ, കലാരൂപങ്ങൾ, സ്മരണകൾ, പാട്ടുകൾ, പഴഞ്ചൊല്ലുകൾ, കഥകൾ, നാട്ടുവ്യാഖ്യാനങ്ങൾ, നോട്ടീസുകൾ, ക്ഷണക്കത്തുകൾ.
♦ പ്രാദേശിക ചരിത്രരചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
• ഭൂപ്രകൃതി: പ്രാദേശിക ചരിത്രപഠനത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശത്തിന്റെ കൃത്യമായ ഭൂമിശാസ്ത്ര അതിരുകൾ, പ്രകൃതിദത്ത പ്രത്യേകതകൾ (കുന്ന്, നദി, തണ്ണീർത്തടം) എന്നിവ ചരിത്രരചനയിൽ ഉണ്ടായിരിക്കണം.
• ചരിത്രസ്മാരകങ്ങൾ: പ്രദേശത്തെ ആവാസകേന്ദ്രങ്ങൾ, മഹാശിലകൾ (Megaliths), ശിലാലിഖിതങ്ങൾ, കോട്ടകൾ, ആരാധ നാലയങ്ങൾ എന്നിവ പ്രതിപാദിച്ചിരിക്കണം.
• ഉപജീവനം: പ്രദേശത്തെ പ്രധാന കൃഷി, കൈത്തൊഴിൽ, വാണിജ്യകേന്ദ്രങ്ങൾ, ആതുരശുശ്രൂഷ, വൈദ്യം എന്നിവ യെക്കുറിച്ച് സൂചനകളുണ്ടായിരിക്കണം.
• അതിജീവന മാതൃകകൾ: പേമാരി, വരൾച്ച, പകർച്ചവ്യാധികൾ, ദാരിദ്ര്യം, കുടിയിറക്കൽ തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിച്ചതിന്റെ വിശകലനം ഉൾപ്പെടുത്തണം.
• സാംസ്കാരിക സ്ഥാപനങ്ങൾ: പ്രദേശത്തെ വിദ്യാഭ്യാസം, സ്ത്രീവിദ്യാഭ്യാസം, വായന ശാലകൾ തുടങ്ങിയവ വിവരിക്കണം.
• ഭൂബന്ധങ്ങൾ: പ്രദേശത്തെ കാർഷിക ബന്ധങ്ങൾ, ജന്മിസമ്പ്രദായം, പഴയ സ്ഥിതിവിവരക്കണക്കുകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം.
• ദേശീയബോധം: പ്രദേശത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ, ദേശീയപ്രസ്ഥാനം, ദേശീയവ്യക്തിത്വങ്ങൾ എന്നിവ പ്രതിപാദിക്കാം
• തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വികസനവും: പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവിടുത്തെ വികസന പ്രവർത്തനങ്ങളും പ്രാദേശിക ചരിത്രരചനയിൽ രേഖപ്പെടുത്തണം.
• ഗ്രന്ഥസൂചി: ചരിത്രരചനയുടെ ആധികാരികത ഉറപ്പാക്കുന്ന ഒരു പ്രധാനഘടകമാണ് ഗ്രന്ഥസൂചി (Bibiliography). ചരിത്ര രചനയ്ക്കായി ഉപയോഗിച്ച എല്ലാ സ്രോതസ്സുകളുടേയും വിശദമായ പട്ടികയാണിത്. പഠനത്തിന്റെ അവസാന ഭാഗത്താണ് ഗ്രന്ഥസൂചി നൽകുന്നത്.
♦ പ്രാദേശിക ചരിത്രരചനയുടെ ഘടന എങ്ങനെയായിരിക്കണം?
• തലക്കെട്ട്
• ഉള്ളടക്കം/കുട്ടിയുടെ പ്രസ്താവന
• സാക്ഷ്യപത്രം
• നന്ദിപ്രസ്താവന
• ആമുഖം
• അധ്യായങ്ങൾ
• ഉപസംഹാരം
• പരാമർശങ്ങൾ (അഭിമുഖത്തിൽ പങ്കെടുത്തവരുടെ പേര്, സന്ദർശിച്ച സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവ
• അനുബന്ധങ്ങൾ (ഫോട്ടോകൾ, പാട്ടുകൾ, ചോദ്യാവലി)
• ഗ്രന്ഥസൂചി
♦ പ്രാദേശിക ചരിത്രരചനയുടെ പ്രാധാന്യമെന്താണ്?
പ്രാദേശിക ചരിത്രരചന സംസ്കാരങ്ങളുടെ വീണ്ടെടുക്കലിന് നമ്മെ സഹായിക്കുന്നു.
♦ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യമെന്താണ്?
ജീവിതത്തിൽ നിരന്തരം സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടെത്തുക, ഭാവിയിലേക്കുള്ള വഴികൾ രൂപപ്പെടുത്തുക, വരുംതലമുറകൾക്ക് നാടിന്റെ ചരിത്രം പകർന്നുകൊടുക്കുക തുടങ്ങിയവ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നവയാണ്.
👉 Std 7 New TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments