Kerala Syllabus Class 7 കേരള പാഠാവലി Chapter 02 - മുത്തശ്ശിക്കഥയിലൂടെ - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (ചെറുതിരയിൽ തെളിയും വലിയൊരു ലോകം) മുത്തശ്ശിക്കഥയിലൂടെ | Class 7 Malayalam - Kerala Padavali - Muthasikathayilude - Questions and Answers - Chapter 02 മുത്തശ്ശിക്കഥയിലൂടെ - ചോദ്യോത്തരങ്ങൾ. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്. ഈ യൂണിറ്റിന്റെ യു.എസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

മുത്തശ്ശിക്കഥയിലൂടെ - കാവാലം നാരായണപ്പണിക്കർ 
പ്രശസ്ത കവിയും ഗാനരചയിതാവും നാടകകൃത്തുമാണ് കാവാലം നാരായണപ്പണിക്കര്‍.ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി 1928ല്‍ ജനിച്ചു.1961ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി,തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രതിനിര്‍വേദം എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി.1978ലും 1982ലും മികച്ച സംസ്ഥാന അവാര്‍ഡ്  ലഭിച്ചിട്ടുണ്ട്.
2007ല്‍ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെതുടര്‍ന്ന് 2016 ജൂണ്‍ 26ന് അന്തരിച്ചു. തിരുവഴിത്താന്‍, അവനവന്‍, കടമ്പ, കരിങ്കാട്ടി, ദൈവത്താന്‍ എന്നിവ എഴുതിയ നാടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.1975ല്‍ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു.
പാഠഭാഗത്തെക്കുറിച്ച് 
ജി. അരവിന്ദൻ സംവിധാനം ചെയ്ത 'കുമ്മാട്ടി' എന്ന ചലച്ചിത്രത്തിനു വേണ്ടി കാവാലം നാരായണ പണിക്കർ എഴുതിയ ഗാനമാണ് 'മുത്തശ്ശിക്കഥയിലൂടെ' എന്ന പാഠഭാഗം. വർഷത്തിലൊരിക്കലാണ് കുമ്മാട്ടി നാട്ടിൽ വരുന്നത്. ആകാശംമുട്ടെ ഉയരമുള്ള, പാതാളത്തോളം താഴ്ചയുള്ള, ആടയാഭരണങ്ങളണിഞ്ഞ മുത്തശ്ശിക്കഥയിലെ കുമ്മാട്ടിയുടെ എഴുന്നള്ളത്ത് അതിമനോഹരമായി ഈ പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നു.
ഗാനത്തിന്റെ ആശയം
മാനത്തെ മച്ചോളം (ആകാശം മുട്ടെ) ഉയരമുള്ള, പാതാളത്തോളം താഴ്ചയുള്ള, ആടയാഭരണങ്ങൾ അണിഞ്ഞ കുമ്മാട്ടിയാണ് എഴുന്നള്ളുന്നത്. കുട്ടികൾ മുത്തശ്ശിക്കഥയിൽ കേട്ടുപരിചയമുള്ള കുമ്മാട്ടിയാണത്. കുമ്മാട്ടിയുടെ വലിപ്പവും ചന്തവുമെല്ലാം വർണിക്കുകയാണിവിടെ. പൂവിടാംകുന്നിന്റെ തോളത്തുകയറിയാണ് കുമ്മാട്ടി ഭൂമി കാണാൻ വരുന്നത്. കുമ്മാട്ടി സ്വപ്നത്തിൽ പറന്നാണോ, പല്ലക്കിലാണോ, നടന്നാണോ, ഇരുന്നാണോ വരുന്നതെന്ന ആകാംക്ഷയിലാണ് കുട്ടി. ഒരു കാതിൽ സൂര്യതേജസ്സു പോലെ തിളങ്ങുന്ന കമ്മൽ ഞാത്തി, മറ്റേ കാതിൽ ഒന്നുമിടാതെയാണ് കുമ്മാട്ടിയുടെ വരവ്. തുറിച്ച കണ്ണുള്ള ആയിരമണിയൻ ദേവതയെപ്പോലെയാണ് കുമ്മാട്ടിയുടെ എഴുന്നള്ളത്ത്. ആകാശമാകുന്ന പന്നിയുടെ കൊള്ളിയാൻ പോലെ മിന്നുന്ന തേറ്റകളും മൂർച്ചയേറിയ കോമ്പല്ലുകളും കൊണ്ട് കാടും മേടും കുത്തിമറിച്ചാണ് ആ വരവ്. കുട്ടികൾ മുത്തശ്ശിക്കഥയിൽ കേട്ടുപഴകിയ കുമ്മാട്ടി അവർ ഉറങ്ങുമ്പോൾ സ്വപ്നത്തിലാണ് വരുന്നത്. പെരിഞ്ചല്ലൂർ കാവിലെ കോലംപോലെ ആളുകളെ ഭയപ്പെടുത്തുംവിധം അതുമിതും പറഞ്ഞുകൊണ്ടുള്ള കുമ്മാട്ടിയുടെ വരവാണ് ഇവിടെ വർണിക്കുന്നത്.
പദപരിചയം
• മാനത്തെ - ആകാശത്തെ 
 മച്ച് - പലക പാകിയ തട്ട് 
• ചേല - വസ്ത്രം
• കൂറ - വസ്ത്രം 
• ഞാത്തുക - തൂക്കിയിടുക  

വിവരണം തയ്യാറാക്കാം
♦ കുമ്മാട്ടിയുടെ വരവിനെ വർണ്ണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്? വിവരണം തയ്യാറാക്കുക. അടിസ്ഥാനപാഠാവലിയിലെ കുമ്മാട്ടി എന്ന പാഠഭാഗത്തിലെ ആശയം കൂടി പരിഗണിക്കണം.
കുട്ടികളിൽ കൗതുകം ജനിപ്പിക്കും വിധമാണ് പാട്ടിൽ കുമ്മാട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ആകാശംമുട്ടുന്ന തലയെടുപോടെ കുമ്മാട്ടി എഴുന്നള്ളുകയാണ്. വിവിധതരത്തിലുള്ള മാലകളും വസ്ത്രങ്ങളുമെല്ലാം അണിഞ്ഞിരിക്കുന്നു. കുമ്മാട്ടിയുടെ ശരീരം മറച്ചിരിക്കുന്നത്. ഔഷധഗുണമുള്ള കുമ്മാട്ടിപ്പുല്ല് (പർപടകപ്പുല്ല്) കൊണ്ടാണ്. കുമ്മാട്ടിയുടെ തുറിച്ച കണ്ണും കോമ്പല്ലുകളും കണ്ടാൽ ആരും ഭയന്നുപോകും. ഒറ്റക്കാതിൽ മാത്രമാണ് കമ്മലണിഞ്ഞിരിക്കുന്നത്. സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുകയാണ് ആ കമ്മൽ. മറ്റേക്കാത് മുത്തശ്ശിമാരുടെ കാതുപോലെ തൂങ്ങിയാടുന്നു. പെരുഞ്ചല്ലൂർ കാവിലെ കോലം വരുന്നതുപോലെയാണ് കുമ്മാട്ടി വരുന്നത്. പാട്ടുകാരുടെയും വില്ലുകൊട്ടുകാരുടെയും അകമ്പടിയുണ്ട് കൂടെ. ചാടിമറിഞ്ഞ് അഭ്യാസങ്ങൾ ഓരോന്നും കാണിച്ചുകൊണ്ടാണ് വരവ്. ഇടയ്ക്ക് എന്തൊക്കെയോ പറയുന്നുണ്ട്. കൂടെ നടക്കുന്നവർ തിത്തോ തിമ്യതോ തിയ്യത്തോ എന്ന വായ്ത്താരിയും പാടുന്നുണ്ട്.
കഥകൾ വായിക്കാം
♦ മുത്തശ്ശിക്കഥയിലോ കഥാപുസ്തകങ്ങളിലോ കുമ്മാട്ടിയെപ്പോലുള്ള കഥാപാത്രങ്ങളെ നിങ്ങൾ പരിചയപ്പെട്ടിരിക്കുമല്ലോ. അത്തരം കഥാപാത്രങ്ങളെക്കുറിച്ച് ലഘുവിവരണം അവതരിപ്പിക്കുക.
• തെനാലി രാമന്‍റെ പൂച്ച 
വിജയനഗര സാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായരുടെ സദസ്സിലെ കവിയും വിദൂഷകനുമായിരുന്നു തെനാലി രാമൻ. ഒരിയ്ക്കല്‍ എലികളുടെ ശല്യം കൊണ്ട് വലഞ്ഞ തെനാലി രാമന്‍ ഒരു പൂച്ചയെ വാങ്ങി വളര്‍ത്താന്‍ തീരുമാനിച്ചു. അങ്ങിനെ രാമന്‍ ഒരു മിടുക്കന്‍ പൂച്ചയെ കണ്ടെത്തി. പൂച്ച എത്തിയതോടെ വീട്ടിലെ എലി ശല്യം അവസാനിച്ചു. രാമന്‍ സന്തോഷവാനായി.
എന്നാല്‍ പുതിയൊരു പ്രശ്നം തുടങ്ങി. വേറൊന്നുമല്ല, എലികളുണ്ടായിരുന്നപ്പോള്‍ പൂച്ചക്ക് ഭക്ഷണത്തിന് ഒട്ടും മുട്ടുണ്ടായിരുന്നില്ല. എലികള്‍ തീര്‍ന്നതോടെ കാര്യം കുഴപ്പമായി. പൂച്ചയ്ക്ക് വിശപ്പ് തീരാതെയായി. അവന്‍ അടുത്തുള്ള വീടുകളിലേയ്ക്ക് ഭക്ഷണം തേടി നടപ്പായി.
രാമന്‍റെ തൊട്ടടുത്ത് ഒരു പ്രഭു താമസിച്ചിരുന്നു. പൂച്ച അവിടെയുമെത്തി. പ്രഭ്വി ഒമനിച്ച് വളര്‍ത്തിയിരുന്ന കിളിയിലായിരുന്നു പൂച്ചയുടെ കണ്ണ്. അതിനെ പിടിച്ച് തിന്നാനായി പൂച്ചയുടെ ശ്രമം. കുറച്ചു ദിവസത്തെ ശ്രമഫലമായി ഒടുക്കം പൂച്ച കാര്യം സാധിച്ചു. അവന്‍ ആ കിളിയെ പിടിച്ച് ശാപ്പിട്ടു.
പ്രഭ്വിക്ക് ദേഷ്യവും സങ്കടവും അടക്കാനായില്ല. അവര്‍ പ്രഭുവിനോട് ആ പൂച്ചയെ എങ്ങിനെയെങ്കിലും കൊന്നെ പറ്റൂ എന്ന് തീര്‍ത്തു പറഞ്ഞു. ഒടുവില്‍ പ്രഭു പൂച്ചയെ പിടികൂടി. 
പൂച്ചയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ തെനാലി രാമന്‍ അതിനെ കൊല്ലാതെ വിടണമെന്ന് പ്രഭുവിനോട് അഭ്യര്‍ഥിച്ചു.
"ഈ പൂച്ച എനിക്കു വളരെയധികം ഉപകാരമുള്ളതാണ്. അത് നന്നായി എലിയെ പിടിച്ച് കൊല്ലും, നിങ്ങള്‍ക്കെല്ലാവര്‍ക്കും അതിന്റെ ഗുണമുണ്ട്. അത് കൊണ്ട് ദയവു ചെയ്തു അതിനെ കൊല്ലാതെ വിടണം".
"പിന്നേ, എലിയെ കൊല്ലാന്‍ ഈ കള്ളപ്പൂച്ചയെ ഞാന്‍ വെറുതെ വിടണമല്ലേ? അത് നടക്കില്ല സുഹൃത്തേ. പൂച്ചയൊന്നുമില്ലാതെ എലിയെ പിടിക്കാന്‍ എനിക്കറിയാം. വേണമെങ്കില്‍ തനിക്കും ഞാന്‍ പഠിപ്പിച്ച് തരാം." പ്രഭു രാമനെ പരിഹസിച്ചു. എന്നു മാത്രമല്ല ആ പൂച്ചയെ അയാള്‍ തല്ലിക്കൊന്നു കളഞ്ഞു.
രാമന് വളരെയധികം വിഷമമായി. ദുഷ്ടനായ പ്രഭുവിനെ ഒരു പാഠം പഠിപ്പിക്കാന്‍ രാമനുറച്ചു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം പ്രഭുവിന് ഒരു സമ്മാനപ്പെട്ടി കിട്ടി. ഏതെങ്കിലും സുഹൃത്തുക്കള്‍ അയച്ചതായിരിക്കും എന്ന് കരുതി പ്രഭുവും പ്രഭ്വിയും അത്യധികം ആകാംക്ഷയോടെ പെട്ടി തുറന്നു. പെട്ടി തുറന്നതും അതിനുള്ളില്‍ നിന്നും കുറെ എലികള്‍ പുറത്തു ചാടി. നിമിഷങ്ങള്‍ക്കകം വീട് എലികളെ കൊണ്ട് നിറഞ്ഞു. വീട് മുഴുവന്‍ എലികള്‍ പരക്കം പായാന്‍ തുടങ്ങി. പ്രഭുവും പ്രഭ്വിയും ഭയന്ന് പോയി. 
ഇതാരാണ് തങ്ങളോടു ഈ ചതി ചെയ്തത് എന്നറിയാന്‍ പ്രഭു പെട്ടിയിലേയ്ക്ക് നോക്കി. അതിനുള്ളില്‍ ഒരെഴുത്തുണ്ടായിരുന്നു.
"ബഹുമാന്യ സുഹൃത്തേ,
താങ്കള്‍ക്ക് പൂച്ചയില്ലാതെ എലിയെ പിടിക്കാന്‍ വിദ്യ വശമുണ്ടെന്ന് പറഞ്ഞല്ലോ. ആ വിദ്യ പരീക്ഷിക്കാനും പിന്നേ അന്ന് പറഞ്ഞത് പോലെ എന്നെ പഠിപ്പിക്കാനും ഒരവസരമാണ് ഞാന്‍ തങ്കള്‍ക്ക് ഒരുക്കി തന്നിരിക്കുന്നത്. പരീക്ഷിച്ച് വിജയിച്ച ശേഷം എന്നെയും പടിപ്പിക്കുമല്ലോ?
എന്ന് സ്വന്തം രാമന്‍"

• പിനോക്യോ 
ഒരിക്കൽ ഒരു മരപ്പണിക്കാരന് സംസാരിക്കുന്ന ഒരു മരക്കഷണം കിട്ടി. അയാൾ അതു കൊണ്ട് ഒരു മരപ്പാവയെ ഉണ്ടാക്കി, അപ്പോൾ ആ മരപ്പാവ സംസാരിക്കാനും ഓടിച്ചാടി നടക്കാനും തുടങ്ങി. മരപ്പണിക്കാരൻ ആ പാവയെ തന്റെ മകനായി സ്വീകരിച്ച് അവന് പിനോക്യോ എന്നു പേരിട്ടു. പക്ഷേ പിനോക്യോ അപ്പൻ പറയുന്നത് ഒന്നും അനുസരിക്കാതെ സ്കുളിൽ പോകുന്നതിനു പകരം ഒളിച്ചോടി പോയി. വികൃതി കാട്ടി അലഞ്ഞു നടന്ന പിനോക്യോ ചില അപരിചിതരോട് കൂട്ടുകൂടുകയും, അവരുടെ കെണിയിൽ പെട്ട് ജീവൻ അപകടത്തിലാവുകയും ചെയ്തു. ആ അപകടത്തിൽ നിന്നും ഒരു ദേവത അവനെ രക്ഷിച്ചു, എങ്കിലും, ആ ദേവതയോടും പിനോക്യോ കള്ളം പറഞ്ഞു. അപ്പോൾ പിനോക്യോയുടെ മൂക്ക് വളരാൻ തുടങ്ങി. ഓരോ കള്ളത്തിനും മൂക്ക് പിന്നേം പിന്നേം വളർന്നു ഒടുവിൽ മാനസ്സാന്തരപ്പെട്ട് ദേവതയോട് സത്യം പറഞ്ഞു, അപ്പോൾ മൂക്ക് പഴയപോലെ ആയി.
ഗാനമേള സംഘടിപ്പിക്കാം
♦ കഥാരൂപത്തിലുള്ള ഒരു പാട്ടാണ് നിങ്ങൾ പരിചയപ്പെട്ടത്. ഇതുപോലെ വ്യത്യസ്ത ജീവിതസന്ദർഭങ്ങൾ ആവിഷ്കരിക്കുന്ന ചലച്ചിത്രഗാനങ്ങൾ മലയാളസിനിമയിലുണ്ട്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ചലച്ചിത്രഗാനങ്ങൾ പട്ടികപ്പെടുത്തുക. ഈ ഗാനശേഖരം ഉപയോഗിച്ച് ഗാനമേള ഒരുക്കുമല്ലോ. ലഭ്യമാകുന്ന വാദ്യോപകരണങ്ങൾ കൂടി ഉപയോഗിക്കുക. 
• ലല്ലലം ചൊല്ലുന്ന .......
ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
വേടൻ കുരുക്കും കടങ്കഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം

നീലകുരുവികളും ചോലപറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
പക്ഷികൾ വന്നണഞ്ഞു പാവങ്ങളെന്തറിഞ്ഞു
കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങൾ ആ വലയ്ക്കുള്ളിൽ
കുഴഞ്ഞു പോയ്‌

വേടൻ വരുന്നേ കാടൻ വരുന്നേ
കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ
കാടും കിടുക്കി മേടും കുലുക്കി
ചാടിത്തിമിർക്കണുണ്ടേ ആയുധം കൈയ്യിലുണ്ടേ
കല്ലേലെല്ലാം രാകുന്നേ കത്തിയ്ക്കു വാൾത്തലയേറ്റുന്നേ
ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിച്ചു തീയെല്ലാം കൂട്ടുന്നേ
വെള്ളം തിളയ്ക്കുമ്പോൾ ഉള്ളം പിടയ്ക്കുമ്പോൾ
പൈങ്കിളി പാവങ്ങളെന്തു ചെയ്യും
ആരുണ്ടൊരുത്തരം കണ്ടെടുക്കാൻ

ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
വേടൻ കുരുക്കും കടങ്കഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം

മാനത്തു നിന്നും മാടത്തെയുണ്ണാൻ
നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും
പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നു കൂടേ
വേറേ വേറേ ആകുമ്പോൾ വേലകളെല്ലാം പാഴല്ലേ
ലല്ലീ ലല്ലീ ലാലല്ലാ ലല്ലീ ലല്ലീ ലാലല്ലാ
ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
കണ്ണും മിഴിച്ചങ്ങ്‌ കാടന്മാൻ നിന്നപ്പൊ
ആ വല വീണു തലയ്ക്കു മീതേ
കാടത്തം സ്വന്തം വലയ്ക്കകത്തായ്‌
നീലകുരുവികളും ചോലപറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
ലലല്ല ലാലല്ലാ ലല ലാലല്ലല്ലാ

• തന്നന്നം താനന്നം താളത്തിലാടി.....
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ (തന്നന്നം...)

കിരുകിരെ പുന്നാ‍രത്തേൻ മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്റെ കൈയ്യിൽ വീണു
കുളിരോടു കുളിരെങ്ങും തൂകി നിന്നു
ഒരു പൂവിൽ നിന്നവർ തേൻ നുകർന്നു
ഒരു കനി പങ്കു വെച്ചവർ നുകർന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങൾ പൂവിടും നാൾ
കൂടൊന്നു കൂട്ടാൻ നാരുകൾ തേടി
ആൺകിളിയെങ്ങോ പോയി
ദൂരേ ദൂരേ
പെൺ കിളി കാത്തിരുന്നു 

ഒരു പിടി ചുള്ളിയും തേൻ തിനയും
തിരയുമാ പാവമാമാൺ കിളിയോ
വനവേടൻ വീശിയ വലയിൽ വീണു
മണിമുത്ത് മുള്ളിൽ ഞെരിഞ്ഞു താണൂ
ഒരു കൊച്ചു സ്വപ്നത്തിൻ പൂ വിടർന്നാൽ
ഒരു കൊടും കാട്ടിലതാരറിയാൻ
ഒരു കുഞ്ഞുമെഴുതിരിയുരുകും പോലെ
കരയുമാ പെൺകിളി കാത്തിരുന്നു
ആയിരം കാതം ദൂരെയിരുന്നാ
ആൺകിളി എന്തേ ചൊല്ലീ
ദൂരേ ദൂരേ
പെൺ കിളി കാത്തിരുന്നു  (തന്നന്നം..)
പട്ടികപ്പെടുത്താം
♦ ചലച്ചിത്രത്തെ അറിവിനും വിനോദത്തിനുമായി നാം ഉപയോഗിക്കുന്നു.
ഇതുപോലെ മറ്റെന്തെല്ലാം ദൃശ്യമാധ്യമങ്ങളാണ് ഇക്കാലത്ത് ഉപയോഗിച്ചു വരുന്നത്? പട്ടികപ്പെടുത്തി ഓരോന്നിന്റെയും പ്രയോജനം വിശദമാക്കുക.
• ടെലിവിഷൻ 
ഒരുദിവസം ലോകത്തെമ്പാടുമായി 172 കോടി ടെലിവിഷൻ സെറ്റുകളിലൂടെ 536 കോടി ജനങ്ങൾ ടെലിവിഷൻ കാണുന്നുണ്ട്. ഇന്ത്യയിൽ 25 കോടിയോളം ടെലിവിഷൻ സെറ്റുകളിലൂടെ 900 ത്തോളം ചാനലുകളിൽ 24 മണിക്കൂറും സംപ്രേഷണം നടക്കുന്നുണ്ട്. ഇവയിൽ പകുതിയോളവും വാർത്താചാനലുകളാണ്. സിനിമ, സംഗീതം, നൃത്തപരിപാടികൾ, സ്റ്റേജ്ഷോകൾ, സ്പോർട്സ് എന്നിവയാണ് ടെലിവിഷൻ പ്രേക്ഷകരുടെ മറ്റ് ഇഷ്ടപരിപാടികൾ.

• കമ്പ്യുട്ടർ, ഇന്റർനെറ്റ്
ഇന്നത്തെ ഏറ്റവും ജനപ്രിയ ആശയവിനിമയ മാധ്യമമാണ് ഇന്റർനെറ്റ്, ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകളുടെ നെറ്റ്‌വർക്കിംഗ് സംവിധാനമാണ് ഇന്റർനെറ്റ്, ഗൂഗിൾ പോലുള്ള വ്യത്യസ്ത സെർച്ച് എഞ്ചിനുകളുടെ സഹായത്തോടെ ഒരാൾക്ക് ആവശ്യമുള്ള വെബ്പേജ് കണ്ടെത്താം. കേബിൾ, ബ്രോഡ്ബാൻഡ് കണക്ഷനുകൾ മുതലായവ കമ്പ്യൂട്ടറുകളിലൂടെയുള്ള ആശയവിനിമയം കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാക്കിയിരിക്കുന്നു.

• സ്മാർട്ട് ഫോണുകൾ
പരസ്പരമുള്ള ആശയവിനിമയത്തിനും ചിത്രങ്ങൾ, പോസ്റ്റുകൾ, റീലുകൾ, സിനിമകൾ എന്നിവ പങ്കിടാനും സിനിമകളും റീലുകളും കാണാനും Facebook, Youtube, Linkeden, Instagram, X തുടങ്ങിയവ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താനും സ്മാർട്ട് ഫോണുകൾ സൗകര്യമൊരുക്കുന്നു.
👉ഈ യൂണിറ്റിന്റെ യു.എസ്എസ് മാതൃകാ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക  
പകരം പദങ്ങൾ 
• മാനം - ആകാശം, അംബരം, വാനം 
• തല - ശീർഷം, ഉത്തമാംഗം, ശിരസ്സ് 
• ഭൂമി - ധര, ധരിത്രി, ക്ഷിതി, ക്ഷോണി 
• സൂര്യൻ - ദിവാകരൻ, അർക്കൻ, ആദിത്യൻ 
• കാട് - വനം, കാനനം, അടവി 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here