Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 01 ആഹാരത്തിലൂടെ ആരോഗ്യം - ചോദ്യോത്തരങ്ങൾ | Teachers Manual


Questions and Answers for Class 6 Basic Science (Malayalam Medium) Food for Health | Text Books Solution Basic Science (English Medium) Chapter 01 ആഹാരത്തിലൂടെ ആരോഗ്യം
Teachers Handbook
. ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 6 അടിസ്ഥാന ശാസ്ത്രം: Chapter 01 ആഹാരത്തിലൂടെ ആരോഗ്യം - ചോദ്യോത്തരങ്ങൾ
♦ നാം സാധാരണയായി ഉപയോഗിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുടെ ചിത്രങ്ങൾ നിരീക്ഷിക്കാം. ഈ ഭക്ഷ്യവസ്തുക്കളെ എങ്ങനെയെല്ലാം തരംതിരിക്കാം? ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
ചിത്രം a. ധാന്യങ്ങൾ 
ചിത്രം b. പഴങ്ങൾ 
ചിത്രം c. പച്ചക്കറികൾ 
ചിത്രം d. പയറുവർഗ്ഗങ്ങൾ 
ചിത്രം e. ഇലക്കറികൾ

♦ നാം എന്തിനാണ് ആഹാരം കഴിക്കുന്നത്? 
• നമ്മുടെ ശാരീരികപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്നത് ആഹാരമാണ്. 

♦ ആഹാരത്തിൽനിന്ന് എന്താണ് നമുക്ക് ലഭിക്കുന്നത്?
• നമ്മുടെ വളർച്ചയ്ക്കും ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ആവശ്യമായ പോഷകഘടകങ്ങൾ ലഭിക്കുന്നത് ഭക്ഷണപദാർഥങ്ങളിൽ നിന്നാണ്. 

♦ പ്രധാനപ്പെട്ട പോഷകഘടകങ്ങൾ ഏതെല്ലാമാണ്?
• കാർബോഹൈഡ്രേറ്റുകൾ (Carbohydrates) 
• പ്രോട്ടീനുകൾ (Proteins) 
• കൊഴുപ്പുകൾ (Fats) 
• വിറ്റാമിനുകൾ (Vitamins)
• ധാതുക്കൾ (Minerals) 

♦ വിവിധതരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ആഹാരം തയ്യാറാക്കുന്നതിന്റെ ആവശ്യകത എന്താണ്?
എല്ലാ ആഹാരത്തിലും എല്ലാ പോഷകഘടകങ്ങളും മതിയായ അളവിൽ ഉണ്ടാകണമെന്നില്ല. അതിനാൽ നാം വിവിധതരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് വിവിധ ആഹാരപദാർഥങ്ങൾ തയ്യാറാക്കി കഴിക്കണം. 

♦ നാം എന്തിനാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത്?
എല്ലാ ആഹാരത്തിലും എല്ലാ പോഷകഘടകങ്ങളും മതിയായ അളവിൽ ഉണ്ടാകണമെന്നില്ല. അതിനാൽ നാം വിവിധതരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് വിവിധ ആഹാരപദാർഥങ്ങൾ തയ്യാറാക്കി കഴിക്കണം. നാം കഴിക്കുന്ന ആഹാരപദാർഥങ്ങളുടെ അളവ്, കഴിക്കുന്ന സമയം, വൈവിധ്യം, ഗുണമേന്മ എന്നിവ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതു കൊണ്ട് എല്ലാവരും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം.

♦ ഒരു ദിവസം നിങ്ങൾ എന്തെല്ലാം പ്രവൃത്തികൾ ചെയ്യുന്നുണ്ട്? ഇതിനെല്ലാം വേണ്ട ഊർജം എവിടെനിന്നാണ് ലഭിക്കുന്നത്?
ശരീരത്തിനാവശ്യമായ ഊർജം പ്രധാനമായും ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. 

♦ കാർബോഹൈഡ്രേറ്റ് (Carbohydrate) 
• ശരീരത്തിനാവശ്യമായ ഊർജം പ്രധാനമായും ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. 
• അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ്, നാരുകൾ എന്നീ വിവിധ രൂപങ്ങളിൽ കാർബോ ഹൈഡ്രേറ്റ് ഭക്ഷ്യവസ്തുക്കളിൽ കാണപ്പെടുന്നു. 

♦ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ കൂടുതൽ അടങ്ങിയിരിക്കുന്നത് ---------- ആണ്. 
അന്നജം

♦ നാം കഴിക്കുന്ന ആഹാരപദാർഥങ്ങളിൽ അന്നജം ഉണ്ടോ എന്ന് എങ്ങനെ കണ്ടെത്തും?
• അയഡിൻ ടെസ്റ്റ്
• ആവശ്യമായ സാമഗ്രികൾ: രണ്ട് ടെസ്റ്റ് ട്യൂബ്, പാൽ, നേർപ്പിച്ച അയഡിൻ ലായനി,
കഞ്ഞിവെള്ളം.
• പ്രവർത്തനം - രണ്ട് ടെസ്റ്റ് ട്യൂബ് എടുക്കുക. ഒന്നിൽ അല്പം പാലും രണ്ടാമത്തേതിൽ അല്പം കഞ്ഞിവെള്ളവും എടുക്കുക. ഓരോന്നിലും രണ്ടോ മൂന്നോ തുള്ളി അയഡിൻ ലായനി ചേർക്കുക. അയഡിൻ ലായനി ചേർത്തപ്പോൾ രണ്ട് ടെസ്റ്റ് ട്യൂബിലും ഉളള ദ്രാവകത്തിന്റെ നിറത്തിൽ വന്ന മാറ്റം നിരീക്ഷിക്കുക . മറ്റ് ഭക്ഷണപദാർഥങ്ങൾ ഉപയോഗിച്ച് ഈ പരീക്ഷണം ആവർത്തിച്ചു. കണ്ടെത്തൽ പട്ടികയിൽ രേഖപ്പെടുത്തുന്നു . 
ഭക്ഷ്യവസ്തുക്കൾ   അയഡിൻ ലായനി ചേർത്തപ്പോഴുള്ള നിറം മാറ്റം 
• ഉരുളക്കിഴങ്ങ് • കടും നീലനിറം 
• വെള്ളരി • നിറം മാറ്റമില്ല 
• മൈദ • കടും നീലനിറം 
• മുട്ടയുടെ വെള്ള • നിറം മാറ്റമില്ല 
• ഉള്ളി • നിറം മാറ്റമില്ല 
• പാൽ • നിറം മാറ്റമില്ല 
• കഞ്ഞിവെള്ളം • കടും നീലനിറം 
• അന്നജം അയഡിനുമായി ചേരുമ്പോൾ ഇരുണ്ട നീലനിറം ഉണ്ടാവുന്നു. അന്നജത്തിന്റെ അളവനുസരിച്ച് നീലനിറത്തിന്റെ കാഠിന്യത്തിൽ വ്യത്യാസം ഉണ്ടാകും.
♦ പ്രോട്ടീന്റെ ധർമ്മങ്ങൾ എന്തെല്ലാമാണ്? 
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും ആവശ്യമായ ഒരു പ്രധാന പോഷ കഘടകമാണ് പ്രോട്ടീൻ. പേശികൾ, തലമുടി, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിന് പ്രോട്ടീൻ ആവശ്യമാണ്. കൂടാതെ ഇവ ഊർജവും പ്രദാനം ചെയ്യുന്നു. 

♦ പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാമാണ്? 
പ്രോട്ടീന്റെ കുറവുമൂലം ക്വാഷിയോർക്കർ, മരാസ്മസ് എന്നീ രോഗങ്ങൾ ഉണ്ടാകുന്നു.

♦ പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ചിത്രങ്ങളാണ് തന്നിട്ടുള്ളത്. അവ തിരിച്ചറിഞ്ഞ് എഴുതൂ.
സസ്യാഹാരം മാത്രം കഴിക്കുന്നവർ ഉണ്ടാവുമല്ലോ. അവരിൽ പ്രോട്ടീന്റെ കുറവ് ഉണ്ടാകാതിരിക്കാൻ ആഹാരത്തിൽ ഏതെല്ലാം പദാർഥങ്ങൾ ഉൾപ്പെടുത്തണം? 
• ഗ്രീൻ പീസ്
• പനീർ
• ബീൻസ്
• സോയാബീൻ
• ഓട്സ്
• കശുവണ്ടി
• നിലക്കടല

♦ നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കൊഴുപ്പുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം?
ഭക്ഷ്യവസ്തു ഒരു പേപ്പറിൽ ഉരയ്ക്കുക. ഉണങ്ങിയ ശേഷം പേപ്പറിൽ എണ്ണയുടെ പാട് കാണുന്നുണ്ടെങ്കിൽ ആ ഭക്ഷ്യ വസ്തുവിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാം.

♦ താഴെപ്പറയുന്ന ആഹാരവസ്തുക്കൾ പേപ്പറിൽ ഉരച്ച് നിരീക്ഷണം പട്ടികപ്പെടുത്തൂ. 
ആഹാരവസ്തുക്കൾ   നിരീക്ഷണഫലം  
• ചിപ്‌സ് • പേപ്പറിൽ എണ്ണയുടെ പാട് കാണുന്നു
• പച്ചവാഴയ്ക്ക • പേപ്പറിൽ എണ്ണയുടെ പാട് കാണുന്നില്ല 
• ചതച്ച എള്ള്  • പേപ്പറിൽ എണ്ണയുടെ പാട് കാണുന്നു
• ഉണങ്ങിയ തേങ്ങ • പേപ്പറിൽ എണ്ണയുടെ പാട് കാണുന്നു 
• ചതച്ച നിലക്കടല • പേപ്പറിൽ എണ്ണയുടെ പാട് കാണുന്നു
♦ നിങ്ങൾക്കറിയാവുന്ന കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണപദാർഥങ്ങളുടെ പേരെഴുതു. 
എണ്ണ, നെയ്യ്, മാംസം, മുട്ട, തേങ്ങ, എള്ള്, കടുക്, നിലക്കടല, പാൽ, പാലുല്പന്നങ്ങൾ, വെണ്ണ, മത്സ്യം

♦ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് അവ ഏതൊക്കെയാണെന്ന് എഴുതൂ.
ഇവയെ സസ്യജന്യ കൊഴുപ്പുകൾ, ജന്തുജന്യകൊഴുപ്പുകൾ എന്നിങ്ങനെ തരം തിരിച്ചെഴുതു 
സസ്യജന്യ കൊഴുപ്പുകൾ   ജന്തുജന്യകൊഴുപ്പുകൾ 
• വെളിച്ചെണ്ണ 
• സൂര്യകാന്തിയെണ്ണ 
• മത്സ്യയെണ്ണ 
• നെയ്യ് 
• വെണ്ണ 
♦ കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് നല്ലതല്ല എന്ന് ഡോക്ടർമാർ നിർദേശിക്കുന്നത് കേട്ടിട്ടില്ലേ. എന്താകാം കാരണം?
കൊഴുപ്പിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ, മിതമായ അളവിൽ കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ രക്തത്തിൽ കൊളസ്ട്രോൾ അധികമായാൽ അത് രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ അടിഞ്ഞുകൂടുകയും രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങൾക്ക് കാരണമാകും.

♦ എന്താണ് വിറ്റാമിനുകൾ (Vitamins)?
ശരീരത്തിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും ചെറിയ അളവിൽ അത്യാവശ്യമുള്ള പോഷകഘടകങ്ങളാണ് വിറ്റാമിനുകൾ. 
♦ വിവിധതരം വിറ്റാമിനുകൾ, അവയുടെ പ്രാധാന്യം എന്നിവ പട്ടികപ്പെടുത്തുക.
 വിറ്റാമിനുകൾ       പ്രാധാന്യം 
• വിറ്റാമിൻ A• കണ്ണ്, ത്വക്ക്, തലമുടി എന്നിവയുടെ ആരോഗ്യം 
• വിറ്റാമിൻ B• തലച്ചോറ്, നാഡികൾ, ഹൃദയം, ത്വക്ക് എന്നിവയുടെ ആരോഗ്യം
• വിറ്റാമിൻ C• പല്ല്, മോണ, രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യത്തിനും, രോഗപ്രതിരോധശേഷിക്കും  
• വിറ്റാമിൻ D • എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും.
• വിറ്റാമിൻ E• നാഡികളുടെ ശരിയായ പ്രവർത്തനത്തിന് 
• വിറ്റാമിൻ K• മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കുന്നതിന് 
♦ ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകൾ ഏതെല്ലാം?
• വിറ്റാമിൻ A
• വിറ്റാമിൻ B

♦ വിറ്റാമിൻ ഡി ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടാകും?
എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് കണ രോഗം (Rickets).

♦ വിറ്റാമിനുകളുടെ കുറവുമൂലമുണ്ടാവുന്ന ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കാൻ ഏതെല്ലാം ആഹാരങ്ങൾ കഴിക്കണം? കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കുക.
 വിറ്റാമിനുകൾ      ഭക്ഷ്യവസ്തുക്കൾ 
• വിറ്റാമിൻ A• മത്സ്യം, കാരറ്റ്, ചീര, പാലുൽപ്പന്നങ്ങൾ, കരൾ, പയറില, ചേമ്പില, മുരിങ്ങയില   
• വിറ്റാമിൻ B• മട്ടയരി, ചീര, ധാന്യങ്ങളുടെ തവിട്, മുട്ട, പാൽ, ചേമ്പില 
• വിറ്റാമിൻ C• നെല്ലിക്ക, നാരങ്ങ, പഴങ്ങൾ, മുരിങ്ങയില, പപ്പായ 
• വിറ്റാമിൻ D • മത്സ്യം, മുട്ട, കൂൺ, കരൾ, പാലുല്പന്നങ്ങൾ    
• വിറ്റാമിൻ E• നിലക്കടല, ബദാം, സസ്യഎണ്ണകൾ, ബ്രോക്കോളി, അവക്കാഡോ   
• വിറ്റാമിൻ K• കാബേജ്, കോളിഫ്‌ളവർ, ചീര, കിവി, ബ്ലൂബെറി 
♦ ഭക്ഷണത്തിൽ കൊഴുപ്പ് ഉൾ പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്താണ്?
വിറ്റാമിൻ B, C എന്നിവ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. A, D, E, K എന്നീ വിറ്റാമിനുകൾ കൊഴുപ്പിൽ മാത്രമേ ലയിക്കുകയുള്ളൂ. കൊഴുപ്പിന്റെ അഭാവത്തിൽ ഈ വിറ്റാമിനുകൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയില്ല. അതുകൊണ്ട് ഭക്ഷണത്തിൽ കൊഴുപ്പ് ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. 

♦ സ്കൂളിലെ അനൗൺസ്മെന്റ് ശ്രദ്ധിച്ചില്ലേ. എന്തിനാണ് കുട്ടികൾക്ക് അയൺ ഗുളിക നൽകുന്നത്?
അയൺ ഒരു ധാതുവാണ്. അയൺ ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. അതിനാലാണ് കുട്ടികൾക്ക് അയൺ ഗുളിക നൽകുന്നത്.

♦ പ്രധാന ധാതുക്കളും അവയുടെ പ്രാധാന്യവും പട്ടികപ്പെടുത്തുക.
പ്രധാന ധാതുക്കൾ  ആഹാരം പ്രാധാന്യം  
അയൺ (ഇരുമ്പ്)ഇലക്കറികൾ, ശർക്കര, മത്സ്യം, കരൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നു 
കാൽസ്യം മുട്ട, പാൽ, ഇലക്കറികൾ, മത്സ്യം എല്ലുകളുടെയും, പല്ലുകളുടെയും നിർമ്മാണത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു.
അയഡിൻ കടൽവിഭവങ്ങൾ തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു.
♦ രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിനു സഹായിക്കുന്ന ധാതു ഏതാണ്? 
അയൺ (ഇരുമ്പ്)

♦ ഹീമോഗ്ലോബിൻ ലഭിക്കാൻ ഏതൊക്കെ ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തണം?
ഇലക്കറികൾ, ശർക്കര, മത്സ്യം, കരൾ 

♦ കടൽവിഭവങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകതയെന്ത്?
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. കടൽവിഭവങ്ങളിൽ അയഡിൻ അടങ്ങിയിട്ടുണ്ട്.

♦ മുട്ട, പാൽ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന
ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?
എല്ലുകളുടെയും, പല്ലുകളുടെയും നിർമ്മാണത്തിനും രക്തം കട്ടപിടിക്കുന്നതിനും കാൽസ്യം സഹായിക്കുന്നു. അതിനാൽ കാൽസ്യം അടങ്ങിയിട്ടുള്ള മുട്ട, പാൽ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

വിറ്റാമിനുകളുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ പട്ടികപ്പെടുത്തുക.
വിറ്റാമിൻ   പര്യാപ്തതാരോഗങ്ങൾ 
• വിറ്റാമിൻ A • നിശാന്ധത  
• വിറ്റാമിൻ B• ഗ്ലോസിറ്റിസ് (നാവ് വീക്കവും നാവിലെ തൊലി ഇളകുന്ന അവസ്ഥയും), വായ്പുണ്ണ്
• വിറ്റാമിൻ C• മോണയിൽ നിന്നുള്ള രക്തസ്രാവം (സ്കർവി)
• വിറ്റാമിൻ D • കണ 
♦ ഏത് വിറ്റാമിന്റെ അഭാവം മൂലമാണ് സ്കർവി ഉണ്ടാകുന്നത്?
വിറ്റാമിൻ C

♦ നിങ്ങളുടെ വീട്ടിലെ ആർക്കെങ്കിലും വായ്പുണ്ണ് വന്നാൽ അവരുടെ ഭക്ഷണത്തിൽ ഏതൊക്കെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്താൻ നിങ്ങൾ നിർദേശിക്കും?
മട്ടയരി, ചീര, ധാന്യങ്ങളുടെ തവിട്, മുട്ട, പാൽ, ചേമ്പില 

♦ ഏത് വിറ്റാമിന്റെ കുറവാണ് നിശാന്ധതയ്ക്കു കാരണം?
വിറ്റാമിൻ A 

♦ ഏതു വിറ്റാമിന്റെ അഭാവം മൂലമാണ് കണ ഉണ്ടാകുന്നത്? 
വിറ്റാമിൻ D 
♦ എന്താണ് നിശാാന്ധത?
ഇരുട്ടിലും മങ്ങിയ വെളിച്ചത്തിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവാണ് നിശാാന്ധത. നിശാന്ധതയുള്ള വ്യക്തികൾക്ക് പകലും രാത്രിയിൽ നല്ല വെളിച്ചത്തിലും കാഴ്ചയ്ക്ക് യാതൊരു തകരാറും ഉണ്ടായിരിക്കില്ല.

♦ ധാതുക്കളുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തത രോഗങ്ങൾ പട്ടികപ്പെടുത്തുക.
ധാതുക്കൾ    പര്യാപ്തതാരോഗങ്ങൾ 
• അയൺ • അനീമിയ (വിളർച്ച)
• അയഡിൻ • ഗോയിറ്റർ 
• കാൽസ്യം • ഓസ്റ്റിയോപൊറോസിസ് 
♦ അയണിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?
അനീമിയ (വിളർച്ച)

♦ ഗോയിറ്റർ രോഗം ഉണ്ടാകാതിരിക്കാൻ നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആഹാര വസ്തുക്കൾ ഏതൊക്കെയാണ്? എന്തുകൊണ്ട്?
• കടൽ വിഭവങ്ങൾ 
• അയഡിന്റെ കുറവ് മൂലമാണ് ഗോയിറ്റർ ഉണ്ടാകുന്നത്. സമുദ്രവിഭവങ്ങളിൽ നിന്നാണ് അയഡിൻ കൂടുതലായി ലഭിക്കുന്നത്.

♦ ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാതിരിക്കാൻ ഏതൊക്കെ തരം ഭക്ഷ്യവസ്തുക്കൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം?
• പാലുൽപ്പന്നങ്ങൾ
• ഇലക്കറികൾ
• മത്സ്യം
• മുട്ട

♦ എന്തിനാണ് സ്കൂളിൽ അയൺ ഗുളിക വിതരണം ചെയ്യുന്നത്? വിശദീകരിക്കൂ. 
അനീമിയ്ക്ക് (വിളർച്ച) കാരണമാകുന്ന അയണിന്റെ കുറവ് തടയുന്നതിനായിട്ടാണ്  സ്കൂളുകളിൽ അയൺ ഗുളികകൾ വിതരണം ചെയ്യുന്നത്.

♦ ആഹാരത്തിൽ നാരുകൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ്?
• സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ സെല്ലുലോസ് ആണ് നാരുകൾ. 
• നാരുകൾ പോഷകഘടകമല്ല. എങ്കിലും ദഹനം, വൻകുടലിലൂടെ വിസർജ്യവസ്തുക്കളുടെ പുറംതള്ളൽ എന്നിവ സുഗമമാക്കുന്നത് നാരുകളാണ്. 
• തവിട് അടങ്ങിയ ധാന്യങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, വാഴയുടെ പിണ്ടി, വാഴക്കൂമ്പ് തുടങ്ങിയവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.

♦ മാമ്പഴക്കഷണങ്ങളും അരിച്ചെടുത്ത മാമ്പഴജ്യൂസും ശ്രദ്ധിച്ചില്ലേ. ഏതിലാണ് കൂടുതൽ നാരുകൾ ഉണ്ടാവുക? എന്തുകൊണ്ട്? 
അരിച്ചെടുത്ത മാമ്പഴ ജ്യൂസിനേക്കാൾ കൂടുതൽ നാരുകൾ മാമ്പഴക്കഷ്ണങ്ങളിൽ അടങ്ങിയിട്ടുണ്ട്. പഴങ്ങളുടെ പൾപ്പിലും തൊലിയിലും നാരുകൾ കാണപ്പെടുന്നു. മാമ്പഴ ജ്യൂസിസ് അരിച്ചെടുക്കുമ്പോൾ, നാരുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ നീക്കം ചെയ്യപ്പെടുന്നു.

♦ ധാരാളം ശുദ്ധജലം കുടിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?
നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 70%വും ജലമാണ്. ദഹനം, രക്തചംക്രമണം, വിസർജനം തുടങ്ങി വിവിധ ശാരീരികപ്രവർത്തനങ്ങൾക്ക് ജലം ആവശ്യമാണ്. മൂത്രം, വിയർപ്പ് മുതലായവയിലൂടെ ശരീരത്തിൽനിന്ന് ജലനഷ്ടം ഉണ്ടാകുന്നു. അതിനാൽ ധാരാളം ശുദ്ധജലം കുടിക്കണം. 

♦ എന്താണ് സമീകൃതാഹാരം (Balanced Diet)?
ആരോഗ്യം നിലനിർത്തുന്നതിന് നിശ്ചിത അളവിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്ന ഭക്ഷണക്രമമാണ് നാം ശീലിക്കേണ്ടത്. ഇത്തരത്തിലുള്ള ഭക്ഷണക്രമമാണ് സമീകൃതാഹാരം. 

♦ നിങ്ങളുടെ ആഹാരരീതിയനുസരിച്ച് എല്ലാ പോഷകങ്ങളും ഉൾപ്പെടുന്ന ഒരു ദിവസത്തെ ഭക്ഷണ ചാർട്ട് തയ്യാറാക്കുക.
• 
കാർബോഹൈഡ്രേറ്റ്: അരി, മരച്ചീനി, ഉരുളക്കിഴങ്ങ് 
• കൊഴുപ്പ്: നെയ്യ്, മത്സ്യം, വെളിച്ചെണ്ണ 
• വിറ്റാമിൻ: നെല്ലിക്ക, പപ്പായ, പച്ചക്കറികൾ, നട്സ്  
• ധാതുക്കൾ: ഇലക്കറികൾ, സമുദ്രവിഭവങ്ങൾ, മാംസം  
• പ്രോട്ടീൻ: ചെറുപയർ, മുട്ട, മാംസം 
♦ ആഹാരം പാകം ചെയ്യുമ്പോൾ എങ്ങനെയെല്ലാമാണ് പോഷകമൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളത്? 
• പച്ചക്കറി മുറിച്ചതിനുശേഷം കഴുകുമ്പോൾ
• പച്ചക്കറികൾ മൂടി വയ്ക്കാതെ വേവിക്കുന്നത് വിറ്റാമിൻ ബി, സി തുടങ്ങിയവ  നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
• വേവിച്ച ഭക്ഷണത്തിലെ വെള്ളം അരിച്ചുകളയുന്നത് പോഷകങ്ങളുടെ നഷ്ടത്തിന് കാരണമാകുന്നു.
• പച്ചക്കറികൾ അമിതമായി വേവിക്കുന്നത് വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും നഷ്ടത്തിന് കാരണമാകും.

വിലയിരുത്താം

1. പോഷകഘടകങ്ങളും അവ കൂടുതലായി അടങ്ങിയിരിക്കുന്ന ആഹാരവസ്തുക്കളും തന്നിരിക്കുന്നു. അവ ശരിയായ രീതിയിൽ വരച്ചു യോജിപ്പിക്കൂ.
• കാർബോഹൈഡ്രേറ്റ് - ഇലക്കറികൾ
• ധാതുക്കൾ - പയറുവർഗങ്ങൾ, മുട്ട
• കൊഴുപ്പ് - ധാന്യങ്ങൾ
• പ്രോട്ടീൻ - എണ്ണകൾ
ഉത്തരം:
• കാർബോഹൈഡ്രേറ്റ് - ധാന്യങ്ങൾ
• ധാതുക്കൾ - ഇലക്കറികൾ
• കൊഴുപ്പ് - എണ്ണകൾ
• പ്രോട്ടീൻ - പയറുവർഗങ്ങൾ, മുട്ട

2. അയഡിൻ അടങ്ങിയ ആഹാരം കഴിക്കാത്ത ഒരു വ്യക്തിക്ക് വരാവുന്ന ആരോഗ്യപ്രശ്നം ഏതാണ്?
A. നിശാന്ധത
C. വിളർച്ച
B. കണ
D. ഗോയിറ്റർ
ഉത്തരം: D. ഗോയിറ്റർ

3. നാരുകളെ ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയില്ല. പിന്നെ എന്തിനാണ് നാരുകളുള്ള ആഹാരം കഴിക്കണമെന്ന് പറയുന്നത്?
ദഹനം, വൻകുടലിലൂടെ വിസർജ്യവസ്തുക്കളുടെ പുറംതള്ളൽ എന്നിവ സുഗമമാക്കുന്നത് നാരുകളാണ്.

4. പല്ലിന്റെ ആരോഗ്യത്തിന് ഏത് പോഷകഘടകമാണ് വേണ്ടത്? ഈ പോഷകഘടകം നമുക്ക് ഏതൊക്കെ ആഹാരവസ്തുക്കളിൽ നിന്ന് ലഭിക്കും?
• വിറ്റാമിൻ C
• നെല്ലിക്ക, നാരങ്ങ, പഴങ്ങൾ, മുരിങ്ങയില, പപ്പായ 

5. ടീച്ചർ ഇന്ന് അയൺ ഗുളിക തന്നു, പക്ഷേ ഞാനത് കഴിച്ചില്ല. അരുണ പറയുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
ഇല്ല, രക്തത്തിലെ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കുന്നതിന് അയൺ ആവശ്യമാണ്. 
അനീമിയ്ക്ക് (വിളർച്ച) കാരണമാകുന്ന അയണിന്റെ കുറവ് തടയുന്നതിനായിട്ടാണ്  സ്കൂളുകളിൽ അയൺ ഗുളികകൾ വിതരണം ചെയ്യുന്നത്.

6. വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് കുറഞ്ഞ അളവിലല്ലേ ആവശ്യമു ള്ളൂ. അതിനാൽ അവ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ കുറച്ചുമാത്രം ഉൾപ്പെടുത്തിയാൽ മതി. ഒരു കുട്ടിയുടെ അഭിപ്രായമാണിത്. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
ഇല്ല, വിറ്റാമിനുകളും ധാതുക്കളും കുറഞ്ഞയളവിൽ മാത്രമേ ശരീരത്തിനാവശ്യമുള്ളൂ. എങ്കിലും വേണ്ടത്ര അളവിൽ അവ ലഭ്യമായില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട അപര്യാപ്തതാ രോഗങ്ങൾ ഉണ്ടാകുന്നു. 



TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here