Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 7 ഭൂഖണ്ഡങ്ങളിലൂടെ - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 6 Social Science - Through the Continents | Text Books Solution Social Science (Malayalam Medium) Chapter 7 ഭൂഖണ്ഡങ്ങളിലൂടെ | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Chapter 7: ഭൂഖണ്ഡങ്ങളിലൂടെ - ചോദ്യോത്തരങ്ങൾ
 പാഠപുസ്തകത്തിന്റെ ആമുഖത്തിൽ നൽകിയിരിക്കുന്ന കമാൻഡർ അഭിലാഷ് ടോമിയുടെ യാത്രാവിവരണം വായിക്കുക. അതിൽ നിന്ന് എന്താണ് പഠിക്കാൻ കഴിയുന്നത്?
കമാൻഡർ അഭിലാഷ് ടോമിയുടെ 'കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ' എന്ന യാത്രാവിവരണത്തിൽ നിന്നുള്ള ഭാഗമാണ് പാഠപുസ്തകത്തിൽ നൽകിയിരിക്കുന്നത്ഇന്ത്യൻ നാവികസേനയുടെ 'മാദേയി' എന്ന പായ്ക്കപ്പലിൽ ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ, ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് അദ്ദേഹം. സമുദ്രങ്ങളിൽ നിന്നും സമുദ്ര ങ്ങളിലേക്ക് യാത്രചെയ്തപ്പോൾ വിശാലമായ ഭൂമുഖത്ത്, തനതുസവിശേഷതകളോടെ കരകൾ എങ്ങനെ വ്യാപിച്ചു കിടക്കുന്നുവെന്നും അവയെല്ലാം എത്രത്തോളം പരസ്പര ബന്ധിതമാണെന്നും അദ്ദേഹം ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഗോവൻ തീരത്തെ മത്സ്യത്തൊഴിലാളികളുടെ ഇഷ്ട ദേവതയുടെ പേരാണ് 'മാദേയി'. പോർച്ചുഗീസുകാർ അവരുടെ കപ്പലുകൾ നങ്കൂരമിട്ട സ്ഥലമാണ് ഗോവ.

♦ പായ്ക്കപ്പലിൽ ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ, ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ്?
അഭിലാഷ് ടോമി

♦ എന്താണ്  ഭൂഖണ്ഡങ്ങൾ ?
• സമുദ്രങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അതിവിശാലമായ കരഭാഗങ്ങളാണ് ഭൂഖണ്ഡങ്ങൾ. 
• മിക്ക ഭൂഖണ്ഡങ്ങളും നിരവധി രാജ്യങ്ങളെ ഉൾക്കൊള്ളുന്നവയാണ്. 
• ഓരോ ഭൂഖണ്ഡത്തിനും തനതായ ഭൂമിശാസ്ത്ര സവിശേഷതകളുണ്ട്. 

♦ വലിപ്പമനുസരിച്ച് ഏറ്റവും വലുത് മുതൽ ചെറുത് വരെയുള്ള ഏഴ് ഭൂഖണ്ഡങ്ങൾ ഇവയാണ്:
1. ഏഷ്യ
2. ആഫ്രിക്ക
3. വടക്കേ അമേരിക്ക
4. തെക്കേ അമേരിക്ക
5. അന്റാർട്ടിക്ക
6. യൂറോപ്പ്
7. ഓസ്‌ട്രേലിയ

♦ ചുവടെ തന്നിരിക്കുന്ന ഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ പേരുകൾ അടയാളപ്പെടുത്തുക.
1. വടക്കേ അമേരിക്ക
2. തെക്കേ അമേരിക്ക
3. യൂറോപ്പ്
4. ഏഷ്യ
5. ആഫ്രിക്ക
6. ഓസ്‌ട്രേലിയ
7. അന്റാർട്ടിക്ക

♦ ഏഷ്യ
• ഭൂമിയിലെ ഏറ്റവും വലിയ ഭൂഖണ്ഡമാണ് ഏഷ്യ. 
• നമ്മുടെ രാജ്യമായ ഇന്ത്യ ഏഷ്യയുടെ ഭാഗമാണ്. 
• ഭൂമിയുടെ കരഭാഗത്തിന്റെ ഏതാണ്ട് മൂന്നിലൊന്നും ഉൾക്കൊള്ളുന്ന ഭൂഖണ്ഡമാണ് ഏഷ്യ.

♦ ഭൂപടം നിരീക്ഷിച്ച്  ഏഷ്യയുടെ അതിരുകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക
♦ ഏഷ്യയുടെ ഏത് ഭാഗത്താണ് കര അതിർത്തിയുള്ളത് ? 
പടിഞ്ഞാറ് ഭാഗം (യൂറോപ്പ്)

♦ ഏഷ്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്തൊക്കെയാണ്?
ഏഷ്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന യൂറൽ പർവതനിരയാണ് യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ വേർതിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്ന ഹിമാലയപർവതം ഏഷ്യയിലാണുള്ളത്. പർവതങ്ങൾ കൂടാതെ മരുഭൂമികൾ, സമതലങ്ങൾ, പീഠഭൂമികൾ എന്നിവയും ഏഷ്യയുടെ ഭൂപ്രകൃതി സവിശേഷതകളാണ്. യാങ്സിയാണ് ഏഷ്യയിലെ ഏറ്റവും നീളമേറിയ നദി.

♦ യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പർവതനിരയുടെ പേരെന്താണ്?
യൂറൽ പർവതനിരകൾ

♦ മരുഭൂമി
വളരെക്കുറച്ച് മാത്രം മഴ ലഭിക്കുന്ന വരണ്ട, വിശാലമായ ഭൂപ്രദേശങ്ങളാണ് മരുഭൂമികൾ. ഇവയിൽ അത്യുഷ്ണം അനുഭവപ്പെടുന്നവ ഉഷ്ണമരുഭൂമികളെന്നും അതിശൈത്യമനുഭവപ്പെടുന്നവ ശീതമരുഭൂമികളെന്നും അറിയപ്പെടുന്നു.

♦ സമതലങ്ങൾ
ഏറക്കുറെ നിരപ്പായ വിശാല ഭൂപ്രദേശങ്ങളാണ് സമതലങ്ങൾ. നദികൾ വഹിച്ചുകൊണ്ടു വരുന്ന എക്കൽ നിക്ഷേപിക്കപ്പെട്ട് രൂപപ്പെടുന്നവയാണ് എക്കൽ സമതലങ്ങൾ. ഇവ പൊതുവെ ഫലഭൂയിഷ്ഠങ്ങളാണ്.

♦ പീഠഭൂമികൾ
ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ഉയർന്നതും താരതമ്യേന നിരപ്പായ ഉപരിതലത്തോടുകൂടിയതുമായ വിസ്തൃത ഭൂപ്രദേശങ്ങളാണ് പീഠഭൂമികൾ.
♦ ഏഷ്യയിലെ ചില ഭൂപ്രകൃതി സവിശേഷതകളുടെ ചിത്രങ്ങളാണ് ചുവടെ നൽകിയിട്ടുള്ളത്. ചിത്രങ്ങൾ നിരീക്ഷിച്ച് അവ ഏത് ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന് കണ്ടെത്തി എഴുതു.
ഉത്തരം:
1. ഹിമാലയം - പർവ്വതം
2. മഞ്ചൂരിയൻ - സമതലം
3. താർ - മരുഭൂമി
4. ലഡാക്ക് - ശീത മരുഭൂമി
5. യാങ്സി - താഴ്‌വര
6. ഡെക്കാൻ - പീഠഭൂമി

♦ ഭൂപ്രകൃതിപോലെ തന്നെ വൈവിധ്യമാർന്നതാണ് ഏഷ്യയിലെ കാലാവസ്ഥയും. വിശദമാക്കുക.
ഭൂപ്രകൃതിപോലെ തന്നെ വൈവിധ്യമാർന്നതാണ് ഏഷ്യയിലെ കാലാവസ്ഥയും. ഏഷ്യയുടെ വടക്കുഭാഗം ധ്രുവപ്രദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ അവിടെ തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നു. സമുദ്ര സാമീപ്യമുള്ളതിനാൽ കിഴക്കുഭാഗത്ത് മിതമായ ചൂടും തണുപ്പുമാണുള്ളത്. ഭൂമധ്യരേഖാ പ്രദേശമായതിനാൽ തെക്കുഭാഗത്ത് ചൂടും ഈർപ്പവും കനത്തമഴയുമുള്ള കാലാവസ്ഥയാണ്. മരുപ്രദേശമായ പടിഞ്ഞാറ് ഭാഗത്ത് പൊതുവെ ചൂട് കൂടുതലാണ്.

♦ ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏതാണ്?
മൗസിൻറം 

♦ അതിശൈത്യം അനുഭവപ്പെടുന്ന സൈബീരിയ എന്ന പ്രദേശം ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ഏഷ്യ

♦ ഏഷ്യയിലെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്ക് ചില ഉദാഹരണങ്ങൾ എഴുതുക.
• റാഫ്ലേഷ്യ
• നീലക്കുറിഞ്ഞി
• ഹിമപ്പുലി
• ചുവന്ന പാണ്ട

♦ ഏഷ്യയിലെ ജനജീവിതത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
ഏഷ്യയാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുളള ഭൂഖണ്ഡം. ലോകജനസംഖ്യയുടെ 60 ശതമാനത്തിലധികവും ഏഷ്യയിലാണുള്ളത്. ഏഷ്യയിലെ ഭൂരിഭാഗം ജനങ്ങളും കാർഷികമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ലോകത്ത് ഏറ്റവും അധികം നെല്ല് ഉൽപാദിപ്പിക്കുന്നത് ഏഷ്യയാണ്. വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും സംഗമഭൂമികൂടിയാണ് ഇവിടം. ടോക്കിയോ, മുംബൈ തുടങ്ങിയ തിരക്കേറിയ നഗരങ്ങൾ മുതൽ ജനവാസം തീരെ കുറഞ്ഞ ഗ്രാമങ്ങൾ വരെ ഏഷ്യയിലുണ്ട്.

♦ ഭൂമധ്യരേഖ, ഉത്തരായണരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നുപോകുന്ന ഒരേയൊരു ഭൂഖണ്ഡം ഏതാണ്?
ആഫ്രിക്ക

♦ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഖണ്ഡം ഏതാണ്?
ആഫ്രിക്ക

♦ ആഫ്രിക്കയുടെ സ്വാഭാവിക അതിരുകൾ കണ്ടെത്തുക 
• കിഴക്ക്: ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും
• പടിഞ്ഞാറ്: അറ്റ്‌ലാന്റിക് സമുദ്രം
• വടക്ക്: മെഡിറ്ററേനിയൻ കടൽ
• തെക്ക്: അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളുടെ സംഗമസ്ഥാനം

♦ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചുള്ള ഒരു കുറിപ്പ് തയ്യാറാക്കുക
വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ഉത്തരാർധ ഗോളത്തിലും ദക്ഷിണാർധഗോളത്തിലും ഏറക്കുറെ തുല്യമായി വ്യാപിച്ചുകിടക്കുന്ന ഭൂഖണ്ഡ മാണിത്. ഏറ്റവും വലിയ ഉഷ്ണ മരുഭൂമിയായ സഹാറയും ഉഷ്ണമേഖലാ മഴക്കാടുകൾ നിറഞ്ഞ കോംഗോ നദീതടവും ഈ ഭൂഖണ്ഡത്തിന്റെ സവിശേഷതകളാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ നദി ഈ ഭൂഖണ്ഡത്തിലൂടെ ഒഴുകുന്നു. ഇവിടുത്തെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് കിളിമഞ്ചാരോ.

♦ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
നൈൽ

♦ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഏതാണ്?
കിളിമഞ്ചാരോ.

♦ സഹാറ മരുഭൂമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ആഫ്രിക്ക

♦ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഭൂപ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റ് പൂർത്തിയാക്കുക.
• ഏറ്റവും വലിയ ഉഷ്ണമരുഭൂമി • ----------------------
• ഏറ്റവും ഉയരമുള്ള പർവ്വതം• ----------------------
• ഉഷ്ണമേഖലാ മഴക്കാടുകൾ ഉൾക്കൊള്ളുന്ന നദീതടം• ----------------------
• വിശാലമായ പുൽമേടുകൾ • ----------------------
ഉത്തരം:
• ഏറ്റവും വലിയ ഉഷ്ണമരുഭൂമി • സഹാറ
• ഏറ്റവും ഉയരമുള്ള പർവ്വതം• കിളിമഞ്ചാരോ
• ഉഷ്ണമേഖലാ മഴക്കാടുകൾ ഉൾക്കൊള്ളുന്ന നദീതടം• കോംഗോ നദീതടം
• വിശാലമായ പുൽമേടുകൾ • സാവന്ന 
♦ ആഫ്രിക്കയുടെ കാലാവസ്ഥാ സവിശേഷതകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• ഭൂമധ്യരേഖക്ക് ഇരുവശങ്ങളിലേക്കും ഏകദേശം തുല്യമായി വ്യാപിച്ചുകിടക്കുന്ന ആഫ്രിക്കയിൽ പൊതുവെ ചൂടുകൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.  
• തീരപ്രദേശങ്ങളിലും മിതോഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലും മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നു.
♦ 'ആഫ്രിക്ക ജൈവവൈവിധ്യത്താൽ സമൃദ്ധമാണ്'. പരിശോധിക്കുക.
• ജൈവവൈവിധ്യത്താൽ സമൃദ്ധമാണ് ആഫ്രിക്കയിലെ സാവന്നാ പുൽമേടുകളും ഉഷ്ണമേഖലാ മഴക്കാടുകളും. 
• സെറെൻ ഗെറ്റിയിലെ ജന്തുജാലങ്ങളുടെ കാലിക കുടിയേറ്റം ആഫ്രിക്കയിലെ ഒരു പ്രധാന സവിശേഷതയാണ്.
• ബയോബാബ് വൃക്ഷം, കറുത്ത കാണ്ടാമൃഗം, ആഫ്രിക്കൻ കാട്ടുനായ എന്നിവ ആഫ്രിക്കയിലെ ചില സസ്യജന്തുജാലങ്ങൾക്ക് ഉദാഹരണങ്ങളാണ്.

♦ ആഫ്രിക്കൻ ജനജീവിതത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
ആഫ്രിക്കയിലെ ഭൂരിഭാഗം ജനങ്ങളും ഗ്രാമങ്ങളിൽ വസിക്കുന്നവരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരുമാണ്. സംസ്കാരങ്ങൾ, ഭാഷകൾ, ചരിത്രം എന്നിവയാൽ സമ്പന്നമായ ഒരു നാടാണ് ആഫ്രിക്ക. പുരാതന നാഗരികതകളിൽ ഒന്നായ ഈജിപ്ഷ്യൻ സംസ്കാരം ഉടലെടുത്തത് ആഫ്രിക്കയിലാണ്. ഈജിപ്റ്റിലെ പിരമിഡുകൾ പ്രാചീന നിർമ്മാണ വൈദഗ്ധ്യത്തിന്റെ തെളിവായി നിലകൊള്ളുന്നു.

♦ പസഫിക്, അറ്റ്‌ലാന്റിക്, ആർട്ടിക് എന്നീ സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭൂഖണ്ഡം ഏതാണെന്ന് കണ്ടെത്തൂ.
വടക്കേ അമേരിക്ക

♦ വടക്കേ അമേരിക്കയുടെ സ്വാഭാവിക അതിരുകൾ കണ്ടെത്തൂ.
• കിഴക്ക്: അറ്റ്‌ലാന്റിക് സമുദ്രം
• പടിഞ്ഞാറ്: പസഫിക് സമുദ്രം
• വടക്ക്: ആർട്ടിക് സമുദ്രം
• തെക്ക്/തെക്കുകിഴക്ക്: കരീബിയൻ കടലും തെക്കേ അമേരിക്കയും

♦ വടക്കേ അമേരിക്കയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്തൊക്കെയാണ്?
വടക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന പർവതനിരകളാണ് റോക്കി, അപ്പലേച്ചിയൻ എന്നിവ. ഈ ഭൂഖണ്ഡത്തിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളാണ് മഹാസമതലങ്ങൾ. വടക്കേ അമേരിക്കയിലെ അതിവിശാലമായ പുൽമേടുകളാണ് പ്രയറികൾ. മിസോറിയും മിസിസിപ്പിയും ഉൾപ്പെടെ ധാരാളം നദികൾ വടക്കേ അമേരിക്കയിലുണ്ട്. പഞ്ചമഹാതടാകങ്ങൾ എന്നറിയപ്പെടുന്ന അഞ്ച് വലിയ ശുദ്ധജലതടാകങ്ങളും ഇവിടെയാണ്. വടക്കേ അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന ബൃഹദ് താഴ്‌വരയായ ഗ്രാൻഡ് കാന്യോൺ ഒരു പ്രകൃതിദത്ത അത്ഭുതമാണ്.

♦ വടക്കേ അമേരിക്കയിലെ വിശാലമായ പുൽമേടുകൾ എന്തുപേരിൽ അറിയപ്പെടുന്നു?
പ്രയറികൾ

♦ മിസിസിപ്പി-മിസോറി നദി ഏത് ഭൂഖണ്ഡത്തിലാണ് ?
വടക്കേ അമേരിക്ക

♦ കൊളറാഡോ നദിയുടെ പ്രവർത്തനത്തിന്റെ ഫലമായി രൂപപ്പെട്ട ബൃഹദ് താഴ്‌വര ഏതാണ്? 
ഗ്രാൻഡ് കാന്യോൺ

♦ വടക്കേ അമേരിക്കയുടെ കാലാവസ്ഥാ സവിശേഷതകൾ എന്തൊക്കെയാണ്?
ധ്രുവ പ്രദേശത്തോട് ചേർന്നുകിടക്കുന്നതിനാൽ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത് അതിശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്കുനിന്നും തെക്കോട്ടു നീങ്ങുംതോറും താരതമ്യേന ചൂട് വർധിച്ചുവരുന്നു.

♦ വടക്കേ അമേരിക്കയിലെ സസ്യജന്തുജാലങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് വടക്കേ അമേരിക്ക. പടിഞ്ഞാറ് ഭാഗത്തുളള സെക്വയ വനങ്ങളും മഹാസമതലങ്ങളിലെ പുൽമേടുകളും ഇതിനുദാഹരണങ്ങളാണ്. കാലിഫോർണിയ പോപ്പി, സഗ്വാരോ കള്ളിച്ചെടി, മൂസ് എന്നിവ വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ചില സസ്യജന്തുജാലങ്ങളാണ്.

♦ വടക്കേ അമേരിക്കയിലെ ജനജീവിതത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
അമേരിക്കൻ ഐക്യനാടുകളും (യു.എസ്.എ) കാനഡയും ഉയർന്ന ജീവിത നിലവാരത്തിനും സാങ്കേതിക പുരോഗതിക്കും പേരുകേട്ടതാണ്. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, മെക്സിക്കോ സിറ്റി തുടങ്ങിയ ലോകത്തിലെ വലിയ നഗരങ്ങൾ വടക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്നു. അനുകൂല കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ഇവിടുത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നു. മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്യൂട്ടുകൾ (എസ്കിമോകൾ) ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

♦ വടക്കേ അമേരിക്കയിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ താമസിക്കുന്ന ജനവിഭാഗം ഏതാണ്?
ഇന്യൂട്ടുകൾ (എസ്കിമോകൾ)

♦ വടക്കേ അമേരിക്കയിലെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്ന ടൂറിസ്റ്റ് ഗൈഡായി സങ്കൽപ്പിച്ച് ഈ ഭൂഖണ്ഡത്തിന്റെ സവിശേഷതകൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കൂ.
പസഫിക്, അറ്റ്ലാന്റിക്, ആർട്ടിക് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഒരു ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക. വടക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന പർവതനിരകളാണ് റോക്കി, അപ്പലേച്ചിയൻ എന്നിവ. ഈ ഭൂഖണ്ഡത്തിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളാണ് മഹാസമതലങ്ങൾ. വടക്കേ അമേരിക്കയിലെ അതിവിശാലമായ പുൽമേടുകളാണ് പ്രയറികൾ. മിസോറിയും മിസിസിപ്പിയും ഉൾപ്പെടെ ധാരാളം നദികളും പഞ്ചമഹാതടാകങ്ങൾ എന്നറിയപ്പെടുന്ന അഞ്ച് വലിയ ശുദ്ധജലതടാകങ്ങളും ഇവിടെയുണ്ട്. വടക്കേ അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന ബൃഹദ് താഴ്‌വരയായ ഗ്രാൻഡ് കാന്യോൺ ഒരു പ്രകൃതിദത്ത അത്ഭുതമാണ്. ഏകദേശം 446 കിലോമീറ്റർ നീളവും 29 കിലോമീറ്റർ വരെ വീതിയും 1500 മീറ്ററിൽ കൂടുതൽ ആഴവുമുള്ള ഒരു വലിയ താഴ്‌വരയാണ് ഗ്രാൻഡ് കാന്യോൺ. ദശലക്ഷക്കണക്കിന് വർഷങ്ങളായി കൊളറാഡോ നദിയുടെ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ വലിയ താഴ്‌വര രൂപപ്പെട്ടത്. ഇത് യുനെസ്കോയുടെ ലോക പൈതൃക ഇടമാണ്. ധ്രുവ പ്രദേശത്തോട് ചേർന്നുകിടക്കുന്നതിനാൽ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത് അതിശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്കുനിന്നും തെക്കോട്ടു നീങ്ങുംതോറും താരതമ്യേന ചൂട് വർധിച്ചുവരുന്നു. സെക്വോയ വനങ്ങൾ, വിശാലമായ പുൽമേടുകൾ, വൈവിധ്യമാർന്ന വന്യജീവികൾ എന്നിവ ഈ ഭൂഖണ്ഡത്തെ സവിശേഷമാക്കുന്നു. ഉയർന്ന ജീവിത നിലവാരത്തിനും സാങ്കേതിക പുരോഗതിക്കും പേരുകേട്ട അമേരിക്കൻ ഐക്യനാടുകളും (യു.എസ്.എ), കാനഡയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, മെക്സിക്കോ സിറ്റി തുടങ്ങിയ ലോകത്തിലെ വലിയ നഗരങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്യൂട്ടുകൾ (എസ്കിമോകൾ)ഈ ഭൂഖണ്ഡത്തിന്റെ മറ്റൊരു സവിശേഷതയാണ്.
♦ "ഭൂമിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്നത് ഏതാണ്?
ആമസോൺ മഴക്കാടുകൾ

♦ അറ്റ്‌ലസിന്റെ സഹായത്തോടെ തെക്കേ അമേരിക്കയുടെ സ്വാഭാവിക അതിരുകൾ തിരിച്ചറിയൂ.
• കിഴക്ക്: അറ്റ്‌ലാന്റിക് സമുദ്രം
• പടിഞ്ഞാറ്: പസഫിക് സമുദ്രം
• വടക്ക്: അറ്റ്‌ലാന്റിക് സമുദ്രം
• തെക്ക്: ദക്ഷിണ സമുദ്രം

♦ തെക്കേ അമേരിക്കയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്തൊക്കെയാണ്?
ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിരയായ ആൻഡീസും ഏറ്റവും വലിയ നദിയായ ആമസോണും ഇവിടെയാണുള്ളത്. അതിവിശാല ഭൂപ്രദേശമായ ആമസോൺ നദീതടത്തിന്റെ ഭൂരി ഭാഗവും മഴക്കാടുകളാണ്. ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ തെക്കേ അമേരിക്കയുടെ മറ്റൊരു ഭൂപ്രകൃതി
സവിശേഷതയാണ്.

♦ തെക്കേ അമേരിക്കയുടെ കാലാവസ്ഥാ സവിശേഷതകൾ എന്തൊക്കെയാണ്?
• ഭൂമധ്യരേഖാപ്രദേശമായതിനാൽ തെക്കേ അമേരിക്കയുടെ വടക്കുഭാഗങ്ങളിൽ കൂടിയ ചൂടും സമൃദ്ധമായ മഴയും ലഭിക്കുന്നു. 
• തെക്കേ അമേരിക്കയുടെ ഏറ്റവും തെക്ക് ശൈത്യ കാലാവസ്ഥ അനുഭവപ്പെടുന്നു.

♦ തെക്കേ അമേരിക്കയിലെ സസ്യ-ജന്തുജാലങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
ആമസോൺ മഴക്കാടുകൾ ഉൾപ്പെടുന്ന തെക്കേ അമേരിക്ക ജൈവവൈവിധ്യ സമൃദ്ധമാണ്. ആമസോൺ വാട്ടർ ലില്ലി, അനാകോണ്ട മുതലായവയ്ക്ക് പ്രസിദ്ധമാണിവിടം. തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകൾ ആൻഡിയൻ ലൂപിൻ എന്ന പുഷ്പച്ചെടിയുടെയും ലാമ പോലുള്ള സസ്തനികളുടെയും ആവാസകേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തട പ്രദേശങ്ങളിലൊന്നാണ് തെക്കേ അമേരിക്കയിലെ പാന്റനൽ. സസ്തനി വിഭാഗത്തിൽപ്പെട്ട കാപ്പിബാര ഈ മേഖലയിൽ കാണപ്പെടുന്നു.

♦ തെക്കേ അമേരിക്കയിലെ ജനജീവിതത്തെക്കുറിച്ച് കുറിപ്പ് എഴുതുക.
തെക്കേ അമേരിക്കയിലെ ജനങ്ങളിലധികവും കൃഷി, മത്സ്യബന്ധനം, വ്യവസായം എന്നിവയിൽ ഏർപ്പെടുന്നവരാണ്. തദ്ദേശീയർ, യൂറോപ്യർ, ആഫ്രിക്കക്കാർ, ഏഷ്യക്കാർ എന്നിവരുടെ സാന്നിധ്യത്താൽ സാംസ്കാരിക വൈവിധ്യങ്ങൾക്ക് ശ്രദ്ധേയമാണ് ഈ ഭൂഖണ്ഡം.

♦ വിവിധ പഠനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ചിട്ടുളള രണ്ട് ഗവേഷണ കേന്ദ്രങ്ങളാണ് മൈത്രിയും ഭാരതിയും. ഇവ ഏതു ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്?
അന്റാർട്ടിക്ക

♦ അറ്റ്‌ലസിന്റെ സഹായത്തോടെ അന്റാർട്ടിക്കയുടെ സ്വാഭാവിക അതിരുകൾ തിരിച്ചറിയൂ.
പൂർണ്ണമായും ദക്ഷിണ സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക

♦ അന്റാർട്ടിക്കയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്തൊക്കെയാണ്?
• അന്റാർട്ടിക്കയുടെ 98 ശതമാനവും അന്റാർട്ടിക്ക് ഹിമപാളിയാണ്. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഭൂരിഭാഗവും ഈ ഹിമപാളിയിൽ അടങ്ങിയിരിക്കുന്നു. 
• ട്രാൻസ് അന്റാർട്ടിക്ക് പർവതനിരകളാണ് ഭൂഖണ്ഡത്തെ കിഴക്കൻ അന്റാർട്ടിക്ക് എന്നും പടിഞ്ഞാറൻ അന്റാർട്ടിക്ക് എന്നും വിഭജിക്കുന്നത്. 
• തെക്കേ അമേരിക്കയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന അന്റാർട്ടിക്കയിലെ ഒരു ഭൂപ്രകൃതി വിഭാഗമാണ് അന്റാർട്ടിക്ക് ഉപദ്വീപ്. 
• അന്റാർട്ടിക്കയിലെ ഏറ്റവും വലിയ പർവതം വിൻസൺ മാസിഫാണ്. ഈ ഭൂഖണ്ഡത്തിൽ നിരവധി അഗ്നിപർവതങ്ങളും കാണപ്പെടുന്നു.

♦ അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഏതാണ്?
വിൻസൺ മാസിഫ്

♦ അന്റാർട്ടിക്കയുടെ കാലാവസ്ഥാ സവിശേഷതകൾ എന്തൊക്കെയാണ്?
വർഷം മുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന ശീതമരുഭൂമിയാണ് അന്റാർട്ടിക്ക്. അന്റാർട്ടിക്കയുടെ സ്ഥാനം അതിന്റെ കാലാവസ്ഥയെ സവിശേഷമാക്കുന്നു.

♦ അന്റാർട്ടിക്കയിലെ സസ്യ-ജന്തുജാലങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
ഹിമപാളികളുടെ വിള്ളലുകളിൽ കാണപ്പെടുന്ന ചില പായൽ വർഗ സസ്യങ്ങളൊഴിച്ചാൽ അന്റാർട്ടിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും തരിശാണ്. ഈ ഭൂഖണ്ഡത്തിന്റെ പല തീരപ്രദേശങ്ങളും പെൻഗ്വിനുകളുടെയും സീലുകളുടെയും ആവാസകേന്ദ്രങ്ങളാണ്.

♦ ഏത് ഭൂഖണ്ഡത്തിൽ നിന്നാണ് വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചത് ?
യൂറോപ്പ്

♦ ഒരു ഭൂപടത്തിന്റെ സഹായത്തോടെ യൂറോപ്പിന്റെ സ്വാഭാവിക അതിർത്തികൾ കണ്ടെത്തൂ.
• കിഴക്ക് - ഏഷ്യ 
• പടിഞ്ഞാറ് - അറ്റ്‌ലാന്റിക് സമുദ്രം 
• വടക്ക് - ആർട്ടിക് സമുദ്രം 
• തെക്ക് - ആഫ്രിക്ക

♦ യൂറോപ്പിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്തൊക്കെയാണ്?
• ആൽപ്സ്, ബ്ലാക്ക് ഫോറസ്റ്റ്, കാർപാത്തിയൻ മുതലായ നിരവധി പർവതനിരകൾ യുറോപ്പിലുണ്ട്. 
• ലോകത്തിലെ നീളമേറിയ നദികളിൽ ചിലതായ ഡാന്യൂബ്, വോൾഗ, റൈൻ മുതലായവ ഒഴുകുന്നത് ഈ ഭൂഖണ്ഡത്തിലൂടെയാണ്. 
• യൂറോപ്പിൽ ഫലഭൂയിഷ്ഠമായ സമതലങ്ങളും പുൽമേടുകളുമുണ്ട്. കിഴക്കൻ യൂറോപ്പിലെ അതിവിശാലമായ പുൽമേടുകൾ സ്റ്റെപ്പി എന്നറി യപ്പെടുന്നു. • യൂറോപ്പിന്റെ വടക്കൻ തീരങ്ങളുടെ ചില ഭാഗങ്ങൾ ഫിജോർഡുകൾ അഥവാ 'ഫിയോഡുകൾ' എന്നറിയപ്പെടുന്നു. 

♦ യൂറോപ്പിന്റെ കാലാവസ്ഥാ സവിശേഷതകൾ എന്തൊക്കെയാണ്?
യൂറോപ്പിൽ പൊതുവെ മിതമായ ചൂടും തണുപ്പുമുളള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ വൻകരയുടെ വടക്കുഭാഗങ്ങളിൽ ശൈത്യകാലത്ത് മഞ്ഞുവീഴ്ച സാധാരണമാണ്.

♦ യൂറോപ്പിലെ സസ്യ-ജന്തുജാലങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
യൂറോപ്പിലെ ആൽപൈൻ പ്രദേശം പുൽമേടുകൾക്കും മെഡിറ്ററേനിയൻ മേഖല മുന്തിരിത്തോട്ടങ്ങൾക്കും പ്രസിദ്ധമാണ്. കോർക്ക് ഓക്ക് മരങ്ങൾ, ആൽപൈൻ സ്റ്റെപ്പി പുൽമേട്, ലിൻക്സ് എന്നിവ യൂറോപ്പിലെ ചില സസ്യ-ജന്തുജാലങ്ങൾക്കുദാഹരണമാണ്.

♦ യൂറോപ്പിലെ ജനജീവിതത്തെക്കുറിച്ച് കുറിപ്പ് എഴുതുക.
യൂറോപ്യർ പൊതുവെ ഉയർന്ന ജീവിതനിലവാരം പുലർത്തുന്നവരാണ്. സമ്പന്നമായ
കലാ-സാംസ്കാരിക പൈതൃകമുള്ള ഭൂഖണ്ഡമാണ് യൂറോപ്പ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളായ ഏതൻസ്, റോം എന്നിവ യൂറോപ്പിലാണ്. പാരീസ്, ലണ്ടൻ, ബെർലിൻ തുടങ്ങിയ നഗരങ്ങൾ കല, ഫാഷൻ, സാങ്കേതികവിദ്യ എന്നിവയുടെ കേന്ദ്രങ്ങളാണ്.
♦ യൂറോപ്പിന്റെ ഭൂമിശാസ്ത്ര സവിശേഷതകൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കൂ.
യൂറോപ്യർ പൊതുവെ ഉയർന്ന ജീവിതനിലവാരം പുലർത്തുന്നവരും സമ്പന്നമായ
കലാ-സാംസ്കാരിക പൈതൃകമുള്ളവരുമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളായ ഏതൻസ്, റോം എന്നിവ യൂറോപ്പിലാണ്. പാരീസ്, ലണ്ടൻ, ബെർലിൻ തുടങ്ങിയ നഗരങ്ങൾ കല, ഫാഷൻ, സാങ്കേതികവിദ്യ എന്നിവയുടെ കേന്ദ്രങ്ങളാണ്.  യൂറോപ്പിലെ ആൽപൈൻ പ്രദേശം പുൽമേടുകൾക്കും മെഡിറ്ററേനിയൻ മേഖല മുന്തിരിത്തോട്ടങ്ങൾക്കും പ്രസിദ്ധമാണ്. യൂറോപ്പിൽ പൊതുവെ മിതമായ ചൂടും തണുപ്പുമുളള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ വൻകരയുടെ വടക്കുഭാഗങ്ങളിൽ ശൈത്യകാലത്ത് മഞ്ഞുവീഴ്ച സാധാരണമാണ്. ആൽപ്സ്, ബ്ലാക്ക് ഫോറസ്റ്റ്, കാർപാത്തിയൻ മുതലായ നിരവധി പർവതനിരകൾ യുറോപ്പിലുണ്ട്.  ലോകത്തിലെ നീളമേറിയ നദികളിൽ ചിലതായ ഡാന്യൂബ്, വോൾഗ, റൈൻ മുതലായവ ഒഴുകുന്നത് ഈ ഭൂഖണ്ഡത്തിലൂടെയാണ്. കിഴക്കൻ യൂറോപ്പിലെ അതിവിശാലമായ പുൽമേടുകൾ സ്റ്റെപ്പി എന്നറി യപ്പെടുന്നു. യൂറോപ്പിന്റെ വടക്കൻ തീരങ്ങളുടെ ചില ഭാഗങ്ങൾ ഫിജോർഡുകൾ അഥവാ 'ഫിയോഡുകൾ' എന്നറിയപ്പെടുന്നു. 

♦ പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട ഏറ്റവും ചെറിയ ഭൂഖണ്ഡം 
ഓസ്ട്രേലിയ

♦ അറ്റ്‌ലസിൽ നിന്നും ഓസ്‌ട്രേലിയയുടെ സ്വാഭാവിക അതിർരുകൾ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തൂ.
• വടക്ക് - ഏഷ്യ 
• തെക്ക് - അന്റാർട്ടിക്ക 
• കിഴക്ക് - പസഫിക് സമുദ്രം 
• പടിഞ്ഞാറ് - ഇന്ത്യൻ മഹാസമുദ്രം

♦ ഓസ്‌ട്രേലിയയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്തൊക്കെയാണ്?
• പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട ആസ്ട്രേലിയ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ്. 
• ആസ്ട്രേലിയയിലെ പ്രധാന പർവതനിരയാണ് ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച്. 
• ഗ്രേറ്റ് വിക്ടോറിയ ഇവിടുത്തെ പ്രധാന മരുഭൂമികളിലൊന്നാണ്. 
• ആസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബാരിയർ റീഫ് പവിഴപ്പുറ്റുകളാൽ നിർമ്മിതമാണ്. 
• മുറെ ഡാർലിംങ് നദീതടം ഭൂഖണ്ഡത്തിലെ ഫലഭൂയിഷ്ഠമായ കാർഷിക മേഖലയാണ്.

♦ ആസ്ട്രേലിയയുടെ കാലാവസ്ഥാ സവിശേഷതകൾ എന്തൊക്കെയാണ്?
ആസ്ട്രേലിയയുടെ ഭൂരിഭാഗം പ്രദേശത്തും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് പോകുന്തോറും വരൾച്ചയുടെ തീവ്രത വർധിക്കുന്നു. 

♦ ആസ്ട്രേലിയയുടെ സസ്യ-ജന്തുജാലങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
• ആസ്ട്രേലിയയുടെ ഒറ്റപ്പെട്ട സ്ഥാനം സസ്യ-ജന്തുജാലങ്ങൾ വ്യത്യസ്തമായരീതിയിൽ പരിണമിക്കുന്നതിനു കാരണമായി. 
• മാർസുപ്പിയലുകളും മുട്ടയിടുന്ന സസ്തനികളും ഇതിന് ഉദാഹരണങ്ങളാണ്.
• കംഗാരു, പ്ലാറ്റിപ്പസ്, എക്കിഡ്ന, കൊആല, യൂക്കാലിപ്റ്റസ്, അക്കേഷ്യ എന്നിവ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളിൽ ചിലതാണ്.

♦ ആസ്ട്രേലിയയിലെ ജനജീവിതത്തെക്കുറിച്ച് കുറിപ്പ് എഴുതുക.
• ആധുനിക നഗരങ്ങളുടെയും പുരാതന സംസ്കാരങ്ങളുടെയും നാടാണ് ആസ്ട്രേലിയ. • ഇവിടുത്തെ തദ്ദേശീയരായ ഗോത്രവിഭാഗക്കാർ വളരെ പഴക്കമുള്ള സംസ്കാരത്തിനുടമകളാണ്. 
• സിഡ്നി, മെൽബൺ, ബ്രിസ്ബേൻ തുടങ്ങിയ നഗരങ്ങൾ ഉയർന്ന ജീവിത നിലവാരത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രസിദ്ധമാണ്.

♦ ആസ്ട്രേലിയയുടെ ഭൂപ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റ്
പൂർത്തിയാക്കൂ. 
• മരുഭൂമി• ഗ്രേറ്റ് വിക്ടോറിയ
• പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ഭൂപ്രദേശം• ഗ്രേറ്റ് ബാരിയർ റീഫ്
• ഫലഭൂയിഷ്ഠമായ നദീതടം• മുറെ ഡാർലിംങ് നദീതടം
• പർവതനിര• ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച്

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here