Class 7 കേരള പാഠാവലി: റൈൻ നദിയിലെ ഓളങ്ങൾ - ചോദ്യോത്തരങ്ങൾ
റൈൻ നദിയിലെ ഓളങ്ങൾ - റോമാങ് റൊളാങ്
റോമാങ് റൊളാങ്: പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനായ റോമാങ് റൊളാങ്. 1866 ജനുവരി 29 ന് ഫ്രാൻസിലെ ക്ലാമസിയിലാണ് ജനിച്ചത്. 1895 ൽ ബിരുദം നേടിയശേഷം ലോകപ്രസിദ്ധമായ എക്കോൾ നോർമാൽ സുപ്പീരിയറിൽ അധ്യാപകനായി. 1903 ൽ സോർബോണ്‍ സർവകലാശാലയിൽ സംഗീത പ്രഫസറായി. 1912 ൽ വിരമിച്ചു. സംഗീതകല പകർന്നുകിട്ടിയത് മാതാവിൽ നിന്ന് ആണ്. സംഗീതത്തിലും നാടകത്തിലും ഗവേഷണങ്ങൾ നടത്തി. ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകിയത്. 1915 ൽ നൊബേൽ സമ്മാനം ലഭിച്ച ‘ജീൻ ക്രിസ്റ്റഫ്’ എന്ന വിഖ്യാതമായ നോവൽ ആണ് റൊമൈൻ റോളണ്ടിന്റെ ഏറ്റവും മികച്ച കൃതി. ‘യൂറോപ്പിന്റെ ഇതിഹാസം’ എന്നാണ് ഈ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. കലയ്ക്കും ജീവിതമൂല്യങ്ങൾക്കും ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ യാതനാപൂർണമായ ജീവിതയാത്രയുടെ കഥാപ്രപഞ്ചം. പത്ത് വാല്യങ്ങൾ.1904 മുതൽ എട്ടുവർഷംകൊണ്ടാണ് രചിച്ചത്. ശ്രീരാമകൃഷ്ണപരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ആരാധകനായ അദ്ദേഹം അവരെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. മഹാകവി രവീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി എന്നിവരുടെ സ്‌നേഹാദരങ്ങൾ പിടിച്ചുപറ്റുകയും അവരുമായി അടുത്ത് ഇടപെടുകയും ചെയ്തിരുന്നു. മരണം: 1944 ഡിസംബർ 29.
വായിക്കാം കണ്ടെത്താം
1. ക്രാഫ്റ്റ് കുടുംബത്തിൻ്റെ സവിശേഷതകൾ എന്തെല്ലാമായിരുന്നു?
- വലിയൊരു സംഗീതപാരമ്പര്യം ക്രാഫ്റ്റ് കുടുംബത്തിന് ഉണ്ടായിരുന്നു. അവരുടെ സിരകളിൽ എന്നും സംഗീതം പ്രവഹിച്ചിരുന്നു. ജർമൻ ജനതയുടെ സ്‌നേഹവും ആദരവും അവർക്ക് എക്കാലവും ലഭിച്ചിരുന്നു. നല്ല ഉയരവും ഒത്ത തടിയുമുള്ള, ആർക്കും അസുയതോന്നുന്ന വിധം അരോഗദൃഡഗാത്രരായിരുന്നു ക്രാഫ്റ്റ് കുടുംബക്കാർ എന്നതും അവരുടെ മറ്റൊരു പ്രത്യേകത ആയിരുന്നു.
2. ജീൻ മൈക്കലിന് നിരാശയുണ്ടാവാനിടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാം?
- കൊട്ടാരവാദ്യവൃന്ദത്തിന്റെ തലവനായിരുന്നു ജീൻ മൈക്കൽ. അസാധാരണമായ കഴിവുകൾ ഉണ്ടായിട്ടും അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചില്ല. പുത്രനായ മേൽഷിയറിലൂടെ മോഹങ്ങൾ പൂവണിയും എന്ന് അദ്ദേഹം സ്വപ്നം കണ്ടു. എന്നാൽ കുടുംബജീവിതത്തിലെ താളപിഴവുകൾ കാരണം മേൽഷിയർ മുഴുകുടിയനായി മാറി. മദ്യപാനവും അലസതയും കാരണം അയാൾക്കു രാജസദസിലെ സ്ഥാനം നഷ്ടപ്പെട്ടു.ഇതെല്ലാം ജീൻ മൈക്കലിന് നിരാശയുണ്ടാക്കി.
3. ഏതെല്ലാം പീഡകളാണ് ജീൻ ക്രിസ്റ്റഫിന് കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്നത്?
- രോഗം വിട്ടൊഴിയാത്ത ബാല്യമായിരുന്നു ജീൻ ക്രിസ്റ്റഫിന്റെ. മാതാപിതാക്കൾ തമ്മിലുള്ള വഴക്കും ചേർച്ചയില്ലായ്മയും അവന്റെ മനസ്സിനെ വല്ലാതെ അലട്ടി. ചുറ്റുപാടുമുള്ള ചലനങ്ങളും ശബ്ദങ്ങളും അവനിൽ ഭീതിയുളവാക്കി. പിന്നീട് അവന്റെ സംഗീതവാസന മനസിലാക്കിയ പിതാവ് അവനെ സംഗിതം പഠിപ്പിക്കാൻ തുടങ്ങി. അതും ക്രിസ്റ്റഫിന് മറ്റൊരു പീഡനമായിരുന്നു. സംഗീതത്തോടുള്ള അവന്റെ ഇഷ്ടത്തെ അത് ഇല്ലാതാക്കി.
4. ക്രിസ്റ്റഫിന്റെ ശിശുമനസ്സിൽ സംഗീതത്തോടുള്ള ആഭിമുഖ്യം ഉണർന്നത് എങ്ങനെയെല്ലാം?
- വിദൂരതയിൽ നിന്നും അരിച്ചെത്തുന്ന പവിത്രവും ശാന്തവുമായ പള്ളിമണിനാദം അമ്മിഞ്ഞപ്പാലിന്റെ മാധുര്യമുള്ള സംഗീതമായി അവന്റെ ഉള്ളിൽ നിറഞ്ഞു. ശാന്തമായി ഒഴുകുന്ന റൈൻ നദിയുടെ ശബ്ദവും മഴക്കാലത്ത്കു ത്തിയൊഴുകുമ്പോഴുള്ള ആരവവും അവനിലെ സംഗീതത്തെ ഉണർത്തി. മുത്തച്ഛനോടൊപ്പം പള്ളിയിലേക്ക് പോകുമ്പോൾ കേട്ടിരുന്ന പള്ളിഗീതത്തിന്റെ ശബ്ദവീചികളും അവനിൽ സംഗീതം നിറച്ചു. വിഖ്യാതഗായകൻ ഹെയ്‌ലറിന്റെ സംഗീത കച്ചേരികേട്ടപ്പോൾ നാദങ്ങളുടെ ചിറകിലേറി അവന്റെ മനസ്സ് അങ്ങനെ പറന്നു നടന്നു. സംഗീതത്തിന്റെ മാസ്മരിക ലോകം അവന്റെ മുന്നിൽ തുറന്നു. അഭൗമമായ ഏതോ ഒരു ലോകത്തു എത്തിപ്പെട്ടത് പോലെ അവനു തോന്നി. രക്തത്തിൽ അലിഞ്ഞു കിടന്ന സംഗീതം അവന്റെ ധമനികളിൽ ഉർജ്ജപ്രവാഹമായി.
5. ജീൻ ക്രിസ്റ്റഫിൻ്റെ സംഗീതക്കച്ചേരിയുടെ സവിശേഷതകളായി എന്തെല്ലാമാണ് പാഠഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളത്?
- കാണികളായി അവിടെ കൂടിയിരുന്ന ജനങ്ങളുടെ ബാഹുല്യം ക്രിസ്റ്റഫിനെ പരിഭ്രമിപ്പിച്ചു. എന്നാൽ പാടിത്തുടങ്ങിയതോടെ അവൻ എല്ലാം മറന്നു. അനിർവചനീയമായ ഏതോ ശക്തി അവനിൽ ഉയിരിട്ടു. അവാച്യമായ നാദപ്രവാഹത്തിൽ വേദിയും സദസ്സും ലയിച്ചു. അത്രയ്ക്ക് ഗംഭീരമായിരുന്നു ജീൻ ക്രിസ്റ്റഫിന്റെ സംഗീത കച്ചേരി.
ഊഹിച്ചു പറയാം
1. “ഏകാന്തരാത്രികളിൽ തളർന്നുറങ്ങുന്ന മകനെ കെട്ടിപ്പിടിച്ച് ലൂഷ്യ തേങ്ങിക്കരയും തൻ്റെ ജീവിതത്തെക്കുറിച്ചുള്ള എന്തെല്ലാം ആശങ്കകളായിരിക്കാം അവളുടെ തേങ്ങലിനു പിന്നിൽ?
- മദ്യപാനിയും, അലസനയുമായിരുന്നു ലൂുഷ്യയുടെ ഭർത്താവായ മെൽഷിയർ. കുടുംബകാര്യങ്ങളിൽ അയാൾ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. പ്രഭുകുടുംബങ്ങളിൽ ജോലിക്കു പോയായിരുന്നു അവൾ കുടുംബം നോക്കിയിരുന്നത്. ഭർത്താവിനെ തനിക്കു നഷ്ടപ്പെടുമോ എന്നുള്ള ഭീതിയും, ഒറ്റയ്ക്ക് കുടുംബം നോക്കേണ്ടി വരുന്നതിലുള്ള സങ്കടവും, മക്കളുടെ ഭാവിയെക്കുറിച്ചോർത്തുള്ള ആശങ്കകളുമെല്ലാമാവാം ആ തേങ്ങലിനു പിന്നിൽ.
2. “മൈക്കൽ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.” പൗത്രനെക്കുറിച്ച് അയാളുടെ മനസ്സിൽ ഉണർന്ന പ്രതീക്ഷകൾ എന്തെല്ലാമായിരിക്കും?
- തനിക്കു ലഭിക്കാതെ പോയ സംഗീതലോകത്തെ അംഗികാരം തന്റെ മകനിലൂടെ
നേടിയെടുക്കാം എന്ന് ഒരിക്കൽ സ്വപ്നം കണ്ടിരുന്നു മൈക്കൽ. എന്നാൽ ആ സ്വപ്നം മകന്റെ ദുർനടപ്പ് കാരണം നടക്കാതെ പോയി. തന്റെ കൊച്ചുമകനിലെ സംഗീത വാസന കണ്ട മൈക്കലിന്റെ മനസ്സിലെ പഴയ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വച്ചിരിക്കാം. തനിക്കും തന്റെ മകനും ലഭിക്കാതെ പോയ ബഹുമതികൾ തന്റെ കൊച്ചുമകനു ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കാം. ക്രിസ്സഫ് വലിയൊരു
സംഗീതജ്ഞനാകുമെന്നും, അങ്ങനെ ക്രാഫ്റ്റ് കുടുംബത്തിന്റെ സംഗീതപാരമ്പര്യം നിലനിർത്താം എന്ന ആശ്വാസവും അദ്ദേഹത്തിന് തോന്നിയിരിക്കാം.
വാക്കിൻെറ ഭംഗി
1. അഭൗമം, അനിർവചനീയം, അവാച്യം എന്നീ പദങ്ങൾ ഉൾപ്പെടുന്ന വാക്യങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തുക. അതത് സന്ദർഭങ്ങളിൽ ആശയം രൂപപ്പെടുത്തുന്നതിന് ഈ പദങ്ങൾ എങ്ങനെ സഹായകമാവുന്നുവെന്ന് വിശദീകരിക്കുക.
• അഭൗമം (ഭൂമിയെ സംബന്ധിച്ചതല്ലാത്തതു) - അഭൗമമായ ഏതോ ഒരു ലോകത്തു എത്തി പെട്ടത് പോലെ അവനു തോന്നി.
• അനിർവചനീയം (നിർവചിക്കാൻ ആവാത്തത്)- അനിർവചനീയമായ ഏതോ ശക്തി അവനിലുണ്ട്.
• അവാച്യം (വിവരിക്കാനാകാത്തത്) - അവാച്യമായ നാദപ്രവാഹത്തിൽ വേദിയും സദസും ലയിച്ചു.
അഭൗമം, അനിർവചനീയം, അവാച്യം എന്നീ പദങ്ങളിലെ ''അ'' നിഷേധാർത്ഥത്തിലാണ് ഇവിടെ പ്രയോഗിക്കുന്നത്. പറഞ്ഞു ഫലിപ്പിക്കാനാകാത്ത അവസ്ഥയെ ഈ പദൾ കൊണ്ട് സൂചിപ്പിക്കാൻ കഴിയുന്നു.
2. അത്യാകർഷകം, അതിഗംഭീരം തുടങ്ങിയ പദപ്രയോഗങ്ങളുടെ സവിശേഷതകൾ കണ്ടെത്തുക.
• അത്യാകർഷകം - വളരെ അധികം ആകർഷകം
• അതിഗംഭീരം - വളരെ അധികം ഗംഭീരം
എന്നിങ്ങനെ ആണ് അർഥം വരിക. കൃത്യമായ അളവ് പറയാൻ പറ്റാത്തത്ര
അധികമായവയെ കുറിച്ച് പറയേണ്ട സന്ദർഭത്തിലാണീ പദങ്ങൾ പ്രയോഗിക്കുന്നത്. കൃത്യമായ ആശയം വായനക്കാരിൽ പ്രതിഫലിപ്പിക്കാൻ ഇത്തരം പ്രയോഗങ്ങളിലൂടെ ആഖ്യാതാവിന് കഴിയുന്നു.
3. “അമ്മിഞ്ഞപ്പാലുപോലെ ആ സംഗീതം അവൻ്റെ ഹൃദയത്തിൽ മധുരം നിറച്ചു.” ഈ വാക്യം സംഗീതത്തോടുള്ള ക്രിസ്റ്റഫിൻ്റെ ആഭിമുഖ്യം എങ്ങനെയാണ് വ്യക്തമാക്കുന്നത്?
- കുഞ്ഞുങ്ങൾ ആദ്യം നുകരുന്നത് അമ്മിഞ്ഞ പാലിന്റെ മാധുര്യമാണ്. ആ മാധുര്യം എന്നുമവന്റെ നാവിലുണ്ടാകും. അമ്മിഞ്ഞപ്പാലിലൂടെ കുഞ്ഞ് നുകരുന്നത് മാതൃസ്നേഹത്തിന്റെ നിർവൃതിയാണ്. ആദ്യമായി കേട്ട പള്ളിമണിനാദം അതു പോലുള്ള ഒരനുഭവമായിരുന്നു ക്രിസ്റ്റഫിന് നൽകിയത്. സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച അവന്റെ ഉള്ളിൽ പാരമ്പര്യമായി പകർന്നുകിട്ടിയ പ്രതിഭ ഉണ്ടായിരുന്നു. ചുറ്റുമുള്ള ശബ്ദങ്ങളിൽ നിന്നവൻ സംഗീതത്തിന്റെ മാസ്മരികലോകമാണ് തേടിയത്.
പദക്കുട്ടുകൾ
● സംഗീതധാര, ശബ്ദവീചികൾ തുടങ്ങി സംഗീത ഭംഗിയുമായി ബന്ധപ്പെട്ട
പദക്കുട്ടുകൾ പാഠഭാഗത്തുനിന്നു കണ്ടെത്തുക.
• സംഗീതധാര - സംഗീതത്തിന്റെ ധാര ഇതുപോലെ നിങ്ങൾ കണ്ടെത്തിയ പദങ്ങൾ
മാറ്റിയെഴുതുക.
• ശബ്ദവീചികൾ - ശബ്ദത്തിന്റെ വീചികൾ
• സംഗീതാഭിരുചി - സംഗീതത്തോടുള്ള അഭിരുചി.
• നാദപ്രപഞ്ചം - നാദത്തിന്റെ പ്രപഞ്ചം.
• നാദപ്രവാഹം - നാദത്തിന്റെ പ്രവാഹം
പദപരിചയം
● കൃശഗാത്രി, തരളിതം, അനുഭൂതി, വിഹായസ്സ്, മന്ദമധുരം, വൈഭവം, കൃതജ്ഞത എന്നീ പദങ്ങളുടെ അർഥം ഊഹിച്ചു പറയുക. നിഘണ്ടു നോക്കി ഉറപ്പുവരുത്തുക.
• കൃശഗാത്രി - മെലിഞ്ഞ ശരീരമുള്ളവൾ
• തരളിതം - ഇളക്കപ്പെട്ട, തിളങ്ങിയ
• അനുഭൂതി - അനുഭവം, പ്രത്യക്ഷജ്ഞാനം
• വിഹായസ്സ് - ആകാശം
• മന്ദ്രമധുരം - പതിഞ്ഞതും മധുരമുള്ളതുമായ
• വൈഭവം - സാമർഥ്യം, കഴിവ്
• കൃതജ്ഞത - നന്ദി
ആമുഖക്കുറിപ്പ്
● ജീൻ ക്രിസ്റ്റഫ് രചിച്ച പാട്ടുകളുടെ സമാഹാരമായ “ശൈശവത്തിന്റെ ആനന്ദം'' എന്ന പുസ്തകത്തിന്റെ ആമുഖമായി മുത്തച്ഛൻ എഴുതിയ കുറിപ്പ് എന്തായിരിക്കും? എഴുതിനോക്കു.
- സിരകളിൽ സംഗീതമൊഴുകുന്ന ക്രാഫ്റ്റ് കുടുംബത്തിലെ ഇളയപ്രതിഭയായ ജീൻ ക്രാഫ്റ്റ് രചിച്ച പാട്ടുകളുടെ സമാഹാരമാണ് ഈ പുസ്തകം. ചെറിയ പ്രായത്തിൽ തന്നെ അസാമാന്യമായ സംഗീതസിദ്ധീകൾ പ്രകടിപ്പിച്ചിട്ടുള്ള കുട്ടിയാണ് ക്രിസ്റ്റഫ്. നിഷ്കളങ്കനായ ആ ബാലന്റെ നിർമലമായ സംഗീതമാണ് ഈ പുസ്തകത്തിന്റെ കാതൽ. ആ സംഗീതത്തിൽ അവന്റെ വേദനകൾ ഉണ്ട്, സങ്കടങ്ങൾ ഉണ്ട്, സ്നേഹമുണ്ട്, സ്വപ്നങ്ങളുണ്ട്. കേൾവിക്കാരുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു പ്രത്യക കഴിവ് ഈ ഗാനങ്ങൾക്കുണ്ട്. സംഗീത ലോകത്തിന്റെ ഉയരങ്ങൾ കീഴടക്കാനുള്ള ഒരു തുടക്കം തന്നെയാകും ക്രിസ്റ്റഫിനു ഈ ഗാനങ്ങൾ.
രചനയുടെ കൗശലം
1. റൈൻ നദി ഒഴുകിക്കൊണ്ടിരുന്നു.
റൈൻ നദി ഒഴുകുകയാണ്, കണ്ണീരുറവ പോലെ.
റൈൻ നദി ഒഴുകുകയാണ്-ഓളം വെട്ടി, ചിന്നിച്ചിതറി, ആർത്തുചിരിച്ച്.
റൈൻ നദി ഒഴുകിക്കൊണ്ടിരുന്നു-ജീവിതത്തെപ്പോലെ, സംഗീതാത്മകമായി.
റൈൻ നദിയെയും അതിന്റെ ഒഴുക്കിനെയും കുറിച്ച് കഥയുടെ വിവിധ ഘട്ടങ്ങളിൽ
ആവർത്തിച്ചു പറയുന്നുണ്ടല്ലോ. ഇതു കഥയെ ആകർഷകമാക്കുന്നുണ്ടോ? പരിശോധിക്കുക.
റൈന്‍ നദിയുടെ പശ്ചാത്തലത്തിൽ ആണ് ഈ കഥ നടക്കുന്നത്. നദിയുടെ വ്യത്യസ്ത
ഭാവങ്ങൾ കഥാപാത്രങ്ങളുടെ വിവിധ കാലഘട്ടങ്ങളിലെ വ്യത്യസ്ത മാനസികാവസ്ഥകളെയാണ് പ്രതിനിധീകരിക്കുന്നത്. റൈൻ നദി ക്രിസ്റ്റഫിന്റെ ജീവിതപ്രവാഹം തന്നെയായി കഥയിൽ അനുഭവപ്പെടുന്നു.
• റൈൻ നദി ഒഴുകിക്കൊണ്ടിരുന്നു - കഥയിൽ ക്രിസ്തഫിന്റെ ജീവിതത്തിന്റെ
ആരംഭവും തുടർച്ചയുമാണ് ഈ പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്.
• റൈൻ നദി ഒഴുകുകയാണ്, കണ്ണീരുറവ പോലെ - ലൂഷ്യയുടെ തേങ്ങലിനെയും
സങ്കടങ്ങളെയുമാണ് ഈ വരികൾ സൂചിപ്പിക്കുന്നത്. ഇവിടെ ലൂഷ്യായുടെ ജീവിതമാണ് കണ്ണീരുറവപോലെ ഒഴുകുന്ന നദിയിൽ പ്രതിഫലിക്കുന്നത്.
• റൈൻ നദി ഒഴുകുകയാണ് ഓളം വെട്ടി, ചിന്നിച്ചിതറി, ആര്‍ത്തുചിരിച്ച് - തന്റെ പാട്ടുകൾ മുത്തച്ചൻ പുസ്തകരൂപത്തിൽ അവതരിപ്പിച്ചപ്പോൾ കൊച്ചു ക്രിസ്റ്റഫിന്റെ മനസ്സിൽ നിറഞ്ഞ ആഹ്ലാദവും, മുത്തച്ഛനിൽ ഉണ്ടായ അഭിമാനവുമാണ് ഈ പ്രയോഗത്തിലൂടെ വരച്ചു കാട്ടുന്നത്. ഈ സംഭവം കഥയുടെ ഗതിയിൽ ഉണ്ടാക്കിയ മാറ്റവും നദിയുടെ ഭാവമാറ്റവുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു.
• റൈന്‍ നദി ഒഴുകിക്കൊണ്ടിരുന്നു, ജീവിതത്തെപ്പോലെ, സംഗീതാത്മകമായി - കഥയുടെ അവസാനം ജീൻ ക്രിസ്റ്റഫിലൂടെ ക്രാഫ്റ്റ് കുടുംബത്തിന്റെ സംഗീത പാരമ്പര്യത്തിന്റെ മഹത്വം വീണ്ടും അംഗീകരിക്കപ്പെടുന്നു. എല്ലാവരിലും ആഹ്ലാദം നിറയുകയാണ്. നദിയുടെ ഒഴുക്ക് സംഗീതാത്മകമാണ് എന്ന് പറയുന്നത് ക്രാഫ്റ്റ് കുടുംബത്തിന്റെ സംഗീതപാരമ്പര്യത്തിന്റെ തുടർച്ചയെ സൂചിപ്പിക്കാനാണ്. എന്നാൽ കഥയും ജീവിതവും അവസാനിക്കുന്നില്ല. അത് പിന്നെയും മുന്നോട്ടു നീങ്ങി ക്കൊണ്ടിരിക്കുന്നു, നദിയുടെ ഒഴുക്ക് പോലെ.
2. കഥ ആകർഷകമാക്കുന്നതിന് മറ്റെന്തെല്ലാം കൗശലങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്?
“ജീന്‍ മൈക്കൽ കരയുകയായിരുന്നു. ആ കണ്ണീരിൽ നിറയുന്നത് ആനന്ദമാണോ! അഭിമാനമാണോ! അണപൊട്ടിയ ദുഃഖമാണോ! അയാൾക്ക് തിരിച്ചറിയാനാവുന്നില്ല.”
കഥയുടെ തുടക്കത്തിൽ ഉപയോഗിച്ച ഈ വാക്യം അതേപടി അവസാനത്തിലും
ഉപയോഗിച്ചിരിക്കുന്നു. ജീൻ മൈക്കലിന്റെ മനസ്സിലെ വൈകാരിക ഭാവത്തിലാണ് കഥ നിലനില്‍ക്കുന്നത് എന്ന തോന്നൽ വായനക്കാരിൽ ജനിപ്പിക്കാനാണ് ഇത്തരത്തിലുള്ള രചനാതന്ത്രം കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നത്.
കഥാപാത്രനിരൂപണം
• ജീൻ ക്രിസ്റ്റഫിന്റെ വ്യക്തിത്വവും സ്വഭാവസവിശേഷതകളും പരിഗണിച്ച് കഥാപാത്രനിരുപണം തയാറാക്കുക.
- റൈൻ നദിയിലെ ഓളങ്ങൾ എന്ന കഥയിലെ പ്രധാനകഥാപാത്രമാണ് ക്രിസ്റ്റഫ്. ജർമൻ ജനതയുടെ സ്‌നേഹവും ആദരവും ലഭിച്ച സംഗീത പാരമ്പര്യമുള്ള ക്രാഫ്റ്റ് കുടുംബത്തിലാണ് ക്രിസ്തഫ് ജനിച്ചത്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിലാണ് ക്രിസ്തഫ് വളർന്നു വന്നത്. രോഗം വിട്ടൊഴിയാത്ത ബാല്യമായിരുന്നു അവന്റെ. മാതാപിതാക്കൾ തമ്മിലുള്ള വഴക്കും ചേർച്ചയില്ലായ്മയും അവന്റെ മനസ്സിനെ വല്ലാതെ അലട്ടി. അമ്മ ജോലിക്കു പോകുമ്പോൾ സ്വന്തം അനുജന്മാരെ ക്രിസ്റ്റഫാണ്
നോക്കിയിരുന്നത്. മദ്യപാനത്തിന് അടിമപ്പെട്ട സ്വന്തം പിതാവിന്റെ പെരുമാറ്റങ്ങൾ അവനിൽ ഭീതി ഉണ്ടാക്കിയിരുന്നു. അമ്മയുടെ വേദനകളിൽ ദുഖിതനായിരുന്ന അവന് ആശ്വാസം നല്കിയത് മുത്തച്ഛന്റെ വാത്സല്യവും സ്നേഹവായ്പ്പും ആയിരുന്നു. കൊച്ചു ബാലനായിരുന്ന അവന്റെ ഉള്ളിലുള്ള സംഗീതജ്ഞനെ പ്രോത്സാഹനവും, മാർഗദർശനവും നല്‍കി വളർത്തിയെടുത്തത് മുത്തച്ഛനാണ്. കഥയുടെ അവസാനം മഹാപ്രഭുവിനു മുന്നിൽ കച്ചേരി അവതരിപ്പിച്ചു ഏവരുടെയും പ്രശംസക്ക് പാത്രമായപ്പോഴും അവൻ മുത്തശ്ശനെ മറന്നില്ല. മുത്തച്ഛനും ആ സദസ്സിൽ ആദരിക്കപ്പെടാൻ അവൻ കാരണമാകുന്നു. കഷ്ടപ്പാടുകളും, ദുരിതങ്ങളും നിരന്തരമല്ലെന്നും അർപ്പണബോധത്തോടെ ജീവിതത്തെ സമീപിച്ചാൽ വിജയം ഇന്നല്ലെങ്കിൽ നാളെ നമ്മെത്തേടിയെത്തും എന്ന് ക്രിസ്തഫിന്റെ കഥാപാത്രം നമ്മെ പഠിപ്പിക്കുന്നു.
പ്രഭാഷണം
• ''കുടിയനും അലസനും കോമാളിയും ആയി മാറിയ മെൽഷിയറിന് രാജസദസ്സിലെ സ്ഥാനം നഷ്ടപ്പെട്ടു. കുടുംബകാര്യങ്ങൾ നോക്കാതെ അയാൾ കടം ഇരന്നും മദ്യപിച്ചുകൊണ്ടിരുന്നു. വീടു പുലർത്താൻ ലുഷ്യക്ക് പ്രഭുഗ്യഹങ്ങളിലെ പാചകജോലി ചെയ്യേണ്ടിവന്നു.''
മദ്യം കുടുംബത്തെ തകർത്തുകളയുന്ന ചിത്രമാണല്ലോ ഇത്. കഥയിലെ സൂചനകളും
ഉചിതമായ മറ്റ് ഉദാഹരണങ്ങളും വിശദീകരിച്ച് മദ്യവിപത്തിനെതിരെ പ്രഭാഷണം
നടത്തുക.
മാന്യസദസ്സിന് വന്ദനം,
കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ പ്രധാനമാണ് മദ്യപാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. മദ്യപാനം സൃഷ്ടിക്കുന്ന ദുരിതങ്ങൾ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്ഘടനയിലും കൂടിക്കൊണ്ടിരിക്കുകയാണ്. മദ്യത്തിനെതിരായുള്ള ജനകീയ ഇടപെടലുകൾ വളരെ പരിമിതമാണെന്ന് മാത്രമല്ല മദ്യത്തിനുള്ള സാമുഹിക അംഗീകാരം വർധിച്ചുവരികയുമാണ്. മദ്യപാനം അത് ചെയ്യുന്നയാളുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്, സമൂഹത്തെയാകെയാണ്. തൊഴിൽ ചെയ്ത് കിട്ടുന്ന വരുമാനമാകെ മദ്യത്തിന് വേണ്ടി ചെലവഴിക്കുന്ന തൊഴിലാളികൾ വളരെ ഏറെയാണ്. ഭാര്യയും ഭർത്താവും ജോലിക്കു പോയിട്ടും പല കുടുംബവും കടബാധ്യതയിലേക്ക് വലിച്ചെറിയപ്പെടുകയാണ്. ഇവരുടെ കുടുംബങ്ങളിൽ ഭാര്യയും മക്കളും പലപ്പോഴും ഉപദ്രവങ്ങൾക്കു ഇരയാകുന്നു. ചെറുപ്രായത്തിൽ തന്നെ സർഗ്ഗസമ്പന്നരായ പലരും നമ്മെ വിട്ടു പോകുന്നു. അവരിൽ പലരെയും മരണത്തിലേക്ക് തള്ളിവിടുന്നത് മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗമാണ് എന്നു കൂടി നാം അറിയണം. വർഷത്തിൽ നാല്പതിനായിരത്തിലേറെ അപകടങ്ങൾ കേരളത്തിലെ റോഡുകളിൽ സംഭവിക്കുന്നു.
അവയിലൂടെ നിരവധി ജീവിതങ്ങൾ നമുക്ക് നഷ്ടമാകുന്നു. കേരളത്തിലെ റോഡ് അപകടങ്ങളിൽ അറുപത് ശതമാനവും മദ്യവിപത്ത് മൂലം സൃഷ്ടിക്കപ്പെടുന്നതാണ്. കേരളത്തിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്നിലെ പ്രധാന വില്ലൻ മദ്യപാനം തന്നെയാണ്.
ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെല്ലാം മദ്യമയമായി മാറിയിരിക്കുന്നു. ഇതിനെതിരെ നാം ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാർത്ഥികളായ നമ്മളിൽ നിന്ന് വേണം ആ മാറ്റം തുടങ്ങാൻ. ഒരു രീതിയിലുള്ള ലഹരിക്കും അടിമകളാവില്ല എന്ന പ്രതിജ്ഞ നാം എടുക്കണം. ആ പ്രതിജ്ഞ ജീവിതത്തിൽ പാലിക്കാൻ കഴിഞ്ഞാൽ മദ്യമുക്തമായ ഒരു പുതിയ കേരളം സൃഷ്ടിച്ചെടുക്കാൻ നമുക്ക് കഴിയും. ഇനിയെങ്കിലും മദ്യപാനംമൂലം ഒരു കുടുംബം കൂടി നശിക്കാതിരിക്കട്ടെ.
കുറിപ്പെഴുതാം
• മന്ദപ്പന്റെ ജീവിതം ജനമനസ്സുകളിൽ വീരഗാഥയുടെ ആവേശംനിറയ്ക്കുന്നു. കുഞ്ഞുമനസ്സിൽ പ്രതിഭയുടെ തിളക്കം ഉയിരെടുക്കുന്ന കഥയാണ് “റൈൻ നദിയുടെ ഓളങ്ങളിൽ” തെളിയുന്നത്. ചെടികളിൽ നാമ്പിടുന്ന പുമൊട്ടുകൾ കർഷകമനസ്സിൽ പ്രതീക്ഷയുടെ ആവേശം ഉണർത്തുന്നു.
''ഉണർവിന്റെ പാതയിൽ' എന്ന യൂണിറ്റിലെ ഈ പാഠഭാഗങ്ങൾ എന്തു പ്രചോദനമാണ് നിങ്ങൾക്ക് നൽകുന്നത്? വിശദീകരിക്കുക.
- ഉയർച്ചകളും താഴ്ചകളും ഇടകലർന്നതാണ് ജീവിതം. തിരിച്ചടികളിൽ പതറാതെ ശുഭ പ്രതീക്ഷയോടെ പൊരുതുന്നവർക് മാത്രമേ ജീവിതത്തിൽ വിജയം കണ്ടെത്താൻ സാധിക്കൂ. മന്ദപ്പന്റെ ജീവിതത്തിൽ താൻ സ്നേഹിച്ച പലരും അവന്റെ കഴിവുകളെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. എന്നാൽ കുടകുപടയിൽ നിന്നും ഒരു നാടിനെ മൊത്തം ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിക്കുകയാണ് മന്ദപ്പൻ. ആ യുദ്ധത്തിൽ വീരചരമം പ്രാപിക്കുന്ന മന്ദപ്പൻ തന്നെ തള്ളിപ്പറഞ്ഞവരുടെയെല്ലാം മനസ്സിൽ വീരപുരുഷന്റെ സ്ഥാനം നേടുന്നു. കാലം കുറെ കഴിഞ്ഞിട്ടും ജനങ്ങൾ ഇന്നും ഓർക്കുന്നു ഒരു ധീരയോദ്ധാവായി ഇന്നും നിലകൊള്ളുന്നു.
ശുഭപ്രദീക്ഷയുടെ പാഠമാണ് 'ഞാറ്റുവേലപൂക്കൾ' നമ്മെ പഠിപ്പിക്കുന്നത്. വരൾച്ചയും, വെള്ളപ്പൊക്കവും എല്ലാം ദുരിതത്തിലാക്കിയ കർഷകന്റെ മനസ്സിൽ പുതു പ്രതീക്ഷകൾ നിറച്ചുകൊണ്ടാണ് മത്തനും, പടവലവും, കുമ്പളവുമെല്ലാം പൂവിടുന്നത്. ഐശ്വര്യത്തിന്റെ കാലമായെന്ന് പ്രകൃതി തന്നെ അവരോടു പറയുകയാണ്.
ചെറുപ്പകാലത്തു ദുരിതങ്ങൾ മാത്രം അനുഭവിച്ചുവളർന്ന ക്രിസ്റ്റഫിന്റെ ജീവിതം മാറ്റിമറിക്കുന്നത് അവന്റെ മുത്തച്ഛനാണ്. അവനിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ അദ്ദേഹം കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുന്നു. അവനു വേണ്ട അവസരങ്ങൾ ഉണ്ടാക്കികൊടുക്കുന്നു. ഓരോ വ്യക്തിയിലും ഉള്ള കഴിവുകളെ കണ്ടെത്താനും, അതിനു വേണ്ട സമയത്തു പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാൽ ഉയരങ്ങൾ കിഴടക്കും എന്ന് നമുക്കു മനസിലാക്കി തരുന്നു ഈ പാഠം. തിരിച്ചടികളിൽ പതറാതെ തളരാതെ, ദൃഢനിശ്ചയത്തോടെ ജീവിതത്തെ നേരിടണമെന്ന മഹത്തായ പ്രചോദനമാണ് ഈ പാഠഭാഗങ്ങൾ നമുക്കു നൽകുന്നത്.
റൈൻ നദിയിലെ ഓളങ്ങൾ - കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
1. മുത്തച്ഛൻ ആയിരുന്നു തന്റെ പ്രചോദനമെന്ന് ജീൻ ക്രിസ്റ്റഫ് പറയാൻ കാരണമെന്ത്?
- ബാല്യം മുതല്‍ക്കേ രോഗങ്ങൾ വിട്ടൊഴിയാതിരുന്ന ജീൻ ക്രിസ്റ്റഫ് ചുറ്റുപാടുള്ള ചലനങ്ങളെയും ശബ്ദങ്ങളെയും പോലും ഭയപ്പെട്ടിരുന്നു. എന്നാൽ മുത്തച്ഛനോടൊപ്പം പള്ളിയിൽ പോയിത്തുടങ്ങിയ അവനിൽ പള്ളിഗീതത്തിന്റെ ശബ്ദവീചികൾ സംഗീതാനുഭൂതി നിറച്ചു. കുടുംബത്തിലെ പ്രശ്‌നങ്ങൾക്കിടയിൽ മുത്തച്ഛനായിരുന്നു ക്രിസ്റ്റഫിന് ഏക ആശ്വാസം. അയാൾ അവന് മഹാന്മാരുടെയും വീരന്മാരുടെയും കഥകൾ പറഞ്ഞുകൊടുക്കും. ആ കഥകളിൽ ലയിച്ച് അവർ തങ്ങളുടെ ദുഃഖങ്ങൾ മറക്കും. ഒരിക്കൽ മുത്തച്ഛനോടൊപ്പം വിഖ്യാതഗായകൻ ഹെയ്‌സലറിന്റെ സംഗീതക്കച്ചേരിയിൽ പങ്കെടുത്തത് അവന്റെ ജീവിതത്തിൽ വഴിത്തിരിവായി. കൂടാതെ കുട്ടിക്കാലത്ത് അവൻ മൂളിനടന്ന പാട്ടുകൾ കുറിച്ചുവച്ച് മുത്തച്ഛൻ പുസ്തകരൂപത്തിലാക്കി. അത് മഹാപ്രഭുവിന്റെ മുമ്പിൽ സമർപ്പിച്ച് കച്ചേരി നടത്തിയതു മൂലമാണ് ജീൻ ക്രിസ്റ്റഫിന്റെ കഴിവുകൾ വലിയൊരു സദസ്സിനു മുന്നിൽ പ്രദർശിപ്പിക്കുവാൻ അവന് കഴിഞ്ഞത്. ഇതൊക്കെക്കൊണ്ടാണ് മുത്തച്ഛനാണ് തന്റെ പ്രചോദനമെന്ന് ജീൻ ക്രിസ്റ്റഫ് പറഞ്ഞത്.
Other Useful Links |
---|
Plus Two Physics Study Notes (All Chapters) Pdf |
Plus One Study Materials Pdf |
SCERT Kerala High School Study Material |
---|
STD X (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments