STD 5 അടിസ്ഥാനശാസ്ത്രം - Chapter 5 ഊർജ്ജത്തിന്റെ ഉറവകൾ - ചോദ്യോത്തരങ്ങൾ | Teaching Manual 

Textbooks Solution for Class 5th Basic Science (Malayalam Medium) Chapter 05 Energy Sources | സ്റ്റാൻഡേർഡ് 5 അടിസ്ഥാനശാസ്ത്രം -അദ്ധ്യായം 5 ഊർജ്ജത്തിന്റെ ഉറവകൾ - ചോദ്യോത്തരങ്ങൾ | ഈ അധ്യായത്തിന്റെ Teaching Manual, Teachers Handbook എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്. 

അദ്ധ്യായം 5 ഊർജ്ജത്തിന്റെ ഉറവകൾ - Questions and Answers, Teaching Manual & Teachers Handbook
1. എന്താണ് ഊർജ്ജം ? 
ഉത്തരം: പ്രവർത്തി ചെയ്യുവാനുള്ള കഴിവിനെയാണ് ഊർജ്ജം എന്ന് പറയുന്നത്.

2. എന്താണ് ഇന്ധനങ്ങൾ (Fuels)?
ഉത്തരം: കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ. പാചകാവശ്യത്തിനുള്ള വിറക്, മണ്ണെണ്ണ എന്നിവയും വാഹനമോടിക്കാൻ ആവശ്യമായ പെട്രോൾ, ഡീസൽ എന്നിവയും ഇന്ധനങ്ങളാണ്. 

3. ഇന്ധനങ്ങൾ എത്രവിധം?
ഉത്തരം: ഇന്ധനങ്ങളെ അവ സ്ഥിതി ചെയ്യുന്ന അവസ്ഥയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം.
ഖര ഇന്ധനങ്ങൾ: വിറക്, കൽക്കരി  
ദ്രാവക ഇന്ധനങ്ങൾ: പെട്രോളിയത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഡീസൽ, പെട്രോൾ, മണ്ണെണ്ണ
വാതക ഇന്ധനങ്ങളുൾ: എൽ.പി.ജി., സി.എൻ.ജി., ഹൈഡ്രജൻ 

4. പാചകാവശ്യത്തിനു മാത്രമാണോ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത്?
ഉത്തരം: അല്ല, വാഹനങ്ങൾ ഓടിക്കുന്നതിനും വിവിധ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഇന്ധനം ആവശ്യമാണ്.

10. വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഊർജ്ജം നിങ്ങൾക്ക് എവിടെ നിന്ന് ലഭിക്കും?
ഉത്തരം: ഭക്ഷണത്തിൽ നിന്ന്

11. വിറക് അടുപ്പിലേക്ക് കുഴൽ ഉപയോഗിച്ച് ഊതുന്നത് എന്തുകൊണ്ട്?
ഉത്തരം: വിറക് കത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. അടുപ്പിലേക്ക് കുഴൽ ഉപയോഗിച്ച് ഊതി കൊടുക്കുമ്പോൾ ഓക്സിജൻ ലഭ്യമാക്കുകയും, അടുപ്പ് ശരിയായ രീതിയിൽ കത്തുകയും ചെയ്യുന്നു.

12. നമുക്ക് ഒരു പരീക്ഷണം ചെയ്തുനോക്കാം.
ചിത്രത്തിൽ കാണുന്നതുപോലെ, മേശപ്പുറത്ത് ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക. ഒരു ചില്ല്ഗ്ലാസ് കൊണ്ട് കത്തുന്ന മെഴുകുതിരി മൂടുക.
• മെഴുകുതിരി ജ്വാലയ്ക്ക് എന്തു സംഭവിക്കുന്നു?
• മെഴുകുതിരി അണയാൻ കാരണമെന്തായിരിക്കും? 
നിങ്ങളുടെ കണ്ടെത്തലുകൾ ശാസ്ത്രപുസ്തകത്തിൽ എഴുതു. ചെയ്ത പരീക്ഷണത്തിന്റെ പരീക്ഷണക്കുറിപ്പ് തയാറാക്കുക. 
ഉത്തരം: 
ലക്ഷ്യം: കത്തുന്നതിന് ഓക്സിജൻ ആവശ്യമാണെന്ന് തെളിയിക്കുക.
ആവശ്യമായ വസ്തുക്കൾ: കത്തിച്ച മെഴുകുതിരി, ഗ്ലാസ് ടംബ്ലർ, മേശ
നടപടിക്രമം: ഒരു മേശപ്പുറത്ത് കത്തിച്ച മെഴുകുതിരി വയ്ക്കുക. കത്തിച്ച മെഴുകുതിരി ഒരു ഗ്ലാസ് ടംബ്ലർ ഉപയോഗിച്ച് മൂടുക.
നിരീക്ഷണം: ഒരു ഗ്ലാസ് ടംബ്ലർ കൊണ്ട് മൂടുമ്പോൾ മെഴുകുതിരി ജ്വാല കെടുന്നു.
അനുമാനം: എല്ലാ പദാർത്ഥങ്ങളും കത്തുന്നതിന് ഓക്സിജൻ ആവശ്യമാണ്. മെഴുകുതിരി ജ്വാല ഗ്ലാസ് കൊണ്ട് മൂടുമ്പോൾ വായു സഞ്ചാരം തടസ്സപ്പെടുകയും മെഴുകുതിരി കത്താൻ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യുന്നത് കൊണ്ടാണ് മെഴുകുതിരി അണഞ്ഞു പോകുന്നത്.

13. ഇന്ധനങ്ങളുൾപ്പെടെ ഏതൊരു വസ്തു കത്താനും വായു ആവശ്യമാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ഉത്തരം: ഏതൊരു വസ്തു കത്താനും വായു ആവശ്യമാണ്. ഇന്ധനങ്ങൾക്കും കത്താൻ വായു വേണം. വായുവിലെ ഓക്സിജനാണ് കത്താൻ സഹായിക്കുന്നത്. ഇന്ധനങ്ങൾ വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ചാണ് ഊർജം പുറത്തുവിടുന്നത്. നമ്മുടെ ശരീരത്തിലും ആഹാരം ഓക്സിജനുമായി പ്രവർത്തിച്ചാണ് ഊർജം ഉണ്ടാകുന്നത്. ശ്വസനത്തിലൂടെയാണ് ഓക്സിജൻ ശരീരത്തിൽ എത്തുന്നത്.

14. വിറകടുപ്പ് ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഉത്തരം: ആവശ്യത്തിൽ കൂടുതൽ വിറക് അടുപ്പിൽ കുത്തിനിറയ്ക്കരുത്. വായു സഞ്ചാരം ഉറപ്പാക്കണം. വിറക് ചെറിയ കഷണങ്ങളാക്കി അടുപ്പിൽ വയ്ക്കണം. വിറക് പൂർണമായും ഉപയോഗപ്പെടുത്തണം. ദിവസവും അടുപ്പ് വൃത്തിയാക്കണം. മാസത്തിലൊരിക്കൽ പുകക്കുഴൽ വൃത്തിയാക്കണം.

15. വിറകടുപ്പ് മെച്ചപ്പെട്ടതാക്കാൻ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്?
ഉത്തരം: 
• ഇന്ധനം പരമാവധി പ്രയോജനപ്പെടുത്തി താപം നൽകുന്ന അടുപ്പാണ് മെച്ചപ്പെട്ട അടുപ്പ്.
• വായുസഞ്ചാരം സുഗമമാക്കണം.
• ഉണ്ടാവുന്ന ചൂടു മുഴുവൻ പാത്രത്തിനു ലഭിക്കണം. പാചകം എളുപ്പമാക്കാനും ഇന്ധനം ലാഭിക്കാനും ഇത് സഹായിക്കും.
• പുക ഒഴിഞ്ഞുപോകാനുള്ള സംവിധാനം ഉണ്ടാവണം.

16. ഇന്ധനങ്ങളുടെ അമിതോപയോഗം ഭാവിയിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കും ?
ഉത്തരം: 
• ഇന്ധനങ്ങളുടെ അമിതോപയോഗം ഇന്ധനങ്ങൾ തീർന്നു പോകുന്നതിന് കാരണമായേക്കാം, 
• ആവശ്യമായ ഊർജ്ജസ്രോതസ്സുകൾ ലഭിക്കാതെ വരാം,
• അമിതമായ ഇന്ധനോപയോഗം സാമ്പത്തിക നഷ്ടം ഉണ്ടാക്കും,
• അമിതമായ ഇന്ധനോപയോഗം മലിനീകരണത്തിന് കാരണമാകും.

17. പാരമ്പര്യ ഊർജസ്രോതസ്സുകൾ (Conventional energy sources) എന്നാലെന്താണ്?
ഉത്തരം: കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് പ്രകൃതിപ്രതിഭാസങ്ങൾ മൂലം മണ്ണിനടിയിൽ വളരെ ആഴത്തിൽ അകപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങളിൽ നിന്നാണ് പെട്രോളിയം ഉണ്ടാകുന്നത്. സസ്യങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് കൽക്കരി ഉണ്ടാകുന്നത്. ഇവ ഫോസിൽ ഇന്ധനങ്ങൾ എന്ന് അറിയപ്പെടുന്നു. ഇത്തരം ഇന്ധനങ്ങൾ ഉപയോഗിച്ച് തീർന്നാൽ പുനസ്ഥാപിക്കാൻ കഴിയാത്തവയാണ്. ഇവ പാരമ്പര്യ ഇന്ധനങ്ങൾ എന്ന് അറിയപ്പെടുന്നു. ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഇവ തീർന്നുപോകുന്ന അവസ്ഥ ഉണ്ടാ കും. 

18. എന്താണ് പെട്രോളിയം ഉൽപന്നങ്ങൾ ?
ഉത്തരം: പെട്രോളിയം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ടാർ, എൽ.പി.ജി. എന്നിവ ഉൽപ്പാദിപ്പിക്കാനാണ്. കൂടാതെ കീടനാശിനികൾ, പ്ലാസ്റ്റിക്, ഔഷധങ്ങൾ തുടങ്ങി ഒട്ടേറെ ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും പെട്രോളിയം ഉപയോഗിക്കുന്നു.

19. പാരമ്പര്യേതര ഊർജസ്രോതസ്സുകൾ (Non conventional energy sources) എന്നാലെന്താണ്?
ഉത്തരം: സൗരോർജം, കാറ്റ്, തിരമാല, എന്നിവ എത്ര ഉപയോഗിച്ചാലും തീർന്നുപോകാത്ത ഊർജ സ്രോതസ്സുകളാണ്. ഇവയെ പാരമ്പര്യേതര ഊർജസ്രോതസ്സുകൾ എന്നു പറയുന്നു. 

20. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പരമാവധി ഉപയോഗിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാം ? 
ഉത്തരം: 
• പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഒരിക്കലും തീരുന്നില്ല, അതിനാൽ ഊർജ്ജപ്രതിസന്ധി ഉണ്ടാകാനിടയില്ല, 
• അന്തരീക്ഷമലിനീകരണം കുറവാണ്,
• വിറകിനും മറ്റുമായി മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് തടയാം
• കാർബൺ പുറന്തള്ളുന്നത് കുറവായതിനാൽ അന്തരീക്ഷ താപനില ഉയരുന്നത് തടയാനാകും 
• പ്രകൃതി സൗഹൃദ ഇന്ധനങ്ങൾ ആണിവ.

21. ഊർജ്ജം പാഴാകുന്നത് തടയാൻ എന്തെല്ലാം ചെയ്യാനാകും ? 
ഉത്തരം: 
• ഊർജ്ജസ്രോതസ്സുകളുടെ അമിത ഉപയോഗം തടയുക
• ഊർജ്ജ ക്ഷമത കൂടിയ ഉപകരണങ്ങൾ വീട്ടാവശ്യത്തിനായി ഉപയോഗിക്കുക 
• ആവശ്യമില്ലാത്തപ്പോൾ വൈദ്യുതോപകരണങ്ങൾ ഓഫാക്കി ഇടുക 
• വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക 
• വാഹനങ്ങൾ, ഉപകരണങ്ങൾ, തുടങ്ങിയവ കൃത്യമായി പരിപാലിച്ചു ഇന്ധനക്ഷമത ഉറപ്പാക്കുക 
• പാചകാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റൗ, മറ്റ് ഉപകരണങ്ങൾ എന്നിവ കൃത്യമായി വൃത്തിയാക്കുക.

22. സോളാർ സെൽ, സൗരോർജ പാനലുകൾ എന്നിവ എന്താണ്? ഇവ കൊണ്ടുള്ള മെച്ചമെന്താണ്?
ഉത്തരം: സൗരോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർ സെൽ. അവയുടെ നിരകളാണ് സൗരോർജ പാനലുകൾ. സിലിക്കൺ കൊണ്ട് നിർമിച്ച ദീർഘചതുരാകൃതിയിലുള്ള പാളികളാണിവ. എത്ര ഉപയോഗിച്ചാലും തീർന്നുപോകുന്നില്ല എന്നതും മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതും സൗരോർജത്തിന്റെ മേന്മകളാണ്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിളക്കുകൾ, കുക്കറുകൾ, വാട്ടർ ഹീറ്ററുകൾ, കാൽക്കുലേറ്ററുകൾ എന്നിവ ഇന്നു വ്യാപകമാണ്.

23. കാറ്റിൽ നിന്നുള്ള ഊർജോൽപാദനം നടത്തുന്നത് എങ്ങനെയാണ്?
ഉത്തരം: വലിയ കാറ്റാടിയന്ത്രങ്ങൾ ചലിപ്പിക്കുന്നതിലൂടെയാണ് കാറ്റിൽ നിന്നുള്ള ഊർജോൽപാദനം നടക്കുന്നത്. കാറ്റിന്റെ ശക്തികൊണ്ട് കാറ്റാടി കറങ്ങുന്നു. കാറ്റാടിയുടെ കറക്കം ജനറേറ്റർ പ്രവർത്തിപ്പി ക്കുന്നു. അങ്ങനെ വൈദ്യുതി ഉണ്ടാവുന്നു.

വിലയിരുത്താം
24. എല്ലാ ഊർജത്തിന്റെയും ഉറവിടം സൂര്യനാണെന്ന് പറയുന്നത് എന്തുകൊണ്ട്?
ഉത്തരം: എല്ലാ ഊർജ്ജത്തിന്റേയും ഉറവിടം സൂര്യനാണ്. മനുഷ്യന് ആവശ്യമായ ഊർജം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഭക്ഷണം സസ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും നമുക്ക് ലഭിക്കുന്നത്. സസ്യങ്ങൾ സൂര്യപ്രകാശം ഉപയോഗിച്ചാണ് ഭക്ഷണം നിർമ്മിക്കുന്നത്. മറ്റ് ജീവജാലങ്ങളുടെ നിലനിൽപ്പും ഇപ്രകാരം സൂര്യനെ ആശ്രയിച്ചു തന്നെയാണ്. മാത്രവുമല്ല നാമുപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ രൂപപ്പെടുന്നതിനും സസ്യങ്ങളും അതിലൂടെ സൂര്യനും പ്രധാന പങ്കുവഹിക്കുന്നു.

25. കോഴിമുട്ട വിരിയിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇൻക്യുബേറ്റർ. ഇതിൽ ഏതു തരം ബൾബാണ് കൂടുതൽ അഭികാമ്യം?
ഉത്തരം: കോഴിമുട്ട കൃത്രിമമായി വിരിയിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇൻക്യുബേറ്റർ. ഇതിൽ മുട്ട വിരിയിക്കുന്നതിനായി കൃത്രിമമായ താപനില സൃഷ്ടിക്കേണ്ടതുണ്ട്. അതിനായി വൈദ്യുത ബൾബുകളാണ് ഉപയോഗിക്കുന്നത്.  ഇവിടെ പ്രകാശത്തേക്കാൾ ചൂടാണ് ആവശ്യം എന്നതിനാൽ ഫിലമെന്റ് ബൾബുകൾ ആകും ഇൻക്യുബേറ്ററിൽ കൂടുതൽ അഭികാമ്യം.

26. താഴെപ്പറയുന്ന സന്ദർഭങ്ങൾ പരിശോധിച്ച് ഊർജസംരക്ഷണത്തിനു സഹായകമായവ കണ്ടെത്തുക. കാരണവും വിശദീകരിക്കുമല്ലോ.
i. സ്വന്തമായി മോട്ടോർ ബൈക്ക് ഉണ്ടായിട്ടും കടയിലേക്ക് പോവാൻ ബാബു സൈക്കിൾ ഉപയോഗിക്കുന്നു.
ഉത്തരം: ഇത് ഊർജ്ജ സംരക്ഷണത്തിനു സഹായകമാണ്. മോട്ടോർബൈക്ക് ഉപയോഗിക്കാതെ സൈക്കിൾ ഉപയോഗിക്കുന്നതിലൂടെ പെട്രോളിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കും.

ii. റഹീം തന്റെ കുടുംബാംഗങ്ങളോടൊപ്പം യാത്രചെയ്യുമ്പോൾ മാത്രം കാർ ഉപയോഗിക്കുകയും മറ്റു സന്ദർഭങ്ങളിൽ ബസ് സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഉത്തരം: ഇത് ഊർജ്ജ സംരക്ഷണത്തിനു സഹായകമാകുന്നതാണ്. കൂട്ടായി യാത്രചെയ്യുമ്പോൾ കാർ ഉപയോഗിക്കുകയും മറ്റു സന്ദർഭങ്ങളിൽ പൊതുഗതാഗതം ഉപയോഗിക്കുകയും വഴി ഇന്ധന ഉപയോഗം നിയന്ത്രിക്കാനും ഊർജ്ജ സംരക്ഷണത്തിനും കഴിയും.

iii. സതിയുടെ വീട്ടിൽ അച്ഛൻ, അമ്മ, മറ്റു കുടുംബാംഗങ്ങൾ എന്നിവരെല്ലാം വെവ്വേറെ സമയത്ത് ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നു.
ഉത്തരം: ഇത് ഊർജ്ജ സംരക്ഷണത്തിനല്ല ഊർജ്ജത്തിന് അമിത ഉപയോഗത്തിനാണ് ഇടവരുത്തുക.വീട്ടിൽ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നത്
ആഴ്ചയിലൊരിക്കൽ, പരമാവധി വസ്ത്രങ്ങൾ ഒരുമിച്ച് എന്ന കണക്കിൽ ആകേണ്ടതാണ്.

iv. രാജു പകൽ സമയത്ത് ജനലുകൾ എല്ലാം തുറന്നിടുന്നതിനാൽ ധാരാളം വെളിച്ചവും കാറ്റും ലഭിക്കുന്നു. ലൈറ്റും ഫാനും ഉപയോഗിക്കേണ്ടിവരാറില്ല.
ഉത്തരം: ഇത് ഊർജ സംരക്ഷണത്തിന് നല്ലൊരു മാതൃകയാണ് ഫാൻ, ലൈറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക വഴി വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനും ഊർജ്ജ സംരക്ഷണത്തിനു കഴിയും.

v. അശ്വതി ടെലിവിഷൻ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് മാത്രമേ പ്രവർത്തിപ്പി ക്കാറുള്ളൂ. പവർ സ്വിച്ച് ഓഫാക്കാറില്ല.
ഉത്തരം: ഇത് ഊർജ്ജ സംരക്ഷണത്തിനുള്ള മാതൃകയല്ല. പവർ സ്വിച്ച് ഓഫ് ആക്കാത്തതിലൂടെ വൈദ്യുതി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.




TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here