STD 7 കേരള പാഠാവലി: വീണിതല്ലോ കിടക്കുന്നു - ചോദ്യോത്തരങ്ങൾ


Study Notes for Class 7th കേരള പാഠാവലി (മായാത്ത കാഴ്ചകള്‍) വീണിതല്ലോ കിടക്കുന്നു | Malayalam Unit 04 mayatha kazhchakal - veenithallo kidakkunnu - Questions and Answers
 | Teachers Handbook
മാർത്താണ്ഡവർമ്മ - സി.വി. രാമന്‍പിള്ള
സി.വി. രാമന്‍പിള്ളആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്നു സി.വി.രാമന്‍പിള്ള. മാര്‍ത്താണ്ഡവര്‍മ്മാ, രാമരാജാബഹദൂര്‍, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവാണ് അദ്ദേഹം. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ് 19ന് തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടിലായിരുന്നു ജനനം. സി.വി. യുടെ മാര്‍ത്താണ്ഡവര്‍മ്മാ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ നോവലുകളെ ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മാ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവാകുന്നതാണ് 1891ല്‍ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. 1922 മാര്‍ച്ച് 21-ന് അന്തരിച്ച ഇദ്ദേഹം കേരള സ്‌കോട്ട് എന്നറിയപ്പെടുന്നു.
വായിക്കാം കണ്ടെത്താം
1. പാഠഭാഗത്ത് രാത്രിയിലെ ആകാശത്തെ വർണിച്ചിരിക്കുന്നത് എങ്ങനെയാണ്?
- ആകാശം ചന്ദ്രസ്പർശത്താൽ ശോഭിച്ചിരുന്നെങ്കിലും ചെങ്കൽനിറത്തോടുയർന്നു വന്ന പൂർണചന്ദ്രൻ മേൽഭാഗത്തെത്തിയപ്പോഴേക്ക് വിളറി വർണം പകർന്നു കാണപ്പെടുന്നു. ആകാശവീഥിയിൽ സഞ്ചരിക്കുന്ന മേഘശകലങ്ങൾ സത്വരഗതിയെ വിട്ടു മാന്ദ്യത്തെ അവലംബിച്ചിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് പാഠഭാഗത്ത് ആകാശത്തെ വർണ്ണിച്ചിരിക്കുന്നത്.
2. കാട്ടിൽ കിടക്കുന്ന യുവാവ് ഒരു യോദ്ധാവാണ് എന്ന് കഥയിലെ ഏതെല്ലാം സൂചനകളിലൂടെയാണ് നാം തിരിച്ചറിയുന്നത്?
- കാട്ടിൽ കിടക്കുന്ന യുവാവിന്റെ ദേഹത്ത് അനേകം വെട്ടുകളിൽ നിന്ന് രക്തം പ്രവഹിക്കുന്നുണ്ടായിരുന്നു. അരയിൽ ധരിച്ചിരുന്ന വസ്ത്രം രക്തത്തിൽ മുങ്ങി കാലോട് പതിഞ്ഞു ചേർന്നിരുന്നു. തലയിൽ ധരിച്ചിരുന്ന വസ്ത്രം ഒരു ചെടിയുടെ മേൽ വീണു കിടന്നിരുന്നു. വലതുകരത്തിനു സമീപം പിടിവിട്ടു കിടന്നിരുന്ന വാളിൽ ധാരാളം രക്തമുണ്ടായിരുന്നു. വെട്ടുകൾ ഏറ്റ് കഷ്ണങ്ങളായ പരിച സമീപത്തുള്ള വള്ളികളുടെയും കൊമ്പുകളുടെയും ഇടയിൽ കിടന്നിരുന്നു. ഇരുപതുവയസ്സിലധികം പ്രായമില്ലാതെ ആ യുവാവിന് വിശാലമായ നെറ്റിയും കറുത്ത പുരികങ്ങളും ഭംഗിയുള്ള നാസികയും കരിമസ്തകം പോലുള്ള വിരിഞ്ഞ മാറും ഒതുങ്ങിയ അരയും നീണ്ടുരുണ്ട് ഘനം പൂണ്ടുള്ള ബാഹുക്കളുമായിരുന്നു. ഇത്തരം വിശകലനങ്ങളിലൂടെ കാട്ടിൽ കിടക്കുന്ന യുവാവ് ഒരു യോദ്ധാവാണെന്ന് നമുക്ക് മനസിലാക്കാം.

3. വനത്തിന്റെ ഭീകരാവസ്ഥ ഏതെല്ലാം സൂചനകളിലൂടെയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്? 
• നിദ്രാഭംഗം വന്ന് ഭീതിമൂലം പറക്കുന്ന പക്ഷികളുടെ ചിറകടി.
• എന്തോ ഭയങ്കരമായ കാഴ്ച്ചയിൽ സ്തബ്ധരാക്കപ്പെട്ടതുപോലെ വൃക്ഷലതകൾ തങ്ങളുടെ നൃത്തങ്ങൾ വെടിഞ്ഞ് നിശ്ചലരായി നിന്നു.
• മാരുതൻ ഭയാക്രാന്തനായി ശ്വസോഛ്വാസരഹിതനായി ചമഞ്ഞിരിക്കുന്നു.
• രജനിയുടെ സ്തുതിപാഠകന്മാരായ ജംബൂക സമൂഹങ്ങൾ മാത്രം അവരുടെ ഉദ്യോഗത്തിൽ ഏതും ഉപേക്ഷ കൂടാതെ രാഗവിസ്താരങ്ങൾ ചെയ്ത് അർധരാത്രിയുടെ മഹാത്മ്യത്തെ വാഴ്ത്തുന്നു.

4. മരിക്കാറായി കിടക്കുന്ന യുവാവിന്റെ ചിത്രം വിശദമാക്കുന്ന ഭാഗം പാഠഭാഗത്തുനിന്ന് കണ്ടെത്തി വായിക്കൂ.
- മരണാവസ്ഥയിൽ കിടക്കുന്ന ഈ യുവാവിന് ഇരുപതിൽ അധികം വയസ്സു കാണുകയില്ല. തലവളർത്തി ഭുജത്തോളം നീട്ടി കണ്ടിച്ചിരിക്കുന്നു. വിശാലമായ നെറ്റിയും മഷി അണിഞ്ഞിരിക്കുന്നുവോ എന്നു തോന്നിപ്പിക്കുന്നതായ കറുപ്പോടുകൂടിയ പുരികങ്ങളും ദന്തത്തിൽ പണിചെയ്തിട്ടുള്ള ചില വിശേഷവിഗ്രഹങ്ങളിൽ കാണപ്പെടുന്നതുപോലെയുള്ള നാസികയും കരിമസ്തകം പോലെ വിരിഞ്ഞ മാറും ഒതുങ്ങിയ അരയും നീണ്ടുരുണ്ട് ഘനം പൂണ്ടുള്ള ബാഹുക്കളും അതിമനോഹരമായ വർണവും കണ്ടാൽ, ആൾ അസാരനല്ലെന്നു പ്രഥമദൃഷ്ടിയിൽത്തന്നെ ഏവനും ബോധ്യപ്പെടും. ഈ യുവാവിന്റെ ശരീരത്തിൽ നിന്ന് പുറത്തേക്കുള്ള രക്തഗതി കുറച്ചുനേരം കൊണ്ട് നിന്നുതുടങ്ങി. കൈകാൽ അനക്കങ്ങൾ ഇടവിട്ടും വളരെ ക്ഷീണത്തിലും ആയി; ശ്വാസവും അടങ്ങി. പെട്ടെന്നു നേത്രങ്ങൾ ഒന്നു തുറന്നു. മരണാവസ്ഥയിലാണെങ്കിലും ആ നേത്രങ്ങളിലെ കരുമിഴികളിൽ നിന്നു സ്ഫുരിക്കുന്ന തേജസ്സിനെ എങ്ങനെ വർണിക്കുന്നു. എന്തു പൗരുഷവും പ്രൗഢിയും ഗാംഭീര്യവും ആ മുഖത്ത് ഇപ്പോൾ കളിയാടുന്നു! നവമായി വികസിച്ച പുഷ്പം പോലെ എത്രയും ചേതോഹരനായുള്ള ഈ യുവാവിന്റെ നവയൗവനാവസ്ഥയിൽ ഈ മൃതി വന്നുകൂടുന്നതു വിധിയുടെ നിഷ്കരുണത്വം കൊണ്ടെന്നല്ലാതെ എന്തു പറയുന്നു? നേത്രങ്ങൾ തുറന്ന് ആകാശത്തോട്ടു നോക്കിയപ്പോൾ, തന്നെ അനുഗ്രഹഭാവത്തോടും അനുകമ്പയോടും കടാക്ഷിക്കുന്ന ചന്ദ്രനെ കണ്ട് ഒരു മന്ദഹാസം തൂകുന്നു. എന്തോ തന്റെ അഭിമതം ഉച്ചരിക്കുന്നതിനു ശ്രമിച്ചതിൽ 'പ്' എന്ന അർധാക്ഷരം മാത്രം കഷ്ടിച്ച് ചുണ്ടുകളിൽ നിന്ന് പുറപ്പെടുന്നു. അതികഠിനമായുള്ള വ്യസനത്തിന്റെ സൂചകമായി നേത്രങ്ങളിൽ കണ്ണീർ നിറയുന്നു. മുഖം മുഴുവൻ ഭാവം പകരുകയും മാറിടം വികസിച്ച് അമരുകയും ചെയ്യുന്നു. ഇത്രയും അരനിമിഷംകൊണ്ട് കഴിഞ്ഞ് നേത്രങ്ങൾ വീണ്ടും അടയുന്നു. സകല ചലനവും നിൽക്കുന്നു. ലോകസാക്ഷികളോട് യാത്രയും ചൊല്ലി കാമോപമനായ ആ യുവാവ് ചരമഗതിക്കു സന്നദ്ധനാകുന്നു.

വ്യത്യാസങ്ങൾ കണ്ടെത്താം 
“ഏതോ ഭയങ്കര കാഴ്ചയാൽ സ്തബ്ദരാക്കപ്പെട്ടതുപോലെ വൃക്ഷലതകളും തങ്ങളുടെ നൃത്തങ്ങളെ വെടിഞ്ഞ് നിശ്ചലരായി നിന്നു.”
“കോകിലജാലങ്ങൾ കോലക്കുഴൽ കേട്ട് മൂകങ്ങളായങ്ങു നിന്നുപോയി
 കഥയിലെയും കവിതയിലെയും കാഴ്ചകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
- ചോരയിൽ കുളിച്ചു കിടക്കുന്ന അനന്തപദ്മനാഭന്റെ ഭീകരാവസ്ഥ കണ്ടിട്ടാണ് വൃക്ഷലതാദികൾ നിശ്ചലം നിന്നു പോയത്. അദ്ദേഹത്തിന്റെ അവസ്ഥ നേരിട്ട് വിവരിക്കുന്നതിനു പകരം ഇങ്ങനെ പ്രതീകാത്മകമായി പറയുന്നതിലൂടെ വായനക്കാരുടെ മനസ്സിൽ ഉൾക്കിടിലം ഉണ്ടാകുന്ന ഒരു ചിത്രം വരച്ചിടുകയാണ് നോവലിസ്റ്റ്. 
ഓടക്കുഴൽ നാദത്തിന്റെ മാധുര്യം നേരിട്ട് വർണ്ണിക്കാതെ കുയിലിന്റെ പ്രതികരണത്തിലൂടെ ആ നാദത്തിന്റെ മാസ്മരികത വർണ്ണിക്കുകയാണ് ഗാനം കേട്ട നേരം എന്ന കാവ്യഭാഗത്തിലൂടെ ചെറുശ്ശേരി ചെയ്യുന്നത്.
കഥയിലെ കാഴ്ച്ച മനസ്സിനെ വേദനിപ്പിക്കുന്നതാണെങ്കിൽ കവിതയിലേത് മനസ്സിന് ആനന്ദം നൽകുന്ന സുന്ദരമായ കാഴ്ചകളാണ്. യുവാവിന്റെ കിടപ്പും കണ്ണന്റെ വേണുഗാനവും വായനക്കാരിൽ വ്യത്യസ്ത വൈകാരികഭാവം സൃഷ്ടിച്ച് അവരെ
സ്തബ്ധരാക്കുന്നു.
• മറ്റ് ഉദാഹരണങ്ങൾ കണ്ടെത്തി പറയൂ.
- മാരുതനും ഭയാക്രാന്തനായി ശ്വാസോച്ഛ്വാസരഹിതനായി ചമഞ്ഞിരിക്കുന്നു.
- വായ്ക്കൊണ്ട് പുല്ലെല്ലാം പാതി ചവച്ചങ്ങു
വായ്ക്കുന്ന മെയ്യിലൊഴുക്കി നിന്നു
- കൈതവമറ്റുതാൻ കൈതുടർന്നു ചിലർ 
പൈതങ്ങളേയും മറന്നു ചെമ്മേ

വിശകലനം ചെയ്യാം
1. യുവാവിന്റെ മുഖം ആകാശത്ത് കാണപ്പെടുന്ന ചന്ദ്രന്റെ പ്രതിബിംബമാണോ എന്ന് ശങ്കിച്ചുപോകുന്നത് എന്തുകൊണ്ടാകാം? കാരണങ്ങൾ പറയൂ.
- ചെങ്കനൽ നിറത്തോടുയർന്നു വന്ന പൂർണചന്ദ്രൻ മേൽഭാഗത്തെത്തിയപ്പോഴേക്ക് വിളറി വർണം പകർന്നു കാണപ്പെടുന്നു എന്ന് പാഠഭാഗത്തെ ആദ്യഖണ്ഡികയിൽ വിവരിക്കുന്നുണ്ട്. പൂർണചന്ദ്രനെ പോലെ തേജസ്വിയായ യുവാവാണ് കാടിന്റെ മധ്യത്തിൽ വെട്ടേറ്റു കിടക്കുന്നത്. രക്തത്തിൽ കുളിച്ച യുവാവിന്റെ മുഖം നിണമണിഞ്ഞതോടെ ചന്ദ്രന്റെ നിറം പോലെത്തന്നെ ചുവന്നാണുള്ളത്. അത് കൊണ്ടാണ് യുവാവിന്റെ മുഖം ആകാശത്ത് കാണപ്പെടുന്ന ചന്ദ്രന്റെ പ്രതിബിംബമാണോ എന്ന് ശങ്കിച്ചു പോകുന്നത്.

2. “വെട്ടുകൾ ഏറ്റ് ശകലിതമായിരിക്കുന്ന ഒരു പരിച, സമീപത്തുള്ള ഒരു വൃക്ഷത്തിൽനിന്ന് വെട്ടുകൾകൊണ്ടുതന്നെ അറ്റു ചിതറിക്കിടക്കുന്ന ലതകളുടെയും ശാഖാഗ്രങ്ങളുടെയും ഇടയിൽ കിടക്കുന്നു. അതിന്മേലുള്ള വെള്ളിക്കുമിളകളിൽ ചന്ദ്രരശ്മി പതിക്കയാൽ ഏറ്റവും ശോഭിച്ചും ചുറ്റുമുള്ള ചെടികൾ പാദാഘാതം കൊണ്ട് ഒടിഞ്ഞും നിലത്തോടു പതിഞ്ഞും ചരൽക്കല്ലുകൾ പൊടിഞ്ഞും എല്ലാം രക്തകണങ്ങൾ അണിഞ്ഞും കാണപ്പെടുന്നു. കാട്ടിൽ നടന്ന ഏതു സംഭവത്തിന്റെ സൂചനയാണ് മുകളിൽ കൊടുത്ത ഭാഗം നൽകുന്നത്? ചർച്ചചെയ്യുക. 
- കാട്ടിൽ നടന്ന ഒരു ഘോരമായ ഏറ്റുമുട്ടലിന്റെ അടയാളങ്ങളാണ് ഈ വർണ്ണനയിലുള്ളത്. യുവാവ് മറ്റാരൊക്കെയോ ആയി പടവെട്ടിയതിനെക്കുറിച്ച് ഈ സൂചനകളിൽ നിന്ന് മനസിലാക്കാം. പടവെട്ടലിനിടയിൽ പരിച കഷണങ്ങളായി ചിതറിയും ചുറ്റുമുള്ള ചെടികൾ ചവിട്ടിയരക്കപ്പെട്ടതു പോലെയും ചരൽക്കല്ലുകൾ രക്തമണിഞ്ഞതു പോലെയുമാണ് കാണപ്പെട്ടത്. ഇതിൽ നിന്നെല്ലാം കാട്ടിൽ ഘോരയുദ്ധം നടന്നിരുന്നു എന്ന് മനസ്സിലാക്കാം. ഒടുവിൽ മരണതുല്യനായ യുവാവിനെ എതിരാളികൾ കാട്ടിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. യുവാവ് മരണപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാകാം അവർ കാട്ടിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.

3. “ലോകസാക്ഷികളോട് യാത്രയും ചൊല്ലി കാമോപമനായ ആ യുവാവ് ചരമഗതിക്ക് സന്നദ്ധനാകുന്നു''. - ഈ പ്രസ്താവനയെ സാധൂകരിക്കാൻ നോവലിസ്റ്റ് ഏതെല്ലാം ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്?
- യുവാവിന്റെ കിടപ്പിന്റെ അവസ്ഥയ്ക്കനുസരിച്ച് പ്രകൃതിക്കും മാറ്റങ്ങൾ സംഭവിക്കുന്നു. ആകാശം ചന്ദ്രസ്പർശത്താൽ ശോഭിച്ചിരുന്നുവെങ്കിലും ചെങ്കനൽ നിറത്തോടുയർന്നു വന്ന പൂർണചന്ദ്രൻ മേൽഭാഗത്തെത്തിയപ്പോഴേക്ക് നിറം മങ്ങിയ അവസ്ഥയിലായി. ആകാശവീഥിയിൽ മേഘങ്ങളുടെ സഞ്ചാരം മന്ദഗതിയിലായി. കാറ്റ് വീശാത്തതിനാൽ ഇലകൾ പോലും അനക്കമില്ലാതെ നിന്നു. കുറുക്കന്മാരുടെ ഓരിയിടൽ മാത്രം തുടർച്ചയായി കേട്ടു കൊണ്ടിരുന്നു. നിദ്രാഭംഗം വന്ന പക്ഷികൾ ഭയത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്ന ചിറകടി ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു. യുവാവിന്റെ മുറിവുകളിൽ നിന്നുള്ള രക്തപ്രവാഹം നിൽക്കുകയും ശരീരത്തിന്റെ ചലനങ്ങൾ മന്ദഗതിയിലാവുകയും ചെയ്തു. മരണാവസ്ഥയിൽ ആ ധീരയോദ്ധാവ് നേത്രങ്ങൾ തുറന്ന് ആകാശത്തേക്ക് നോക്കിയപ്പോൾ അനുഗ്രഹഭാവത്തോടെയും അനുകമ്പയോടെയും കടാക്ഷിക്കുന്ന ചന്ദ്രനെ കണ്ട് മന്ദഹസിച്ചു. ഇത്തരം വിവരണങ്ങളിലൂടെ ലോകസാക്ഷികളോട് യാത്ര ചൊല്ലി ആ ധീര യോദ്ധാവ് ചരമഗതിയ്ക്ക് സന്നദ്ധനാകുന്നു എന്ന് വായനക്കാർക്ക് അനുഭവപ്പെടുത്തി തരികയാണ് നോവലിസ്റ്റ്.

4. ലോകസാക്ഷികളെന്ന് നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത് ആരെയാണ്? 
- ചന്ദ്രനും താരകളും പ്രകൃതിയുമെല്ലാമാണ് ലോകസാക്ഷികൾ. ലോകത്ത് നടക്കുന്നതെല്ലാം അവർ കണ്ടു കൊണ്ടിരിക്കുകയാണ്.

പദപരിചയം
1. കൂട്ടുചേരൽ, നിന്ദ, ഒന്നാമത്തെ, വേഗത്തിൽ, നിശ്ചലരായവർ, കാറ്റ്, പേടിച്ചുപോയവൻ, രാത്രി, പുകഴ്ത്തിപ്പറയുന്നവൻ, കുറുക്കൻ, ഉറക്കം, വിള്ളൽ, നശിപ്പിക്കൽ, രക്തം, ലയിച്ചവൾ, കരച്ചിൽ, മരണത്തിന്റെ വക്കിലെത്തിയവൻ, വാൾ, കഷണങ്ങളാക്കിയ, ചവിട്ട്, മൂക്ക്, കൃഷ്ണമണി, അഭിപ്രായം, പുതിയ, മരണം, കൈ.
ഈ പദങ്ങൾക്ക് സമാനമായ അർഥം വരുന്ന പദങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തുക.
 കൂട്ടുചേരൽ - സംസർഗം
• നിന്ദ - ഹീനസ്വഭാവം
• ഒന്നാമത്തെ - പ്രഥമം
• വേഗത്തിൽ - സത്വരം
• നിശ്ചലരായവർ - സ്തബ്ധധർ
• കാറ്റ് - മാരുതൻ
 പേടിച്ചു പോയവൻ - ഭയാക്രാന്തൻ
• രാത്രി - രജനി
 പുകഴ്ത്തി പറയുന്നവൻ - സ്തുതിപാഠകന്മാർ 
 കുറുക്കൻ - ജംബുകം
• ഉറക്കം - നിദ്ര
• വിള്ളൽ - ഭംഗം
 നശിപ്പിക്കൽ - വിധ്വംസനം 
 രക്തം - നിണം
• ലയിച്ചവൾ - മഗ്ന 
 കരച്ചിൽ - ആർത്തസ്വരം
 മരണത്തിന്റെ വക്കിലെത്തിയവൻ - ചരമപ്രാന്തസ്ഥൻ
• വാൾ - ഖഡ്ഗം
• കഷണങ്ങളാക്കിയ - ശകലിതം
 ചവിട്ട് - പാദാഘാതം
 മൂക്ക് - നാസിക
 കൃഷ്ണമണി - കരുമിഴി
• അഭിപ്രായം - അഭിമതം
 പുതിയ - നവം
• മരണം - മൃതി
• കൈ - ഭുജം

2. കണ്ടെത്തിയ പദങ്ങൾക്കു പകരം മുകളിൽ കൊടുത്ത പദങ്ങൾ ചേർത്ത് പാഠഭാഗം വായിക്കൂ. 
മാതൃക : കാറ്റ് ഭയാക്രാന്തനായി, പുതിയതായി വികസിച്ച പുഷ്പം പോലെ.

3. വായനയിൽ എന്തെങ്കിലും വ്യത്യാസങ്ങൾ അനുഭവപ്പെടുന്നുണ്ടോ? കാരണങ്ങൾ പറയു. 
- പാഠഭാഗത്തെ പദങ്ങൾക്ക് പകരം സമാനാർത്ഥമുള്ള പദങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഗാംഭീര്യവും താളം, ഭാവം, ആശയതീവ്രത, വൈകാരികതലം എന്നിവയും നഷ്ടപ്പെടുന്നു. കഥയുടെ കാലഘട്ടത്തിന് അനുയോജ്യം പാഠഭാഗത്തിലെ പദങ്ങൾ തന്നെയാണ്. കഥാകൃത്ത് ഉപയോഗിച്ച ഇത്തരം പദങ്ങൾ തന്നെയാണ് കഥയുടെ ഗാംഭീര്യവും, സൗന്ദര്യവും വർധിപ്പിക്കുന്നത്.

4. പാഠഭാഗത്തുനിന്ന് നിങ്ങൾ കണ്ടെത്തിയ പദങ്ങൾ തന്നെ നോവലിസ്റ്റ് ഉപയോഗിക്കാനുള്ള കാരണം എന്തായിരിക്കും? ചർച്ചചെയ്യുക.
- ദീർഘമായ വാക്യങ്ങളും കഠിന പദങ്ങളും കഥാഖ്യാനത്തിന് ശക്തിയും സൗന്ദര്യവും നൽകുന്നു. നാം കണ്ടെത്തിയ പകരം പദങ്ങളേക്കാൾ എന്തു കൊണ്ടും ഉചിതം സി.വിയുടെ ഭാഷ തന്നെയാണ്.

വ്യാകരണവിശേഷം
1. “എല്ലാം രക്തകണങ്ങൾ അണിഞ്ഞും കാണപ്പെടുന്നു” എന്ന വാക്യത്തിൽ 'കാണപ്പെടുന്നു' എന്നു പ്രയോഗിച്ചതിന്റെ പ്രത്യേകത ചർച്ചചെയ്യുക.
- ഈ വാക്യത്തിലെ 'കാണപ്പെടുന്നു' എന്ന പ്രയോഗം കർമ്മണിപ്രയോഗമാണ്. കർമ്മത്തിന് പ്രാധാന്യം നൽകുന്നതാണ് കർമ്മണിപ്രയോഗം.
കർമ്മണിപ്രയോഗത്തിന്റെ ധാരാളം സന്ദർഭങ്ങൾ ഈ നോവലിൽ കാണാവുന്നതാണ്. “എല്ലാം രക്തകണങ്ങൾ അണിഞ്ഞും കാണപ്പെടുന്നു” എന്ന വാക്യത്തിൽ “കാണപ്പെടുന്നു' എന്നതിനു പകരം “കാണുന്നു' എന്ന് എഴുതിയാൽ, രക്തകണങ്ങൾ അണിഞ്ഞ എന്തൊക്കെയോ വസ്തുക്കൾ (ചെടികൾ, കല്ലുകൾ എന്നിവ) കാണുന്നു എന്നാണ് അർഥം. 'കാണപ്പെടുന്നു' എന്നാവുമ്പോൾ ആരോ ഒരാൾ രക്തകണങ്ങൾ അണിഞ്ഞു നിൽക്കുന്ന വസ്തുക്കളെ കാണുന്നു എന്നാണ് അർഥം.

2. ഇത്തരം പ്രയോഗങ്ങൾ പാഠഭാഗത്ത് വേറെയും ഉണ്ടല്ലോ? കണ്ടെത്തുക. 
 പൂർണചന്ദ്രൻ മേൽഭാഗത്തെത്തിയപ്പോഴേക്ക് വിളറി വർണം പകർന്നു കാണപ്പെടുന്നു.
 ചന്ദ്രന്റെ പ്രതിബിംബമോ എന്നു സംശയിക്കത്തക്കതായ ഒരു ഛായ കാണപ്പെടുന്നു.

കുറിപ്പെഴുതാം
“വീണിതല്ലോ കിടക്കുന്നു ധരണിയിൽ 
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു 
കല്യാണരൂപൻ കുമാരൻ മനോഹരൻ"
ഈ വരികൾ നോവൽ ഭാഗത്തെ യുവാവിന്റെ അവസ്ഥയുമായി എത്രമാത്രം യോജിക്കുന്നു എന്നു വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
മഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീ പർവത്തിൽ അഭിമന്യു മരിച്ചു. കിടക്കുന്നതു കണ്ട് ഗാന്ധാരി വിലപിക്കുന്ന വരികളാണിത്. ഈ വരികളിലെ ആശയത്തിന് നോവലിലെ യുവാവിന്റെ അവസ്ഥയോട് വളരെ യോജിപ്പുണ്ട്. അഭിമന്യുവിനെപ്പോലെ ത്തന്നെ നോവലിലെ യുവാവിനും തേജസ്സുറ്റ യോദ്ധാവിന്റെ മുഖവും പ്രകൃതവുമാണ്. രണ്ടു പേരും എതിരാളികളെ കഴിയുന്നത്ര നശിപ്പിച്ചാണ് വീണുപോയത്. അഭിമന്യു യുദ്ധക്കളത്തിൽ മരിച്ചു കിടക്കുകയാണ്. എന്നാൽ യുവാവ് ഒളിയുദ്ധത്തിൽ മൃതപ്രായനായാണ് കിടക്കുന്നത്. രണ്ടുപേരുടെയും അവസ്ഥ കാണുമ്പോൾ ആരും തലയിൽ കൈവച്ച് ശിവ ശിവ എന്നുപറഞ്ഞുപോകും.

താരതമ്യക്കുറിപ്പ്
1. മായാത്ത കാഴ്ചകൾ എന്ന യൂണിറ്റിലെ രണ്ടു പാഠഭാഗങ്ങളിലും കാഴ്ചയുടെ വ്യത്യസ്താനുഭവങ്ങൾ അവതരിപ്പിക്കുന്നുണ്ട്. താരതമ്യംചെയ്ത് കുറിപ്പ് തയാറാക്കുക.
- ഗാനം കേട്ട നേരം എന്ന പാഠത്തിൽ കാഴ്ചയുടെ സൗന്ദര്യത്തെ ഏറ്റവും പ്രസാദാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ വീണിതല്ലോ കിടക്കുന്നു എന്ന പാഠഭാഗത്ത് ഭയാനകമായ ഒരു കാഴ്ചയുടെ സൗന്ദര്യതലമാണ് അവതരിപ്പിക്കുന്നത്. കവിതയിൽ കാഴ്ചയെ നേരിട്ടു വർണിക്കാതെ അത് അനുഭവിക്കുന്നവരുടെ പ്രതികരണത്തിലൂടെയാണ് പറഞ്ഞിരിക്കുന്നത്. രംഗത്തിന്റെ നേരിട്ടുള്ള വർണനയാണ് കഥയിൽ കാണാൻ സാധിക്കുന്നത്.

SCERT Kerala HS / HSE Study Material
STD XII (All Subjects) Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS