STD 7 അടിസ്ഥാന പാഠാവലി: മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ 


Study Notes for Class 7th അടിസ്ഥാന പാഠാവലി (അറിവായ് നിറവായ്) മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Meenukalude akasavum paravakalude bhoomiyum 
| Teachers Handbook

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും - അർഷാദ് ബത്തേരി 
സുൽത്താൻ ബത്തേരിയിലെ പള്ളിക്കണ്ടിയിൽ അർഷാദ് ബത്തേരി 1975 ജനുവരി 1 ജനിച്ചു. വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കഥകൾ തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 
കൃതികൾ: മരിച്ചവർക്കുള്ള കുപ്പായം, ഭൂമിയോളം ജിവിതം, ചുരം കയറുകയാണ് ഇറങ്ങുകയാണ്, മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും, പെൺകാക്ക.

പുതിയ പദങ്ങൾ
• തിടുക്കത്തിൽ - വേഗത്തിൽ
• ഗന്ധം - മണം
• പരതുക - തിരയുക
• പൊങ്ങച്ചം - ആത്മപ്രശംസ
• അനിയന്ത്രിതം - നിയന്തിക്കാൻ കഴിയാത്ത
• ആഡംബരം - ആർഭാടം
• ഉച്ചി - മുകളറ്റം, തലയുടെ മുകൾഭാഗം 
• ക്ഷണം - നിമിഷം
• ഊക്കോടെ - ശക്തിയോടെ 
• അരിശം - ദേഷ്യം
• ഉരമുള്ള - ബലമുള്ള
• ചങ്കൂറ്റം - ധീരത
• ആർദ്രത - അലിവ്
• വെടിപ്പാക്കുക - വൃത്തിയാക്കുക 
• പൈതങ്ങൾ - കുട്ടികൾ

വായിക്കാം കണ്ടെത്താം
• ഉത്തമന്റെ ഹൃദയം കവർന്ന കാഴ്ചകൾ എന്തൊക്കെയായിരുന്നു? 
- വീടിനു തൊട്ടു താഴെയുള്ള വയലുകളും, വയലിനപ്പുറത്തുള്ള കുന്നിൻ ചെരിവുകളും, കുന്നിൻമുകളിൽ കാറ്റിനൊപ്പം കടുംപച്ചനിറത്താൽ കൂട്ടംചേർന്ന് ആടുന്ന വൃക്ഷങ്ങളും, വലിച്ചുനീട്ടിയ കയർ പോലെ നീണ്ടുനിവർന്ന് നിരയൊപ്പിച്ചു ആ കുന്നിൻമുകളിലെ വൃക്ഷങ്ങളിലേക്ക് ചേക്കേറാൻ പറക്കുന്ന പക്ഷികളും എല്ലാം ഉത്തമന്റെ ഹൃദയം കവർന്ന കാഴ്ചകളായിരുന്നു.

• ജൻട്രിയുടെയും ഉത്തമന്റെയും ജീവിതം എങ്ങനെയെല്ലാം വ്യത്യസ്തമായിരുന്നു.
ഉത്തമൻ പ്രകൃതിയെ സ്നേഹിച്ചും, പ്രകൃതിയെ അറിഞ്ഞും അതിൽ ലയിച്ചു ജീവിക്കുന്ന ഒരു കുട്ടിയാണ്. മഴയും വെയിലും അവൻ ആസ്വദിക്കുന്നു. അവൻ വീടിലെ നാല് ചുമരുകൾകുള്ളിൽ ഒരിക്കലും ഒതുങ്ങാറില്ല. മണ്ണിനെയും മരങ്ങളെയും കുന്നിനെയും പുഴയെയും അവൻ സ്നേഹിച്ചു. അവന്റെ വീട് ചെറുതാണെങ്കിലും അവന്റെ ലോകം വളരെ വലുതാണ്. വീട്ടിലെ നാല് ചുമരുകൾകുള്ളിലാണ് ജൻട്രി എല്ലായ്പോഴും. വീടിനു പുറത്ത് അവൻ ഇറങ്ങുന്നത് കുറവാണ്. പപ്പയുടെയും മമ്മിയുടെയും ആഡംബരത്തിന്റെയും പൊങ്ങച്ചങ്ങളുടേയും ലോകത്ത് അവൻ ജീവിക്കുന്നു. അവന്റേത് കൂട്ടിൽ അടക്കപെട്ട ജീവിതമാണ്. മഴയും വെയിലും കൊള്ളാതെ കാർട്ടൂൺ കണ്ട് അവധികാലം ചിലവഴിക്കുന്നു. അവന്റെ വീട് വലുതും ലോകം വളരെ ചെറുതുമാണ്.

• കൂട്ടിലടച്ച പക്ഷികളെ മോചിപ്പിക്കാൻ ഉത്തമൻ നടത്തിയ ശ്രമങ്ങൾ എന്തെല്ലാമാണ്? 
- ആ വലിയ വീടിന്റെ ഉയരമുള്ള മതിൽക്കെട്ടിനകത്തായിരുന്നു നിറയെ കിളികളുള്ള കൂട്. പല തവണ ആ വീട്ടുമുറ്റത്തേക്കു കടക്കാൻ ശ്രമിച്ചെങ്കിലും അവനതിന് കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ആ വീടിന്റെ പിറകുവശത്തെ മതിലിനോട് ചേർന്ന് നിൽക്കുന്ന മരം വഴി അകത്തു കടന്ന ഉത്തമൻ കിളിക്കൂടിനടുത്തെത്തി. എന്നാൽ കൂടു തുറക്കാൻ കഴിയുന്നതിനു മുന്നേ ആ വീട്ടിലെ വേലക്കാരൻ അവനെ പിടിച്ചു പുറത്താക്കി. പിന്നൊരു ദിവസം വേലക്കാരൻ പുറത്തു പോയ തക്കം നോക്കി അവൻ മരം വഴി കയറാനായി നോക്കിയപ്പോൾ ആ മരം മുറിച്ചുമാറ്റപ്പെട്ടിരുന്നു. എന്നാൽ അവൻ തോറ്റു പിന്മാറിയില്ല. ഗേറ്റ് ചാടിക്കടന്നു അവൻ പക്ഷിക്കൂടിനടുത്തെത്തി. എല്ലാ പക്ഷികളെയും കൂട്ടിൽ നിന്ന് തുറന്നു വിട്ടു സ്വതന്ത്രരാക്കി.

• മീനുകളെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതെങ്ങനെ?
- അച്ഛൻ പറഞ്ഞു കൊടുത്തതിൽ നിന്നും ആ ഗ്രാമത്തിലെ ഒരു പുഴയെപ്പറ്റി ഉത്തമനറിയാമായിരുന്നു. മീനുകളെ ഒരു ബക്കറ്റിലാക്കി ചില്ലുകൂട്ടിൽ നിന്ന് രക്ഷപ്പെടുത്തി ആ പുഴയിൽ കൊണ്ടിടാമെന്ന് ഉത്തമനും ജൻട്രിയും തീരുമാനിച്ചു. എന്നാൽ പുഴക്കരയിലെത്തിയപ്പോഴാണ് അവരാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. പുഴയിൽ ഒരു തുള്ളി വെള്ളമില്ല. വറ്റിവരണ്ടു കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു ആ പുഴ. ഏറെ ദൂരം ആ പുഴയിലൂടെ മുന്നോട്ടോടി നോക്കിയെങ്കിലും എവിടെയും വെള്ളം കണ്ടെത്താനായില്ല. അങ്ങനെ മീനുകളെ രക്ഷിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടു.

കുറിപ്പെഴുതാം
• "മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം യോജിക്കുന്നു?
- ആകാശത്തു പറന്നു നടക്കേണ്ടവയാണ് കിളികൾ, തോടുകളിലും പുഴകളിലും നീന്തിക്കളിക്കേണ്ടവയാണ് മീനുകൾ. കൂടുകളിലും, ചില്ലുപാത്രങ്ങളിലും ബന്ധിതരാക്കുന്നതോടെ ഇവയുടെ ജന്മാവകാശമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. പറവകളുടെ ആകാശവും മീനുകളുടെ ഭൂമിയും എന്നത് ശീർഷകത്തിൽ തലതിരിച്ചാണ് പറയുന്നത്. ഈ ആശയപരമായ തിരിച്ചിടലാണ് അതിന്റെ ആകർഷണീയതയും യുക്തിയും. പറവകളുടെ ആകാശം മീനുകളുടെയും, മീനുകളുടെ ഭൂമി പറവകളുടേതുമാണ് എന്നത് ആത്യന്തികമായി പ്രകൃതി എല്ലാവരുടേതുമാണ് എന്നാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥ നഷ്ടപെട്ട എല്ലാ ജീവജാലങ്ങളുടെയും പ്രതീകമാണ് ഈ കഥയിലെ പക്ഷികളും മീനുകളും. ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ശീർഷകം തന്നെയാണ് കഥാകൃത്ത് നൽകിയിരിക്കുന്നതെന്ന് നമുക്ക് നിസ്സംശയം പറയാം.

• ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ഉത്തമനിലും ജൻട്രിയിലും ഒരേ മനോഭാവം തന്നെയാണുളളത്. കഥ വിശകലനം ചെയ്ത് നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
ഉത്തമനിലും ജൻട്രിയിലും ഒരേ മനോഭാവം തന്നെയാണുള്ളത്. ഉത്തമനോടൊപ്പം ഉല്ലസിക്കുന്ന പ്രാവുകളും മഞ്ഞിനാൽ നനഞ്ഞ് നിറംവെച്ച് നിൽക്കുന്ന കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന ഇലകളെയും ജൻട്രി നോക്കിനിൽക്കുന്നതും കുന്നിൻ മുകളിലേക്ക് പക്ഷികൾ പറന്നു പോകുന്നത് നോക്കിനിൽക്കുന്ന ഉത്തമനും ഒരേ മനോഭാവമാണ്.
അതുപോലെ കൂടിന്റെ കൊളുത്തു തുറന്ന് ഒച്ച വെച്ച് പക്ഷിയെ ഉണർത്തിവിടുന്ന ഉത്തമന്റെയും സ്വന്തം പക്ഷികൾ പാറിപ്പറന്ന് പോകുമ്പോൾ കൈവീശി കാണിക്കുന്ന ജൻട്രിയുടെയും മനോഭാവം ഒന്നു തന്നെയാണ്. ചില്ലുകൂട്ടിലിട്ട മീനുകളെ നമുക്കേതെങ്കിലും പുഴയിലേക്ക് കൊണ്ടിടാം എന്നു പറഞ്ഞ് ജെൻട്രി ഉത്തമനോടൊപ്പം മീനുകളെ പുഴയിലിടാൻ പോകുന്നതും മരിച്ചു കിടക്കുന്ന പുഴകണ്ട് പ്രാണനൊമ്പരച്ചുഴിയിൽക്കിടന്ന് ആകാശ ത്തേക്ക് നോക്കി ഉത്തമനും ജെൻട്രിയും കരഞ്ഞു വിളിക്കുന്ന തുമെല്ലാം അവരിലെ ഒരേ മനോഭാവമാണ് പ്രകടമാവുന്നത്. ആഡംബര ജീവിതം ജൻട്രിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുമ്പോൾ ഇല്ലായ്മകൾ ഉത്തമന് സർവ്വസ്വാതന്ത്ര്യവും നൽകുന്നു.

• ദൃശ്യങ്ങളായി മനസ്സിൽ തെളിഞ്ഞുവരുന്ന ഒട്ടേറെ സന്ദർഭങ്ങൾ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കഥയിലുണ്ട്.നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു കിട്ടുന്ന ഒരു ദൃശ്യം വിവരിക്കുക. 
- മീനുകളെ ചുവന്ന ബക്കറ്റിലാക്കി പുഴയിലിടാൻ ഓടിപ്പോകുന്ന കുട്ടികൾ. പുഴയുടെ അരികിലെത്തി മീനുകളെ കൈകൾക്കൊണ്ട് കോരിയെടുത്ത് പുഴയിലേക്കിടാൻ ശ്രമിക്കുമ്പോൾ ആ പുഴയിൽ ഒരു തുള്ളി വെള്ളമില്ല. കുണ്ടും കുഴികളും നിറഞ്ഞ മൈതാനം പോലെ പുഴ മരിച്ചു കിടക്കുന്നു. കൈക്കുമ്പിളിൽ കിടന്ന് പിടയുന്ന മീനുകൾ. പുഴയെത്തേടി അവർ മുന്നോട്ടു ഓടുന്നു. ഒരു തുള്ളിവെള്ളം കണ്ടെത്താനാവാതെ ആ കുട്ടികൾ ആകാശത്തേക്കു നോക്കി കരഞ്ഞു വിളിക്കുന്നു. പുഴകളേ....നിങ്ങളെവിടെ?

ചർച്ചചെയ്യാം
• സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള എന്തൊക്കെ ചിന്തകളാണ് ഈ കഥ നിങ്ങളിൽ ഉണർത്തുന്നത്? ചർച്ചചെയ്യു.
- എല്ലാ ജീവികൾക്കും സ്വാതന്ത്യത്തോടെ ജീവിക്കാൻ കഴിയണം. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒരേ അവകാശമാണുള്ളത്. മണ്ണും വിണ്ണും ആർക്കും സ്വന്തമല്ല. കുട്ടികളെ കൂട്ടിലടക്കപ്പെട്ട കിളിയെ പോലെ വളർത്തരുത്. അവർ മണ്ണിനെ അറിഞ്ഞ് ജീവിക്കട്ടെ. ഓടിക്കളിക്കാനുള്ള പറമ്പും മുങ്ങിക്കുളിക്കാനുള്ള
പുഴയുമൊന്നും കിട്ടാൻ സാധ്യതയില്ലാത്ത പുതിയ ലോകത്തെ കുരുന്നുകൾ മുറ്റത്തെ മണ്ണിലെങ്കിലും നടക്കട്ടെ. അതിനുള്ള അവകാശമെങ്കിലും രക്ഷിതാക്കൾ മക്കൾക്ക് നിഷേധിക്കാതിരിക്കുക. എല്ലാ സമ്പദ് സമൃദ്ധികൾക്കിടയിലും ജീവിച്ചത് കൊണ്ട് മാത്രം ആരും സന്തുഷ്ടരല്ല. ജൻട്രിയെ ആ വീടിന്റെ നാല് ചുവരുകളിലെ നിശബ്ദത ശ്വാസം മുട്ടിക്കുന്നത് ഇതിന് തെളിവാണ്. മണ്ണും, പുഴയും, മരങ്ങളും കിളികളും എല്ലാം ഏറെ മനോഹരമാണ്. ഇവയെ സ്നേഹിച്ചും അടുത്തറിഞ്ഞും ഉത്തമൻ നല്ലൊരു മനുഷ്യനായി വളരുന്നു. അങ്ങനെ പ്രകൃതി സ്നേഹവും സ്വാതന്ത്ര്യവുമുള്ള ജീവിതം നല്ല മനുഷ്യരെ വാർത്തെടുക്കും.

പദങ്ങൾ കണ്ടെത്തുക
• നിയന്ത്രിക്കാനാവാത്തത് : അനിയന്ത്രിതം
• ക്രമം വിട്ടത് : അക്രമം
• പ്രതീക്ഷിക്കാത്തത് : അപ്രതീക്ഷിതം
• നീതിയല്ലാത്തത് : അനീതി

വാക്യങ്ങൾ താരതമ്യം ചെയ്യുക
• ഈ മീനുകളെ ചില്ലുകൂട്ടിൽ നിന്ന് രക്ഷിക്കണം
• ഈ മീനുകളെ ചില്ലുകൂട്ടിൽനിന്ന് രക്ഷിക്കണോ? 
• ഈ മീനുകളെ ചില്ലുകൂട്ടിൽ നിന്ന് രക്ഷിക്കണ്ട
• ഈ മീനുകളെ ചില്ലുകൂട്ടിൽ നിന്ന് രക്ഷിക്കണേ.
അടിവരയിട്ട പദങ്ങൾ വാക്യങ്ങളിൽ വരുത്തുന്ന അർഥവ്യത്യാസം ചർച്ചചെയ്യുക. 
- രക്ഷിക്കുക എന്ന ക്രിയയ്ക്ക് വരുന്ന വകഭേദങ്ങളാണ് ഓരോ വാക്യത്തിലും കാണുന്നത്. ആദ്യത്തെ വരികളിൽ നിർദ്ദേശത്തിന്റെയോ ആജ്ഞയുടെയോ സ്വരമാണ്. രണ്ടാമത്തേതിൽ ചോദ്യരൂപമാണ്. മൂന്നാമത്തേതിൽ നിഷേധമാണ്. അവസാനത്തേതിൽ അപേക്ഷയാണ്. 
അം, ഓ, അ, ഏ എന്നീ പ്രത്യയങ്ങൾ ക്രിയയോടൊപ്പം ചേരുമ്പോഴാണ് പദത്തിന്റെ അർത്ഥത്തിന് ഈ വ്യത്യാസം ഉണ്ടാകുന്നത്.
Other Useful Links
Plus Two Physics Study Notes (All Chapters) Pdf
Plus One Study Materials Pdf
SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here